(രചന: ശ്രീജിത്ത് കൊച്ചുപുരക്കൽ)
ബസ് സ്റ്റോപ്പിൽ വെച്ച് കരണം പൊട്ടുന്ന രീതിയിൽ അവളുടെ കയ്യിൽ നിന്ന് ഒരു അടി എനിക്ക് കിട്ടി .. പെട്ടന്ന് ഉള്ള ആക്രമണം ആയതിനാൽ എനിക്ക് ഒഴിഞ്ഞു മാറാൻ പറ്റിയില്ല ..
എന്റെ കുഴപ്പം തന്നെ ആയിരുന്നു .. കുറെ നാളായി അവളുടെ പുറകെ നടക്കാൻ തുടങ്ങിയിട്ട് ..
പലപ്രാവിശ്യം അവളോട് ഞാൻ എന്റെ പ്രണയം പറഞ്ഞതാണ് , പ്കഷെ അവൾ ഒഴിഞ്ഞു മാറി പോയി ഒരു മറുപടി പോലും പറയാതെ ..
കൂട്ട്കാരുടെ കളിയാക്കലും എന്റെ വാശിയും കാരണം ആണ് ഇന്ന് അവളോട് വീണ്ടും പറയാൻ പോയത് ..ബസ് കയറാൻ നിന്ന് അവളുടെ കയ്യിൽ കയറി പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു നീ ഇന്ന് മറുപടി പറഞ്ഞിട്ട് പോയാൽ മതിയെന്ന് അതാണ് സംഭവം ..
അതിപ്പോൾ അനുവാദം ഇല്ലാതെ ഒരു അന്യപുരുഷൻ കയ്യിൽ കയറി പിടിച്ചാൽ അവളാന്നു അല്ലാ ഏത് പെണ്ണായാലും അടിച്ചിരിക്കും അത് അവളും ചെയ്തു ..
ആളുകൾ കൂടി അവളുടെ കയ്യിൽ നിന്ന്
കിട്ടിയതിന്റെ ബാക്കികൂടി അവിടെ നിന്ന് കിട്ടും എന്ന് മനസ്സിലായ എന്റെ കൂട്ടുകാരൻ എന്നെയും പിടിച്ചു വലിച്ചു അവിടെ നിന്നും കൊണ്ടുപോയി ..
അവന്റെ കൂടെ ബൈക്കിൽ പോകുമ്പോൾ ഞാൻ മനസ്സിൽ ഓർത്തു
കൂട്ടുകാർക്ക് വേണ്ടിയും അല്ലാതെയും ഒരുപാട് അടിയുണ്ടാക്കിയിട്ടുണ്ട് .. കൊണ്ടിട്ടും ഉണ്ടു , കൊടുത്തിട്ടും .. ഉണ്ട് . പക്‌ഷേ ഒരു പെൺകുട്ടിയുടെ കയ്യിൽ നിന്ന് ആദ്യമായാണ് ഒരെണ്ണം കിട്ടുന്നത് , അതും ആദ്യമായി പ്രണയം
തോന്നിയ പെണ്ണിന്റെ കയ്യിൽ നിന്ന് തന്നെ ..
എനിക്ക് എന്നോട് തന്നെ പുച്ഛവും അമർഷവും തോന്നി .. എന്നെങ്കിലും അവൾക്ക് എന്നോട് ഇഷ്ടം തോന്നും എന്നൊരു വിശ്വാസം ഉണ്ടാരുന്നു ഇനി അതില്ല ..
ഓരോന്നും ആലോചിക്കുമ്പോൾ ഒന്നും വേണ്ടായിരുന്നു എന്നൊരു തോന്നൽ മനസ്സിലെ സങ്കടം മുഴുവൻ .. കണ്ണീർ ആയി പുറത്തു വന്നു …
കൂട്ടുകാർ കുറ്റപ്പെടുത്തിയും ആശ്വസിപ്പിച്ചുകൊണ്ടും ഇരുന്നു ..
