എന്നെങ്കിലും തന്നിലെ കുറവിന് അയാൾ പ്രാധാന്യം ചെലുത്തിയാൽ മനസ്സിന് ചെറുത്ത് നിൽക്കാൻ..

ഹർഷബിന്ദുക്കൾ
(രചന: ശിവാനി കൃഷ്ണ)

നീണ്ട പന്ത്രണ്ട് മണിക്കൂറത്തെ കംപ്യൂട്ടറിന് മുൻപിലെ കുത്തിയിരിപ്പും തലയ്ക്കു ചുറ്റും പറക്കുന്ന കിളികളുടെ എണ്ണത്തിന്റെ കണക്കെടുപ്പും കഴിഞ്ഞു മുറിയിൽ എത്തിയപ്പോ വല്ലാതെ തളർന്ന് പോയിരുന്നു…

വിശപ്പ് കെട്ട് ഡ്രസ്സ്‌ പോലും മാറ്റാതെ ബെഡിലേക്ക് ചാഞ്ഞൊന്നു കണ്ണടച്ചതും ഫോൺ ബെൽ അടിച്ചു….

അനിഷ്ടത്തോടെയാണ് ആരെന്ന്  എടുത്ത് നോക്കിയതെങ്കിലും അമ്മയുടെ പേര് സ്‌ക്രീനിൽ കണ്ടപ്പോ ഉള്ളിലെ വേദനകളും ക്ഷീണവും ആവിയായി പോകുന്നത് അറിഞ്ഞു..

കണ്ണാ എന്നുള്ള ഒരു വിളിയിൽ ഉള്ള് നിറയുമ്പോൾ തന്റെ വാക്കുകൾക്ക് കാതോർത്ത് തന്നോട് ഒന്ന് മിണ്ടാൻ കൊതിച്ചു നിറഞ്ഞ കണ്ണുകളുമായി ഓട് പാകിയ ആ കുഞ്ഞ് വീടിന്റെ ഉമ്മറത്തിണ്ണയിൽ നേര്യതുടുത്ത് പരിഭവത്തോടെ ഇരിക്കുന്ന ന്റെ അമ്മുകുട്ടിയോടുള്ള സ്നേഹം ഇനിയും കൂടാൻ ഇടം ഇല്ലാത്ത വിധം നിറഞ്ഞു തൂകുമായിരുന്നു…

ശരീരത്തിന്റെ ക്ഷീണം പോലും മറന്നു പോകുന്ന നിമിഷങ്ങൾ…അല്ലെങ്കിലും അമ്മയോട് ഒന്ന് സംസാരിച്ചാൽ മാറാത്ത എന്ത് വിഷമമാണ് ഉള്ളത്…

എന്തോ പറയാൻ പരുങ്ങുന്നത് പോലെ തോന്നിയപ്പോ ഒന്ന് വിരട്ടി നോക്കി…അപ്പഴല്ലേ അറിഞ്ഞേ…മുടിയിൽ എണ്ണ തേച് കൊടുക്കാനും മുഖത്ത് മഞ്ഞൾ ഇട്ട് കൊടുക്കാനും നല്ല നല്ല വസ്ത്രങ്ങൾ തുന്നി ഇട്ട് കൊടുക്കാനും എല്ലാം ഒരു മകളെ വേണംന്ന്…

വെറുതെ ചെന്ന് ചോദിച്ചാൽ കിട്ടുന്ന ഒന്നല്ലാത്തത് കൊണ്ട് മാട്രിമോണിയിൽ അമ്മേടെ പുന്നാര മോന്റെ ഐഡി ഒക്കെ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ വിളിയാണ്…

മരുമകൾ എന്ന് പറയുന്നതിന് പകരം മകൾ എന്ന് പറയുമ്പോ തന്നെ എന്ത് മാത്രം ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലായിരുന്നു… അതുകൊണ്ട് നോക്കാം എന്ന് പറഞ്ഞു…

പിറ്റേന്ന് ലഞ്ച് ടൈമിന് ഫുഡ് കഴിക്കുമ്പോഴാണ് പിന്നെ ആ കാര്യം നോക്കിയില്ലല്ലോ എന്നോർത്തത്.. ഫുഡ് വേഗം കഴിച്ചു തീർത്ത് വെറുതെ ഓരോ പ്രൊഫൈൽ നോക്കി ഇരിക്കുമ്പോഴാണ് ഒന്നിൽ കണ്ണ് തറഞ്ഞത്…

ഉണ്ണിമായ…പേരിനോടുള്ള ഇഷ്ടത്തിൽ ഓപ്പൺ ചെയ്തു നോക്കുമ്പോൾ കണ്ടത് ഒരു സാധാരണ പെൺകുട്ടിയെ ആണ്…സിനിമയിൽ കാണുന്നത് പോലെയോ കഥകളിൽ വായിക്കുന്നത് പോലെയോ അല്ലാത്ത…

മുട്ടറ്റം നീണ്ട തിളങ്ങുന്ന മുടിയില്ലാത്ത… കൺപീലികളാൽ നിറഞ്ഞ പേടമാൻ മിഴികൾ ഇല്ലാത്ത… ശരീരവടിവുകൾ കൊണ്ട് മികച്ച അംഗലാവണ്യം ഇല്ലാത്ത…. ഗോതമ്പിന്റെ നിറമില്ലാത്ത ഒരു സാധാരണ പെൺകുട്ടി…

പക്ഷേ അപ്പോഴും അസാധാരണമായ എന്തോ ഒന്ന് അവളിൽ നിറഞ്ഞു നിന്നിരുന്നു..മുഖത്തു  നിറഞ്ഞു നിന്നിരുന്ന ആ പുഞ്ചിരി അവളെ കൂടുതൽ സുന്ദരിയാക്കിയിരുന്നു…ഇത്രയും സന്തോഷം നിറഞ്ഞ…ആത്മവിശ്വാസം നിറഞ്ഞ ഒരു മുഖം താനിതുവരെ കണ്ടിട്ടില്ലാത്ത പോലെ…

ഉള്ളിൽ എന്തോ ഒരു വികാരം പൊട്ടിമുളയ്കുന്നത് പോലെ…എന്തോ ഒരു ഉൾപ്രേരണയിൽ ഞാൻ പ്രൊപോസൽ അങ്ങോട്ട് വെച്ചു…കണ്ടിട്ട് ഇഷ്ടമായി.താല്പര്യമുണ്ട് എന്ന് മെസ്സേജ് അയച്ചു….

റിപ്ലൈക്ക് വേണ്ടി കാത്തിരിക്കുമ്പോഴാണ് ഡ്യൂട്ടി സമയം ആയത്…എന്നിട്ടും മനസ്സിൽ അത് തന്നെ നിറഞ്ഞു നിന്നു…എന്താകും അവരുടെ മറുപടി എന്നോർത്ത് മനസ്സ് കൂടുതൽ അസ്വസ്ഥമായി…

ജോലി കഴിഞ്ഞു ബസിലിരിക്കുമ്പോൾ പതിവിൽ നിന്ന് വിപരീതായി ഫോൺ എടുത്തു….റിപ്ലൈ മെസ്സേജ് എന്തെന്നറിയാൻ ഉള്ളിൽ ഒരു തിടുക്കമായിരുന്നു..റിപ്ലൈ വന്നതിന്റെ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ തന്നെ മനസ്സ് തുടികൊട്ടി തുടങ്ങിയിരുന്നു…

“താല്പര്യം ഇല്ലാട്ടോ..ഞങ്ങൾക്ക് കുറച്ച് കണ്ടിഷൻസ് ഉണ്ട്…അത് കണ്ടിരുന്നില്ലേ…അരയ്ക്ക് താഴേക്ക് അനങ്ങില്ല കുട്ടീടെ…അതുകൊണ്ട് അത് പോലെ എന്തെങ്കിലും കുറവ് ഉള്ള ഒരാളെ മതിയെന്നാണ്…ക്ഷമിക്കണം…”

അത് കണ്ടപ്പോ അറിയാതെ തന്നെ കണ്ണ് നിറഞ്ഞിരുന്നു… ജീവിതത്തിൽ ആദ്യമായി എന്തോ ഒരു വേദനയിൽ ഹൃദയം നൊന്തു…ശരീരം മുഴുവൻ വേദന തോന്നി…

അതോർത്തു നിക്ക് തന്നെ അതിശയം തോന്നി… അത്രമാത്രം ഇഷ്ടപ്പെടാൻ കാരണം എന്താവാം എന്നതിന് എത്ര ചിന്തിച്ചിട്ടും ഉത്തരം കിട്ടിയില്ല…

മുറിയിലെത്തി തിരികെ മെസ്സേജ് അയക്കാൻ തന്നെ തീരുമാനിച്ചു…

“അതൊന്നും എനിക്ക് പ്രശ്നമല്ല…എനിക്ക് ഇപ്പോഴും താല്പര്യമുണ്ട്…”

ഒരു റിപ്ലൈ മെസ്സേജിന് വേണ്ടി ഇത്രയും ടെൻഷനോടെ ജീവിതത്തിൽ ആദ്യമായാണ് കാത്തിരിക്കുന്നത് എന്ന് തോന്നി…

“കുഞ്ഞേ….അവൾടെ താല്പര്യം അങ്ങനെയാണ്… ഞാൻ പറയാംട്ടോ കുഞ്ഞിന് മെസ്സേജ് അയക്കാൻ… അവൾടെ ഇഷ്ടത്തെക്കാൾ വലുതായി ഞങ്ങൾക്ക് ഒന്നുമില്ല..”

പിന്നെ അവളുടെ മെസ്സേജിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു… ഒരു ഹായ് പ്രതീക്ഷിച്ച എനിക്ക് മുന്നിൽ കുറച്ച് വാക്കുകൾ കൊണ്ട് ഇതുവരെയുള്ള ജീവിതം തന്നെ അവൾ കുറിച്ച് കാട്ടിയിരുന്നു…

വളരുന്തോറും തന്നിലേക്ക് സഹതപിച്ചുകൊണ്ടും പരിഹസിച്ചുകൊണ്ടും നീളുന്ന നോക്കും വാക്കും കുത്തി നോവിക്കുമായിരുന്നിട്ടും നിശ്ചലമായ ആ കാലുകളെ ആണ് അവൾ ഏറ്റവും കൂടുതൽ ഇഷ്ടപെട്ടതും…മറ്റുള്ളവരിൽ നിന്ന് തന്നെ വ്യത്യസ്തയാക്കുന്നത് അതല്ലേ..വെറുതെ രണ്ട് കാലുകൾ…

പക്ഷേ അവിടം ഒഴിഞ്ഞു കിടക്കുന്നില്ലല്ലോ എന്ന ചിന്തയിൽ വേദനകൾ മറന്നു പോയവൾ… ലോകത്തിൽ ഏറ്റവും കൂടുതൽ തന്നെ തന്നെ ഇഷ്ടപെടുന്നവൾ…

ജീവന്റെ പാതിയായി ഒരുവൻ കടന്ന് വരുന്നെങ്കിൽ അവനും അങ്ങനെ ആയിരിക്കണം എന്ന് അവൾക്ക് നിർബന്ധം ഉണ്ട്… കാരണം മറ്റൊന്നുമല്ല…

എന്നെങ്കിലും തന്നിലെ കുറവിന് അയാൾ പ്രാധാന്യം ചെലുത്തിയാൽ മനസ്സിന് ചെറുത്ത് നിൽക്കാൻ ആയെന്ന് വരില്ല…സഹതാപം കൊണ്ട് കെട്ടിയ താലിയാണ് തന്റെ മാറിൽ പറ്റി ചേർന്ന് കിടക്കുന്നതെന്ന് അറിഞ്ഞാൽ താങ്ങാൻ ആവാത്ത വിധം നിലം പൊത്തിപ്പോയെന്ന് വരാം….

May God Bless You എന്ന് പറഞ്ഞു നിർത്തിയവളോട് അതുവരെ തോന്നിയിരുന്ന വികാരം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു….. സൗഹൃദം എന്ന നൂൽ ചരടിനാൽ ഒരു ബന്ധം സ്‌ഥാപിക്കാൻ ചെന്നപ്പോഴും മടക്കി അയയ്ക്കുകയാണ് ചെയ്തത്…

എന്നിട്ടും ദിവസം കഴിയുന്തോറും ഉള്ളിൽ ആ മുഖം പറിച്ചുമാറ്റാൻ ആവാത്ത വിധം വേരൂന്നി കഴിഞ്ഞിരുന്നു…മൂളിപ്പാട്ട് പോലും പാടാതിരുന്ന ഞാൻ അവളുടെ ഓർമ്മയിൽ മനോഹരമായി പാടാൻ തുടങ്ങി…അവൾക്ക് വേണ്ടി പാടാൻ തുടങ്ങി…

പാടുന്ന പാട്ടിലെ ഓരോ വരികളും അവൾക്ക് വേണ്ടി മാത്രം ഉള്ളതാണെന്ന് തോന്നി…ഓരോ ദിവസവും കുറച്ച് നിമിഷങ്ങൾ എങ്കിലും അവൾക്ക് വേണ്ടി മാത്രം മാറ്റി വെയ്ക്കാൻ തുടങ്ങി….അവൾ എന്ന ഒറ്റ ബിന്ദുവിൽ തറഞ്ഞു നിൽക്കാൻ കൊതിച്ചു തുടങ്ങി…തളർച്ചയിൽ താങ്ങായി കൂടെ നിൽക്കാൻ തോന്നി തുടങ്ങി…

അമ്മയ്ക്ക് തന്നെ മനസ്സിലാകും എന്ന വിശ്വാസത്തോടെ തന്നെയാണ് ഉള്ളിലെ ഇഷ്ടം തുറന്ന് പറഞ്ഞത്…അറിഞ്ഞപ്പോൾ എന്നേക്കാൾ സന്തോഷം അമ്മയ്ക്കാണെന്ന് തോന്നി…ഒരു സ്‌ക്രീനിന്റെ മറുവശം നിന്ന് കണ്ട പുഞ്ചിരിക്കുന്ന ആ മുഖം നേരിട്ട് കാണാനുള്ള അത്രമേൽ ആഴമേറിയ തോന്നലിൽ വിമാനം കയറി…

“മോളെ…ഉണ്ണി…വേഗം ഒരുങ് ട്ടോ…ചെക്കൻ കൂട്ടരിപ്പോ വരും…”

എന്തോ ചിന്തയിൽ വീൽ ചെയ്യറിലിരുന്ന് ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ പെട്ടെന്ന് അമ്മ പറഞ്ഞത് കേട്ട് ആദ്യം ഓർമവന്നത് അയാളുടെ മുഖം ആണ്…

എന്തെന്നോ ആരെന്നോ അറിയില്ലെങ്കിലും തന്റെ കുറവുകൾ ഒരു പ്രശ്നം അല്ലെന്ന് പറഞ്ഞ ഒരുവൻ… ആദിത്യൻ…ഇരുനിറവും കടുംകാപ്പി മിഴികളും മുഖത്തേക്ക് വീണ് കിടക്കുന്ന മിനുസമേറിയ മുടിയുമുള്ള മനോഹരമായി പുഞ്ചിരിക്കുന്നവൻ…

സംസാരിച്ചപ്പോൾ ഒരു ഇഷ്ടം തോന്നിയെങ്കിൽ പോലും അക്‌സെപ്റ്റ് ചെയ്യാൻ പറ്റില്ലായിരുന്നു…. അയാൾക്ക് എന്ത് നിറമാണ്…എന്ത് നല്ല മുടിയാണ്… എന്ത് ഭംഗിയാണ് കാണാൻ.. അതിനേക്കാൾ ഉപരി അയാൾക്ക് രണ്ട് കാലുണ്ട്… ഓടി ചാടി നടക്കാനും എന്തിനും ഏതിനും ആരെയും ആശ്രയിക്കാതെ ഒറ്റയ്ക്ക് നിൽക്കാൻ പറ്റുന്നവൻ…

വേണ്ട…എന്തിനാണ് ഇപ്പോ ഇങ്ങനെ ഒരു ചിന്ത… ഇന്ന് തന്നെ ഒരുവൻ കാണാൻ വരുന്നുണ്ട്… വിധിയുടെ വിളയാട്ടത്തിൽ കൈ നിഷേധിക്കപ്പെട്ട ഒരു മുറിച്ചെവിയൻ…തനിക്ക് അയാൾ മതി… കുറവുകൾ ഇല്ലാത്ത ഒരുവന് തന്നെ ഒരിക്കലും മനസിലാക്കാൻ കഴിഞ്ഞില്ലെന്ന് വരും…

ചിന്തകൾക്ക് വിലങ്ങിട്ട് അമ്മയുടെ സഹായത്താൽ സാരി ചുറ്റിയപ്പോൾ കോർത്തിണക്കി ചുറ്റിയ ഒരു മുല്ലമാല അച്ഛൻ മുടിയിൽ തിരുകി വെച്ചുതന്നു.. പകരമായി ആ നിറഞ്ഞ കണ്ണുകളിൽ അമർത്തി ചുംബിക്കുമ്പോൾ അമ്മയുടേത് പോലെ തന്റെ കണ്ണും നിറയാൻ വെമ്പി നിന്നു…

അമ്മയുടെ സഹായത്തോടെ അയാൾക്ക് ചായ കൊടുക്കുമ്പോൾ ശൂന്യമായ ഇടത്തെ കൈ ഉള്ളിൽ വേദന നിറച്ചു…ആ വേദന അറിഞ്ഞ ഒരാൾക്കല്ലേ അത് പൂർണമായും മനസിലാകൂ…

കൂടെ വന്ന ആ അമ്മയെ നോക്കി ചിരിച്ചുകൊണ്ട് നൂന്ന് നോക്കുമ്പോഴാണ് അകത്തേക്ക് കയറി വന്ന അയാളെ കണ്ടത്…തന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് സെറ്റിയിൽ വന്നിരുന്നപ്പോഴേക്കും നൂറു കൂട്ടം ചിന്തകൾ ഉള്ളിലൂടെ ഓടി പാഞ്ഞിരുന്നു…

എന്തെന്ന് മനസിലാക്കുന്നതിന് മുൻപ് തന്നെ പെണ്ണിനും ചെക്കനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവട്ടെ എന്ന് പറഞ്ഞതും തന്റെ പിറകിൽ വന്ന് അയാൾ വീൽ ചെയറിൽ പിടിച്ചു മുൻപോട്ട് നടന്നിരുന്നു…

മുറ്റത്തെ മൂവാണ്ടൻ മാവിന് കീഴിൽ പരസ്പരം മിണ്ടാൻ ആകാതെ നിക്കുമ്പോഴും ഇത് ശരിയാകില്ല എന്ന ചിന്ത തന്നെ ഉള്ളിൽ നിറഞ്ഞു നിന്നു… എങ്കിലും തന്നെ നോക്കുന്ന ആ കണ്ണുകളിലെ ഭാവവും ചിരിക്കുമ്പോൾ താടിയിൽ വിടരുന്ന ആ ചുഴിയും ഉള്ളിൽ കൗതുകം ഉണർത്തി…

അനക്കാനാവാത്ത കാലുകളിലേക്ക് നീണ്ട തന്റെ കണ്ണുകൾ ഉള്ളിൽ തോന്നിയ വികാരം വേരോടെ പിഴുതെറിഞ്ഞു…

“എനിക്ക് നിങ്ങളെ ഇഷ്ടമായില്ല..അകത്തേക്ക് പോകാം”എന്ന് പറഞ്ഞപ്പോഴും ഒരു പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് അതിശയം തോന്നി…

“ഓക്കേ…എന്താ ഇഷ്ടം ആവാത്തത്? “

“അതിപ്പോ എന്തിനാണ് അറിയുന്നത്.. ഇഷ്ടമില്ല.. അത്രതന്നെ.”

“അതെങ്ങനെ ശരിയാകും… എന്തെങ്കിലും ഒരു കുറവ് ഉണ്ടെങ്കിൽ അല്ലേ ഇഷ്ടമില്ലാതിരിക്കു… അതെന്താണെന്ന് എനിക്ക് അറിയണ്ടേ…”

“നിക്ക് ഇഷ്ടമില്ല..പറഞ്ഞില്ലേ ഞാൻ…”

“പക്ഷേ നിക്ക് ഇഷ്ടമാണല്ലോ.”

“നിങ്ങൾക്ക് എന്താണ് മനസിലാവാത്തത്…നിങ്ങൾ ആഗ്രഹിക്കുന്നത് എന്തും ചെയ്തു തരാൻ കഴിയുന്ന ഒരു പെണ്ണല്ല ഞാൻ…പേരിന് വേണ്ടി മാത്രമുള്ള രണ്ട് കാലുകൾ ആണ് ഇത്… അനക്കാൻ പോലും കഴിയില്ല…

എന്ത് ചെയ്യാനും ആരുടെയെങ്കിലും സഹായം വേണം… എന്റെ കാര്യം നോക്കി ഇരിക്കാനാണോ നിങ്ങൾ എന്നെ വിവാഹം കഴിക്കുന്നത്…നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചു പലതും നിക്ക് ചെയ്യാൻ കഴിയില്ല…നിങ്ങളെന്നെ വിവാഹം കഴിച്ചാൽ പോലും മറ്റുള്ളവർ എന്തൊക്കെയാകും പറയുന്നത്…

എന്നെങ്കിലും ഒരുപക്ഷെ എന്റെ ഈ കുറവ് നിങ്ങളെ അസ്വസ്ഥൻ ആക്കിയാലോ..എന്നെ മടുത്താലോ..വേണ്ടെന്ന് തോന്നിയാലോ..ശല്യമായി തോന്നിയാലോ… ഒന്ന് കൊണ്ടും നമ്മൾ ചേരില്ല….രൂപം കൊണ്ട് പോലും ചേരില്ല…നിങ്ങൾ സുന്ദരനാണ്….”

അത്രയും പറഞ്ഞു നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് തിരിഞ്ഞു പോകാൻ തുടങ്ങുമ്പോഴേക്കും “മായ “എന്ന വിളിയിൽ തറഞ്ഞു നിന്നു പോയിരുന്നു…ആരെങ്കിലും വിളിച്ചു കേൾക്കാൻ ഏറെ കൊതിച്ചിരുന്ന പേര്… പക്ഷേ ഉണ്ണിയെന്നല്ലാതെ ആരും തന്നെ മറ്റൊന്നും വിളിച്ചിട്ടില്ല….

“തനിക്ക് ഈ മാവിലെ മാങ്ങ പറിക്കാൻ തോന്നിയിട്ടുണ്ടോ…”

അയാളുടെ ചോദ്യം ഞെട്ടിച്ചെങ്കിലും ഞാൻ അതേ എന്ന്  തലയാട്ടി…എത്ര വട്ടം തോന്നിയിരിക്കുന്നു…. അയല്പക്കത്തെ കുട്ടികൾ മരത്തിൽ കയറുന്നതും അതിന്റെ ചില്ലയിൽ ഇരിക്കുന്നതും കൊതിയോടെ നോക്കി ഇരുന്നിട്ടുണ്ട്…

തന്റെ മറുപടിയിൽ മൃദുവായ് പുഞ്ചിരിച്ചു കൊണ്ട് മറുത്തൊന്നും പറയാതെ ആ കൈകളിൽ കോരിയെടുത്തപ്പോൾ ഒരു പിടച്ചിലോടെ കുതറി മാറാൻ ശ്രമിച്ചെങ്കിലും അയാളെന്നെ കുറച്ച് കൂടി ശക്തിയിൽ ചേർത്ത് പിടിച്ചിരുന്നു..

“നിന്നിലെ ഉപയോഗശൂന്യമായ ഈ കാലുകൾ എനിക്ക് ഇഷ്ടമാണ് പെണ്ണേ… അതുണ്ടായിരുന്നെങ്കിൽ എപ്പോഴും എനിക്ക് ഇങ്ങനെ എന്റെ കൈകൾ കോരി എടുത്ത് നെഞ്ചോട് ചേർത്ത് പിടിക്കാൻ കഴിയുമോ…”

നിറഞ്ഞ കണ്ണുകൾ മറുകൈ കൊണ്ട് തുടച്ചുകൊണ്ട് അയാളെന്നെ പൊതിഞ്ഞു പിടിച്ചു…

“നിന്റെ കൂടുതലുകളെക്കാൾ കുറവുകളോട് എനിക്ക് പ്രണയമാണ് പെണ്ണേ…നിന്നോട് എനിക്ക് പ്രണയമാണ്…ഒരിക്കലും വറ്റാത്ത ഒരു പുഴയിലെ തെളിനീർ പോലെ തെളിമയോടെ…മധുരമായി എനിക്ക് നിന്നെ പ്രണയിക്കണം…”

വാക്കുകൾ ഹൃദയത്തിൽ ആഞ്ഞു പതിച്ചെങ്കിലും ഉള്ളിലെ അപകർഷതാബോധം മുന്നിട്ട് നിന്നു…

“ഇല്ല…എനിക്ക് ഇഷ്ടമില്ല. ഞാൻ നിങ്ങൾക്ക് ചേരില്ല…ഇത് ശരിയാവില്ല..”

“ഞാൻ ഒരു കാര്യം ചോദിച്ചാൽ ആത്മാർഥമായി ഉത്തരം പറയുമോ…”

“മ്മ്…”

“ഒരുപക്ഷെ നിനക്ക് കുഴപ്പം ഒന്നുമില്ലായിരുന്നു എന്ന് കരുതുക….നമ്മുടെ വിവാഹം കഴിഞ്ഞു ഒരു ആക്‌സിഡന്റിലോ മറ്റോ എന്റെ കയ്യോ കാലോ നഷ്ടപ്പെട്ടു എന്ന് കരുതുക…താൻ എന്നെ തള്ളി പറയുമോ…എന്നെ മടുക്കുമോ…എന്നെ വേണ്ടെന്ന് വെയ്ക്കുമൊ…ഉപേക്ഷിച്ചു പോകുമോ…”

മറുപടി പറയാൻ ആവാത്ത വിധം കണ്ണ് നിറഞ്ഞു ഒഴുകിയിരുന്നു…വീൽ ചെയറിലേക്ക് എന്നെ ശ്രദ്ധിച്ചിരുത്തി മുന്നിൽ മുട്ട് കുത്തിയിരുന്ന് മടിയിൽ തലവെച്ച അയാളെ കണ്ടപ്പോൾ ശരീരം വിറച്ചിരുന്നു… എന്റെ കൈകൾ മുടിയിലേക്ക് എടുത്തു വെച്ചപ്പോൾ അറിയാതെ തഴുകി പോയിരുന്നു…ഉള്ളിൽ വാത്സല്യം നുരഞ്ഞു പൊന്തുന്നത് അറിഞ്ഞു…

കുറച്ച് നേരത്തിനു ശേഷം എന്നെ നോക്കിയ ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ ഹൃദയത്തിൽ വേദന നിറഞ്ഞു…

“ഇത് മാത്രം മതി നിക്ക്..ഇങ്ങനെ കിടന്നാൽ മാത്രം മതി…വേറൊന്നും ചെയ്ത് തരണ്ട…അത്രമേൽ ഞാൻ നിന്നെ സ്നേഹിച്ചു പോയി…നീയില്ലാതെ ഒരു ജീവിതം ഇന്നെനിക്ക് അന്യമാണ്…

കുറവുകളോട് അനിഷ്ടം ആയിരുന്നെങ്കിൽ എന്റെ കുഞ്ഞനിയനെ ഞാൻ എങ്ങനെ സ്നേഹിച്ചേനെ… നിന്റെ ഈ കാലുകൾക്ക് ജീവൻ നൽകാൻ എന്റെ കാലുകൾ ഉണ്ടല്ലോ…അത് പോരെ…മ്മ്”

ഉത്തരമെന്ന പോലെ അവളുടെ കൈകൾ അവന്റെ നിറഞ്ഞൊഴുകിയ കണ്ണുകൾ സ്നേഹത്തോടെ തഴുകി..

കുറെ നേരമായിട്ടും സംസാരിക്കാൻ പോയ ചെക്കനേയും പെണ്ണിനേയും കാണാഞ്ഞിട്ട് അച്ഛനമ്മമാർ പുറത്ത് വന്ന് നോക്കുമ്പോൾ മാവിൻകൊമ്പിൽ ചേർന്നിരുന്നു പരസ്പരം എന്തോ പറഞ്ഞു ചിരിക്കുന്ന ഒരു പെണ്ണിനേയും ചെക്കനേയും കണ്ടു….

ഋതുക്കൾ മാറി മറിഞ്ഞിട്ടും രാവും പകലും ഓടിയോടി മറഞ്ഞിട്ടും അന്നും ആ മാവ് പൂത്തു… കുലച്ചു… അപ്പോഴും നരച്ചു തുടങ്ങിയ തന്റെ മുടിഴിയകൾ ഒരു കയ്യാൽ കോതി ഒതുക്കി കൊണ്ട് തന്റെ പ്രാണനായവളെ കൈകളിൽ കോരിയെടുത്തു മരക്കൊമ്പിലേക്ക് ചാരി ഇരുത്തുന്ന തിരക്കിലായിരുന്നു അവൻ…

Leave a Reply

Your email address will not be published. Required fields are marked *