ആർത്തവ ദിനങ്ങളിൽ വേദന കൊണ്ട് ഭ്രാന്ത്‌ പിടിക്കുമ്പോൾ ഒരു കോളിനപ്പുറം തന്റെ വേദന മറക്കാൻ..

പ്രഭാ മയൂഖങ്ങൾ
(രചന: ശിവാനി കൃഷ്ണ)

പ്രണയമെന്ന മൂന്നക്ഷരത്തിൽ ഒളിപ്പിച്ചവന്റെ ഹൃദയത്തിന് അവകാശിയാകാൻ പോകുന്നതിന്റെ ചിഹ്നമായി അവന്റെ പേരിനോട് ചേർത്ത്  മറ്റൊരുവളുടെ പേര് പതിഞ്ഞ ആ വർണ്ണകടലാസ് കാണുന്തോറും പേരറിയാത്തൊരു വികാരം നെഞ്ചിൽ വേദന നിറയ്ക്കുന്നതായി തോന്നി..

മുഖപുസ്തകത്തിൽ കണ്ടുമുട്ടിയവൻ…. ദേഷ്യമായിരുന്നു ആദ്യം അയാളോട്…. എന്തിനാണെന്ന് അറിയാത്ത ഒരുതരം ദേഷ്യം…

ഒന്നും അറിയാതെ….ഒന്നും മിണ്ടാതെ തന്നെ വെറുതെ ദേഷ്യം തോന്നിയിരുന്നു…അയാളുടെ പോസ്റ്റ്‌ കാണുമ്പോൾ പോലും ഉള്ളിലൊരു ഇഷ്ടക്കേട് തോന്നിയിരുന്നു…

എന്നോ എപ്പോഴോ എന്തിനോ ഇൻബോക്സിലേക്ക് പോകേണ്ടി വന്നപ്പോഴും ദേഷ്യമായിരുന്നു…..പക്ഷേ കുറച്ച് വാക്കുകൾ കൊണ്ട് അവസാനിപ്പിക്കാൻ കഴിയാതെ പോയ ഒരു സംഭാഷണം….

പ്രതീക്ഷിച്ചതിൽ നിന്നൊക്കെ വിപരീതമായി എപ്പോഴും ഒരു വാക്കോ ചിരിയോ ബാക്കി വയ്ക്കുന്നവൻ…

ഒരു കുഞ്ഞ് കുഞ്ഞിനെ എന്ന പോലെ നിഷ്കളങ്കമായി സംസാരിക്കുന്നവൻ….എന്തിനും ഏതിനും കരുതലോടെ കൂടെ നിൽക്കുന്നവൻ… ഒരുപക്ഷെ ഉള്ളിലെ വേദനയെ  കേവലം ഒരു മെസ്സേജിലൂടെ പോലും  മനസ്സിലാക്കുന്നവൻ…

മെസ്സേജുകളിൽ നിന്ന് കോളുകളിലേക്ക് എത്താൻ ഒരുപാട് നാളുകൾ ഒന്നും വേണ്ടിയിരുന്നില്ല..

കണ്ണുകളിൽ ഉറക്കം തട്ടുന്നത് വരെയുള്ള സംസാരം.. അത്രയ്ക്കൊന്നും നല്ലതല്ലെങ്കിൽ കൂടി എന്റെ പാട്ട് കേൾക്കാൻ  ഇഷ്ടപ്പെട്ടിരുന്നവൻ….
എനിക്ക് കാണാൻ മാത്രം വീഡിയോ കോൾ വിളിച്ചിരുന്നവൻ..നിന്റെ മുഖം എനിക്ക് നേരിട്ട് കണ്ടാൽ മതിയെന്ന് പറഞ്ഞവൻ….

ആർത്തവ ദിനങ്ങളിൽ വേദന കൊണ്ട് ഭ്രാന്ത്‌ പിടിക്കുമ്പോൾ ഒരു കോളിനപ്പുറം തന്റെ വേദന മറക്കാൻ തമാശ പറഞ്ഞിരുന്നവൻ… പാട്ട് പാടിയിരുന്നവൻ… കഥകൾ പറഞ്ഞിരുന്നവൻ…. ഉറങ്ങാതെ കൂട്ടിരുന്നവൻ….

കൂടുതൽ അറിയുന്തോറും അതിലും കൂടുതൽ  സ്നേഹിച്ചുപോയിരുന്നു…. എന്നിലെ മാറ്റങ്ങളെ  ഞാൻ പോലും അറിഞ്ഞുതുടങ്ങാൻ വൈകിയിരുന്നു…

അവനെയോർത്തുള്ള രാത്രികൾ… അവനെ ചേർത്തുള്ള സ്വപ്‌നങ്ങൾ… അവന്റെ ഓർമ്മയിൽ പോലും മുഖത്തു വിരിയുന്ന പുഞ്ചിരി…

അവന്റെ വാക്കുകളിൽ ഞാൻ എന്നെതന്നെ കണ്ടെത്താൻ ശ്രമിച്ചിരുന്നു…ഓരോ വരിയിലേയും ആ അജഞാത ഞാനായിരിക്കുമോ എന്ന് കൊതിയോടെ ഓർത്തിരുന്നു….അവനായി എഴുതിയ വരികൾ.. പ്രണയമെന്ന് കേട്ടാൽ പോലും ഓടിയെത്തുന്ന അവന്റെ ചെമ്പൻ മിഴിയിണകൾ…

ഒത്തിരി വേദനകൾ സഹിച്ചവൻ… ഒരുപക്ഷെ അവന്റെ ആ വേദനകളെ ഞാൻ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നു…അവന് വേണ്ടി കണ്ണ് നിറയാൻ കൊതിച്ചിരുന്നു.. അവന്റെ വേദനയെ  എന്റേതും കൂടിയാക്കാൻ  കൊതിച്ചിരുന്നു…

ജോലിഭാരം കൂടിയതോടൊപ്പം ഇങ്ങോട്ടുള്ള വിളിയും സംസാരവുമെല്ലാം കുറഞ്ഞു… എങ്കിലും മനസിലാക്കിയിരുന്നു…ഫ്രീ ആകുമ്പോൾ ഓടി വരുമെന്ന് അറിയാമായിരുന്നു… എങ്കിലും ഞാൻ പോലും അറിയാതെ ചിലപ്പോഴൊക്കെ വേദന തോന്നിയിരുന്നു…ഇനി അകന്ന് പോകുന്നതാണോ എന്ന പേടിയിൽ നിമിഷങ്ങളെ തള്ളിയിരുന്നു…

ഏത്‌ പോസ്റ്റിലെയും അയാളുടെ കമന്റ്‌ കാണുമ്പോ വെറുതെ എടുത്തു നോക്കുമായിരുന്നു…അങ്ങനെ ഒന്നിൽ റിയാക്ഷൻ ഇട്ടിരിക്കുന്ന സുപരിചിതമല്ലാത്ത ഒരു പെൺകുട്ടിയുടെ മുഖം കണ്ടപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല…

എങ്കിലും വെറുതെ ഒരു കൗതുകത്തിന് ആ അക്കൗണ്ടിൽ കയറുമ്പോൾ അവളുടെ പോസ്റ്റിനു താഴെയുള്ള അവന്റെ കമെന്റുകൾ കാണുന്തോറും അസ്വസ്ഥത വന്നു മൂടുന്നത് പോലെ….

എന്റെ ഒരു പോസ്റ്റിൽ പോലും അയാൾ കമന്റ്‌ ഇടാത്തത് ഓർത്ത്  അന്നാദ്യമായി എനിക്ക് പരിഭവം തോന്നി… മിണ്ടാതിരിക്കാൻ തോന്നി.. എന്നെ ഇഷ്ടമല്ലെന്ന് തോന്നി…. സഹിക്കാനാവില്ല എന്ന് തോന്നിയപ്പോൾ തുറന്ന് ചോദിച്ചു…തിരിച്ചു കിട്ടിയ മറുപടി വേദന നിറഞ്ഞ ഹൃദയത്തിലേക്ക്  മനോഹരമായ ഒരു വസന്തത്തെയാണ്  പകർന്നു നൽകിയത്.

“നിന്റെ എഴുത്തുകൾ ഞാൻ വരികളിലൂടെ ആണ് വായിക്കുന്നത്…നിന്നെ വേറെ ആയി കാണുന്നെങ്കിലല്ലേ ഞാൻ ലൈകും കമന്റും ചെയ്യേണ്ടി വരുന്നുള്ളു… എന്റെ കൂടെ ഉണ്ടല്ലോ എപ്പോഴും…സ്വന്തം പോസ്റ്റ്‌ ആരെങ്കിലും ലൈക്‌ അടിക്കുവോ പെണ്ണേ….”

വാക്കുകളിൽ കോറിയിട്ടത് അയാളുടെ മനസ്സ് ആണെന്ന ചിന്തയിൽ ഞാൻ പ്രണയത്തിൽ ബന്ധിക്കപ്പെട്ടിരുന്നു…അയാളും ഞാനും മാത്രമുള്ള ഒരു ലോകം…

കൂട്ടിന് മനോഹരമായ ചിത്രശലഭങ്ങളും ചന്ദ്രനും നക്ഷത്രങ്ങളും പൂക്കളും അരുവിയും എല്ലാം ചേർന്ന് മനോഹരമായ ഒരു വനത്തിന്റെ ഒത്തനടുക്ക് ഇരുളിന്റെ കൂട്ടിനുള്ളിൽ ഒളിപ്പിച്ച പോലെ അയാളുടെ നെഞ്ചിൽ ചേർന്ന് നിൽക്കുന്ന ഞാൻ…

എന്നിട്ടും…. പിന്നെയും ആ പെൺകുട്ടിയുടെ വരികൾ എന്നെ വേദനിപ്പിച്ചു… അവളുടെ കഥയിൽ നിറഞ്ഞു നിൽക്കുന്ന അയാളെ… അയാളോട് അവൾക്കുള്ള പ്രണയത്തെ…. അവൾക്ക് അയാളോടുള്ള അടുപ്പത്തെ…. എല്ലാം എല്ലാം എന്നെ വേദനിപ്പിച്ചു…

എന്തോ ഒരു തരം സ്വാർഥത… എന്റേത് മാത്രമെന്ന തോന്നൽ…അവൾ അയാളെ പ്രണയിക്കുന്നത്… ഓർക്കുന്നത്… സ്വപ്നം കാണുന്നത്…ഇതെല്ലാം ഓർക്കേ എനിക്ക് വേദന തോന്നും..

അയാൾക്ക് വേണ്ടി ഉണ്ടാകുന്ന വേദന അതിന് എന്തോ ഒരു തരം പ്രത്യേകതയുണ്ട്… ശരീരം മുഴുവൻ വേദന തോന്നും…. അറിയാതെ തന്നെ കണ്ണ് നിറയും..ശ്വാസം മുട്ടുന്നതായി തോന്നും… ആ നിമിഷം മരിച്ചു പോകുന്നതായി തോന്നിപോകും..

നീലകണ്ണാടിക്ക് മുന്നിൽ നിൽക്കെ അയാൾ ഇതുവരെ കാണാത്ത തന്റെ മുഖം നല്ലതല്ലെന്ന് തോന്നി…ഗോതമ്പിന്റെ നിറമുള്ളവന് ഈ ഇരുണ്ട നിറക്കാരിയായ താൻ ചേരില്ലെന്ന് തോന്നി…വേണ്ട… ഒന്നും വേണ്ട..പ്രണയിക്കണ്ട….

മനഃപൂർവം അകന്ന് മാറി… എന്നിട്ടും ഇങ്ങോട്ട് വന്നു മിണ്ടുന്നതു കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകാറുണ്ട് …എന്നിട്ടും മിണ്ടിയില്ല…. മറക്കാൻ ശ്രമിക്കും തോറും ഉള്ളിലേക്ക് ഓടിയെത്തുന്ന ആ മുഖം…. മിണ്ടാൻ ഒരായിരം വട്ടം തോന്നിയിട്ടും എന്തോ ഒരു അപകർഷതാബോധം എന്നെ പൊതിഞ്ഞിരുന്നു..

അയാൾക്കും അവളെ ഇഷ്ടമാണെങ്കിൽ… ഞാൻ അതിനിടയിൽ വേണ്ടെന്ന് തോന്നി… അവളുടെ കഥയിലും അങ്ങനെയല്ലേ .. അവളെ പ്രണയിക്കുന്ന… ചേർത്ത് പിടിക്കുന്നവൻ…

താൻ തന്നെയാണ് വിട്ടകന്നത്…എന്നിട്ട് എന്തിനാണ് അവരെ ഒന്നായി കണ്ടപ്പോൾ ഇങ്ങനെ വേദനിക്കുന്നത്…വിട്ട് കൊടുത്തതല്ലേ ഞാൻ…വിട്ട് കൊടുക്കലും പ്രണയം ആണെന്ന് പറയുമ്പോഴും എനിക്ക് എന്തേ  അത് സഹിക്കാനാവുന്നില്ല…

അത്രയും സന്തോഷത്തോടെ വിട്ട് കൊടുക്കണം എന്ന് പറയുമ്പോഴും എനിക്ക് ശ്വാസം മുട്ടുന്നതെന്തിനാണ്… പ്രണയത്താൽ മരിച്ചു പോകുമെന്ന പോലെ ശരീരം മുഴുവനായി വേദനിക്കുന്നു… അവനു വേണ്ടി…. അവന്റെ ഓർമ്മയിൽ… വേറൊരാളുടേതാണെന്ന ചിന്തയിൽ വേദനിക്കുന്നു….. വെറുതെ വേദനിക്കുന്നു!

ചിന്തകളെ കൊല ചെയ്യാനെന്ന പോലെ കടൽത്തീരത്തേക്ക് പോകുമ്പോഴും രക്തവർണമായ അസ്തമയസൂര്യന്റെ തിളക്കം കടലിനോടുള്ള പ്രണയം ആണെന്ന് തോന്നി…

പക്ഷേ സ്നേഹത്തോടെ തിരമാലകളായി വന്നു കരയെ തഴുകികൊണ്ടേയിരുന്ന അവളെ കാണുന്തോറും അവൻ വേദനിക്കുന്നുണ്ടാവില്ലേ… കരയോട് അവന് കുശുമ്പ് തോന്നുന്നുണ്ടാവില്ലേ…

ചിന്തകളെ ചവിട്ടിമെതിച്ചുകൊണ്ട് ആരോ അടുത്തിരിക്കുന്നതായി തോന്നി നോക്കിയപ്പോൾ തന്റെ അടുത്തായി ചേർന്നിരിക്കുന്നവനെ കണ്ട് ശരീരം വിറയ്ക്കാൻ തുടങ്ങിയിരുന്നു…

നിറഞ്ഞ കണ്ണുകൾ പ്രയാസപ്പെട്ട് അടക്കി അവനായി ഒരു പുഞ്ചിരി നൽകിയപ്പോഴും സംശയത്തോടെ എന്റെ മുഖത്താകെ ഓടി നടക്കുന്ന അവന്റെ കണ്ണുകൾ കാൺകെ മുഖം താഴ്ന്നുപോയിരുന്നു.

“കുഞ്ഞിപ്പെണ്ണ് എന്താണ് സന്ധ്യക്ക്‌ കടപ്പുറത്തു..”

“ഞാൻ… വെറുതെ… കടൽ കാണാൻ..”

“ആഹാ…ഒറ്റയ്ക്കാണോ കടൽ കാണാൻ വരുന്നേ..”

“മ്മ്… ഞാൻ… ഞാനാണെന്ന് എങ്ങനെ മനസിലായി…”

“വീട്ടിൽ പോയിരുന്നു… അവിടെ ചില്ലലമാരയ്ക്കുള്ളിൽ രണ്ട് വശത്തായി മുടി പിന്നിയിട്ട് മുല്ലപ്പൂ ചൂടി ഒരു ഉണ്ടക്കണ്ണട വെച്ച്  നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ഫോട്ടോ കണ്ടു “

“മ്മ്..”

“പക്ഷേ ആ കണ്ണടയ്ക്കുള്ളിൽ ഇരുന്നു ആ കുഞ്ഞികണ്ണ് തിളങ്ങുന്നുണ്ടായിരുന്നുട്ടോ…”

മനസിലേക്ക് ഓടിയെത്തിയ സന്തോഷത്തെ തകർത്ത് അവളുടെ മുഖം കടന്ന് വന്നപ്പോൾ   “ആശംസകൾ ” പറഞ്ഞു എഴുന്നേൽക്കാൻ തുടങ്ങിയതും കയ്യിൽ മുറുക്കെ പിടിച്ച്  അടുത്തിരുത്തിയിരുന്നു.

“എന്തിനാ ഇപ്പോ ആശംസകൾ?”

“വിവാഹത്തിന്…”

“ആരുടെയെങ്കിലും വിവാഹത്തിന് എനിക്ക് എന്തിനാണ് നീ ആശംസകൾ നേരുന്നെ”

“അത്…. ഞാൻ കണ്ടു… നിങ്ങടെ പേര് തന്നെയായിരുന്നു… ഒത്തിരി വട്ടം നോക്കിയതാ…”

“ഹഹ… അതിന് എന്റെ പേരെന്താ…”

“ഹരി…നിക്ക് അറിയാല്ലോ..”

“നിനക്ക് അറിയില്ലല്ലോ കുഞ്ഞിപെണ്ണേ… എന്റെ പേര് ഹരി എന്നല്ലല്ലോ…”

“പി…. പിന്നെന്താ? “

“ദേ നോക്ക് “എന്ന് പറഞ്ഞു പേഴ്സിൽ നിന്ന് ഒരു കാർഡ് എടുത്തു നീട്ടി… അതിലെ ആദി ദേവ് എന്ന പേര് കാണുന്തോറും ഇത് സ്വപ്നം ആണോ എന്ന് പോലും തോന്നിപ്പോയി…അപ്പോ അത്…

ഒരു ഞെട്ടലോടെ ആളുടെ മുഖത്തേക്ക് നോക്കിയതും കുസൃതിയോടെ എന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്നതാണ് കണ്ടത്…എന്നോട് പറഞ്ഞില്ലല്ലോന്ന് ഓർത്ത് മുഖം വെട്ടിച്ചു പിണങ്ങി ഇരുന്നതും അടുത്തേക്ക് വന്നു ചേർത്ത് പിടിച്ചു…

“ഈ കുഞ്ഞിത്തല കുറെ ഇട്ട് പുകച്ചല്ലേ പെണ്ണേ.. എനിക്ക് തോന്നിയിരുന്നു അതായിരിക്കും കാരണം ന്ന്…എങ്കിലും എന്നോട് ചോദിക്കാമായിരുന്നില്ലേ…? അത്രയും  സ്വാതന്ത്ര്യം  എൻ്റെയടുത്തില്ലേ….?”

“അത്… ഹരിയേട്ടാ.. ഞാൻ…ഞാൻ പേടിച്ചു പോയി…”

“എന്തിനാ എന്റെ കുഞ്ഞിന് പേടി…?”

“ഞാൻ… എന്നെ വിട്ട് പോകുമോയെന്ന്.. അവളെ ഇഷ്ടമാണോ എന്ന്.. എന്നെ ഇഷ്ടപ്പെടുമോ എന്ന്… എന്നെ സ്നേഹിക്കില്ലേ എന്ന്…അങ്ങനെ അങ്ങനെ ഞാൻ ഒത്തിരി പേടിച്ചു പോയി…”

“നിനക്ക് ഇനിയും മനസിലായില്ലേ…മ്മ്… ഒരു അടി വെച്ച് തരട്ടേ ഞാൻ…”

“മ്മ്ഹ്… വേണ്ട.. ഞാൻ ഇനി പറഞ്ഞാ കേട്ടോളാം  “

“ഓഹോ….”

“മ്മ്..”

“എന്നാ വാ… അടുത്തിരുന്നേ… ഏട്ടൻ പറയട്ടെ..”

“മ്മ്…..” നെഞ്ചിലേക്ക് ചേർന്നിരുന്നതും ഒരു കുഞ്ഞിനെയെന്ന പോലെ എന്റെ നിറഞ്ഞ കണ്ണുകൾ ചുംബനങ്ങളാൽ ഒപ്പിയെടുത്തിരുന്നു..

“നന്ദു….”

“മ്മ്..”

“ഞാനൊരു കാര്യം പറയട്ടെ…?”

“മ്മ്…..”

“ഇപ്പോ നിന്റെ മുഖം കാണാൻ എന്ത് ഭംഗി ആണെന്നറിയാമോ….? എനിക്ക് വേണ്ടി മാത്രമായുള്ളൊരു പ്രത്യേക ചന്തം…”

അന്നാദ്യമായി ഞാൻ കണ്ടു….. അവനു വേണ്ടിയുള്ള മനോഹരമായ പുഞ്ചിരിയാൽ  തിളങ്ങുന്ന എൻ്റെ മുഖം അവന്റെ മിഴിക്കോണിൽ നിറഞ്ഞു നിൽക്കുന്നത്… അവിടെ ഞാൻ സുന്ദരിയാണെന്ന് തോന്നി… അവന്റെ പ്രണയത്തിൽപ്പെട്ട് ഒരിക്കലും അകലാനാവാത്ത വിധം തളർന്ന് കിടക്കുന്നവൾ..

Leave a Reply

Your email address will not be published. Required fields are marked *