ഞാൻ കെട്ടി പോയാൽ എന്റെ അമ്മയെ ആരു നോക്കും, കെട്ടുന്നവൻ ഏതു ടൈപ്പ് ആണെന്ന്..

ദിവ്യം
(രചന: Rivin Lal)

“രാഗാ.. ഇറങ്ങാനായായില്ലേ.. സമയം വൈകുന്നു. പോയിട്ടു ഇരുട്ടുന്നതിനു മുമ്പേ തിരിച്ചു വരാനുള്ളതാ.”

“ദാ വരുന്നേട്ടാ….കഴിഞ്ഞു..” നൈത്രിന്റെ വിളി കേട്ടതും ചെവിയിലെ രണ്ടു കമ്മലും ദൃതി വെച്ച് ഇട്ടു വീട്ടിൽ നിന്നും രാഗ ഇറങ്ങിതുടങ്ങി.

അപ്പോളേക്കും  നൈത്ര് കാർ സ്റ്റാർട്ട്‌ ചെയ്‌തിരുന്നു. രാഗ മുറ്റത്തേക്കു ഇറങ്ങിയതും അവൻ ഡ്രൈവർ സീറ്റിൽ ഇരുന്ന് കൈ നീട്ടി ഇടത്തെ ഡോർ പുറത്തേക്കു തുറന്നു കൊടുത്തു.
രാഗ കാറിൽ കേറിയിരുന്നു ഡോർ വലിച്ചടച്ചു സീറ്റ്‌ ബെൽറ്റിട്ടിരുന്നു.

“പോകാം ഏട്ടാ..” അവളുടെ പച്ച സിഗ്നൽ കിട്ടിയതും നൈത്ര് കാർ മുന്നോട്ടെടുത്തു.

രണ്ടാളും പോകുന്നത് രാഗയുടെ വിവാഹത്തിന്റെ റിസെപ്ഷന്റെ ഡ്രസ്സ്‌ എടുക്കാനാണ്. അമ്മയും ഏടത്തിമാരുമെല്ലാം നേരത്തെ ഷോപ്പിൽ എത്തീട്ടുണ്ട്. രാഗ ഒരു കൂട്ടുകാരിയെ കണ്ടു വന്നപ്പോളേക്കും വൈകി. അതാണ്‌ രണ്ടു പേരും പിന്നീട് ഇറങ്ങിയത്.

അര മണിക്കൂറിനുള്ളിൽ അവർ ടൗണിലെ ഏറ്റവും വലിയ ബ്രൈഡൽ ഷോപ്പിലെത്തി. വണ്ടി പാർക്ക്‌ ചെയ്ത് അവർ  ഷോപ്പിന്റെ സെക്കന്റ്‌ ഫ്ലോറിലെ ബ്രൈഡൽ സെക്ഷനിലേക്ക് നടന്നു. അമ്മയെ സാരി സെക്ഷനിൽ കണ്ടതും രാഗ നേരെ അങ്ങോട്ടോടി പോയി. നൈത്ര് പിന്നെ ഒറ്റപ്പെട്ടത് പോലെയായി.

നൈത്ര് അവിടെ കസ്റ്റമർക്ക് ഇരിക്കാനുള്ള സ്റ്റൂളിൽ ഇരുന്ന് ഷോപ്പ് മുഴുവൻ ഒന്ന് കണ്ണോടിച്ചു നോക്കി. എന്ത് മാത്രം സെലെക്ഷൻ ആണിവിടെയെന്നു  അവൻ മനസ്സിൽ വിചാരിച്ചു. അവിടുത്തെ സെയിൽസ്മാന്മാരെ നോക്കുമ്പോൾ ഒരു പരിചിത മുഖം നിൽക്കുന്നു.

നൈത്ര് എണീറ്റു നേരെ അയാളുടെ അടുത്തേക്ക് പോയി. കുറച്ചു നേരം അയാളെ സംശയത്തോടെ നോക്കി ചോദിച്ചു.

“സുരേഷേട്ടൻ അല്ലേ..?? പണ്ട് മംഗല്യ വെഡിങ് ഷോപ്പിൽ ഉണ്ടായിരുന്ന..??” അയാൾ കുറച്ചു നേരം നൈത്രിനെ തുറിച്ചു നോക്കി..

