ആ പെണ്ണിനെ ഒന്ന് കൂടി കാണാൻ പറ്റുമോ ഹേമയെ, നല്ല കുട്ടി കറമ്പി അല്ല കുറുമ്പി വിനോദ് താനേ..

അങ്ങ് സൂര്യനസ്തമയ്ക്കുന്ന മലയിൽ ഇങ്ങ് ഹൃദയത്തിനരികെ
(രചന: Sebin Boss J)

“”’ മാഡം …നിങ്ങടെ കുക്കിനെ ഒന്ന് കാണാൻ പറ്റോ ?”

“‘ഒന്ന് പോയെ ചേട്ടാ ..ആളെ മെനക്കെടുത്താതെ ?”’ ക്യാഷ് ഡ്രോയിൽ നിന്ന് കണ്ണുപറിക്കാതെ അടുത്തയാൾക്ക് ബാലൻസ് കൊടുക്കുന്നതിനിടെ ആ സ്ത്രീ പറഞ്ഞപ്പോൾ വിനോദിന്റെ മുഖം വിളറി .

“” നല്ല ടേസ്റ്റ് ഉണ്ടായിരുന്നു .അതൊന്ന് നേരിട്ട് പറയാമെന്ന് കരുതി ചോദിച്ചതാണ് . സോറി …”” ചെറിയ കോപ്പയിൽ നിന്ന് ജീരകം എടുത്തുവായിലിട്ടുകൊണ്ടവൻ പറഞ്ഞു .

“”എടീ ….. നിന്റെ ഫുഡിന് ടേസ്റ്റ് ഉണ്ടന്ന് … മോനെ .. ഓട്ടോഗ്രാഫ് വേണോ ?”’ അടുക്കളയിലേക്ക് നോക്കി ഉച്ചത്തിൽ പറഞ്ഞ അവരുടെ സ്വരത്തിൽ പരിഹാസം .

“” മാഡം ..ഇവിടെ വരുന്ന കസ്റ്റമറോട് ഇങ്ങനെ ബിഹേവ് ചെയ്താൽ ആളുകൾ പിന്നെ കേറുമോ ?”’ വിനോദ് താഴ്മയായി തന്നെ ചോദിച്ചു

“‘ഓ..പിന്നെ വേണേൽ കേറിയാൽ മതി . താൻ എല്ലാ ഹോട്ടലിലും കുക്കിനെ കണ്ട് പറയാറുണ്ടോ പോലും…കുടുംബശ്രീ പെണ്ണുങ്ങടെ ഹോട്ടലിൽ കേറീട്ട് ഫുഡ് നല്ലതാണു പോലും .

പഞ്ചാരയടിക്കാൻ ഓരോന്ന് വന്നോളും . ഇതൊക്കെ കുറെ കണ്ടതാണ് മോനെ … സ്ഥലം വിട് ..സ്ഥലം വിട് “‘  അവരുറക്കെ പറഞ്ഞപ്പോൾ ഹോട്ടലിൽ ഉണ്ടായിരുന്നവർ പൊട്ടിച്ചിരിച്ചു .

വിനോദ് കുനിഞ്ഞ മുഖത്തോടെ പുറത്തേക്കിറങ്ങി . അകലെ കുന്നിൻമുകളിലേക്ക് ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ട് .

ടൗണിൽ നിന്ന് അറുപത് കിലോമീറ്റർ മാറിയുള്ള ഈ കുന്നിന്മുകളിലേക്ക് ആളുകൾ വരുന്നത് മനോഹരമായ സായാഹ്‌നം ആസ്വദിക്കാൻ മാത്രമാണോ ? തോന്നുന്നില്ല . ഈ ഹോട്ടലിലെ രുചിയേറുന്ന ഭക്ഷണം കഴിക്കാൻ കൂടി ആവണം .

കാരണം പാർക്കിങ്ങിൽ വണ്ടികൾ ഇട്ടിട്ട് ആളുകൾ നേരെ വരുന്നത് ഇവിടെക്കാണ് എണ്ണപ്പലഹാരങ്ങളും ചിപ്സും ഒക്കെ പാർസൽ വാങ്ങിക്കൊണ്ട് കുന്നിന്മുകളിലേക്ക് പോകുന്നു .

താനെപ്പോ വന്നാലും ഈ ഹോട്ടലിൽ ഇതേ തിരക്കാണ് . ഹോട്ടലിൽ നിന്ന് അരമണിക്കൂറോളം നടന്നെത്തണം വ്യൂ പോയന്റിൽ എത്താൻ. അവരിപ്പോഴെങ്ങും വരുമെന്ന് തോന്നുന്നില്ല . അപ്പച്ചിയുടെ വീട്ടിലൊന്ന് പോയാലോ ? ഇവിടുന്ന് പത്തുകിലോമീറ്ററെ ഉള്ളൂ . പോയി വരാൻ ഒരു മണിക്കൂർ എടുക്കും .അതിനുള്ളിൽ അവർ വന്നാൽ ?

വിനോദ് ഇന്നോവയുടെ നടുവിലെ സീറ്റിലേക്ക് കുഷ്യനിട്ടു മലർന്നു .താഴ്വാരത്തിൽ നിന്നടിക്കുന്ന സുഖമായ കാറ്റ് ..

“‘ചേട്ടാ …വായടച്ചു പിടിക്ക് ഈച്ച കേറും ..ഹഹഹ “”‘
ഒച്ചത്തിലൊരു ചിരിയും സംസാരവും കേട്ടപ്പോഴാണ് വിനോദ് കണ്ണ് തുറന്നത് . കയ്യിൽ ഓരോ കുട്ടകളുമായി രണ്ട് പെണ്ണുങ്ങൾ . അല്പം വെളുത്ത ഒരു പെണ്ണും ഇരുണ്ട കളറുള്ള ഒരുത്തിയും .

ചുമ്മാതല്ല കറുപ്പിന് ഏഴഴകാണെന്ന് പറയുന്നത് . വിനോദ് പുറത്തിറങ്ങി കുപ്പിയിൽ നിന്ന് വെള്ളമെടുത്തു മുഖം കഴുകി അവരെ തിരിഞ്ഞു നോക്കി . അവർ ആ ഹോട്ടലിന്റെ പുറകിലെ ചായ്പ്പിലേക്കാണ് കയറിയത് .

അയ്യോ അവർ ആ ഹോട്ടലിലെ അടുക്കളപ്പണിക്കാർ ആണെന്ന് തോന്നുന്നു…. അതെ … തലയിൽ നെറ്റ് കെട്ടിയിട്ടുണ്ട് ..ശ്ശൊ അവരോട് ചോദിക്കാമായിരുന്നു കുക്ക് ആരാണെന്ന് .

‘ ചേട്ടന് ഞങ്ങടെ സ്ഥലമൊന്നും ഇഷ്ടപ്പെട്ടില്ലേ ?വ്യൂ പോയന്റോന്നും കാണുന്നില്ലേ ?”’ കാർ കിടക്കുന്നതിന് അല്പം മാറിയുള്ള പാറക്കെട്ടിൽ ഇരുന്ന വിനോദ് ചോദ്യം കേട്ട് തിരിഞ്ഞു നോക്കി . അവരാണ് … മുൻപേ കണ്ടവർ . ഇപ്പോഴും കയ്യിൽ കുട്ടയുണ്ട്

“”ഇഷ്ടപ്പെട്ടു …ഞാൻ കുറേപ്രാവശ്യം വന്നത് കൊണ്ട് പോയില്ല മുകളിലേക്ക് . പിന്നെ അവർ പുതു ജോഡികളാണ് . ശല്യപ്പെടുത്തണ്ടന്ന് കരുതി .”” ശ്രീത്വം തുളുമ്പുന്ന ആ കറുത്ത പെണ്ണിന്റെ മുഖത്തേക്ക് നോക്കിയാണ് വിനോദ് പറഞ്ഞത്

“‘ ഓ .. ഞാനാണേ അന്നേരം കൂടെ പോയേനെ . “‘ ആ വെളുമ്പിയാണ് സംസാരമെല്ലാം . അടുക്കളയിലെ ചൂടിൽ നിന്നത് കൊണ്ടാകും മുഖത്ത് പൌഡർ ഒഴുകിയ പാടുകൾ . .
“” ചുമ്മാതല്ല നിങ്ങളെ മിമിക്രിക്കാർ കളിയാക്കുന്നത് ?”’

“‘ഞങ്ങളെയോ .? എന്ത് കളിയാക്കുന്നെതെന്ന്?” ആ വെളുത്ത പെണ്ണ് തിരിഞ്ഞു നിന്നവനെ നോക്കി .

“‘ അസൂയയും കുശുമ്പും പരദൂഷണവും . ഇതൊക്കെയല്ലേ കുടുംബശ്രീ പെണ്ണുങ്ങളെ കാണിക്കുമ്പോ മിമിക്രിക്കാർ കളിയാക്കുന്നത് “”

“‘പോ ചേട്ടാ ഞങ്ങൾ പാവങ്ങളാ “” അവൾ മുഖം വീർപ്പിച്ചു . കറുത്ത സുന്ദരിയുടെ ചുണ്ടിൽ വിരിഞ്ഞ ചെറുപുഞ്ചിരി അവൾ വിരൽ കൊണ്ട് മറച്ചു .

“‘ എന്നിട്ടാണോ ഞാൻ നിങ്ങടെ ഹോട്ടലിലെ ആ കാഷ്യർ ചേച്ചി ഒരു കാര്യം ചോദിച്ചപ്പോ എന്നോട് ചൂടായത് …””‘

“‘എടി .റാണീ ,… അവിടെയെന്നാ വായി നോക്കി നിൽക്കുവാ .. “” ഹോട്ടലിൽ നിന്നുച്ചത്തിൽ ആ കാഷ്യർ സ്ത്രീയുടെ ചോദ്യം

“‘അയ്യോ  ആണിമാഡം “” കറുത്ത പെണ്ണാദ്യം ചാടിയിറങ്ങി . അതിന്റെ മുന്നിലൂടെ മറ്റവളും .

“‘ കണ്ടോ കണ്ടോ ..ആ സ്ത്രീയുടെ ധാർഷ്ട്യം . അവരാണോ നിങ്ങടെ മുതലാളി “”‘ വിനോദ് കല്ലിൽ നിന്നെഴുന്നേറ്റ് അവരുടെ പുറകെ ഒതുക്കുകല്ലിറങ്ങി . അല്പം കുത്തനെയുള്ള ഇറക്കത്തിന് താഴെ വാഴയും വെണ്ടയും പടവലവുമൊക്കെ കായ്ച്ചു നിൽക്കുന്നു . മറ്റ് പച്ചക്കറികളും ധാരാളമുണ്ട് .

”’ ആഹാ  ഇതൊക്കെ നിങ്ങടെയാണോ ? ഒത്തിരി പച്ചക്കറികളുണ്ടല്ലോ ”” റോഡിലും താനിരുന്ന സ്ഥലത്തുമിരുന്നാൽ കാണത്തില്ലായിരുന്നു ആ പച്ചക്കറി തോട്ടം . വിനോദിന് ആ പച്ചക്കറി തോട്ടം കണ്ട് സന്തോഷമായി .

“‘ ഞങ്ങൾ പാട്ടത്തിന് സ്ഥലമെടുത്തു കൃഷി ചെയ്യുന്നതാ ചേട്ടാ . ഹോട്ടലിലേക്ക് വേണ്ടുന്ന പച്ചക്കറിയൊക്കെ ഇവിടുന്നാ “” ”’ ആ വെളുമ്പി പിന്നെയും

“‘പേരെന്താ നിങ്ങടെ ?” കോവൽ പന്തലിൽ നിന്ന് പിഞ്ചൊരെണ്ണം പറിച്ചു വായിലിട്ടിട്ട് വിനോദ് ചോദിച്ചു .

“‘ എന്റെ പേര് റാണി .. ഇവൾ ഹേമ “”

“‘ ഹേമയെന്താ മിണ്ടില്ലെ ?”’ വിനോദ് ആ കറുമ്പിയെ നോക്കി . അവൾ ചെറുതായി ഒന്ന് ചിരിച്ചിട്ട് വാഴക്കുലയിലേക്ക് നോക്കി .

“‘ വാഴക്കുല വെട്ടാനാണോ . ഇങ്ങ് താ “” വിനോദ് അവളുടെ കയ്യിലെ വാക്കത്തിക്ക് നേരെ കൈ നീട്ടി .

“‘ചേട്ടന് ഇതൊക്കെ അറിയാമോ “‘ റാണിയാണ്

“‘ ഹം “‘ മൂളിക്കൊണ്ട് വിനോദ് വാഴയിൽ ആഞ്ഞുവെട്ടി .

“‘അയ്യോ ….. ഇന്നാണി മാഡം ഞങ്ങളെ കൊല്ലും “‘ ആദ്യത്തെ വെട്ടിന് വാഴ രണ്ടായി താഴേക്ക് വീണപ്പോ റാണിയും ഹേമയും നെഞ്ചിൽ കൈവെച്ചുകൊണ്ട് വിനോദിനെ നോക്കി ..

“‘ ഞാൻ ..ഞാനെടുത്തോളാം കുല .. എത്രയെന്ന് പറഞാൻ മതി “”‘

“ഹഹഹഹ “”‘ രണ്ടായി ഒടിഞ്ഞു പോയ വാഴക്കുല നോക്കി വിനോദിന്റെ കൈകൂപ്പിയുള്ള നിൽപ്പും ഭാവവും കണ്ടപ്പോൾ ഹേമക്ക് ചിരി പൊട്ടി . റാണിയോടൊപ്പം അവളും പൊട്ടിച്ചിരിച്ചു .

“‘ ചേട്ടാ ഇത് കണ്ടോ ..ഇങ്ങനെ വേണം വെട്ടാൻ . “” കെട്ടി നിർത്തിയ വള്ളിക്ക് താഴെയായി ചെറുതായി വെട്ടിയിട്ട് വാഴ ചാഞ്ഞു വന്നപ്പോൾ കുലയിൽ പിടിച്ചു വാഴക്കുല വെട്ടിയെടുക്കുന്ന ഹേമയെ കാണിച്ചു റാണി പറഞ്ഞു .

“” അതിങ്ങു വെച്ചേരെ … ഇതിൽ കൂടുതൽ വരുമോ കുലക്ക് “” പോക്കറ്റിൽ നിന്ന് അഞ്ഞൂറിന്റെ ഒരു നോട്ടെടുത്തു നീട്ടിയിട്ട് വിനോദ് പറഞ്ഞു .

“”വേണ്ട … ഇത് കൊണ്ട് കറി വെച്ചോളാം . “” ഹേമ ആദ്യമായി വാ തുറന്നു .

“”നിങ്ങടെ മാഡം ഓടിക്കില്ലേ ..അതിങ്ങു തന്നേക്ക് .എന്താ അവരുടെ പേര്.. ആണിമാഡം ..അതെന്നാ അങ്ങനൊരു പേര് ? അവരുടെയാണോ ഹോട്ടൽ … ആരിക്കുമല്ലേ .. അതാ അവർക്കിത്ര ധാർഷ്ട്യം ”’

“‘ ഹേയ് … ആനിയമ്മ പാവമാ . ഇത്രേം ടൂറിസ്റ്റുകൾ വരുന്ന സ്ഥലമല്ലേ . അങ്ങനെ ഒക്കെ പെരുമാറിയില്ലേൽ അവന്മാർ തലയിൽ കയറിയിരുന്നു നിരങ്ങും ..ആട്ടെ ചേട്ടനെന്നാ ചോദിച്ചേ “”

“‘ആണോ ..ഓ ..സോറി …ഞാൻ .ഞാൻ നിങ്ങടെ കുക്കിനെ ഒന്ന് കാണാൻ പറ്റുമോന്ന് ചോദിച്ചതാ “”‘ വിനോദ് നടന്നകന്ന ഹേമയെ നോക്കി നിൽക്കുകയായിരുന്നു .

“‘എന്നാത്തിനാ ചേട്ടാ കെട്ടാൻ ആണോ ..ഹഹഹ “‘വായാടി റാണി പിന്നെയും

“‘കെട്ടാൻ ആണെങ്കിലോ ….””

“”കെട്ടാൻ ആണേൽ ഞാനാ കുക്ക് …”” സുമ അവനെ നോക്കി കണ്ണിറുക്കി .

“‘അല്ലെങ്കിൽ ?”’ വിനോദ് അവളെ നോക്കി

“” അല്ലെങ്കിൽ ..വെറുതെ നല്ല ഫുഡ് ആണെന്നൊക്കെ പറയാൻ ആണേൽ ആ പോയ ഹേമയാ കുക്ക് “‘

“‘സത്യം ”വിനോദിന്റെ കണ്ണുകൾ വിടർന്നു

“‘റാണീ …..”‘ വീണ്ടും ആനിമാഡത്തിന്റെ ഒച്ച ..

“‘ ചേട്ടാ ..വല്ല ചാൻസും ഉണ്ടേൽ പറയണേ ..ഞാൻ സുന്ദരി അല്ലെ ?”” റാണി കണ്ണിറുക്കി ചിരിച്ചിട്ട് ഹോട്ടലിന്റെ പുറകിലേക്കോടി .

വിനോദ് മൊബൈൽ എടുത്തു സമയം നോക്കി ..ആറാകുന്നു. അസ്തമയ സൂര്യന്റെ ചുവപ്പ് കിരണങ്ങൾ വണ്ടികളുടെ ഗ്ലാസിൽ അടിച്ചിട്ട് ആ ഭാഗമാകെ വർണ്ണവിസ്മയം ..

ആ പെണ്ണിനെ ഒന്ന് കൂടി കാണാൻ പറ്റുമോ ? ഹേമയെ …

നല്ല കുട്ടി . .. കറമ്പി ..അല്ല കുറുമ്പി .വിനോദ് താനേ ചിരിച്ചു .

”എന്താ ചേട്ടാ ആലോചിച്ചോ ? നമ്മക്ക് വല്ല ചാൻസുമുണ്ടോ ?”’

റാണിയുടെ ശബ്ദം കേട്ടാണ് ചോദ്യം കേട്ടാണ് വിനോദ് നോക്കിയത് .  ഹേമയുടെ ചിന്തയുമായി നടന്ന് ഹോട്ടലിന്റെ പിൻഭാഗത്തെത്തിയത് വിനോദറിഞ്ഞില്ല .

“‘ഏഹ് …ഞാൻ ..ചുമ്മാ “‘ വിനോദ് അടുക്കളയിലേക്കെത്തി നോക്കി .

അടുക്കളയിൽ മൂന്നാലു പെണ്ണുങ്ങൾ നല്ല സ്പീഡിൽ പണിയെടുക്കുന്നുണ്ട് . ഒരാൾ തേങ്ങാ ചിരകുന്നു , ഒരാൾ പപ്പടം വറുക്കുന്നു . റാണിയവനെ ഒന്നുകൂടി തിരിഞ്ഞു നോക്കി ചിരിച്ചിട്ട് അടുപ്പിലാളി കത്തുന്ന തീയിലേക്ക് വെട്ടിക്കൊണ്ട് വന്ന വാഴയില കാണിച്ചു വാട്ടാൻ തുടങ്ങി .

“” ഒന്ന് മാറുമോ ?”’  ചോദ്യത്തോടൊപ്പം അസാധ്യമായ മണം കൂടി വന്നപ്പോൾ വിനോദ് വെട്ടിത്തിരിഞ്ഞു .

ഒരു സ്റ്റീൽ പ്ളേറ്റിൽ മുളക് ചുട്ടരച്ച ചമ്മന്തിയുമായി ഹേമ … കൊതിപ്പിക്കുന്ന മണത്തോടെയുള്ള ആ പ്ളേറ്റിലേക്ക് നോക്കണോ അസ്തമയ സൂര്യനെ ലജ്ജിപ്പിക്കും പോലെയുള്ള ഹേമയുടെ പ്രസന്നത തുളുമ്പുന്ന മുഖത്തേക്ക് നോക്കണോയെന്നുള്ള ശങ്കയിൽ നിൽക്കവേ ഹേമ ഉള്ളിലേക്ക് കയറി

“‘ എന്താ ..തനിക്കെന്താടോ വേണ്ടേ ?”’

“‘ഏഹ് ..ഒന്നും വേ ….ഇച്ചിരി വെള്ളം കുടിക്കാൻ “”
ഒളിഞ്ഞും തെളിഞ്ഞും ഹേമയെ നോക്കിക്കൊണ്ടിരുന്നു വിനോദ് മുന്നിൽ ആനി മാഡം വന്നു നിന്നതറിഞ്ഞില്ല .

“”‘ ഇതാ വെള്ളം… തനിക്കെന്തെലും വേണേൽ മുൻവശത്തു വന്നു ചോദിച്ചോണം . ഇത് പെണ്ണുങ്ങൾ മാത്രം പെരുമാറുന്ന അടുക്കളയാണ് . വെറുതെ എന്റെ വായീന്ന് ഒന്നും കേൾപ്പിക്കരുത് ”
ആനി മാഡത്തിന്റെ വാക്കുകൾ കേട്ടപ്പോൾ വീണ്ടും പരവേശം. റാണി വായ പൊത്തിച്ചിരിക്കുന്നുണ്ട് ..

ഹേമയുടെ മുഖം വാടിയിട്ടുണ്ട്. താൻ വഴക്ക് കേട്ടപ്പോൾ അവൾക്ക് വിഷമമായിക്കാണുമോ. തിരിഞ്ഞു നടക്കുന്നതിനിടെ വീണ്ടും അടുക്കളയിലേക്ക് ഒരുവട്ടം കൂടി നോക്കിയ വിനോദിന് ആഹ്ലാദം അടക്കാനായില്ല .ഹേമ തന്നെനോക്കി നിൽക്കുന്നു . അവൻ കൈവീശി കാണിച്ചപ്പോൾ ഹേമ ഒന്ന് പുഞ്ചിരി വരുത്തി വീണ്ടും പണിയിലേക്ക് തിരിഞ്ഞു ..

“”’ ചേച്ചീ …എനിക്കും ..എനിക്ക് ഇന്ന് രണ്ടെണ്ണം വേണം മനുക്കുട്ടന് പനിയാ “”

” തിരക്ക് പിടിക്കല്ലേ ..എല്ലാർക്കും തരാം “” പിള്ളേരുടെ കലപിലാ ശബ്ദം കേട്ടാണ് കാറിലിരുന്ന വിനോദ് വീണ്ടും ഹോട്ടലിലേക്ക് കണ്ണ് തിരിച്ചത് .

പത്തുപന്ത്രണ്ട് കുട്ടികൾ . അവർക്ക് പൊതി വിതരണം ചെയ്യുകയാണ് ഹേമയും റാണിയും മറ്റൊരു സ്ത്രീയും . വിനോദ് മെല്ലെ അങ്ങോട്ട് നടന്നു . സൂര്യന്റ വെളിച്ചം അസ്തമിച്ചു തുടങ്ങി . ആളുകൾ പാർക്കിങ്ങിലേക്ക് നടക്കുന്നു . ചിലർ ഹോട്ടലിലേക്കും .

”” രണ്ട് പൊതിച്ചോറ് “”‘ ഒരാൾ
പൊതിച്ചോറിന് പറയുന്നത് കേട്ടപ്പോൾ വിനോദ് തിരക്ക് കൂട്ടുന്ന പിള്ളേരുടെ ഇടയിലൂടെ അകത്തേക്ക് കയറി .

“‘എനിക്കും ഒരൂണ് “”

“‘ തീർന്നു …”‘ ടേബിളിലെ വെള്ളപ്പേപ്പറിൽ എഴുതിയ എണ്ണത്തിന് നേരെ ടിക്ക് ഇട്ടുകൊണ്ട് ആണിമാഡം മുഖമുയർത്താതെ പറഞ്ഞപ്പോൾ വിനോദിന് ദേഷ്യം വന്നു ..

“‘അപ്പോൾ ഈയിരിക്കുന്നതോ ?”” ഹോട്ടലിനുള്ളിൽ മേശപ്പുറത്തു വെച്ചിരിക്കുന്ന വലിയ വല്ലത്തിൽ അടുക്കിയടുക്കി വെച്ചിരിക്കുന്ന പൊതിച്ചോറുകൾ ചൂണ്ടി അവൻ സംയമനം പാലിച്ചു ചോദിച്ചു .

“‘ ഓ താനാണോ ? അത് കൊടുക്കാൻ വെച്ചേക്കുന്നതല്ല “‘  അത്രമാത്രം പറഞ്ഞിട്ട് അവർ ക്യാഷ് എണ്ണാൻ തുടങ്ങിയപ്പോൾ അവനു ദേഷ്യം അണപൊട്ടി

”’ തനിക്കിനിയെന്താ വേണ്ടേ ?”’ വീണ്ടും മുഖമുയർത്തി കനത്ത സ്വരത്തിൽ ആനി മാഡം ചോദിച്ചപ്പോൾ വിനോദ് ക്യാഷ് ടേബിളിൽ ഇരുകൈകളും കുത്തിയവരെ നോക്കി .

“‘എനിക്ക് നിങ്ങടെ കുക്കിനെ വേണം . കെട്ടിച്ചു തരുമോ ? “”

“”’ഇറങ്ങടാ വെളിയിൽ “‘ചീറിക്കൊണ്ട് അവർ ടേബിളിനു പുറകിലുള്ള കസേര വലിച്ചു മാറ്റിക്കൊണ്ട് പുറത്തേക്ക് വന്നപ്പോൾ ഉള്ളിൽ കസേരകൾ തുടച്ചു അടുക്കി കമിഴ്ത്തി വെച്ചുകൊണ്ടിരുന്ന ഒരു പെണ്ണോടി വന്ന് ആനിയുടെ കൈ പിടിച്ചു പുറകോട്ട് വലിച്ചു .

“‘ ചേച്ചീ വേണ്ട …എന്റെ പൊന്നു ചേട്ടാ ഒന്ന് പോയി തരാമോ ?”’ ആ പെൺ ആനിയോടും ഹേമയോടുമായി കേഴുന്ന കണ്ണുകളോടെ പറഞ്ഞു .

“”” എന്താ ..എന്താ ചേച്ചി”‘ ഒച്ച കേട്ട് റാണിയോടി വന്നു . പുറകെ മറ്റ് സ്ത്രീകളും .

“‘ഇവന് നമ്മുടെ കുക്കിനെ വേണോന്ന് … ഇവനെയുണ്ടല്ലോ ..””’ ആനി വീണ്ടും ചീറിക്കൊണ്ട് വന്നു

“‘ അതിന് എനിക്കൂടെ ഇഷ്ടമാകണ്ടേ …”” ഹേമയുടെ ശബ്ദം അവരുടെ പുറകിൽ നിന്ന് കേട്ടപ്പോൾ അവൻ സ്തബ്ദനായി … ഒരു മരപ്പാവയെ പോലെ അവൻ കാറിനരികിലേക്ക് നടന്നു .

“‘ചേട്ടാ … ഈ പൊതിയൊക്കെ അനാഥപിള്ളേർക്കുള്ളതാ . ഹോട്ടലിന്റെ ഒരു ലാഭ വിഹിതോം , പിന്നെ ഞങ്ങടെ പണിക്കൂലീടെ ഒരു ഭാഗോം കൂട്ടി അവർക്ക് കൊടുക്കുന്നതാ . അതോണ്ടാട്ടോ “”‘

“‘ഏഹ് !! “‘ ഡ്രൈവിംഗ് സീറ്റിലിരുന്നു മലമുകളിൽ നിന്നിറങ്ങി വരുന്നവരിലേക്ക് കണ്ണ് നട്ടിരുന്നവ വിനോദ് ചെവിക്കരികിൽ നിന്ന് പതിഞ്ഞ സ്വരം കേട്ട് ഞെട്ടിത്തിരിഞ്ഞു .

“”ഹമ് … ഞങ്ങള് അത്ര വല്യ കാശുള്ളോരൊന്നുമല്ല ചേട്ടാ . എന്നാലും ഞങ്ങളെക്കൊണ്ടാവുന്ന സഹായം ..പോട്ടെ . ഇനീം വരുമ്പോ കാണാം . “‘ പുറകിലെ സീറ്റിലേക്ക് ഒരു പൊതിച്ചോർ വെച്ചിട്ട് റാണിയോടിയകന്നു .

ഹോട്ടലിനു മുന്നിൽ കിടക്കുന്ന ഓട്ടോയിലേക്ക് സാധനങ്ങളും മറ്റും കയറ്റുന്ന ഹേമ ഇടക്ക് തിരിഞ്ഞു നോക്കുന്നതവൻ കണ്ടില്ലെന്ന് നടിച്ചു . ആനി മാഡം ഡ്രൈവിംഗ് സീറ്റിലേക്ക് കയറുന്നതും ഓട്ടോ സ്റ്റാർട്ട് ആയി മുന്നോട്ട് പോകുന്നതും കണ്ടപ്പോൾ വിനോദ് വെറുതെ നീട്ടി ഹോണടിച്ചു .

പശുവും ചത്തു മോരിന്റെ പുളിയും പോയി !!! ഈ കാണുന്ന ആളുകൾ എല്ലാരും വന്നിട്ടും ഇവരെവിടെ പോയി കിടക്കുവാ നാശം പിടിക്കാൻ ..
വിനോദ് മുഷ്ടി ചുരുട്ടി സ്റ്റീയറിങ്ങിൽ ഇടിച്ചു .

“‘ ബോറടിച്ചോ വിനുവേട്ടാ “”

“””ഹേ ഇല്ല മാളൂ “”’ വിനോദ് മാളുവിനെയും ദീപക്കിനെയും കണ്ടു ചിരിച്ചു .

“” വിനുവേട്ടൻ സേതു ആന്റീനെ വിളിച്ചാരുന്നോ “‘ മാളു ഡോർ തുറന്നകത്തേക്ക് കയറിക്കൊണ്ട് ചോദിച്ചു

“‘ഇല്ലടി .നിങ്ങൾക്കിന്നു തന്നെ പോണോന്ന് പറഞ്ഞത് കൊണ്ട് ഞാൻ വിളിച്ചില്ല . വിളിച്ചാൽ അപ്പച്ചി അങ്ങോട്ട് ചെല്ലാൻ പറയും “‘വിനോദ് കാർ സ്റ്റാർട്ട് ചെയ്തു .

വിനോദിന്റെ അമ്മയുടെ ആങ്ങളയുടെ മോളാണ് മാളു . ദുബായിൽ നേഴ്‌സ് ആയ അവൾ കല്യാണം പ്രമാണിച്ചു വന്നതാണ് . ദീപക്കും ദുബായിൽ തന്നെ . വിനോദിന്റെ അച്ഛന്റെ പെങ്ങൾ സേതുലക്ഷമി ഇവിടെ അടിവാരത്തുണ്ട് . സേതുലക്ഷ്മിയും മാളുവിന്റെ അമ്മയും ഒന്നിച്ചു പഠിച്ചവരാണ്

“‘ സേതു ആന്റി വീട്ടിലേക്ക് വിളിച്ചപ്പോൾ അമ്മ പറഞ്ഞറിഞ്ഞു നമ്മളിവിടെയുണ്ടെന്ന് . സേതു ആന്റി എന്നെ വിളിച്ചവിടെയിന്ന് കിടക്കണമെന്ന് ഒരേ നിർബന്ധം “”

“‘അപ്പൊ നിങ്ങൾക്കിന്ന് പോകണ്ടേ “‘

“”’ പോകണം ..പക്ഷെ സേതു ആന്റി ഇങ്ങനെ നിർബന്ധം പിടിച്ചാല് എന്താ ചെയ്യുക . നമുക്ക് ജസ്റ്റ് കയറിയിറങ്ങി പോകാം വിനുവേട്ടാ “”‘
ദീപക്കും അത് ശെരി വെച്ചപ്പോൾ വിനോദ് അങ്ങോട്ടേക്ക് വണ്ടി വിട്ടു . അച്ഛനും അമ്മയും മരിച്ചതിന് ശേഷം ആകെയുള്ള ബന്ധുക്കൾ എന്ന് പറയാവുന്നവരിവരാണ് .

“” സേതു ആന്റി പെട്ടന്ന് പോണം കേട്ടോ . ദീപക്കിന്റെ ചേച്ചീയൊക്കെ നാളെ അമേരിക്കയ്ക്ക് മടങ്ങുവാ .അത്കൊണ്ട് ഇന്ന് തന്നെ അങ്ങ് ചെല്ലണം “”അകത്തേക്ക് കയറിയുടനെ മാളു മുന്നറിയിപ്പ് കൊടുത്തു .

“‘നീ ഇരിക്കടി പെണ്ണെ .. വന്നു കയറിയതല്ലേ ഉള്ളൂ . ഞാൻ കുടിക്കാനെടുക്കാം “” സേതുലക്ഷ്‍മി അടുക്കളയിലേക്ക് നടന്നു . വിനോദ് അമ്മായീടെ മകന്റെ റൂമിലേക്ക് കയറി ഒന്ന് ഫ്രഷായി ഇറങ്ങിയപ്പോൾ മുന്നിൽ നിൽക്കുന്നയാളെ കണ്ടു അവൻ സ്തംഭിച്ചു നിന്ന് പോയി .

ആനി മാഡം…

“”’ എടാ വിനൂ ഇതെന്റെ ഫ്രണ്ട് ആനി . … മാളു ഇത്രേം തിരക്ക് പറഞ്ഞിട്ടും നിങ്ങളോടിതിലെ വരാൻ പറഞ്ഞത് വേറൊരു കാര്യത്തിനാ . നിനക്ക് ഒരു കല്യാണാലോചന . ആനീടെ മോളാണ് പെണ്ണ് . ആനി നിങ്ങള് പോയ മലയിൽ ഒരു ഹോട്ടൽ നടത്തുവാ “‘ സേതുലക്ഷ്മി വന്നു ആനിയുടെ കയ്യിൽ പിടിച്ചു കൊണ്ട് പരിചയപ്പെടുത്തി

“‘എനിക്കറിയാം .മുകളിൽ വെച്ച് പരിചയപ്പെട്ടിരുന്നു..”‘ വിനോദ് അവരെ നോക്കി .ആനിയുടെ മുഖം അവനെ കണ്ടതും വിളറിയിരിക്കയാണ് .

“” എനിക്ക് ഈ വിവാഹം വേണ്ടപ്പച്ചീ …””‘ അവൻ സേതുലക്ഷമിയുടെ നേരെ തിരിഞ്ഞു .

“‘എടാ ..നീ ..നീ പെണ്ണിനെയൊന്ന് കാണുക പോലും ചെയ്യാതെ ..”‘ ആനിയുടെ മുന്നിൽ വെച്ചെടുത്തടിച്ച പോലെ വിനോദ് അങ്ങനെ പറഞ്ഞപ്പോൾ സേതുലക്ഷ്മി ആകെ പതറി .

“‘ ഇവനിഷ്ടമില്ലങ്കിൽ വേണ്ട സേതു . “” ആനി വിനോദിനെ നോക്കി പറഞ്ഞു .അവരുടെ മുഖത്തുകണ്ട ഭാവം അവനെ വീണ്ടും ദേഷ്യം പിടിപ്പിച്ചു .

“”’ ഇത്ര അഹങ്കാരിയായ നിങ്ങളുടെ മകളെ കെട്ടാൻ ഞാൻ വരുമെന്നോ “‘ വിനോദ് ദേഷ്യം കൊണ്ട് വിറച്ചു .

“‘വിനൂ …അവർ നേരത്തെ കടയടച്ചു വന്നത് തന്നെ നിന്നെ കാണാനാണ് . നീ പെണ്ണിനെയൊന്ന് കാണുവെങ്കിലും ചെയ്യ് “” സേതുലക്ഷ്മി വിനോദിനോട് പറഞ്ഞിട്ട് അടുക്കള വാതിലിലൂടെ പുറത്തേക്കിറങ്ങിയ ആനിയുടെ പുറകെ നടന്നു .

“‘ വിനുവേട്ടാ .. ജസ്റ്റ് ആ കുട്ടിയെ ഒന്ന് കാണ് . ഇഷ്ടപ്പെടുന്നതൊക്കെ വിനുവേട്ടന്റെ തീരുമാനം . വെറുതെ സേതുവാന്റിയെ നാണം കെടുത്തല്ലേ “‘ മാളു അവന്റെ കൈ പിടിച്ചു .

“” .ആ തള്ളേടെ മോളല്ലേ . എന്തായാലും ആ സ്വഭാവമേ വരൂ . വെറുതെ എന്തിനാ ആ കുട്ടിയെ കൂടി …””

“‘ചേട്ടാ ചായ …”‘ ശബ്ദം കെട്ടവൻ മുഖമുയർത്തി നോക്കി . ചെറുപുഞ്ചിരിയോടെ ട്രേയിൽ ചായയുമായി നിൽക്കുന്ന റാണി…

“‘റാണീ .. നീയോ ..?”’

“”ആ….എന്തേ ഇഷ്ടമായില്ലേ ചേട്ടാ ?”

”’ റാണീ ഞാൻ …””

””’അഞ്ചുലക്ഷം രൂപയുണ്ട് . ഇതിൽ കൂടുതൽ തരാൻ എന്നെക്കൊണ്ടിപ്പോഴാവില്ല . അൽപം സമയം തരണം .. “”’  റാണിയോട് സംസാരിച്ചു പൂർത്തിയാകും മുൻപേ വിനോദിന്റെ മുന്നലേക്ക് അഞ്ഞൂറിന്റെ കുറച്ചുകെട്ടുകൾ കെട്ടുകൾ നീണ്ടു..

””’പണം കൊണ്ടാരുടെയും സ്നേഹം വാങ്ങാൻ ആവില്ല മാഡം . നിങ്ങൾക്ക് രുചിയുള്ള ആഹാരം ഉണ്ടാക്കാൻ അറിയാം .പക്ഷെ അത് കഴിക്കുന്നവരുടെ മനസ് നിറക്കാനാവില്ല . ദാനം ചെയ്താലും അത് പുഞ്ചിരിയോടെ ചെയ്യണം . അപ്പോഴേ ചെയ്യുന്നതിന് വിലയുണ്ടാവൂ.. വാങ്ങുന്നവരുടെ മനസ് നിറയൂ.””’ വിനോദ് ആനിയുടെ നേരെ നോക്കി പറഞ്ഞിട്ട് തിരിഞ്ഞു .

“‘മാളൂ …നമുക്കിറങ്ങാം ..അപ്പച്ചീ …എന്നോട് ക്ഷമിക്കണം “”

വിനോദ് കാറിനരികിലേക്ക് നടന്നപ്പോൾ മാളുവും ദീപക്കും അവനെ അനുഗമിച്ചു .

“‘ചേട്ടാ പോകുവാണോ …എന്നെ ഒട്ടുമിഷ്ടമായില്ലേ ചേട്ടന് ? “”’ മുറ്റത്തേക്കിറങ്ങുമ്പോൾ റാണി ഓടി വന്നവന്റെ കൈ പിടിച്ചു .

“” റാണീ ഞാൻ … ”’

“‘ഞാൻ സുന്ദരിയല്ലേ ചേട്ടാ . ചേട്ടനെ പോലെ അത്ര മോഡേൺ ഒന്നുമല്ലന്നെ ഉള്ളൂ . ചേട്ടന്റന്റത്രേം വെളുപ്പോക്കെയില്ലേ “‘ റാണി അവന്റെ നേരെ നോക്കി .

“”മോളെ … ഇഷ്ടം ..അത് മനസിൽ നിന്നുണ്ടാകുന്നതാണ് . ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതും . അവിടെ സൗന്ദര്യത്തിനും നിറത്തിനും സമ്പത്തിനുമിടമില്ല . .നിന്നോട് .. നിന്നോട് എന്തുപറയണമെന്ന് അറിയില്ലെനിക്ക്. നിന്നെ ഇഷ്ടമാണെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല . നമ്മൾ തമ്മിലൽപ്പസമയത്തെ പരിചയമേ ഉള്ളെങ്കിലും ഒരു സുഹൃത്തായോ അനിയത്തിക്കുട്ടിയായോ ഞാൻ കണ്ടുപോയി. അതുകൊണ്ട് നീയിങ്ങനെയൊക്കെ പറയുമ്പോൾ എനിക്ക് നോവുന്നുണ്ട് കേട്ടോ . “”’ വിനോദ് അവളുടെ നെറുകയിൽ തലോടിയിട്ട് കാറിനരികിലേക്ക് നടന്നു.

“‘ എടാ വിനൂ ..ആനി ഒരുപാവമാണ് . ഈ പുറത്തു കാണുന്നതല്ല അവൾ . നിനക്കറിയാമോ ? ആനിക്ക് ആകെയുള്ളത് ഒരു മോളാണ് . അവൾ ചെറുപ്പത്തിലേ ഒരു ചെറുക്കന്റെ കൂടെ ഒളിച്ചോടി . മൂന്നുമാസം കഴിഞ്ഞാ കുട്ടിയുടെ ബോഡിയാണ് വീട്ടിലേക്ക് വരുന്നത് “”  സേതുലക്ഷ്മി അവന്റരികിലേക്ക് വന്നിട്ട് പറഞ്ഞപ്പോൾ വിനോദ് ഒരു നിമിഷം നിശ്ചലനായി .

ഏഹ് ആനി മാഡത്തിന്റെ മോൾ മരിച്ചെന്ന് ?

വിനോദിനൊന്നും മനസ്സിലായില്ല . അവൻ ചോദ്യരൂപേണ റാണിയുടെ നേരെ നോക്കി

“‘അപ്പോൾ റാണി …?”’

“‘ആനി എടുത്തുവളർത്തുന്നതാണ് …””’ സേതുലക്ഷ്മി തുടർന്നു

“” മുകളിൽ ഉണ്ടായ സംഭവമൊക്കെ റാണി എന്നോട് പറഞ്ഞു . തന്റെ മോൾക്ക് വന്ന ഗതികേട് ആ പിള്ളേർക്ക് വരരുതെന്ന് കരുതിയാണ് ആനി ഇത്ര റഫായി എല്ലാരോടും പെരുമാറുന്നത് . “”

“” ഞങ്ങളൊക്കെ ഒരു കണക്കിന് അനാഥരാ ചേട്ടാ . രണ്ടാനച്ഛന്റെ ഉപദ്രവം സഹിക്കാൻ വയ്യാതായപ്പോ എന്റെയമ്മ ആനിയമ്മയെ ഏൽപ്പിച്ചതാ .
ഞങ്ങളുടേ കൂടെ ഉള്ളവരെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ അനാഥത്വം അനുഭവിക്കുന്നവരാ “” പറഞ്ഞപ്പോൾ റാണിയുടെ ശബ്ദമിടറി

””ഞങ്ങളൊക്കെ ആനിയമ്മക്ക് സ്വന്തം മക്കളെപോലെയാണ് ചേട്ടാ . ആ ഹോട്ടലിൽ നിന്നുള്ള വരുമാനം ഒക്കെയും ഞങ്ങളെ പോലെയുള്ളവർക്കാ . ”’ വിനോദിന്റെ മുഖം കുനിഞ്ഞു .അവർ പറയുന്നത് കേട്ടപ്പോൾ
അവന്റെ ഉള്ളം നീറുന്നുണ്ടായിരുന്നു

അവൻ പുറത്തു നിന്ന് കാണാവുന്ന ഹാളിലേക്ക് നോക്കി . അവന്റെ കാലുകൾ അറിയാതെ വീടിനുള്ളിലേക്ക് ചലിച്ചു . ഹാളിൽ കടന്ന് അവൻ ആനിയെ ചുറ്റും തിരഞ്ഞു .

അവരെ കാണാതെ പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് അടുക്കള വാതിൽ തുറന്ന് ആനി അകത്തേക്ക് വരുന്നത് കണ്ടത് . അവരുടെ കയ്യിൽ ഒരു കടലാസ് ചുരുൾ ഉണ്ടായിരുന്നു . .

.””’വിനോദ് …. ഇതെന്റെ വീടിന്റെ ആധാരമാണ് . ഈ വീടിന്റെ പുറകിൽ ഉള്ള എന്റെ വീടും പുരയിടവും. എന്തായാലും പത്തിരുപത് ലക്ഷം മതിക്കും ആ വീടിനും സ്ഥലത്തിനും. മുകളിലുള്ള ഹോട്ടൽ ..അതെന്റെ മറ്റ് മക്കൾക്കുള്ളതാണ് . നീ അവിടെ തനിച്ചല്ലേ . ഇവിടെ വന്നു നിൽക്ക് .സേതുവിനും ഒരു കൂട്ടാകുമല്ലോ . “”

“”‘ സോറി ഞാൻ . ആണിമാഡത്തെ സോറി…..ആനിചേച്ചിയെ ..അറിയാതെ ..”‘ വിനോദ് അവർ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ അവർക്ക് നേരെ കൈകൾ കൂപ്പി

””സാരമില്ല ..ആണി മാഡം ..അങ്ങനെ വിളിക്കുന്നതൊക്കെ എനിക്കറിയാം . നേരിട്ട് വിളിച്ചാലും എനിക്കതിൽ പരിഭവവുമില്ല . എന്റെ മോളുടെ ഗതി എന്റെയീ മക്കൾക്കുണ്ടാവരുത് .നീ പറഞ്ഞത് ശെരിയാണ് . എനിക്ക് പെരുമാറുവാനറിയില്ല .

ഞാൻ അനുഭവിച്ച ജീവിതദുരിതങ്ങളായിരിക്കും എന്റെയീ സ്വഭാവത്തിന് കാരണം . എന്നെയല്ലല്ലോ നീ വിവാഹം കഴിക്കുന്നത് . എന്റെ മോളെയല്ലേ . അവൾക്കെന്റെ സ്വഭാവമൊന്നും കിട്ടിയിട്ടില്ല .അങ്ങനെയല്ല ഞാനാരെയും വളർത്തിയത് “” ആനിയുടെ സ്വരം നേർത്തു

””’അങ്ങനെയൊക്കെ നിന്നോട് പറയേണ്ടി വന്നത് എന്റെ കുക്കിനെ കെട്ടിച്ചു തരുമോന്ന് നീ ചോദിച്ചത് കൊണ്ടാണ് . ആദ്യം നീ ചോദിച്ചു കുക്കിനെ കാണണമെന്ന് . പിന്നെ കെട്ടിച്ചു തരുമൊന്നും . അടുക്കള പണിക്ക് വേണ്ടിയൊരു ഭാര്യ . അതിനൊരു വേലക്കാരിയെ വെച്ചാൽ പോരെ ?.

എന്നോടുള്ള എന്നോടുള്ള അനിഷ്ടം കൊണ്ട് മാത്രം നീയീ കല്യാണത്തിൽ നിന്ന് പിന്മാറരുത് . നിന്നെക്കുറിച്ചു സേതു പറഞ്ഞറിയാം എനിക്ക് . അച്ഛൻ മരിച്ചുകഴിഞ്ഞ് ട്യൂഷൻ എടുത്തും മറ്റും പഠിച്ചതും ഇപ്പോൾ ടൗണിൽ ഹോട്ടൽ നടത്തുന്നതുമെല്ലാം .എന്റെ മോൾക്ക് പറ്റുന്ന ചെറുക്കൻ നീയാണ് . അവളും നിന്നെ ഇഷ്ടപ്പെട്ടു പോയി ””’ ആനി വിനോദിന്റെ കൈ പിടിച്ചു

“” വയറു നിറയെ രുചിയോടെ ആഹാരം തരുന്നവൾ ദേവിയാണ് . അവരെ പൂജിക്കണം .അത് വീട്ടിലായാലും ഹോട്ടലിലായാലും . ഞാൻ അതെ ഉദ്ദേശിച്ചിരുന്നുള്ളൂ . മാഡം ….എന്നോട് ക്ഷമിക്കണം .. നിങ്ങളുടെ മകളെ കെട്ടുന്നത് തന്നെ ഒരു സമ്പത്താണ് . ഒരു നയാപൈസയും ഇല്ലാതെ ഞാൻ നിങ്ങളുടെ മകളെ കെട്ടിയേനെ. . റാണി ..അവൾ മിടുക്കിയാണ് . പക്ഷെ …. പക്ഷെ …ഞാൻ ഞാനിഷ്ടപ്പെട്ടത് ഹേമയെ ആണ് .””

“‘ഹേമയെ ഇഷ്ടമായെന്നോ …എന്നിട്ടും നീ എന്നോടുള്ള ദേഷ്യത്തിൽ അവളെ വേണ്ടന്ന് പറഞ്ഞല്ലോ …”‘ ആനി അവനെ നോക്കി .

“”’ഹേമയെ ..ഹേമയെ ഞാൻ ഇഷ്ടമല്ലെന്നോ.. ആര് …എപ്പോ പറഞ്ഞു . “”’ വിനോദിന്റെ കണ്ണുകൾ ചുരുങ്ങി

“‘ആഹാ … അപ്പോൾ അങ്ങനെയാണല്ലേ …എടി ആനി ..ഇതെല്ലാം ആ ഈ കാന്താരീടെ പണിയാ .ഇവൻ റാണിയാണ് പെണ്ണെന്ന് കരുതിയാണ് …ഹഹ “” .””‘ സേതുലക്ഷ്മി തന്റെ പുറകിൽ നിന്ന റാണിയെ ആനിയുടെ മുന്നിലേക്ക് തള്ളി നിർത്തി .

“‘ അത് കൊണ്ട് ചേട്ടന്റെ ഇഷ്ടം എത്രമാത്രം ഉണ്ടെന്ന് അറിഞ്ഞില്ലേ ആനിയമ്മേ .’ റാണി അടുക്കളയിലേക്ക് കയറി അവിടെ നിന്നിരുന്ന ഹേമയെ വലിച്ചു മുന്നിലേക്ക് നീക്കി നിർത്തി .

. ””” . എല്ലാരും ആനിക്ക് മക്കൾ ആണേലും ഹേമയോടൊരു പ്രത്യേക വാത്സല്യം ഉണ്ടെടാ . അവളാണ് ആദ്യം ആനിയുടെ കൂടെ കൂടിയത് . അവൾ വന്നതിൽ പിന്നെയാണ് ആനി ആ ഹോട്ടൽ തുടങ്ങിയയത് .

മോൾ നഷ്ടപ്പെട്ട വേദനയൊക്കെ മറന്നു ജീവിക്കാൻ തുടങ്ങിയത് .പിന്നെ , ഇവളെനിക്കും ഒരു മോളാണ് . ഒരു പൊതിച്ചോറ് എനിക്കും കരുത്തും ഇവൾ ഇവൾ ഞങ്ങടെ ഐശ്വര്യ ദേവതയാടാ . ഇവളെ വിട്ട് പിരിയാൻ ശെരിക്കും വിഷമമുണ്ട് , ഞങ്ങൾക്ക് “.””‘ സേതുലക്ഷ്മി ഹേമയെ വിനോദിന്റെ മുന്നിലേക്ക് നിർത്തി .

”” നിങ്ങളുടെ ഐശ്വര്യ ദേവതയെ ഇറക്കിക്കൊണ്ട് പോകുന്നില്ല . “”‘ വിനോദ് പറഞ്ഞപ്പോൾ ആനിയുടെ മുഖം മങ്ങി , ഹേമയുടെയും .

“” ഇവൾക്ക് പകരം തരാൻ എനിക്കെന്റെ ജീവിതമേയുള്ളൂ . ഇത് വരെ പെണ്മക്കളെ സംരക്ഷിച്ച ആനിയമ്മക്ക് ഒരു മകൻ കൂടി ആയെന്ന് കരുതിയാൽ മതി . കല്യാണം കഴിഞ്ഞാലും ഞാനും ഹേമയും ഇവിടെ ഉണ്ടാകും . നിങ്ങളുടെ മക്കൾ ആയി . ഇവർക്കൊരു കൂടപ്പിറപ്പായി “” വിനോദ് ഹേമയുടെ കൈകൾ തന്റെ കൈക്കുമ്പിളിലാക്കിപറഞ്ഞപ്പോൾ ആനിയുടെ കണ്ണുകൾ നിറഞ്ഞു . ഒപ്പം മറ്റുള്ളവരുടെയും

“‘ ചേട്ടാ ..എന്നാലും ചേട്ടനെന്നെ തേച്ചത് ശെരിയായില്ല കേട്ടോ . എന്റെ പൊതിച്ചോറും തിന്നിട്ട് “””

വണ്ടി പുറകോട്ടെടുത്ത് തിരിച്ചിട്ട് വരാന്തയിൽ നിൽക്കുന്നവരുടെ നേരേ കൈ വീശിയപ്പോൾ റാണി ഉറക്കെ പറഞ്ഞത് കേട്ട് എല്ലാരും ചിരിച്ചു . എന്നാൽ റാണിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *