എല്ലാം നിശ്ചയിച്ചുറപ്പിച്ച് കാത്തിരുന്ന ആ ദിവസം, അണിഞ്ഞൊരുങ്ങി വിവാഹ മണ്ഡപത്തിൽ..

പെയ്തൊഴിയാതെ
(രചന: Sarath Lourd Mount)

ഗുൽമോഹർ പൂക്കൾ പരവതാനി വിരിച്ച  ആ കോളേജ് മുറ്റത്തിന് ഇന്നും മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

പഠനം പൂർത്തിയാക്കി ഇവിടെ നിന്ന് ഇറങ്ങിയിട്ട്  8 വർഷങ്ങൾ ആയിരിക്കുന്നു. ആ  കോളേജ് മുറ്റത്ത് നിൽക്കുമ്പോൾ സിദ്ധാർഥ് ഓർത്തു.

തന്റെ ജീവിതം മാറ്റി മറിച്ച നാല് വർഷങ്ങൾ, ജീവിതത്തിൽ എന്തൊക്കെയോ അർത്ഥമുണ്ട് എന്ന് തോന്നിപ്പിച്ച ദിനങ്ങൾ.

പടിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു ഇവിടെ എന്ന് പറയുന്നതാവും ശരി. എത്ര പെട്ടെന്നാണ് എല്ലാം അവസാനിച്ചത്.. ഒരു പാട് സന്തോഷിച്ചത് കൊണ്ടാകാം അതിന്റെ പതിന്മടങ്ങ് ഇരട്ടിയായി ദുഃഖങ്ങൾ കാലം കാത്തുവച്ചത്.

ജീവിതത്തിൽ ആദ്യമായി അവളെ കണ്ടത് ആ  വാകമരച്ചോട്ടിലായിരുന്നു.   കോളേജ് കവാടത്തിൽ നിന്ന്  ആ  വാകമരത്തിലേക്ക് നോക്കി സിദ്ധു  ആ ദിവസത്തെ ഒരിക്കൽ കൂടി ഓർത്തെടുത്തു.

11 വർഷങ്ങൾക്ക് മുൻപ്  കോരിച്ചൊരിയുന്ന മഴയുള്ള ഒരു ബുധനാഴ്ച്ച അന്നായിരുന്നു  ആദ്യമായി അവളെ താൻ കണ്ടത്.

ചുരുട്ടിപ്പിടിച്ച കയ്യിൽ  നനഞ്ഞൊട്ടിയിട്ടും ചുവപ്പ് വറ്റാത്ത   ചെങ്കൊടിയുമായി  മുഴങ്ങുന്ന മുദ്രാവാക്യങ്ങൾക്കിടയിലൂടെ നടന്ന് നീങ്ങുന്ന  അവളെ  കണ്ടപ്പോൾ തോന്നിയത് കൗതുകമായിരുന്നു.

പലപെൺകുട്ടികളെയും മുൻപ് കണ്ടിട്ടുണ്ടെങ്കിലും  അവരിലൊന്നും ഇല്ലാത്ത എന്തോ പ്രത്യേകത അവൾക്കുള്ള പോലെ ഒരു തോന്നൽ.

ആരാണ് ആരാണിവൾ??? ഹൃദയം വല്ലാതെ അവളെക്കുറിച്ചറിയാൻ മുറവിളികൂട്ടുന്ന പോലെ, എന്തോ തന്റെ ആത്മാവിനോട് അവൾ വല്ലാതെ അടുത്ത് നിൽക്കുന്ന പോലെ ഒരു തോന്നൽ.

എങ്ങനെയാ ഇപ്പോൾ ഒന്ന് അറിയുക??? മനസ്സിന്റെ ആ ചോദ്യത്തിന് ഉത്തരമെന്നോണം  ഉള്ളിൽ തെളിഞ്ഞത്  രണ്ട് കൂട്ടുകാരുടെ മുഖമാണ് .
ചോദിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളു പേരും വീടും വീട്ടുകാരും അടക്കം മുഴുവൻ ഭൂമിശാസ്ത്രവും കിട്ടി.