“നൈത്ര്… ഡാ..മോനെ.. നീയോ… നീയെന്താ ഇവിടെ..? എത്ര കാലമായെടാ നിന്നെയൊന്നു കണ്ടിട്ട്..? നീയാകെ ആള് മാറി പോയല്ലോ. കട്ട താടിയൊക്കെ വെച്ച് തടിയൊക്കെ കൂടി.. എനിക്ക് ഒട്ടും മനസിലായില്ല കേട്ടോ ആദ്യം കണ്ടപ്പോൾ..”
സുരേഷേട്ടന് നൈത്രിനെ മനസിലായപ്പോൾ സന്തോഷമടക്കാൻ പറ്റിയില്ല.

നൈത്രിനും സന്തോഷമായി. “ഞാൻ MBA ഒക്കെ കഴിഞ്ഞു  ദുബായിലാ ജോലി സുരേഷേട്ടാ.  ഇപ്പോൾ നാട്ടിൽ ലീവിന് വന്നതാ. അനിയത്തി രാഗയുടെ കല്യാണമാണ്.

അവൾക്കു ഡ്രസ്സ്‌ എടുക്കാൻ വന്നതാ ഇവിടെ. പിന്നെ എന്തുണ്ട് വിശേഷം.? ഇവിടെ വന്നിട്ട് കുറെ ആയോ.? പഴയ ഷോപ്പിലെ ജോലിയെന്തെ വിട്ടേ.? നൈത്ര് ചോദിച്ചു.

“ആഹ്ഹ്.. നീയൊക്കെ അവിടുന്ന് പോയതോടെ പിന്നെ ആ ബാച്ചിലെ പലരും ആ ഷോപ്പിൽ നിന്നും പോയി തുടങ്ങി. പിന്നെ സാലറി ഇൻക്രിന്മെന്റ് ഒന്നും ഇല്ലാഞ്ഞപ്പോൾ അവിടുത്തെ ജോലി മടുത്തു തുടങ്ങി. അപ്പോൾ ഞാനും വിട്ടു. ഇവിടെ വന്നു ജോയിൻ ചെയ്തു”. സുരേഷേട്ടൻ പറഞ്ഞു നിർത്തി.

“ഓഹ്.. അങ്ങിനെയാണോ.? അപ്പോൾ അവിടെ ഉണ്ടായിരുന്ന ദിവ്യ ചേച്ചിയൊക്കെ..??” നൈത്ര് ആകാംഷയോടെ ചോദിച്ചു. സുരേഷേട്ടൻ ആദ്യം ഒന്ന് പൊട്ടിച്ചിരിച്ചു, എന്നിട്ടു ചോദിച്ചു “നീയിപ്പോളും അവളെയൊന്നും മറന്നിട്ടില്ല അല്ലേ”.

“മറക്കാനോ.. അതും ഞാനോ..? എന്റെ മൂത്ത ചേച്ചിയുടെ സ്ഥാനത്താണ് ഞാൻ ദിവ്യ ചേച്ചിയെ കണ്ടത്” നൈത്ര് പറഞ്ഞു നിർത്തി.
പെട്ടെന്ന് ഷോപ്പിലെ മാനേജർ സുരേഷേട്ടനെ വിളിച്ചു.

“സുരേഷേ.. താഴെ ആ അയ്യരുടെ ഈ ആഴ്ചത്തെ ഓർഡർ വന്നിട്ടുണ്ട്. അതൊന്നു പോയി നോക്കി ഗോഡൗണിലേക്ക് മാറ്റിക്കോ.” അതു കേട്ടതും സുരേഷേട്ടൻ താഴത്തെ ഫ്ലോറിലേക്ക് പോവാനൊരുങ്ങി.

“ഡാ.. നീ ഇവിടെ തന്നെ നിൽക്ക്. എങ്ങും പോവരുത്. ഞാൻ പെട്ടെന്ന് തിരിച്ചു വരാം” അത്രയും പറഞ്ഞു നൈത്രിന്റെ തോളിൽ തട്ടിയിട്ടു സുരേഷേട്ടൻ താഴേക്കു പോയി.

ആൾ താഴേക്കു ഓടി പോണതും നോക്കി നൈത്ര് ഒരു ചെറിയ പുഞ്ചിരി അറിയാതെ ചിരിച്ചു പോയി. സുരേഷേട്ടന് ഒരു മാറ്റവുമില്ല. അന്നും ഇന്നും ജോലിയിൽ ആത്മാർത്ഥത തന്നെ മുഖ്യം. അവൻ മനസ്സിൽ വിചാരിച്ചു.

