ചേച്ചിയല്ലേ കരുതിയാ കെട്ട്യോൻ ഇട്ടേച്ചും പോയപ്പോ അഭയം കൊടുത്തത്, മതി അവിടെയുള്ള..

ആൽവീമരിയ
(രചന: Sana Hera)

“മറിയേ…….ഒരുമ്മ തരോടീ…….”

അന്നും കുർബാനകഴിഞ്ഞ് മടുങ്ങുമ്പോൾ ക്ലബ്ബിനുമുന്നിലുള്ള തടിബെഞ്ചിൽ ആൽവിച്ചൻ ഇരിപ്പുറപ്പിച്ചിരുന്നു.

എല്ലാ ഞായറാഴ്ചയുമുള്ള ഒരു ചടങ്ങായിരുന്നത്. പള്ളിയിലെ തിരുകർമങ്ങൾകഴിഞ്ഞു വരുന്ന അവളെ ചൊടിപ്പിക്കാനായുള്ള അവന്റെ പാഴ്ശ്രമങ്ങൾ. എന്നാലന്ന് തലേന്നുകണ്ട സിനിമയിലെ പഞ്ചുഡയലോഗായിരുന്നു.

അവനെ പാടേയവഗണിച്ചുകൊണ്ട് തലകുനിച്ചുപോയിരുന്ന അവൾ പതിവിനുവിപരീതമായി കണ്ണുരുട്ടിയവനെ ദഹിപ്പിച്ചു നോക്കുന്നതുകണ്ടപ്പോൾതന്നെ ഇന്നു പെരുന്നാളാണെന്ന് തിരിച്ചറിഞ്ഞു.

എങ്കിലുമൊരു കള്ളച്ചിരി ചുണ്ടിലൊളിപ്പിച്ച് ചാടിത്തുള്ളിക്കൊണ്ടുള്ള അവളുടെ വരവ് ഇമചിമ്മാതെ മനസ്സിലേക്കവൻ പകർത്തിയെടുത്തുകൊണ്ടിരുന്നു.

അവർ തമ്മിലുള്ളയകലം കുറയുംതോറും ഇടനെഞ്ചിലെന്തോ വല്ലാതെ പിടക്കുന്നതവനറിഞ്ഞു.
എന്നാൽ കരണം പുകയുന്നതിന്റെ നീറ്റലനുഭവപ്പെട്ടതും ഹൃദയം നിലച്ചു.

“കൊറേ നാളായി ക്ഷമിക്കുന്നു. തനിക്കുമ്മവേണമെങ്കിലെ പോയി തന്റെ പെമ്പറന്നോത്തിയോട് ചോദിക്കടോ…..”

കോപത്താൽ വിറക്കുന്ന അവളുടെ അധരങ്ങളിൽനിന്നുമുതിർന്ന വാക്കുകൾ നെഞ്ചിൻകൂടുതകർത്ത് ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്നതുപോലെ തോന്നിയവന്.

ആ കറുത്ത നീളൻ കണ്ണുകളിൽ തന്നോടുള്ള കോപത്തിനപ്പുറം സ്വയം എരിഞ്ഞുതീരുന്ന ഒരു പെണ്ണിന്റെ നിസ്സംഗതയാണവന് കാണാനായത്.

“പെമ്പറന്നോത്തിയാക്കാൻ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ലാട്ടോ….”

അഴിഞ്ഞുവീണ കേശഭാരം ഇരുകൈകളാൽ വാരിക്കെട്ടികൊണ്ട് പല്ലുഞ്ഞെരിച്ച് നടന്നകലുന്ന അവളോടായി ഉറക്കെയവൻ വിളിച്ചുപറയുമ്പോൾ ക്ലബ്ബിലിരുന്ന് ചീട്ടുകളിച്ചിരുന്ന ജോണിയും ഡെന്നിയും ജനാലവഴി പുറത്തേക്കെത്തി നോക്കി.

“എടാ ഡെന്നി……. ഇവനിതെന്തിനുള്ള പുറപ്പാടാ? ഇതെങ്ങാനുമിവന്റെ അമ്മച്ചിയറിഞ്ഞാൽ ഹോ…..”

ഇടതുകവിളിൽ കൈവച്ചുകൊണ്ട് കിട്ടാൻപോകുന്ന അടിയുടെ എണ്ണമെടുത്തുതുടങ്ങിയ ജോണി രക്ഷക്കായി അന്തോണീസുപുണ്യാളനെ കട്ടക്കുപിടിക്കാൻതന്നെ തീരുമാനിച്ചു.

മണിമാളികയുടെ പടിപ്പുരകടന്നുവരുന്ന മറിയയുടെ നിഴൽവെട്ടം കണ്ടതുമവൾക്കുനേരെ കുത്തുവാക്കുകൾ തൊടുത്തുവിടുന്ന സിസിലിയെ കാര്യമാക്കാതെ നേരേ അടുക്കളയിലേക്കുച്ചെന്ന് സ്റ്റവ്വിലേക്ക് ദോശക്കല്ലുകയറ്റിവച്ച്,

തവികൊണ്ട് മാവിളക്കി കല്ലിലേക്കൊഴിച്ച് പരത്തി, ചായക്കുള്ള വെള്ളം വച്ചതും ഊണുമുറിയിൽനിന്നും ഒച്ചപ്പാടുകൾ കേട്ടുതുടങ്ങിയിരുന്നു.

ചുട്ടെടുത്ത ദോശ കാസറോളിലാക്കി ഗ്ലാസ്സുകളിലേക്ക് ചായപകർന്ന് അതും കൊണ്ട് മേശക്കരികിലേക്ക് നടക്കുമ്പോൾ

സിസിലിയും അമ്മച്ചിയും ടോണിയോടെന്തോ അടക്കം പറയുന്നത് ശ്രദ്ധിച്ചെങ്കിലുമത് കേട്ടിലെന്നുനടിച്ച് അവരുടെ മുന്നിലെ പാത്രത്തിലേക്ക് ചൂടു ദോശയും ചമ്മന്തിയും വിളമ്പി തിരിഞ്ഞു നോക്കാതെ നടന്നു.

“ഒന്നവിടെ നിന്നേ….”

ടോണിയുടെ ഉച്ചത്തിലുള്ള വിളി പാദങ്ങളെ നിശ്ചലമാക്കിയിരുന്നു. സംശയഭാവത്തോടെ തിരിഞ്ഞു നോക്കിയതും കലിതുള്ളിക്കൊണ്ടവൻ ചായഗ്ലാസ്സുനിരത്തിവച്ചിരുന്ന സ്റ്റീൽപാത്രം തട്ടിത്തെറിപ്പിച്ചു.

“ബന്ധം വേർപ്പെട്ടു നിൽക്കുന്നതാണെന്ന് ഇടക്കോർക്കുന്നത് നല്ലതാണ്. അടങ്ങിയൊതുങ്ങി കഴിയാനാവില്ലെങ്കിൽ ഇവിടെനിൽക്കണമെന്നില്ല!”

‘ബന്ധം പിരിഞ്ഞു നിൽക്കുന്നവൾ’ കേട്ടുതഴമ്പിച്ച വാക്കുകളാണെങ്കിലും സ്വന്തമനിയനിൽനിന്നുമത് പ്രതീക്ഷിച്ചിരുന്നില്ല മനസ്സിനെ കൊളുത്തി വലിക്കുന്ന വേദനിയിലും നിർവികാരയായവൾ നിന്നു.

“കണ്ടവന്മാരോടൊക്കെ വഴക്കുണ്ടാക്കി നാട്ടുകാരെകൊണ്ട് പറയിപ്പിക്കാൻ ഓരോന്ന് ചെയ്തുവച്ചോളും. ഇവർക്കെന്താ നഷ്ടം. നിങ്ങള് അധ്വാനിച്ചുണ്ടാക്കുന്നത് വെട്ടിവിഴുങ്ങിയാ മതിയല്ലോ…. അതിന്റെ നന്ദിയെങ്കിലും കാണിക്ക്….”

എരിതീയിൽ എണ്ണയെന്നപോലെ സിസിലി തന്നാലാവുന്നവിധം കുറ്റപ്പെടുത്തികൊണ്ടിരുന്നു.

“ഞാൻ മനപ്പൂർവ്വമല്ല അയാളെന്നും ഓരോന്നു വിളിച്ചു പറയുമ്പോ….”

ആഹാരം കഴിക്കാതെയെഴുന്നേറ്റ ടോണിയുടെ കൈകളിൽ പിടിച്ചുകൊണ്ടവൾ പതിയെ പറഞ്ഞതും അവളുടെ കൈതട്ടിമാറ്റിക്കൊണ്ടവൻ പുറത്തേക്കിറങ്ങി പോകുന്നത് നിറകണ്ണുകളോടെ നോക്കി നിൽക്കുമ്പോഴും സിസിലി നിർത്താതെയവളെ അധിക്ഷേപങ്ങൾക്കൊണ്ട് മൂടുകയായിരുന്നു.

വൈകീട്ട് മുറ്റത്തെ ചവറ്റിലകൾ വാരിക്കൂട്ടി കത്തിക്കുമ്പോഴാണ് അതിനിടയിൽനിന്നുമൊഴിഞ്ഞൊരു ഗുളികപ്പൊതിയവൾക്കു ലഭിക്കുന്നത്.

കൈകളിലെടുത്ത് പൊടിതട്ടി നോക്കിയപ്പോൾതന്നെ അതെന്തിനുള്ളതാണെന്നതവൾക്കു മനസ്സിലായിരുന്നു. സിസിലിക്കിത് രണ്ടാം മാസമാണെന്നോർത്തപ്പോൾ നെഞ്ചിലൊരു കൊള്ളിയാൻ മിന്നിയതുപോലെ തോന്നി.

വിശേഷമുണ്ടെന്നറിഞ്ഞപ്പോൾ തുടങ്ങിയതാണ് സിസിലിക്ക് കല്ലുകടി. അന്നുതൊട്ട് മനപ്പൂർവം ഭാരപ്പെട്ട ജോലികൾ ചെയ്യുന്നതുകണ്ടപ്പോഴേ ആ കുഞ്ഞിനെയവളാഗ്രഹിക്കുന്നില്ലെന്നത് ഏറെക്കുറെ മനസ്സിലായിരുന്നു.

പൊന്നും പണവും വേണ്ടുവോളം സ്ത്രീധനമായി കൊണ്ടുവന്ന മരുമകളുടെ ചൊല്പടിക്കായിരുന്നു അമ്മച്ചിയും.

പെട്ടന്ന് അകത്തുനിന്നുമുയർന്നു കേട്ട നിലവിളികൾ കാടുകയറിയ ചിന്തകളെ താഴെക്കുവലിച്ചിട്ടിരുന്നു.

ഓടിച്ചെന്നുനോക്കുമ്പോൾ വയറുപൊത്തിയലറുകയായിരുന്ന സിസിലിയിൽ നിന്നുമൊഴുകി കിടക്കവിരിയിലേക്ക് പടരുന്ന ര ക്തം അവളുടെ ശരീരത്തെ മരവിപ്പിച്ചു.

“ചതിച്ചല്ലോ മാതാവേ…. നോക്കിനിൽക്കാതെ ഒരു വണ്ടിവിളിച്ചു കൊണ്ടുവാടി അസത്തെ….”

സിസിലിക്കരികിലിരുന്ന് കണ്ണീർ വാർക്കുന്ന അമ്മച്ചിയവൾക്കുനേരെ അലറി.

വിങ്ങുന്ന ഹൃദയത്തോടെയവൾ റോട്ടിലേക്കിറങ്ങി പലവണ്ടിക്കും കൈകാണിച്ചെങ്കിലും ഒന്നുപോലും നിർത്താത്തതവളെ അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നതുപോലെ തോന്നിച്ചു. മനസ്സിലപ്പോഴും ടോണിയുടെ കുരുന്നിന്റെ ജീവനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

ഒരുപാടു ശ്രമങ്ങൾക്കൊടുവിലൊരു കാറിന്റെ മുന്നിലേക്കവളെടുത്തു ചാടുമ്പോൾ തന്റെ പാഴ്ജീവനേക്കാൾ വില ലോകം കാണാത്ത ആ കുഞ്ഞുതുടിപ്പിനവൾ നൽകിയിരുന്നു.

ഡോറുതുറന്ന് വെളിയിലേക്കിറങ്ങിയ ആൽവിയെക്കണ്ടവൾ പതറിയെങ്കിലും മടിച്ചുനിൽക്കാതെയവന്റെ കയ്യും പിടിച്ചുവലിച്ച് മണിമാളികയിലേക്കോടുന്ന മറിയയെ കാറിനകത്തിരുന്ന റോസി ഞെട്ടലോടെ നോക്കിയിരുന്നു.

തീവ്രപരിചരണ വിഭാഗത്തിനു മുന്നിലുള്ള കസേരയിലിരിക്കുമ്പോൾ ആൽവിയുടെ കണ്ണുകൾ കുരിശു രൂപത്തിനു മുന്നിൽ മുട്ടിപ്പായി പ്രാർത്ഥിക്കുന്ന മറിയയിലായിരുന്നു.

ജപമാലയുരുവിടുന്ന അവളുടെ ചുണ്ടുകൾ വിളറിയിരുന്നു, കവിളുകളിൽ നീർച്ചാലുകൾ തിളങ്ങിയിരുന്നു. എന്തോ ആ പെണ്ണിനോട് എന്തെന്നില്ലാത്ത വാത്സല്യം തോന്നിയവന്.

“സിസിലിയുടെ ആരാ ഇവിടെയുള്ളത്?”

വാതിൽതുറന്ന് വെളിയിലെക്കുവന്ന നഴ്സിന്റെയുറക്കെയുള്ള വിളികേട്ടതും കുരിശുവരച്ചെഴുന്നേറ്റ് അവൾ അവർക്കരികിലേക്കൊടിവന്നു.

“കു ഞ്ഞിനെ ര ക്ഷിക്കാനായില്ല. സിസിലിയെ കുറച്ചുകഴിഞ്ഞാൽ മുറിയിലേക്ക് മാറ്റും.”

തളർന്ന് നിലത്തേക്കിരിക്കുമ്പോൾ വിഫലമായ പ്രാർത്ഥനകളെയോർത്തവൾ സ്വയം പഴിച്ചുകൊണ്ടിരുന്നു.

“ഗ ർഭ മല സാ നുള്ള മ രു ന്ന് ആ കുട്ടീടെയുള്ളിൽ ചെന്നിട്ടുണ്ട്. അതാ ഇങ്ങനെ സംഭവിച്ചേ….”

നഴ്സിന്റെ വാക്കുകൾ അവളിൽ സംശയത്തിന്റെ കനലുകൾ കോരിയിട്ടെങ്കിലും പ്രതികരിക്കാനുള്ള സ്ഥലമല്ലിതെന്ന ചിന്തയവളെ മൂകയാക്കി.

മുറിയിലേക്കു മാറ്റിയ സിസിലിക്കു മുന്നിൽ അരയിൽ തിരുകിയിരുന്ന ഗുളികയുടെ ഒഴിഞ്ഞകവർ കാണിക്കവേ കള്ളിവെളിച്ചത്തായതറിഞ്ഞ് തലകുനിച്ചിരിക്കുമ്പോഴാണ് വിവരമറിഞ്ഞ് ടോണിയെത്തുന്നത്.

“നോക്കെടാ മോനേ….. ഇവള്… ഈ അസത്ത് നമ്മടെ കൊച്ചിനെക്കൊന്നതാ…. കണ്ടോ അവക്കടെ കയ്യിലിരിക്കുന്ന ഗുളിക സിസിലിമോൾക്ക് എങ്ങനെയോ കൊടുത്ത് നമ്മടെ കൊച്ചിനെ…..”

അവർ നെഞ്ചത്തടിച്ചു നിലവിളിക്കുന്നതു കേട്ട് മറിയ പകച്ചുപോയിരുന്നു. അഗ്നിയെരിയുന്ന കണ്ണുകളോടെ ടോണി കയ്യോങ്ങിക്കൊണ്ട് അവൾക്കരികിലേക്ക് പാഞ്ഞതും ഇതിനെല്ലാം സാക്ഷിയായി നിന്നിരുന്ന ആൽവി മറിയക്കുമുന്നിൽക്കയറിനിന്നു.

“ചേച്ചിയാണ്… ഒരിക്കലും നീയിങ്ങനെ ചെയ്തുകൂടാ…..”

അവനെ പിന്തിരിപ്പിക്കാൻ ആൽവി ഏറെ പാടുപെട്ടിരുന്നു.

“ചേട്ടായി മാറിനിൽക്ക്…. ഒരിക്കലും പെറാൻ കഴിയാത്ത ഇവര് എന്റെ കു ഞ്ഞിനെക്കൂടെ ഇ ല്ലാ താക്കി. ചേച്ചിയല്ലേ കരുതിയാ കെട്ട്യോൻ ഇട്ടേച്ചും പോയപ്പോ അഭയം കൊടുത്തത്.

മതി…. അവിടെയുള്ള നിങ്ങടെ പൊറുതി ഇന്നത്തോടെ മതിയാക്കിക്കോണം. എങ്ങട്ടാന്നുവച്ചാൽ പൊയ്ക്കോ….”

നിഷ്കരുണം അവൻ പറഞ്ഞ ഓരോവാക്കുകളും വിങ്ങലോടെ കേട്ടുനിൽക്കുന്ന മറിയയെ ആൽവി അലിവോടെനോക്കി.

കള്ളക്കണ്ണീരിനിടയിൽ സിസിലിയേനോക്കി പുഞ്ചിരിക്കുന്ന അമ്മച്ചിയെ ടോണിയൊഴികെ ബാക്കിയെല്ലാവരും കണ്ടപ്പോഴും ആ പെണ്ണ് മൗനം പാലിച്ചുനിൽക്കുന്നത് അവന്റെയുള്ളിൽ നോവുണർത്തി.

കൂടുതലൊന്നും കേൾക്കാനുള്ള കെൽപ്പില്ലാതെയവൻ മുറിവിട്ടിറങ്ങുമ്പോൾ തന്റെയോരോ ചലനത്തേയും നിരീക്ഷിച്ചുകൊണ്ടു നിന്നിരുന്ന റോസിയുടെ തോളിലേക്കവൻ ചാഞ്ഞു.

“ആൽവിച്ചാ…. പോയി വിളിച്ചോണ്ടുവാടാ നിന്റെ മറിയക്കൊച്ചിനെ….”

പ്രതീക്ഷിക്കാതെയുള്ള അവരുടെ പ്രതികരണം അവനിലൊരു പിടച്ചിലുണ്ടാക്കിയെങ്കിലും ആ മുറിയിൽ നിന്നിരുന്ന നിമിഷങ്ങളിലൊന്നിൽ തന്റെ മനസ്സുമതിനുകൊതിച്ചിരുന്നതവനോർത്തു.

“അമ്മച്ചീ… പക്ഷേ അവൾക്ക് ഇഷ്ടമില്ലെങ്കിലോ?”

ഉയർന്നുവന്ന ആകാംഷകൾക്ക്‌ പിടിവള്ളിയിട്ടുകൊണ്ടുള്ള അവന്റെ ചോദ്യം കേട്ട് റോസി കണ്ണുരുട്ടി.

“ഇവിടെ ഇട്ടേച്ചുപോയിട്ട് അതിന്റെ ജീവിതം എങ്ങുമെത്താതാവുന്നതിലും നല്ലതല്ല്യോ…. ഇപ്പൊ തന്നെ ഒരു കുഞ്ഞിന്റെ ജീവന്റെ വില അവളോളം ആർക്കുമറിയില്ല. എന്നിട്ടും കുറ്റപ്പെടുത്തുന്നത് നോക്കിനിൽക്കാൻ മേലാ…..

ആ കൊച്ചിന്റെ കണ്ണീരിനൊരറുതി വരട്ടെ…. പിന്നെ ഇവളെക്കാണാനായി മാത്രമുള്ള നിന്റെ ക്ലബ്ബിൽപോക്ക് നിക്കേം ചെയ്യും എനിക്കൊരു കൂട്ടുമാവും.”

അവന്റെയുള്ളിലെ സംശങ്ങളെയില്ലായ്മ ചെയ്യാൻ ആ വാക്കുകൾ തന്നെ ധാരാളമായിരുന്നു.

നെഞ്ചുവിരിച്ച് തലയുയർത്തി തിരികെ മുറിയിലേക്കുചെന്ന് ആരുടേയും അനുവാദത്തിനു കാക്കാതെ കണ്ണീരുപ്പുപുരണ്ട അവളുടെ വലതു കൈവെള്ളയിൽ തന്റെ ഇടതുകൈ ചേർത്തുകൊണ്ട് നടന്നു നീങ്ങുന്നയവനെ എല്ലാവരും പകച്ചു നോക്കിയപ്പോൾ അവളുടെ കണ്ണുകളപ്പോഴും നിലക്കാതെ പ്രവഹിച്ചുകൊണ്ടിരുന്നു.

കാറിന്റെ പിൻസീറ്റിൽ അനുസരണയോടെയവളിരുന്നപ്പോൾ വലതുകയ്യാലവളെ റോസി ചേർത്തു പിടിച്ചിരുന്നു.

രജിസ്റ്ററാപ്പീസിൽ സാക്ഷിയായൊപ്പുവക്കുമ്പോഴും ഡെന്നിയും ജോണിയും റോസിയെ ഒളികണ്ണിട്ടു നോക്കിയിരുന്നു.

എന്നാലതൊന്നും ശ്രദ്ധിക്കാതെ കഴുത്തിലെ കൊന്തയിൽ മുറുകെപിടിച്ച് മക്കൾക്കായി പ്രാർത്ഥിക്കുകയായിരുന്ന റോസിയുടെ കവിളിൽ ആൽവി നിറഞ്ഞമനസ്സോടെ ചുംബിച്ചു.

“മാതാവിനെ മനസ്സിൽ ധ്യാനിച്ച് വലതുകാൽവച്ച് കയറ് മോളേ…. ഇവിടെ നിന്നെ നോവിക്കാൻ ആരും വരില്ല! ഇപ്പൊ എന്റെ ആൽവിച്ചന്റെ പെണ്ണാ നീ…. നിന്റെ മനസ്സൊന്നുപിടഞ്ഞാൽ അതിനുത്തരവാദിയെ കാലേവാരി തറയിലടിക്കും ഈ റോസി. അല്ല്യോടാ….”

കുരുശുവരച്ച്, കത്തിച്ച മെഴുകുതിരിയുമായി കൈതക്കാട്ടിൽ വീടിന്റെ മുറ്റത്ത് നിന്നിരുന്ന ആൽവിയെയും മറിയയെയും അകത്തേക്കുകയറ്റുമ്പോൾ റോസി ഡെന്നിയോടും ജോണിയോടും ചോദിച്ചതുകേട്ട് അറിയാതെയവരുടെ കൈകൾ മുതുകത്തും കവിളത്തുമൊക്കെ ഇഴഞ്ഞുനടന്നു.

“അവരെയൊന്നും ഓർമിപ്പിക്കല്ലേ എന്റെ പൊന്നമ്മച്ചി…..”

ആൽവി ചുണ്ടുകടിച്ചുകൊണ്ടവരെ നോക്കി നെടുവീർപ്പിട്ടു.

“ആഹാ… അങ്ങനെ മറക്കാനൊക്കുവോ എന്റെ പൊന്നുമോളെ, ഇവന്മാരുടെ കൂടെക്കൂടി ഈ ചെറുക്കനുണ്ടാക്കുന്ന തല്ലുകൊള്ളിത്തരങ്ങൾക്കൊക്കെ അതിയാന്റേന്ന് കേട്ടിരുന്നതെനിക്കാ…
അപ്പൊ അതിന്റെ ദണ്ണം ഇവന്മാർക്കിട്ട് രണ്ടുകൊടുത്തെങ്കിലും തീർക്കണ്ടായോ?”

“അമ്മച്ചി പഴയ കളരിയാണെന്നുകൂടെ പറഞ്ഞേരെ പെങ്ങളോട്. ഹോ മുഷ്ഠിച്ചുരുട്ടിയോരെണ്ണം കിട്ടിയാൽ പിന്നെയടുത്ത പെരുന്നാളിനെ നടു നിവരത്തൊള്ളൂ….”

ജോണിയുടെ ഓർമകളയവിറക്കികൊണ്ടുള്ള സംസാരംകേട്ട് മറിയയുടെ ചുണ്ടിലുമൊരു ചിരിവിരിഞ്ഞിരുന്നു. അതുകണ്ട് മനസ്സുനിറഞ്ഞ റോസി അവളുടെ നെറുകയിൽ മുത്തിക്കൊണ്ട് അകത്തേക്ക് കൈപിടിച്ചുകയറ്റി.

സംസാരപ്രിയായ റോസിയോടിണങ്ങാൻ അവൾക്കധികം സമയം വേണ്ടിവന്നില്ല. ജോണിയും ഡെന്നിയുമവളുടെ സഹോദരന്മാരായപ്പോൾ,

ആൽവിക്കു മാത്രം മുഖംകൊടുക്കാതെയുള്ള അവളുടെ പെരുമാറ്റത്തിലവൻ ദുഃഖിച്ചെങ്കിലും അവൾക്കുചുറ്റം സ്നേഹം മാത്രമാണുള്ളതെന്നത് അവനൊരാശ്വാസമായിരുന്നു.

“എന്തിനാ എന്നെ കൂടെക്കൂട്ടിയത്?”

അത്താഴം കഴിഞ്ഞ് മുറിയിലെത്തുമ്പോൾ അമ്മച്ചി കൊണ്ടുവച്ച പാൽഗ്ലാസിലേക്കു നോക്കിനിന്നിരുന്ന അവളെക്കണ്ട് എന്തോ പറയാനായവന്റെ നാക്കുപൊങ്ങിയതും അതുവരെയണിഞ്ഞു നടന്ന മൗനത്തിന്റെ ചങ്ങലകളെ ഭേദിച്ചുകൊണ്ടവൾ ചോദിച്ചതുകേട്ടവൻ അമ്പരന്നിരുന്നു.

“എല്ലാവരുമൊരുപോലെ കുറ്റപ്പെടുത്തുന്നതു കണ്ടപ്പോൾ സഹിച്ചില്ല!”

“ഇഷ്ടമാണോ നിങ്ങൾക്കെന്നെ?”

ആ ചോദ്യമവൻ പ്രതീക്ഷിച്ചിരുന്നതുകൊണ്ടുതന്നെ ഒരു ചെറുപുഞ്ചിരിയോടെ അതേയെന്നു തലയാട്ടി.

“ഹും…. സഹതാപം, അല്ലെങ്കിൽ കാ മം, ഇതിലേതാ നിങ്ങടെയുള്ളിലെന്നോട് സ്നേഹമുണ്ടാക്കിയതെന്ന് എനിക്കറിയില്ല! പക്ഷേ… ഒരിക്കലൊരാളുടെ ഭാര്യയായിരുന്നവളാ ഞാൻ.”

“എനിക്കറിയാം മറിയെ…..”

ജനാലഴിയിൽ തലചായ്ച്ചുനിന്നിരുന്ന അവളുടെ തോളിലവൻ വിറക്കുന്ന കൈകളാൽ പതിയെ സ്പർശിച്ചതും അവളിൽനിന്നും എങ്ങലടികളുയർന്നിരുന്നു.

“വഴിയരികിൽ വേലയും കൂലിയുമില്ലാതെ പെൺപിള്ളേരെ ശല്യം ചെയ്യുന്നയൊരുവനായേ നിങ്ങളെയിന്നുവരെ കരുതിയിട്ടുള്ളൂ….

നിങ്ങളെങ്ങനെയുള്ളവനാണെന്നൊന്നും എനിക്കറിയില്ലെങ്കിലും ഇന്നെന്റെ തലക്കുമുകളിലൊരു കൂരയുണ്ടെങ്കിൽ അതുനിങ്ങൾ കാരണമാണ്. അതുകൊണ്ട് എന്നെക്കുറിച്ച് നിങ്ങളെല്ലാമറിഞ്ഞിരിക്കണം.”

നിറഞ്ഞയാകാംഷയോടെ അവളെത്തന്നെ നോക്കിനിന്നിരുന്ന ആൽവിയെ മറികടന്നവൾ മുല്ലപൂതൈലം പൂശിയ കിടക്കവിരി പതിയെ വകഞ്ഞുമാറ്റി അതിന്റെയോരത്തായിരിപ്പുറപ്പിച്ചു.

“അമ്മച്ചി നേരത്തെ പോയി. കുഞ്ഞായിരുന്ന എന്നെ നോക്കാനാ അപ്പൻ വീണ്ടും കെട്ടിയത്. പുറമെ സ്നേഹമായിരുന്നെങ്കിലും അപ്പനില്ലാത്തപ്പോ ഉപദ്രവിക്കുമായിരുന്നു അവര്.

ടോണിമോൻ വന്നപ്പോ അതിന്റെ തോത് വർദ്ധിച്ചെങ്കിലും ഒരനിയനെ തന്നതിന്റെ നന്ദി, അതെന്നുമെനിക്കവരോടുണ്ടായിരുന്നു.

പതിനെട്ടാം വയസ്സിലായിരുന്നു മന്ത്രകൊടിയേറ്റുവാങ്ങി പുതിയൊരു ജീവിതത്തിലേക്ക് ചുവടുവച്ചത്. മനസ്സുകൊണ്ടും ശരീരംകൊണ്ടും അയാളുടേതുമാത്രമായി മാറിയപ്പോൾ, തുടർന്നുള്ള നാളുകളെക്കുറിച്ച് സ്വപ്നങ്ങൾ നെയ്തപ്പോൾ, അറിഞ്ഞിരുന്നില്ല ഈയാംപാറ്റയുടെ ആയുസ്സുമാത്രമാണതിനുള്ളതെന്ന്…

മാസങ്ങൾ പിന്നിടവേ ബന്ധുക്കൾക്കിടയിൽ മുറുമുറുപ്പുകളുയരാൻ തുടങ്ങിയിരുന്നത് ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും പതിയെ എന്നെയും ആ ചിന്ത വേട്ടയാടാൻ തുടങ്ങിയിരുന്നു.

പല മാസങ്ങളിലും ചുവന്നനാളുകളുടെ ക്രമം തെറ്റിയിരുന്നെങ്കിലും അസ്സഹനീയമായ നോവോടെയവ പ്രതീക്ഷകളെ ചുട്ടെരിച്ചുകൊണ്ടിരുന്നു.

ഒടുവിൽ പെറാത്തവളെന്ന മുദ്ര മിന്നുകെട്ടിയവൻ തന്നെ ചാർത്തിത്തന്നു. പേരുകേട്ട പാലക്കുന്നിൽ തറവാട്ടുകാർക്ക് തലമുറ നിലനിർത്താൻ കഴിയാത്ത മരുമകളെ വേണ്ടാതായി.

ബന്ധം പിരിഞ്ഞയന്ന് തന്റേതുമാത്രമായ സാധനങ്ങൾ കെട്ടിപ്പൂട്ടി ആ പടിയിറങ്ങുമ്പോഴാണ് അയാളുടെ സേഫിൽ നിന്നും കുറെ ഒഴിഞ്ഞ ഗുളികക്കവറുകൾ കാണുന്നത്. മച്ചിയെന്ന വിളികൾ കാതിൽ മുഴങ്ങുമ്പോൾ എന്നിലെ പെണ്ണിനെ ഞാൻതന്നെ ഒരായിരംവട്ടം പഴിച്ചിട്ടുണ്ട്.

അന്യജാതിയിപ്പെട്ട കാമുകിയെ സ്വന്തമാക്കാൻ അയാൾ കണ്ടെത്തിയ മാർഗ്ഗം….

ഓരോ രാവിലും ആ പെണ്ണിനെ വഞ്ചിച്ചുകൊണ്ട് എന്നെ പ്രാപിച്ചിരുന്ന അയാളുടെ സ്പർശമേറ്റ ശരീരത്തിനോടുപോലും വെറുപ്പുതോന്നിയെങ്കിലും സ്വന്തം ചോരയെ മൊട്ടിടും മുന്നെ ഇല്ലാതാക്കിക്കൊണ്ടിരുന്ന ഒരു മനുഷ്യനിൽ നിന്നും മോചിതയായതിൽ അന്നാദ്യമായി ഞാൻ സന്തോഷിച്ചു.

അന്ന് മനസ്സിലുറപ്പിച്ചതാണ് ഒരു കുഞ്ഞിനെ വയറ്റിൽ ചുമന്ന് മച്ചിയെന്നു വിളിച്ചവർക്കുമുന്നിലൂടെ തലയുയർത്തി നടക്കണമെന്ന്….

പക്ഷേ ഇനിയൊരു ദാമ്പത്യം എനിക്കുണ്ടാവില്ലെന്ന് തീരുമാനിച്ചിരുന്നതാ! എങ്കിലും ആ ഒരു ആഗ്രഹം മാത്രം മനസ്സിൽ ബാക്കിയാണ്…. ”

ദീർഘശ്വാസമെടുത്തുകൊണ്ട് മുഖമുയർത്തവേ ചുവരിൽ ചാരി യാതൊരു ഭാവവ്യത്യാസവുമില്ലാതെ അവളെത്തന്നെ നോക്കിനിന്നിരുന്ന ആൽവിയുടെ പ്രണയം തുളുമ്പുന്ന ചാരക്കണ്ണുകളെ നേരിടാനാവാത്തതുപോലെ തോന്നി.

“എന്താ ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ?”

സംശയത്തോടെയുള്ള അവളുടെ ചോദ്യം അവന്റെ ചുണ്ടിലൊരു ചിരിയുണർത്തി.

“കൈതക്കാട്ടിൽ ജേക്കബിന്റെ മകൻ ആൽവിൻ ഒരു പെണ്ണിനെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ അതവളെപ്പറ്റിയെല്ലാം അറിഞ്ഞിട്ടുതന്നെയാണ്…..

വെറുമൊരു സഹതാപത്തിൽ നിന്നുമുടലെടുത്തതല്ലത്. ജോണിയും ഡെന്നിയും ഒത്തിരി വിലക്കിയതാ അമ്മച്ചി സമ്മതിക്കില്ലെന്നും പറഞ്ഞ്. പക്ഷേ നിന്നപ്പറ്റിയെല്ലാം തുറന്നുപറഞ്ഞിട്ടും കൂടെക്കൂട്ടാനേ എന്റമ്മച്ചി പറഞ്ഞിട്ടൊള്ളു….

അൾത്താരയെ സാക്ഷിയാക്കി ഈ കഴുത്തിലൊരു മിന്നുകെട്ടണമെന്നാണ് മോഹിച്ചത്. ഒരു കുഞ്ഞിനെ തന്ന് നിന്റെയാഗ്രഹം നിറവേറ്റാനറിയാഞ്ഞിട്ടല്ല ഒരു തവണ വഞ്ചിക്കപ്പെട്ടവളാണ് നീ, വീണ്ടുമൊരു സ്നേഹത്തെയുൾക്കൊള്ളാൻ സമയമെടുത്തേക്കാം.

മനസ്സുകൊണ്ട് നീയതിനു തയ്യാറാവുന്നതെന്നോ അന്നെ ഒരു വിരൽത്തുമ്പുകൊണ്ടുപോലും ഞാൻ നിന്നെയൊന്നു സ്പർശിക്കൂ……”

അവന്റെയോരോവാക്കുകളും ആ പെണ്ണിൽ അത്ഭുതം സൃഷ്ടിച്ചുകൊണ്ടിരുന്നു.

അവളിലേക്ക് പാറിവീഴുന്ന നോട്ടങ്ങളിൽ അവന്റെ കണ്ണിലെ തിളക്കം ആദ്യമായവൾ കണ്ടു. പുഞ്ചിരിച്ചുകൊണ്ടവൻ ജനാലക്കരികിൽ ചെന്നുനിന്ന് പോക്കറ്റിൽനിന്നും കയ്യിട്ട് സിഗരറ്റിനു തീക്കോളുത്തി പുകയൂതിവിട്ട് കണ്ണടച്ചുനിന്നു.

മേശക്കുമുകളിലിരുന്ന സുവിശേഷപെട്ടി കയ്യെത്തിച്ചെടുത്തവൾ വിരലുകോർത്ത് പ്രാർത്ഥിച്ചശേഷമതു പതിയെ തുറന്നു.

“ഈശോയെ…. ഇനിയുമൊരു പരീക്ഷണം നേരിടാനുള്ള ശക്തിയില്ല ഈയുള്ളവൾക്ക്. എനിക്കായി കരുതിവച്ചിരിക്കുന്നതെന്തെന്ന് കാണിച്ചുതരണേ…..”

കണ്ണടച്ച് ഒരു വചനം കയ്യിലെടുക്കത്തതും ഹൃദയം അതിവേഗത്തിൽ മിടിക്കുന്നതവൾ തിരിച്ചറിഞ്ഞു. ശ്വാസമടക്കി പതിയെ കണ്ണുകൾ ചിമ്മിതുറന്ന് ആ കടലാസ്സുതുണ്ടിലെ വാക്യങ്ങളിലേക്ക് നോക്കവേ അധരങ്ങൾ വിറച്ചു.

“ഏശയ്യാ പ്രവാചകന്റെ പുസ്തകം, അൻപത്തിയൊന്നാം അദ്ധ്യായം, മൂന്നാം വാക്യം.

കര്‍ത്താവ്‌ സീയോനെ ആശ്വസിപ്പിക്കും; അവളുടെ വിജനപ്രദേശങ്ങളെ സാന്ത്വനപ്പെടുത്തും. അവളുടെ മരുപ്രദേശങ്ങളെ ഏദന്‍പോലെയും, മണലാരണ്യങ്ങളെ കര്‍ത്താവിന്‍െറ തോട്ടംപോലെയുമാക്കും. സന്തോഷവും ആനന്ദവും നന്ദിപ്രകടനങ്ങളും ഗാനാലാപങ്ങളും അവളില്‍ നിറയും.”

ദൈവം തന്റെ കരത്താൽ തനിക്കു ചുറ്റുമൊരു സുരക്ഷാകവചം നിർമ്മിച്ചിരിക്കുന്നതു പോലെയവൾക്കനുഭവപ്പെട്ടു. അനേകം നാളുകൾക്കുശേഷം അവളുടെ മനസ്സിൽ സന്തോഷം നിറഞ്ഞുകവിഞ്ഞു.

“അതേ…. ഞാൻ തേടിനടന്ന സ്വർഗ്ഗം, അതിവിടെയാകുന്നു. ഇനി ഞാൻ ദുഃഖിക്കുകയില്ല!”

കണ്ണുകളമർത്തിത്തുടച്ച് ആൽവിക്കരികിലേക്കവൾ പതിയെ നടന്നടുത്തു. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ എരിയുന്ന സി ഗരറ്റിൽ നിന്നും അവസാനപുകയും വലിച്ചടുത്ത്‌ വായുവിലേക്കൂതിവിട്ട്, ശേഷിച്ച കുറ്റി ജനാലവഴി പുറത്തേക്കുതട്ടി കൈവെള്ളകൊണ്ട് മുഖം തുടച്ചുകൊണ്ടവൻ പോക്കറ്റിലേക്ക് വീണ്ടും കൈകടത്തി.

“എപ്പോഴും വലിക്കുവോ?”

പെട്ടന്നുള്ള അവളുടെ ചോദ്യം കെട്ട് ഒരു ചമ്മലോടെയവൻ പോക്കറ്റിൽ നിന്നും കൈപിൻവലിച്ച് ഇല്ലെന്ന് തലയാട്ടി.

“എന്നാലേ… ഇനിമുതൽ ഇതങ്ങു നിർത്തിയേരേ…. എനിക്കിഷ്ടമല്ല”

അവന്റെ പോക്കറ്റിൽനിന്നും തീപ്പട്ടിയും സി ഗ രറ്റും പിടിച്ചുവാങ്ങിയവൾ പുറത്തേക്കിട്ടു.

“ദേ ആൽവിച്ചായാ…. നാളെ കാലത്ത്‌ വീണ്ടുമത് എടുത്തോണ്ട് വന്നേക്കല്ലേ. എന്നാ മറിയയുടെ തനി സ്വരൂപം നിങ്ങള് കാണും.”

കണ്ണുരുട്ടിക്കൊണ്ടവൾ അവനുനേരെ വിരൽചൂണ്ടിപ്പറഞ്ഞതുകേട്ടവൻ ഞെട്ടിനിന്നു.

“എന്നതാ നീയെന്നെ വിളിച്ചേ?”

“അതെന്നതാ ആൽവിച്ചായാ നിങ്ങൾക്ക് ചെവികേട്ടൂടായോ?”

എളിയിൽ കൈകുത്തിയവൾ കീഴ്ച്ചുണ്ട് പുറത്തേക്കുന്തി.

“കേൾക്കാവേ…. അപ്പൊ ആൽവിച്ചായൻ ഒരു കൂട്ടം ചോദിച്ചാൽ തരാവോ?”

“ചോദിച്ചേ കേൾക്കട്ടെ….” ചുണ്ടിലൂറിയ ചിരിയെ അടക്കികൊണ്ടവൾ നെറ്റിച്ചുളിച്ചു.

“മറിയേ…… ഒരുമ്മ തരോടീ…..”

അവളുടെ കാതിൽ സ്വകാര്യമെന്ന പോലെയവൻ പറഞ്ഞു നിർത്തു മുന്നേ അവളുടെ ആധരങ്ങളുടെ തണുപ്പ് അവന്റെയിടത്തേ കവിളിൽ പതിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *