(രചന: സഫി അലി താഹ)
മകളെന്നാൽ, ഒരു വീടിന്റെ വിളക്കാണ്. കൊലുസ്സിൻ കൊഞ്ചലും കുപ്പിവള കിലുക്കവും, കൊഞ്ചിയ സംസാരവുമായി ഓരോ വീടിനും ഐശ്വര്യമാകുന്നവൾ…..
ഒരു മകളെ ആഗ്രഹിക്കാത്ത ദമ്പതികളില്ല. തങ്ങളുടെ ജീവിത പൂർണ്ണതയ്ക്ക് ഒരു മകളുണ്ടാകണം എന്ന് ചിന്തിക്കാത്തവർ ആരുമില്ല…..
തങ്ങൾക്ക് മകളുണ്ടാകുമ്പോൾ, അവൾക്കായി വസ്ത്രങ്ങൾ മനസ്സിൽ തയ്ക്കുന്നവരുണ്ട്,
അവളുടെ കുഞ്ഞി പുഞ്ചിരി സ്വപ്നം കാണുന്നവരുണ്ട്, അവളുടെ കണ്ണുകളിലെ കുസൃതിയും ശലഭം പോലെ പറന്നു നടക്കുന്നതും മനസ്സിൽ കാണുന്നവരുണ്ട്,
അവളുടെ മംഗല്യ മുഹൂർത്തം പോലും സ്വപ്നം കണ്ട് ആനന്ദിക്കുന്നവരുണ്ട്. കിളികൊഞ്ചലുമായി തല്ലു കൂടി നടക്കുന്ന ഒരു പാവാടക്കാരിയുടെ പദനശബ്ദം കേൾക്കാൻ ഓരോ വീടിന്റെയും അകത്തളങ്ങൾ പോലും കൊതിക്കുന്നുണ്ട്…..
എന്നിട്ടും മകളായി കഴിയുമ്പോൾ കൂടുതൽ സ്നേഹിച്ചാൽ വഷളാകുമെന്നു കരുതി സ്നേഹം ഉള്ളിലടക്കി എപ്പോഴും പേടിപ്പിച്ചു നിർത്തുന്നവരാണ് ഏറെയും. അപ്പോൾ അവളുടെ കണ്ണുനീർ കണ്ട് ഉള്ളിൽ പൊട്ടിക്കരയുന്നുണ്ടാകുമവർ …..
തനിക്കുള്ളതെല്ലാം മകൾക്കായി സ്വരുക്കൂട്ടി അവൾ സന്തോഷിക്കുന്നത് സ്വപ്നം കാണുന്നവരാണവർ …..
അവൾക്ക് ചുറ്റും മതിൽ കെട്ടുന്നത് അവളോടുള്ള അമിത സ്നേഹം കൊണ്ടാണ്, അവൾ എന്നും സുരക്ഷിതയായിരിക്കണം എന്ന് കരുതുന്നത് കൊണ്ടാണ്.അതിനായി കരുതൽ കൊണ്ട് മതിൽ കെട്ടണം, സ്നേഹച്ചരടിൽ ബന്ധിപ്പിക്കണം, ആത്മവിശ്വാസവും ധൈര്യവും ആയുധമാക്കി സമ്മാനിക്കണമവൾക്ക്…..
അവളെ ആകാശത്തോളം സ്വപ്നം കാണാൻ പഠിപ്പിക്കണം. ഒരു പട്ടം പോലെ പാറി പറക്കാൻ അനുവദിക്കണം, അപ്പോഴും ആ പട്ടത്തിന്റെ തുമ്പ് നിങ്ങളുടെ കയ്യിലായിരിക്കണം, വലിച്ച് പിടിക്കുകയല്ല,അയച്ചു കൊടുക്കുകയാണ് വേണ്ടത്. എന്നാൽ കാകനോ കഴുകനോ ആക്രമിക്കുന്നോ എന്ന് കണ്ണുതുറന്ന് നോക്കികൊണ്ടുമിരിക്കണം…..
ആൺമക്കളും അനുഗ്രഹമാണ് എങ്കിലും ജീവിതത്തിന്റെ രണ്ട് കരയും ഒന്നിപ്പിക്കാൻ ജീവിത യാത്രയിൽ ലക്ഷ്യങ്ങൾക്കൊപ്പം അവർ സഞ്ചരിക്കുമ്പോൾ ഒരു വാക്കിന്റെ സ്നേഹ തലോടലിൽ മാതാപിതാക്കളുടെ ഉള്ളിലെ ഏകാന്തത മാറ്റാൻ പെൺകുട്ടികൾക്ക് കഴിയും…..
ഒരു പെങ്ങൾ വേണമെന്ന് ആഗ്രഹിക്കാത്ത ആൺകുട്ടികൾ കുറവാണ്, അവൾ വളരുന്നതിനനുസരിച്ച് അവൾക്ക് ചുറ്റും സംരക്ഷണം തീർക്കുന്ന ഒരേട്ടൻ, അവളോട് തല്ലു കൂടുന്ന അനിയൻ…..
പിന്നെയൊരിക്കൽ അവളാ വീടിന്റെ പടിയിറങ്ങി വേറൊരു വീടിന്റെ മരുമകളാകുമ്പോൾ കുറച്ച് കൂടെ അവളെ തങ്ങളിലേക്ക് ചേർത്തു നിർത്തി സ്നേഹിക്കാമായിരുന്നു എന്നോർക്കുന്ന സഹോദരന്മാർ,
അവൾക്കായി വിളമ്പിയ സ്നേഹത്തിൽ, കരുതലിൽ സ്വാതന്ത്ര്യം കൂടി ചേർക്കാമായിരുന്നു എന്നോർത്തു വേദനിക്കുന്നു രക്ഷകർത്താക്കളും.
കാരണം അവളുടെ വീട്ടിൽ കിട്ടാത്ത സ്വാതന്ത്ര്യവും കരുതലും സ്നേഹവും അവൾക്ക് വേറെ എവിടെ നിന്നും കിട്ടില്ല എന്ന് നിങ്ങൾക്ക് മനസ്സിലാകുന്നത് അപ്പോൾ മാത്രമാണ്….. “അന്യ വീട്ടിൽ പോകേണ്ടവൾ, വന്നുകയറിയവൾ “എന്നാണ് ഒരു പെൺകുട്ടി കേട്ടു വളരുന്നത്,
ഒരു വീടിന്റെ താക്കോൽകൂട്ടം അവളുടെ കയ്യിൽ ഭദ്രമായിരിക്കുമ്പോഴും അവളുടെയുള്ളിൽ കേട്ട് തഴമ്പിച്ച ആ പഴയ ചൊല്ലാകും ഉയർന്നു വരുന്നത് ! എന്നാൽ അവൾക്കും പെൺകുട്ടിയാകുമ്പോൾ ചിലപ്പോൾ തന്റെ മകൾക്കായി, താൻ വെറുത്ത ആ ചൊല്ല് കടമെടുക്കും.
നമ്മുടെ മക്കൾ നമ്മുടെ മുന്നിൽ ജീവിതം ആസ്വദിക്കട്ടെ. ആകാശത്തോളം സ്വപ്നം കാണട്ടെ, അതിനായി അധ്വാനിക്കട്ടെ.
എങ്കിലും നമുക്ക് ശ്രദ്ധ കൊണ്ട് വേലി കെട്ടാം, ആത്മവിശ്വാസവും, ധൈര്യവും, നൽകാം, നന്മയുള്ള സ്വഭാവത്തെ വരുതിയിലാക്കാൻ ശീലിപ്പിക്കാം, വിദ്യാഭ്യാസവും സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയും സ്ത്രീധനമായി നൽകാം, അവളെ സ്നേഹിക്കുന്ന ഒരുവനിലേക്കവളെ ചേർത്തുവെയ്ക്കാം….
നമ്മുടെ വീട്ടിലെ ശലഭങ്ങൾ പാറിപറക്കട്ടെ, വീടിനു വെളിച്ചം വിതറട്ടെ.