പക്‌ഷേ അതൊന്നും മനസ്സിൽ ഉണ്ടായ മുറിവിനെ ആശ്വസിപ്പിക്കാൻ പാങ് ഉള്ളതായിരുന്നില്ല ..
കൂട്ട്കാരോട് പോകുവാണ് എന്നും പറഞ്ഞു ഞാൻ ബൈക്ക് എടുത്തു വീട്ടിലോട്ട് പോകാൻ ഇറങ്ങി ..
ബൈക്ക് ഓടിക്കുമ്പോൾ മുഴുവൻ ..മുഴുവൻ അവളുടെ ഓർമ്മകൾ ആയിരുന്നു മനസ്സിൽ.. ഒരുപാട് ഇഷ്ടം ആയിരുന്നു എനിക്ക് അവളെ . ഇനി ഒന്നും പറഞ്ഞിട്ട് കാര്യംഇല്ലല്ലോ …ഒരുപാട് വിഷമം ഉണ്ടെങ്കിലും മറക്കാം അതായിരിക്കും നല്ലത് ഞാൻ മനസ്സിൽ ഓർത്തു ..
ബൈക്ക് വീടിന്റെ സൈഡിൽ വെച്ചിട്ട് .. ഇറങ്ങി .. നോക്കുമ്പോൾ ചേട്ടന്റെ ബൈക്ക് ഇരുപ്പുണ്ട് .. ഇവൻ നേരത്തെ വന്നോ ഞാൻ മനസ്സിൽ ചോദിച്ചു സാദാരണ അവൻ വീട്ടിൽ എത്തുമ്പോൾ
താമസിക്കും ..
സ്വന്തം ചേട്ടനാണെങ്കിലും ഞങ്ങൾ കൂട്ട്കാരെ പോലായിരുന്നു ..എനിക്ക് ബൈക്ക് മേടിച്ചു തന്നതും എനിക്കുള്ള പോക്കറ്റ് മണി തരുന്നതും
അവനാണ് ..
അമ്മയുടെ കണ്ണിൽ വഴക്കളിയും താന്തോന്നിയും എന്നുള്ള പട്ടം ഞാൻ ഏറ്റു വാങ്ങുമ്പോൾ ..നല്ല
കുട്ടിക്കുള്ള പുരസ്‌കാരം എന്നും അവനായിരുന്ന .. അവനു ടൗണിലാണ് ജോലി അത്യാവശ്യം നല്ല ശമ്പളം ഒക്കെ ഉണ്ട്…
അമ്മയുടെ കരച്ചിൽ കേട്ടുകൊണ്ടാണ് ഞാൻ അകത്തോട്ടു ചെല്ലുന്നത് ..എന്തോ പ്രശ്നം ഉണ്ട് ഞാൻ മനസ്സിൽ ഓർത്തു ..
അകത്തു ചെന്ന് നോക്കുമ്പോൾ .. എന്റ ചങ്ക് തകർന്ന് പോകുന്നകാഴ്ച്ച ആയിരുന്നു അവിടെ .. അവന്റെ മുഖംമെല്ലാം അടികൊണ്ട്
വീർത്തിരിക്കുന്നു ..
ഞാൻ മനസ്സിൽ ഓർത്തു ഇന്ന് എല്ലാരും തല്ല് കൊള്ളുന്ന ദിവസം ആണെല്ലോ ..പക്‌ഷേ ഇവൻ എന്നെ പോലെ പെണ്ണിന്റെ കയ്യിൽ നിന്ന് അല്ലാ അത് ഉറപ്പാണ് ..
എനിക്ക് ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ചു വന്നു .. എന്ത് പറ്റിയെട ആരാണ് നിന്നെ അടിച്ചത് ഞാൻ ചോദിച്ചു ..
ഇന്ന് അവളുടെ കല്യാണം ഉറപ്പിച്ചു ..ഇനി അവൾക്ക് അവിടെ പിടിച്ചു നിൽക്കാൻ സാധിക്കില്ല .. ഞാൻ അല്ലാതെ വേറെ ആരെയെങ്കിലും കല്യാണം കഴിക്കേണ്ടി വന്നാൽ അവൾ ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞു ..
എനിക്ക് നേരത്ത് അറിയാവുന്നത് ആണ് അവനു ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്നു …
എനിക്ക് അറിയാം ആ ചേച്ചിയെ ഒരിക്കൽ എനിക്ക് പരിചയപ്പെടുത്തി തന്നതാണ് ഒരു പാവം ചേച്ചി ..
എന്നെ പോലെ ഇന്നലെ തോന്നിയ പ്രണയം ഒന്നും അല്ലാ ..വർഷം കുറെ ആയതാണ് . അവനെ ഫോൺ വിളിച്ചാൽ കിട്ടിയില്ലെങ്കിൽ എന്നെ ആണ് വിളിച്ചു ചോദിക്കുന്നത് ..
പക്‌ഷേ ഇപ്പോൾ ഇങ്ങനെ ഉണ്ടാകാൻ കാരണം അവർ രണ്ടു പേരും ബൈക്കിൽ പോകുന്നത് അവളുടെ ഇളയച്ചൻ കണ്ടു അതാണ് പ്രശ്നം ആയത് , അവരുടെ വീട്ടുകാർക്ക് നേരത്തെ സംശയം ഉണ്ടാരുന്നു ഇപ്പോൾ ഇത് കാണുകയും
ചെയ്തപ്പോൾ പ്രശ്നം രൂക്ഷം ആയി ..
ആരാണ് എന്നുള്ള വീട്ടുകാരുടെ ചോദ്യത്തിന് മുൻപിൽ , സ്നേഹിക്കുന്ന ആൾ ആണ് എന്ന് ആ ചേച്ചി തുറന്ന് പറഞ്ഞു , അതിന്റെ പേരിൽ കുറെ അടിയും വഴക്കും കേട്ട് , ആ ചേച്ചിയെ അവർ പൂട്ടിയിട്ടു .. എപ്പോഴോ ഫോൺ കയ്യിൽ കിട്ടിയ ചേച്ചിയാണ് അവനെ വിളിച്ചു കാര്യം പറഞ്ഞത് ..
വിളിച്ചു ഇറക്കാൻ ചെന്ന അവനെ ചേച്ചിയുടെ ചെറിയച്ഛന്മാർ അടിച്ചു ഇ പരുവത്തിൽ ആക്കി …. എനിക്ക് ദേഷ്യംകയറിയിട്ട് രക്തം തിളച്ചുമറിയുവാണ്.. രാവിലത്തെ വിഷയവും ഇതുംകൂടി കേട്ടപ്പോൾ എനിക്ക് പ്രാന്ത് പിടിക്കുന്ന പോലെ ആയി…
ഞാൻ അമ്മയോട് ചോദിച്ചു ആ പെൺകുട്ടി ഇറങ്ങിവരാൻ തയാറായാൽ അമ്മ സ്വീകരിക്കുമോ … അമ്മ ഒന്നും മിണ്ടാതെ കരഞ്ഞുകൊണ്ട് അകത്തോട്ടു പോയി ..
വിതുമ്പികൊണ്ട് ഇരിക്കുന്ന അവന്റ തല കൈകൊണ്ട് ഉയർത്തി ഞാൻ പറഞ്ഞു വാടാ പോകാം എന്ന് , ഞാൻ ജീവിച്ചിരിക്കുമ്പോൾ നിനക്ക് അവളെ കിട്ടാതിരിക്കില്ല ..
ഞാൻ അവനെയും കൂട്ടി ആ ചേച്ചിയുടെ വീട്ടിലോട്ട് വണ്ടി വിട്ടു .. വീട്ടിൽ എത്തിയതും അവനെ കണ്ടാ ചെറിയച്ഛൻമാർ ഇവന് കിട്ടിയതൊന്നും പോരാ എന്നും പറഞ്ഞു അവന്റെ നേരെ പാഞ്ഞടുത്ത ..
