നിന്റെ ആ ചാരു ചേച്ചിയുമായുള്ള ചുറ്റി കളി ഒക്കെ ഞാൻ അമ്മയോട് പറഞ്ഞു കൊടുക്കുന്നുണ്ട്..

(രചന: Rivin Lal)

അമ്മേ .. ധാ ഈ ഏട്ടൻ എന്നെ വീണ്ടും തല്ലി.
അവളുടെ പരാതി കേട്ടിട്ടാവണം അടുക്കളയിൽ നിന്നും അമ്മയുടെ മറുപടി ഉച്ചത്തിൽ വന്നു.
പോത്തു പോലെ ആയില്ലേടാ..

എന്നിട്ടും ചെക്കന് കുട്ടിക്കളി മാറീട്ടില്ല.. ആ ചെറുതിനെ വേദനിപ്പിച്ചോണ്ടിരിക്കലാ എപ്പോൾ നോക്കിയാലും അവനു പണി. മിണ്ടാതിരുന്നോണം രണ്ടും രാവിലെ തന്നെ. കഴിക്കാൻ ദോശ ഇപ്പോൾ കൊണ്ട് വരാം രണ്ടാൾക്കും.

ഞാൻ വീണ്ടും അവളെ വെറുതേ തോണ്ടി വെറുപ്പിച്ചു കൊണ്ടിരുന്നു.

അമ്മേ.. ഇത് നോക്കീ.. ഈ ചെകുത്താൻ എന്നെ വീണ്ടും.!!! അവൾ മുഖം വീർപ്പിച്ചു.

“പോടാ.. മത്തങ്ങാ തലയ.!!” അവൾ എന്നെ ചീത്ത വിളിച്ചു.

നീ പോടീ.. ഉണ്ട കുടുക്കേ..

“നിന്റെ ആ ചാരു ചേച്ചിയുമായുള്ള ചുറ്റി കളി ഒക്കെ ഞാൻ അമ്മയോട് പറഞ്ഞു കൊടുക്കുന്നുണ്ട്.. കാണിച്ചു തരാം മോനെ..! നീ പെട്ടു.!!” അവൾ പറഞ്ഞു..

“സോറി.. സോറി മോളേ.. പ്ളീസ്.. പറയല്ലേ.. എന്റെ ആകെ ഉള്ള ചങ്ക് അനിയത്തി അല്ലെ നീ..??!! ഏട്ടൻ ട്രീറ്റ് തരാം.. പറയല്ലേ പ്ളീസ്.!! ന്റെ മുത്തല്ലേ.!!”

“മതി..മതി.. മോൻ രാവിലെ തന്നെ പതപ്പിച്ചത്..!” ഞാൻ ഒന്ന്‌ ആലോചിക്കട്ടെ.. അപ്പോളേക്കും ‘അമ്മ ദോശ രണ്ടാൾക്കും കൊണ്ട് വന്നു

പകുതി കഴിച്ചപ്പോളേക്കും അവൾ വാച്ച് നോക്കി.. അയ്യൊ ലേറ്റ് ആയി.!! അമ്മേ.. മതി.. ലേറ്റ് ആയി.. ഞാൻ പോവാ.. അവൾ കഴിച്ചത് പകുതി ആക്കി വെച്ച് കൈ കഴുകാൻ ഓടി.

അപ്പോളതാ അമ്മയുടെ മറുപടി.. ഡാ.. ചെക്കാ.. നീ ഇവിടെ തേരാ പാരാ തിരിഞ്ഞു കളിക്കയല്ലേ.. അതിനെ ഒന്നു കോളേജിൽ കൊണ്ട് വിട്ടേക്ക്.. ഇനി ബസിനു ഓടി കിതച്ചു പോകണ്ടല്ലോ..!!

ഈ സാധനത്തിനെയോ.. രാത്രി വരെ മൊബൈലും കുത്തി നട്ടുച്ചക്കു എണീറ്റ് വരുമ്പോൾ  ഓർക്കണമായിരുന്നു.. അതും പറഞ്ഞു ഞാൻ അവളെ ഒന്നു ഇടം കണ്ണിട്ടു നോക്കി.

അല്ലേലും ഇവന്റെ വണ്ടിയിൽ കേറുന്നതിലും ബേധം യമരാജന്റെ വണ്ടിയിൽ പോണതാ.!! ഞാൻ ബസിനു പൊയ്ക്കോളാം അമ്മേ. അവൾ പിറു പിറുത്തു പറഞ്ഞു.

ഹാ.. ചൂടാവല്ലേ കുടുക്കേ . ഈ ഞാൻ ഉള്ളപ്പോൾ നീ അങ്ങിനെ ഇപ്പോൾ ബസ്സിൽ പോകണ്ട.

വേഗം കൈ കഴുകി ഞാൻ ബൈക്കിന്റെ കീ റൂമിൽ നിന്നും എടുത്തു വണ്ടി സ്റ്റാർട്ട് ആക്കി.
ഒന്ന് വേഗം വാടി. ഞാൻ പറഞ്ഞു.

ടാറ്റ അമ്മേ.. അവൾ കോളേജ് ബാഗുമെടുത്തു വണ്ടിയിൽ ഓടി വന്നു കയറി.

ഹെൽമെറ്റ് നീ കൈയിൽ പിടിച്ചോ.. എന്നാലേ  എനിക്ക് എന്റെ റെയ്ബാൻ ഗ്ലാസ് വെച്ച് മുടി പറത്തിച്ചു വണ്ടി ഓടിക്കാൻ പറ്റൂ.!! ഞാൻ പറഞ്ഞു

“ഓഹ്.. ഒരു ഷാരുഖ് ഖാൻ വന്നിരിക്കുന്നു. പോലീസിന്റെ കൈയിൽ നിന്നും ഫൈൻ കുടുങ്ങുമ്പോൾ മോൻ പഠിച്ചോളും.”. അവൾ ഈർഷ്യത്തോടെ പറഞ്ഞു.

രണ്ടും കൂടി നോക്കി പോകണേ… മെല്ലെ പൊയ്ക്കോ ട്ടോ ഡാ. നിന്റെ ഒരു ബൈക്ക് പറത്തിക്കൽ… പേടിയാ എപ്പോളും നിന്റെ പോക്ക് കാണുമ്പോൾ. അമ്മയുടെ ശകാരം വന്നു.

പോക്കറ്റ് റോഡിൽ നിന്നും ടൗണിലേക്കുള്ള മെയിൻ റോഡിലൂടെ കേറി എന്റെ ബൈക്ക് ഓടുകയാണ്.!!  ഇതാണോ മത്തങ്ങാ തലയന്റെ സ്പീഡ്..? ഞാൻ കോളേജ് എത്തുമ്പോളേക്കും ലഞ്ച് ടൈം ആയി കാണും.

അവൾ എന്നെ കളിയാക്കി. ആഹാ.. അത്രക്കായോ.. എന്നാൽ പറത്തിച്ചിട്ടു തന്നെ കാര്യം. ഞാൻ ബൈക്കിന്റെ സ്പീഡ് കൂട്ടി..
ആഹ്.. ഇപ്പോൾ കുഴപ്പമില്ല.. അവൾ പറഞ്ഞു.

പെട്ടെന്നാണ് എന്റെ ഇടതു പോക്കറ്റിൽ നിന്നും ഫോൺ റിങ് ആയി വൈബ്രേറ്റ് ചെയുന്നത് അറിയുന്നത്.

ഞാൻ ഇടതു കൈ ബൈക്കിന്റെ ഹാന്റിലിൽ നിന്നും എടുത്തു പോക്കറ്റിനു മുകളിൽ വെച്ചു.. അതെ വൈബ്രേറ്റ് ചെയുന്നുണ്ട്. വണ്ടി നിർത്താതെ മെല്ലെ സ്ലോ ആക്കി ഞാൻ കഷ്ട്ടപെട്ടു ജീൻസിൽ നിന്നും ഇടതു കൈ കൊണ്ട് ഫോൺ എടുത്തു..

അഭിയാണ് വിളിക്കുന്നത്..

ഞാൻ വണ്ടി ഒരു കൈ കൊണ്ട് ഓടിച്ചു ഫോൺ ചെവിയിൽ വെച്ച് സംസാരിച്ചു തുടങ്ങി.. ഡാ.. ഞാൻ വണ്ടി ഓടിച്ചോണ്ടിരിക്കാ.. ഞാൻ കുറച്ചു കഴിഞ്ഞു തിരിച്ചു വിളിക്കാം.. ഓക്കെ.. അതും പറഞ്ഞു കാൾ കട്ട് ചെയാൻ താഴേക്കു ഫോണിലേക്കു നോക്കിയതും….

“ഏട്ടാ..ബസ്സ്..”

എന്ന് പിന്നിൽ നിന്നുള്ള അവളുടെ ഞെട്ടലോടെ ഉള്ള വിളിയും ഒരുമിച്ചാണ് കേട്ടത്.”

ഞാൻ മുന്നോട്ടു നോക്കിയതും എതിരെ വരുന്ന ലോറിയെ മറികടന്നു ചീറി പാഞ്ഞു വന്ന ബസ് ഞങ്ങളെ രണ്ടു പേരെയും ഇടിച്ചു തെറിപ്പിച്ചു.

ഒരു നിമിഷത്തേക്ക് ഞാൻ ഒന്നും അറിയുന്നില്ല. ആകാശത്തിലൂടെ പറക്കുന്ന ഒരു പ്രതീതി മാത്രം.

ഭൂമി മുകളിലും ആകാശം താഴയും ആയി തോന്നുന്നു. ഞാൻ ബൈക്കിൽ നിന്നും എങ്ങോട്ടോ തെറിച്ചു പോകുകയാണെന്ന് ആ പറക്കലിൽ എനിക്ക് തോന്നി.

റോഡിൽ തല അടിച്ചു വീണു.!!! കൺ പോളയ്ക്കു മുകളിലേക്കു രക്തം ഒഴുകി വീണ്‌ കണ്ണ് അടയാൻ പോകുമ്പോൾ ഞാൻ കണ്ടു.. റോഡിൽ ദൂരെ നിന്നും ബസ്റ്റോപ്പിൽ നിന്നുമൊക്കെ ആരൊക്കെയോ ഓടി വരുന്നു എന്റെ അടുത്തേക്.!! എന്റെ ശബ്ദം പുറത്തേക്കു വരുന്നില്ല.

ഒരു ഞരക്കം മാത്രം.!! പിന്നെ ആരൊക്കെയോ എന്നെ എടുത്തു ഒരു വണ്ടിയിൽ കയറ്റുന്നു.. എന്റെ അബോധ മനസ് മാത്രം എല്ലാം അറിയുന്നുണ്ട്.!! ആരൊക്കെയോ എന്റെ അടുത്ത് വണ്ടിയിൽ  ഇരിക്കുന്നു.

കണ്ണ് പാതി അടയുമ്പോളും മനസ്സിൽ അമ്മയുടെ മുഖം മാത്രം തെളിയുന്നു.. പിന്നെ അനിയത്തി.. പെട്ടെന്ന് വന്ന ബസ്.. ഞാൻ ആ വണ്ടിയിലെ ആരുടെയോ മടിയിലെ കിടപ്പിലും വിറക്കുന്നു..

ശരീരം നുറുങ്ങുന്ന പോലെ തോന്നുന്നു.. രക്തം ഒലിച്ച മുറിവുകളിലൂടെ ശരീരം മുഴുവൻ വേദനിക്കുന്നു.. ആരോ എന്നെ കൂട്ടി കൊണ്ട് പോകാൻ എന്റെ പിന്നാലെ വരുന്ന പോലെ. ഭൂമിയിൽ നിന്നും ഞാൻ അകന്നു പോകുന്ന പോലെ തോന്നുന്നു..

ഒരു പ്രകാശം എന്റെ അടുത്തേക് അടുത്തേക്ക് തിളങ്ങി വരുന്നു. എന്റെ ആത്മാവ് ശരീരം  വിട്ടു തുടങ്ങുന്നു. അതെ.. ഞാൻ മനസിലാക്കി…. ഞാൻ പോകുകയാണ്.. ഈ ലോകത്തു നിന്നും… ഒരിക്കലും തിരിച്ച് വരാൻ കഴിയാത്ത ലോകത്തേക്ക്.

പെട്ടെന്ന് ഒരു ഞെട്ടലോടെ ഞാൻ ചാടി എണീറ്റു.. കിതച്ചു കൊണ്ടിരുന്നു കട്ടിലിൽ. മുഖം ഒക്കെ വിളറി വെളുത്തു.. ശരീരം മുഴുവൻ വിയർത്തിരിക്കുന്നു.

തൊട്ടടുത്ത ടേബിളിൽ വെച്ച ജഗ്ഗിൽ നിന്നും വെള്ളം എടുത്തു നിർത്താതെ കുറേ കുടിച്ചു.!!! എന്നിട്ടൊന്ന് ‌ സമാദാനത്തോടെ ഇരുന്നു.

അപ്പോൾ.. ഞാൻ കണ്ടത്.. അത് സ്വപ്നം  ആയിരുന്നോ  സത്യമല്ലായിരുന്നോ.

ഞാൻ  മൊബൈൽ എടുത്തു  സമയം നോക്കി.. രാവിലെ 8.00 മണി.. കണ്ണാടിയിൽ നോക്കി .. അതെ .. എനിക്കൊന്നും പറ്റീട്ടില്ല . ഞാൻ മുഖത്തെ വിയർപ്പൊക്കെ തുടച്ചു മുകളിലെ റൂമിൽ നിന്നും താഴേക്കു ഇറങ്ങി വന്നു..

അപ്പോൾ ഹാളിലുണ്ട് അനിയത്തി കോളേജിൽ പോകാൻ ഒരുങ്ങി ഇരുന്നു ദോശ കഴിക്കുന്നു. ഞാൻ അവളുടെ അടുത്ത് എതിരെ ഉള്ള കസേരയിൽ പോയി ഇരുന്നു. എന്നിട്ട് അവളെ തന്നെ കുറെ നേരം ഒന്നും വിശ്വാസം  വരാത്ത പോലെ നോക്കി ഇരുന്നു.

“എന്താടാ… മത്തങ്ങാ തലയാ രാവിലെ തന്നെ തുറിച്ചു നോക്കുന്നെ.. അവൾ കിന്നരിച്ചു.”

മുഖത്തെ ഞെട്ടൽ മറച്ചു ഒന്നു മെല്ലെ ചിരിച്ചു കൊണ്ട്.. “ഒന്നുമില്ല ന്റെ മുത്തെ..”!എന്നും പറഞ്ഞു അവളുടെ തലയിൽ ഒന്ന്‌ അമർത്തി കൈ തട്ടി കൊണ്ട് ഞാൻ നേരെ ഫ്രഷ് ആകാൻ പോയി . തിരിച്ചു വന്നപ്പോൾ അവൾ പറഞ്ഞു..

“ഡാ.. മടിയാ.. എന്നെ ഒന്ന്‌ കോളേജിൽ വിടാമോ..?? ഇപ്പോൾ ബസിൽ നല്ല തിരക്കാവും അതാ.!!!” ഞാൻ വരാമെന്നു തലയാട്ടി..! ഡ്രസ്സ് മാറി ബൈക്ക് എടുക്കുമ്പോൾ ഞാൻ ഹെൽമെറ്റ് ആദ്യം ഇട്ടു.!!!

ബൈക്കിന്റെ കീ ഓൺ ചെയ്ത് കീ ചെയിനിലെ ഗണപതിയെ ഒന്ന്‌ തൊട്ടു മനസ്സിൽ പ്രാർത്ഥിച്ചു.. “വിഗ്നേശ്വര.. ഒന്നും വരുത്തല്ലേ.!!” എന്നിട്ട് അവളോട് ചോദിച്ചു മെല്ലെ പോയാലും കോളേജിൽ സമയത്തിനു എത്തൂലെ .??

“ഓ.. ഇഷ്ടം പോലെ സമയം ഉണ്ട്… മെല്ലെ പോയാലും എത്തും… മോൻ വണ്ടി എടുക്കെടാ.!!”

ഗേറ്റ് കഴിഞ്ഞു ഞങ്ങൾ ഇറങ്ങാൻ ആകുമ്പോൾ പിന്നിൽ നിന്നും അമ്മയുടെ ശബ്ദം ഉച്ചത്തിൽ കേട്ടു. “മക്കളെ.. നോക്കി പോകണേ.”

Leave a Reply

Your email address will not be published. Required fields are marked *