വൈഗ . അതായിരുന്നു അവളുടെ പേര്. കോളേജിലെ ഫർസ്റ്റ്‌ ഇയർ സ്റ്റുഡന്റ്, അച്ഛന്റെ ആദർശങ്ങൾ ഉൾക്കൊണ്ട്  ജീവിക്കുന്നവൾ.

താനൊക്കെ ഫർസ്റ്റ്‌ ഇയർ വന്നപ്പോൾ  കോളേജിൽ തങ്ങളൊക്കെ ഉണ്ടെന്ന് കൂടി അറിഞ്ഞിരുന്നില്ല, ആ ചരിത്രമാണ് അവൾ തിരുത്തിക്കുറിച്ചിരിക്കുന്നത്.

എങ്ങനെയാ ഒന്ന് സംസാരിക്കുക???

അതും ചിന്തിച്ച് നിക്കുന്നതിനിടയിലാണ് പുറകിൽ നിന്നൊരു ശബ്ദം തന്റെ കാതുകളിൽ പതിഞ്ഞത്..
അതേ ചേട്ടാ ഇതൊന്ന് പിടിക്കാവോ???

നീട്ടിപ്പിടിച്ച ചെങ്കൊടി തനിക്ക് നേരെ നീട്ടി  പ്രതീക്ഷയോടെ നോക്കി നിൽക്കുന്ന കണ്ണുകൾ കുറച്ചു മുൻപ്  താൻ ഒന്ന് മിണ്ടാൻ വല്ലാതെ  ആഗ്രഹിച്ചവളുടേതായിരുന്നു.

എന്തോ  പറ്റില്ല എന്ന് പറയാൻ തോന്നിയില്ല.
അങ്ങനെ ആദ്യമായി   നീലനിറത്തിലെ കൊടിമാത്രം    മുറുകെപ്പിടിച്ച കയ്യിൽ ആ ചെങ്കൊടി ചേർത്ത് പിടിച്ചു.

ചെങ്കൊടി എന്റെ കയ്യിൽ തന്ന് പൊട്ടിപ്പോയ തന്റെ ചെരുപ്പ് നേരെയാക്കുന്ന അവളെ  ഏതോ സ്വപ്നത്തിലെന്നപോലെ അവൻ നോക്കി നിന്നു.

ഒരു വാക്ക് പോലും മിണ്ടാതെ ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച് ആ ചെങ്കൊടിയും തിരികെ വാങ്ങി അവൾ നടന്ന് നീങ്ങുമ്പോൾ  മനസ്സും അവളുടെ പുറകെ എങ്ങോട്ടെന്നില്ലാതെ പാഞ്ഞു.

പിന്നെ പലവട്ടം കണ്ടു   ,സംസാരിച്ചു  അപരിചിതത്വത്തിൽ നിന്ന് സൗഹൃദത്തിലേക്ക് ചേക്കേറുമ്പോളും  പ്രണയം മാത്രം ഒരു മരീചികയായി അകന്നു നിന്നു.

പേടി ആയിരുന്നു പറയാൻ സൗഹൃദം എന്ന ആ ഇഷ്ടം കൂടി നഷ്ടമാകുമോ എന്ന ഭയം. എന്നാൽ എന്റെ കണ്ണുകളിൽ കണ്ട പ്രണയം ഞാൻ പോലുമറിയാതെ അവൾ തിരിച്ചറിഞ്ഞു എന്ന സത്യം  ഞാനറിഞ്ഞത്  ആ  ദിവസമായിരുന്നു .

തനിക്കെന്നെ ഇഷ്ടമാണോ??? എന്ന അവളുടെ ചോദ്യത്തിന് ഉത്തരമില്ലാതെ നിശ്ശബ്ദനായിരിക്കുമ്പോൾ എന്റെ മൗനത്തിന്റെ അർത്ഥം മനസിലാക്കിയ അവൾ ഒരുപാട് സംസാരിച്ചു.

