(രചന: Rivin Lal)
കോഴിക്കോട് നിന്നും അർദ്ധ രാത്രിയിലെ ഒരു ബാംഗ്ലൂർ യാത്രക്കിടയിലാണ് അവളെ ഞാൻ പരിചയപെടുന്നത്. എന്റെ തൊട്ടടുത്ത സീറ്റിൽ ആയിരുന്നു അവൾ റിസേർവ് ചെയ്തു ഇരുന്നത്.
ബസ്സ് നീങ്ങി തുടങ്ങിയിട്ടും ആദ്യമൊക്കെ രണ്ടു പേരും കുറെ നേരം മിണ്ടാതെ ഇരുന്നെകിലും പിന്നീട് എപ്പോളോ ഞങ്ങൾ സംസാരിച്ചു തുടങ്ങി.
“ബാംഗ്ലൂരിൽ എന്ത് ചെയുന്നു..? ഞാൻ ചോദിച്ചു.
“ഞാൻ BAMS അവസാന വർഷമാണ്. മോഡൽ എക്സാമിന് പോകുകയാണെന്ന് അവൾ മറുപടി പറഞ്ഞു.”
അവളുടെ പതിയെ ഉള്ള സംസാരത്തിലെ ആ ഭംഗിയുള്ള ചിരി എന്നെ അവളിലേക്ക് കൂടുതൽ അടുപ്പിക്കുന്നതായി എനിക്ക് തോന്നി
വീട്ടിൽ ആരൊക്കെയുണ്ട്..? ഞാൻ വീണ്ടും ചോദിച്ചു.
“പേരെന്റ്സും ഞാനും മാത്രം.” ഓഹോ.. ഒറ്റ മോളാണോ.?? ഞാൻ അതിശയത്തോടെ ചോദിച്ചു. അതെ.. എന്ന് അവൾ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
പേര് ചോദിക്കാൻ വിട്ടു, ഞാൻ ചോദിച്ചു.
“അമേയ. ചാരു എന്ന് വീട്ടിൽ വിളിക്കും. അവൾ മറുപടി പറഞ്ഞു.”
ചാരു കഥകൾ ഒക്കെ വായിക്കുമോ.?? എന്റെ ചോദ്യത്തിന് അവൾ ആദ്യം ഒന്ന് മടിച്ചു ഇരുന്നു.പിന്നെ ഒരു നിമിഷം ഓർത്തിട്ടു.. അതെ.. നല്ല നോവെൽസ് ഒക്കെ വായിക്കാറുണ്ട് എന്ന് അവൾ മറുപടി പറഞ്ഞു.
ഞാൻ എഴുതിയ കഥകൾ വായിച്ചിട്ടുണ്ടോ.??
“ഓഹ്.!! ചേട്ടൻ കഥകൾ ഒക്കെ എഴുതുമോ.?? കഥാകൃത്താണോ.??” പെട്ടെന്ന് എനിക്ക് ചിരി വന്നു.
“ഹേയ്. അങ്ങിനെയൊന്നുമില്ല.ചെറുതായി ഇടക്കൊക്കെ ഓരോന്ന് മനസ്സിൽ തോന്നുന്നതൊക്കെ കുത്തി കുറിച്ചിടും.
ചിലതൊക്കെ മാഗസീനിലും ഗ്രൂപ്പിലും ഒക്കെ പബ്ലിഷ് ചെയ്തിട്ടുണ്ട്. പിന്നെ ചില ഷോർട് ഫിലിംസ്നും കഥ എഴുതിട്ടുണ്ട്. അങ്ങിനെയൊക്കെയേ ഉള്ളൂ.” ഞാൻ മറുപടി പറഞ്ഞു.
“അമ്മോ.. അപ്പോൾ ചേട്ടൻ ആള് വിചാരിച്ച മാതിരി അല്ലല്ലേ.” അവൾ ആശ്ചര്യത്തോടെ പറഞ്ഞു.
“ഹേയ്.. അങ്ങിനെ ഒന്നുമില്ലെന്നേനെ. ഇതിലും വലുതൊക്കെ ചെയ്യുന്ന എത്രയോ ആളുകൾ ഉണ്ട്. അവരുടെ മുൻപിൽ ഒക്കെ നമ്മൾ ചെറുതാണ്. ഞാൻ മറുപടിയായി പറഞ്ഞു.
അവൾ ചിരിക്കുക മാത്രം ചെയ്തു മറുപടി ആയിട്ടു. പറഞ്ഞു.അതൊക്കെ പോട്ടെ .. ചേട്ടൻ എന്ത് ചെയുന്നു..??
എനിക്ക് വിദേശത്താണ് ജോലി. കുറച്ചു നാളുകൾ കൂടി ഉണ്ടാവുള്ളു നാട്ടിൽ.. ലീവ് കഴിഞ്ഞു ഗൾഫിലേക്കു തിരിച്ചു പോണം.. ബാംഗ്ലൂർ എന്റെ പഴയ സുഹൃത്തുക്കളെ കാണാൻ പോവാണ്..
ഓഹോ. അങ്ങിനെയാണോ..?? എന്നിട്ട് കഥകൾ ഒക്കെ എവിടെ ..?? കാണിച്ചു തന്നില്ലല്ലോ അവൾ ചോദിച്ചു.
ഞാൻ അവളുടെ ഫേസ്ബുക് ഐഡി ചോദിച്ചു.. എന്നിട്ട് ഞാൻ എഴുതിയ കഥകളുടെ ലിങ്ക് എല്ലാം അയച്ചു കൊടുത്തു.
“സമയം കിട്ടുമ്പോൾ വായിച്ചോളാം എന്ന് അവൾ മറുപടി പറഞ്ഞു.” അങ്ങിനെയാവട്ടെ എന്ന് ഞാനും മറുപടി പറഞ്ഞു.
പിന്നെയും ഓരോന്നും മിണ്ടിയും പറഞ്ഞും സമയം പോക്കി രണ്ടു പേരും എപ്പോളോ ഉറങ്ങി തുടങ്ങി..
പുറത്തു നല്ല ഇരുട്ട്.. ഞങ്ങളുടെ സ്കാനിയ എസി ബസ്സ് ഇതൊന്നും കേൾക്കാതെ വയനാടൻ തണുത്ത കാടുകൾക്കിടയിലൂടെ കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു..
ഒരു സടൻ ബ്രേക്കിന്റെ ശബ്ദം കേട്ടപ്പോളാണ് ഞാൻ ഞെട്ടി ഉണർന്നത്.. നോക്കിയപ്പോൾ ഒരു കാർ ബസിനെ ഓവർ ടേക്ക് ചെയുമ്പോൾ ഡിവൈഡറിൽ നിന്നും വെട്ടിക്കാൻ ബ്രേക്ക് ചവിട്ടിയ ശബ്ദമാണ്..
ഭാഗ്യം.. ആർക്കും ഒന്നും പറ്റീല.. ഞാൻ വാച്ചിൽ സമയം നോക്കി. 7.10 am.. ബസ് മൈസൂർ എപ്പോളോ കഴിഞ്ഞിരിക്കുന്നു. ഇനിയും കുറച്ചൂടി ഓടാൻ ഉണ്ട്..
ഞാൻ നോക്കിയപ്പോൾ ചാരു എപ്പോളോ ഉണർന്നിരിക്കുന്നു.. അവൾ ചിരിച്ചു കൊണ്ടൊരു ഗുഡ് മോർണിങ് പറഞ്ഞു എന്നോട്. ഞാൻ തിരിച്ചും..
നന്നായി ഉറങ്ങിയോ..?? അവൾ ചോദിച്ചു..
അതെ. ഞാൻ മറുപടി പറഞ്ഞു. ഞാനും.. അവൾ പറഞ്ഞു..
ബസ് വീണ്ടും ഓടി കൊണ്ടിരുന്നു.ഞങ്ങൾ പുറത്തെ കാഴ്ചകൾ കണ്ട് കുറെ നേരം മിണ്ടാതെ ഇരുന്നു. ബസ്സ് ബാംഗ്ലൂർ നഗരത്തിലേക്കു കയറി തുടങ്ങി.
ഇറങ്ങാൻ ഉള്ള ഒരുക്കങ്ങളിലേക്കു എല്ലാരും കടന്നു.
അവൾ മുടി ചീകി. ഹെഡ് ഫോണും പഴ്സും എല്ലാം ബാഗിലിട്ട് ഇറങ്ങാൻ റെഡി ആയി ഇരുന്നു.
എന്നിട്ട് എന്നോട് പറഞ്ഞു.. കഥകൾ എല്ലാം ഞാൻ വായിച്ചു കേട്ടോ.. നന്നായിട്ടുണ്ട്. ഇനിയും എഴുതണം. പിന്നെ എന്നേലും എവിടെ വെച്ചേലും കാണാം. പരിചയപ്പെട്ടതിൽ സന്തോഷം.. ശരി.. ബൈ .. ബസ് നിർത്തി.. അവൾ ഇറങ്ങി..
തിരിച്ചു ബൈ പറഞ്ഞു ഞാൻ ഇറങ്ങുമ്പോളും അവളുടെ മായാത്ത ചിരി എന്റെ മനസ്സിൽ തങ്ങി നിന്നു..!!! അന്നത്തോടെ എല്ലാം തീർന്നു പിരിഞ്ഞെന്നു ഞാൻ കരുതി..
പക്ഷെ. ലീവ് കഴിഞ്ഞു ഞാൻ വിദേശത്തേക്കു പറന്നതോടെ ഫേസ് ബുക്കിൽ നിന്നും വാട്സ് ആപ്പിലേകും പിന്നെ ചാറ്റുകൾ കോളിലേക്കുമായി ആ സൗഹൃദം വീണ്ടും വളർന്നു. 4 മാസം കൊണ്ട് അതൊരു പിരിയാൻ പറ്റാത്ത സൗഹൃദം അയി മാറി..
ഒരു ദിവസം അവൾ വിളിച്ചു വിഷമത്തോടെ പറഞ്ഞു
“ചേട്ടാ.. അച്ഛൻ ഹോസ്പ്പിറ്റലിൽ ആണ്. പെട്ടെന്നൊരു കാർഡിയാക് അറെസ്റ്. മൂന്നാമത്തെയാണ്.. ഐസിയു വിലാണ്.. അവൾ കരഞ്ഞു തുടങ്ങി ഫോണിലൂടെ.
ഞാൻ അവളെ ഓരോന്ന് പറഞ്ഞു സമാദാനിപ്പിച്ചു
അടുത്ത രണ്ടു ദിവസം അവൾ വല്ലാതെ വിഷമത്തിലായി.
എന്നാൽ മൂന്നാം നാൾ അവൾ എന്നെ വിളിച്ചു പറഞ്ഞു.. ചേട്ടാ.. അച്ഛൻ പോയി. അത് പറഞ്ഞു തീർന്നതും അവളുടെ പൊട്ടി കരച്ചിൽ ആയിരുന്നു ഞാൻ കേട്ടത്.. ഇനി എനിക്ക് അമ്മ മാത്രമേ ഉള്ളു ചേട്ടാ. അവൾക്കു സങ്കടം പിടിച്ചു നിൽക്കാൻ പറ്റണില്ല.
അവളെ അപ്പോൾ ഒന്നു ചേർത്തു പിടിച്ചു,”നിനക്ക് ഞാനുണ്ട് മോളേ കൂടെ എന്നും” എന്ന് പറയണമെന്നു എന്റെ മനസ് വിതുമ്പി.
അവൾ പിന്നെ ഒന്നും സംസാരിക്കാതെ ഫോൺ കട്ട് ചെയ്തു..
ദിവസങ്ങൾ കടന്നു പോയി. പിന്നെ അവൾ പഴയ പോലെ മിണ്ടാതായി. സംസാരം കുറഞ്ഞു. വിളിച്ചപ്പോൾ അവസാന വർഷത്തെ മെയിൻ എക്സാം എഴുതാനുള്ള ഒരു ലക്ഷം രൂപക്കു മുകളിലുള്ള ഫീ അടക്കാൻ ഉള്ള കാശില്ല. അത് കൊണ്ട് പഠിത്തം നിർത്തുകയാണെന്നു പറഞ്ഞു.
കൂടെ അച്ഛന്റെയും അമ്മയുടെയും ലവ് മാരേജ് ആയതു കൊണ്ട് വർഷം 20 ആയിട്ടും കുടുംബക്കാർ ആരുമില്ല സഹായിക്കാൻ.അത് കൊണ്ട് ഇപ്പോൾ ഉള്ള വാടക വീട് കൂടി മാറി ഒരു ചെറിയ വാടക ഉള്ള വീട്ടിലേക്കു മാറണം എന്ന് അവൾ വിഷമത്തോടെ പറഞ്ഞു.
ഒരൊറ്റ സെമസ്റ്ററല്ലേ മോളേ. അത് കൂടി കഴിഞ്ഞാൽ നീ ഡോക്ടർ ആയില്ലേ.?? നിന്റെ എല്ലാ പ്രശ്നവും അതോടെ തീരും. ഞാൻ സമാദാനിപ്പിച്ചു.
ഇല്ല ചേട്ടാ.. ഞാൻ എങ്ങിനെയാ ഇനി ജീവിക്കുക ?? അമ്മയാണേൽ ദിവസവും ഓരോ അസുഖം ആയി വരുന്നു. എനിക്കൊരു ബാക്ക് സപ്പോർട്ടിന് ആരുമില്ല. എന്നെ ഒന്ന് മനസ്സിലാക്കു ചേട്ടാ. അവൾ വീണ്ടും കരയാൻ തുടങ്ങി.
അന്ന് മുഴുവൻ ഞാൻ ഒരുപാട് ആലോചിച്ചു. എന്നിട്ടൊരു തീരുമാനം എടുത്തു. അങ്ങിനെ ആദ്യം അവൾ വിസമ്മദിച്ചെങ്കിലും അവളുടെ എക്സാം ഫീ ഞാൻ അടച്ചു അവളുടെ ആഗ്രഹം പോലെ അവളെ ഒരു ഡോക്ടർ ആക്കി.
മാസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു. എനിക്ക് തരാൻ ഉള്ള പണം അവൾ ജോലി ചെയ്തു കുറച്ചു കുറച്ചായി വീട്ടി കൊണ്ടിരുന്നു.
ജോലി ചെയ്തു ഒരു വർഷം കൂടി കഴിഞ്ഞതോടെ അവൾക്കു വിവാഹ ആലോചനകൾ വന്നു തുടങ്ങി. നല്ലൊരു ആലോചന വന്നപ്പോൾ അവളോട് ഞാൻ സമ്മദം മൂളാൻ പറഞ്ഞു.
അവൾ മനസില്ലാ മനസോടെ സമ്മദം മൂളി.
ചില ഇഷ്ടങ്ങൾ നമ്മൾ മനസ്സിൽ എന്നന്നേക്കുമായി കുഴിച്ചു മൂടണം എന്ന് എന്റെ മനസ് പറഞ്ഞു. അങ്ങിനെ ഇനി അവളുടെ വിവാഹത്തിന് കാണാം എന്നും പറഞ്ഞു, ഒരുപാട് രണ്ടു പേർക്കും പറയാൻ ഉണ്ടായിട്ടും ഒന്നും പറയാതെ ഞങ്ങൾ വീണ്ടും പിരിഞ്ഞു.
വിധി പിന്നെയും അവളുടെ പിന്നാലെ തന്നെ ആയിരുന്നു. വിവാഹ കത്ത് കൊടുക്കാൻ കൂട്ടുകാരിയുടെ കാറിൽ കൂടെ പോകുമ്പോൾ ഒരു ആക്സിഡന്റിൽ പെട്ടു. അതിൽ അവളുടെ മുട്ടിനു താഴോട്ടു തളർന്നു പോയി.
അത് വരെ നേടിയതെല്ലാം വീണ്ടും ദൈവം എടുത്തോ എന്ന് അവൾക്ക് തോന്നിയ നിമിഷങ്ങൾ. ഇതറിഞ്ഞതോടെ കെട്ടാൻ വന്ന ചെക്കൻ പിന്മാറി. കാലിനു സ്വാധീനം ഇല്ലാത്ത പെണ്ണിനെ എനിക്ക് വേണ്ടെന്നു പറഞ്ഞു. വിവാഹത്തിന് ഇനി രണ്ടു ആഴ്ചകൾ കൂടി ഉള്ളൂ. വീണ്ടും ദൈവം എനിക്ക് ഊഴം തന്നു.
അവളുടെ അമ്മയോടായി ഞാൻ പറഞ്ഞു. ജാതിയോ ജാതകമോ സ്ത്രീധനമോ ഒന്നും നോക്കാതെ ഇവളെ എനിക്ക് തന്നൂടെ.?? ജീവിത കാലം മുഴുവൻ ഒരു കുറവും വരുത്താതെ പൊന്നു പോലെ നോക്കിക്കൊളളാം ഞാൻ.
അത് കേട്ടതും അവളുടെ അമ്മയുടെ കണ്ണ് നിറഞ്ഞു ഒഴുകാൻ തുടങ്ങി. അവൾ എന്നെ നിസ്സഹായത്തോടെ നോക്കുക മാത്രം ചെയ്തു സങ്കടത്തോടെ തല കുനിച്ചിരുന്നു.
നിശ്ചയിച്ച അതെ മുഹൂർത്തത്തിൽ കല്യാണം.
എല്ലാരുടെയും അനുഗ്രത്തോടെ അവളുടെ കഴുത്തിൽ ആദ്യം നിശ്ചയിച്ചിരുന്ന അതെ മുഹൂർത്തത്തിൽ ഞാൻ താലി കെട്ടി..
ഇരുന്ന് മാല കൂടി ഇട്ടു കഴിഞ്ഞപ്പോൾ നമ്പൂതിരി പറഞ്ഞു., ഇനി രണ്ടാളും കൂടി മൂന്ന് വട്ടം കൈ പിടിച്ചു വലം വെക്കണം. ഇത് കേട്ടതും എല്ലാരും അന്താളിച്ചു നിന്നു. നടക്കാൻ കഴിയാത്ത കുട്ടി എങ്ങിനെ. അവളുടെ മുഖം വാടാൻ തുടങ്ങി.
ഞാൻ ആദ്യം ഒന്ന് അവളുടെ മുഖത്തേക്കു നോക്കി, എന്നിട്ടു ചിരിച്ചു കൊണ്ട് എന്റെ കസവു മുണ്ട് മടക്കി കുത്തി എന്റെ രണ്ടു കൈ കൊണ്ടും അവളെയങ്ങു കോരി എടുത്തു. എന്നിട്ട് മണ്ഡപത്തിനു ചുറ്റും വലം വെച്ച് തുടങ്ങി…
ഒന്ന് ……. രണ്ട്…….മൂന്നാമത്തെ ചുറ്റൽ മുഴുവൻ ആകുമ്പോളേക്കും എന്റെ കഴുത്തിൽ ചുറ്റി പിടിച്ചിരുന്ന അവളുടെ കൈയുടെ മുറുക്കം കൂടി വരുന്നതും സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പിയ അവളുടെ ആനന്ദ കണ്ണീർ എന്റെ നെഞ്ചിൽ നനയ്ക്കുന്നതും ആ കൊട്ടും കുരവയിലും ഞാൻ അറിയുന്നുണ്ടായിരുന്നു..