ഒരുറക്കം കഴിഞ്ഞപ്പോൾ റൂമിലൊരു ടോർച്ച് വെട്ടം, രണ്ട് കൈ കൊണ്ട് മുഖം ഇറുക്കി അടച്ചിട്ട്..

ഹൊറിബിൾ
(രചന: ഷെർബിൻ ആന്റണി)

പായും തലയണയും മുതുകത്ത് വീണ കാര്യം പുറത്ത് പറയാതിരിക്കാൻ അവളെ ഒന്ന് സോപ്പിടാൻ ഞാൻ തീരുമാനിച്ചു.

പിള്ളേരൊക്കെ സ്കൂളിലും അമ്മച്ചി തലേ ദിവസം കണ്ട അതേ സീരിയലിൻ്റെ പുന:സംപ്രേഷണത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോന്നുള്ള തിരക്കിൽ Tv യിൽ നിന്ന് കണ്ണെടുക്കുന്ന മട്ടില്ല. അവൾ അടുക്കളയിലും.

ഇത് തന്നെ തക്കമെന്ന് ഞാനും കരുതി. ഗ്യാസ് സ്റ്റൗവിൽ കറി വെക്കുന്ന തിരക്കിലായിരുന്നു അവൾ.

സിനിമകളിലൊക്കെ കാണുന്നത് പോലെ പുറകിലൂടെ ഒരു കെട്ടിപ്പിടുത്തം ഞാൻ പ്ലാൻ ചെയ്തു.

പെട്ടെന്നെങ്ങാനും അമ്മച്ചി വലിഞ്ഞ് കേറി വന്ന് സീൻ കുളമാകാതിരിക്കാൻ തിരിഞ്ഞ് നോക്കി കൊണ്ടാണ് ഞാൻ അവൾ നിന്നിരുന്ന സ്റ്റൗവിനടുത്തേക്ക് ചെന്നത്.

ഞാൻ വരുന്നതോ കെട്ടിപ്പിക്കുന്നതോ അറിയാതെ അവൾ അടുപ്പത്തിരുന്ന കറിക്ക് ഉപ്പിടാൻ ടിന്നെടുക്കാൻ തിരിഞ്ഞു.

ഇതറിയാതെ അവൾ അവിടെ തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് തിരിഞ്ഞ് നോക്കി ചെന്ന എൻ്റെ കൈ രണ്ടും വായുവിൽ മാന്തി നേരെ ചെന്ന് വീണത് ചൂടുള്ള മത്തി കറിയിലും.

മൂടിയില്ലാത്ത ചട്ടിയിലേക്ക് കൈച്ചെന്ന് വീണതും മീനൊക്കെ ഭ്ളും എന്ന് ചാടുന്നത് പോലെ കുറച്ച് ചാറ് എൻ്റെ മുഖത്തേക്കും.

ഭാഗ്യത്തിന് ഉപ്പ് എടുക്കാൻ തിരിഞ്ഞ അവൾ ഇതൊന്നും കണ്ടില്ല.

കാണുന്നതിനു മുന്നേ സ്കൂട്ടാവാൻ തുടങ്ങിയ അവൾ എന്നോട് ചോദിച്ചു. നിങ്ങളെന്തിനാ മനുഷ്യാ ഇറച്ചി കടയില് പട്ടി നില്ക്കുന്നത് പോലെ ഇവിടെ കിടന്ന് കറങ്ങുന്നതെന്ന്.

അവൾക്ക് മുഖം കൊടുക്കാതെ ഞാൻ തിരിഞ്ഞ് നിന്നിട്ട് പറഞ്ഞു കൂട്ടാൻ വെന്തോന്ന് നോക്കാൻ വന്നതാണെടീ.

അത്രയും നേരം ഇളക്കിയ കയിലിന് നേരെ വിരല് ചൂണ്ടിയിട്ട് അവള് പറഞ്ഞു. ദേ അതെടുത്തിട്ട് ഇളക്കി എരിവും നോക്കിയേര്.

വോ…. വേണോന്നില്ല. മുഖത്ത് വീണ മത്തി ചാറ് അവള് കാണാതിരിക്കാൻ പാട് പെട്ടു തിരിഞ്ഞ് നടന്നു.

മുഖം കഴുകി ഹാളിലേക്ക് ചെന്നപ്പോൾ അമ്മച്ചി അവിടിരുന്ന് പിറുപിറുക്കുന്നു.

ആ പാവം വെള്ളം കുടികാരൻ രാജി ൻ്റെ തലയിലല്ലായിരുന്നു ഇവനെ പോലുള്ളവൻ്റെ മുഖത്തായിരുന്നു മീൻ കറി കോരി ഒഴിക്കേണ്ടതെന്ന്….

ഇതിപ്പോ സീരിയലിലുള്ളവനെയാണോ അതോ എന്നെ തന്നെയാണോ…?

കെട്ടിയോളുമാരുടെ വാലേൽ തൂങ്ങി നടക്കുന്നവനെയൊക്കെ തെരണ്ടി വാലിന് അടിക്കണമെന്നും കൂടി കേട്ടപ്പോൾ ഞാൻ പതുക്കെ പുറത്തേക്കിറങ്ങി.

മുൻ വാതിലിൻ്റെ വിടവിൽ കൂടി അമ്മച്ചിയെ നോക്കി. സീരിയല് കാണുന്നത് പോലെ എന്നെ പ്രാകുകയാണോ…??

രാത്രി കിടക്കുമ്പോഴും അമ്മച്ചി ആരെയാണ് പറഞ്ഞതെന്ന എൻ്റെ സംശയം മാറിയിട്ടില്ലായിരുന്നു. ലൈറ്റ് ഓഫാക്കിയപ്പോഴാണ് തലേ ദിവസത്തെ കാര്യം ഓർമ്മ വന്നത്.

അവളറിയാതെ ടോർച്ചെടുത്ത് അലമാരയുടെ മുകളിലേക്ക് അടിച്ച് നോക്കിയപ്പോൾ, പായും തലയണയുമൊക്കെ ഞാനെടുത്ത് മാറ്റിയെന്ന് അവളുടെ ഓർമ്മപ്പെടുത്തൽ…

ഇവളിതുവരെ ഉറങ്ങിയില്ലാർന്നോ..?

നമ്മുടെ മുറിയില് എലിയുണ്ടെന്നാണ് തോന്നണത് എന്നവൾ.

അതെന്താടി നിനക്കങ്ങനെ തോന്നാൻ…??

നിങ്ങളുടെ തലയണയുടെ മൂല ഭാഗമൊക്കെ കടിച്ച് പറിച്ച് വെച്ചിട്ടുണ്ട്. തൊരപ്പനാണെന്ന് തോന്നുന്നു. കപ്പയ്ക്ക് പകരം പഞ്ഞിയാണോ എലി തിന്നുന്നതിപ്പോൾ…? അവൾ നിർത്തുന്ന മട്ടില്ല.

കറണ്ട് തിന്നുന്ന എലികളല്ലേ ചിലപ്പോൾ പവർ കട്ടായത് കൊണ്ട് പഞ്ഞി തിന്ന് വിശപ്പടക്കിയതായിരിക്കും.

യെടീ അത് ആ കറണ്ടല്ല… കരണ്ട് തിന്നുമെന്നാണ്. എൻ്റെ മാതാവേ ഇവളൊക്കെ PSc പഠിച്ചിട്ട് എന്ത് കാര്യമാ ഉള്ളത്…

എലികൾക്കൊക്കെ ചെറിയ പല്ലല്ലേ മനുഷ്യാ പക്ഷേ തലയണയില് വലിയ പല്ലാണല്ലോ കാണുന്നത്. അവളുടെ സംശയം തീരുന്നില്ല.

ഇവൾ കം ടു ദി പോയൻറിലേക്കാണല്ലോ അടുക്കുന്നത് ദൈവമേ.

മിണ്ടാത് കിടക്കുന്നുണ്ടോ നീയ്. എൻ്റെ ഒച്ചയിൽ പേടിച്ച് പോയത് പോലെ അഭിനയിച്ച് അവളും കിടന്നു കൂടെ ഞാനും.

ഒരുറക്കം കഴിഞ്ഞപ്പോൾ റൂമിലൊരു ടോർച്ച് വെട്ടം. രണ്ട് കൈ കൊണ്ട് മുഖം ഇറുക്കി അടച്ചിട്ട് വിരലിനിടയിൽ കൂടി ഒരു കണ്ണ് തുറന്ന് നോക്കിയ ഞാൻ ഞെട്ടിപ്പോയി.

റൂമിനകത്ത് ദൂരെ മാറി നിന്ന് ആ രൂപം എൻ്റെ കട്ടിലിനടിയിലേക്ക് ടോർച്ചടിച്ച് നോക്കുന്നു. ടോർച്ചിലെ വെട്ടത്തിലേക്ക് നീണ്ട മുടികൾ പാറി വീണപ്പോളാത് ഒരു പെണ്ണാണെന്ന് മനസ്സിലായത്.

യക്ഷിയോ….? അതും ഒരു സത്യ കൃസ്ത്യാനിയുടെ വീട്ടിൽ….???

ഞാനെൻ്റെ ഇടത്തെ കൈയിൽ കഴുത്തിൽ കിടക്കുന്ന കൊന്തയിൽ പിടിച്ച് കൊണ്ട് മറ്റേ കൈ കൊണ്ട് കട്ടിലിൽ അവളെ പരതി. ഇല്ല കാണുന്നില്ല. അവൾ കട്ടിലില്ല….

അപ്പോഴാണ് ശൂന്നൊരു ശബ്ദത്തോടെ ടോർച്ച് പിടിച്ച് അവൾ അടുത്ത് പറയുന്നത്.

ലൈറ്റിട്ടാൽ എലി ഓടി കളയും അതാണ് ഞാൻ ടോർച്ച് തെളി നോക്കുന്നതെന്ന്.

ഹൊ…. ഇവളായിരുന്നോ. വരണ്ട തൊണ്ടയിലേക്ക് കുപ്പിയിലെ വെള്ളം ഒഴിച്ചപ്പോഴാണ് എനിക്ക് സമാധാനമായത്.

ഏതോ ദു:സ്വപ്നം കണ്ട് പല്ല് ഇറുമിയപ്പോൾ എലിയാണെന്ന് കരുതി അടുക്കളയിൽ പോയി അവളെന്നെ ചിരവയ്ക്ക് അടിക്കാത്തത് നന്നായി. ഭാഗ്യത്തിന് ടോർച്ചടിച്ചത് കട്ടിലിനടിയിലേക്കായിരുന്നു.

തൊരപ്പനും എൻ്റെ പോലത്തെ കോന്തൻ പല്ലാണോ ഈശ്വരാ…

Leave a Reply

Your email address will not be published. Required fields are marked *