തൊട്ട് പോകരുത് എന്ന് അലറിക്കൊണ്ട് ബൈക്കിൽ നിന്ന് ചാടി ഇറങ്ങിയ .. എന്റെ മട്ടുംഭാവവും കണ്ടിട്ടായിരിക്കണം അല്ലങ്കിൽ ചേട്ടനെ പോലെ അല്ലാ അനിയൻ എന്നുള്ള തോന്നലാവും , പുലി പോലെ വന്നാ ചെറിയച്ഛന്മാർ എന്റെ മുൻപിൽ പൂച്ചകുട്ടികൾ പോലെ ആയി ..
അകത്തു കയറിയ ഞാൻ ചേച്ചിയെ ഇറക്കി അവന്റെ കയ്യിൽ കൊണ്ട് കൊടുത്തു .. പിന്നീടുള്ള ദിവസങ്ങളിൽ അതിന്റ പേരിൽ ഒത്തിരി കോലാഹലങ്ങൾ നടന്നെങ്കിലും .. അവസാനം അവർ കല്യാണം നടത്തി തരാം എന്നുള്ള വാക്കിന്പുറത്തു ..പോലീസ്സ്റ്റേഷനിൽ വെച്ച് ചേച്ചിയെ അവരുടെ ഒപ്പം ഞങ്ങൾ വിട്ടു ..
ഇന്നായിരുന്നു അവരുടെ കല്യാണം കല്യാണപന്തലിൽ വെച്ചാണ് ഞാൻ ആ കാഴ്ച്ച കണ്ടത് ..
“അവൾ “എന്റെ മുഖത്തുഅടിച്ച അതെ സാദനം അവിടെ കല്യാണ പന്തലിൽ നില്കുന്നു , ഇവൾ എന്താണ് ഇവിടെ ഇനി ചേച്ചിയുടെ ഫ്രണ്ട് ആണോ ആയിരിക്കും … ഞാൻ അവൾക്ക് മുഖം കൊടുക്കാതെ മാറി നിന്നു .
പക്‌ഷേ കല്യാണം കഴിഞ്ഞു അവർ എല്ലാം വിരുന്നിനു വീട്ടിൽ വന്നപ്പോൾ ആണ് ഞാൻ ആ സത്യം മനസ്സിലാക്കിയത് ..അവൾ ചേട്ടത്തിയുടെ സ്വന്തം അനിയത്തി ആണെന്ന് … എനിക്ക് എന്ത് പറയണം എന്ന് അറിയില്ല..
കല്യാണം ഉറപ്പിച്ചതിന് ശേഷം ഒന്ന് രണ്ടു പ്രാവിശ്യം ഞങ്ങൾ അവരുടെ വീട്ടിൽ പോയതാണ് . ഉണ്ടായ പ്രശ്നങ്ങൾ എല്ലാം പറഞ്ഞു തീർക്കാനും , ചെയ്ത് തെറ്റിന് അവരോടു മാപ്പ് പറയാനും എല്ലാം അമ്മയാണ് കൊണ്ട് പോയത്…
അന്നൊന്നും ഇവളെ ഞാൻ അവിടെ കണ്ടിട്ടില്ല , ചേച്ചിക്ക് താഴെ ഒരു അനിയത്തി കൂടി ഉണ്ടന്ന് ചേച്ചിയുടെ അമ്മ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് .. പക്‌ഷേ അത് ഇവളാണെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല ..
വീട്ടിൽ വെച്ച് പലപ്രവിശ്യം എന്നോട് സംസാരിക്കാൻ അവൾ വന്നപ്പോൾ ഞാൻ ഒഴിഞ്ഞു മാറി പോയി ..
ചടങ്ങുകൾ എല്ലാം കഴിഞ്ഞു അവർ തിരിച്ചു പോയി ഞാൻ അവളോട് ഒരു വാക്ക് പോലും മിണ്ടിയില്ല ..
