(രചന: Shincy Steny Varanath)
ദേ… ചേട്ടായി ഈ മാസമോ അടുത്ത മാസമോ കുറച്ചു കാശ് ചിലവിനുള്ള വഴി കാണുന്നുണ്ട്. ഒന്ന് കരുതിയിരിക്കണം. രാത്രിയിൽ ഒന്നു തലചായ്ക്കാൻ വെമ്പി നിൽക്കുന്ന ഭർത്താവിനോട് ഭാര്യയുടെ ‘കൊച്ച്’ വർത്തമാനത്തിന്റെ തുടക്കമാണ് കേട്ടത്.
എന്നാ ചിലവിന് കുറവുള്ളത് ( ഭർത്താവിന്റെ ആത്മാവിന്റെ കേഴൽ ) എന്താടി ഇപ്പോൾ പ്രത്യേക ചിലവ്?
നിങ്ങളറിഞ്ഞില്ലേ, നമ്മുടെ സുമീനെ ഇന്നൊരു ചെക്കൻ കാണാൻ വന്നിരുന്നു, (അവളുടെ വകേലൊരു അപ്പാപ്പന്റെ മോള് ) എല്ലാം ഒക്കുവാണെങ്കിൽ ഉടനെ കല്യാണം നടത്താന അവരുടെ പ്ലാൻ, അല്ലേലും വേഗം കെട്ടിക്കുന്നതാ നല്ലത്,
ചെക്കൻമാരെ കാണുമ്പോൾ പെണ്ണിനൊരിളക്കമാ… കോന്ത്രപ്പല്ലാണെങ്കിലും ഐശ്വര്യറായി അവളുടെ ഡ്യൂപ്പാണെന്ന ഭാവമാണ്. കെട്ടിച്ചാൽ അവരുടെ ഉത്തരവാദിത്വം കഴിഞ്ഞേനെ…
അതിന് നമ്മുക്കെന്താ ചിലവ്? അവൾക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കാനാ?
അവൾക്കൊന്നും വാങ്ങിക്കൊടുക്കണ്ട… എന്റെ കല്യാണത്തിന് അവളുടെ വീട്ടീന്ന് തന്നത് 400-500 രൂപ വരുന്ന ഒരു ഒണക്ക ചുരിദാറ്, ആദ്യത്തെ അലക്കിന് തന്നെ ചുവന്ന തുണി വെളുത്തു.
അവര് നാലുപേരും അവളുടെ വീട്ടിൽ വിരുന്ന്വന്ന കുഞ്ഞമ്മേടെ മോളും കൂടി തലേദിവസം തൊട്ട് വന്ന് തിന്നേച്ചും പോയി… നിർബന്ധമാണെങ്കിൽ അതുപോലെ തന്നെ ഒരു ചുരിദാറ് അവൾക്കും കൊടുക്കാം…
പിന്നെന്തിനാ കാശ് ?
അത് കല്യാണത്തിന് പോകാൻ നമ്മുക്ക് ഡ്രെസ്സെടുക്കണം, പിന്നെ മാലയൊന്ന് മാറി വാങ്ങണം, ഇത് ഔട്ടോ ഫാഷനായി, ഇപ്പോൾ ചെറിയ മുത്തുള്ള മാലയാ ഫാഷൻ…
പിന്നെ 3 മാസമായി ഫേഷ്യല് ചെയ്തിട്ട്, പിന്നെ പുരികം ത്രഡ് ചെയ്യണം, തലമുടി സ്‌റ്റെപ്പ് കട്ട് ചെയ്യണം,ചെരുപ്പ്… പിന്നെ കുറച്ച് അല്ലാറ ചില്ലറ സാധനങളും വാങ്ങാനുണ്ട്…
കഴിഞ്ഞ പ്രാവശ്യത്തെ കല്യാണത്തിന് വാങ്ങിയ സാരി നീ പിന്നെ ഉടുത്തേയില്ലല്ലോ? നല്ലതാണെന്ന് എല്ലാരും പറഞ്ഞതല്ലെ… പിന്നെന്തിനാ പിന്നെം സാരി?
ആ സാരി അന്ന് അവിടെയുള്ളവര് മുഴുവൻ കണ്ടതല്ലേ… അന്നുള്ള ബന്ധുക്കളുതന്നെയാ ഈ കല്യാണത്തിനുമുള്ളത്. അത് തന്നെയുടുക്കാൻ എനിക്ക് നാണക്കേടാ…
എല്ലാത്തിനും കൂടി 2000 രൂപ മതിയോ… ദാ ഇപ്പോൾ തന്നെ കൈയിൽ വച്ചോ… മാസാവസാനമാകുമ്പോഴേയ്ക്കും ചിലവായി പോകും…
2000 ഉലുവയോ… നിങ്ങളെന്താ എന്നെ കളിയാക്കുവാണൊ?
പിന്നെത്ര വേണം? 500 കൂടി മതിയോ…
എന്റെ നാട്ടിൽ കല്യാണത്തിന് എല്ലാരും 10000 രൂപയിൽ കുറഞ്ഞ സാരിയുടുക്കില്ല. എനിക്കത്രയുമൊന്നും വേണ്ടെങ്കിലും 6000-7000 റേയ്ഞ്ചിലുള്ള സാരിയില്ലാതെ അങ്ങോട്ട് പോകാൻ പറ്റില്ല,
എന്നെ കെട്ടിച്ചു കൊടുത്തത് ഒരു ദരിദ്രവാസിക്കല്ലെന്ന് എല്ലാരുമൊന്നറിയട്ടെ… അല്ലേൽ നിങ്ങൾക്കാണ് നാണക്കേട്. എന്റെ സാരീടെ കളറിന് ചേരുന്ന ഡ്രസ്സ് വേണം നിങ്ങൾക്കും മക്കൾക്കും വാങ്ങാൻ.
പണ്ട് നമ്മുടെ കല്യാണത്തിന് ഒരേ കളറിലുള്ള ഡ്രസ്സിടാമെന്ന് പറഞ്ഞ് എന്റെ സാരീടേ കളറും ചോദിച്ചിട്ട് പോയ നിങ്ങള് പള്ളിയിൽ വന്നപ്പോൾ, ഞാൻ ഓറഞ്ച് കളർ സാരിയിലും നിങ്ങള് നീല ഷർട്ടിലും…
അന്ന് പൊട്ടിയ എന്റെ ചങ്ക് ഇനിയെങ്കിലും നേരയാക്കണം… ഇപ്പോൾ കുടുംബത്തിലെല്ലാരും ഒരേ കളർ ഡ്രസ്സിലാണ് കല്യാണത്തിനൊക്കെ പോകുന്നത്. ഒന്നുമറിയാത്ത മണുക്കുസ്…
മണുക്കൂസ് നിന്റെ…
അങ്ങനെ കല്യാണം വിളിക്കാനാളെത്തി… ഭാഗ്യത്തിന് വിരുന്നിന് പോകാനും തലേന്ന് ചെല്ലാനൊന്നും വിളിക്കാത്തതു കൊണ്ട് ഒരു സാരിയും ചുരിദാറും ലാഭമായി…
അടുത്തത് പ്രധാന പരിപാടി ഞങ്ങളുടെ ചരക്കെടുക്കലാണ്, ഒരു ദിവസത്തെ ജോലി പോയി കിട്ടി…
ടൗണിലുള്ള കട മുഴുവൻ നിരങ്ങിയിട്ടാണ് അവൾക്കിഷ്ടപെട്ട സാരി കിട്ടിയത്… ഒറ്റ ദിവസമുടുക്കാനുള്ള സാരീടെ വില 6999…
7000 എന്ന് പറഞ്ഞ് കെട്ടിയോൻമാരുടെ ചങ്കുപൊട്ടിക്കാതിരിക്കാനുള്ള കടക്കാരന്റെ ചെറിയൊരിളവ്, നമ്മളുണ്ടെങ്കിലല്ലെ പിന്നേം ഇമ്മാതിരി കച്ചവടം നടക്കൂ… അവസാനം കല്യാണ പെണ്ണിന് 500 രൂപയ്ക്കൊരു പൊട്ട ചുരിദാറും വാങ്ങി.
പിന്നെ, അവളുടെ സാരിക്ക് ചേരുന്ന ഷർട്ടിന് തപ്പി നടന്ന് കുഞ്ചിയൊടിഞ്ഞു… സാരീടെ ഒരു കഷ്ണം തുണിയുമായി, ചേരുന്ന ഷർട്ട് നോക്കാൻ പറയുമ്പോഴെ, Sales നിൽക്കുന്ന ചെക്കൻമാരുടെ നോട്ടം കണ്ടാൽ തൊലിയുരിഞ്ഞ് പോകും…
സാരി ചുവപ്പ്, മുന്താണിയേൽ ഇച്ചിരി നീല വരയുണ്ട്… അവൾക്ക് ചുവപ്പ് ഷർട്ട് തന്നെ വാങ്ങണം. ഒരു ചെക്കൻ ചോദിക്കുവാ, പാർട്ടി മീറ്റിങ്ങുണ്ടോന്ന്…
അവസാനം ചുവന്ന ഷർട്ട് കിട്ടി, കോളറ് നീല… കൈമടക്കി വച്ചാൽ അവിടേയുമിച്ചിരി നീല… തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ
അവൾക്ക് പെരുത്തിഷ്ടപ്പെട്ടു…
ഇതിട്ടോണ്ടു പോകുന്ന അവസ്ഥയോർക്കുമ്പോൾ, ആ കല്യാണമങ്ങ് മുടക്കിയാലോന്ന് പോലും ചിന്തിച്ച് പോകുവാ… എന്റെ വിധി… കുട്ടികൾക്കും, ഇതേ നിറത്തിൽ ഒരോ കുപ്പായം ഒപ്പിച്ചു ..
അടുത്ത പോക്ക് ജ്വല്ലറിയിലേക്ക്, മാറ്റി വാങ്ങാൻ പോയതിൽ അരപ്പവൻ കൂടി അവള് കൂട്ടി വാങ്ങി…
പിന്നെ ഉപ്പൂറ്റി പൊന്തിയ ചെരുപ്പ്…പേരറിയാത്ത എന്തൊക്കെയോ കിടുതാപ്പുകൾ… എല്ലാം ചുവപ്പ് മയം.
4 % പലിശയ്ക്ക് ലോൺ കിട്ടുന്നുണ്ടെന്ന് പറയുന്ന കേട്ടിരുന്നു, ഇനി അതിനേക്കുറിച്ച് കാര്യമായി അന്വേഷിക്കണം. പിറ്റേന്ന് ബ്യൂട്ടി പാർലറിൽ പോകണം പോലും…
രാവിലെ അവിടെയാക്കിയാൽ വൈകിട്ട് ജോലി കഴിഞ്ഞ് വരുമ്പോൾ കൂട്ടിയാൽ മതീന്ന്…
അങ്ങോട്ട് വിട്ട കോലമെങ്കിലും ഇങ്ങോട്ട് കിട്ടുമ്പോഴുണ്ടായാൽ മതിയായിരുന്നു…
അങ്ങനെ കല്യാണ ദിവസമെത്തി…
അവളിന്നലെ ഉറങ്ങീട്ടേയില്ലെന്ന് തോന്നുന്നു….
രാവിലെ തന്നെ അടുക്കളേൽ കേറി എന്തൊക്കെയോ ഉണ്ടാക്കാനുള്ള പ്ലാനാണ്. കറിക്കരിയാൻ എന്നെ വിളിച്ചിട്ടുണ്ട്. അവളുടെ നെയിൽ പോളീഷ് പോകും പോലും…
കല്യാണത്തിന് പോയാലും ഓള് ഫാഷൻ കാണിച്ച് വളരെ കുറച്ച് തൊട്ട് നക്കി തിന്നത്തുള്ളു. തിരിച്ച് വീട്ടിലെത്തുന്നപാടെ തിന്നാനാണ് കൊച്ചുവെളുപ്പാൻ കാലത്ത് എന്നെയേൽപ്പിച്ച് അടുക്കള പണിയെടുപ്പിക്കുന്നത്.
കൂടെ കല്യാണത്തിന് പോകുമ്പോൾ ഞാനെങ്ങനെയൊക്കെയാണ് പെരുമാറണ്ടതെന്നൊക്കെ ക്ലാസെടുക്കുന്നുമുണ്ട്.
1.ഒത്തിരി ശബ്ദത്തിൽ സംസാരിക്കരുത്.
2.പൊട്ടിച്ചിരിക്കരുത്.
3. ഫോട്ടൊയ്ക്ക് ആദ്യ വിളിയിലൊന്നും പോകരുത്.
4. കൈ പുറകിൽകെട്ടി ഒരുമാതിരി ഊള നടപ്പ് പാടില്ല.
5. ബന്ധുക്കളോടൊന്നും ഓടിനടന്ന് സംസാരിക്കരുത്. അടുത്തേയ്ക്ക് വരുന്നവരോട് മാത്രം സ്റ്റാൻഡേർഡ് കീപ്പ ചെയ്ത് സംസാരിക്കുക.
6. ഷർട്ടും പാൻറും ചുളുങ്ങാതെ ശ്രദ്ധിക്കുക, കൈ തെറുത്ത് കേറ്റുന്ന കലാപരിപാടി വേണ്ട.
7. ഭക്ഷണം കഴിക്കാൻ ഉന്തി തള്ളി പോകരുത്.
8. കഴിക്കാനിരിക്കുമ്പോൾ, ആക്രാന്തം കാണിച്ച് നാറ്റിക്കരുത്. ചവച്ചോണ്ട് സംസാരിക്കരുത്. വാ തുറന്ന് പിടിച്ച് ചവയ്ക്കരുത്.
9. സർവ്വോപരി എന്റെയടുത്തുന്ന് മാറരുത്….
(കുട്ടികളുള്ളവർ, മുഴുവൻ സമയവും കുട്ടികളെ എടുത്തോണം, ശ്രദ്ധിച്ചോണം) വീട്ടിൽ നിന്നിറങ്ങുന്നതു മുതൽ ഈ പെരുമാറ്റ ചട്ടം നിലവിൽ വരും…
അങ്ങനെ, 6 മണി മുതൽ തുടങ്ങിയ ‘ഒരുക്കം’ 9 മണിയോടെ അവസാനിപ്പിച്ച്, അഞ്ചാറ് സെൽഫിയുമെടുത്ത് വീട്ടീന്നിറങ്ങി. അഞ്ചാറു മാസത്തെ മിച്ചം പിടിച്ച കാശു മുഴുവൻ ഡിപ്പോസിറ്റ് ചെയ്ത മുതലുമായി യാത്ര തുടങ്ങുവാണ്.
പള്ളിയിലെത്തി, വണ്ടിയേന്നിറങ്ങിയപ്പോൾ മുതൽ ഉടുമ്പ് പിടിച്ച പോലെ കൈയേൽ പിടിച്ചിട്ടുണ്ട്. വിടാൻ പറഞ്ഞപ്പോൾ പറയുവാ… മാതൃകാ ദമ്പതികൾ ഇങ്ങനെയേ നടക്കാവുള്ളുന്ന്. എല്ലാരും നോക്കുന്ന കണ്ടപ്പോൾ പിടുത്തത്തിന്റെ മുറുക്കം കൂടി…
എന്റെ ഷർട്ടിന്റെ അവസ്ഥ കണ്ടിട്ടാണെല്ലാവരും നോക്കുന്നതെന്ന് ഈ മറുതായൊട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല… സാധാ ചെരുപ്പിട്ടോണ്ട് നടന്നയെനിക്ക് ഷൂ ഇട്ടതിൻ്റെ അസ്വസ്ഥതയും ധാരാളമുണ്ട്.
പള്ളിക്കകത്ത് കേറിയപ്പോഴാണ് സ്വാതന്ത്ര്യം കിട്ടിയത്…പുറത്തിറങ്ങിയപ്പോൾ മുതൽ വീണ്ടും കുരുക്ക് വീണു. കൈയിൽ നല്ലൊരു ഞുള്ളു കിട്ടിയതിന് ഞെട്ടി നിൽക്കുമ്പോൾ കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ടവൾ, എന്നെ തന്നെ നോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്.
ഞാൻ നിൽക്കുന്ന പൊസിഷൻ ശരിയല്ല, കാലുകൾ തമ്മിൽ കുറച്ചകലമുണ്ട്, ഫ്രീയായ കൈ എളിയിൽ കുത്തിയിട്ടുമുണ്ട്. കാര്യം മനസ്സിലായ കാലുകൾ വേഗം അടുത്തു, കൈ അറ്റൻഷൻ പാറ്റേണിലേയ്ക്കും തിരിച്ചെത്തി.
അവള് ചെക്കനെയും പെണ്ണിനേയും ആവുന്നത്ര കുറ്റം പറയുന്നുണ്ട്. ആ ചെക്കന്റെ കഷ്ടകാലമാണെന്നും, അവനെന്ത് കണ്ടിട്ടാണ് ഇതിനെ കെട്ടിയതെന്നൊക്കെ മൊഴിയുന്നുണ്ട്.
ഇതൊക്കെ ഒരു തോന്നലിന്റെ പുറത്ത് നടക്കുന്ന കാര്യങ്ങളല്ലേ, സത്യമറിയുമ്പോഴെയ്ക്കും എല്ലാം കൈയീന്ന് പോകില്ലെ, എന്റെ അവസ്ഥയിലേയ്ക്ക് ഒരു പുണ്യാത്മാവു കൂടി വരുന്നതിൽ സോസ്ത്രം എന്നൊക്കെ പറയണമെന്നുണ്ട്.
നടക്കാത്ത മോഹത്തിന്റെ കൂടെ ഒന്നൂടെ ചേർത്ത് വച്ച്, അത്മാവിൽ നിർവൃതി കൊണ്ടു.
അതിനിടയിൽ അവളുടെ പലതരത്തിലും ഗുണത്തിലുമുള്ള ബന്ധുക്കൾ പരിചയപ്പെടാൻ വരുന്നുണ്ട്, ഇഷ്ടമുള്ളവരുടെ അടുത്തേയ്ക്ക് എന്നേം വലിച്ചോണ്ട് അവളും പോകുന്നുണ്ട്. ഇടയ്ക്ക് ‘ എന്റെ ചേട്ടായി ചക്കരയാണ് പഞ്ചാരയാ’ണെന്നൊക്കെ പറഞ്ഞെന്നെ സുഖിപ്പിക്കുന്നുണ്ട്.
അച്ചടി ഭാഷയിൽ ഒന്നോ രണ്ടോ വാക്കുകൾ പറയാനുള്ള എന്റെ അവകാശത്തെ ഉപയോഗിച്ച് ഞാനും നിന്നു. മേംപൊടിക്ക് പുഞ്ചിരി തൂകി…
അവളുടെ സാരിയെക്കാൾ വിലയുള്ള സാരിയുടുത്തവരൊന്നും അങ്ങോട്ട് പോയി സംസാരിക്കുന്നവരുടെ ലിസ്റ്റിലിടം പിടിച്ചിട്ടില്ല. ആ സാരിക്കെല്ലാം നൂറ് കുറ്റവും.
അതിനിടയിൽ അറ്റൻഷൻ പൊസിഷനിൽ ചെക്കന്റെയും പെണ്ണിന്റെയുമൊപ്പം ഒരു ഫോട്ടൊയും.
വിശന്നിട്ട് കണ്ണ് കാണാതാകുന്നുണ്ട്, രക്ഷയില്ല, വിളിച്ചിരുത്തിയാലെ പോകാൻ പാടുള്ളു. അവസാനം തിന്നാനിനി ആരേലുമുണ്ടോന്ന് ചോദിക്കുന്നവരെ കാത്തിരിക്കേണ്ടി വന്നു.
തിന്നാനിരുന്നപ്പോൾ കൈയ്ക്ക് മോചനം കിട്ടിയെങ്കിലും എനിക്ക് കിട്ടീല്ല. അടുത്ത് തന്നെ അവളുമിരിപ്പുണ്ട്. അവളു സ്നേഹത്തോടെ വിളമ്പിത്തരുന്നത് മിണ്ടാതിരുന്ന് തിന്നിട്ട് പോകണമെന്നർത്ഥമുള്ള നോട്ടം ആദ്യമേ കിട്ടി.
ഒരു പ്ലെയ്റ്റ് ചോറുണ്ണുന്നവള് രണ്ട് സ്പൂൺ ചോറിട്ട് മൂന്ന് വിരല് മാത്രം ഉപയോഗിച്ച് തിന്നുന്ന കണ്ടിട്ട് സഹതാപം തോന്നി. എനിക്കും മര്യാദയ്ക്ക് വിളമ്പുന്നില്ല.
അടുത്തിരുന്ന അമ്മായിയോട്, ചേട്ടായി ‘ഭയങ്കര ഹെൽത്ത് കോൺഷ്യസാന്ന് ‘ പറഞ്ഞ് രണ്ട് കഷ്ണം ബീഫ്, ഒരു ചിക്കന്റെ പീസ്, ഒരു ഞുണ്ണിക്കാ മീൻ കഷ്ണം, പിന്നെ പച്ചക്കറി ആവശ്യത്തിന്…വറത്തതും പൊരിച്ചതുമൊക്കെ കൈയെത്താ ദൂരത്തെയ്ക്ക് മാറ്റി വെച്ചേയ്ക്കുവാ…
വിശപ്പ് മാറാത്ത കുടലിന് തണുപ്പടിച്ച് കിടക്കാൻ ഏതായാലും ഐസ്ക്രീ ഒരെണ്ണം മുഴുവൻ തന്നു…
എന്റെ വിധി…
എങ്ങനെയേലും ഒന്ന് വീട്ടിലെത്തിയാ മതിന്നായി. രാവിലെ ഭക്ഷണമുണ്ടാക്കിയതുകൊണ്ട് വീട്ടിലെത്തിയിട്ട് വേണം വയറ് നിറയ്ക്കാൻ.
ഇന്നൊരു ദിവസംകൊണ്ട് എന്തോരം പേരെന്നെ ‘പെൺകോന്തൻ’, ‘മണുക്കൂസ് ‘ എന്നൊക്കെ നാമകരണം ചെയ്തിട്ടുണ്ടാകും.
ഇങ്ങനെ നിന്നില്ലേൽ എന്നും അവള് പല പേരും വിളിക്കുന്നത് കേൾക്കുന്നതിലും ഭേദമിതാണ്.
‘ദാമ്പത്യ ഭദ്രത’യാണ് എന്റെ ഏക ലക്ഷ്യമെന്ന് ഞാൻ മാത്രം അറിഞ്ഞാൽ മതി…
ഇങ്ങനൊരു കല്യാണക്കാലം ഇനി സ്വപ്നങ്ങളിൽ മാത്രമാണെന്നുള്ളതാണ് ഇപ്പഴത്തെ ആശ്വാസം…