അവൾ എന്താണെന്നും അവളുടെ ചുറ്റുപാടുകൾ എങ്ങനെയുള്ളതാണെന്നും.

ദാരിദ്ര്യം പേറുന്ന തന്റെ ജീവിതത്തിൽ നിന്ന്  രക്ഷപ്പെട്ടോളാൻ പറഞ്ഞ് കണ്ണീരോടെ  അവൾ നടന്ന് നീങ്ങുമ്പോൾ    എന്റെ കണ്ണിൽ നിന്ന് ഒഴുകിയിറങ്ങിയത് കണ്ണുനീരായിരുന്നില്ല.

എന്നാൽ കുറച്ചു ദൂരം മുന്നോട്ട് പോയിട്ട് കണ്ണീരോടെ തന്റെ നെഞ്ചിലേക്ക് തന്നെ  തിരികെ വന്നു ചേർന്നപ്പോൾ ഞാനറിഞ്ഞത് എന്നോടുള്ള അവളുടെ കറകളഞ്ഞ പ്രണയമായിരുന്നു.
പിന്നീട് വേറൊന്നും എനിക്ക് ചിന്തിക്കാൻ ഉണ്ടായിരുന്നില്ല.

ആ കൈകൾ വിട്ട് കളയില്ല  എന്ന ഉറപ്പോടെ ചേർത്ത് പിടിച്ചു.

വീട്ടുകാർ കൂടി സമ്മദിച്ചതോടെ പ്രണയം എന്ന ബന്ധം വിവാഹം എന്നതിലേക്ക് എത്തിച്ചേരാൻ അധിക നേരം വേണ്ടി വന്നില്ല.

പിന്നീടങ്ങോട്ട് മത്സരിക്കുകയായിരുന്നു സ്നേഹിക്കാൻ ഒരു നോക്ക് കാണാതെയോ മിണ്ടാതെയോ ഇരുന്നാൽ ജീവൻ പോകുന്നത് പോലെ തോന്നുന്ന നിമിഷങ്ങൾ.

വിവാഹം…. എല്ലാം നിശ്ചയിച്ചുറപ്പിച്ച്  കാത്തിരുന്ന ആ ദിവസം… അണിഞ്ഞൊരുങ്ങി  വിവാഹ മണ്ഡപത്തിൽ ഇരിക്കുമ്പോൾ  അവൾക്ക് പകരം വന്നത്  അവളുടെ കൈപ്പടയിൽ എഴുതിയ ഒരു കത്തും അവളുടെ ഒരു ഫോൺ വിളിയും മാത്രമായിരുന്നു.

എല്ലാം മറക്കണം, അവളുടെ ജീവിതത്തിൽ  ഞാൻ ഒരിക്കലും ചേരില്ലത്രേ…  അത്രയും പറഞ്ഞ് അവസാനിച്ച ആ ഫോൺ കയ്യിൽ നിന്ന് നിലത്തേക്ക് വീഴുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി…

നിസ്സഹായരായി നിൽക്കുന്ന അവളുടെ അച്ഛനമ്മമാരുടെ മുന്നിൽ നിന്ന്  ഒരു വാക്ക് പോലും മിണ്ടാൻ കഴിയാതെ മിടിപ്പ് നിലച്ച ഹൃദയവുമായി  ഞാൻ  എങ്ങോട്ടോ നടന്നു. വെളിയിൽ മഴ പെയ്യുന്നുണ്ട് പെയ്തൊഴിയാത്തൊരു മഴ…….

എന്തിന് വേണ്ടി ആയിരുന്നു എല്ലാം???? അവൾ എന്തിനിങ്ങനെ ചെയ്തു???

അറിയില്ല…

ആ ചോദ്യങ്ങൾക്ക് ഉത്തരമില്ല ഇത് വരെ.

എന്നാൽ ഇന്ന് ആ ഉത്തരം താൻ അറിയും.

അവൾക്കായാണ് ഈ കാത്തിരിപ്പ്. ഇന്ന് വർഷങ്ങൾക്ക് ശേഷം അവൾ വീണ്ടും വരുന്നു  . തന്റെ  മാത്രം വൈഗ…

അങ്ങനെ പറയാമോ എന്നറിയില്ല., ഒരു പക്ഷെ ഇന്നവൾ മറ്റാരുടെയെങ്കിലും സ്വന്തമായിട്ടുണ്ടാകും. അറിയണം അവളിൽ നിന്ന് തന്നെ എല്ലാം……

ഒരു വാക്ക് മാത്രം ചോദിക്കണം .
അവളുടെ ജീവിതത്തിൽ എന്റെ വേഷം എന്തായിരുന്നു എന്ന്.

മനസ്സിൽ  ഇരുണ്ട് കൂടിയ ഒരു പിടി ചോദ്യങ്ങൾക്ക് ഉത്തരവും തേടി അവൻ  ആ വഴിത്താരയിലേക്ക്  വീണ്ടും  കണ്ണ് നട്ടു…..

തന്റെ സ്വപ്നങ്ങൾ പെയ്തൊഴിഞ്ഞ ആ വഴിത്താരയിൽ അവളെയും കാത്ത് നിൽക്കുമ്പോൾ അവന്റെ ഹൃദയത്തെ തണുപ്പിക്കാണെന്നോണം  പെയ്തൊഴിയാതെ ഒരു മഴയും  പൊഴിഞ്ഞു തുടങ്ങിയിരുന്നു

ഇഴഞ്ഞു നീങ്ങുന്ന സമയത്തിന് എന്തോ വല്ലാത്ത ദൈർക്യം പോലെ. തന്റെ കാത്തിരിപ്പിന്റെ ആഴം കൊണ്ട് തോന്നുന്നതായിരിക്കും ഒരുപക്ഷേ…

എന്നാലും എന്തിനായിരിക്കും അവളെന്നോട്????
തന്റെ വൈഗ അവൾ…. അവൾക്ക് എന്നോട് എന്താകും പറയാനുണ്ടാകുക????  മനസ്സ് വീണ്ടും ആ ചോദ്യം   ആവർത്തിച്ചപ്പോൾ അറിയാതെ ഹൃദയം വിങ്ങി…..

സിദ്ധു…… പുറകിൽ നിന്ന് പരിചിതമായ ഒരു ശബ്ദം കാതുകളെ തേടിയെത്തിയപ്പോൾ തിരിഞ്ഞു നോക്കാതെ തന്നെ ആ ശബ്ദത്തിനുടമയെ അവന് മനസ്സിലായിക്കഴിഞ്ഞിരുന്നു.

വൈഗ… വർഷങ്ങൾക്ക് ശേഷം  ആ ശബ്ദം വീണ്ടും കാതുകളിൽ മുഴങ്ങിയപ്പോൾ മനസ്സ് എങ്ങോട്ടെന്നില്ലാതെ സഞ്ചരിച്ചു… ചെറുതായി നിറഞ്ഞു തുടങ്ങിയ കണ്ണുകളെ അവൾ കാണാതെ തുടച്ചുകൊണ്ടവൻ തിരിഞ്ഞു നോക്കി.

വർഷങ്ങൾക്ക് ശേഷം തന്റെ പ്രണനായവൾ തനിക്ക് മുന്നിൽ.. ഒരു നിമിഷം വാക്കുകൾ പുറത്തേക്ക് വരാത്ത പോലെ ആ മുഖത്തേക്ക് നോക്കി അവൻ നിന്ന് പോയി.. ഉള്ളിലുള്ള ദേഷ്യം മുഴുവൻ അവളുടെ ആ കണ്ണുകളിൽ നോക്കിയപ്പോൾ അലിഞ്ഞില്ലാതായി….

വൈഗാ….  വീണ്ടും ആ പേര് തന്റെ നാവിൽ ഉച്ചരിക്കവേ    സിദ്ധുവിന്റെ കണ്ണുകൾ അറിയാതെ പെയ്തുതുടങ്ങിയിരുന്നു…

എന്തിനായിരുന്നു വൈഗാ????

ചോദ്യം മുഴുവിക്കാൻ അനുവദിക്കാതെ  സിദ്ധുവിന്റെ ചുണ്ടുകൾ  വൈഗ തന്റെ വിരലുകൾ കൊണ്ട് തടഞ്ഞു.

വേണ്ട സിദ്ധു  നിനക്ക് ചോദിക്കാൻ ഉള്ളത് എന്താണെന്ന് എനിക്ക് അറിയാം.. ഞാൻ എന്തിന് പോയെന്ന്… നിന്റെ സ്നേഹം  വേണ്ടെന്ന് വയ്ക്കാൻ മാത്രം നമ്മുടെ പ്രണയം  അത്രക്ക് ചെറുതായിരുന്നോ എന്ന്???? ഇതല്ലേ നിനക്ക് ചോദിക്കാനുള്ളത്????

നീ എനിക്ക് തന്ന സ്നേഹം ഒരിക്കലും ചെറുതായിരുന്നില്ല സിദ്ധു… പക്ഷെ ആ സ്നേഹത്തിന് ഞാൻ അർഹയല്ല എന്ന് മാത്രം ,  നിനക്ക് മാത്രം സമർപ്പിക്കേണ്ട ശരീരം  ബലം കൊണ്ടൊരുവൻ കീഴടക്കിയപ്പോൾ…

നിസ്സഹായയായി സഹിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു, വെറുപ്പായിരുന്നു പിന്നെ ഈ നശിച്ച ജന്മത്തോട്  ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ ചിന്തിച്ചു,പിന്നെയോർത്തു  ഞാൻ എന്തിന് മരിക്കണം????  എന്റെ ജീവിതം, അത് നശിപ്പിച്ചവനല്ലേ മരിക്കേണ്ടത്???

പക്ഷെ എന്റെ ഈ നശിച്ച ജീവിതത്തിലേക്ക് നിന്നെ വലിച്ചിടാൻ എനിക്ക് കഴിയില്ലായിരുന്നു  സിദ്ധു,   നിന്റെ ജീവിതം ഞാൻ കാരണം തകരാൻ പാടില്ല….. അതിനായിരുന്നു കല്യാണാദിവസം  അരങ്ങേറിയ ആ നാടകം.

കാത്തിരിക്കുകയായിരുന്നു ഞാൻ എന്നെ കടിച്ചു കീറിയ ശേഷം ഈ നാട്ടിൽ നിന്ന് പോയ ആ മൃഗത്തിന്റെ തിരിച്ചു വരവിനായി…

കൊല്ലണം എനിക്കവനെ,  എന്നിട്ട് സ്വയം ഈ ജീവിതം അവസാനിപ്പിക്കണം ,അതിന് മുമ്പ് നിന്നോട് മാത്രം സത്യം പറയണമെന്നുണ്ടായിരുന്നു, എല്ലാം നീ അറിയണമെന്നുണ്ടായിരുന്നു.. നിന്റെ മനസ്സിൽ ഇനിയും ചതിയുടെ പ്രതിരൂപമായി ഞാൻ ഉണ്ടാകാൻ പാടില്ല,  നമ്മുടെ പ്രണയം  കളവായിരുന്നു എന്ന് നീ ചിന്തിക്കാൻ പാടില്ല….

ഇഷ്ടമായിരുന്നു സിദ്ധു നിന്നെ എന്റെ ജീവനേക്കാൾ നിന്നെ എനിക്ക്….. പുഞ്ചിരിയോടെ അവളത് പറയുമ്പോളും കണ്ണുകൾ അവൾക്കുള്ളിലെ  സങ്കടം എടുത്ത് കാട്ടുന്നുണ്ടായിരുന്നു…..

ആരാ??? ആരാ വൈഗാ അവൻ?????
ആരാണ് നമ്മുടെ ജീവിതത്തിലെ സന്തോഷം തല്ലിക്കെടുത്തിയ ആ മൃഗം????

കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു എങ്കിലും തന്റെ ജീവിതം നശിപ്പിച്ച ആ മൃഗം ആരാണെന്ന് അറിയാൻ അവൻ ചോദിച്ചു . എന്നാൽ അവളിൽ നിന്ന് കേട്ട ആ പേര് അവന് ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നതായിരുന്നില്ല….

കൂടിപ്പിറപ്പിനെപ്പോലെ താൻ കരുതിയവൻ, എന്തിനും ഏതിനും ഒപ്പം നടന്ന തന്റെ സുഹൃത്ത്…. അരുൺ,അവൻ.. അവൻ തന്നോട് ഇങ്ങനെ……
ഇല്ല വൈഗാ  ഞാൻ…. ഞാൻ തോറ്റ് പോകുന്നു വൈഗ നിനക്ക് മുന്നിൽ…. നിനക്ക് പറയാമായിരുന്നില്ലേ എന്നോട്???

വേണ്ട സിദ്ധു നീ അത് അറിയരുതായിരുന്നു, അതറിഞ്ഞിരുന്നു എങ്കിൽ ഒരിക്കലും നീവേറൊരു പെൺകുട്ടിയെ സ്വീകരിക്കില്ലായിരുന്നു.
നിറകണ്ണുകളോടെ അവൾ പറഞ്ഞു നിർത്തി.

അത്രപെട്ടെന്ന് മറക്കാൻ കഴിയുന്നതാണോ  വൈഗാ നീ എനിക്ക് തന്ന സ്നേഹം???  നീ പോകുമ്പോൾ ഞാൻ മറ്റൊരു പെൺകുട്ടിയെ സ്വീകരിക്കും എന്ന് നീ വിശ്വസിക്കുന്നുണ്ടോ????

സിദ്ധുവിന്റെ ആ ചോദ്യത്തിന് മുന്നിൽ വൈഗ ചെറുതായൊന്ന് ഞെട്ടി…

സിദ്ധു .. നീ… നീ പറയുന്നത്????

സത്യമാണ് വൈഗ ഈ 8 വർഷങ്ങൾ ഞാൻ ജീവിച്ചത് നമ്മുടെ ഓർമകളിൽ മാത്രമാണ്,ഇപ്പോൾ നീ വന്നില്ലായിരുന്നെങ്കിൽ  ഈ ജീവിതം മുഴുവൻ അങ്ങനെ തന്നെ ഞാൻ ജീവിച്ചു തീർത്തേനെ….  അത് പറഞ്ഞ് അകന്ന് നിൽക്കുന്ന വൈഗയുടെ കൈകളിൽ അവൻ മുറുകെ പിടിച്ചു…..

വേണ്ട സിദ്ധു, … ഞാൻ നശിച്ചവളാണെടാ നിന്റെ വൈഗ അവളിന്ന് ഇല്ല ഇന്ന് നിന്റെ മുന്നിൽ നിൽക്കുന്നത് ജീവനില്ലാത്ത വെറുമൊരു  ശരീരം മാത്രമാണ്, ആ എന്നെ നിനക്ക് എന്തിനാടാ???

അങ്ങനെ ആയിരുന്നെങ്കിൽ,ഞാൻ നിന്റെ മനസ്സിൽ ഇല്ലായിരുന്നെങ്കിൽ  പിന്നെ ഇന്ന് നീ എന്നെ തേടി ഇവിടെ വന്നത് എന്തിനാണ് വൈഗ???
ഈ സത്യങ്ങൾ നീ എന്നോട് പറഞ്ഞത് എന്തിനാണ്????

സിദ്ധുവിന്റെ ചോദ്യങ്ങൾക്ക്  ഉത്തരമില്ലാതെ അവളൊന്ന് പരുങ്ങി.

വിധിയാണ്  വൈഗ  നമ്മൾ ഒന്ന് ചേരണം എന്നുള്ളത് വിധിയാണ് , ശരീരത്തിൽ ഒരു കറ പറ്റി എന്ന കാരണം കൊണ്ട് ഇല്ലാതാകുന്നതല്ല എന്റെ പ്രണയം,

അത് ഒരിക്കലും നിന്റെ ശരീരത്തോടായിരുന്നില്ല  വൈഗ, ഞാൻ സ്നേഹിച്ചത് നിന്റെ മനസ്സിനെയാണ്, നിന്റെ ഉള്ളിലെ കറകളഞ്ഞ ആ സ്നേഹം മാത്രമാണ് ഞാൻ കൊതിച്ചത്, ഞാൻ സ്നേഹിച്ചിരുന്ന എന്റെ വൈഗക്ക് ഒന്നും സംഭവിച്ചിട്ടില്ല.

പിന്നെ നിന്റെ പ്രതികാരം  അത് പൂർത്തിയാക്കാൻ നിന്നോടൊപ്പം ഞാനുമുണ്ടാകും, പെണ്ണിനെ വെറും ശരീരമായി കാണുന്ന  മൃഗങ്ങളെ കൊല്ലണം,
പക്ഷെ  സാധാരണക്കാരന് നീതികിട്ടാത്ത നിയമത്തിന് മുന്നിലേക്ക് നിന്നെ ഇട്ട് കൊടുക്കാൻ എനിക്ക് കഴിയില്ല വൈഗ,

അഥവാ  പിടിക്കപ്പെട്ടാലും അത് നമ്മൾ ഒരുമിച്ചായിരിക്കണം, അതിന് മുമ്പ് ഒരുദിവസമെങ്കിൽ ഒരുദിവസം എന്റെ താലി നിന്റെ കഴുത്തിൽ ചാർത്തണമെനിക്ക്,

നിന്റെ നെറുകയിൽ ഒരു നുള്ള് സിന്ദൂരത്താൽ ചുവപ്പിക്കണമെനിക്ക്… നീ അതിന് സമ്മതിക്കണം വൈഗ, സമ്മതിച്ചേ പറ്റു….

അത്രയും പറഞ്ഞ് ആ കൈകൾ ഒന്ന് കൂടി ചേർത്ത് പിടിക്കുമ്പോൾ  പെയ്യാൻ കാത്ത് നിന്ന കാർമേഘം പോലെ അവളുടെയും അവന്റെയും  കണ്ണുനീർ അണപൊട്ടിയൊഴുകിയിരുന്നു.

കൊല്ലണം സിദ്ധു അവനെ….. സിദ്ധുവിന്റെ നെഞ്ചോരം ചേർന്ന് നിറകണ്ണുകളോടെ അവളത് പറയുമ്പോൾ  കൂടെയുണ്ടാകും എന്ന ഉറപ്പോടെ  തന്നെ അവൻ അവളെ തന്നോട്  ചേർത്ത് പിടിച്ചു.

അവരുടെ ജീവിതത്തിൽ എന്നപോലെ ആകാശത്തിലുംപെയ്തൊഴിഞ്ഞ  മഴക്ക് ശേഷം   വീണ്ടുമൊരു  കാർമേഘം മൂടപ്പെട്ടു  തുടങ്ങിയിരുന്നു.

എന്നാൽ ആ കാർമേഘത്തിനപ്പുറം ജീവിതത്തിൽ പ്രണയത്തിന്റെ ഒരു മഴ പൊഴിഞ്ഞില്ല എങ്കിൽ പിന്നെ പ്രണയത്തിന് എന്തർത്ഥമാണുള്ളത്???
കാത്തിരിക്കാം നമുക്ക് വൈഗയുടെയും,

സിദ്ധുവിന്റെയും ജീവിതത്തിൽ   വരാൻ പോകുന്ന   ഒരിക്കലും പെയ്തൊഴിയാത്ത  ആ പ്രണയമഴയിൽ അവർക്കൊപ്പം ഒരുമിച്ചൊന്ന് നനയാൻ…. ആ മഴയിൽ നനഞ്ഞ് നമ്മുടെ പ്രണനായവർക്കൊപ്പം കൈകോർത്തൊന്ന് നടക്കാൻ…

Leave a Reply

Your email address will not be published. Required fields are marked *