വാടക ഗർഭപാത്രങ്ങൾ
(രചന: സഫി അലി താഹ)
“ബബിത, ബബിതാ …. നോക്കൂ ….. ” കവിളിൽ തട്ടി വിളിച്ചിടത്തേയ്ക്ക് തളർന്നടയുന്ന കണ്ണുകൾ വലിച്ചു തുറന്നവൾ നോക്കി. കണ്ണുകളിൽ അലിവ് നിറച്ച ഡോക്ടർ നജ്മ…
കനം തൂങ്ങുന്ന കൈകളെടുത്ത് വയറ്റിൽവെച്ചു . അടിവയറിലേയ്ക്ക് കൈ നീങ്ങിയപ്പോൾ എന്തൊക്കെയോ കെട്ടിവെച്ചിരിക്കുന്നു ,
ശരീരം പെരുത്ത പോലെ സ്പർശമറിയാൻ കഴിയുന്നില്ല. ശേഷമവൾ തന്റെ വശങ്ങളിൽ രണ്ടു കയ്യുമോടിച്ചു ശൂന്യമായിരുന്നവിടം.
” കുഞ്ഞിനെ അവർ കൊണ്ടുപോയി. ബബിത നിനക്കിനിയും കുഞ്ഞുങ്ങളുണ്ടാകും. നീ ചെയ്തത് പുണ്യ പ്രവർത്തിയാണ്, രണ്ടുപേർക്ക് ജീവിതമായി. അത് വഴി നിനക്കും രോഗിയായ ഭർത്താവിനും ജീവിക്കാനൊരു ജോലിയും,
കയറികിടക്കാനൊരു വീടുമായി. ലോൺ അവർ അടച്ചുതീർത്തു. ഭർത്താവിന്റെ ചികിത്സയ്ക്ക് ആവശ്യമായ തുകയും ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്.ഭർത്താവുമൊത്തുള്ള സന്തോഷമുള്ള ജീവിതമല്ലേ നിന്റെയും ആഗ്രഹം.
അവളുടെ നിറയുന്ന കണ്ണുകൾ തുടച്ച്കൊടുത്തുകൊണ്ട് ഡോക്ടർ പറഞ്ഞു.
“ഡോക്ടർ ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ, ” അവളുടെ ശബ്ദത്തിലെ വേദന സൂചികുത്തുന്നപോലെയാണ് തന്റെ നെഞ്ചിലേക്ക് തറയ്ക്കുന്നതെന്ന് നജ്മയ്ക്ക് തോന്നി.
രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ തന്റെ ഉദരം തുടിക്കുന്നതും നെഞ്ചകം സങ്കടത്തിൽ വലിയുന്നതുമവളറിഞ്ഞു.
“പെൺകുഞ്ഞാണ്….. “അവർ പതിയെ മറുപടി പറഞ്ഞു.
എനിക്കറിയാമായിരുന്നു ഡോക്ടർ. ഞാനെന്നും വയറിൽ കൈവെച്ചു സംസാരിക്കുമായിരുന്നു. ചെറിയ ചലനങ്ങളിലൂടെ അവളെന്നെ ചേർത്തുപിടിക്കുന്നത്പോലെ തോന്നുമായിരുന്നു.
എനിക്കാ മുഖം ഒരു വട്ടം കാണണമെന്നുണ്ടായിരുന്നു. എനിക്കവളെ ചേർത്തുപിടിച്ചു മുലയൂട്ടണമെന്നുണ്ടായിരുന്നു.
എട്ടുമാസങ്ങൾ എത്ര വേഗമാണ് കൊഴിഞ്ഞു പോയത് അല്ലെ ഡോക്ടർ…..
ശ്വാസം മുട്ടുന്നത് പോലെ സങ്കടമടക്കിയ അവളുടെ സംസാരം മുറിയിലേയ്ക്ക് കടന്നുവന്ന കാലൊച്ചയിൽ മുറിഞ്ഞു…..
ബബീ….. ഉണ്ണിയേട്ടനാണ്. അയാൾ ബെഡിലിരുന്നു അവളുടെ തലയുയർത്തി മടിയിലേക്ക് വെച്ചു.
അവൾ പുഞ്ചിരിച്ചു.
ആ പുഞ്ചിരിയിൽ ഒളിപ്പിച്ച വേദന ഒപ്പിയെടുക്കാനെന്ന പോലെ തന്റെ വേദനകൾ ഒളിപ്പിച്ചുകൊണ്ട് അവളുടെ മൂർദ്ധാവിൽ അയാളുമ്മ വെച്ചു.
താനാണ് വീട്ടിൽ സഹായത്തിനു വരുന്ന ബബിതയോട് യാദൃശ്ചികമായി തന്റെ കൂട്ടുകാരിക്ക് ഗർഭപാത്രത്തിൽ ഒരു കുഞ്ഞിനെ പേറാനുള്ള കഴിവില്ലെന്നും അതിനായി ഒരു സ്ത്രീയെ അന്വേഷിക്കുന്നു എന്നും പറഞ്ഞത്.
ഭർത്താവ് ഉണ്ണിയുടെ ചികിത്സയ്ക്ക് പൈസ കണ്ടെത്താൻ വഴിയില്ലാതിരിക്കുന്ന, പട്ടിണിയിലേക്ക് കാലൂന്നിയ സമയത്തായിരുന്നു ബബിത ആ വാർത്ത കേട്ടത്.
പ്രണയിച്ചു വിവാഹിതരായ അവൾക്ക് ഉണ്ണിയല്ലാതെ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വേറൊന്നും ചിന്തിക്കാതെ അവൾ നജ്മയോട് സമ്മതമറിയിച്ചു, ഏറെ പണിപ്പെട്ട് അവൾ അവനെയും സമ്മതിപ്പിച്ചു.
അയാളുടെ നിസ്സഹായതയും തന്റെ ബബിയോടൊത്ത് ജീവിക്കാനുള്ള കൊതിയും അതിന് കാരണമായി.
പരിശോധനകൾ ബബിതക്ക് അനുകൂലമായിരുന്നു. ചികിത്സകൾക്ക് ശേഷം അവൾ മറ്റൊരാൾക്ക് ഒരു കുഞ്ഞിന് വേണ്ടി ഗർഭപാത്രം നൽകി…..
നജ്മ ഓർമ്മകളിൽ നിന്നും മനസ്സിനെ ശാസിച്ചു മടക്കി.
രണ്ട് ദിവസങ്ങൾക്ക് ശേഷം ഹോസ്പിറ്റലിൽ നിന്നും വീട്ടിലേയ്ക്ക് പോകാൻ വണ്ടിയിലേക്ക് കയറുമ്പോൾ എവിടെ നിന്നോ ഒരു കുഞ്ഞിന്റെ കരച്ചിലവൾ കേട്ടു. അവളുടെ നെഞ്ച് പൊള്ളി ആ ഭാഗത്തേയ്ക്കവൾ നോക്കി…..
ആരെയും കണ്ടില്ല. അവളുടെ മാറിടം ആ അമ്മിഞ്ഞപ്പാലിന്റെ അവകാശിക്കായി അപ്പോഴും പാൽ ചുരത്തുന്നുണ്ടായിരുന്നു. ഇങ്ങോട്ട് വരുമ്പോൾ തന്റെയുള്ളിൽ ചലിച്ചിരുന്ന തന്റെ കുഞ്ഞ് ഇപ്പോൾ എനിക്കൊപ്പമില്ല എന്നോർത്തവൾ ഉണ്ണിയുടെ തോളിൽ മുറുകെ പിടിച്ചു….
തന്റെ പെണ്ണിന്റെ രക്തംപൊടിയുന്ന ഹൃദയത്തിനെ സമാധാനപ്പെടുത്താനെന്നവണ്ണം അവളെ ചേർത്തുപിടിച്ചുകൊണ്ട് അവന്റെ കണ്ണുകൾ അപ്പോഴും
തന്റെ കുഞ്ഞിനെ പേറേണ്ടവളുടെ ഉദരത്തിലാദ്യമായി ജന്മകൊണ്ട കുഞ്ഞിനേയും കൊണ്ട് അപ്പോൾ മാത്രം യാത്രയായ ആ വാഹനത്തിനെ തന്റെ നിസ്സഹായതയെ ശപിച്ചുകൊണ്ട് പിന്തുടരുകയായിരുന്നു…..