അവളെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കാൻ ഇതേയുള്ളു ഒരു വഴി. അല്ലെങ്കിലും അവളെ കെട്ടികൊണ്ട് പോകുന്നത് അവിടെ കെട്ടിലമ്മയായി..

(രചന: ശിഖ)

“ഭാമയെ എനിക്ക് കെട്ടിച്ചു തന്നാൽ നിങ്ങൾ ചോദിക്കുന്ന പണം ഞാൻ തരും.” അമ്പതിനായിരം രൂപയുടെ രണ്ട് കെട്ട് നോട്ടെടുത്തു വാസുവിന് മുന്നിൽ വച്ചുകൊണ്ട് കാശിനാഥൻ പറഞ്ഞു.

“ഈ നാട്ടിൽ പണക്കാരികളായ എത്ര പെണ്ണുങ്ങളെ മോന് കിട്ടും എന്നിട്ടും നീയെന്തിനാ നിന്റെ വീട്ടിലെ അടുക്കള കാരിയെ നിന്റെ ഭാര്യ ആക്കാൻ ഇത്ര നിർബന്ധം.”

“അവളെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കാൻ ഇതേയുള്ളു ഒരു വഴി. അല്ലെങ്കിലും അവളെ കെട്ടികൊണ്ട് പോകുന്നത് അവിടെ കെട്ടിലമ്മയായി വാഴിക്കാനല്ല. എനിക്ക് മടുത്ത് കഴിയുമ്പോൾ അവൾ പിന്നെയും അവിടെ അടുക്കള കാരിയായി മാറും.

ഭാമ എന്ന് മുതൽ എന്റെ വീട്ടിൽ പണിക്ക് വരാൻ തുടങ്ങിയോ അന്ന് തൊട്ട് ഞാനവളെ നോട്ടമിട്ടതാ. ഒന്ന് മുട്ടി നോക്കിയിട്ടും പെണ്ണ് വളഞ്ഞില്ല. ഈ കാശിനാഥൻ ഒരു പെണ്ണിനെ മോഹിച്ചിട്ടുണ്ടെങ്കിൽ അവളെ എന്ത് വില കൊടുത്തും സ്വന്തമാക്കിയിരിക്കും.

ഈ നാട്ടിലെ പെണ്ണുങ്ങൾ മുഴുവനും എന്റെ ഒരു നോട്ടത്തിന് വേണ്ടി കൊതിയോടെ നോക്കി നിൽക്കുമ്പോൾ ഇവൾ മാത്രമാണ് എന്നിൽ നിന്നും മുഖം തിരിച്ച് പോയവൾ. അല്ലെങ്കിലും ആണിനെന്നും ഇഷ്ടം അവനെ മൈൻഡ് ചെയ്യാതെ പോകുന്ന പെണ്ണുങ്ങളെയാണല്ലോ.”

“ഒരു പത്ത് ലക്ഷം രൂപയുടെ ആവശ്യമുണ്ടായിരുന്നു ഞങ്ങൾക്ക്… അത് തന്നാൽ അവളെ മോന് തന്നേക്കാം.” തല ചൊറിഞ്ഞു കൊണ്ട് വാസു വെളുക്കെ ചിരിച്ചു.

“സമ്മതം… അഡ്വാൻസ് രണ്ട് ലക്ഷം വച്ചോ. ബാക്കി താലികെട്ടിന്റെ അന്ന് തന്നിരിക്കും. മുഹൂർത്ത സമയത്ത് മുഴുവൻ പണവും നിങ്ങളുടെ കയ്യിലുണ്ടാവും. അവളെ ഞാൻ സ്വന്തമാക്കി കഴിഞ്ഞാൽ പിന്നെ ഒരു ബന്ധവും പറഞ്ഞ് അങ്ങോട്ട്‌ വന്നേക്കരുത്. പത്തു പൈസ പോലും പിന്നീട് ചോദിക്കരുത്.” കാശിനാഥൻ പറഞ്ഞു കൊണ്ട് എണീറ്റു.

“എല്ലാം മോൻ പറഞ്ഞത് പോലെ… കല്യാണം എപ്പോ വേണമെന്ന് പറഞ്ഞാൽ മതി…” ഓവർ വിനയം കാണിച്ചു നിൽക്കുന്ന വാസുവിനെ ഒന്ന് നോക്കി കാശിനാഥൻ പുറത്തേക്ക് പോയി.

“നിങ്ങൾക്ക് ഇത്തിരി കൂടെ കൂട്ടി ചോദിക്കാമായിരുന്നു. ആദ്യമായിട്ടാ ആ എരണം പിടിച്ചവളെ കൊണ്ട് ഒരുപകാരമുണ്ടായത്.” പിന്നിൽ ഭാനുമതിയുടെ ശബ്ദം കേട്ട് വാസു പിന്തിരിഞ്ഞു.

“ഒത്തിരി ആർത്തി കാണിച്ചാൽ അവന്റെ തീരുമാനം എങ്ങാനും മാറിയാലോ. അതോണ്ടാ ഞാൻ പത്ത് ലക്ഷത്തിൽ നിർത്തിയത്. നാട്ടിലെങ്ങും അവളെക്കാൾ ഭംഗിയുള്ള പെൺപിള്ളേർ ഇല്ലാഞ്ഞിട്ടല്ലല്ലോ അവനവളെ വന്ന് ചോദിച്ചത്. കാശിയുടെ മനസ്സ് മാറുന്നതിനു മുമ്പ് തന്നെ അവരെ കല്യാണം നടത്തണം.”

“അക്കാര്യം ഞാൻ ഓർത്തില്ല… ഇനി അവള് സമ്മതിക്കാതിരിക്കോ?”

“അവളെ സമ്മതം ആർക്ക് വേണമെടി?”

“ഭാമയ്ക്ക് ആ അമ്പലത്തിലെ പൂജാരി ചെക്കനുമായി വല്ല ചുറ്റികളിയുമുണ്ടോന്ന് സംശയമുണ്ട് എനിക്ക്. അങ്ങനെ ഉണ്ടെങ്കിൽ അവളൊരിക്കലും കല്യാണത്തിന് സമ്മതിക്കില്ല. എങ്കിൽ പിന്നെ നമ്മുടെ സ്വപ്നങ്ങളൊന്നും നടക്കാൻ പോണില്ല.”

“എന്തായാലും നാളെ മുതൽ അവളെ ഇവിടുന്ന് എങ്ങോട്ടും വിടണ്ട. കല്യാണത്തിന്റെ അന്ന് മതി അവള് മുറിക്ക് പുറത്തിറങ്ങുന്നത്.” അവസാന തീരുമാനം പറഞ്ഞ് കൊണ്ട് വാസു എഴുന്നേറ്റ് അകത്തേക്ക് പോയി.

വാസുവിനും ഭാര്യ ഭാനുമതിക്കും രണ്ട് ക്കളാണ്. മൂത്ത മകൻ പ്രസാദ് പ്രീഡിഗ്രി കഴിഞ്ഞു നിൽക്കുകയാണ്. ഇളയവൾ വീണ പത്താം ക്ലാസിലും. ഭാനുമതിയുടെ ചേച്ചിയുടെ മകളാണ് ഭാമ. അവളുടെ അച്ഛനും അമ്മയും ചെറുപ്പത്തിൽ മരിച്ചതിനാൽ പത്ത് വയസ്സ് മുതൽ ഭാമ ചെറിയമ്മയ്ക്കൊപ്പമാണ് താമസം.

ഭാമയ്ക്ക് വയസ്സ് ഇരുപത്തി അഞ്ചായി. ഭാനുമതിയുടെ വീട്ടിൽ അവൾക്ക് കഷ്ടപ്പാട് മാത്രമായിരുന്നു. ആ വീട്ടിലെ എല്ലാ ജോലികളും ചെറുപ്പം മുതലേ അവളൊറ്റയ്ക്കാണ് ചെയ്യുന്നത്. പഠിച്ച് നല്ലൊരു ജോലി വാങ്ങി അവിടുന്ന് രക്ഷപ്പെടണമെന്നായിരുന്നു അവളുടെ ആഗ്രഹം.

പക്ഷേ പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ മുതൽ ആ നാട്ടിലെ ജന്മിയായ വിശ്വനാഥന്റെ വീട്ടിൽ അടുക്കള പണിക്ക് അവർ ഭാമയെ പറഞ്ഞ് വിട്ടു. അവൾ പണിയെടുത്തു കിട്ടുന്ന കാശും ഭാനുമതി പിടിച്ചു വാങ്ങും.

സ്ത്രീധനമൊന്നും കൊടുക്കാൻ ഇല്ലാത്തത് കൊണ്ട് ഭാമയെ കല്യാണം കഴിക്കാൻ ആരും വന്നതുമില്ല. പത്ത് വർഷമായി അവൾ വിശ്വനാഥന്റെ വീട്ടിൽ ജോലിക്ക് പോകുന്നു. അയാളുടെ മകൻ കാശിനാഥൻ അത്യാവശ്യം തല്ല് കൊള്ളിത്തരമുള്ള സ്വാഭാവത്തിന് ഉടമയാണ്.

സ്ത്രീ വിഷയത്തിലും തല്പരനാണ് കാശി. ആഗ്രഹം തോന്നുന്ന പെൺകുട്ടികളെ ഏത് വിധേനയും തന്റെ കിടപ്പറയിൽ എത്തിക്കാൻ പ്രത്യേക കഴിവുള്ളവൻ.

അച്ഛൻ വിശ്വനാഥൻ മരണത്തോട് കൂടി കാശിനാഥൻ കൂടുതൽ വഷളനായി മാറി. ആകെ അവന് പേടിയുണ്ടായിരുന്നത് അച്ഛനെയായിരുന്നു. അമ്മ പറയുന്നതൊന്നും അവൻ കേൾക്കാറു പോലുമില്ല. അവന് വഴങ്ങി കൊടുക്കാതെ തെന്നി മാറി പോയവളാണ് ഭാമ. അന്ന് മുതൽ അവളെ സ്വന്തമാക്കാൻ മോഹിച്ചു നടക്കുകയാണ് കാശിനാഥൻ.

“നിങ്ങളുടെ പണവും സൗന്ദര്യവും കണ്ട് മയങ്ങുന്ന പെണ്ണല്ല ഭാമ. താലി കെട്ടുന്ന പുരുഷന് മുന്നിൽ മാത്രമേ ഈ ഭാമ ശരീരവും മനസ്സും പങ്ക് വയ്ക്കൂ. ” എന്നുള്ള അവളുടെ വാക്കുകൾക്ക് മുന്നിൽ പതറിപോയ കാശി അവളെ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു.

ദിവസവും രാവിലെ കുളിച്ച് അമ്പലത്തിൽ പോയി ഭഗവാനെ കണ്ട് തൊഴുതിട്ടാണ് ഭാമ പണിക്ക് പോയിരുന്നത്. സ്ഥിരമായി പൂജ ചെയ്തിരുന്ന തിരുമേനിക്ക് അസുഖം വന്ന് കിടപ്പിലായപ്പോ മുതൽ ഭഗവാന് പൂജചെയ്യാൻ വരുന്നത് തിരുമേനിയുടെ മകൻ വിഷ്ണുവാണ്.

ദിവസേനയുള്ള കണ്ട് മുട്ടലിലൂടെ ഭാമയ്ക്കും വിഷ്ണുവിനുമിടയിൽ ഒരിഷ്ടം ഉടലെടുത്തിരുന്നു. അച്ഛന്റെ അസുഖം ഭേദമായി കഴിഞ്ഞാൽ ഒരു താലികെട്ടി അവളെ കൂടെ കൂട്ടമെന്ന് അവൻ ഭാമയ്ക്ക് വാക്ക് കൊടുത്തിട്ടുണ്ട്.

അരക്ഷിതത്വം മാത്രം നിറഞ്ഞ ജീവിതത്തിൽ ഇത്തിരി സ്നേഹം തന്ന് കൂടെ കൂട്ടാൻ മനസ്സ് കാണിച്ച വിഷ്ണുവിനോട് അവൾക്കും അടങ്ങാത്ത പ്രണയമാണ്. തങ്ങൾ ഒന്നിച്ചുള്ള ജീവിതവും സ്വപ്നം കണ്ട് നടന്നിരുന്ന പാവം പെണ്ണിന് തലയ്‌ക്കേറ്റ അടിയായിരുന്നു കാശിനാഥനുമായുള്ള വിവാഹം.

കാശി വന്ന് പെണ്ണ് ചോദിച്ച് പോയതിന് പിന്നാലെ ഭാമ വീട്ട് തടങ്കലിൽ പെട്ടുപോയി. ഒരു രീതിയിലും വിഷ്ണുവിനെ വിവരമറിയിക്കാൻ അവൾക്ക് കഴിഞ്ഞില്ല. ഒടുവിൽ കാര്യങ്ങളെല്ലാം അറിഞ്ഞ് ഭാമയെ വിളിച്ചിറക്കി കൊണ്ട് പോകാനെത്തിയ വിഷ്ണുവിനെ വാസുവും മറ്റുള്ളവരും ചേർന്ന് അടിച്ച് അവശനാക്കി ഓടിച്ചു വിട്ടു. അവസാന ആശ്രയവും അടഞ്ഞുപോയ നിരാശയിൽ കണ്ണീരോടെ അവൾ ദിവസങ്ങൾ തള്ളി നീക്കി.

ഭഗവാന്റെ തിരുനടയിൽ വച്ച് കാശിനാഥന്റെ താലി ഏറ്റു വാങ്ങുമ്പോൾ വിങ്ങലടക്കാൻ കഴിയാനാവാതെ ഭാമ പൊട്ടിക്കരഞ്ഞു. എല്ലാം കണ്ടുകൊണ്ട് കാഴ്ചക്കാരനെ പോലെ നിൽക്കാനേ വിഷ്ണുവിനും കഴിഞ്ഞുള്ളു.

“ആരു പറഞ്ഞാലും കേൾക്കാത്തവനാ എന്റെ മോൻ. മോള് വേണം അവനെയിനി മാറ്റിയെടുക്കാൻ. കാശി ഒന്ന് നന്നായി ജീവിക്കുന്നത് കണ്ടിട്ട് വേണം സമാധാനത്തോടെ എനിക്ക് മരിക്കാൻ.” നിറഞ്ഞ പാൽ ഗ്ലാസ്‌ മരുമകൾക്ക് നൽകി കാശി നാഥന്റെ അമ്മ ദേവയാനി അത്‌ പറയുമ്പോൾ ഒന്നും മിണ്ടാതെ കുനിഞ്ഞ ശിരസ്സോടെ അവൾ ഗ്ലാസ്‌ വാങ്ങി മുറിയിലേക്ക് പോയി.

അവളെ കാത്തെന്നോണം അക്ഷമനായി മുറിയിലൂടെ ഉലാത്തുകയായിരുന്നു കാശി. സെറ്റ് സാരിയുടുത്തു മുല്ലപ്പൂ ചൂടി ഒരു ദേവതയെ പോലെ വരുന്നവളെ കണ്ണെടുക്കാതെ അവൻ നോക്കി നിന്നു. കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകളും നീറുന്ന ഹൃദയവും കാണാൻ അവന് കഴിഞ്ഞില്ല. ഭാമയുടെ സൗന്ദര്യത്തിൽ മതി മറന്ന് നിന്ന കാശി അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു.

“ഇന്ന് മുതൽ എല്ലാ അർത്ഥത്തിലും നീയെന്റെ സ്വന്തമായി കഴിയും ഭാമേ.”

“എന്റെ ശരീരം നിങ്ങൾക്ക് സ്വന്തമാക്കാൻ കഴിഞ്ഞേക്കും. പക്ഷേ ഈ ഭാമയുടെ മനസ്സ് അതെന്റെ വിഷ്ണുവിന് മാത്രം സ്വന്തമായിരിക്കും.”

“ആർക്ക് വേണം നിന്റെ മനസ്സ്… ഞാൻ മോഹിച്ചത് നിന്റെ ഈ ശരീരം മാത്രമാണ് ഭാമേ നിന്റെ ഈ കത്തുന്ന സൗന്ദര്യം എന്നെ വല്ലാതെ മത്തു പിടിപ്പിക്കുന്നുണ്ട്.”

“എന്നെ വെറുതെ വിട്ടൂടെ നിങ്ങൾക്ക്… നിങ്ങൾ മനസ്സ് വച്ചിരുന്നെങ്കിൽ എനിക്ക് ഞാൻ സ്നേഹിച്ചവനൊപ്പം തന്നെ ജീവിക്കാമായിരുന്നു.”

“നിന്നെ വെറുതെ വിടാനോ? കൊള്ളാം… എനിക്ക് മടുക്കും വരെ കൊതി തീരെ അനുഭവിക്കാൻ മാത്രമാ എനിക്ക് പിടി തരാതെ ഇടഞ്ഞു നിന്ന നിന്നെ ഒരു താലി ചരടിൽ ബന്ധിച്ചത്… ഇനിയും കാത്തിരിക്കാൻ എനിക്ക് വയ്യ ഭാമേ…” അത്രയും പറഞ്ഞ് കൊണ്ടവൻ അവളുടെ സാരിയിൽ പിടിച്ചു വലിച്ചു.

തോളിൽ കുത്തിയിരുന്ന പിന്നിൽ നിന്നും വേർപ്പെട്ട് സാരിയുടെ മുന്താണി മാറിൽ നിന്ന് ഊർന്ന് വീണതും അനാവൃതമായ അവളുടെ മാറിലേക്ക് കൊതിയോടെ അവൻ നോക്കി.

“അരുത്… എന്നെയൊന്നും ചെയ്യരുത്… എന്റെ സമ്മതമില്ലാതെ നിങ്ങളെന്നെ തൊട്ടാൽ പിന്നെ നാളത്തെ സൂര്യോദയം കാണാൻ ഈ ഭാമ ജീവനോടെ ഉണ്ടാവില്ല… എന്റെ കൃഷ്ണനാണെ സത്യം.” അവന്റെ കരവലയത്തിനുള്ളിൽ കിടന്ന് പിടഞ്ഞുകൊണ്ട് ഭാമ തേങ്ങി.

അത് കേട്ടതും കാശിയുടെ പിടി അയഞ്ഞു. അവന്റെ പിടുത്തം വിട്ടതും ഊർന്ന് പോയ സാരിയുടെ മുന്താണി അവൾ നേരെയിട്ട് കൊണ്ട്
അവന് മുന്നിൽ കൂപ്പു കൈകളോടെ മുട്ട് കുത്തി.

“വിഷ്ണുവിനെ ഞാൻ ഒത്തിരി സ്നേഹിച്ചു പോയി. അവനും ഞാനില്ലാതെ പറ്റില്ല. നിങ്ങളെ ഒരിക്കലും സ്നേഹിക്കാൻ എനിക്ക് കഴിയില്ല. എന്റെ എതിർപ്പിനെ അവഗണിച്ചു കൊണ്ട് നിങ്ങളെന്നെ സ്വന്തമാക്കാൻ ശ്രമിച്ചാൽ ആത്മാഭിമാനം നഷ്ടപ്പെട്ട പെണ്ണായി ഭാമ പിന്നെ ജീവിച്ചിരിക്കില്ല…

എനിക്കെന്തെങ്കിലും സംഭവിച്ചാൽ വിഷ്ണുവും ആത്മഹത്യ ചെയ്യും. നിങ്ങൾ മനസ്സ് വച്ചാൽ ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാം…” അവസാന പിടിവള്ളി എന്നോണം ഭാമ അവന്റെ കാൽപാദങ്ങളിൽ സ്പർശിച്ചു. അവളുടെ ചൂട് കണ്ണുനീർ പാദങ്ങളിൽ വീണപ്പോൾ അവിടം പൊള്ളുന്നത് പോലെ അവന് തോന്നി.

ആദ്യമായിട്ടാണ് ഒരു പെണ്ണ് തന്റെ കാൽക്കൽ വീണ് കേഴുന്നത്. ഒരു നിമിഷം അവന്റെ മനസ്സൊന്ന് ആർദ്രമായി. അന്ന് വരെ നയിച്ചിരുന്ന കുത്തഴിഞ്ഞ ജീവിതം ഓർത്ത് അവന് മനസ്താപം തോന്നി. താൻ മനസ്സ് വച്ചാൽ രണ്ട് ജീവനുകൾ രക്ഷപ്പെടുമെന്ന ചിന്തയിൽ കാശിനാഥൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.

“പൊയ്ക്കോ…” അത്ര മാത്രം പറഞ്ഞു കൊണ്ട് അവൾക്ക് പോകാനായി അവൻ വാതിൽ തുറന്ന് കൊടുത്തു.

അവിശ്വസനീയതയോടെ തന്നെ നോക്കി നിൽക്കുന്നവളെ നോക്കി കാശിയൊന്ന് പുഞ്ചിരിച്ചു.

“പേടിക്കണ്ട… വിശ്വസിക്കാം. എന്റെ മനസ്സ് മാറുന്നതിനു മുൻപ് വേഗം പൊയ്ക്കോ.” അത് കേട്ടതും നന്ദിയോടെ അവനെ നോക്കി കൈകൂപ്പി ഭാമ പുറത്തേക്ക് ചുവടുകൾ വച്ചു.

അവളെ കാത്തെന്നോണം പുറത്ത് കാത്ത് നിൽക്കുകയായിരുന്ന വിഷ്ണുവിനെ കണ്ട് ഭാമ അമ്പരന്നു.

“ഞാൻ വരുമെന്ന് എങ്ങനെ മനസ്സിലായി…”

“എന്റെ മനസ്സ് പറഞ്ഞു… നമ്മുടെ പ്രണയം സത്യമാണെങ്കിൽ എന്ത് തടസ്സമുണ്ടായാലും നീയെന്റെ അരികിൽ എത്തുമെന്ന് എനിക്ക് തോന്നി.”

“ഞാൻ വന്നില്ലായിരുന്നെങ്കിലോ?”

“എങ്കിൽ നാളത്തെ സൂര്യോദയം കാണാൻ ഞാൻ ഉണ്ടാവില്ലായിരുന്നു. കാരണം എന്റെ ഭാമയും ഉണ്ടാവില്ലെന്ന് എനിക്കുറപ്പായിരുന്നു.” വിഷ്ണുവിന്റെ വാക്കുകൾ കേട്ടതും ഒരേങ്ങലോടെ ഭാമ അവനെ ഇറുക്കെ പുണർന്നു. അവളെ ചേർത്ത് പിടിച്ചുകൊണ്ട് വിഷ്ണു മുന്നോട്ട് നടന്നു.

ഇരുളിലൂടെ ഇരുവരും പോകുന്നതും നോക്കി നിറഞ്ഞ കണ്ണുകൾ തുടച്ച് തന്റെ മട്ടുപാവിൽ കാശിയും ഉണ്ടായിരുന്നു.