കല്യാണം കഴിഞ്ഞ് വിരുന്ന് കഴിഞ്ഞപാടെ അമ്മായിഅമ്മ അടുക്കള വിട്ടുതന്ന് പാരമ്പര്യം കാത്തു..

(രചന: Shincy Steny Varanath)

രാവിലെ അത്യാവശ്യം പണികളെല്ലാം കഴിഞ്ഞ്, മക്കളെ ഓൺലൈൻ ക്ലാസ്സിൽ കിട്ടിയ പണികൾ എഴുതാനും ഏൽപ്പിച്ച്, കുറേക്കാലം കൂടി പത്രം എടുത്ത് വായിക്കാനിരുന്നതാണ് സീനടീച്ചർ… കല്യാണം കഴിഞ്ഞതിൽ പിന്നെ ഈ വസ്തു കൈ കൊണ്ട് തൊട്ടിട്ടില്ല.

കല്യാണം കഴിഞ്ഞ്, വിരുന്ന് കഴിഞ്ഞപാടെ അമ്മായിഅമ്മ, അടുക്കള വിട്ടുതന്ന് പാരമ്പര്യം കാത്തു. നാട്ടുകാർക്ക് ചോദ്യം ചെയ്യാനവസരം കൊടുക്കാതെ ഒന്നിന് പുറകെ ഒന്നായി മൂന്ന് പ്രസവവും.

രാവിലത്തെ അടുക്കള പണിക്ക് സഹായിക്കാൻ കെട്ടിയോൻ തയ്യാറാണെങ്കിലും, എന്തെങ്കിലും ചെയ്യുന്നത് അമ്മ കണ്ടാൽ മുറുമുറ്പ്പ് തുടങ്ങും.

”ഞാനെട്ടു പിള്ളേരെ പ്രസവിച്ച് വളർത്തി, വീട്ടിലെ പണി മുഴുവൻ എടുത്ത് കഴിഞ്ഞ്, കുര്യച്ചായൻ്റെ കൂടെ പറമ്പിലും പണിക്ക് കൂടുമായിരുന്നു. എന്നാലും കുര്യച്ചായനെ അടുക്കളേൽ ഒരു പണിക്കും ഞാൻ കൂട്ടില്ലായിരുന്നു.

കുടുംബത്തിൽ പിറന്ന പെണ്ണുങ്ങളാരെങ്കിലും കെട്ടിയോനെ അടുക്കളേൽ കേറ്റുവോ??? ഓരോരോ പുതിയ പരിഷ്ക്കാരങ്ങൾ… വന്ന് വന്ന് എന്തുമാകാന്നായി…

അവളുമാരുടെ താളത്തിന് തുള്ളാൻ പെൺകോന്തൻമാരും. ഞാൻ പഠിപ്പിച്ച ഇവനെന്താ ഇങ്ങനെയായിപ്പോയെന്നറിയില്ല… എന്തൊക്കെ കാണേണ്ടി വരുവോ ആവോ…”

ഇതുകേൾക്കേണ്ട താമസം ആമ തലവലിക്കുന്ന പോലെ ഇച്ചായൻ വലിയും. കല്ലേൽവെച്ചരച്ചാലെ കറിക്ക് രുചി കൂടുള്ളു, കല്ലേൽ അലക്കില്ലെൽ തുണിടെ ചെളിപോകൂല്ല, സന്ധ്യയായാൽ വാഷിങ്ങ് മിഷ്യനിൽ പോലും തുണിയലക്കാൻ പറ്റില്ല, ഇങ്ങനെ നീണ്ട് പോകുന്ന നിബന്ധനകൾ വേറെയും.

ഇതെല്ലാം കഴിഞ്ഞ് , ഇച്ചായനെം പറഞ്ഞ് വിട്ട്, മൂത്ത രണ്ട് പിള്ളേരെയും തീറ്റിക്കുടിപ്പിച്ച് ഒരുക്കി പിടിച്ച് സ്കൂളിലെത്തുന്നത് ഒരു കണക്കിനാണ്. ഒരു പണിയുമില്ലാതെ രാവിലെ വന്നിരിക്കുന്നവരോട് ഫസ്റ്റ് പിരീഡ് മാറ്റിത്തരാൻ പറഞ്ഞാൽ ഒരെണ്ണം കേൾക്കില്ല…

കുടുംബം നിലനിർത്താൻ ആൺകൊച്ച് വേണമെന്നുള്ള അമ്മെടെ, ഒറ്റ വാശി അച്ചായൻ സാധിച്ചു കൊടുത്ത കൊണ്ടാണ് ഇപ്പോൾ വീട്ടിൽ സ്വസ്ഥമായിരിക്കുന്നത്. കുട്ടികളുള്ളവർക്ക് കൊറോണ ഡ്യൂട്ടിയില്ല.

