മോനിലും മരുമോളിലും ആദ്യം ഉണ്ടായ മാറ്റങ്ങൾ അവൾ മാതൃത്വപരമായ വാത്സല്യത്തോടെ..

അസ്തമയഹൃദയം
(രചന: Jasla Jasi)

“ലക്ഷ്മിയമ്മക്ക് ഒരു വിസിറ്റർ ഉണ്ട് ” വൃദ്ധസദനത്തിലെ ആയയുടെ ശബ്ദം കേട്ടാണു ജനലിലൂടെ വെറുതെ പുറത്തേക്ക് നോക്കി ഇരുന്ന ലക്ഷ്മിയമ്മ ഓർമകളിൽ നിന്നും ഉണർന്നത്…

ആരാവും ഇപ്പൊ എന്നെ കാണാൻ വന്നത്… ഓണം…  വിഷു…  പോലെയുള്ള പ്രതേക ദിവസങ്ങൾ ഒന്നുമല്ലല്ലോ മക്കൾ തന്നെ തേടി വരാൻ…. തന്റെ പിറന്നാളും അല്ല ഇന്ന്…  പിന്നെ ആരായിരിക്കും….

ഉള്ളിൽ ആകാംഷ ഉണ്ടായിരുന്നുവെങ്കിലും കൂടുതൽ ഒന്നും പ്രതീക്ഷിക്കാൻ ഇല്ല എന്നുറപ്പ് ഉള്ളത് കൊണ്ട് ഒരു ദീർഘ നിശ്വാസത്തോടെ ലക്ഷ്മിയമ്മ കസേരയിൽ നിന്നും എണീറ്റു.

വാതത്തിന്റെ ചെറിയ പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് നടക്കാനിത്തിരി ബുദ്ധിമുട്ടുണ്ട്… വൃദ്ധസദനത്തിലെ പെൺകുട്ടിയുടെ കൈ പിടിച്ചണു വിസിറ്റെൾസ് റൂമിലേക്ക് നടന്നത്…

നീണ്ട വരാന്തയുടെ തലക്കൽ വച്ചേ തന്നെ കാണാൻ വന്നതാരാ എന്ന് അകലേക്ക്‌ ലക്ഷ്മിയമ്മ എത്തി നോക്കി.

തന്നെ പോലെ തന്നെ വാർദ്ധക്യത്തിന്റെ അവശത താങ്ങുന്ന ആരോ ആണെന്ന് അവർക്ക് തോന്നി..
അടുത്തെത്തിയപ്പോൾ ഞെട്ടലോടെ അവരാ മുഖം തിരിച്ചറിഞ്ഞു…

” നാരായണേട്ടൻ…… ”   പതിയെ, വിറയലോടെ അവരുടെ അധരം മന്ത്രിച്ചു നിറകണ്ണുകളോടെ ഒരായിരം ചോദ്യങ്ങൾ അവർക്കുള്ളിൽ  വന്നലച്ചു….

കഴിഞ്ഞുപോയ ഒത്തിരി കാര്യങ്ങൾ അവർ ക്കുള്ളിൽ മിന്നിമാഞ്ഞു…

അതിൽ കുട്ടനാടിന്റെ മനോഹാരിതയിൽ വയൽവരമ്പിലൂടെ തുള്ളിച്ചാടി നടന്നിരുന്ന ഒരു പതിനേഴുകാരി ലക്ഷ്മിക്കുട്ടി തെളിഞ്ഞു വന്നു…
പട്ടുപാവാടയും ദാവണിയുടുത്ത സുന്ദരിയായ ലക്ഷ്മികുട്ടി…

കാണുന്ന എന്തിനും കൗതുകം ഒളിപ്പിച്ചിരുന്ന നിഷ്കളങ്കമായ മിഴിയുള്ളവൾ… കുപ്പിവള പൊട്ടിച്ചിതറും പോലെ ചിരിക്കുന്നവൾ…

ഒരിക്കൽ സന്ധ്യയ്ക്ക് കുളികഴിഞ്ഞ് അലക്കിയ വസ്ത്രങ്ങളുമായി പുഴയിൽ നിന്ന് കേറാൻ ആഞ്ഞതും, വഴുക്കി പുഴയിലേക്ക് തന്നെ വീണതും ഒരുമിച്ചായിരുന്നു…

ആരും കാണാതെ പുഴയിൽ മരണത്തോട് മല്ലിട്ട് വെള്ളത്തിൽ കൈകാലിട്ടടിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ആ കൈകൾ ലക്ഷ്മിയെ താങ്ങിയെടുത്ത് കരയിൽ എത്തിച്ചത്.
ചെത്തുകാരൻ നാരായണൻ..

ജീവൻ രക്ഷപ്പെട്ട ആശ്വാസത്തിൽ വീട്ടിലേക്ക് ഓടുമ്പോൾ പിന്നിൽ നിന്നും തന്നെ തന്നെ നോക്കുന്ന രക്ഷകനെ മനസ്സിൽ പ്രതിഷ്ഠിക്കാൻ പിന്നീട് ഒരുപാട് കാലം വേണ്ടിവന്നില്ല ലക്ഷ്മിക്ക്..

പിന്നീട് പ്രണയം പൂവിട്ടദിനങ്ങളായിരുന്നു….
കുട്ടനാടിന്റെ പ്രകൃതി ഭംഗിയിൽ നാരായണനും ലക്ഷ്മിയും അവരുടെ പ്രണയവും അലിഞ്ഞുചേർന്നു…

പക്ഷേ പ്രമാണിമാരായിരുന്ന ലക്ഷ്മിയുടെ അമ്മാവന്മാർ അറിയുന്നത് വരെ യുള്ളൂ അവരുടെ പ്രണയ സ്വപ്നങ്ങളുടെ വസന്തകാലത്തിന് ആയുസ്സ് ഉണ്ടായിരുന്നത്…

കോതോറത്ത് തറവാട്ടിലെ പെൺകുട്ടിയെ പ്രണയിച്ചതിന് നാരായണനും അനുഭവിക്കേണ്ടിവന്നു  ഒത്തിരി…

ഇരുട്ടിന്റെ മറവിൽ ഒരുപാട് മർദ്ദനങ്ങൾ അയാൾ സഹിച്ചു….

വെറുമൊരു ചെത്തുകാരനോട്‌ തോന്നിയ പ്രണയത്തിന്റെ പേരിൽ ലക്ഷ്മിക്ക് പക്ഷേ കൊടുക്കേണ്ടിവന്ന വില സ്വന്തം ജീവിതം ആയിരുന്നു…

ബാംഗ്ലൂരിൽ നല്ല ജോലിയുള്ള പ്രഭാകരൻ എന്ന മാനസികരോഗിയുടെ ഭാര്യ എന്ന പേരിൽ നാല് ചുവരുകൾക്കുള്ളിൽ ജീവിച്ചു തീർക്കാൻ വിധിക്കപ്പെടുക ആയിരുന്നു അവൾ… യൗവനം മുഴുവൻ കരഞ്ഞു തീർക്കാൻ വിധിക്കപ്പെട്ടവൾ….

പ്രഭാകരൻ എന്ന ദുഷ്ടന്റെ സ്നേഹമില്ലാത്ത, പ്രണയമില്ലാത്ത, രതിയെ വെറുപ്പോടെ അവൾ അനുഭവിച്ചു….

ഒരു മനുഷ്യ ജീവിയാണെന്ന് പരിഗണനപോലും ഇല്ലാതെ അവളെ ഉപദ്രവിച്ചു കൊണ്ടിരുന്നപ്പോൾ
ഒന്നുറക്കെ കരയാൻ പോലുമാവാതെ പേടിച്ച് വിറച്ച്ച്ചിരുന്ന അവൾ…

ഒന്നും രണ്ടും ദിവസം അല്ല…., വര്ഷങ്ങളോളം…..
അയാളുടെ അറിവിൽ പെണ്ണ് എന്നാൽ വെറും കാ മ കേളിക്ക് ഉപയോഗിക്കുന്ന ഒരു യന്ത്രം മാത്രമായിരുന്നു….

ആദ്യമെല്ലാം അവൾ അനുനയത്തോടെ, എല്ലാം ക്ഷമിച്ചു അയാളെ അങ്ങോട്ട് സ്നേഹിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

പക്ഷെ, ആട്ടിയകറ്റലായിരുന്നു പ്രതിഫലം..
ഒടുവിൽ കണ്ണീരോടെ അവൾ എല്ലാം വേണ്ടെന്ന് വെച്ചു. സ്നേഹത്തെ അവഗണിക്കുന്ന അയാളെ, ഇങ്ങനെയും മനുഷ്യരുണ്ടോ എന്ന് അത്ഭുതത്തോടെ അവൾ നോക്കി നിന്നു…

പതിയെപ്പതിയെ അവൾക്കും എല്ലാം ശീലമായി..
ജീവിതത്തോട് തന്നെ ഒരു തരം നിസ്സംഗഭാവമായി…
അതിനിടയിൽ അവൾ രണ്ടു കുട്ടികളുടെ അമ്മയായി…

പിന്നെ കുട്ടികളായി  അവളുടെ ലോകം.. എത്ര വേദനയിലും ആ ത്മ ഹത്യ ചെയ്യാതെ പിടിച്ചുനിൽക്കാൻ ആ കുട്ടികളുടെ നിഷ്കളങ്ക പുഞ്ചിരി മതിയായിരുന്നു അവൾക്ക്…

കുട്ടനാടിനെ കുറിച്ചും നാരായണനെ കുറിച്ചും  ഓർക്കുമ്പോൾ പറ്റാത്ത കണ്ണുനീർ ചാലിട്ടൊഴുകി..
ഒരിക്കൽ നാട്ടിൽ പോയപ്പോൾ അമ്പല പടവിൽ വെച്ച് വീണ്ടും കണ്ടു..

ഒരായിരം തീനാളങ്ങൾ ഒന്നിച്ച് ചങ്കിലേക്ക് കുത്തിയിറക്കുന്ന വേദനയോടെ അവൾ നോക്കി നിന്നു…

നാരായണൻ അടുത്ത് വന്നു സംസാരിച്ചു
മനസ്സുതുറന്ന് അന്നവർ ഒരുപാട് സംസാരിച്ചു…
ഉള്ളിലെ വേദനകളെല്ലാം പേമാരിയായി ഒഴുകി
അവളുടെ അവസ്ഥ കണ്ട് സഹിക്കാനാവാതെ നാരായണൻ വീണ്ടും ക്ഷണിച്ചു അവളെ അവന്റെ ജീവിതത്തിലേക്ക്..

“നീ വാ ലക്ഷ്മി നമുക്ക് എങ്ങോട്ടെങ്കിലും പോകാം ഇതു മാത്രമല്ല ലോകം. നിന്റെ മക്കളെ ഞാനെന്റെ മക്കളായി വളർത്താം” നിറകണ്ണുകളോടെ നിസ്സഹായയായി നിരസിച്ചുകൊണ്ട് അവൾ പറഞ്ഞു

” മക്കൾ ആണ് എന്റെ ജീവിതം.. അവർക്ക് വേണ്ടിയാണ് എല്ലാം.. “

പിന്നെ നിർബന്ധിക്കാൻ നാരായണനും കഴിഞ്ഞില്ല
പിന്നെയും കാലങ്ങൾ കടന്നു പോയത് ലക്ഷ്മിക്ക് വേദനയും ഒറ്റപ്പെടലും സമ്മാനിച്ചു കൊണ്ടായിരുന്നു..

പ്രഭാകരൻ മരണപ്പെട്ടു എങ്കിലും അവളുടെ സ്വപ്നം പോലെ ആളുകളെ വലിയ രീതിയിൽ പഠിപ്പിക്കാനായി…  മകൻ പഠിച്ച് എയറോനോട്ടിക്കൽ എൻജിനീയറായി ഒരു തിരുവനന്തപുരം കാരിയെ പ്രണയിച്ച് കല്യാണം കഴിച്ചു…

മകളെ പഠിപ്പിച്ച് ഡോക്ടർ ആക്കി അമേരിക്കയിലുള്ള ഒരു ഡോക്ടറെ കൊണ്ട് കല്യാണം കഴിച്ചു… അവളും മക്കളും അവിടെയാണ്.. വല്ലപ്പോഴും വിളിക്കും.

മോനിലും മരുമോളിലും ആദ്യം ഉണ്ടായ മാറ്റങ്ങൾ അവൾ മാതൃത്വപരമായ വാത്സല്യത്തോടെ അവഗണിച്ചെങ്കിലും പിന്നീട് മരിച്ചു പോയ ഭർത്താവിനെ മാനറിസങ്ങൾ മകനിലും  ഞെട്ടലോടെ അവൾ കണ്ടുതുടങ്ങി.

മരുമോളുടെ കുത്തുവാക്കുകളും ശകാര വർഷങ്ങളും കൂടിയപ്പോൾ ഒരു മൂലയിൽ ഇരുന്ന് പൊട്ടിക്കരഞ്ഞു.

ആ നിമിഷങ്ങളിൽ അവളാ പഴയ കോതോറത്ത് തറവാട്ടിലെ കാരണവന്മാരെ എതിർക്കാനാവാതെ നിസ്സഹായയായി നിന്ന ലക്ഷ്മിക്കുട്ടി ആവുകയായിരുന്നു.. ഒടുവിൽ ഈ  വൃദ്ധസദനത്തിൽ കൊണ്ടുവന്ന് തള്ളിയപ്പോഴും മറുത്തൊരു അക്ഷരം പറയാതെ മകനെ അനുസരിച്ചു.

ഞാനില്ലാതെ എന്റെ മകൻ ജീവിക്കാൻ പഠിച്ചിരിക്കുന്നു അവൻ ഒരുപാട് വലിയ കുട്ടിയായി.. കണ്ണീർ നിറഞ്ഞ പുഞ്ചിരിയോടെ അവർ കണ്ണുകളടച്ചപോൾ രണ്ടു തുള്ളി കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി..

ഒരായുസ്സ് മുഴുവൻ ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ച ആ നാരായണൻ….  ഇപ്പോഴിതാ നരവീണ മുടിയും..,  ചുക്കിച്ചുളിഞ്ഞ് തൊലിയും.., പല്ലുപോയ മോണയും മാത്രം അവശേഷിച്ചപ്പോൾ തന്റെ മുന്നിൽ തന്നെ തേടി വന്നിരിക്കുന്നു… എന്തു പറയണമെന്നറിയാതെ ലക്ഷ്മിയമ്മ വിതുമ്പിക്കരഞ്ഞു…

“ലക്ഷ്മീ…. “

വിറയാർന്ന സ്വരത്തോടെ അയാൾ വിളിച്ചു
പഴയ ലക്ഷ്മിയുടെ ഒരു നേർത്തരൂപം മാത്രമാണ് അവരിൽ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ എന്ന് തോന്നി നാരായണന്. അയാൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു

” ആളും അരങ്ങും ഒഴിഞ്ഞില്ലേ…. ഇപ്പോൾ..
ആർക്കും വേണ്ടാത്തവളായില്ലേ നീ…
ഇനിയെങ്കിലും നീ നിന്നെ എനിക്ക് തരുമോ..”

ഉത്തരം പറയാനാവാതെ ഒരായിരം കൂരമ്പുകൾ കൊണ്ട് പിടയുകയായിരുന്നു ലക്ഷ്മി. നേരിയതിന്റെ തലപ്പ് കൊണ്ട് വാ പൊത്തിപ്പിടിച്ച്, ഏങ്ങികരയുന്ന അവരെ ചേർത്തുപിടിച്ചുകൊണ്ട് നാരായണൻ തുടർന്നു..

” കാത്തിരിക്കുകയായിരുന്നു ഞാൻ… പൂർണമായും നഷ്ടപ്പെട്ടു പോയിട്ടും ഉള്ളിലെവിടെയോ ഇരുന്ന് ആരോ പറഞ്ഞു ഈ ഫോട്ടോയിൽ നീ എന്നിലേക്ക് വരുമെന്ന്… ഒത്തിരി അന്വേഷിച്ചു ഞാൻ നിന്നെ. ബാംഗ്ലൂരിൽ നിന്റെ മോനെ കാണാൻ പോയി.

നീ ഇവിടെയാണെന്ന് അറിഞ്ഞപ്പോൾ സങ്കടം സഹിക്കാനാവാതെ അവനെ  ഞാൻ ഒത്തിരി വഴക്ക് പറഞ്ഞു അവർക്ക് വേണ്ടി നീ വേണ്ടെന്നുവച്ച നിന്റെ ജീവിതത്തെക്കുറിച്ച് ഓർമിപ്പിച്ചു…

അവന്റെ കണ്ണുകളിൽ കുറ്റബോധം നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു. അവിടുന്ന് ഞാൻ ഇറങ്ങിയത് നേരെ ഇങ്ങോട്ടാണ്. ഇന്ന് ഒരു ദിവസത്തേക്ക് എങ്കിലും എന്റെ കൂടെ വരുമോ ലക്ഷ്മി.. ഇവിടെ വേണ്ടപ്പെട്ടവരോട് ഞാൻ സംസാരിച്ചിട്ടുണ്ട്. എല്ലാവരുടെയും സമ്മതം വാങ്ങിയിട്ടുണ്ട്.

അങ്ങനെ ലക്ഷ്മി, നാരായണന്റെ  കൈയും പിടിച്ച് അവിടെ നിന്നിറങ്ങി അവർ പോയത് അവരുടെ നാട്ടിലേക്കാണ്… കുട്ടനാട്ടിലേക്ക്..

അവരുടെ പ്രണയപുഷ്പം പൂത്തുലഞ്ഞ കുട്ടനാട്ടിലേക്ക്.. ഒത്തിരി മാറിയിരിക്കുന്നു അവിടമെല്ലാം. എങ്കിലും അവർ കൈകോർത്തു പിടിച്ചു നടന്നു അവിടെയെല്ലാം.

ഓടി നടന്നിരുന്ന പാടവരമ്പത്തൂടെ,  അടി ഉറക്കാത്ത,  വിറയ്ക്കുന്ന,  പാദങ്ങളോടെ നാരായണന്റെ കൈപിടിച്ച് അവർ നടന്നു..

പാടവരമ്പത്തെ മണ്ണിനും ചേറിലും എല്ലാം അവളെ പരിചയം ഉള്ളതുപോലെ..

ഇടവഴിയിലൂടെ..,  മലഞ്ചെരുവിലൂടെ…,
പൂക്കളോട് കിന്നാരം പറഞ്ഞു, പ്രായം മറന്ന് പഴയ നാരായണനും ലക്ഷ്മിക്കുട്ടിയും ആയി  അവർ നടന്നു…

ഒരുപാട് കാലങ്ങൾക്ക് ശേഷം മനസ്സ് തുറന്ന്  ലക്ഷ്മിയമ്മ ചിരിച്ചു. നാരായണന്റെ  സ്നേഹത്തിനു മുൻപിൽ…

പ്രണയത്തിനു മുൻപിൽ പ്രായം വെറും അക്കം മാത്രമാണെന്ന് അവർ നടന്നുപോയ വഴികളിലെല്ലാം പൂക്കളും ചെടികളും തമ്മിൽ പറഞ്ഞു..

അവരുടെ പ്രണയത്തിന് ആരംഭം കുറിച്ച ആ പുഴയോരത്ത് നാരായണന്റെ തോളിൽ ചാരി ഇരുന്നപ്പോൾ ഒരായുസ് മുഴുവൻ എന്തിനോക്കെയോ… ആർക്കൊക്കെയോ വേണ്ടി കളഞ്ഞതോർത്തു വിഷമം തോന്നിയില്ല ലക്ഷ്മിക്ക്…

വാർദ്ധക്യത്തിന്റെ അവശതയിൽ കുഴിഞ്ഞു പോയ അവരുടെ കണ്ണുകളിൽ,  പതിവില്ലാത്ത ഒരു പ്രകാശം ഉണ്ടെന്ന് നാരായണനു തോന്നി.. ദൂരെ എങ്ങോ നോക്കി യാന്ത്രികമായി അവർ വിളിച്ചു…

“നാരായനേട്ടാ…. “

“ഉം…? “

” അന്നീ  പുഴയിൽ വച്ചു നാരായനേട്ടൻ എന്നെ രക്ഷപെടുത്തിയില്ലയിരുന്നെങ്കിലോ…”

“എന്തിനാ ലക്ഷ്മികുട്ടീ ഇങ്ങനൊക്കെ പറയുന്നേ…. താൻ വന്നേ നമുക്ക് വീട്ടിൽ പോകാം… “

“ഉം…. “

അതും പറഞ്ഞു നാരായണൻ എണീറ്റതും താങ്ങായി നിന്നിരുന്ന തണൽ മാറിയ പോലെ ആ ശരീരം ജീവനറ്റ് നിലതെക്ക് വീണു…

“ലക്ഷ്മികുട്ടീ…..”

ചങ്ക് പൊട്ടുന്ന വേദനയോടെ ആ വൃദ്ധൻ നിസ്സഹായനായി നിലവിളിച്ചു…..

ലക്ഷ്മിയമ്മ അപ്പോഴും പുഞ്ചിരിച്ച മുഖത്തോടെ ആയിരുന്നു.

ഒരായുസ് മുഴുവൻ അനുഭവിക്കേണ്ട സ്നേഹം ഒറ്റ ദിവസം കൊണ്ട് അനുഭവിച്ച ചാരിതാർത്യത്തോടെ ലക്ഷ്മികുട്ടിയുടെ ആത്മാവ് അകന്നപ്പോൾ ആ ശരീരം ചേർത്ത് പിടിച്ചു വാവിട്ട് കരഞ്ഞു നാരായണൻ…

ഒടുവിൽ ആ ശരീരം മുറുകെ പിടിച്ചു കൊണ്ട് അടിയൊഴുക്ക് ഉള്ള ആ പുഴയുടെ ആഴങ്ങളിലേക്ക് അയാൾ ചാടി….

മരണത്തിനു പോലും വിട്ടു കൊടുക്കില്ലെന്ന വാശിയോടെ…

ആഴങ്ങളിലേക്ക് ആഴ്ന്ന് ആഴ്ന്ന് പോകുമ്പോഴും നാരായണന്റെ ശരീരത്തിൽ നിന്നും ജീവൻ വേർപെട്ടു പോകുമ്പോഴും പിടി വിടാതെ മുറുകെ പിടിച്ചിരുന്നു അയാൾ തന്റെ പ്രണയത്തെ….

അപ്പോഴേക്കും ആകാശത്ത്  അസ്തമയ സൂര്യനും യാത്ര പറയാൻ നേരമായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *