വീട്ടിൽ നിക്ക് നിങ്ങളെ മതീന്ന്, കണ്ടവരുടെ എല്ലാം മുന്നിൽ ഉടുത്തൊരുങ്ങി നിൽക്കാൻ നിക്ക്..

അവൾക്കായ്
(രചന: ശിവാനി കൃഷ്ണ)

“കിച്ചാ… ഞാൻ പറഞ്ഞാലോ..”

“എന്ത്‌…?”

“വീട്ടിൽ.. നിക്ക് നിങ്ങളെ മതീന്ന്…കണ്ടവരുടെ എല്ലാം മുന്നിൽ ഉടുത്തൊരുങ്ങി നിൽക്കാൻ നിക്ക് മേലാഞ്ഞിട്ടാ..”

“അതിനിപ്പോ എന്നാടി കാത്തു… നാളത്തേക്ക് കൂടി നീ ക്ഷമിക്ക് …. എന്നിട്ട് നമുക്ക് എന്താന്ന് വെച്ചാ ചെയ്യാം..എനിക്ക് കുറച്ച് പ്ലാൻ ഒക്കെ ഉണ്ട്‌…”

“ശരിക്കും…”

“മ്മ്…”

“എന്നാ പറ എന്താ പ്ലാൻ “

“അയ്യടാ… അത് സർപ്രൈസ്..”

“ഇല്ലില്ല… പറ പറ…”

“വീട്ടിൽ പോടീ… ഇനി ആരെങ്കിലും കണ്ടിട്ട് വേണം എന്റെ കൊച്ചിന്റെ മേത്തൊക്കെ പാടുകൾ വീഴാൻ… ഹഹ…”

“പോടാ….കറുമ്പാ…”

“എന്റെ കറുപ്പ് നിനക്ക് ഇഷ്ടല്ലേടീ കാത്തു…? ഏഹ് “

“മ്മ്ഹ് നിക്ക് ഇഷ്ട്ടില്ല…”

“ഓഹോ…ന്നിട്ട് ന്തിനാ ഇപ്പോ ഈ മുഖം ഒക്കെ ചുവന്നു ഇരിക്കുന്നെ…മ്മ്…”

പയ്യെ ഉയർന്നു ആ കറുമ്പൻറെ കവിളിൽ ഒരു കടി വെച് കൊടുത്തിട്ട് ഞാൻ തിരിഞ്ഞോടി… മുറിയിൽ എത്തിയിട്ടും നെഞ്ചിന്റെ മിടുപ്പ് പുറത്ത് കേൾക്കാമായിരുന്നു…

കിച്ചൻ……എന്റെ കറുമ്പൻ……

പണ്ട് കുഞ്ഞിലേ സ്കൂളിൽ വെച്ച് മാത്‍സ് ടീച്ചർ തല്ലിയപ്പോ നൊന്തിട്ടു ഒരു മാവിൻചോട്ടിൽ ഇരുന്നു കരഞ്ഞപ്പോൾ കൈയിൽ രണ്ട് നാരങ്ങാ മിട്ടായിയുമായി വന്നവൻ…പിന്നീട് പലപ്പോഴായി തനിക്ക് കൂട്ടു വന്നവൻ…

ട്യൂഷന് പോകുമ്പോൾ പുളിയിൽ ഉപ്പും മുളക്പൊടിയും ചേർത്ത് ഉരുട്ടി എടുത്തത് ഒരു കുഞ്ഞിലയിൽ പൊതിഞ്ഞു കൊണ്ട് വരുന്നവൻ..വഴിയിലെ മാവിൽ നിന്ന് കണ്ണിമാങ്ങ പറിച്ചു തരുന്നവൻ… അങ്ങനെ പയ്യെ പയ്യെ എനിക്ക് ആരൊക്കെയോ ആയി മാറിയവൻ….

ചുറ്റുമുള്ളവർ നീളം കുറഞ്ഞ തന്റെ വലത്തേക്കാൽ നോക്കി പരിഹസിച്ചും വേദനിപ്പിച്ചും ഒറ്റയ്ക്കാക്കിയപ്പോൾ തന്നെ ചേർത്ത് പിടിച്ച കീഴ്ജാതിക്കാരൻ… അതെടുത്തു പറയണമല്ലോ… കാത്തു ഇപ്പോ ആ താഴെടത്തെ കൊറചെക്കന്റെ കൂട്ടാന്ന് ഓരോരുത്തർ പറയുന്നത് എത്ര വട്ടം താൻ തന്നെ കേട്ടിരിക്കുന്നു…

എപ്പോഴും എന്നെ പൊതിഞ്ഞു പിടിച്ചിരുന്നു… സ്നേഹത്തേക്കാൾ ഉപരി ഒരുതരം സംരക്ഷണവലയം….

പേടിച്ചു മാറി നിന്ന തനിക്ക് സ്റ്റേജിൽ കയറി പാട്ട് പാടാനുള്ള ധൈര്യം തന്നതും… ഇന്ന് താൻ എന്തൊക്കെയോ ആയതുമെല്ലാം ആ കറുമ്പൻ കൊറചെക്കൻ കാരണം മാത്രമാണ്… പക്ഷേ ഞാൻ അല്ലാതെ ആരും ആ കറുത്ത തൊലിക്കുള്ളിലെ സ്നേഹം തിരിച്ചറിഞ്ഞില്ല…

അറിയാതെ സ്നേഹിച്ചു പോയി… ഞാൻ തന്നെയാണ് പറഞ്ഞതും… അർഹത ഉണ്ടോ എന്ന് അറിയില്ലെങ്കിൽ പോലും…പക്ഷേ ഇങ്ങനൊരു ബന്ധത്തിന് താല്പര്യം ഇല്ലാത്തതിന്റെ കാരണം എന്റെ ചട്ടുകാലല്ല ജാതി ആണെന്ന കാര്യമാണെന്നെ ഞെട്ടിച്ചത്…

പക്ഷേ വിട്ടു കൊടുക്കാൻ പറ്റുമോ…. ഉള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്ന സ്നേഹം ഒക്കെ ഞാൻ പുറത്ത് കൊണ്ട് വന്നു… ജാതിയും മതവും ഒന്നുമില്ലാതെ ഞങ്ങൾ രണ്ട് വ്യക്തികൾ മാത്രമായി…

അപ്പോഴും വീട്ടിൽ പറയുന്നതോർത്തായിരുന്നു ടെൻഷൻ.. ഇതിപ്പോ ഏതോ വല്യ തറവാട്ടിലെ ചെക്കനേയും കൊണ്ട് വന്നിട്ടുണ്ട്… എനിക്ക് സംബന്ധം ഉണ്ടാക്കാൻ…കിച്ചൻ പറഞ്ഞപോലെ വന്നു കണ്ടിട്ട് പോട്ടെ…

പിറ്റേന്ന് വന്ന സുന്ദരനായ ചെറുപ്പക്കാരന്റെ മുഖത്തെ തിളക്കം വീടിന്റെ വലുപ്പം കണ്ടിട്ടായിരുന്നുന്നു മനസിലാക്കാൻ ഒത്തിരി നേരം ഒന്നും വേണ്ടി വന്നില്ല….എന്നോടൊരു വാക്ക് പോലും ചോദിക്കാതെ നിശ്ചയ തീയതി വരെ കുറിപ്പിച്ചപ്പോൾ സഹിക്കാനായില്ല…

കിച്ചനെ വിളിച്ചിട്ട് കിട്ടുന്നുമില്ല..രാവിലെ എന്തോ ആവശ്യത്തിന് പാലക്കാട്‌ പോകുംന്ന് പറഞ്ഞിരുന്നു.. എങ്കിലും എനിക്ക് ഇപ്പോ മിണ്ടണം… എന്ത്‌ ചെയ്യും എന്നോർത്തു തല പെരുത്തു… ഇനിയും പറയാതിരുന്നാൽ എങ്ങനെയാ ശരിയാവുന്നത്…

ഉമ്മറത്തേക്ക് നടന്ന് ചെന്നപ്പോ അപ്പയും അമ്മയും സംസാരത്തിലാണ്…

“അപ്പേ…”

“മ്മ്.. എന്താ മോളെ…”

“ഇത് വേണ്ടപ്പെ… എനിക്ക് അയാളെ ഇഷ്ടായില്ല്യ…” ചിരിച്ചിരുന്ന അപ്പേടെ മുഖത്തു ദേഷ്യം ഇരമ്പി വരുന്നത് ഞാൻ കണ്ടു…

“ഏഹ്… അവന് എന്താടി ഒരു കുറവ്… നല്ല ജോലിയുണ്ട് സൗന്ദര്യമുണ്ട്…”

“എനിക്ക് ഇഷ്ടായില്ല അപ്പേ…”

“ഒഹ്… അപ്പോ കല്യാണം ഒക്കെ മുടക്കി താഴത്തെ കോറോന്റെ കൂടെ പോകാനാണോ ന്റെ മോൾടെ പ്ലാൻ “

“അപ്പേ…”

“ഞങ്ങൾ എല്ലാം അറിഞ്ഞിട്ട് തന്നെയാടി… നീ എന്താ വിചാരിച്ചേ ഞങ്ങളൊക്കെ പൊട്ടന്മാരാന്നോ… തറവാടിന്റെ പേര് കളഞ്ഞു അവന്റെ കൂടെ പൊറുക്കാംന്ന് നീ സ്വപ്നത്തിൽ പോലും വിചാരിക്കണ്ട…”

“ഓന്റെ കൂടെ അല്ലാതെ വേറാര്ടെ കൂടെയും ഞാൻ ജീവിക്കില്ല… ഓനാ ന്റെ ചെക്കൻ…”

“എന്തിന് കൊള്ളാമെടി…കരിക്കട്ട പോലെ… കണ്ടാൽ തന്നെ ശർദ്ദിക്കാൻ വരും “

“അതിന് അപ്പ അല്ലല്ലോ ഞാൻ അല്ലേ കെട്ടുന്നത്.. എനിക്ക് അത് കാണുമ്പോ ഛർദ്ദി വരാറില്ല. സ്നേഹം മാത്രേ തോന്നു…”

“ആരെ കെട്ടുന്ന കാര്യമാടി നീ ഈ പറയുന്നത്…മോൾ ആണെന്ന് നോക്കില്ല കൊന്നു കളയും ഞാൻ..”

“കൊല്ല്… കൊന്നാലും വേറൊരാൾക്ക് മുന്നിൽ ഞാൻ തല കുനിച്ചു കൊടുക്കില്ല…”

“ആഹ് എന്നാ എനിക്ക് അതൊന്നു കാണണം… നിന്റെ ആ മോൻ ഉണ്ടല്ലോ.. അവനിനി പുറം ലോകം കാണുന്നത് എനിക്ക് കാണണം… കൊറവൻ”

“അപ്പേ….”

“കേറി പോടി..”

ചിന്തിച്ചു കൂട്ടി പ്രാന്തായി പോകുമെന്ന് തോന്നി… കിച്ചനില്ലാതെ എങ്ങനെയാ…പറ്റില്ല…കരഞ്ഞു തളർന്നുറങ്ങുമ്പോഴും ആ കറുമ്പൻ ചെക്കന്റെ ചിരിയാരുന്നു ഉള്ളിൽ….

പിറ്റേന്ന് രാവിലെ ആരുമില്ലാത്ത നേരത്ത് ആ കുഞ്ഞ് വീട്ടിലേക്ക് നടക്കുന്തോറും ഉള്ളിൽ ഒരു പ്രതീക്ഷയായിരുന്നു… സ്വപ്നം കണ്ട ജീവിതം സ്വന്തമാകുമെന്നതോർത്തു…

മുഖത്ത് പുഞ്ചിരിയായിരുന്നു….ദേവിടെ അമ്പലത്തിൽ വെച്ച് കിച്ചൻ തന്നെ താലി കെട്ടുന്നതോർത്ത്…. തുളസി മാല അണിഞ്ഞു ഞങ്ങൾ പ്രാർത്ഥിച്ചു നിൽകുന്നത് ഓർത്ത്…. നീലത്താമര വിരിഞ്ഞ ആ കുളത്തിന്റെ പടിയിൽ അവന്റെ നെഞ്ചിൽ ചേർന്നിരിക്കുന്നത് ഓർത്ത്….

എന്നാൽ മുറ്റത്ത് നിറഞ്ഞു നിൽക്കുന്ന ആളുകൾ ഉള്ളിൽ ഉതിർത്ത ഭീതിയിൽ അങ്ങോട്ട് ഓടി അടുക്കുമ്പോൾ വെള്ളത്തുണിയിൽ പൊതിഞ്ഞ ആ കറുമ്പൻറെ ശരീരം ഒരു വാഴയിലയിൽ കിടത്തിയിരുന്നു…

അരികിൽ കരഞ്ഞു തളർന്നിരുന്ന ആ കൊറച്ചെക്കന്റെ അമ്മയുടെ കൈയിൽ ഒരു കുഞ്ഞ് താലി ഉണ്ടായിരുന്നു…ഒത്തിരി സ്നേഹത്തോടെ അവൻ അവൾക്കായി പണിയിച്ചത്….

അവളുടെ അച്ഛന്റെ കൈയിൽ കിടന്ന് പിടയുമ്പോഴും കൈയിൽ നിന്നൂർന്നു പോകാതെ അവൻ പൊതിഞ്ഞു പിടിച്ചത്….ഉച്ചത്തിലുള്ള അവളുടെ നിലവിളി അവന്റെ കാതിൽ പതിച്ചുവോ….എന്തിനോ അപ്പോഴും അവന്  ഒരു പുഞ്ചിരി ബാക്കി വെച്ചിരുന്നു… അവൾക്കായ്…

Leave a Reply

Your email address will not be published. Required fields are marked *