അല്ല മോനേ അനക്ക് ഓളെ ഇഷ്ട്ടപെടുമെന്ന് ഞാൻ വിചാരിച്ചില്ല, ഞാൻ പോലും അറിയാതെ..

കളർഫുൾ
(രചന: ഷെർബിൻ ആന്റണി)

നാരായണേട്ടൻ മുണ്ടും മടക്കി കുത്തി തോട് ചാടി വരുന്നത് കണ്ടപ്പോഴേ ഞാൻ വീട്ടിനുള്ളിലേക്ക് പാഞ്ഞു.

നാട്ടിലെ അറിയപ്പെടുന്ന കല്ല്യാണ ബ്രോക്കറാണ് ഈ ചങ്ങായി. പക്ഷേ എൻ്ററിവിൽ ഇന്ന് വരെ പുള്ളി മുഖാന്തിരം ഒരു കല്ല്യാണം നടന്ന് ഇത് വരെ കണ്ടിട്ടില്ല.

അഞ്ചാറ് വീട്ടില് പുള്ളിയോടൊപ്പം ചായ കുടി പരിപാടിക്ക് പോയിട്ടുണ്ടെങ്കിലും എല്ലാം തഥൈവാ നടപ്പ് മാത്രം മിച്ചം. ഇപ്പോ എവിടെ വെച്ചെങ്കിലും പുളളിക്കാരനെ കാണുമ്പോഴേ ഞാൻ മുങ്ങാറാണ് പതിവ്.

മുറ്റത്ത് വന്ന് കിതച്ചോണ്ട് മറിയാമ്മച്ചേട്ടത്തിയേ…. ഏട്ടത്തിയേന്ന് വിളിച്ചതും അമ്മ വിളി കേട്ട് പുറത്തേക്ക് ചെന്നു.

ഓനില്ലേ അകത്ത്….? ഒന്നിങ്ങ് വിളിച്ചേ ഒരത്യാവശ്യ കാര്യം ണ്ടാര്ന്നു.

കേട്ടപ്പാതി കേൾക്കാത്ത പാതി അമ്മ എന്നെ വിളിക്കാൻ അകത്തേക്കും. അന്നേരം മേശയ്ക്കടിയിൽ ഒളിക്കണോ കട്ടിലിനടിയിൽ പതുങ്ങണോന്നുള്ള ചിന്തയിലായിരുന്നു ഞാൻ.

ഗത്യന്തരമില്ലാതെ വെളിയിലേക്ക് ചെന്നു. അല്ല ഇതാര് നാരാണേട്ടനോ….. അകത്തേക്ക് കേറീരിക്കിൻ. വളിച്ച ഒരു ചിരിയും മുഖത്ത് ഫിറ്റ് ചെയ്യ്ത് ഞാൻ ഉമ്മറത്തേക്ക് ചെന്നു.

മോനേ….നീ എന്നെ ഒന്ന് സഹായിക്കണം.

ഈശ്വരാ കാശ് വല്ലതും ചോദിക്കാൻ വന്നതാണോ ഈ പഹയൻ…!ഉള്ളിലെ സംശയം പുറത്ത് കാണിക്കാതെ ചോദിച്ചു എന്നതാ കാര്യം നാരായണേട്ടാ…?

കഴിഞ്ഞതിൻ്റെ ഓണത്തിന് ഹംസക്കോയാൻ്റടുത്ത് നിന്ന് പതിനായിരം കായ് വാങ്ങിയിരുന്നു. അഞ്ച് മാസം കഴിഞ്ഞപ്പോൾ പലിശയടക്കം പന്തീരായിരത്തിനും മേലേയായി.

എന്നിട്ട്….??

ഹംസാക്ക കായ് ചോദിച്ച് വന്നപ്പം വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട് മ്മട ചാക്കോ മുതലാളീടടുത്ത് നിന്ന് പലിശയ്ക്കെടുത്ത് ഇക്കാന് കൊടുത്തു.

അപ്പോ എല്ലാം സോൾവായീല്ലേ….? ഞാനിടയ്ക്ക് കയറി.

ഇല്ലാന്നേ…ചാക്കോ മുതലാളിക്ക് തിരിച്ച് കൊടുക്കാൻ വീണ്ടും ഹംസാക്കാനോട് വാങ്ങേണ്ടി വന്നു. മ്മള് കായ് കൃത്യമായിട്ട് കൊടുക്കുന്നത് കൊണ്ട് ഓര്ക്ക് തരാനും മടിയില്ലാര്ന്നു.

വീണ്ടും ഇക്കാന് കൊടുക്കാനായി ചാക്കോ മുതലാളീനെ തന്നെ കാണേണ്ടി വന്നു.

എന്നിട്ട് മുതലാളി തന്നായിരുന്നോ….?

തരാതിരിക്കാനോ…. നല്ല കളി. മ്മക്ക് വാക്കിന് നേരും നെറിയുമുള്ള കാര്യം മുതലാളിക്ക് മുന്നേ ബോധിച്ചതാണല്ലോ.

അല്ല നാരയണേട്ടാ എന്നിട്ടിപ്പോ എന്താ പ്രശ്നം….?

വഴിക്ക് വെച്ച് കണ്ടപ്പോൾ മുതലാളി കായ് ചോദിച്ചാർന്നു. മ്മക്ക് പേടിക്കാനില്ലല്ലോ കൂടെ ഹംസക്കാനല്ലേ ഉള്ളത്.

ആ ധൈര്യത്തില് മ്മള് ഓൻ്റടുത്ത് ചെന്നപ്പം കൈ മലത്തി കാണിച്ചിട്ട് ഓൻ പറയ്കാ മോള്ടെ നിക്കാഹായീന്ന്. മ്മക്കത് ബല്ലാത്ത ശോക്കായി പോയി മോനേ.

അപ്പോ ഇങ്ങേര് കാശ് ചോദിക്കാൻ വന്നത് തന്നെ ഞാനുറപ്പിച്ചു. അല്ല നാരായണേട്ടാ…. അപ്പോ മുതലാളിക്ക് കൊടുക്കാൻ കാശ്ശിനെന്ത് ചെയ്യും….? ഞാൻ ആശ്ചര്യ ഭാവം ഫിറ്റ് ചെയ്യ്തു.

അൻ്റെ കൈയ്യിൽ ഒന്നും കാണൂല്ലെന്നെനിക്കറിയാം. ഉണ്ടായ്ര്ന്നേ ചോയ്ക്കും മുന്നേ തരൂന്നുമറിയാം.

ഹോ… ലോകത്ത് ഒരാളെങ്കിലും എന്നെ മനസ്സിലാക്കുന്നുണ്ടല്ലോ…. അപ്പോ പിന്നെ ഇങ്ങേര് എന്നെ കാണാൻ വന്നതെന്തിനാണാവോ നിഷ്കളങ്ക ഭാവത്തിൽ ഞാനങ്ങേരെ നോക്കി.

ഒന്നുമല്ലേലും നീ CA വരെ പഠിച്ചതല്ലേ മോനേ…. അൻ്റെ തലേല് എന്തേലും കാണുമല്ലോ.

അതെനിക്കൊന്ന് സുഖിച്ചു. ലേശം ഗൗരവ ഭാവത്തില് ഞാൻ ചോദിച്ചു അല്ല നാരായണേട്ടാ മുതലാളിക്ക് ഇപ്പോ എത്രയാ കൊടുക്കാനുള്ളത്…?

പലിശേം മുതലും എല്ലാം ചേർത്ത് ഇരുപത്തയ്യായിരം ണ്ട്മോനേ…. ആ ദീർഘനിശ്വാസത്തിന് ഒരാശ്വാസം പകരാനായി ഞാൻ തല പുകച്ചു.

അല്ല നാരായണട്ടാ…. ഇങ്ങള് ഹംസക്കാൻ്റന്ന് വാങ്ങി ചാക്കോ മുതലാളിക്കും, മുതലാളീടേന്ന് വാങ്ങി ഇക്കാനുമല്ലേ കൊടുത്തത്….?

അതേ മോനേ…. അതിനകത്ത് നിന്ന് ഞാൻ അഞ്ച് കാശെടുത്തിട്ടില്ല. നാരായണേട്ടൻ വിനീതനായി.

അപ്പോ പിന്നെ ഇങ്ങക്ക് പ്രശ്നമൊന്നുമില്ല. അത് കേട്ടതും നാരായണേട്ടൻ്റെ കണ്ണുകൾ വിടർന്നു.

ഇങ്ങള് നേരെ പോയി ഹംസാക്കാനേം കൂട്ടി മുതലാളിടെ വീട്ടിലേക്ക് ചെല്ലിൻ. ഓര് തമ്മിലുള്ള ഇടപാട് അവര് തീർക്കട്ടേ ഇങ്ങളെന്തിനാ ഇടയില് കിടന്ന് ടെൻഷനടിക്കുന്നത്.

ങേ….അതെങ്ങനെ ശരിയാകും ചോദിക്കുന്നതിനു മുന്നേ നാരായണേട്ടൻ്റെ കണ്ണ് രണ്ടും തുറിച്ച് വെളിയിലേക്ക് വന്നു. ഇയ്യ് എന്നെ വെച്ച് കോമഡി ആക്കാതെ വേറെ വല്ല ബുദ്ധീം പറഞ്ഞ് താ പഹയാ.

നാരയാണട്ടേൻ്റെ ആ ഭാവം കണ്ട് അറിയാതെ ചിരിച്ച് പോയി.

ഇയ്യ് മനസ്സ് വെച്ചാൽ ഞാൻ രക്ഷപെടും. അത് പറഞ്ഞിട്ട് നാരായണേട്ടൻ തല കുമ്പിട്ടിരിന്നു.

ഓഹോ എന്തോ കുരിട്ട് ബുദ്ധീം ഒപ്പിച്ചോണ്ടാണ് ഇങ്ങേരുടെ വരവ്, എന്നിട്ട് എന്നോട് ഐഡിയ ചോദിക്കുന്നു.

അതും മനസ്സിലോർത്തിട്ട് ഞാൻ പറഞ്ഞു സംഗതി തെളിച്ച് പറ നാരായണേട്ടാ…

അത് പിന്നെ… ആ കൊച്ചിന് അന്നെ പെരുത്തിഷ്ട്ടമാടോ….

ഇത്തവണ പുറത്തേക്ക് വന്നത് എൻ്റെ കണ്ണായിരുന്നു. ഏത് കൊച്ചിന്….?

ചാക്കോ മുതലാളീടെ വീട്ടീന്ന് കാശ് വാങ്ങാൻ ആദ്യമായ് ചെന്നപ്പോൾ അങ്ങേരില്ലായിരുന്നു അവിടെ. മൂപ്പരുടെ മോള് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഞങ്ങള് തമ്മിൽ സംസാരിക്കുന്നതിനിടയിൽ പല പ്രാവശ്യം ഓള് നിന്നെ പറ്റി തിരക്കിയപ്പോഴേ എനിക്ക് കാര്യം മനസ്സിലായി തുടങ്ങിയിരുന്നു. ഓൾക്ക് പണ്ട് മുതലേ അന്നെ പെരുത്തിഷ്ട്ടമായിരുന്നു പോലും.

എന്നിട്ടെന്തേ ഇങ്ങളിതുവരെ എന്നോടൊന്നും പറയാതിരുന്നേ….? എനിക്കപ്പോഴും ആശ്ചര്യമായിരുന്നു.

അൻ്റത്രേം ചന്തോന്നും ഓൾക്കില്ലല്ലോ. പക്ഷേങ്കില് നല്ല മനസ്സാ ഓൾക്ക്. കെട്ടി കൂടെ കൊണ്ട് നടക്കുമ്പോ ചേർച്ച പോരാന്ന് അനക്ക് തോന്നിയാലോ…

നാരായണേട്ടാ…. കെട്ടി കൂടെ കൊണ്ട് നടക്കുന്നോളെ നമ്മള് മനസ്സറിഞ്ഞ് സ്നേഹിക്കുമ്പോഴും അവളെ കെയറ് ചെയ്യുമ്പോഴും താനേ വന്നോളും ഓൾക്ക് സൗന്ദര്യം.

അല്ല മോനേ…. അനക്ക് ഓളെ ഇഷ്ട്ടപെടുമെന്ന് ഞാൻ വിചാരിച്ചില്ല.

ഞാൻ പോലും അറിയാതെ ഒരുത്തി എന്നെ ആത്മാർത്ഥമായി സ്നേഹിക്കുമ്പോൾ എനിക്കവളെ ഇഷ്ട്ടപ്പെടാതിരിക്കാൻ പറ്റുമോ…

കറുത്തിട്ടാണെങ്കിലും ഓള് മിടുക്കിയാ.

നിറത്തിലൊന്നും വല്യ കാര്യമില്ല നാരായണേട്ടാ. സ്നേഹിക്കുന്ന മനസ്സുകൾ ഒത്ത് ചേരുമ്പോഴല്ലേ ജീവിതം കളർഫുള്ളാകുന്നത്.

ഇപ്പഴാ എനിക്ക് സമാധാനമായത്. നാരയാണേട്ടൻ ഒരു ദീർഘനിശ്വാസമെടുത്തു.

അല്ല… അപ്പോ ഇങ്ങടെ കാശിൻ്റെ കാര്യം എങ്ങനാ….?

അതിനൊരു വഴി ഒപ്പിച്ചിട്ടാ ഞാനീ വരുന്നത്. ഒന്നുറക്കെ ചിരിച്ചിട്ട് നാരയണേട്ടൻ തുടർന്നു. മുതലാളിക്ക് കാശ് കൊടുക്കാൻ തരമില്ലാതായപ്പോൾ ഞാനങ്ങേരുടടുത്ത് ഒരു വിദ്യയിറക്കി.

അതെന്ത് വിദ്യ….?

മുതലാളിയോട് കാര്യം അവതരിപ്പിച്ചു. അങ്ങേര് ഓളെ വിളിച്ച് തിരക്കിയപ്പോൾ ഓളും ഒറ്റക്കാലിൽ നിന്ന് പറഞ്ഞു. കെട്ടുന്നുണ്ടെങ്കിൽ അത് അന്നെ തന്നെ ആയിരിക്കുമെന്ന്.

അവസാനം മുതലാളി എൻ്റടുത്ത് വന്ന് കൈ പിടിച്ചിട്ട് പറഞ്ഞു. നീ ഓൻ്റെ മനസ്സ് ഒന്നറിയണം. ഓനെ കൊണ്ട് എങ്ങനേലും സമ്മതിപ്പിക്കണം നാരായണാ. എനിക്ക് എൻ്റെ മോളെന്ന് വെച്ചാൽ ജീവനാണെന്ന്.

ഓൻ മ്മട ചെക്കനാ മുതലാളീ. സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു.

പിന്നെ ഈ കല്ല്യാണത്തിന് ബ്രോക്കറ് കാശ് വേണ്ടെന്നും ഞാൻ അങ്ങേർക്ക് വാക്ക് കൊടുത്തു…. അതും പറഞ്ഞ് നാരയണേട്ടൻ എന്നേം കെട്ടിപ്പിടിച്ച് പൊട്ടിച്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *