ആമി
(രചന: ഷെർബിൻ ആൻ്റണി)
എനിക്ക് അവനോട് ഒത്തിരി സ്നേഹം തോന്നിയിട്ടുണ്ട് മനസ്സിൽ, പക്ഷേ ഞാൻ ഒന്നും തുറന്ന് പറഞ്ഞിട്ടില്ല. പിടിച്ച് വെച്ചു.
അവൻ ആദ്യം പറയട്ടേ…. അതല്ലേ അതിൻ്റെ ഒരിത്. ഇക്കാര്യത്തിൽ എല്ലാ പെണ്ണുങ്ങളേയും പോലേ പാലിൽ കോംപ്ലക്സ് ഇട്ട് കുടിച്ചാണ് ഞാനും വളർന്നത്.
അവൻ്റെ കവിതകൾ വായിച്ചാണ് ഞങ്ങൾ കൂട്ടാവുന്നത്. പ്രണയവും നിരാശയും അതി മനോഹരമായ് പറയുമായിരുന്നു.
പിന്നീട് ഞങ്ങൾ ചാറ്റിലൂടെ പരിചയപ്പെട്ടു. പൊതുവേ ഞാൻ ആരോടും അങ്ങോട്ട് പോയി മിണ്ടാറില്ല, പക്ഷേ ഇവൻ്റെ കാര്യത്തിൽ നേരേ മറിച്ചായിരുന്നു.
എൻ്റെ പേര് അഭിരാമി എന്നായിരുന്നെങ്കിലും അവനെന്നെ ആമി എന്നാണ് വിളിച്ചിരുന്നത്, അവനങ്ങനെ വിളിക്കുന്നതായിരുന്നു എനിക്കിഷ്ട്ടവും.
കുഞ്ഞിലെ അച്ഛനും അമ്മയും എന്നെ ആമീന്ന് വിളിച്ചായിരുന്നു കൊഞ്ചിച്ചിരുന്നത്.
എന്നോടുള്ള സ്നേഹവും ലാളനയും കുറയാതിരിക്കാനാവും ഒറ്റ മകളായ എന്നെ പൊന്ന് പോലേ വളർത്തിയത്. പക്ഷേ ആ സൗഭാഗ്യങ്ങൾക്കൊന്നും അധികം ആയുസ്സുണ്ടായിരുന്നില്ല.
ഒരു ആക്സിഡൻ്റിൻ്റെ രൂപത്തിൽ വിധി അവരെ എന്നിൽ നിന്നും അകറ്റി. പ്രായപൂർത്തി ആകും മുന്നേ അനാഥയായ തീർന്ന ഞാൻ പഠിച്ചതും വളർന്നതും ഓർഫനേജിലായിരുന്നു.
മികച്ച വിദ്യാഭ്യാസവും കഴിവും ഉള്ളത് കൊണ്ട് ജോലി കിട്ടാൻ അധികം അലയേണ്ടി വന്നില്ല. പക്ഷേ എന്നിൽ നഷ്ട്ടമായ സന്തോഷവും ശുഭാപ്തി വിശ്വാസവുമൊക്കെ തിരികെ വന്നത് അവനിലൂടെയാണ്.
അവൻ്റെ കവിതകൾ വായിക്കുന്നതിന് വേണ്ടി മാത്രമാണ് പലപ്പോഴും f b നോക്കിയിരുന്നതും.
ഒരിക്കൽ ഒരു കുഞ്ഞ് കവിത വായിച്ച് എനിക്ക് വല്ലാത്ത സന്തോഷം തോന്നി. കാരണം ആ കവിതയിൽ ഞാനായിരുന്നു,
എൻ്റെ മനസ്സിനുള്ളിലെ അറകളിൽ ഞാൻ പൂട്ടിയിട്ട മോഹങ്ങളായിരുന്നു അവൻ വരികളായി കുറിച്ചത്.