ഓൺലൈൻ ക്ലാസിൻ്റെ പണിയുണ്ടെങ്കിലും ഒരുങ്ങികെട്ടി സ്കൂളിൽ പോണ്ടല്ലോ… അല്ലെങ്കിൽ സെക്ടറൽ മജിസ്ട്രേറ്റാകേണ്ടി വന്നേനെ…

നാട്ടിലാണെങ്കിൽ  ബന്ധുക്കള് ഒരുപാടുണ്ട്. മാസ്ക്കിടാൻ പറഞ്ഞാലും, മാറി നിക്കാൻ പറഞ്ഞാലും എളേപ്പൻമാരും, പേരപ്പൻമാരും വല്ലോം കേൾക്കുമോ…

പിന്നെ നാട്ടുകാരുടെ കാര്യം പറയണോ… സ്ത്രീയായത് കൊണ്ട് അടി കിട്ടാതെ രക്ഷപെടാമായിരിക്കും. കഴിഞ്ഞയാഴ്ച അനൂപ് സാറിനിട്ട് ഒന്നു പൊട്ടിയെന്ന് കേട്ടു. കണക്കായി പോയി…

ആദ്യത്തെ പിരീഡ് ക്ലാസൊന്ന്  മാറിയെടുക്കാവോന്ന് ചോദിച്ചപ്പോൾ കേട്ടഭാവം കാണിച്ചില്ല. വരുന്ന ടീച്ചർമാരുടെ സാരീടെ കണക്കെടുത്തൊണ്ടിരിക്കുന്നത് നിർത്താൻ പറ്റില്ലല്ലോ… ഒരു ദിവസം വീട്ടിലിടുന്ന വള്ളിച്ചെരുപ്പ് അറിയാതെ ഇട്ടോണ്ടു പോയതിന് എന്നാ ചിരിയായിരുന്നു…

ഒരിക്കലൊന്ന് ഉറക്കം തൂങ്ങിയതിന് ഒരുമാതിരി വഷളച്ചിരി. ഏറ്റുപിടിക്കാൻ കുറേയെണ്ണം വേറെയും. എല്ലാത്തിനും ഒരോന്ന് കിട്ടുന്നത് നല്ലതായിരുന്നു.  കൊറോണ കാരണം ഇങ്ങനെയും ചില സന്തോഷങ്ങൾ…

അമ്മ കുറച്ചു ദിവസത്തേയ്ക്ക് നാത്തൂൻ്റെടുത്ത് പോയതുകൊണ്ടുള്ള ആശ്വാസമാണ് കൂടുതലും. ഇച്ചായൻ്റ ജോലി ബാങ്കിലായതു കൊണ്ട് എന്നും ജോലിക്ക് പോകാതിരിക്കാനാവില്ല.

അവിടെ വന്ന കസ്റ്റമേർസിനാർക്കോ  കോവിഡ് സ്ഥിരീകരിച്ചെന്ന് കേട്ടപാടെ, അമ്മ നാത്തൂൻ്റെടുത്തേയ്ക്ക് പായ്ക്ക് ചെയ്തു. എനിക്കൊരാശ്വാസമാകാൻ ചങ്ക് നാത്തൂൻ, പ്രായമായവർക്ക് കൊവിഡ് വന്നാൽ രക്ഷയില്ലെന്ന് പറഞ്ഞ് ഒന്ന് പേടിപ്പിക്കുകയും കൂടി ചെയ്തു.

അവലോസുണ്ടയും ചമ്മന്തിപ്പൊടിയുമൊക്കെ അമ്മേകൊണ്ട് ഉണ്ടാക്കിക്കണം എന്നുള്ള ദുരുദ്ദേശത്തോടുകൂടിയാണ് അവള് അമ്മേനെ പൊക്കിയത്. അവൾക്കു വേണ്ടിയാകുമ്പോൾ അമ്മയ്ക്ക് ചെയ്യാനൊരു മടിയുമില്ല.

