കുറച്ചു നിമിഷങ്ങൾ കൂടി കഴിഞ്ഞാൽ താൻ മറ്റൊരാളുടേതാകും, ഭാര്യ എന്ന അവകാശത്തോടെ..

സ്വയംവരം
(രചന: Sarath Lourd Mount)

തനിക്ക് മുന്നിലായി ഒത്തുകൂടിയിരിക്കുന്ന ജനക്കൂട്ടത്തിന്റെ മുന്നിൽ നിർജീവമായ ഒരു  ശരീരത്തെ പോലെ ഇരിക്കുമ്പോൾ അമ്മുവിന്റെ മനസ്സ് വല്ലാതെ പിടയുന്നുണ്ടായിരുന്നു.

3 വർഷമായി  മനസ്സിൽ കൊണ്ട് നടന്ന ഒരുവനെ  ഒരൊറ്റ നിമിഷം കൊണ്ട് മറക്കാൻ  അവൾക്ക് കഴിയുമായിരുന്നില്ല. അത്രത്തോളം സ്നേഹിച്ചു പോയിരുന്നു  അരുണിനെ അവൾ.

എന്നാൽ പണത്തിന്റെ മുന്നിൽ   തന്നെത്തേടി വന്ന പോലീസുകാരന്റെ ആലോചനയ്ക്ക്   തന്റെ മനസ്സറിഞ്ഞിട്ടും അച്ഛൻ സമ്മതം മൂളുമ്പോൾ അവൾ തകർന്നു പോയിരുന്നു. അച്ഛന്റെ ജൂനിയർ ആണ് ചെക്കൻ,  അച്ഛനെപ്പോലെ ഒരു പോലീസുകാരൻ.

കുഞ്ഞുനാൾ മുതൽ  തന്റെ ഒരിഷ്ടങ്ങൾക്കും എതിര് നിൽക്കാത്ത അച്ഛൻ തന്റെ ഏറ്റവും വലിയ  ഇഷ്ടത്തിന്  എതിര് നിൽക്കുമെന്ന് അവളൊരിക്കലും കരുതിയിരുന്നില്ല.

ജീവൻ പോകുന്ന വേദന കടിച്ചമർത്തി ഇന്നവൾ  ഈ വിവാഹ വേദിയിൽ ഇരിക്കുന്നുണ്ടെങ്കിൽ അത് അവളുടെ മാതാപിതാക്കളോടുള്ള സ്നേഹം ഒന്നുകൊണ്ടു മാത്രമായിരുന്നു.

ഈ വിവാഹത്തിന് സമ്മതിച്ചില്ല എങ്കിൽ  തന്റെ മുന്നിൽ വച്ച്  ജീവനൊടുക്കും എന്ന്  അച്ഛൻ പറഞ്ഞപ്പോൾ, കുഞ്ഞുനാൾ മുതൽ സ്നേഹം കൊണ്ട് മൂടിയ തന്റെ അച്ഛന്റെ  ജീവന് മുന്നിൽ അവൾ സ്വയം ഉരുകി ഒരു ബലിയായി തീർന്നു.

മനസ്സിനെ കല്ലാക്കി  തന്റെ പ്രാണനായവനോട് പിരിയാം എന്ന് പറയുമ്പോൾ മനസ്സ് മരിച്ചുപോയ ഒരു ശരീരം മാത്രമായിരുന്നു അവൾ.

എന്നാൽ അതിലേറെ അവൾ തകർന്ന് പോയത് ഒരു വാക്ക് കൊണ്ടുപോലും തന്നെ വേദനിപ്പിക്കാതെ ഒരു പുഞ്ചിരിയോടെ തനിക്ക് മുന്നിൽ നിന്ന് പോയ അരുണിനെ കണ്ടപ്പോൾ ആയിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കരഞ്ഞു തീർത്ത കണ്ണുനീരും മറ്റാരും കണ്ടിരുന്നില്ല, പരസ്പരം അത്രമേൽ സ്നേഹിച്ചുപോയ ആ രണ്ട് ഹൃദയങ്ങൾ മാത്രം  ഓരോ നിമിഷവും മരിച്ചുകൊണ്ടിരുന്നു.

കുറച്ചു നിമിഷങ്ങൾ കൂടി കഴിഞ്ഞാൽ  താൻ മറ്റൊരാളുടേതാകും , ഭാര്യ എന്ന അവകാശത്തോടെ അയാൾ തന്നെ സ്വന്തമാക്കും.  സന്തോഷത്തോടെ തനിക്ക് മുന്നിൽ ഇരിക്കുന്ന ആയിരക്കണക്കിന് പേർക്ക് മുന്നിൽ അവൾ പോലുമറിയാതെ  അവളുടെ  കണ്ണുകൾ നിറഞ്ഞു.

ഒത്തുകൂടിയ ആൾക്കൂട്ടത്തിനിടയിലും അവളുടെ കണ്ണുകൾ ഒരു കണ്ണിൽ തറഞ്ഞു നിന്നു.
അരുൺ……

പുഞ്ചിരി നിറഞ്ഞ മുഖങ്ങൾക്കിടയിൽ നിറകണ്ണുകളോടെ അവൻ….

ആ കണ്ണുകളിലേക്ക് നോക്കി ഒരായിരം വട്ടം  അവൾ മാപ്പ് പറഞ്ഞു. തനിക്കരികിൽ ഇരിക്കുന്നവൻ ഇതൊന്നും ശ്രദ്ധിക്കുന്നേയില്ല.
അയാൾ സന്തോഷവാനാണ്.

അല്ലെങ്കിലും അയാൾ എന്തിന് സങ്കടപ്പെടണം?? നഷ്ടങ്ങൾ  അവൾക്കും അവനും മാത്രമല്ലേ.
രക്തം പിടയുന്ന ഹൃദയത്തെ മറച്ചുപിടിച്ച് പുഞ്ചിരിക്കാൻ അവളൊന്ന് ശ്രമിച്ചെങ്കിലും
പരാജയം ആയിരുന്നു ഫലം.

മുഖത്താകെ നിർജീവമായ ഒരു ഭാവം മാത്രം. കരഞ്ഞ് കരഞ്ഞ് കണ്ണുനീർ പോലും തന്നോട് പിണങ്ങിയിരിക്കുന്നു എന്നവൾക്ക് തോന്നി.

പുഞ്ചിരിയോടെ തനിക്കരികിൽ നിൽക്കുന്ന അച്ഛനമ്മമാരുടെ മുഖത്തേക്ക് അവളൊന്ന് നോക്കി. അവർ എത്ര സന്തോഷത്തിലാണ്.
അത് കണ്ടപ്പോൾ അവളും ചെറുതായി പുഞ്ചിരിച്ചു.

മുഹൂർത്ത സമയം  അടുത്ത് തുടങ്ങിയിരിക്കുന്നു.
ഇനി നിമിഷങ്ങൾ മാത്രം….

കെട്ടി മേളം…. കെട്ടിമേളം….. ആ ശബ്ദം മുഴങ്ങിയതും അവിടെയാകെ വാദ്യമേളങ്ങളുടെ  ശബ്ദങ്ങളുയർന്നു. തന്റെ കഴുത്തിൽ  കൊലക്കയർ വീഴാൻ പോകുന്ന പോലെ അവൾ കണ്ണുകൾ ഇറുക്കി അടച്ചു, കൺകോണിൽ നിന്നൊരുതുള്ളി നിലത്തേക്കിറ്റു…….

സ്റ്റോപ്പ് ഇറ്റ്………

പെട്ടെന്ന് അവിടെ മുഴങ്ങിക്കേട്ട ശബ്ദത്തിൽ ചുറ്റിലും മുഴങ്ങിയ വാദ്യമേളങ്ങളുടെ നാദം നിലച്ചു.
താലിയുമായി അവൾക്ക് നേരെ നീണ്ട കൈകൾ പിൻവലിഞ്ഞു.

അറസ്റ്റ് ഹിം…..

മുന്നിൽ നിന്ന് ഒരു പോലീസുകാരൻ അലറിയതും,  കൂടെയുള്ള പൊലീസുകാർ അവർക്കരികിലേക്ക് ഓടിക്കയറി.

ആ പന്തലിൽ നിന്നും  അവളെ കെട്ടാൻ വന്നവനെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുമ്പോൾ ഒന്നും മനസ്സിലാവാത്ത പോലെ  നിൽക്കുകയായിരുന്നു അവളും കൂടെയുള്ള മറ്റുള്ളവരും.

ലുക്ക് നിങ്ങളാണോ കുട്ടിയുടെ അച്ഛൻ???
കൂട്ടത്തിലൊരു പോലീസുകാരൻ അമ്മുവിന്റെ അച്ഛനോടായി ചോദിച്ചു. അതിന് അയാൾ അതേ എന്ന് തലയാട്ടി.

സർ  ഞങ്ങൾ ഇപ്പോൾ വന്നത്
നിങ്ങളുടെ ഭാഗ്യം ആണെന്ന് കരുതിയാൽ മതി.

ഇയാളുടെ വിവാഹം മുൻപേ കഴിഞ്ഞതാണ് അതിൽ ഒരു കുഞ്ഞുമുണ്ട്, സ്വന്തം മകൾക്ക് ചെറുക്കനെ കണ്ടെത്തുമ്പോൾ ഒന്നും അന്വേഷിക്കാതെ ആണോ നിങ്ങൾ നടത്തുന്നത്? ഒന്നുമില്ലെങ്കിൽ നിങ്ങൾ ഒരു പോലീസുകാരനല്ലേ ???

ദേഷ്യത്തോടെയുള്ള ആ പോലീസുകാരന്റെ ചോദ്യത്തിന്  മുന്നിൽ  ആ അച്ഛന്റെ തലകുനിഞ്ഞു.

അവർ പോയിക്കഴിഞ്ഞപ്പോൾ ആ അച്ഛൻ കണ്ണുനീരോടെ അമ്മുവിനെ നോക്കി.

അവൾ അപ്പോളും തന്നെ നോക്കി പുഞ്ചിരിക്കാൻ ശ്രമിക്കുന്ന കണ്ടപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

മോളെ….. അയാൾ വിതുമ്പലോടെ വിളിച്ചു.

എന്തിനാ അച്ഛാ കരയുന്നത്?? അച്ഛൻ എന്നും എനിക്ക് നല്ലതല്ലേ തന്നിട്ടുള്ളൂ.  ഒരു വട്ടം തെറ്റിപ്പോയി അത് അച്ഛന്റെ കുറ്റം അല്ലല്ലോ??? അവൾ  പുഞ്ചിരിയോടെ  പറഞ്ഞു.

ഇല്ല മോളെ തെറ്റാണ്, നിന്റെ ഇഷ്ടത്തിന് മേലെ പണത്തിന് പുറകെ പോയതിന് ഈ അച്ഛന് ഉള്ള ശിക്ഷയാണ് ഇത്….

അതും പറഞ്ഞ് അയാൾ ആ മണ്ഡപത്തിൽ നിന്ന്  താഴേക്ക് ഇറങ്ങി.

ആൾക്കൂട്ടത്തിനിടയിൽ നിന്ന് കണ്ണുനീരോടെ നിൽക്കുന്ന അരുണിന്റെ അടുത്തേക്കാണ് അയാൾ നടന്നത്. അവന്റെ കൈപിടിച്ച് അയാൾ പന്തലിലേക്ക് നടന്നു കയറി.

ഈ അച്ഛനോട് ക്ഷമിക്ക് മോനെ. തെറ്റ് പറ്റിപ്പോയി ഈ അച്ഛന്.. അയാൾ നിറകണ്ണുകളോടെ  അവന്റെ കൈകൾ മുറുകെ പിടിച്ചു.

ആ കൈകൾ അവളുടെ കൈകളുമായി ചേർത്ത് വയ്ക്കുമ്പോൾ  അവളുടെ കണ്ണുകളും അറിയാതെ നിറഞ്ഞു, എന്നാൽ ഈ സമയം അത് സന്തോഷത്തിന്റെ ആയിരുന്നു എന്ന് മാത്രം …

അല്ലെങ്കിലും മനസ്സ് കൊണ്ട് സ്നേഹിച്ച ഒരാളെ സ്വയം വരിയ്ക്കുമ്പോൾ  ആണല്ലോ സ്വയംവരങ്ങൾ പൂർണമാകുന്നത്, ഓരോ വിവാഹവും സ്വർഗ്ഗതുല്യമാകുന്നതും………

ചുറ്റും നിറഞ്ഞു നിന്ന സ്നേഹാധരങ്ങളോടെ  പുതിയൊരു ജീവിതത്തിലേക്ക്   അവർ നടന്ന് കയറുമ്പോൾ   ഒരാളുടെ ചുണ്ടിൽ സംതൃപ്തി നിറഞ്ഞു നിന്നു.

ആദ്യരാത്രിയിൽ നിറഞ്ഞ മനസ്സോടെ ആ മണിയറയിലേക്ക് നടക്കുമ്പോൾ  അവളോടായി ആ അമ്മ ഒന്ന് പറഞ്ഞു.

മോളെ നിന്റെ അച്ഛൻ എല്ലാം അറിയുന്നതിന് മുൻപ്  അങ്ങേരെ മുത്തശ്ശാ എന്ന് വിളിക്കാൻ ഒരു പൊന്നോമനയെ തന്നെക്കണം കേട്ടോ….

നാണം കലർന്ന പുഞ്ചിരിയോടെ അവൾ നടന്നകലുന്നത് നോക്കി നിൽക്കുമ്പോൾ കുറച്ചു മണിക്കൂറുകൾക്ക് മുൻപ് സംഭവിച്ച കാര്യങ്ങളിലേക്ക് ആ അമ്മയുടെ മനസ്സ് പാഞ്ഞു.

മോനെ… അവൾ.. അവൾക്ക് ഒരിക്കലും നിന്നെ ഒരു ഭർത്താവായി കാണാൻ കഴിയില്ല, അവളുടെ മനസ്സിൽ എന്നും  അരുൺ മാത്രമേ ഉണ്ടാകൂ,അവൾ അവനെ അത്രക്ക് സ്നേഹിക്കുന്നുണ്ട് മോനെ…

മോന്റെ പണത്തിന്റെയും ജോലിയുടെയും മുന്നിൽ ആ മനുഷ്യൻ ആ സ്നേഹം കണ്ടില്ല എന്ന് നടിക്കുകയാണ്,  എനിക്ക് പോലും ഒന്നും ചെയ്യാൻ കഴിയുന്നില്ല.

ഇനി മോന് മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയു.
മോൻ തന്നെ എന്തെങ്കിലും  പറഞ്ഞ് ഇതിൽ നിന്ന് ഒഴിയണം…

സ്വന്തം ‘അമ്മ പറയുന്ന പോലെ കാണണം.
അവർ നിറകണ്ണുകളോടെ പറഞ്ഞു.

അയ്യോ… എന്താ അമ്മേ ഇത്… എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു, ഇപ്പോൾ ഈ നിമിഷം അദ്ദേഹത്തിന്റെ മുന്നിൽ  ഈ കല്യാണത്തിൽ നിന്ന് ഒഴിയാൻ എനിക്ക് കഴിയില്ല,

കാരണം ഞാനായിട്ട് ഇങ്ങോട്ട് വന്നതാണ് അത് മാത്രമല്ല  ഞാൻ ഒരുപാട് ബഹുമാനിക്കുന്ന ആ മനുഷ്യനെ മറ്റുള്ളവരുടെ മുൻപിൽ അപമാനിക്കാൻ എനിക്ക് ആകില്ല.

എന്നാൽ മനസ്സോടെ അല്ലാതെ അവളെ എനിക്ക് സ്വന്തമാക്കാനും ആകില്ല, അമ്മ ഞാൻ പറയുന്ന പോലെ ചെയ്താൽ മതി.

അത്രയും പറഞ്ഞ് അവൻ ആ അമ്മയുടെ കാതുകളിൽ എന്തോ പറഞ്ഞു……. അത് കേട്ട ആ അമ്മയുടെ മുഖത്ത് കണ്ണുനീരിൽ കുതിർന്നൊരു പുഞ്ചിരി വിരിഞ്ഞു.

ഓർമകളുടെ   കടന്ന് വരവിൽ ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരി മറച്ച് ആ അച്ഛനരികിലേക്ക് നടക്കുമ്പോൾ കുറച്ചുമുമ്പ് അരങ്ങേറിയ നാടകത്തിലെ  നടന്മാർക്ക്  കൊടുത്തതിന്റെ ബാക്കി കാശ് ആ അമ്മയുടെ കൈകളിൽ ചുരുട്ടി പിടിച്ചിട്ടുണ്ടായിരുന്നു…

ഒപ്പം എല്ലാം അറിഞ്ഞിട്ട് സ്വയം തെറ്റുകാരനായി തന്റെ മകളുടെ ഇഷ്ടത്തിന് ഒപ്പം നിന്ന ആ വലിയ മനസ്സിനും ആ അമ്മ  മനസ്സാൽ നന്ദി പറഞ്ഞു…..

Leave a Reply

Your email address will not be published. Required fields are marked *