(രചന: ശിവാനി കൃഷ്ണ)
ഫോണിന്റെ അങ്ങേതലയ്ക്കൽ നിന്നുള്ള ചിറ്റയുടെ വാക്കുകൾ ഒരു ഇടിത്തീ പോലെയാണ് കാതുകളിൽ വന്ന് പതിച്ചത്.
തന്റെ കുഞ്ഞേച്ചി.. അവൾ..അവൾ പ്രെഗ്നന്റ് ആണെന്ന്…. കൈകളിൽ ബാധിച്ച വിറയൽ പതിയെ ശരീരം മുഴുവൻ വ്യാപിച്ചപ്പോൾ ഒരാശ്രയത്തിനായി ചുമരിൽ കൈകൾ കുത്തി നിന്നുപോയി…
ഓഫീസിൽ ലീവ് പറഞ്ഞശേഷം പുറത്തേക്ക് ഓടുമ്പോഴും കേട്ടതൊന്നും സത്യമാവരുതേയെന്ന പ്രാർത്ഥന മാത്രമായിരുന്നു മനമാകെ..
കലുഷിതമായ ഹൃത്തിനെ ഓർമ്മകൾ മഥിച്ചുകൊണ്ടേയിരുന്നു.. ആറ് മാസം മുൻപ് അപകടത്തിൽ മരിച്ച ചേച്ചിയുടെ ഭർത്താവിന്റെ മുഖം മനസ്സിലേക്കോടിയെത്തി..
വണ്ടി കയ്യിൽ നിന്ന് പാളി പോകുമെന്നവസ്ഥ വന്നപ്പോൾ സൈഡിലേക്ക് ഒതുക്കി നിർത്തിയെങ്കിലും മനസ്സും ശരീരവും മരവിച്ചു പോയത് പോലെയായിരുന്നു…
എവിടെ ആർക്ക് എന്താണ് പിഴച്ചത് എന്നോർത്ത് തല വേദനിക്കാൻ തുടങ്ങി…ജനിച്ചന്ന് മുതൽ അച്ഛനെയും അമ്മയെയും പോലെ എന്റെ വളർച്ച ആസ്വദിച്ചവൾ….കുഞ്ഞ് കുഞ്ഞ് കുറുമ്പുകൾക്ക് കൂട്ടുനിന്നവൾ.. തെറ്റും ശരിയും പറഞ്ഞു മനസ്സിലാക്കിതന്നവൾ..
പിണങ്ങി ഇരിക്കുമ്പോൾ കവിളിലെ നേർത്ത ചുംബനത്തിലൂടെ തന്റെ പിണക്കം മാറ്റിയവൾ…. കിട്ടുന്നത് എന്തും എനിക്കായ് നീട്ടിയവൾ..അത്രയും സ്നേഹത്തോടെ കരുതലോടെ..ഒരമ്മയെ പോലെ തന്നെ നോക്കിയവൾ..തന്റെ കുഞ്ഞേച്ചി..
അവളൊരിക്കലും ഇതുപോലൊരു തെറ്റ് ചെയ്യില്ലയെന്ന ഉറപ്പ് മറ്റാരേക്കാളും എന്നിലുണ്ടെന്ന ഓർമ്മയിൽ തളർന്ന മനസ്സിനെ തട്ടിയുണർത്തി വീട്ടിലേക്ക് തിരിക്കുമ്പോൾ അവളുടെ അവസ്ഥ എന്താകുമെന്നോർത്ത് മനസ്സ് വ്യാകുലപ്പെടുന്നുണ്ടായിരുന്നു..
ഉച്ചത്തിലുള്ള വഴക്ക് കേട്ടാണ് വീട്ടിലേക്ക് ചെന്നിറങ്ങിയത്.. അകത്തേക്ക് നടക്കുംതോറും ചിറ്റയുടെ ശകാരങ്ങൾ ചെവിയിൽ തുളച്ചു കയറുന്നുണ്ടായിരുന്നു…
“പിഴച്ചവൾ..നാണമുണ്ടോടീ നിനക്ക്..കെട്ട്യോൻ ചാവാൻ കാത്തിരിക്കുവായിരുന്നല്ലേ നീ…അതോ ഇനി നീയും നിന്റെ മറ്റവനും ചേർന്ന് കൊന്ന് തൊലച്ചതാണോ അവനെ..
നാശം പിടിച്ചവൾ…തന്തയും തള്ളയും ചത്തപ്പോ മോൾക്കും മോനും കിടക്കാൻ സ്ഥലവും സമയാ സമയത്തിന് ആഹാരവും കൊടുത്തപ്പോഴേ ഞാൻ നിങ്ങളോട് പറഞ്ഞതാ വേണ്ടാ വേണ്ടാന്ന്…ഇപ്പോ എന്തായി…
ഏതോ ഒരുത്തന്റെകൂടെ കിടന്ന് വയറ്റിലാക്കിയിട്ട് വന്നേക്കുന്നു..ഇനി നിന്റെ കെട്ട്യോന്റെ കൂട്ടുകാരൻ തന്നെയാണോടീ ഈ കൊച്ചിന്റെ തന്ത.. ഇടയ്ക്കിടയ്ക്ക് നിന്നേം കൊണ്ട് പോണൊണ്ടല്ലോ..”
പെട്ടെന്ന് എന്നെയവിടെ കണ്ടതും അവർ നെഞ്ചത്തടിച്ചു നിലവിളിക്കാൻ തുടങ്ങി…
“കണ്ടോടാ മോനെ..ഇവള് നമ്മളെ പറ്റിക്കുവായിരുന്നു.. പിഴച്ചിട്ട് വന്നു നിക്കുന്നത് കണ്ടില്ലേ….”
മൗനമായി വയറിൽ ഒരു കൈവെച്ച് നിൽക്കുന്ന കുഞ്ഞേച്ചിയുടെ കണ്ണിൽ താഴേക്ക് പതിക്കില്ലെന്ന വാശിയോട് തങ്ങി നിൽക്കുന്ന കണ്ണുനീർ കാൺകെ വേദന കൂടി കൂടി വന്നു..
“കുഞ്ഞേച്ചി…അത്യാവശ്യം വേണ്ടത് എന്താന്ന് വെച്ചാൽ പാക്ക് ചെയ്തു വയ്ക്ക്… ഞാൻ ഇപ്പോ വരും.അപ്പോഴേക്കും റെഡി ആയിരിക്കണം.”
ആരുടേയും ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ അവിടുന്നിറങ്ങി കൂട്ടുകാരൻ വഴിയൊരു കുഞ്ഞ് വീട് റെഡി ആക്കി ചേച്ചിയെ അവിടേക്ക് കൊണ്ടുവന്നപ്പോഴും എന്നിലെ ചിന്തകളെ ഭരിച്ചത് അവളുടെ മൗനമായിരുന്നു..
അതെന്നെ ഒരേസമയം ഭയപ്പെടുത്തുകയും ഒരേസമയം ദുഃഖത്തിലാഴ്ത്തുകയും ചെയ്തു….
ഇത്രയും വലിയൊരു പഴി തനിക്ക് നേരെ ഉയർന്നിട്ടും ഒന്നും ചോദിക്കാതെ ചേർത്ത് നിർത്തിയ കുഞ്ഞൻ നിക്ക് ഒരു അത്ഭുതമായിരുന്നു… തന്നെ ഇത്രയധികം അവൻ സ്നേഹിക്കുന്നതോർത്തു, വിശ്വസിക്കുന്നതോർത്തു കണ്ണ് നിറഞ്ഞുപോയിരുന്നു…
മൂന്ന് വർഷത്തെ പ്രണയം..ഒരു താലിചരട് കൊണ്ട് തന്നെ എന്നന്നേക്കുമായി സ്വന്തമാക്കിയവൻ.. അച്ചുവേട്ടൻ….
പ്രണയം പോലെയാകില്ല ദാമ്പത്യമെന്ന് പറഞ്ഞവരുടെയൊക്കെ മുന്നിൽ ഞാൻ തല ഉയർത്തി നിന്നിട്ടുണ്ട്… ഇത്രയുമൊക്കെ ഒരാൾക്ക് സ്നേഹിക്കാൻ ആകുമോയെന്ന് തോന്നി പോയിട്ടുണ്ട്…
എന്തൊരു സ്നേഹമായിരുന്നു…എനിക്ക് വേണ്ടി മാത്രം പുഞ്ചിരിക്കുമ്പോഴും എന്റെ വേദനയിൽ കണ്ണ് നിറയ്ക്കുമ്പോഴും അത്രയും സ്നേഹത്തോടെ നോക്കുമ്പോഴും ഓരോ രാത്രിയും നെഞ്ചോട് ചേർത്ത് ഉറക്കുമ്പോഴും ഇടയ്ക്ക് കുസൃതിയോടെ കവിളിൽ ചുംബിക്കുമ്പോഴും പതിവായി തന്റെ സീമന്ത രേഖയിൽ കുങ്കുമം ചാർത്തി തരുമ്പോഴും….
ആൾക്ക് ഏറെ ഇഷ്ടമുള്ള കസവു ഉടുക്കുമ്പോൾ സന്തോഷം കൊണ്ട് കൈകളിൽ വാരിയെടുത്ത് കറക്കുമ്പോഴും..എപ്പോഴും എപ്പോഴും എന്നെ പ്രണയിച്ചു കൊണ്ടേ ഇരുന്നവൻ..
ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് നീണ്ടുനീണ്ടു പോകുമ്പോഴും എന്നെ ആശ്വസിപ്പിച്ചുകൊണ്ട് “നമ്മുടെ കുഞ്ഞിനെ കള്ളകണ്ണൻ നമുക്ക് സമയം ആകുമ്പോ തരുമല്ലോ.. അതുവരെ തൽക്കാലം നീയാണെന്റെ കുഞ്ഞ്”എന്ന് പറയുന്നവൻ..
ആ ഓരോ വാക്കുകളും എനിക്ക് വേദനയായിരുന്നു.. ഇത്രയും സ്നേഹിക്കുന്നവന് എന്നോട് തുറന്ന് പറഞ്ഞില്ലെങ്കിൽ പോലും ഉള്ളിന്റെയുള്ളിൽ ആഗ്രഹം കാണില്ലേ..
വേദനകൾ ഉള്ളിലൊതുക്കി എന്റെ മുന്നിൽ ചിരിക്കാൻ പാടുപെടുന്ന ആ മുഖം കാണെകാണെ ഹൃദയത്തിൽ ചോര പൊടിയുന്നുണ്ടായിരുന്നു..
നിർബന്ധപൂർവം ഡോക്ടറിനെ കാണുമ്പോഴും ഏട്ടനാണ് പ്രശ്നമെന്നറിഞ്ഞ നിമിഷം ആ മനസ്സ് വേദനിച്ചത് സഹിക്കാനായില്ല….
അന്ന് രാത്രി ചേർത്ത് പിടിച്ചവന്റെ കണ്ണ്നീർ മുഖത്തേക്ക് ഇറ്റ് വീണപ്പോൾ പൊള്ളി പോയിരുന്നു… ഒരു കുഞ്ഞിനെ പോലെ നിഷ്കളങ്കമായി കരയുന്ന എന്റെ അച്ചുവേട്ടന്റെ മുഖം കൈകളിൽ കോരി എടുത്തു നെറ്റിയിൽ അമർത്തി ചുംബിച്ചു..ഞാൻ അന്നൊരു അമ്മയായി…
ആദ്യമായി മനസിലാക്കാനാകാത്ത വിധം ഒരു മാതൃസ്നേഹം ഉള്ളിൽ നിറയുന്നതറിഞ്ഞു.. വാത്സല്യത്തോടെ നെഞ്ചിൽ കിടക്കുന്നവനെ തട്ടിയുറക്കുമ്പോൾ ഉള്ളം ഹർഷഭരിതമായിരുന്നു ..
അങ്ങനെ ഞങ്ങളേറെ സന്തോഷത്തോടെ ഞങ്ങളുടെ മാലാഖകുഞ്ഞിനെ ഭൂമിയിലേക്ക് കൊണ്ട് വരാൻ തീരുമാനിച്ചു..അച്ചുവേട്ടന്റെ കൂട്ടുകാരൻ… രാഹുലേട്ടൻ ഗൈനക്കോളജിസ്റ്റ് ആയിരുന്നു..
പുള്ളി വഴിയാണ് എല്ലാം ചെയ്തതും.. അങ്ങനെയിരിക്കെ പെട്ടെന്ന് വിധി പൈശാച്ഛികമായി വീണ്ടും അവതരിച്ചുകൊണ്ട് അച്ചുവേട്ടനെ എന്നിൽ നിന്നടർത്തി മാറ്റി..
തളർന്ന് പോയി ഞാൻ…ഏട്ടൻ ഇല്ലാത്തൊരു ജീവിതം.. അതെനിക്ക് താങ്ങാനാവുമായിരുന്നില്ല…
അവസാനിപ്പിക്കാം എന്നോർത്ത നിമിഷത്തിലാണ് രാഹുലേട്ടൻ വന്നത്… സംസാരിക്കണം എന്ന് പറഞ്ഞു കൂടെ ചെന്നപ്പോഴും തനിക്കായി ഇത്രയും വലിയൊരു സമ്മാനം ബാക്കി വെച്ചിട്ടാണ് അച്ചുവേട്ടൻ പോയതല്ലോ എന്നോർത്ത് ആ സന്തോഷത്തിനിടയിലും വേദന തോന്നി..
ടെസ്റ്റ് ട്യൂബ് ബേബി….അന്ന് പ്രൊസീജ്യറിനിടയ്ക്ക് കളക്ട്ട് ചെയ്ത അച്ചുവേട്ടന്റെ ബീ ജം തന്റെ കുഞ്ഞിന് ജന്മം നൽകുമെന്നറിഞ്ഞ നിമിഷം മറ്റൊന്നും ചിന്തിക്കാതെ ഞാൻ സമ്മതിച്ചു പോയിരുന്നു..
അതിന് വേണ്ടി പലപ്പോഴും രാഹുലേട്ടനൊപ്പം പുറത്തു പോയിട്ടുണ്ട്..ആരോടും പറഞ്ഞില്ല ഞാൻ…. എന്റേയേട്ടന്റെ കുറവ് ആരും അറിയണത് എനിക്കിഷ്ടമല്ലായിരുന്നു..
അവസാനം ഞങ്ങളുടെ കുഞ്ഞിനെ വയറ്റിലേക്ക് എത്തിച്ച നാൾ മുതൽ കാത്തിരുപ്പായിരുന്നു.. ആരോടും പറയാതെ ഇവിടെ നിന്ന് മാറണമെന്നോർത്ത് ഇരുന്നപ്പോഴാണ് അന്നത്തെ ദിവസം തലകറങ്ങി വീണതും എല്ലാവരും അറിഞ്ഞതും..
നൂറ് കൂട്ടം പഴികൾക്കും ചോദ്യങ്ങൾക്കും ഇടയിൽ മിണ്ടാതെ നിൽക്കുമ്പോഴും ചേർത്ത് പിടിച്ച കുഞ്ഞനിയനോട് ഉള്ള വാത്സല്യത്തെക്കാൾ മുന്നിട്ട് നിന്നത് ബഹുമാനം ആയിരുന്നു..
തനിക്ക് വേണ്ടി അവന്റെ ജീവിതം ഇല്ലാതാകുമെന്നറിഞ്ഞ നിമിഷം അടർത്തി മാറ്റി അവനെയും… വാശി പിടിച്ചു കൂടെ നിന്നപ്പോഴും സ്നേഹത്തോടെ പറഞ്ഞു കൊടുത്തു… അല്ലെങ്കിലും ഞാൻ പറയുന്നത് അവന് മനസ്സിലാകും…
ഒമ്പത് മാസങ്ങൾ…എന്റെ അച്ചുവേട്ടനെ ഓർത്ത്.. പിറക്കാൻ പോകുന്ന ഞങ്ങളുടെ കുഞ്ഞിനെയോർത്ത് ഓരോ നിമിഷങ്ങളും ഞാൻ തള്ളിനീക്കി..
കുറ്റപ്പെടുത്തലുകൾക്ക് ഇടയിൽ രാഹുലേട്ടൻ വഴി സത്യങ്ങൾ തിരിച്ചറിഞ്ഞ ചിറ്റപ്പൻ തിരിച്ചു വിളിക്കാൻ വന്നെങ്കിലും ഞാൻ ഒരു ഒറ്റയമ്മ ആവാൻ തീരുമാനിച്ചിരുന്നു..ഞാനും എന്റെ കുഞ്ഞും എന്റെ അച്ചുവേട്ടന്റെ ഓർമ്മകളും.. വേറെയാരും വേണ്ട..ഞങ്ങൾക്ക് ഞങ്ങൾ മാത്രം മതി..
ഒടുവിൽ ഒരുനാൾ ഞങ്ങളുടെ മാലാഖകുഞ്ഞ് ഭൂമിയിലേക്ക് പിറവിയെടുത്തു.. ഗർത്തത്തിലായിരുന്ന എന്റെ ജീവിതത്തെ വലിച്ചു കരകയറ്റാനെന്നവണ്ണം..
അവൾക്ക്..അവൾക്ക് എന്റെ അച്ചുവേട്ടന്റെ മുഖമായിരുന്നു..അതേ മൂക്ക്..അതേ കണ്ണ്..അതേ ചുണ്ട്..അതേ ചിരി..എല്ലാം അത് പോലെ തന്നെ..
നാളുകൾക്ക് ശേഷം അത്രയും സന്തോഷത്തോടെ നിലാവെട്ടത്തിൽ നെഞ്ചോട് ചേർത്ത് അവളെ മുലയൂട്ടുമ്പോഴും..അങ്ങകലെ വിണ്ണിൽ നിന്നൊരു താരകം അവരെ നോക്കി മനോഹരമായി..ഒരുപാട് സ്നേഹത്തോടെ കണ്ണ് ചിമ്മുന്നുണ്ടായിരുന്നു….