ങ്ങേ… സാഹിത്യത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു… എന്തോന്ന് പേരാപ്പയിത്. വായിച്ചെടുക്കാൻ മണിക്കൂറൊന്ന് വേണല്ലോ…

കഴിഞ്ഞ വർഷം, ഈ സമയം പ്ലസ് വണ്ണിലെ വർഷയ്ക്കൊരു സംശയം” ടീച്ചറെ, ഈ വർഷം ഫിസിക്സിന് നോബൽ സമ്മാനം കിട്ടിയ ആളുടെ പേരൊന്ന് പറയാമോ, നാളെ ക്വിസ് മത്സരമുണ്ട്. ഓർമ്മ കിട്ടുന്നില്ല.

ങ്ങേ… നോബൽ സമ്മാനമൊക്കെ ഇപ്പഴുമുണ്ടോ… ഇത് വർഷാവർഷം ഇങ്ങനെ പ്രഖ്യാപിക്കേണ്ട കാര്യം വല്ലതുമുണ്ടോ ??? ആർക്കാണൊ വാ കിട്ടിയത്, ഞാനെങ്ങനെ അറിയാനാ??? ഇനിയിപ്പം ഇവളോടെന്ത് പറയും, അറിയത്തില്ലെന്ന് പറഞ്ഞാൽ നാണം കെടും… അവസാന ആയുധം പ്രയോഗിച്ച് നോക്കാം… ഒത്താൽ ഒത്തു… (ആത്മ)

വർഷയ്ക്ക് വല്ലാത്ത മറവിയാണല്ലോ? ഇങ്ങനെ മറന്നാൽ എങ്ങനെ മുന്നോട്ട് പോകും…

എന്നാൽ നിമിഷയൊന്ന് പറഞ്ഞേ…

അറിയില്ല…

അമലിനറിയാമോ???

ഇല്ല ടീച്ചറേ…

ആർക്കെങ്കിലുമറിയാമോ…

ഒറ്റെയൊരണ്ണത്തിനറിയില്ല… എന്നും പത്രം വായിക്കണം, ഇങ്ങനെയുള്ള കാര്യമൊക്കെ എഴുതി വയ്ക്കണം എന്ന് പറഞ്ഞാൽ കേൾക്കില്ല… എല്ലാം ടീച്ചറ് പറയാൻ കാത്തിരുന്നോ…

നിങ്ങളെയങ്ങനെ വിട്ടാൽ ശരിയാകില്ല… എല്ലാരും നാളെ വരുമ്പോൾ, ഈ വർഷം നോബൽ സമ്മാനം കിട്ടിയ എല്ലാവരുടെയും പേര് കണ്ടുപിടിച്ച് പത്ത് പ്രാവശ്യം വീതം എഴുതി പഠിച്ചിട്ട് ക്ലാസിലിരുന്നാൽ മതി…

ടീച്ചറെ… ഫിസിക്സിൻ്റെ നോബൽ സമ്മാനം മാത്രമെ പ്രഖ്യാപിച്ചിട്ടുള്ളു…

കോപ്പ്… വർഷ വിടുന്ന ലക്ഷണമില്ല…

പ്രഖ്യാപിച്ച അത്രയും എന്നേ ഞാൻ പറഞ്ഞുള്ളു വർഷ…

വടി കൊടുത്ത് അടി വാങ്ങിയ അവസ്ഥ വർഷയ്ക്കും, അവളെ അടിച്ച് വാരാനുള്ള കലി മറ്റ് പിള്ളേരുടെ മുഖത്തും തെളിഞ്ഞ് കാണാം.

വലിയൊരപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട ആശ്വാസം എനിക്കും. ഏതായാലും കഴിഞ്ഞ വർഷം സംഭവിച്ചത് പോലെയാകാതിരിക്കാൻ ഇതൊന്ന് എഴുതിവെച്ചേക്കാം.

വായന നിർത്താനുള്ള അലാറം അടിക്കുന്നുണ്ട്. വേറാരുമല്ല തറവാട് നിലനിർത്താനുള്ള കണ്ണി കീറി പൊളിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *