കുഞ്ഞിനെ ഉറക്കി അവളും വന്ന് കിടന്നപ്പോൾ എന്റെ ക്ഷമ നശിച്ചു. നിനക്ക് എന്തുപറ്റിയെന്ന് ചോദിച്ച് ആ കവിളുകളിൽ..

(രചന: ശ്രീജിത്ത് ഇരവിൽ)

കാലത്ത് കണ്ണുകൾ തുറന്നപ്പോൾ ദമയന്തിയെ കണ്ടില്ല. നാളെ വരുമ്പോൾ തനിക്കൊരു അരയന്നത്തിന്റെ പാവ വാങ്ങി വരണമേയെന്ന് പറഞ്ഞ കുഞ്ഞിനേയും കാണാതെ വന്നപ്പോൾ ഞാൻ ചെറുതായൊന്ന് പരിഭ്രമിച്ചുപോയി.

രാത്രിയിൽ പരസ്പരം പിന്തിരിഞ്ഞ് കിടക്കാനുണ്ടായ കാര്യമായിരുന്നു അതിനുള്ള കാരണം…

തലേന്ന് ജോലി കഴിഞ്ഞ് വരുമ്പോഴും ദമയന്തി ഉണ്ടായിരുന്നില്ല. അംഗനവാടിയിൽ പോയ കുഞ്ഞിനേം കൊണ്ട് എന്റെ അച്ഛൻ വന്നപ്പോൾ അവൾ എവിടെ പോയെന്ന് ഞാൻ അന്വേഷിച്ചു. അച്ഛനോടും പറഞ്ഞില്ലത്രേ… ഫോണിൽ വിളിച്ചിട്ട് അവളെയൊട്ട് കിട്ടുന്നുമില്ല… ഞാൻ കുഞ്ഞുമായി അവളെ കാത്തിരുന്നു…

കണ്ടുമുട്ടിയതിൽ പിന്നെ പറയാതെ മറയുകയെന്നത് ഞങ്ങളിൽ ഇതുവരെ ഉണ്ടായിരുന്നില്ല. അങ്ങനെ തനിച്ചുള്ള യാത്രകൾ പലപ്പോഴും രണ്ടുപേരിലും ഉണ്ടായിട്ടുണ്ട്. ആശയ വിനിമയ തോത് വിരൽത്തുമ്പിൽ നിൽക്കുന്ന ഈ കാലത്ത് അറിയിക്കാനാണോ പ്രയാസം..

എനിക്ക് അവളോട് ദേഷ്യം തോന്നി.. ജീവിതത്തിന്റെ ഭാഗമായവർ കണ്മുന്നിൽ നിന്ന് അപ്രത്യക്ഷപ്പെടുമ്പോൾ ജീവൻ പതിവിലും വിട്ട് വിട്ടാണ് ശ്വസിക്കുന്നതെന്ന് ഈ മനുഷ്യർക്ക് എന്തുകൊണ്ടാണ് മനസിലാകാത്തത്..!

രാത്രിയിൽ ഏതാണ്ട് എട്ടുമണിയൊക്കെ ആയപ്പോൾ ഒരു ഔട്ടോറിക്ഷയിൽ ദമയന്തി വന്നു. അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമെന്ന ധാരണയിൽ വളരേ ശാന്തമായിട്ടാണ് നീ എവിടെയായിരുന്നുവെന്ന് ഞാൻ ചോദിച്ചത്.

‘ഓ.. ഒന്നും പറയേണ്ട… സുമതിയുടെ കൂടെ ഷോപ്പിംഗ് ആയിരുന്നു..’

എന്നും പറഞ്ഞ് എന്റെ കയ്യിൽ ഇരുന്ന കുഞ്ഞിനേം വാങ്ങി അവൾ അകത്തേക്ക് പോയി. അവളെ പിന്തുടർന്ന എനിക്ക് പിന്നീട് ചോദിക്കാനുണ്ടായിരുന്നത് നിനക്ക് എന്താടി പറഞ്ഞിട്ട് പോയാൽ എന്നതായിരുന്നു. അവൾ മിണ്ടിയില്ല.

‘ഓള് വന്നില്ലേ… നിർത്തെടാ..’

അച്ഛന്റെ ശകാരമായിരുന്നു. വീടെന്നാൽ വഴക്കില്ലാത്ത ഇടമെന്ന ചിന്താഗതിക്കാരനാണ് അച്ഛൻ. മരിക്കുന്നത് വരെ അമ്മയുമായി ശബ്ദമുയർത്തി അച്ഛൻ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല.

അനാവശ്യമായ ഒരു ബഹളങ്ങളും അച്ഛൻ പ്രോത്സാഹിപ്പിക്കില്ലായിരുന്നു. ചോദ്യം ചെയ്യൽ നിർത്തി ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി…

എന്നെ ഒരുപാട് മനസിലാക്കിയ ആളാണ് ദമയന്തിയെന്ന് ഞാൻ പലപ്പോഴും കരുതിയിരുന്നു. അവൾ മുട്ടിയിരിക്കുമ്പോൾ എനിക്ക് പ്രത്യേകമായൊരു അനുഭൂതി തോന്നാറുണ്ട്.

എന്റെ ആദ്യകുഞ്ഞും അമ്മയും സുഹൃത്തും എല്ലാം അവൾ തന്നെയായിരുന്നു.. അല്ലെങ്കിലും, ഏത് വികാര തലങ്ങളേയും തേടാനൊരു ഇടമുണ്ടോ എന്നത് തന്നെയല്ലേ ഓരോ മനുഷ്യരും തന്റെ ഇണകളിൽ തിരയുക..

പത്തു മണിയൊക്കെ ആകുമ്പോഴേക്കും ഞാൻ തിരിച്ചെത്തി. കുളിക്കാൻ കയറുമ്പോൾ തൊട്ട് ഭക്ഷണം കഴിച്ച് കിടക്കയിൽ വീഴുന്നത് വരെ അവൾ മുന്നിൽ തെളിഞ്ഞിട്ടും ഞാൻ ഒന്നും മിണ്ടിയില്ല. അവൾ അത് ആഗ്രഹിക്കുന്നില്ലെന്ന് വരെ എനിക്ക് തോന്നി.

കുഞ്ഞിനെ ഉറക്കി അവളും വന്ന് കിടന്നപ്പോൾ എന്റെ ക്ഷമ നശിച്ചു. നിനക്ക് എന്തുപറ്റിയെന്ന് ചോദിച്ച് ആ കവിളുകളിൽ ഞാൻ തൊട്ടു. എന്റെ വിരലുകളെ തട്ടി മാറ്റിയിട്ട് അവളപ്പോൾ തിരിഞ്ഞ് കിടക്കുകയായിരുന്നു. പതിയേ ഞാനും..

‘മടുത്തൂന്ന് പറഞ്ഞിട്ടാ.. ഓള് പോയത്…’

പറയുമ്പോൾ അച്ഛൻ എന്റെ മുഖത്തേക്ക് നോക്കിയില്ല. എന്താ നിങ്ങൾക്ക് പറ്റിയതെന്ന അച്ഛന്റെ ചോദ്യത്തിന് ഒന്നുമില്ലെന്ന് ഞാൻ പറഞ്ഞു.

ആ ശബ്ദം വിറക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടും, ഉള്ള് അറിഞ്ഞത് പോലെ അച്ഛൻ എന്നെ ചേർത്ത് പിടിക്കുകയായിരുന്നു. എനിക്ക് ഓർമ്മയുണ്ട്… വർഷങ്ങൾക്ക് മുമ്പ് അമ്മ മരിച്ചപ്പോഴും അച്ഛൻ ഇതുപോലെ എന്നെ ചേർത്തിരുന്നു…

ജോലിക്ക് പോകാൻ ഒരുങ്ങാതെ ഞാൻ പോയി വീണ്ടും കിടന്നു. ഒരിക്കൽ പോലും സൂചിപ്പിക്കാത്തത് കൊണ്ട് ദമയന്തിക്ക് എന്നെ മടുത്തൂവെന്ന് ചിന്തിക്കാൻ പോലും എനിക്ക് പറ്റുന്നില്ല. എന്താണെങ്കിലും അവൾക്ക് എന്നോട് പറയാമായിരുന്നുവെന്ന് പറഞ്ഞ് എന്റെ കണ്ണുകൾ നിറഞ്ഞു…

ഒരു സുപ്രഭാതത്തിൽ അവൾക്ക് എന്നെ മടുക്കാനുള്ള കാരണങ്ങൾ എന്തായിരിക്കുമെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. തലേന്ന് ചോദ്യം ചെയ്തതിൽ ഇത്രത്തോളം മുഷിയാൻ എന്താണുള്ളത്…

അന്വേഷിച്ചപ്പോൾ ദമയന്തി അവളുടെ വീട്ടിലെത്തിയെന്ന് അറിയാൻ കഴിഞ്ഞു. കാര്യം എന്താണെന്ന് അറിഞ്ഞിട്ട് തന്നെ കാര്യമെന്ന് കരുതി ഞാനും അങ്ങോട്ടേക്ക് പുറപ്പെട്ടു. അവിടെ എത്തിയ എന്നോട് സംസാരിക്കാൻ അവൾക്ക് വല്ലാത്ത വിമുഖതയായിരുന്നു.

നമ്മൾ ഇനി തുടർന്ന് പോയാൽ ശരിയാകില്ലെന്ന് മാത്രം ദമയന്തി ഒന്നിൽ കൂടുതൽ തവണ പറഞ്ഞു. കുഞ്ഞിന്റെ കാര്യം അഞ്ച് വർഷം കഴിഞ്ഞ് ആരുടെ കൂടെയെന്ന് തീരുമാനിക്കാമെന്നും ചേർത്തു.

പലതും വ്യക്തമായി ഉറപ്പിച്ച ശബ്ദമായിരുന്നു അന്ന് അവൾക്ക്. പിന്നീട് എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല. എല്ലാത്തിനും നന്ദിയെന്ന് പറഞ്ഞ് ഞാൻ ഇറങ്ങുമ്പോൾ അവളുടെ അമ്മയുടെ ഒക്കത്തിൽ ഇരുന്ന് എന്റെ കുഞ്ഞ് എന്നോട് ചിരിക്കുന്നുണ്ടായിരുന്നു…

എന്നിലും സുന്ദരമായ ലോകം അവൾ ആഗ്രഹിക്കുന്നുണ്ടാകും.. കയ്യെത്തും ദൂരത്ത് എത്തിച്ചേർന്ന ആ ജീവിതത്തിന് വേണ്ടിയായിരിക്കാം എന്നെ അവൾ ഇന്ന് മായ്ച്ച് കളയുന്നത്.. അല്ലെങ്കിലും, ഒരു വ്യക്തിയുടെ പ്രാധാന്യങ്ങൾക്ക് അനുസൃതമായിട്ടല്ലേ ഇടപെടുന്നവർക്ക് അവരുടെ മുന്നിൽ തെളിയാൻ സാധിക്കുകയുള്ളൂ…

എന്തിന്റെ പേരിലാണെങ്കിലും വേണ്ടായെന്ന് പറയുന്നവരെ വീണ്ടും ജീവിതത്തിൽ ചേർത്ത് വെക്കാൻ ശ്രമിക്കുന്നത് ശരിയായ ഒരു രീതിയല്ല.. ആഗ്രഹിക്കുമ്പോൾ പരസ്പരം എത്തിച്ചേരാനുള്ള വഴികൾ ഇല്ലെങ്കിൽ പിന്നെയെന്ത്‌ ബന്ധം… എന്ത് സ്നേഹം…

തിരിച്ചുവരുമ്പോൾ ശ്രദ്ധയിൽ പെട്ടയൊരു ചില്ലിട്ട കളിപ്പാട്ട കടയുടെ മുന്നിൽ കാർ തനിയേയെന്ന പോലെ നിന്നു. അതിന് അകത്തേക്ക് കയറുമ്പോൾ അവളുടെ വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം വിടർത്തിയ എന്റെ കുഞ്ഞിന്റെ ചിരിയായിരുന്നു ഉള്ളിൽ മുഴുവൻ..

ആ കിന്നരിപ്പല്ലിന്റെ വെളിച്ചത്തിൽ എന്തിനെന്ന് പോലും നിശ്ചയമില്ലാതെ ഒരു വലിയ അരയന്നത്തിലേക്ക് ഞാൻ അറിയാതെ ചൂണ്ടുകയായിരുന്നു….!!!