തന്തയും തള്ളയുമില്ലാത്ത കുഞ്ഞിനെ ഇത്രവരെ നയിച്ചത് ചില്ലറ കാര്യമാണോയെന്ന് അമ്മൂമ്മ ചിലരോടൊക്കെ പറയാറുണ്ട്. സംഭവം എന്നെ..

(രചന: ശ്രീജിത്ത് ഇരവിൽ)

തന്തയും തള്ളയുമില്ലാത്ത കുഞ്ഞിനെ ഇത്രവരെ നയിച്ചത് ചില്ലറ കാര്യമാണോയെന്ന് അമ്മൂമ്മ ചിലരോടൊക്കെ പറയാറുണ്ട്. സംഭവം എന്നെ കുറിച്ച് ആയത് കൊണ്ട് ഞാൻ അതൊക്കെ ശ്രദ്ധയോടെ കേൾക്കും. ആ രാത്രികളിൽ എനിക്ക് ഉറക്കമുണ്ടാകാറില്ല. അത് അറിഞ്ഞതുപോലെ, എനിക്ക് വെറുതേ നോക്കിയിരിക്കാൻ പാകം ഞാനും അമ്മൂമ്മയും കിടക്കുന്ന മുറിയുടെ ജനാല താനേ തുറന്ന് കിടക്കാറുണ്ട്…

അന്ന് ഞാൻ പത്തിൽ തോറ്റതിന്റെ പിറ്റേ വർഷത്തിൽ ആയിരുന്നു. അമ്മൂമ്മയും ഞാനും മാത്രം താമസിക്കുന്ന ആ ഒറ്റമുറി വീട്ടിലേക്ക് ഒരാൾ വന്നു. അയാൾക്ക് നല്ല മണമുണ്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ മൈമൂനയുടെ കുപ്പായത്തിൽ നിന്നും വരുന്ന പോലെയൊരു മണം! അത്തറ് ആയിരിക്കും. അവളുടെ ഉപ്പയെ പോലെ അയാളും ഗൾഫിൽ ആയിരിക്കുമെന്ന് ഞാൻ ഊഹിച്ചു.

‘എന്റെ സേതൂ… ഞാനിനി, എത്ര കാലംന്ന് വെച്ചാ…! ഇവനൊരു ജീവിതം ഇണ്ടാക്കി കൊടുക്കോ നീയ്യ്…’

ഏതോയൊരു അധികാരം പോലെ അമ്മൂമ്മ വന്ന ആളോട് പറഞ്ഞു. അയാൾ സമ്മതിച്ചു. പോകാൻ നേരം ആ മനുഷ്യൻ എന്നെ തലോടുകയും ചെയ്തു. അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയായത് കൊണ്ട് മിക്കവരും എന്നെ തലോടാറുണ്ട്. കുഞ്ഞ് പ്രായം തൊട്ടേ എനിക്ക് അറിയുന്നതല്ലേ! തലോടലുകളും താണ്ടി ആരും എന്നെ ചേർക്കാത്തത് കൊണ്ട് ആദ്യമൊക്കെ സ്നേഹവും സഹതാപവും തമ്മിലുള്ള വ്യത്യാസമൊന്നും എനിക്ക് അറിയില്ലായിരുന്നു…

വളരും തോറും അമ്മൂമ്മ മാത്രമാണ് സ്നേഹമെന്ന് ഞാൻ മനസിലാക്കി. സങ്കടപ്പെടുത്തുന്ന പലതും പറയുമെങ്കിലും അമ്മൂമ്മയ്ക്ക് ഞാനെന്ന് വെച്ചാൽ ജീവനാണ്. അതുകൊണ്ടല്ലേ, ഞാനൊന്നും കഴിച്ചില്ലെന്ന് കാണുമ്പോഴെല്ലാം ആ പാവത്തിന്റെ വയറ് എരിയുന്നത്…

‘സേതൂ മാമായെന്ന് വിളിക്കണം… അവര് പറയുന്നതെല്ലാം കേൾക്കണം…’

പറഞ്ഞുവിടാൻ അമ്മൂമ്മ എന്നെ മാനസികമായി ഒരുക്കാൻ തുടങ്ങി. സേതുമാമ വന്ന് പോയതിന്റെ പിറ്റേ മാസം തൊട്ടായിരുന്നു ഇത്തരം നിർദ്ദേശങ്ങളൊക്കെ ആരഭിച്ചത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കൊച്ചുമോൻ ഒറ്റപ്പെട്ട് പോകുമോയെന്ന ഭയം കൊണ്ടാണ് അമ്മൂമ്മ എന്നെ പറഞ്ഞയക്കുന്നതെന്ന് ആ പ്രായത്തിലും ഞാൻ മനസിലാക്കിയിരുന്നു. കടലസുകളൊക്കെ ശരിയാക്കി പോലും. സേതുമാമ എനിക്കൊരു മെച്ചപ്പെട്ട ജീവിത മാർഗ്ഗം ഉണ്ടാക്കി തരുമെന്ന് അമ്മൂമ്മ ഏറെ വിശ്വസിച്ചു…

അങ്ങനെ ആദ്യമായിട്ട് ഞാൻ വിമാനം കയറി. ഉയർന്ന് പൊങ്ങുന്ന വാഹനത്തിന്റെ കിളിവാതിലിലൂടെ ഭൂമിയിലെ നിർമ്മിതികളെയെല്ലാം ഞാൻ അന്ന് കണ്ടു. പൊട്ടുപോലെയുള്ള കെട്ടിടങ്ങളെയെല്ലാം കാണാതാക്കി കാഴ്ച്ച കടലിലേലേക്ക് വീണു. സന്ധ്യയുടെ കുങ്കുമനിറത്തിന്റെ തീക്ഷണതയിൽ കണ്ണുകൾ മങ്ങിയപ്പോഴാണ് ഞാൻ പിൻവലിയുന്നത്.

വെളിച്ചം വീണപ്പോൾ അടഞ്ഞ പോളകൾക്കുള്ളിലെ ഇരുട്ടിലും യാഥാർഥ്യം ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു. ജീവിതം പാറി അടുക്കുന്നത് രണ്ടാമത്തെ ഘട്ടത്തിലേക്കാണ്. അമ്മൂമ്മ ഇല്ലാത്ത ഏതോയൊരു പുതിയ ലോകത്തിലേക്കാണ്. പിഴുതെടുത്ത് നടുന്ന വേരുകൾക്ക് മറുമണ്ണിൽ പിടുത്തം കിട്ടുമോയെന്നൊന്നും എനിക്ക് അറിയില്ല. തിരിച്ച് പോക്കുണ്ടോയെന്ന് പോലും ധാരണയില്ല. അമ്മൂമ്മയെ ഇനിയെന്ന് കാണും ഞാൻ!

‘മോൻ ഈ മുറിയെടുത്തോ..’

വിമാനത്തിൽ നിന്ന് ഇറങ്ങി അൽപ്പനേരം സഞ്ചരിച്ചപ്പോൾ സേതുമാമയുടെ വീടെത്തി. എനിക്കുള്ള മുറിയും കാണിച്ചു തന്നു. ജനലുകൾ ഇല്ലാത്ത, സ്റ്റോർ റൂം പോലെയൊരു കുഞ്ഞ് മുറി! പുറത്ത് നിന്ന് കാറ്റിനോ വെളിച്ചത്തിനോ അകത്തേക്ക് വരാൻ പറ്റാത്തയൊരു ഇരുണ്ട മുറി. എനിക്ക് തീരേ ഇഷ്ട്ടപ്പെട്ടില്ല. അത് തുറന്ന് പറയാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ട് ആ മുറിയിൽ തന്നെ എനിക്ക് കഴിയേണ്ടി വന്നു. സേതുമാമയേയും കുറ്റം പറയാൻ പറ്റില്ല. അവിടെ മറ്റൊരു മുറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിലാണ് ആ മനുഷ്യനും ഭാര്യയും ആറുവയസ്സുള്ള മോനും കഴിയുന്നത്…

നാളുകൾക്കുള്ളിൽ പുതിയ ദിനചര്യകളുമായി എന്റെ ജീവിതം ആരംഭിച്ചു. കുഞ്ഞിനെ നോക്കാൻ ഒരാളെ കിട്ടിയപ്പോൾ സേതുമാമയുടെ ഭാര്യ എവിടെയോ ജോലിക്ക് പോയി തുടങ്ങി. രണ്ടുപേരും കാലത്ത് പോയാൽ വൈകീട്ട് വരും. എന്നാലും, കുഞ്ഞിനെ സ്കൂൾ ബസ്സിൽ വിടുന്നതും കൂട്ടി വരുന്നതുമൊക്കെ ഞാനാണ്. ഒഴിവ് നാളുകളിൽ ഞാൻ അവന്റെ കളിക്കൂട്ടുകാരനും ആകും…

‘മോന് ഇവിടെ ഇഷ്ട്ടപ്പെട്ടോ…?’

രണ്ടുമൂന്ന് മാസങ്ങൾക്ക് അപ്പുറം സേതുമാമ ഒരിക്കൽ എന്നോട് ചോദിച്ചതാണ്. അമ്മൂമ്മയെ കാണാൻ പോകണമെന്ന് തറയിൽ നോക്കികൊണ്ട് ഞാൻ പറഞ്ഞു. അങ്ങനെ പെട്ടെന്നൊന്നും പോകാൻ പറ്റാത്ത ദൂരത്തിലാണ് നമ്മളെന്ന് സേതുമാമ പറഞ്ഞപ്പോഴാണ് എനിക്ക് ബോധ്യമാകുന്നത്. ഇനിയെന്ത് ചെയ്യും! അമ്മൂമ്മയെ ഇനിയെന്ന് കാണും!

ഏതാണ്ട് ഒരേ പോലെ കൊഴിഞ്ഞു പോകുന്ന നാളുകളെല്ലാം ചേർത്ത് വെച്ചപ്പോൾ വർഷങ്ങൾ രണ്ടെണ്ണം കഴിഞ്ഞു. അമ്മൂമ്മ ജീവിച്ചിരിപ്പുണ്ടോയെന്ന തെളിവ് പോലും അറിയാതെയുള്ള എന്റെ ദുഃഖം ആ ജനാലയില്ലാത്ത മുറിയിൽ തളം കെട്ടി കിടന്നു. വിവരം അന്വേഷിച്ച് ഞാൻ എഴുതിയ കത്തുകളെല്ലാം അമ്മൂമ്മയുടെ കാതിൽ എത്തിക്കാണുമോയെന്ന് പോലും എനിക്ക് അറിയില്ല…

‘നിനക്ക് നിന്റെ അമ്മൂമ്മയെ കാണണ്ടേ..? അടുത്തയാഴ്ച്ച നമ്മൾ പോകും…’

സേതുമാമ ഒരിക്കൽ എന്നോട് പറഞ്ഞു. സത്യത്തിൽ അന്ന് മാത്രമാണ് എനിക്ക് ആ മനുഷ്യനോട് എന്തെന്നില്ലാത്തയൊരു അടുപ്പം തോന്നിയത്. വർഷം രണ്ട് കഴിഞ്ഞെങ്കിലും എന്റെ ഉള്ള് അമ്മൂമ്മയുടെ കൂടെ തന്നെ ആയിരുന്നു. വരേണ്ടിയിരുന്നില്ലായെന്ന് വരെ എത്രയോ തവണകളിൽ ഞാൻ ചിന്തിച്ചിരുന്നു. പോകുമ്പോൾ കൊണ്ടുപോകാനുള്ള സാധനങ്ങളൊക്കെ വാങ്ങാൻ അന്ന് സേതുമാമ എന്നെയും കൂട്ടി…

തിരിച്ചുള്ള വിമാനയാത്ര ഏറെ സന്തോഷത്തോടെ ആയിരുന്നു. അമ്മൂമ്മയെ കാണണം. ആ കവിളും നെറ്റിയുമെല്ലാം കൂടുതൽ ചുളിഞ്ഞിട്ടുണ്ടാകും. പണ്ട് മൈമൂനയിൽ നിന്നും, സേതുമാമയിൽ നിന്നും കൊണ്ട അത്തറ് മണം അമ്മൂമ്മയ്ക്കായി ഞാൻ ബാഗിൽ കരുതിയിട്ടുണ്ട്. എല്ലാത്തിനും അപ്പുറം അമ്മൂമ്മയും ഞാനും കിടന്നിരുന്ന മുറിയിലെ താനേ തുറക്കുന്ന ജനാലയിലൂടെ മാനത്തേക്ക് കണ്ണുകൾ എറിയണം.

‘ന്റെ… മോനേ…’

വീട്ടിലേക്ക് കയറുമ്പോൾ തന്നെ അമ്മൂമ്മ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. എനിക്ക് കരച്ചില് വന്നുപോയി. നീയങ്ങ് വലുതായല്ലോ ചെക്കായെന്ന് പറഞ്ഞ് അമ്മൂമ്മയും നിർത്താതെ വിങ്ങി. സേതുമാമ ഞങ്ങളെ രണ്ടുപേരേയും മാറി മാറി നോക്കുകയായിരുന്നു. എനിക്ക് മീശ കിളിർത്തു പോലും! തടി വെച്ചുപോലും! എന്റെ മാറ്റങ്ങളെല്ലാം അമ്മൂമ്മ എന്നെ ഓർമിപ്പിച്ചു. ഈ രണ്ട് വർഷം ആരാരും ഇല്ലാത്ത വേദനയിൽ തന്നെ ആയിരിക്കണം അമ്മൂമ്മയും കടന്നുപോയത്…

‘സേതുമാമ… അമ്മൂമ്മയുടെ കാലം വരെ ഞാൻ ഇനി എങ്ങോട്ടുമില്ല…’

ഞങ്ങളുടെ സ്നേഹപ്രകടനങ്ങളുടെ സാക്ഷിയായത് കൊണ്ട് സേതുമാമയോട് കൂടുതലൊന്നും പറയേണ്ടി വന്നില്ല. മോന്റെ ഇഷ്ടം പോലേയെന്ന് പറഞ്ഞ് ആ മനുഷ്യൻ ഞങ്ങൾ വന്ന ടാക്സിയിൽ തന്നെ പോകാനായി ഒരുങ്ങി. ഇറങ്ങാൻ നേരം ചെറുതല്ലാത്തയൊരു കെട്ട് പണവും എനിക്ക് തന്നിരുന്നു. ഞാനത് എണ്ണി നോക്കിയില്ല. അമ്മൂമ്മയ്ക്ക് കൊടുത്തു. ആ കണ്ണുകളിലെ നിറവ് കവിളിലെ ചുളിവുകളിലേക്ക് അപ്പോഴേക്കും പടർന്നിരുന്നു…

‘നീയെന്താ ഇനി പോണില്ലായെന്ന് സേതുനോട് പറഞ്ഞേ…?’

മുറിയിലേക്ക് പ്രവേശിച്ചതിന് ശേഷമാണ് അമ്മൂമ്മ എന്നോടത് ചോദിച്ചത്. ഞാൻ ആ നേരം ബാഗിൽ നിന്ന് ആ അത്തറ് കുപ്പി എടുക്കുകയായിരുന്നു. തന്തയും തള്ളയുമില്ലാത്ത കുഞ്ഞിനെ ഇത്രവരെ നയിച്ചത് നിങ്ങളല്ലേയെന്ന് ഞാൻ പറഞ്ഞു. കൂടെ ആ ഗൾഫ് മണം അമ്മൂമ്മയുടെ ദേഹത്തേക്ക് പുരട്ടുകയും ചെയ്തു. ഒരു പുതുപെണ്ണിന്റെ കുലുക്കത്തോടെ അമ്മൂമ്മ അപ്പോൾ ചിരിക്കുകയായിരുന്നു.

അന്ന് രാത്രിയിൽ എനിക്ക് ഉറങ്ങാൻ സാധിച്ചില്ല. താൻ അടുത്തെങ്ങും തട്ടിപ്പോകുമെന്ന് നീ കരുതേണ്ടായെന്ന് കേട്ടപ്പോൾ അമ്മൂമ്മയും ഉറങ്ങിയില്ലായെന്ന് എനിക്ക് മനസ്സിലായി. ഓർമ്മ വെച്ചകാലം തൊട്ട് കാണുന്ന മുഖമാണ്. ഞങ്ങൾക്ക് ഞങ്ങളെയുള്ളൂവെന്ന് അമ്മൂമ്മ പറയാതെ തന്നെ എനിക്ക് അറിയാമായിരുന്നു. താൻ തനിച്ചായാലും കൊച്ച് മോനൊരു ജീവിതം ഉണ്ടായിക്കോട്ടേയെന്ന് കരുതി മാത്രമാണ് അമ്മൂമ്മ എന്നെ പറഞ്ഞുവിട്ടത്. ഞാനത് അനുസരിക്കാൻ പാടില്ലായിരുന്നു.

‘അമ്മൂമ്മ ഇവിടെ തനിച്ചല്ലേ…?’

അമ്മൂമ്മയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല. ആരുമില്ലാത്തതിന്റെ വേദന എന്നെക്കാളും കൂടുതൽ അനുഭവിക്കുന്നത് അമ്മൂമ്മ തന്നെയാണ്. ഓർമ്മകളുണ്ടെങ്കിലേ വേദനകളുള്ളൂ… എന്നിൽ കൊണ്ടതെല്ലാം ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നുവെങ്കിലെന്ന ആഗ്രഹങ്ങളുടെ സങ്കടമായിരുന്നു. എന്നാൽ, പച്ച ജീവനിൽ നിന്ന് വേർപ്പെട്ടുപോയവരുടെ നഷ്ടത്തിലായിരുന്നു അമ്മൂമ്മ. ഉണ്ടായിരുന്നവരെ കുറിച്ചൊന്നും യാതൊരു ഓർമ്മയുമില്ലാത്ത എന്റെ ദുഃഖങ്ങളൊക്കെ എത്രയോ നിസ്സാരം!

ഞാനും അമ്മൂമ്മയും കിടക്കുന്ന മുറിയിലെ ജനാല അന്നും തുറന്ന് കിടന്നിരുന്നു. എന്റെ കണ്ണുകൾക്ക് വെറുതേ നോക്കിയിരിക്കാൻ മാത്രമല്ല അതെന്ന് എനിക്ക് അപ്പോൾ വ്യക്തമായിരുന്നു. ഒറ്റപ്പെട്ടുപോയതിന്റെ നെടുവീർപ്പുമായി വിട്ടുപോയവരിലേക്കുള്ള ദൂരം അളക്കുന്ന ഒരാൾ കൂടിയുണ്ടല്ലോ ഇവിടെ… ജനാല അഴികൾക്ക് അപ്പുറത്തെ ആ ഒരുതുണ്ട് മാനത്തിലേക്ക് അമ്മൂമ്മ എത്ര വട്ടം പോയിട്ടുണ്ടാകുമെന്ന കണക്കെടുപ്പ് പോലും സാധ്യമല്ലെന്ന് ആ നേരം ഞാൻ അറിയുകയായിരുന്നു…!!!