എന്നിട്ടു സ്റ്റൂളിൽ ഇരുന്ന് സുരേഷേട്ടൻ നിന്നിരുന്ന വെഡിങ് സെക്ഷനിലെ വസ്ത്രങ്ങൾ അടുക്കി വെച്ച റേക്കുകളിലേക്കു ഒരു നിമിഷം നോക്കിയിരുന്നു. ആളുടെ ശൂന്യതയിൽ അവിടെ ഒരു നിമിഷം നൈത്രിന് തന്റെ രൂപം ഓർമ വന്നു.

പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് ഇത് പോലുള്ള “മം ഗ ല്യ” എന്ന് പേരുള്ള വിവാഹ വസ്ത്ര ഷോപ്പിലേക്കു നൈത്ര് ജോലിക്ക് വരുമ്പോൾ തന്നെ ആദ്യം കൈ പിടിച്ചു പരിചയപെട്ടത് ഇതേ സുരേഷേട്ടൻ ആയിരുന്നു.

പ്ലസ് ടു നല്ല മാർക്കോടെ പാസ്സ് ആയിട്ടും തുടർന്ന് പഠിക്കാൻ പണമില്ലാതെ  വന്നപ്പോളാണ് ഒരു വർഷം എന്തേലും ജോലി ചെയ്തു അല്പം പണമുണ്ടാക്കി അടുത്ത വർഷം കോളേജിൽ ചേരാം എന്ന് തീരുമാനിച്ചത്.

അങ്ങിനെ പത്രത്തിൽ പരസ്യം കണ്ടു അന്വേഷിച്ചു കിട്ടിയ ആദ്യത്തെ ജോലിയാണ്. മാസം 1500 രൂപയാണ്  ശമ്പളം. എന്നാലും കഷ്ടപ്പാടിന്റെ കാലത്ത് ആ കൊച്ചു പയ്യന് അതൊക്കെ വലിയ തുകയായിരുന്നു.

ജോലിക്കു കേറി എല്ലാരേയും പരിചയപ്പെട്ടപ്പോളാണ് അവിടുത്തെ ഏറ്റവും ബെസ്റ്റ് സെയിൽസ് ഗേൾ ദിവ്യ ചേച്ചിയാണ് എന്ന് മനസിലായത്.

കാരണം ആ കട സ്വന്തം കട പോലെയായിരുന്നു ദിവ്യ ചേച്ചി നോക്കിയിരുന്നത്. എപ്പോളും ചിരിക്കുന്ന മുഖം. എന്നും നേരത്തെ വരും. കട തുറക്കും. എല്ലാം വൃത്തിയാക്കും.

വസ്ത്രങ്ങൾ ചിട്ടയായി അടുക്കി വെക്കും. അവിടെ വരുന്ന ഓരോ കസ്റ്റമേർസിനെയും കണ്ടറിഞ്ഞു പെരുമാറുന്ന പെരുമാറ്റം. പലരും ഷോപ്പിൽ വന്നാൽ “ദിവ്യ ഇല്ലേ.? ഞാൻ ദിവ്യയെ കൊണ്ട് ഡ്രസ്സ്‌ നോക്കിച്ചോളാം” എന്ന് തിരഞ്ഞു പിടിച്ചു വസ്ത്രം എടുത്തിരുന്ന ഒരു കാലം.

ദിവ്യ ചേച്ചിക്ക് അച്ഛൻ ഇല്ലായിരുന്നു. പ്രായമായ അസുഖങ്ങൾ അലട്ടുന്ന അമ്മയും ഒരു അനിയത്തിയും മാത്രമാണ് കൂട്ടിനു ഉണ്ടായിരുന്നത്. വാടക വീട്ടിലാണ് താമസിക്കുന്നത്.

കുടുംബം പോറ്റാൻ വേറെ വഴിയില്ലാത്തൊണ്ടാണ് ഈ പണിക്കു വന്നത് എന്ന് എപ്പോളും പറയുന്നത് കേൾക്കാറുണ്ടായിരുന്നു. മുപ്പതു വയസായിട്ടും എന്താ കല്യാണം കഴിക്കാത്തെ എന്ന് ചോദിക്കുന്നവരോടൊ ക്കെ പറയും “എന്റെ അമ്മക്ക് ഞാൻ മാത്രമെ ഉള്ളൂ.

ഞാൻ കെട്ടി പോയാൽ എന്റെ അമ്മയെ ആരു നോക്കും.? കെട്ടുന്നവൻ ഏതു ടൈപ്പ് ആണെന്ന് അറീല്ലല്ലോ. അതോണ്ട് നമ്മളെ ജീവിതം ഇങ്ങിനെ ഒക്കെ തന്നെ അങ്ങ് പോകട്ടെ.” എന്ന് മുഖത്തൊരു ചിരി വരുത്തി പറയുമായിരുന്നു.

അവിടുത്തെ എല്ലാ സ്റ്റാഫിനും ദിവ്യ ചേച്ചിയെ ജീവനായിരുന്നു. കാരണം അത്രയും ആത്മാർഥത ഉള്ള മറ്റൊരു ലേഡി സ്റ്റാഫും അവിടെ ഉണ്ടായിരുന്നില്ല. പുതുതായി ജോലിക്ക് വരുന്ന പെൺകുട്ടികൾക്കൊക്കെ എല്ലാം നല്ല രീതിയിൽ പറഞ്ഞു കൊടുക്കും. എല്ലാ ആളുകളുടെയും സ്വഭാവവും പെരുമാറേണ്ട രീതിയുമെല്ലാം.

കോളേജ് പയ്യന്മാർ ഗാങ് ആയി വന്നു പുതിയ സെയിൽസ് ഗേൾസിന്റെ അടുത്ത് വന്നു പഞ്ചാരയാടികുമ്പോളേക്കും ദിവ്യ ചേച്ചി അവിടേക്കു കടന്നു വന്നു “എന്താ മോനെ വേണ്ടേ.? വാങ്ങാൻ  വന്ന ചുരിദാർ ഞാൻ എടുത്തു തന്നാൽ മതിയോ.?”

എന്നു ചോദിച്ചു അവന്മാരെയെല്ലാം നന്നായി വേണ്ട പോലെ കൈകാര്യം ചെയ്തു അവരെ കൊണ്ട് വാങ്ങാൻ വന്ന സാധനം മാത്രം വാങ്ങിപ്പിച്ചു പല പെൺകുട്ടികളെയും പൂവാല ശല്യത്തിൽ നിന്നും രക്ഷിച്ചിരുന്നു.

അങ്ങിനെയൊക്കെയുള്ളത് കൊണ്ടാണ് നൈത്രിനും ദിവ്യ ചേച്ചിയോട് ഒരു ബഹുമാനം തോന്നി തുടങ്ങിയത്. തന്നെയും ഒരു അനിയന്റെ സ്ഥാനത്താണ് ചേച്ചി കണ്ടിരുന്നത്.

ലഞ്ച് ബ്രേക്കിൽ നൈത്രിനോട്  ചേച്ചി പറയും. “എടാ ചെറുക്കാ.. നീ പഠിക്കാൻ പണം ഉണ്ടാക്കാൻ അല്ലേ ഇവിടെ വന്നേ.? ഒരു വർഷം കൊണ്ട് നയിച്ചു കിട്ടുന്ന പണം കൊണ്ട് ഇവിടം അപ്പോൾ തന്നെ വിട്ടോണം. ഇതൊരു ചെളി കുഴിയാണ്.

ഇവിടെ തന്നെ മാറാതെ നിന്നുപോയാൽ ഒരു തിരിച്ചു പോക്ക് ബുദ്ധിമുട്ടാവും. നീയൊക്കെ ചെറു പ്രായമല്ലേ. പഠിക്കാനൊക്കെ ഇഷ്ടം പോലെ സമയമുണ്ട്. പഠിച്ചു നല്ല വലിയ ജോലി ഒക്കെ വാങ്ങി പണക്കാരനായി നീ വരണം.

അപ്പോളും ഞാനൊക്കെ ഇവിടെ വീടിനു കുറ്റി അടിച്ച പോലെ നിൽകുന്നുണ്ടാവും” തമാശയിലൂടെ ചിരിച്ചു കൊണ്ട് അത് പറയുമ്പോളും ദിവ്യ ചേച്ചിയുടെ മുഖത്തു പഠിക്കാൻ കഴിയാത്തതിന്റെയും നല്ലൊരു നിലയിൽ എത്താൻ കഴിയാത്തതിന്റെയും നിരാശ  മറഞ്ഞിരിക്കുന്നത് നൈത്ര് പല തവണ ശ്രദ്ധിച്ചിരിക്കുന്നു.

ഒരിക്കൽ ചേച്ചിയെ നല്ല ദേഷ്യത്തിൽ നിൽക്കുന്നത് കണ്ടപ്പോളാണ് നൈത്ര് അടുത്ത് ചെന്നു എന്താ കാര്യം ചോദിച്ചത്.

“എടാ.. ഞാൻ ചിലപ്പോൾ ഇന്ന് കൂടി ഉണ്ടാവുള്ളു. എന്റെ പണി മിക്കവാറും നാളെ പോകും. ഇനി ഇപ്പോൾ പോയാലും എനിക്ക് പുല്ലാ. ഹല്ല പിന്നെ..” ചേച്ചി നിന്ന് ഉറഞ്ഞു തുള്ളി.

“എന്താ ചേച്ചി. കാര്യം പറ. എന്താ ഉണ്ടായേ.? എന്താണേലും നമുക്കു തീരുമാനം ആക്കാമെന്നേ.” നൈത്ര്  കാര്യം തിരക്കി.

“ഡാ.. ഞാൻ ആ കിളവൻ സൂപ്പർവൈസറുടെ ചെകിടത്തു ഒന്ന് സ്ട്രോങ്ങ്‌ ആയി പൊട്ടിച്ചു. അയാളുടെ പല്ല് പോയി കാണും മിക്കവാറും.” ചേച്ചി നിന്ന് കിതച്ചു.

നൈത്ര് കേട്ടപ്പോൾ ഞെട്ടി പോയി.

“തല്ലുകയോ… അതും ഷോപ്പിന്റെ സുപ്പർവൈസറെയോ.? അയാൾ ഷോപ്പിന്റെ മുതലാളിയുടെ അമ്മാവനും കൂടി അല്ലേ.? എന്റെ ദൈവമേ. എന്തിനാ തല്ലിയെ.? നൈത്രിന് കാരണം അറിയാഞ്ഞിട്ടു ഒരു സമാദാനവും ഉണ്ടായില്ല.

“ആ പുതുതായി വന്ന പെൺകുട്ടി ഇല്ലേ.. ചിന്നു. അവളെ അയാൾ ഗോഡൗണിലേക്ക് പുതിയ മോഡൽ സാരിയുടെ വേറെ കളർ എടുത്തു കൊണ്ട് വരാൻ പറഞ്ഞയച്ചു. സ്ഥലം കാണിക്കാൻ എന്നും പറഞ്ഞു ഇയാളും അവളുടെ കൂടെ പോയി.

എന്നിട്ടു ഗോഡൗണിൽ എത്തിയപ്പോൾ ആ ചെന്നായ അവളുടെ കയ്യിൽ കേറി പിടിച്ചെടാ. അവൾ കുട്ടിയല്ലേ. ഞാൻ ആണേൽ തൊട്ടടുത്ത റേക്കിൽ വേറെ ഒരു ചുരിദാർ നോക്കാൻ പോയതായിരുന്നു. അവളുടെ ഒച്ച കേട്ടപ്പോൾ വെറുതെ ഒന്ന് പോയി നോക്കിയതാ. എന്നെ കണ്ടതും അയാൾ കൈ വിടുവിച്ചു. ഒന്നും നോക്കീല.

അപ്പോൾ തന്നെ അയാളുടെ ഇടത്തെ കരണ കുറ്റി നോക്കി ഒന്ന് ആഞ്ഞു പൊട്ടിച്ചു ചോദിച്ചു “നാണം ഉണ്ടോടാ പന്ന കിളവാ.. പേര കുട്ടിയുടെ പ്രായം ഉള്ള കിളുന്ത് പെൺകുട്ടികളോടാണോ തന്റെ കഴപ്പ്..?”
അപ്പോളേക്കും അവൾ എന്റെ കൈ പിടിച്ചു “വേണ്ട ചേച്ചി..മതി” എന്ന് കരഞ്ഞു പറഞ്ഞോണ്ടാ ഞാൻ വിട്ടേ.

എനിക്ക് രണ്ടെണ്ണം കൂടി പൊട്ടിക്കണം എന്നുണ്ടായിരുന്നു. തല്ല് കിട്ടിയതോടെ  ഞങ്ങൾ രണ്ടു പേരെയും അയാളൊന്നു തുറിച്ചു നോക്കി അവിടുന്ന് പോയി. ഇനി ഇതിന്റെ പേരിൽ എന്റെ പണി പോവാണേൽ എനിക്കൊരു കുഴപ്പവുമില്ല. ഞാൻ ചെയ്തത് തന്നെയാണ് ശരി. അതെനിക്കു നന്നായി അറിയാം.

ദിവ്യ ചേച്ചി ആ നിലപാടിൽ ഉറച്ചു നിന്നപ്പോൾ നൈത്ര് അറിയാതെ ഒരു ഷേക്ക്‌ ഹാൻഡ് കൊടുത്തു പോയി.

“പൊളിച്ചു ചേച്ചി. ആ ചെയ്‍തത് തന്നെയാണ് ശരി. ഇതിന്റെ പേരിൽ എന്ത് പ്രശ്നം ഉണ്ടായാലും ഞാൻ ചേച്ചീടെ കൂടെ ഉണ്ടാവും.” നൈത്രിന്റെ വാക്കുകൾ കേട്ടപ്പോൾ ദിവ്യയ്ക്ക് ഒന്നൂടി ധൈര്യം കൂടി. “നീ ഇപ്പോളാണെടാ എന്റെ സ്വന്തം അനിയൻ ആയത് “. നൈത്രിന്റെ തോളിൽ തട്ടി ദിവ്യ പറഞ്ഞു.

ആ സമയത്ത് സൂപ്പർവൈസർ അങ്ങോട്ടു നടന്നു വന്നു. ദിവ്യ ചേച്ചിയെ കണ്ടതും അയാൾ അറിയാതെ ഇടത്തെ കവിളിൽ കൈ വെച്ച് തിരിഞ്ഞു നടന്നു.

പുറത്തേക്കിറങ്ങുമ്പോൾ കാഷ്യർ വിനോദേട്ടൻ ചോദിക്കുന്നത് നൈത്രും ദിവ്യയും കേൾക്കുന്നുണ്ടായിരുന്നു “എന്താ സൂപ്പർവൈസറെ ഇടത്തെ കവിളിൽ ഒരു ചുവന്ന തടിപ്പ് എന്ന്!” അത് കേട്ടപ്പോൾ അവർ പൊട്ടി ചിരിച്ചു.

അന്ന് വൈകിട്ടു ദിവ്യ  ഇറങ്ങാൻ നേരത്തു നൈത്രിനെ അടുത്തേക്ക് വിളിച്ചു ഒരു കവർ എടുത്തു നീട്ടി.

“ഡാ.. നൈത്ര്.. നീ ഇതൊന്നു തുറന്നു നോക്കിയേ. എന്റെ അനിയത്തിക്ക് പിറന്നാളിന് കൊടുക്കാൻ വേണ്ടി ഞാൻ തന്നെ തയ്ച്ചു ഉണ്ടാക്കിയ എംബ്രോയ്ഡറി വർക്കാ. പ്ലെയിൻ ചുരിദാർ ആയിരുന്നു. സംഭവം ഇഷ്ടായാൽ സാരിക്കും ചെയ്യണം. നീ നോക്കീട്ടു അഭിപ്രായം പറ.”

നൈത്ര് അത് തുറന്നു നോക്കിയപ്പോൾ ഒരു കിടിലൻ ഡിസൈൻ ആയിരുന്നു.

“ഇത് ചേച്ചി ചെയ്തതാണോ..? ഒന്നും പറയാൻ ഇല്ലാ. വേറെ ലെവൽ ആയിട്ടുണ്ട്.” നൈത്രിന്റെ ആ ഒരു മറുപടി മാത്രം മതിയായിരുന്നു ദിവ്യ ചേച്ചിയെ സന്തോഷിപ്പിക്കാൻ.

“അതേയ്.. ചേച്ചി ഇത്ര നന്നായി ചെയ്യുക ആണേൽ രണ്ടു മൂന്ന് സ്ത്രീകളെ വെച്ച് തയ്പ്പിച്ചു വേറെ ഷോപ്പിലേക്കു ഒക്കെ ഉണ്ടാക്കി കൊടുത്തൂടെ.

ചേച്ചിക്ക് നല്ല കഴിവുണ്ട്. അത് കണ്ടെത്തി മെല്ലെ മെല്ലെ ഇതൊരു ബിസിനസ്‌ ആക്കണം. എനിക്കുറപ്പാണ് ചേച്ചി ഇതിൽ വിജയിക്കും.” നൈത്രിന്റെ ആ വാക്കുകൾ ഒരു നിമിഷം  ദിവ്യ ചേച്ചിയും ആലോചിച്ചു.

“അതെ.. അതും ശരിയാ അല്ലേ.. ഒന്ന് ശ്രമിച്ചാലോടാ..?” ചേച്ചിക്കും പ്രതീക്ഷ വന്നു.
“ചേച്ചി തുടങ്ങെന്നെ. ഇത് നമ്മൾക്ക് സൂപ്പറാക്കാം. അഡ്വാൻസ് ആയി ഓൾ ദി ബെസ്റ്റ് …” അത്രയും പറഞ്ഞു നൈത്ര് ചേച്ചിക്കു കൈ കൊടുത്തു ആ സായാഹ്നം പിരിഞ്ഞു.

“ഏട്ടാ…ഇതെങ്ങിനെയുണ്ട്..??” രാഗയുടെ പിന്നിൽ നിന്നുള്ള വിളി കേട്ടപ്പോളാണ് നൈത്ര് ഇപ്പോളത്തെ നിമിഷത്തേക്കു തിരിച്ചു വന്നത്.

“നന്നായിട്ടുണ്ട് മോളെ. മോൾക്ക് ചേരും. അമ്മയെ കാണിച്ചു ഇഷ്ടായാൽ എടുത്തോളൂ”. അതും പറഞ്ഞു രാഗയെ തിരിച്ചയാകുമ്പോളേക്കും സുരേഷേട്ടൻ തിരിച്ചു വന്നു.

“ഓ.. സോറിയെടാ…അല്പം വൈകിപോയി. എല്ലാം എടുത്തു കഴിഞ്ഞോ.?”

ഞാൻ പുതിയ കുറച്ചു മോഡൽ കൂടി എടുക്കണോ.? സുരേഷേട്ടൻ ചോദിച്ചു.
“ഹേയ്.. വേണ്ട സുരേഷേട്ടാ.. ദാ.. ഏതാണ്ട് തീർന്നു.” കുറച്ചു കഴിഞ്ഞു എല്ലാ വസ്ത്രങ്ങളും എടുത്തു ബില്ല് അടക്കാൻ നൈത്ര് ഒരുങ്ങി.

“സുരേഷേട്ടാ ബില്ലിങ്ങ് എവിടെയാ.?”

“നീ താഴേക്കു ചെല്ല്. ബില്ലിങ് കൗണ്ടർ അവിടെയാ. മാനേജരെ കണ്ടു എന്റെ കസ്റ്റമറാ എന്ന് പറഞ്ഞാൽ മതി ഡിക്സൗണ്ട് കിട്ടും. ഞാൻ നേരത്തെ താഴെ പോയപ്പോൾ പറഞ്ഞിട്ടുണ്ട് ആളോട്” സുരേഷേട്ടൻ അത്രയും പറഞ്ഞു കെട്ടിപിടിച്ചു.

നിന്നെ ഒരുപാട് വർഷങ്ങൾക്ക് ശേഷം ഈ നല്ല നിലയിൽ കണ്ടതിൽ ഒരുപാട് സന്തോഷമായെടാ. നിനക്ക് എന്നും നല്ലതേ വരു. കൂടെ ആളുടെ നമ്പറും തന്നിട്ടു പറഞ്ഞു  “ഇടയ്ക്കു വിളിക്കണം നീ കേട്ടോ”.

താഴേക്കു ഇറങ്ങുമ്പോൾ സുരേഷേട്ടനോട് രാഗയുടെ കല്യാണം വിളിക്കാൻ നൈത്ര് മറന്നില്ല.

താഴെയെത്തി ബില്ല് അടക്കാൻ നേരത്തു കാഷ്യറെ കണ്ടപ്പോൾ നൈത്ര് അമ്പരന്നു. പഴയ ഷോപ്പിലെ കാഷ്യർ വിനോദേട്ടൻ.

“വിനോദേട്ടാ.. നിങ്ങളും ഉണ്ടോ ഇവിടെ.? മുകളിൽ പോയപ്പോൾ  വിനോദേട്ടൻ ഇവിടെയുള്ള  കാര്യമൊന്നും സുരേഷേട്ടൻ പറഞ്ഞില്ലല്ലോ.” നൈത്ര് ശരിക്കും അമ്പരന്നു.

“ഹ..ഹ.. നിന്റെ ബില്ല് നേരത്തെ അടച്ചല്ലോ നൈത്ര്..” കോംമ്പ്ലിമെന്റ് ഗിഫ്റ്റും വാങ്ങി സന്തോഷമായി പൊയ്ക്കോ.

“ഏഹ്.. ബില്ല് അടച്ചോ.. ആര്…?? അതും പത്തു ഇരുപതിനായിരത്തിനു അടുത്ത് ബില്ലുണ്ട്.”
നൈത്ര് ആകെ അന്താളിച്ചു.

അപ്പോൾ അവിടേക്കു ആ ഷോപ്പിന്റെ മാനേജർ ചിരിച്ചു കൊണ്ടു നടന്നു വന്നു. അത് മറ്റാരും ആയിരുന്നില്ല. ദിവ്യ ചേച്ചി ആയിരുന്നു.

നൈത്രിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.
“ചേച്ചീ…. ഈ ഷോപ്പിന്റെ മാനേജരോ..?” നൈത്ര് നീട്ടി വിളിച്ചു ചോദിച്ചു.

“നൈത്ര്… ഈ ഷോപ്പിന്റെ മാത്രം അല്ലേടാ. ഈ കട മൊത്തം എന്റെയാണ്. നിന്റെ വാക്കുകൾ ആണ് എന്നെ ഇന്ന് ഇവിടെ എത്തിച്ചത്. പതിനഞ്ചു വർഷം കൊണ്ടു ഞാൻ ഉണ്ടാക്കിയ എന്റെ അധ്വാനത്തിന്റെ ഫലം. അന്ന് നമ്മൾ പറഞ്ഞ ചെറിയ ബിസിനസ്സിൽ തുടങ്ങി ഇന്നിവിടെ വരെയെത്തി. വർക്ക്‌ നന്നായപ്പോൾ ഡിമാൻഡ് കൂടി. അപ്പോൾ ഓർഡറും കൂടി.

അങ്ങിനെ പച്ച പിടിച്ചു ഇന്നിവിടെ വരെ എത്തി. എന്റെ വിജയത്തിന്റെ പിന്നിൽ അനിയനായ നീയല്ലേ. അപ്പോൾ നിന്റെ  ഈ അനിയത്തി എന്റെയും അനിയത്തിയല്ലേ. കിടക്കട്ടെടാ എന്റെ വക എന്റെ ഈ അനിയത്തിക്കൊരു കല്യാണ സമ്മാനം.

ആ ബില്ല് എന്റെ അക്കൗണ്ടിൽ കിടക്കട്ടെ. എന്റെ ഒരു സന്തോഷത്തിന്. പോയി അവളുടെ കല്യാണമൊക്കെ അടിച്ചു പൊളിക്കെടാ. പിന്നെ എന്നെ നീ ഇത് വരെ ക്ഷണിച്ചില്ല കേട്ടോ. എന്നെ മാത്രമല്ല ദാ ഈ ഇരിക്കുന്ന എന്റെ കെട്ട്യോനെയും കൂടി. ചേച്ചി കണ്ണ് കൊണ്ടു വിനോദേട്ടനെ കാണിച്ചു കൊണ്ടു പറഞ്ഞു.

“ചേച്ചി വിനോദേട്ടനെ കല്യാണം കഴിച്ചോ..?? എനിക്ക് ഇപ്പോളാ ശരിക്കും സന്തോഷമായേ. എന്നാലും നമ്മുടെ അനിയത്തിയുടെ കല്യാണത്തിന് സ്പെഷ്യൽ ക്ഷണം വേണോ ചേച്ചി.? എന്നിരുന്നാലും രണ്ടാളും തീർച്ചയായും തലേ ദിവസം തന്നെ വരണം…”

അത്രയും പറഞ്ഞു പാക്ക് ചെയ്ത വസ്ത്രങ്ങളുടെ കവറുകളുമായി അവിടുന്ന് യാത്ര പറഞ്ഞു പുറത്തിറങ്ങുമ്പോളും നൈത്രിന്റെ കണ്ണുകൾ  നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *