ആദ്യ രാത്രിയിൽ ഭയത്തോടെ ആ മുറിയിലേക്ക് കയറിച്ചെന്ന അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട്..

വൈദേഹി
(രചന: Sarath Lourd Mount)

ഈ പെണ്ണ് . കടൽ കണ്ടാൽ പിന്നെ കൊച്ചു കുട്ടി ആണെന്ന വിചാരം , മക്കളേക്കാൾ കഷ്ടാണല്ലോ പെണ്ണേ നീ…..

സ്നേഹത്തോടെയുള്ള ദേവന്റെ ശാസനകൾക്ക്  ഒരു പുഞ്ചിരി കൊണ്ട് മറുപടി പറഞ്ഞ് വീണ്ടും അവൾ മക്കൾക്കൊപ്പം തിരമാലകളുടെ  പുറകെ ഓടിക്കളിക്കാൻ തുടങ്ങി.

അവരുടെ കുറുമ്പുകൾ നോക്കി ദേവൻ  ആ മണൽതരികൾക്ക് മുകളിലായി ഇരുന്നു. കുറച്ചു മാറി അങ്ങിങ്ങായി  ഒരുപാട് പേർ ഇരിക്കുന്നുണ്ട് . കൂടുതലും പ്രണയജോടികളാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും.

അങ്ങനെ തന്റെ പാതിയായവളിലേക്കും   ആർത്തലച്ചെത്തുന്ന തിരമാലകളിലേക്കും നോക്കി ഇരിക്കവേ  ദേവന്റെ ഓർമകൾ കുറച്ചുകാലം പുറകിലേക്ക് പാഞ്ഞു.

പ്ലീസ് നിങ്ങൾ എന്നെ ഒന്ന് മനസ്സിലാക്കൂ, അറിഞ്ഞ് കൊണ്ട് നിങ്ങളുടെ ജീവിതം കൂടി നഷ്ടപ്പെടുത്താൽ എനിക്ക് കഴിയില്ല, ഒരിക്കലും എനിക്ക് നല്ലൊരു ഭാര്യ ആകാൻ കഴിയില്ല, എന്റെ മനസ്സിൽ എന്റെ  അനന്തു മാത്രമേയുള്ളൂ.

അവൻ ഇന്ന് ഇല്ല എങ്കിലും അവനെയല്ലാതെ ആരെയും എനിക്ക് സ്നേഹിക്കാൻ കഴിയില്ല .
പ്ലീസ് എന്നെ മനസ്സിലാക്കണം .എന്നെ ഇഷ്ടമായില്ല എന്ന് പറയണം.

നിറകണ്ണുകളോടെ തന്റെ മുന്നിൽ നിൽക്കുന്ന ആ പെണ്ണിലേക്ക് നോക്കുമ്പോൾ അവൻ കണ്ടത്  ആ കണ്ണുകളിൽ നിറഞ്ഞു നിന്ന പ്രണയമായിരുന്നു, ഇനി ഒരിക്കലും തിരിച്ചു വരില്ല എന്നുറപ്പുള്ള ഒരുവനോടുള്ള പ്രണയം.

അവളോട് ഒന്നും മിണ്ടാതെ തിരികെ നടക്കുമ്പോൾ അവൻ കാണുന്നുണ്ടായിരുന്നു   അവളുടെ കണ്ണിൽ തെളിഞ്ഞ പ്രതീക്ഷയുടെ വെളിച്ചം,  താൻ  ഈ കല്യാണത്തിൽ നിന്ന് ഒഴിയും എന്ന പ്രതീക്ഷ.

മനസ്സ് കൊണ്ട് മറ്റൊരാളെ സ്നേഹിക്കുന്ന ഒരുവളെ എന്ത് കാരണത്താൽ ആണ് താൻ പിടിച്ചു വാങ്ങേണ്ടത്???

വേണ്ട  അവൾ പറഞ്ഞത് പോലെ ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ കളവ്  പറയാം . ഒറ്റനോട്ടത്തിൽ  തന്നെ ഒരുപാട് ഇഷ്ടം തോന്നി എങ്കിലും  സ്വയം മനസ്സിനെ പറഞ്ഞുപഠിപ്പിച്ച് അവൻ തിരികെ നടന്നു.

പിന്നെ  അവളെ അവിടെയെങ്ങും കണ്ടില്ല.  ഇഷ്ടമായില്ല എന്ന് കാരണവന്മാരോട് പറയാൻ തുടങ്ങുമ്പോൾ ആണ്    ആ വിളി അവൻ കേട്ടത്.

മോനെ… ഒന്ന് വരാവോ എനിക്ക് കുറച്ച് സാംസാരിക്കണം.

അവളുടെ അമ്മയാണ്.

എന്തോ ആ വിളി നിരസിക്കാൻ തോന്നിയില്ല.
അമ്മയോടൊപ്പം നടക്കുമ്പോൾ എന്താണ് അമ്മയ്ക്ക് പറയാൻ ഉണ്ടാകുക എന്നവൻ ചിന്തിച്ചു.

ഏകദേശം അവൻ ഊഹിച്ചത് തന്നെയാണ്  ആ അമ്മയ്ക്ക് പറയാനുണ്ടായിരുന്നത്. അവൾ മോനോട് പറഞ്ഞല്ലേ അവളെ ഇഷ്ടമല്ല എന്ന് പറയാൻ???

ചെറിയൊരു പുഞ്ചിരിയോടെ ചോദിക്കുമ്പോളും ആ പുഞ്ചിരിയെ മറച്ചുകൊണ്ട് നിറഞ്ഞു വന്ന ആ അമ്മയുടെ കണ്ണുനീർ അവന് പറഞ്ഞു കൊടുത്തു ആ അമ്മയുടെ ഉള്ളിലെ  സങ്കടം.

അവൾ ഒരുപാട് സ്നേഹിച്ചിരുന്നു മോനെ അവനെ.
അനന്തു, എന്റെ കുട്ടി. കുഞ്ഞുനാൾ മുതൽ രണ്ടുപേരും കേട്ട് വളർന്നതാണ്    അവർ രണ്ടുപേരും പരസ്പരം സ്വന്തമാണ് എന്നുള്ള വാക്കുകൾ.

ഇരു വീട്ടുകാർക്കും ഇഷ്ടമായിരുന്നു. എന്നാൽ  വിധി ഒരു അപകടത്തിന്റെ രൂപത്തിൽ അവന്റെ ജീവിതം കവർന്നെടുക്കും എന്ന് ആരും കരുതിയില്ല മോനെ.

ഇന്നിപ്പോൾ 5 വർഷം കഴിഞ്ഞിരിക്കുന്നു.
എന്നിട്ടും അവൾ ഇന്നും അവന്റെ ഓർമയിൽ ആണ് ജീവിക്കുന്നത്, അവന്റെ മാത്രം പെണ്ണായി. എങ്ങനെയാ മോനെ ഞങ്ങൾ ഇത് കണ്ട് നിൽക്കുന്നത്??

എത്രയാണെന്ന് വച്ചാ അവൾ….. ഞങ്ങൾ പോയാൽ ആരാ അവൾക്ക്…. വാക്കുകൾ മുഴുവിക്കാൻ ആകാതെ ആ അമ്മ വിതുമ്പി.

മോനൊരിക്കലും അവളെ ശപിക്കരുത്, എന്റെ കുട്ടി പാവാ… അത്രയും പറഞ്ഞ് നിറകണ്ണുകളോടെ നടന്നകലുന്ന ആ അമ്മയെ നോക്കി   ഒരുനിമിഷം അവൻ നിന്നു.

നമുക്ക് പോകാം…

അൽപ്പ സമയത്തിന് ശേഷം വെളിയിലേക്ക് വന്ന അവൻ തന്റെ ബന്ധുക്കളോടായി പറയുമ്പോൾ  അവളുടെ അമ്മയും അവളും   നിർവികാരരായി അവരെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

പടിയിറങ്ങി മുറ്റത്തേക്ക് നടക്കവേ   പിന്തിരിഞ്ഞു വീടിനുള്ളിലേക്ക് നടക്കാൻ തുടങ്ങിയ ആ അമ്മയോടായി അവൻ വിളിച്ചു പറഞ്ഞു.

എനിക്ക് കുട്ടിയെ ഒത്തിരി ഇഷ്ടായിട്ടോ, വിവാഹത്തിന്റെ ദിവസം കുറിച്ചോളൂ…

കേട്ടത് വിശ്വസിക്കാൻ കഴിയാതെ  ഒരു നിമിഷം തരിച്ചു നിന്നുപോയി അവളും അമ്മയും. എന്നാൽ  അവളുടെ അച്ഛന്റെ മുഖത്ത് സന്തോഷം നിറഞ്ഞു നിന്നു.

പിന്നെ എല്ലാ പെട്ടെന്നായിരുന്നു. ചടങ്ങുകൾ ഓരോന്നായി വേഗത്തിൽ കഴിഞ്ഞു.

എന്നാൽ വിവാഹത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് ആ വാർത്ത ദേവനെ തേടിയെത്തിയത്.

വൈദേഹി,  അവൾ ആ ത്മ ഹത്യക്ക് ശ്രമിച്ചിരിക്കുന്നു, ആശുപത്രിയിലാണ്.

ദൈവമേ ഞാൻ കാരണം ആണല്ലോ  അവൾ ..
കേട്ടപാതി കേൾക്കാത്ത പാതി ദേവൻ ആ ആശുപത്രിയിലേക്ക് ഓടി. അവിടെ ചെന്നപ്പോൾ അവൻ കണ്ടു കൈത്തണ്ടയിൽ വെള്ള തുണി ചുറ്റി  ഓക്സിജൻ മാസ്‌ക്ക്  വച്ച് മയങ്ങുന്ന അവളെ …

മോനെ… അവൾ.. അവനെ കണ്ടപാടെ ആ അച്ഛനും അമ്മയും കണ്ണീരോടെ അവന്റെ കൈകൾ മുറുകെ പിടിച്ചു.

അവരിൽ നിന്ന് മാറി   ഒരരികിലായി അവൻ ഇരുന്നു. മനസ്സ് വല്ലാതെ നോവുന്നു.
താനാണല്ലോ എല്ലാത്തിനും കാരണം.

അമ്മേ ഞാൻ ഇപ്പോൾ വരാം . അത് മാത്രം പറഞ്ഞ് ആ ആശുപത്രി മുറിയിൽ നിന്ന് എങ്ങോട്ടോ പോയ ദേവൻ തിരികെ വരുമ്പോളും അവൾക്ക് ബോധം വന്നിരുന്നില്ല.

വീണ്ടും താൻ മുൻപ് ഇരുന്നിടത്ത് തന്നെ അവൻ ഇരുന്നു.

അതേ  ആ കുട്ടിക്ക് ബോധം വന്നിട്ടുണ്ട്. ഒരാൾക്ക് കേറി കാണാം. പുറത്തേക്ക് വന്ന നേഴ്‌സ് പറഞ്ഞതനുസരിച്ച് അവളുടെ അമ്മ ഉള്ളിലേക്ക് പോകാൻ തുടങ്ങിയതും  ദേവൻ ആ അമ്മയുടെ കൈകളിൽ പിടിച്ചു.

അമ്മേ ഞാൻ ഒന്ന്……

നിറകണ്ണുകളോടെയുള്ള  അവന്റെ ചോദ്യത്തിന് മുന്നിൽ ‘അമ്മ സമ്മതം മൂളുമ്പോൾ ദേവൻ വാതിൽ തുറന്ന് ഉള്ളിലേക്ക് നടന്നു.

എന്തിനായിരുന്നു ഇതെല്ലാം???

കിടക്കയിൽ  ഒന്നും മിണ്ടാതെ നിറഞ്ഞ കണ്ണുകളുമായി കിടക്കുന്ന അവൾക്കരികിൽ ഇരുന്ന് കൊണ്ട് അവൻ ചോദിച്ചപ്പോൾ അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

ഒരിക്കലും നിന്റെ ശരീരത്തെ കൊതിച്ചല്ല ഞാൻ  ഇതിന് സമ്മതം മൂളിയത്,  വിട്ട് പോയ ഒരാളെ ഇത്രമേൽ സ്നേഹിക്കുന്ന നിന്റെ മനസ്സ് , അതിനെയാണ് ഞാൻ സ്നേഹിച്ചത്,  അതിൽ എന്നെങ്കിലും ഒരിക്കൽ എനിക്കൊരു സ്ഥാനം ലഭിക്കും എന്ന് മാത്രമാണ് കൊതിച്ചത്.

അല്ലാതെ നിന്റെ ഇഷ്ടമില്ലാതെ ഈ ശരീരത്തെ സ്വന്തമാക്കാൻ ആയിരുന്നില്ല, അവനെ മാത്രം സൂക്ഷിക്കുന്ന ഈ മനസ്സിലെ സ്നേഹം പിടിച്ചു വാങ്ങാനും അല്ല.

എന്നെങ്കിലും നീ മനസ്സറിഞ്ഞ് എന്നെയും സ്നേഹിക്കും എന്ന് മാത്രമേ കൊതിച്ചുള്ളൂ.

എന്നാൽ ഇപ്പോൾ ഈ നിമിഷം സ്വയം ജീവനൊടുക്കാൻ നീ ശ്രമിച്ച ഈ നിമിഷം മുതൽ ഇനിയൊരു വട്ടം മരിക്കാൻ നിനക്ക് തോന്നിയാൽ അതെന്റെ പെണ്ണായിട്ട്  മാത്രമായിരിക്കണം,  നിന്റെ ഓർമകളിൽ എനിക്കും ജീവിക്കണം  ഇനിയുള്ള കാലം.

അത്രയും പറഞ്ഞ അവൻ  അവൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്ന മുൻപ്   തന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ആലിലതാലി അവളുടെ കഴുത്തിലായി ചാർത്തി.

മനസ്സിൽ ദൈവങ്ങളെ സാക്ഷി നിർത്തി ഒരു നുള്ള് കുങ്കുമത്താൽ അവളുടെ നെറ്റി അവൻ ചുവപ്പിച്ചു.

ഈ സമയമെല്ലാം ഒന്നും മിണ്ടുന്നില്ല എങ്കിലും അവളുടെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ദിവസങ്ങൾ  പിന്നെയും കടന്ന് പോയി ,
രാപ്പകലുകൾ ഇല്ലാതെ അവൻ ആ ആശുപത്രിയിൽ അവൾക്ക് കാവലിരുന്നു.

ആ ആശുപത്രി മുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ എല്ലാവരെയും സാക്ഷിയാക്കി ഒരിക്കൽ കൂടി ആ താലി അവളുടെ കഴുത്തിൽ അണിയപ്പെട്ടു എങ്കിലും ഒരിക്കലും ഒരു ഭർത്താവായി അവൾ ദേവനെ സ്വീകരിച്ചിരുന്നില്ല.

ആദ്യരാത്രിയിൽ ഭയത്തോടെ ആ മുറിയിലേക്ക് കയറിച്ചെന്ന അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് തറയിൽ പായ വിരിച്ച് കിടന്ന  ദേവൻ അവൾക്കൊരു അത്ഭുതമായി,

പിന്നീടുള്ള ദിവസങ്ങളിലും ഇത് തന്നെ തുടർന്നു.
എന്നാൽ അവളുടെ ഓരോ വിഷമങ്ങളും അവൾ പറയുകപോലും ചെയ്യാതെ അവൻ കണ്ടറിഞ്ഞു ചെയ്തു. പതിയെപ്പതിയെ അവളുടെ ദേഷ്യം സൗഹൃദത്തിന് വഴിമാറി.

കിടപ്പറയിൽ നല്ല സുഹൃത്തുക്കളെ പോലെ പരസ്പരം കഥകൾ പറഞ്ഞും മറ്റും വീണ്ടും ദിവസങ്ങൾ കടന്ന് പോയി.

ഇതിനിടയിൽ അനന്ദുവിന്റെ ഓർമകൾ അവൾ പൂർണമായി  മറന്ന് തുടങ്ങിയിരുന്നു,. മനസ്സിന്റെ ഏതോ കോണിൽ  ദേവൻ സ്ഥാനം പിടിച്ചുകഴിഞ്ഞു. എന്നിട്ടും അവർക്കിടയിലെ അതിർവരമ്പുകൾ ഭേദിക്കപ്പെട്ടില്ല.

ഒടുവിൽ ഒരുനാൾ അതും സംഭവിച്ചു. പൂർണമനസ്സോടെ  ദേവന്റെ പെണ്ണായി ആ നെഞ്ചിൽ ചേർന്ന് അവൾ കിടന്നു.

പുറത്ത് പെയ്യുന്ന  നനുത്ത മഴയുടെ കുളിരോടെ അവർക്കിടയിലെ പ്രണയം പൂത്തു. ചെറിയൊരു മധുരമുള്ള വേദനയോടെ അവൾ അവന്റെ മാത്രം പാതിയായി അലിഞ്ഞു ചേർന്നു.

പിന്നീടുള്ള നാളുകളിൽ അവൾ അറിയുകയായിരുന്നു ചിലരൊക്കെ നമ്മുടെ ജീവിതത്തിൽ നിന്ന് ഇറങ്ങിപോകുന്നത് അതിലേറെ നമ്മെ സ്നേഹിക്കുന്ന ചിലർക്ക് കടന്നുവരാൻ വേണ്ടി മാത്രമാണെന്ന്. സ്നേഹം കൊണ്ട് മൂടുന്ന ചില കടന്ന് വരവുകൾക്ക് മാത്രം

ഒരുമാത്ര കൂടി അവളിലേക്ക് നോക്കവേ അവൻ ഓർത്തു. കാലം തനിക്കായി കരുതിവച്ചത് എത്രതന്നെ വൈകിയാലും എത്രയൊക്കെ വേദനിപ്പിച്ചാലും തന്നിലേക്ക് തന്നെ തിരികെ വരുമെന്ന്.

കുറച്ചു സമയത്തിന് ശേഷം തന്റെ അരികിലായി  വന്നിരുന്ന  അവളുടെ കൈകളിൽ പിടിച്ച ദേവൻ  ആ കൈതണ്ടയിലേക്ക്  ഒന്ന് നോക്കി .

ആ  മധുരമുള്ള വേദനയെ  ഓർമ്മിപ്പിക്കുന്ന  മുറിപ്പാട് ഇന്നും അവിടെ ബാക്കിയായിരുന്നു.
ഒരു നറുചുംബനത്താൽ  ആ കൈതണ്ടയെ തണുപ്പിച്ച അവൻ അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്ത് പിടിച്ചു……

നീ എന്റെ മാത്രമാണ്…. എന്നിൽ ചേരാൻ മാത്രമായി ജനിച്ചവൾ അവൾ വൈദേഹി…

Leave a Reply

Your email address will not be published. Required fields are marked *