ദിവസങ്ങൾ അങ്ങനെ കടന്നുപോയികൊണ്ടേ ഇരുന്നു .. ഇപ്പോൾ എന്നെ സപ്പോർട്ട് ചെയ്യാൻ
വീട്ടിൽ രണ്ടാളായി .. ചേച്ചി ഇല്ലാതിരുന്ന എനിക്ക് ഒരു ചേച്ചിയും അനിയനില്ലാതിരുന്ന ചേച്ചിക്ക് ഞാൻ സ്വന്തം അനിയനും ആയി ..
ഇപ്പോൾ ചേട്ടനേക്കാൾ കൂടുതൽ ചേച്ചിയാണ് അമ്മയുടെ കയ്യിൽ നിന്ന് എന്നെ രക്ഷിക്കുന്നത് ..
എന്റെ സ്വാഭാവത്തിന് ഒരു മാറ്റവും ഇല്ല പഠിത്തം കഴിഞ്ഞ് ജോലി ഒന്നും ശരിയാകാത്ത എനിക്ക് കറക്കം തന്നെ പണി .. അവസാനം ചേട്ടൻ അവന്റെ കമ്പിനിയിൽ തന്നെ ഒരു ജോലി ശരിയാക്കി .. പക്‌ഷേ കൂട്ടുകാരും ആയിട്ടുള്ള കറക്കത്തിനോ അവർക്ക് വേണ്ടി ഉണ്ടാക്കുന്ന പ്രേശ്നത്തിനോ ഒരു കുറവും വന്നിട്ടില്ല ..
അവസാനം അമ്മ ഒരു തീരുമാനത്തിൽ എത്തി , പിടിച്ചു അങ്ങോട്ട് കെട്ടിക്കുക ബെല്ലും ബ്രേക്ക് ഇല്ലാത്ത എന്റെ ഇ പോക്കിന് അമ്മ കണ്ടാ പരിഹാരം .
ഹാളിൽ ഇരുന്നു tv കാണുന്ന എന്നോട് അമ്മ കല്യാണക്കാര്യം പറയുമ്പോൾ ഞാൻ ചാടി എഴുന്നേറ്റു പോകാൻ തുനിഞ്ഞ എന്നെ ചേച്ചിയാണ് പിടിച്ചു വീണ്ടും ഇരുത്തിയത്…
ഞാൻ ചേച്ചിയുടെ മുഖത്ത് നോക്കികൊണ്ട് പറഞ്ഞു അപ്പോൾ നിങ്ങൾ രണ്ടാളും അറിഞ്ഞു കൊണ്ടുള്ള പരുപാടി ആയിരുന്നു അല്ലേ..
അവനെയും ചേച്ചിയെയും ഒരുമിപ്പിക്കാൻ കൂട്ട് നിന്ന് എന്നോട് തന്നെ ഇത് വേണമരുന്നൊടി ചേച്ചി… ഞാൻ ഒരു കള്ളക്കരച്ചിൽ അഭിനയിച്ചു…
മതിയടാ നിർത്തു അവന്റെ ഒരു കരച്ചിൽ മിണ്ടിപ്പോകരുത് .അമ്മ പറഞ്ഞു ..
ഞാൻ ചേച്ചിയെ നോക്കി കണ്ണടച്ചു കാണിച്ചിട്ട് പറഞ്ഞു ഏറ്റില്ല … ചേച്ചിയും കണ്ണടച്ചു കാണിച്ചിട്ട് അതെ എന്ന് പറഞ്ഞു ..
എന്റെ അമ്മേ കുറച്ചു കാലം കൂടി ഞാൻ ഒന്ന് അടിച്ചു പൊളിച്ചു നടക്കട്ടെ ഇപ്പോഴേ കല്യാണം കഴിക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല .. ഞാൻ പറഞ്ഞു ..
പറ്റില്ല ഇനി നിന്നെ ഇങ്ങനെ കയർ ഊരി വിടാൻ സാധിക്കില്ല , പെണ്ണിനെ ഒക്കെ ഞങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട് നീ അങ്ങ് സമ്മതിച്ചാൽ മതി ചേച്ചിയാണ് മറുപടി പറഞ്ഞത് ..
പെണ്ണിനെ കണ്ടു പിടിച്ചെന്നോ എപ്പോൾ ഞാൻ ചോദിച്ചു .. അപ്പോൾ അമ്മ പറഞ്ഞു നല്ല കുട്ടിയാണ് നിനക്ക് നന്നായിട്ട് ചേരും അവരുടെ വീട്ടകർക്കും താല്പര്യമാണ് ..
അപ്പോൾ എല്ലാം തീരുമാനിച്ചു വെച്ചിരിക്കുവ അല്ലേ ഞാൻ ചോദിച്ചു…
നിന്നോട് ചോദിച്ചാൽ നീ സമ്മതിക്കില്ലല്ലോ അതാണ് ഞങ്ങൾ എല്ലാം കൂടി തീരുമാനിച്ചത്.. അമ്മ പറഞ്ഞു …
ശരി ഇനി ഞാൻ തർക്കിച്ചിട്ട് കാര്യം ഇല്ലല്ലോ ഇനി നിങ്ങളുടെയെല്ലാം സന്തോഷം ഇതാണെങ്കിൽ ഞാൻ എന്ത് പറയാനാ ..
അപ്പോൾ അമ്മ പറഞ്ഞു നീ പേടിക്കുവൊന്നും വേണ്ടാ നിനക്ക് അറിയാവുന്ന പെൺകുട്ടി തന്നാ ..
ഞാൻ ചോദിച്ചു എനിക്ക് അറിയാവുന്ന കുട്ടിയോ ആരാണത്…
അമ്മ തുടർന്നു .. നിന്റെ ചേച്ചിയുടെ അനിയത്തി തന്നെ ..
ഞാൻ മനസ്സിൽ ഓർത്തു വീണ്ടും വീണ്ടും പണികൾ ഒന്നിന് പുറകെ ഒന്നായിട്ടു വരുവാണല്ലോ ഈശ്വരാ..
ഞാൻ ചേച്ചിയെ നോക്കിയിട്ട് ചോദിച്ചു ചേച്ചിയുടെ പെങ്ങളോ ..
അതെ എന്റെ പെങ്ങൾ തന്നെ , എന്താ നിനക്ക് അവളെ ഇഷ്ടം അല്ലേ നീ കുറച്ചു നാൾ അവളുടെ പുറകെ നടന്നത് അല്ലേ ചേച്ചിപറഞ്ഞു ..
ഞാനോ എപ്പോൾ അങ്ങനെ ഒന്നും ഇല്ലാ ആരു പറഞ്ഞു ഇത് ഞാൻ ചോദിച്ചു…
ചേച്ചി എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .. ഡാ മതി മതി നീ അധികം ഉരുളണ്ട എനിക്ക് എല്ലാം അറിയാം അവൾ എന്നോട് എല്ലാം പറഞ്ഞു .
കുറച്ചു നാളായി എനിക്ക് സംശയം തോന്നിയിരുന്നു , അവൾ എന്ന് ഇവിടെ വന്നാലും നീ അവളോട് ഒരു വാക്ക് പോലും മിണ്ടാതെ ഒഴിഞ്ഞുമാറി പോകുന്നത് , അവസാനം ഞാൻ അവളോട്
ചോദിച്ചപ്പോൾ ആണ് കാര്യങ്ങൾ എല്ലാം പറഞ്ഞത് …
ഞാൻ ചമ്മിയ ഒരു ചിരി ചിരിച്ചു കൊണ്ട് ചേച്ചിയോട് ചോദിച്ചു നടന്നത് എല്ലാം പറഞ്ഞോ ..
ആ പറഞ്ഞു പെണ്ണുങ്ങളുടെ കയ്യിൽ നിന്ന് അടിയും മേടിച്ചു വന്നിരിക്കുവാ എന്റെ പുന്നാര മോൻ .. ഇതെല്ലാം കേട്ടപ്പോൾ തന്നെ തീരുമാനിച്ചതാ ഞാൻ . അവൾ എന്റെ മോന്റെ ഭാര്യ ആയിട്ട് ഇവിടെ വരണമെന്ന് . എങ്കിലേ എന്റെ മോൻ നേരെ അകത്തൊള്ളൂ , അതും പറഞ്ഞു അമ്മ
അടുക്കളയിലോട്ട് പോയി ..
ഞാൻ തല താഴ്ത്തി ആരോട് എന്നില്ലാതെ പറഞ്ഞു നാണക്കേടായി…
ചേച്ചി പറഞ്ഞു എന്തിനാ നാണക്കേട് . കഴിഞ്ഞത് എല്ലാം കഴിഞ്ഞു ..അവൾക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ലാ അവൾ നിന്നോട് പല പ്രാവിശ്യം മാപ്പ് പറയാൻ വന്നതാണ് . നീ ആണ് അവളെ കാണുമ്പോൾ ഒഴിഞ്ഞു മാറിപോകുന്നത് അവൾ ഒരു പാവം ആണ് ..
ശരിയാണ് ചേച്ചി അവൾ അന്ന് ചെയ്തത് തന്നാണ് ശരി , തെറ്റ് ചെയ്തത് ഞാൻ തന്നെ ആണ് . എനിക്ക് അവളെ ഒരുപാട് ഇഷ്ടം ആയിരുന്നു . അതാണ് ഞാൻ അപ്പോൾ അങ്ങനെ ചെയ്തത് .. അപ്പോൾ ഞാൻ ശരിയും തെറ്റും നോക്കിയില്ല അതാണ് എനിക്ക് പറ്റിയത് ..
പക്‌ഷേ എന്നെ അവൾക്ക് ഇഷ്ടപ്പെടുവോ . ഞാൻ ചോദിച്ചു ..
ചേച്ചി പറഞ്ഞു അവൾക്ക് എതിർപ്പ് ഒന്നും ഇല്ലാ , പിന്നെ നിന്റെ സ്വഭാവം ,നിനക്ക് മദ്യപാനവും മറ്റു ദുശീലങ്ങളും ഇല്ല .. പിന്നെ കൂട്ട്കാർക്ക് വേണ്ടി മുൻപും പിൻപും നോക്കാതെ എടുത്ത് ചാടും .. അത് നിന്റെ പ്രായത്തിന്റെ ആണ് ..
അത് അവൾ നിന്റെ ജീവിതത്തിൽ വന്നാൽ നീ നേരെ ആകും , എല്ലാവർക്കും ഇ ബന്ധത്തിൽ താല്പര്യം ആണ് നീയും സമ്മതിക്കണം ..
ഞാൻ സമ്മതം മൂളി .. അധികം താമസിക്കാതെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു ..
ഇന്ന് ഞങ്ങളുടെ ആദ്യരാത്രി ആണ് ..പാലുമായിട്ട് എന്റെ മുൻപിൽ നിൽക്കുന്ന അവളോട് ഞാൻ ഇരിക്കാൻ പറഞ്ഞു . എന്റെ അടുത്ത നിന്ന് ശകലം നീങ്ങിയിരുന്ന അവളെ ഞാൻ ഒന്ന് നോക്കി ..
ഞാൻ അവളോട് അടുത്ത ഇരിക്കാൻ..പറഞ്ഞു അവൾ കേട്ടില്ല എന്ന് തോന്നുന്നു തല താഴ്ത്തി ഇരിക്കുന്ന അവളുടെ .. അടുത്തേക്ക് ഞാൻ ചേർന്ന് ഇരുന്നു ..
ഞാൻ അവളോട് ചോദിച്ചു താൻ എന്താണ് ഒന്നും മിണ്ടാത്തത് , ഞാൻ അവളുടെ മുഖം എനിക്ക് നേരെ തിരിച്ചുകൊണ്ട് ചോദിച്ചു ഇനിയും തനിക്ക് എന്നോടുള്ള വെറുപ്പ് മാറിയില്ലേ ..
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു ..
താൻ എന്തിനാണ് കരയുന്നത് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ , തനിക്ക എന്നെ പെട്ടന്ന് ഉൾകൊള്ളാൻ പ്രയാസം കാണും അറിയാം , പക്‌ഷേ എനിക്ക് തന്നെ ജീവനായിരുന്ന , പിന്നെ ചേച്ചിയുടെ കല്യാണം കഴിഞ്ഞു താൻ ഇവിടെ വരുമ്പോഴൊക്കെ എനിക്ക് ഭയം ആയിരുന്നു തന്നോട് സംസാരിക്കാൻ .
താൻ എന്നെ എങ്ങനെയാണ് കാണുന്നത് എന്ന് എനിക്ക് അറിയില്ലല്ലോ ..ഇപ്പോഴും തനിക്ക് എന്നോട് വെറുപ്പാണോ അതും അറിയില്ല
തനിക്ക് എന്നോട് സ്നേഹം ഉണ്ടാവുന്ന കാലം വരയും ഞാൻ കാത്തിരുന്നോളാം ഞാൻ പറഞ്ഞു ..
അവൾ നിറഞ്ഞ കണ്ണുകളുമായി എന്നെ നോക്കികൊണ്ട് പറഞ്ഞു ഏട്ടാ എനിക്ക് ഏട്ടനെ കണ്ടനാൾ മുതൽ ഇഷ്ടമായിരുന്നു പക്‌ഷേ . എനിക്ക് ഭയമായിരുന്നു തുറന്ന് പറയാൻ . പ്രണയം ഉണ്ടന്ന് വീട്ടിൽ അറിഞ്ഞാൽ എന്നെ കൊന്നകളയുമായിരുന്നു .ഒന്നിനോടും ആശ തോന്നിയിട്ടില്ല , ആശ തോന്നിയത് ഒന്നും എനിക്ക് കിട്ടിയിട്ടില്ലാരുന്നു ..
പെട്ടന്ന് ഒരു ദിവസം ചേട്ടൻ എന്റെ കയ്യിൽ കയറി പിടിച്ചപ്പോൾ , സത്യത്തിൽ . ഞാൻ ഭയന്ന് പോയി ..അപ്പോൾ എവിടുന്നു ആണ് എനിക്ക് അത്രയും ധൈര്യം വന്നത് എന്ന് എനിക്ക് അറിയില്ല അല്ലാതെ ഒന്നും മനഃപൂർവം അല്ല … ഏട്ടൻ എനിക്ക് മാപ്പ് തരണം … അല്ലങ്കിൽ ഇ ജന്മം എനിക്ക് മനസ്സമാധാനം കിട്ടില്ല …
ഞാൻ അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു ഇല്ലെടോ താൻ ഒരു തെറ്റും ചെയ്തില്ല എല്ലാ തെറ്റും .. എന്റേതാണ് എന്നും പറഞ്ഞു ഞാൻ
അവളെ എന്നിലേക്ക് ചേർത്ത പിടിച്ചു ..ഇനി നമുക്ക്ക് പ്രണയിക്കാം മരിക്കുന്നവിടം വരെ . ഇപ്പോൾ താൻ എന്റേത് മാത്രം ആയില്ലേ ..
അവളുടെ മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് ഞാൻ മനസ്സിൽ ഓർത്തു .
ഇങ്ങനെ ആവണം പെണ്ണ്… അവളോട് മാന്യത ഇല്ലാതെ പെരുമാറുന്ന വരോടും മാനത്തിന് വില പറയുന്നവരോടും .. അവിടെ വെച്ച് തന്നെ പ്രതികരിക്കണം ..
നാളെ ഇത് കണ്ടു പ്രതികരിക്കാതെ നിൽക്കുന്ന പെൺകുട്ടികൾക്ക് ഒരു ദൈര്യം ആകും പ്രതികരിക്കാൻ…