വീണ്ടും വീണ്ടും വായിക്കും തോറും അദ്ഭുതം കൂടി കൂടി വരുന്നു. കാരണം ഞങ്ങൾ തമ്മിൽ ചാറ്റിലൂടെ ഒത്തിരി സംസാരിച്ചിട്ടുണ്ടെങ്കിലും ഇതിലൊന്ന് പോലും ഞാൻ അവനോട് പങ്ക് വെച്ചിട്ടില്ല. അവനോടെന്നല്ല ആരോടും.
പിന്നെങ്ങനെ…..???
ടാ… കവിത സൂപ്പറായിരുന്നൂട്ടോ.
പതിവ് പോലേ അവനൊരു ലൗ ഇമോജി മാത്രം മറുപടി ഇട്ടു. എൻ്റെ മനസ്സ് വായിച്ചിട്ടുണ്ടെങ്കിൽ ഇവനോടുള്ള പ്രണയവും അറിഞ്ഞിരിക്കുമല്ലോ…? അവൻ്റെ ഉള്ളം ചികയനായ് ഞാനും തുടങ്ങി.
എങ്ങനെയാടാ ഇത്ര മനോഹരമായ് മറ്റൊരാളുടെ മനസ്സ് കട്ടെടുക്കുന്നത്…?
ചുമ്മാ മനസ്സിൽ തോന്നുന്നതൊക്കെ അങ്ങ് തട്ടിവിടും. അവൻ വളരെ സിംപിളായിട്ട് റിപ്ലൈയും തന്നു, അവനങ്ങനാ. അതുകൊണ്ടാണെന്ന് തോന്നുന്നു അവനോട് ചാറ്റ് ചെയ്യുവാൻ എനിക്കിഷ്ട്ടവും.
കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നിട്ട് അവൻ ചോദിച്ചു. അതേ എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു.
അത് വായിച്ചതും എൻ്റെ ഉള്ളം വെമ്പൽ പൂണ്ടു അതറിയാൻ തുടിച്ചു. അവനെന്നോടുള്ള ഇഷ്ട്ടം പറയാനായിരിക്കും ഞാനുറപ്പിച്ചു.
പറഞ്ഞോ… ഞാനും മറുപടി കൊടുത്തു.
കുറേ നാളായ് ചോദിക്കണമെന്നുണ്ടായിരുന്നു എന്ന്അവൻ വീണ്ടും.
ഒന്ന് വേഗം പറയെടാ എന്ന് തിരിച്ച് എഴുതണം എന്നുണ്ടായിരുന്നെങ്കിലും എൻ്റെ മനസ്സിനെ കടിഞ്ഞാണിട്ടിട്ട് ചോദിച്ചു.
എന്താണാവോ….?
അവൻ്റെ മറുപടി കാണാതായപ്പോൾ എൻ്റെ ക്ഷമ കെട്ടെങ്കിലും ഞാനത് പ്രകടിപ്പിച്ചില്ല.
ഹലോ… പോയോ..? വീണ്ടും ഞാൻ ചോദിച്ചു.
അല്പനേരത്തിന് ശേഷം അവൻ്റെ മറുപടിയെത്തി.
എടി നീ എഴുതാറുണ്ടോ….?
ങേ… ഇതായിരുന്നോ…?
എനിക്ക് അവനോട് ആദ്യമായ് ദേഷ്യം തോന്നിയതപ്പോഴാണ്. ഞാൻ വെറുതെ ഓരോന്ന് ചിന്തിച്ച് കൂട്ടി.
ഉം.. എഴുതാറുണ്ട് കണ്ണെഴുതാറുണ്ട്. ഉള്ളിലെ ദേഷ്യം അടക്കി കൊണ്ട് ഞാനവന് മറുപടി കൊടുത്തു.
കുറേ ചിരികളുള്ള ഇമോജി അവൻ മറുപടി ഇട്ടപ്പോൾ എൻ്റെ ഉള്ളിൽ ദേഷ്യത്തോടൊപ്പം സങ്കടവും കൈകോർത്തു.
എടാ ഒരു കാര്യം ചോദിക്കട്ടെ… നീ ഇത്ര നന്നായിട്ടൊക്കെ പ്രണയം എഴുതുന്നതല്ലേ, എന്നിട്ടെന്താ നിനക്കാരോടും പ്രേമം തോന്നാത്തത്….? രണ്ടും കല്പിച്ച് ഞാനവനോട് ചോദിച്ചു.
ആര് പറഞ്ഞു ഞാൻ പ്രേമിക്കുന്നില്ലെന്ന്….?
അവൻ്റെ മറുപടി എന്നെ വീണ്ടും ടെൻഷനാക്കി.
അതാരാടാ…? എന്നിട്ടെന്താ നീ ഇത് വരെ എന്നോടൊന്നും പറയാതിരുന്നത്…? ഇത്രയും നാൾ അടക്കി വെച്ചിരുന്നതൊക്കെ ഓരോന്നായി കെട്ട് പൊട്ടിച്ച് പുറത്തേക്ക് വരാൻ തുടങ്ങി.
ഞങ്ങൾ തമ്മിൽ ഇഷ്ട്ടത്തിലായിട്ട് കുറച്ചേ ആയുള്ളൂ അതാ നിന്നോട് പറയാതിരുന്നത്.
പിന്നീടുള്ള അവൻ്റെ ഓരോ മറുപടി വായിക്കുമ്പോഴും എൻ്റെ കണ്ണുകൾ അണ പൊട്ടി തുടങ്ങി.
അവൻ അവൻ്റെ കാമുകിയെ പറ്റി വർണ്ണിച്ച വരികളൊക്കെയും കവിതകളെക്കാളും മനോഹരമായാണ്. പക്ഷേ അതൊന്നും വായിച്ച് ആസ്വദിക്കാൻ എൻ്റെ കണ്ണുകൾ അനുവദിച്ചില്ല.
അവസാനം ഞാനവനോട് ചോദിച്ചു നിനക്കെന്താടാ എന്നോടിങ്ങനെയൊന്നും തോന്നാതിരുന്നത്….?
നിനക്ക് എന്നെ ഇഷ്ട്ടമായിരുന്നില്ലേ…? കണ്ണുകൾ തുടച്ച് അവൻ്റെ മറുപടികൾക്ക് വേണ്ടി ഞാൻ വെയ്റ്റ് ചെയ്തു.
നിന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു. പക്ഷേ നിൻ്റെ ഉള്ളിൽ അങ്ങിനെയൊന്നും ഇല്ലെങ്കിലോ എന്ന് കരുതിയാണ് പറയാതിരുന്നത്.
അവൻ്റെ മറുപടി വായിച്ച ഞാൻ ഞെട്ടി പോയി. ആര് പറഞ്ഞു എനിക്ക് നിന്നെ ഇഷ്ട്ടമല്ലെന്ന്…?
എനിക്ക് നിന്നെ ഒരുപാട് ഒരുപാട്… പക്ഷേ… ഞാനല്പം വൈകി പോയല്ലേടാ…?എൻ്റെ വിരലുകൾ അധിവേഗം കുതിച്ചു.
വൈകിയിട്ടൊന്നുമില്ലെടി. നീ പറഞ്ഞില്ലെങ്കിലും എനിക്കറിയാമായിരുന്നു നിനക്കെന്നെ ഇഷ്ടമാണെന്ന്.
പറയാതെയുള്ള ചില പറച്ചിലുകളിലൂടെ നമ്മുടെ പ്രണയം ഞാൻ ആസ്വദിക്കുകയായിരുന്നു ഇത്രയും നാൾ. പറഞ്ഞാൽ പിന്നേ അതിൻ്റെ ത്രില്ല് പോയില്ലേടീ….
എടാ ദുഷ്ടാ നീ എന്നെ കൊണ്ട് പറയിപ്പിക്കുകയായിരുന്നല്ലേടാ….?
ഇത്തവണ എൻ്റെ ചുണ്ടിൽ ഒഴുകിയെത്തിയ കണ്ണുനീരിന് മധുരമായിരുന്നു…