കുറ്റബോധം
(രചന: Sabitha Aavani)
വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.. വീണ്ടും അതെ കോളേജിന്റെ മുറ്റത്ത്… ഈ കോളേജും ക്ലാസ്സ്‌മുറികളും വരാന്തയും ഒക്കെ മനസ്സിന്റെ വസന്തകാല ഓർമ്മകളിൽ ഇന്നും നിറം മങ്ങാതെ കിടക്കുന്നുണ്ട്…
പ്രായത്തിന്റെ പക്വതയില്ലായ്മയിൽ നല്ലതും ചീത്തയുമായി ഒരുപാടു കാര്യങ്ങൾ ചെയ്ത് കൂട്ടിയിട്ടുണ്ട്.
കടന്നുപോയ ഇന്നലെകളെ ഓർത്തുകൊണ്ട് ശരത്ത് കോളേജ് മുറ്റത്തെ മരച്ചോട്ടിലെ തിട്ടയിൽ കയറി ഇരുന്നു. വീശിയടിക്കുന്ന കാറ്റിന്റെ വേഗത്തിൽ ഓർമ്മകൾ അവനിലേക്ക് ഓടിയെത്തി.
വർഷങ്ങൾക്കു മുൻപ് ഈ കോളേജിലെ അത്യാവശ്യം തലതെറിച്ച പിള്ളേരുടെ കൂട്ടത്തിൽ അന്ന് അവനും ഉണ്ടായിരുന്നു…
കോളജിൽ ജൂനിയർസ് വന്ന സമയം അത്യാവശ്യം പരിചയപെടലുകളും റാഗിങ്ങുമൊക്കെയായി അവനും കൂട്ടുകാർക്കൊപ്പം വിലസി.
ഒരു ദിവസം കുറച്ചു പെൺകുട്ടികളെ തടഞ്ഞു നിർത്തി ശരത്തും കൂട്ടുകാരും അവരെ എന്തോ പറഞ്ഞു കളിയാക്കി വിട്ടു. പക്ഷെ അവരത് ഒരു നേരമ്പോക്കായി കണ്ടു.
പക്ഷെ ആ കൂട്ടത്തിൽ ഒരു പെൺകുട്ടി, പേര് നിഷ അവളത് പ്രിൻസിപ്പാളിനോട് പരാതിപെടുകയും
അവരിൽ ശരത്ത് ഉൾപ്പെടെ നാലുപേരെ കോളേജിൽ നിന്നും സസ്പെന്റു ചെയ്യുകയും ചെയ്തു.
പീന്നീടുള്ള ദിവസങ്ങളിൽ ശരത്തും കൂട്ടരും ആലോചിച്ചതും ചിന്തിച്ചതും മുഴുവൻ അവളെ എങ്ങനെ കോളേജിൽ നിന്നും പുറത്താക്കാം എന്നതിനെ പറ്റി ആയിരുന്നു. കൂട്ടുകാരിൽ ചിലർ പറഞ്ഞു
“അവൾ ഒരു പെണ്ണല്ലേ??? വെറുതെ ഇല്ലാത്ത കഥകൾ പറഞ്ഞു ക്യാമ്പസ്സിൽ ഒരു വാർത്തയാക്കണം അതോടെ പഠിപ്പ് നിർത്തി പൊയ്ക്കോളും അവൾ ”
കൂട്ടത്തിൽ പലരും അത് ശരിവെച്ചു..
അവർ അതിനു കണ്ടെത്തിയ മാർഗ്ഗം നിഷ ശരത്തുമായി വർഷങ്ങളായി അടുപ്പത്തിലായിരുന്നു എന്ന ഇല്ലാകഥയാണ് .
ഇപ്പോൾ ശരത്തിനെ അവൾക്കു വേണ്ടാത്തത് കൊണ്ടാണ് അവൾ ശരത്തിനെ മനഃപൂർവ്വം ദ്രോഹിക്കാൻ ശ്രെമിക്കുന്നതെന്നും കൂട്ടുകാർ തന്നെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കോളേജിൽ പാട്ടാക്കി.
പക്ഷെ ഇതൊക്കെ അറിഞ്ഞിട്ടും ഒന്നും കണ്ടില്ല കേട്ടില്ല എന്ന മട്ടിൽ നിഷ പതിവായി കോളേജിൽ എത്തി. ദിവസങ്ങൾ കഴിഞ്ഞു..
ശരത്ത് കൂട്ടുകാരും കോളേജിൽ തിരിച്ചെത്തി. ശരത്ത് ആദ്യം പോയത് നിഷയുടെ ക്ലാസ്സിലേക്കാണ്.
തനിക്കു മുന്നിൽ ഒരു കൂസലുമില്ലാതെ നിൽക്കുന്ന അവളെ കണ്ടപ്പോൾ ശരത്തിനു അവന്റെ കൈകളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
അവളുടെ മുഖം നോക്കി ഒ ര ടി വെച്ചു കൊടുത്തു.
പ്രതേകിച്ചു കാരണങ്ങൾ ഒന്നുമില്ലാതെ അങ്ങനെ ഒരു അ ടി യു ടെ ആവശ്യം അപ്പോൾ വേണ്ടിയിരുന്നോ എന്ന് അവനും അറിയില്ല. അപ്പോഴത്തെ തോന്നലിൽ ചെയ്തുപോയി.
പക്ഷെ ആ സംഭവത്തിനു ശേഷം കൂട്ടുകാർ മുൻപ് പറഞ്ഞു പരത്തിയ കഥകളെല്ലാം ക്യാമ്പസിൽ എല്ലാവരും ഒന്നുകൂടി അടിവരയിട്ട് ഉറപ്പിച്ചു എന്നുവേണം പറയാൻ.
പിന്നീട് അവൾ കോളേജിൽ എത്തിയിട്ടില്ല. അത് ശരത്തും കൂട്ടരും ആഘോഷമാക്കി. പലരും ശരത്തിനെ അഭിനന്ദിച്ചു.
വർഷങ്ങൾ കടന്നുപോയി. ശരത്ത് ഒരു സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്നു. പ്രായത്തിന്റെ പക്വത അവനിൽ കൈവന്നിരുന്നു. അത്യാവശ്യം മാന്യനായ ഒരു ചെറുപ്പക്കാരൻ.
ജീവിതത്തോട് അടുക്കുമ്പോൾ പലരും അങ്ങനെ ആണെല്ലോ.
ബാങ്കിൽ വാർഷിക ആഘോഷങ്ങളുടെ ഭാഗമായിആണ് ശരത്തും സഹപ്രവർത്തകർക്കൊപ്പം ഒരു അനാഥാലയത്തിൽ എത്തുന്നത്.
ആഘോഷങ്ങൾ ലളിതമാക്കി കൊണ്ട് ഒരു തുക മാനേജ്മെന്റ് അനാഥാലയത്തിന് കൈമാറാൻ തീരുമാനിക്കുകയായിരുന്നു.
അനാഥാലയത്തിന്റെ മുറ്റത്ത് കൂടിനിന്ന കുട്ടികൾക്ക് മിട്ടായി നൽകുന്നതിന് ഇടയിലാണ് അവൻ അവളെ കാണുന്നത്.
“നിഷ…. ”
അവന്റെ ചുണ്ടുകൾ മന്ത്രിച്ചു .. ഒരുനിമിഷം അവൻ സ്തംഭിച്ചു നിന്നു. അവനെ കണ്ടിട്ടെന്നോണം അവിടെ നിന്നും അവൾ അകത്തേക്ക് ഓടി.
അന്ന് അവിടുന്ന് തിരിച്ചു വരുന്നത് വരെ അവൾ തന്നെ ആയിരുന്നു അവന്റെ മനസ്സിൽ.
അവൾ എങ്ങനെ??? ഇനി അവൾ അവടെ ജോലി നോക്കുന്നതാണോ? കണ്ടത് അവളെ തന്നെ ആണോ?
ചിന്തകളാൽ വീർപ്പുമുട്ടി തുടങ്ങിയിരുന്നു അവന്. പിറ്റേന്ന് വീണ്ടും അവൻ അവിടെ എത്തി.
അവളെ പറ്റി അന്വേഷിച്ചു.
ചെറുപ്പത്തിൽ അച്ഛനും അമ്മയും നഷ്ടമായ അവൾക്കു ആശ്രയം ഒരു മുത്തശ്ശി മാത്രമായിരുന്നു. കുറച്ചു നാളുകൾക്കു മുൻപ് അവരും മരിച്ചു. ബന്ധുക്കളിൽ പലർക്കും അവളൊരു ഭാരമായിരുന്നു.
അവരാണ് അവളെ അവിടെ എത്തിച്ചത്. അതിനുള്ള മനസാക്ഷി എങ്കിലും അവർ കാണിച്ചല്ലോ എന്ന് ഓർക്കുമ്പോൾ…. തെല്ലൊരു ആശ്വാസം .
അവളെ കണ്ട് സംസാരിക്കണം എന്ന് അവന്റെ മനസ്സുപറഞ്ഞു. പക്ഷെ എന്തോ അവൾ എങ്ങനെ പ്രതികരിക്കും എന്ന് ഓർത്തപ്പോൾ വേണ്ടന്ന് തോന്നി തിരിച്ചു പോന്നു.
പക്ഷെ അങ്ങനെ ഉള്ള ഒരു കുട്ടിയുടെ പഠനം മുടങ്ങാൻ താൻ ആയിരുന്നു അന്ന് പ്രധാന കാരണം. പാടില്ലായിരുന്നു….
ഉള്ളിൽ ഒരു കനൽ കെടാതെ എരിയുന്നത് അവനെ അസ്വസ്ഥനാക്കി. അവളെ കാണണം. സംസാരിക്കണം. മാപ്പ് പറയണം.
ആഴ്ചകൾക്ക് ശേഷം അവൻ വീണ്ടും ആ അനാഥാലയത്തിന്റെ പടവുകൾ കയറി. ആദ്യം അവൾ കാണാൻ കൂട്ടാക്കിയില്ല. പിന്നീടവൾ വന്നു…
നീണ്ടമൗനങ്ങൾക്കൊടുവിൽ അവൾ അവനോട് സംസാരിച്ചു. അവൻ കരുതിയതിലും വളരെ മോശം സാഹചര്യങ്ങളിൽ വളർന്നവൾ.
പ്ലസ് ടു കഴിഞ്ഞു പഠനം അവസാനിപ്പിക്കാൻ ഇരുന്നതാണ്.
പക്ഷെ നല്ല മാർക്ക് വാങ്ങി പാസ്സ് ആയത് കൊണ്ട് പലരും സഹായിച്ചു. തുടർപഠനം സ്വപ്നം കണ്ട ഒരു പാവം പെൺകുട്ടി. അവളെക്കാൾ സന്തോഷം അതിൽ മുത്തശ്ശിക്കായിരുന്നു..
മുത്തശ്ശിയുടെ കഷ്ടപ്പാട് കണ്ടിട്ടാണ് പഠനം നിർത്താൻ തീരുമാനിച്ചത് തന്നെ.
പക്ഷെ സ്വപ്നം കണ്ട് തുടങ്ങും മുൻപ് തല്ലിക്കെടുത്തിയത് അവളുടെ ജീവിതം കൂടി ആയിരുന്നു എന്നവൾ അവനോടു പൊട്ടികരഞ്ഞു കൊണ്ട് പറയുമ്പോൾ കുറ്റബോധം കൊണ്ട് അവന് തന്റെ മനസ്സ് കൈവിട്ട് പോകുന്ന പോലെ തോന്നി.
പെട്ടന്നൊരു ദിവസം പഠനം അവസാനിപ്പിച്ച് വീട്ടിൽ നിന്ന അവളെ പറ്റി നാട്ടുകാർ പലകഥകളും മെനഞ്ഞു. അതെല്ലാം മുത്തശ്ശിയെ വളരെയധികം വേദനിപ്പിച്ചു. അതിൽ പലതും തന്നിൽ നിന്നും മുത്തശ്ശി മറച്ചുവെച്ചു.
തീർത്തും മുറിക്കുള്ളിൽ ഒറ്റപെട്ടു കഴിഞ്ഞ അവൾക്കു. മുത്തശ്ശിയെയും അധികം വൈകാതെ നഷ്ടമായി.. അവൻ മൗനമായി എല്ലാം കേട്ടുകൊണ്ട് അവൾക്കു മുന്നിൽ തലകുനിച്ചു നിന്നു.
അവിടെനിന്ന് ഇറങ്ങുമ്പോൾ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റ് അവന്റെ മനസ്സിനെ വല്ലാതെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു.
ആരും തുണയില്ലാതെ ജീവിക്കേണ്ടി വന്ന ഒരുപെണ്ണിന്റെ അവസ്ഥ…. താൻ ചെയ്തത് മാപ്പർഹിക്കാത്ത തെറ്റ് തന്നെയാണ്.
കോളേജിൽ നീണ്ട ബെൽ മുഴങ്ങി…
അവൻ ചിന്തകളിൽ നിന്നും ഉണർന്നു…
വരാന്തയിലൂടെ തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നടന്നു വരുന്ന അവളെ കണ്ടപ്പോൾ അവനു ചേർത്ത് പിടിച്ചൊന്ന് ചുംബിക്കാൻ തോന്നി.
ഇന്നവന് കുറ്റബോധം ഇല്ല. കാരണം താൻ ചെയ്ത തെറ്റ് താൻ തന്നാൽ കഴിയും വിധം അവൻ തിരുത്തിയിരിക്കുന്നു.
ഇന്നവൾ തന്റെ ഭാര്യയാണ്. ഒപ്പം നഷ്ടപെട്ട സ്വപ്നങ്ങൾക്ക് ചിറകു നൽകാൻ ഇനി അവൾക്കൊപ്പം എന്നും അവൻ ഉണ്ട്….