ജനിച്ചു മൂന്നാം മാസത്തിൽ അമ്മയെ പരലോകത്തേക്ക് അയച്ചവൾ എന്ന് കേട്ട് വളർന്ന ഒരുവൾ..

ശാപം പിടിച്ചവൾ
(രചന: ശിവാനി കൃഷ്ണ)

ജനിച്ചു മൂന്നാം മാസത്തിൽ അമ്മയെ പരലോകത്തേക്ക് അയച്ചവൾ എന്ന് കേട്ട് വളർന്ന ഒരുവൾ…

അതിന് പിറകേ ഒറ്റക്കാക്കി സുഖം തേടി ഏതോ പെണ്ണിന്റെ കൂടെ പോയ ഒരച്ഛന്റെ മകൾ…

അഷ്ടിക്ക് വക ഇല്ലാഞ്ഞിട്ട് പത്താം വയസ്സിൽ കൂലിവേലക്ക് പോയവൾ…

വളർന്നു വരുന്ന തന്റെ ശരീരത്തിലേക്ക് വീഴുന്ന മുതലാളിയുടെ കണ്ണുകൾ വെറുപ്പ് ഉളവാക്കിയപ്പോൾ കയ്യിൽ ഒരു കത്തി മുറുക്കി പിടിച്ചവൾ…

സ്വന്തമെന്ന് പറയാൻ ആകെ ഉണ്ടായിരുന്ന തന്റെ ചേച്ചിക്ക് ഒരു നല്ല ജീവിതം കിട്ടിയപ്പോൾ അതിയായി സന്തോഷിച്ചവൾ…

തന്റെ മൂത്ത ചേച്ചിയെ മിന്നുകെട്ടിയ ആ  മനുഷ്യനാൽ ഇളയ ചേച്ചി ഗർഭിണി ആയെന്ന് അറിഞ്ഞപ്പോൾ ആർത്തു നിലവിളിച്ചവൾ…

തന്നെ നോക്കുമ്പോഴും ചേട്ടൻ എന്ന് വിളിക്കുന്ന അയാളുടെ കണ്ണിൽ ആളിക്കത്തുന്നത് കാമഭ്രാന്ത് ആണെന്ന് കണ്ട് നെഞ്ച് പൊട്ടുന്ന വേദനയോടെ വീട്ടിൽ നിന്ന് എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പോയവൾ…

ജീവിതത്തിലെ കരി നിറഞ്ഞ ദിനങ്ങളെ പൊരുതി തോൽപ്പിച്ചു ഒറ്റക്ക് ജീവിക്കാൻ പഠിച്ചവൾ…

പ്രണയം നിറച്ച മിഴികളുമായി കണ്മുൻപിൽ തല ഉയർത്തി നിന്ന് ഇഷ്ടം പറഞ്ഞവനെ മടക്കി അയച്ചവൾ…

തള്ളയെ കൊന്നവൾ എന്ന് വിളിച്ചപ്പോൾ നിറഞ്ഞ കണ്ണുകൾ മറച്ചുപിടിച്ചു നടന്നു പോയവൾ… ശാപം പിടിച്ച തന്റെ ഈ ജന്മം ആരെയും ബാധിക്കരുത് എന്നോർത്തു നാടുവിട്ടവൾ….

ഒറ്റപ്പെടൽ അത്രമേൽ വേദനാജനകം ആയപ്പോൾ ഒരു റെയിൽവേ പാളത്തിൽ തീർത്തു കളയാൻ തീരുമാനിച്ച അവളുടെ ജീവൻ സ്നേഹത്തോടെ ചേർത്ത് പിടിച്ച അച്ഛന്റെ പ്രായമുള്ള ഒരു മനുഷ്യന്റെ മുഖത്തെ സ്നേഹവും കരുണയും കണ്ട് കണ്ണ് നിറഞ്ഞവൾ…

വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി സ്വന്തം മകളെ പോലെ വളർത്തിയ അതേ മനുഷ്യനാൽ പീഡിപ്പിക്കപ്പെട്ടവൾ…

ഇരുട്ടിന്റെ കാഠിന്യത്തിൽ അച്ഛാ എന്ന് വിളിക്കുന്ന തന്റെ നാവ് അയാൾ തന്നെ ബന്ധനസ്ഥയാക്കിയപ്പോൾ നിലവിളിക്കാൻ ആവാതെ നെഞ്ച് പൊട്ടി കരഞ്ഞവൾ…

ഇരുണ്ട് കൂടിയ ആകാശം പോലും ഭീകരമായ ആ രാത്രിയിൽ മരിക്കട്ടെ എന്നോർത്ത് പുഴയിൽ തള്ളിയപ്പോൾ ഒരു കടത്തുകാരനാൽ രക്ഷപ്പെട്ടവൾ….

ആരെന്നോ എന്തെന്നോ അറിയാതെ ബോധം ഇല്ലാതെ ഒരു മാസത്തോളം കടന്നു കൂടിയവൾ….

ഓർമകളുടെ വേലിയേറ്റം മനസ്സിനെ പിടിമുറുക്കാൻ തുടങ്ങിയപ്പോൾ വീണ്ടും മരണം തിരഞ്ഞെടുക്കാൻ തീരുമാനിച്ചെങ്കിലും തന്റെ വയറ്റിൽ ഒരു കുഞ്ഞു ജീവൻ വളരുന്നുണ്ടെന്നറിഞ്ഞു അലറികരഞ്ഞവൾ…

നാളുകൾക്ക് ശേഷം അച്ഛനെന്ന്  വിളിച്ചവന്റെ കുഞ്ഞിന് അമ്മയായവൾ…

തകർന്നു പോകാവുന്ന അവസ്ഥയിൽ  തേനൊഴുകുന്ന ആ കുഞ്ഞിളം ചുണ്ടിൽ നിന്ന്  കിട്ടുന്ന ചുംബനങ്ങളാൽ ശക്തി ആർജിച്ചവൾ…

തന്റെ മകളുടെ ഓരോ വളർച്ചയിലും അത്രമേൽ ആഴത്തിൽ സന്തോഷിച്ചവൾ…

നാളുകൾക്ക് ഇപ്പുറം തന്റെ ശരീരം ചവച്ചു തുപ്പിയ അയാളെ കണ്ടിട്ടും കാണാത്ത പോലെ നടന്നു  പോയവൾ…

ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്ക് കടന്ന തന്റെ മകളിലും അയാൾ ഒരു പെൺശരീരത്തെ മാത്രം കണ്ടെന്നു അറിഞ്ഞു കയ്യിലെ ചോരക്കറയുടെ മണം ആസ്വദിച്ചവൾ…

വെള്ളപൊതിഞ്ഞ അയാളുടെ ശരീരം കണ്ട് പൊട്ടിചിരിച്ചവൾ…

ഇരുമ്പഴിക്കുള്ളിലെ ഇരുട്ടറയിൽ ഇരിക്കുമ്പോഴും അഴുക്ക് പുരണ്ട ഭൂതകാലം അവളെ കാർന്നു തിന്നുന്നുണ്ടായിരുന്നു…

വേദനകളിൽ നിന്നെല്ലാം ഒരു മോചനം നൽകികൊണ്ട് കാലിലൊരു ചങ്ങല വീണപ്പോഴും തന്റെ മകളെ ഓർത്ത് അവളുടെ കണ്ണുകൾ നിറയുന്നുണ്ടാരുന്നു…ഉള്ളിൽ നിന്ന് അപ്പോഴും ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു.. ശാപം പിടിച്ചവൾ…

Leave a Reply

Your email address will not be published. Required fields are marked *