എനിക്ക് എന്റെ പെറ്റമ്മയെ മരിക്കുന്നതിനു മുൻപ് ഒന്ന് കാണണം, ഇന്നലെ പപ്പയുടെ..

ഭ്രാന്തി
(രചന: Rivin Lal)

അനർഘ് വസ്ത്രങ്ങൾ ബാഗിൽ പാക്ക് ചെയ്യുമ്പോൾ ഇവാഞ്ചലിൻ ചോദിച്ചു “അനൂ.. നിനക്ക് പോണോ..?? നീ ശരിക്കും ആലോചിച്ചു തന്നെയാണോ ഈ തീരുമാനം എടുത്തത്..?”

“അതേ മമ്മാ… എനിക്ക് എന്റെ പെറ്റമ്മയെ മരിക്കുന്നതിനു മുൻപ് ഒന്ന് കാണണം. ഇന്നലെ പപ്പയുടെ കൂട്ടുകാരന്റെ മകന്റെ വായിൽ നിന്നും കേട്ടപ്പോളാ ഞാൻ നിങ്ങളെ വളർത്തു മകൻ ആണെന്ന വ്യത്യാസം അറിഞ്ഞേ.

സ്വന്തം അച്ഛനും അമ്മയും ഇല്ലാത്ത നിനക്ക് ആ വീട്ടിൽ ഒരിക്കൽ പട്ടിയുടെ വിലയാവും എന്ന് അവൻ പറഞ്ഞപ്പോൾ എന്റെ തൊലി ഉരിഞ്ഞു പോയി.

അപ്പോൾ മുതൽ ഞാൻ ഉറപ്പിച്ചതാണ്. ഇനി എന്റെ പെറ്റമ്മ ആരെന്നു അറിഞ്ഞിട്ടു മതി ബാക്കി ജീവിതം. മമ്മ എന്നെ തടയരുത്.” അനുവിന്റെ ശബ്ദം ഉറച്ചതായിരുന്നു.

“നീ ഞങ്ങളുടെ സ്വന്തം മകനല്ല. സമ്മതിച്ചു. ഈ കാര്യം നീയെന്നേലും അറിയുമെന്നും മമ്മയ്ക്കറിയാം.

പക്ഷെ മക്കളില്ലാത്ത ഞങ്ങൾ എറണാകുളത്തെ ഒരു ഫാദർ നടത്തിയിരുന്ന ഓർഫനേജിൽ നിന്നും നിന്നെ ദത്തെടുത്തു സ്വന്തം മോനെ പോലെ തന്നെയാണ് ഇത്രയും കാലം നോക്കി വളർത്തിയത്.

ഈ കാണുന്ന സ്വത്തെല്ലാം നീയൊരാൾക്കുള്ളതാണ്. പിന്നെ നീയെന്തിനാ മോനെ ഞങ്ങളെ അന്യരായി കാണുന്നത്.?” ഇവ യുടെ ശബ്ദം ഇടറി.

“മമ്മാ.. എന്നെ കേരളത്തിൽ നിന്നും ഈ അമേരിക്ക വരെ ഇത്രയും ദൂരം നിങ്ങൾ കൊണ്ട് വന്നതും എന്നെ ഇവിടെ വളർത്തിയതും

ഞാൻ ഒരിക്കലും എന്റെ പെറ്റമ്മയെ അന്വേഷിച്ചു പോകാതിരിക്കാൻ വേണ്ടിയല്ലേ..?” പക്ഷെ ഇപ്പോൾ അതിനുള്ള സമയമായി.

ഞാൻ പോകുകയാണ്. എന്റെ അമ്മയെ കാണാതെ ഞാനിനി ഒരിക്കലും ഇങ്ങോട്ട് തിരിച്ചു വരില്ല. ബൈ മമ്മാ..” അനർഘ് ബാഗുമായി വീട്ടിൽ നിന്നും ദേഷ്യത്തോടെ ഇറങ്ങി.

“അവൻ പൊയ്ക്കോട്ടേ ഇവാ.. അവൻ നമ്മുടെ മോൻ ആണേൽ തിരിച്ചു വരും. നീ അവനെ തടയേണ്ട”

ഇവയുടെ ഭർത്താവ് പീറ്ററിന്റെ സ്വരമായിരുന്നു അത്. അത് കേട്ടത്തോടെ ഇവയും അവനെ തടഞ്ഞില്ല.

അമേരിക്കയിൽ നിന്നും കേരളത്തിലേക്ക് ഫ്ലൈറ്റ് കേറുമ്പോൾ “അമ്മയെ എത്രയും പെട്ടെന്നു കണ്ടു പിടിക്കണം” എന്ന് മാത്രമേ അനുവിന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു.

രണ്ടാം ദിവസം നെടുമ്പാശ്ശേരി ഇറങ്ങി ഒരു ഹോട്ടൽ ബുക്ക്‌ ചെയ്തു. അടുത്ത ദിവസം മുതൽ അനു അമ്മയെ തേടി അന്വേഷണമായിരുന്നു.

മമ്മ പറഞ്ഞ എറണാകുളത്തുള്ള ഓർഫനേജ് അന്വേഷിച്ചു ചെന്നപ്പോൾ അവിടെ ഇരുപത്തെട്ട് വർഷം മുമ്പ് ഉണ്ടായിരുന്ന ഫാദർ മരിച്ചു പോയിരുന്നു.

അവിടുന്ന് പല കുട്ടികളെയും പലരും പല കാലയളവിൽ ദത്തെടുത്തിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞു.

അവിടെ പണ്ട് ഉണ്ടായിരുന്ന തൂപ്പുകാരി ചേച്ചിയായിരുന്നു പിന്നെ ശരണം. അവരുടെ വീട് അന്വേഷിച്ചു കുറേ നടന്നു.

അവസാനം വീട് കണ്ടു പിടിച്ചു അന്വേഷിച്ചപ്പോൾ അമ്മയെ കുറിച്ച് അവർ കുറച്ചു പറഞ്ഞു തന്നു.

“ആരിൽ ഉണ്ടായ കുട്ടിയാണ് എന്നൊന്നും അറിയില്ല. മഴയുള്ളൊരു രാത്രിയിൽ ഒരു പിഞ്ചു കുഞ്ഞിനെ ആ ഓർഫനേജിന്റെ വരാന്തയിൽ കിടത്തി വെച്ചു ആ സ്ത്രീ പോകുമ്പോളാണ് ഞാനത് കണ്ടത്.

അവരെ പിന്നിൽ നിന്നും വിളിച്ചു പിടിച്ചു നിർത്തി ചോദിച്ചപ്പോൾ “തന്നെ ഇനി ഒരിക്കലും അന്വേഷിക്കരുത്. നിവൃത്തികേടു കൊണ്ടാ ഈ കടും കൈ ചെയ്യുന്നേ” എന്ന് മാത്രം ആ സ്ത്രീ കരഞ്ഞു പറഞ്ഞു .

കൂടെ ഈ കുഞ്ഞിനെ നന്നായി ആരെയേലും നോക്കാൻ ഏൽപ്പിക്കണം എന്നും അവർ കൂട്ടിചേർത്തു”. പിന്നെ ഒരിക്കലും അവരെ ഞാൻ കണ്ടിട്ടില്ല. അത്രയും പറഞ്ഞു ആ തൂപ്പുകാരി സ്ത്രീ നിർത്തി.

“ആ വന്ന സ്ത്രീയുടെ രൂപം ഓർമ്മയുണ്ടോ..?” അനു ചോദിച്ചു.

“ഒരു അഞ്ചടി ഉയരം. ഇരു നിറം. ശോഷിച്ച ശരീരം. കുഴിയിൽ വീണ കണ്ണുകൾ. ചുരുണ്ട മുടിയിഴകൾ. ഇടതു വശത്തെ നാലാമത്തെ ഒരു പല്ല് പോയിട്ടുണ്ട്.

പിന്നെ വലത്തേ പുരികത്തിനു മുകളിൽ ഒരു കറുത്ത മറുകുണ്ട്” അത്രയേ എനിക്ക് ഓർമ്മയുള്ളൂ. അവർ അടയാളങ്ങൾ പറഞ്ഞു നിർത്തി.

അനുവിനെ സംബന്ധിച്ചു അത് വലിയൊരു ആശ്വാസമായിരുന്നു. അവരോടു നന്ദി പറഞ്ഞു വീണ്ടും അങ്ങിനെയൊരു സ്ത്രീയെ അന്വേഷിച്ചു അവനിറങ്ങി.

അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അന്വേഷിച്ചു. അവിടെ അടുത്തങ്ങിനെയൊരു സ്ത്രീയുള്ളതായി ആർക്കും ഓർമയില്ല.

എറണാകുളം ജില്ല മുഴുവൻ അരിച്ചു പെറുക്കി. എല്ലാ ഓർഫനേജുകളിലും അമ്പലങ്ങളിലും അവൻ അമ്മയെ അന്വേഷിച്ചു. ആർക്കും ഒരു എത്തും പിടിയുമില്ല. വർഷങ്ങൾ പലരുടെയും ഓർമകളെ മായ്ച്ചു തുടങ്ങിയിരുന്നു.

ദിവസങ്ങളും ആഴ്ചകളും കടന്നു പോയ്കൊണ്ടിരുന്നു. അവസാനം ഒരു മാസം കഴിഞ്ഞുള്ള ഒരു രാത്രി അനു റോഡരികിലെ ഒരു വൃദ്ധന്റെ തട്ട് കടക്കു മുൻപിൽ ചെന്നിരുന്നു. അയാളോട് ഒരു ചായ പറഞ്ഞു.

ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ അയാൾ തൊട്ടടുത്തു നിന്ന മറ്റൊരു വൃദ്ധനോടു പറയുന്നത് കേട്ടു “എന്നാലും എത്ര കാലമായി ആ ഭ്രാന്തി തള്ള ഇവിടെ കിടന്നു അലയുന്നു..

എന്നും ഇവിടെ കടയുടെ മുന്നിൽ വന്ന് ചോദിക്കുമായിരുന്നു “എന്റെ മോനെ കണ്ടോ.. എന്റെ മോനെ കണ്ടോ” എന്ന്.

ചിലപ്പോൾ ഞാൻ ബാക്കിയുള്ള ഭക്ഷണം വല്ലതും കൊടുക്കും. ഒരു പല്ല് ഇല്ലാത്തതു കൊണ്ട് മറ്റേ വശം കൊണ്ടാ ചവച്ചു കഴിക്കുക. പാവം ഇടയ്ക്കിടെക്ക്

“ഞാൻ പാപിയാണ്. തെറ്റ് ചെയ്തു. എന്റെ കുഞ്ഞിനെ ഞാൻ ഇല്ലാതാക്കി” എന്നൊക്കെ പിച്ചും പേയും പറയുന്നത് കേൾക്കാം.

ഇപ്പോൾ ഒന്ന് രണ്ടു ആഴ്ചയായി ഇവിടേയ്ക്ക് വരാറില്ല. വല്ല പോലീസോ മറ്റൊ പിടിച്ചു ഭ്രാന്താശുപത്രിയിൽ ആക്കിയോ ആവോ. ആർക്കറിയാം..” അയാൾ നെടുവീർപ്പിട്ടു.

പകുതി കുടിച്ചു കൊണ്ടിരുന്ന ചായ മതിയാക്കി അനു അയാളോട് ആശ്ചര്യത്തോടെ ചോദിച്ചു “ചേട്ടൻ ആരുടെ കാര്യമാ ഇപ്പോൾ പറഞ്ഞെ..? ഒന്നൂകൂടി പറഞ്ഞെ..?”

“അത് മോനെ ഇവിടെ രാത്രി വരാറുണ്ടായിരുന്ന വയസായ ഒരു ഭ്രാന്തി തള്ളയുടെ കഥയാ..” ഇപ്പോൾ കുറച്ചു ദിവസമായി അവരെ കാണാത്ത കാര്യം പറയുകയായിരുന്നു. അയാൾ പറഞ്ഞു നിർത്തി.

“ചേട്ടൻ പറയുന്ന ഈ സ്ത്രീക്ക് വലത്തേ പുരികത്തിനു മുകളിൽ ഒരു മറുക് ഉണ്ടോ.?” അനു ചോദിച്ചു.

“അതേ” ഉണ്ടെന്നു അയാൾ മറുപടി പറഞ്ഞു.

ഉടൻ തന്നെ അമ്മയുടെ ബാക്കി ലക്ഷണങ്ങളും അനു അയാളോട് ചോദിച്ചു. എല്ലാം അതേപടി ആ സ്ത്രീക്കുണ്ടെന്നു അയാൾ സമ്മതിച്ചു.

“അമ്മ..” അനുവിന്റെ കണ്ണു നിറഞ്ഞു കൊണ്ട് അറിയാതെ ആ വാക്ക് വായിൽ നിന്നും വീണു.

അയാൾക്ക് ചായ പൈസ കൊടുത്തു ആ ഏരിയ മുഴുവൻ ആ രാത്രിയിൽ അനു അന്വേഷിച്ചു.

പലരും പല സ്ഥലത്തു വെച്ചു കഴിഞ്ഞ ഒരാഴ്ച മുൻപേ വരെ അങ്ങിനെ ഒരു സ്ത്രീയെ കണ്ടിട്ടുണ്ട്. പക്ഷെ അവർ എവിടെയാണ് താമസമെന്നോ എങ്ങോട്ടാണ് പോകാറെന്നോ ആർക്കും അറിയില്ല.

അടുത്ത ദിവസങ്ങളിലും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അനു അമ്മയെ അന്വേഷിച്ചു കൊണ്ടിരുന്നു. എവിടെയും അങ്ങിനെ ഒരു സ്ത്രീയെ അവന് കണ്ടു മുട്ടാനായില്ല. അവന്റ പ്രതീക്ഷകൾ കൈ വിട്ടു പോയ നിമിഷങ്ങൾ ആയിരുന്നു അത്….

ഒരിക്കലെങ്കിലും തന്റെ അമ്മയുടെ മുഖമൊന്നു കാണാൻ അനു ഒരുപാട് ആഗ്രഹിച്ചു. ആ തിരച്ചിലിന്റെ ഏഴാം നാൾ അവൻ വീണ്ടും ആ തട്ട് കടക്കു മുന്നിലെത്തി. അവിടെയുള്ള ആ വൃദ്ധൻ കട അടയ്ക്കാൻ തുടങ്ങുകയായിരുന്നു.

“മോനു എന്തേലും വേണോ..? കട പൂട്ടാറായി. അത് കൊണ്ടാ..” അയാൾ പ്രതീക്ഷയോടെ ചോദിച്ചു.

“വേണ്ടാ. ചേട്ടൻ കട അടച്ചോളൂ.” അവൻ മറുപടി പറഞ്ഞു.

ആ കടയ്ക്ക് മുന്നിലൂടെ അവൻ തളർന്നു നടന്നു. സമയം രാത്രി 12 നോടടുക്കുന്നു. പെട്ടെന്ന് അവന്റെ മൊബൈൽ റിങ് ചെയ്തു.

എടുത്തപ്പോൾ അമേരിക്കയിൽ നിന്നും മമ്മയാണ്. അവൻ കോൾ എടുത്തു വിഷമത്തോടെ സംസാരിച്ചു തുടങ്ങി.

“മമ്മാ..”

“അനൂ.. മോനെ.. നീ എവിടെയാ.. ഞങ്ങൾക്ക് നീയില്ലാതെ ഒരു നിമിഷം പോലും സന്തോഷത്തോടെ ഇരിക്കാൻ പറ്റുന്നില്ല.

ജീവിതത്തിൽ നിന്നും എല്ലാം നഷ്ടപ്പെട്ട പോലെ. പപ്പയും വിഷമത്തിലാടാ. ഇന്നലെ പപ്പ ഒരുപാട് കരഞ്ഞു. നിന്നെ നഷ്ടപ്പെടുമോ എന്ന് പപ്പക്ക് നല്ല ഭയമുണ്ട്.

നീ ഞങ്ങളെ വിട്ടു പോകരുത് അനൂ. തിരിച്ചു വാ.. മമ്മയുടെ മോൻ അല്ലേടാ നീ.. മമ്മ നിന്നോട് കെഞ്ചുകയാണ്….” മമ്മയുടെ വിതുമ്പൽ അനുവിനു ഫോണിലൂടെ താങ്ങാൻ പറ്റുന്നതായിരുന്നില്ല.

അവന്റെയും ശബ്ദമിടറി “എന്റെ പ്രതീക്ഷകളെല്ലാം അസ്തമിക്കുകയാണ് മമ്മാ.. ഞാൻ തിരിച്ചു വരും..

ഇന്നൊരു രാത്രി കൂടി ഞാൻ എന്റെ അമ്മയെ അന്വേഷിച്ചു കണ്ടു കിട്ടിയില്ലേൽ നാളെ വൈകിട്ടു ഞാൻ തിരിച്ചു കയറും.

മമ്മയുടെ സ്വന്തം അനുവായി ആ വീട്ടിൽ ഞാൻ തിരിച്ചെത്തും. മമ്മ കാത്തിരുന്നോളൂ..” ബാക്കി പറയാൻ അവനു വാക്കുകൾ കിട്ടിയില്ല. അത്രയും പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു.

അർദ്ധ രാത്രി 12 മണിക്ക് റോഡരികിലൂടെ അനു ഒറ്റയ്ക്ക് നടന്നു. എല്ലാം നഷ്ടപ്പെട്ടവനെ പോലെ…

ഒരുപാടു നടന്നു അവൻ നന്നേ ക്ഷീണിച്ചിരുന്നു. അവശനായി അടുത്ത് കണ്ട പാതി പൊളിഞ്ഞ ബസ്റ്റോപ്പിലെ ചെറിയ ഭിത്തിയിൽ അവൻ ചെന്നിരുന്നു, എന്ത് ചെയ്യണമെന്നറിയാതെ ആകാശത്തേക്ക് നോക്കി.

അപ്പോൾ ഒരു നനുത്ത മഴ പെയ്തു തുടങ്ങി. ആ ചെറിയ ചാറ്റൽ മഴ പെട്ടെന്ന് തന്നെ ഒരു പെരും മഴയായി മാറി…

ആ പെരും മഴയിലും അവനാ ചോർന്നൊലിക്കുന്ന ബസ്റ്റോപ്പിൽ തന്നെ നനഞ്ഞു കുളിച്ചിരുന്നു. അമ്മയെന്ന തീരാ നഷ്ടം കണ്ണുനീരായി ആ മഴ തുള്ളികൾക്കൊപ്പം അവന്റെ കവിളിലൂടെ ആരും കാണാതെ ഒലിച്ചിറങ്ങി.

ഇരുട്ടിലെ ആ വലിയ മഴതുള്ളികൾക്കിടയിലും അവനുറക്കെ ആകാശത്തേക്ക് നോക്കി “അമ്മാ…” എന്ന് നിലവിളിച്ചു നിർത്താതെ കരഞ്ഞു…

അതേസമയം അവനിരുന്ന ആ ബസ്റ്റോപ്പിന്റെ മതിലിന്റെ പിന്നിലെ പൊതു ശ്മശാനത്തിൽ

മകനെ നഷ്ടപെട്ട വലത്തേ പുരികത്തിനു മുകളിൽ മറുകുള്ള ഭ്രാന്തിയായ ഒരു സ്ത്രീയുടെ ശരീരം അജ്ഞാത ശവമായി ആ മണ്ണിനടിയിൽ ഉറങ്ങുന്നുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *