കനി
(രചന: Revathy Jayamohan)
“അമ്മേ, കറുത്ത നിറം ഉള്ള പെൺകുട്ടികൾ ഒപ്പനക്ക് മണവാട്ടി ആകാൻ പാടില്ലേ..? “
പന്ത്രണ്ട് വയസുകാരി കനിയുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് കല്യാണി അവളെ അതിശയത്തോടെ നോക്കി .
“എന്താ ന്റെ കുട്ടിക്ക് ഇപ്പോൾ അങ്ങനെ ചോദിക്കാൻ. .? “
ചൂട് ചായ പാത്രത്തിലേക്ക് പകർന്നു കൊണ്ട് കല്യാണി ചോദിച്ചു.
“ഇന്ന് ഒപ്പനക്ക് മണവാട്ടി ആകാൻ ഞാൻ പേര് കൊടുത്തപ്പോൾ ടീച്ചർ എന്നോട് പറഞ്ഞു കനി മണവാട്ടി ആകണ്ട രമ്യ ആകട്ടെ എന്ന്.
അത്പോലെ തന്നെ ഗ്രൂപ്പ് ഡാൻസിൽ മുൻപിൽ നിൽക്കുന്ന കുട്ടികൾ എല്ലാം വെളുത്തിട്ടാ എന്നെ പോലെ നിറം കുറഞ്ഞ എല്ലാവരെയും അവർക്ക് പുറകിലാ നിർത്തിയെ..
അതെന്താ അമ്മേ അങ്ങനെ..? ഞങ്ങൾക്ക് കഴിവ് ഇല്ലാത്തോണ്ട് ആണോ “
കനി നിഷ്കളങ്കമായി തന്റെ മിഴികൾ വിടർത്തി കൊണ്ട് ചോദിച്ചു.
“മോളെ ഓരോരുത്തരുടെയും ശരീരം വത്യസ്തമാണ്. നിറവും ശരീരഘടനയും എല്ലാം വേറെ ആവും അതിന് അർത്ഥം നിനക്ക് കഴിവ് ഇല്ല എന്ന് അല്ല.
കഴിവുകളെ നിശ്ചയിക്കുന്നത് നിന്റെ നിറമോ സൗന്ദര്യമോ അല്ല മറിച് നിന്റെ കഠിനധ്വാനം ആണ്.
ചിലപ്പോൾ ചിലർ നിന്റെ കഴിവ് തിരിച്ചറിയാതെ നിന്നെ മാറ്റി നിർത്തും പക്ഷേ കാലം അവരെ നിനക്ക് മുൻപിൽ എത്തിക്കും അന്ന് നിന്നെ മാറ്റി നിർത്തിയതിൽ അവർക്ക് കുറ്റബോധം തോന്നും.
അല്ലെങ്കിൽ തോന്നിക്കണം അതിലാണ് നിന്റെ വിജയം. നിന്റെ വിജയത്തിലൂടെ വേണം അവർക്ക് മറുപടി നൽകാൻ.
നിന്റെ കഴിവുകളിൽ ആര് വിശ്വസിച്ചില്ലെങ്കിലും നീ വിശ്വസിക്കണം.
നമ്മുടെ സൗന്ദര്യം എപ്പോ വേണമെങ്കിലും നഷ്ടം ആകാവുന്ന ഒന്നാണ് പക്ഷേ കഴിവ് അതിനെ ആർക്കും നശിപ്പിക്കാൻ ആവില്ല.. “
കല്യാണി കനിയേ ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു..
“ഇനി നമ്മുടെ ചീഫ് ഗസ്റ്റ് ആയ നടിയും നർത്തകിയും മോഡലും അതിൽ ഉപരി ഈ സ്കൂളിലെ പൂർവവിദ്യാർത്ഥിനിയും ആയ മിസ്സ് കനി യെ രണ്ട് വാക്ക് സംസാരിക്കാൻ ആയി ക്ഷണിക്കുന്നു.. “
ഒരു ടീച്ചർ മൈക്കിലൂടെ അത് പറഞ്ഞതും സ്റ്റേജിൽ ഇരുന്ന കനി എഴുന്നേറ്റ് മൈക്ക് ന്റെ അരികിലേക്ക് നടന്നു..
അവൾ മൈക്ക് ന്റെ മുൻപിൽ നിന്നപ്പോൾ തന്നെ ആർപ്പ് വിളികളും കൈയടിയും ആയി സദസ്സിൽ ഇരുന്നവർ അവളെ സ്വീകരിച്ചു…
“എല്ലാവർക്കും നമസ്കാരം, ആദ്യം തന്നെ നിങ്ങൾ എന്നോട് കാണിക്കുന്ന സ്നേഹത്തിന് ഞാൻ നന്ദി പറയുന്നു.
സത്യത്തിൽ ഈ സ്നേഹത്തിനും ആദരവിനും എല്ലാം അവകാശി എന്റെ അമ്മ ആണ്.
ഒരിക്കൽ സ്വന്തം നിറത്തിന്റെ പേരിൽ ഞാൻ മാറ്റി നിർത്തപ്പെട്ടപ്പോൾ എന്റെ അമ്മയാണ് എന്നെ ചേർത്ത് നിർത്തി എന്റെ സ്വപ്നങ്ങളെ നേടാൻ ഉള്ള ധൈര്യം നൽകിയത്..
അമ്മ എനിക്ക് പറഞ്ഞ് തന്ന കാര്യം ഞാൻ ഇന്ന് നിങ്ങളുമായി പങ്ക് വെക്കാൻ ആഗ്രഹിക്കുന്നു. ഒരാളുടെ കഴിവ് അയാളുടെ സൗന്ദര്യത്തെ ആശ്രയിച്ചു അല്ല.
ഞാൻ ഉൾപ്പടെ പലരും ബോഡി ക്ഷമിങ് ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട് . സ്കൂളിൽ പഠിക്കുമ്പോൾ നിറം കുറവായത് കാരണം ഒപ്പനയിൽ മണവാട്ടി ആകാൻ ആവാതെ കരഞ്ഞൊരു കനി ഉണ്ടായിരുന്നു.
എന്റെ അധ്യാപിക പോലും അന്ന് എന്നോട് പറഞ്ഞത് നിറം കുറവുള്ള ആളെ മണവാട്ടി ആക്കാൻ ആവില്ല എന്നാണ്.
ഗ്രൂപ്പ് ഡാൻസിൽ പോലും ആ കാരണം കൊണ്ട് അധികം ആരും ശ്രദ്ധിക്കാത്ത രീതിയിൽ എന്നെ പുറകിൽ നിർത്തിയിട്ടുണ്ട്.
നിങ്ങളെ കളിയാക്കുന്നവർക്ക് നൽകാവുന്ന ഏറ്റവും നല്ല മറുപടി നിങ്ങളുടെ വിജയങ്ങൾ തന്നെ ആണ്..
അന്ന് എന്നെ നിറത്തിന്റെ പേരിൽ മാറ്റി നിർത്തിയ പലർക്കും ഞാൻ മറുപടി നൽകിയത് എന്റെ വിജയത്തിലൂടെ ആണ്..
നമുക്ക് കഴിവ് ഉണ്ടെങ്കിൽ നിറമോ ശരീരഘടനയോ ഒരു മാനദണ്ഡം ആവില്ല.. നിങ്ങൾ നിങ്ങളുടെ കഴിവിൽ വിശ്വസിച്ചു മുൻപോട്ട് പോകു… “
കനിയുടെ വാക്കുകളെ സദസ്സിൽ ഇരുന്നവർ വല്യ കയ്യടിയോടെ ആണ് സ്വീകരിച്ചത് അപ്പോൾ അവർക്ക് ഇടയിൽ അഭിമാനത്തോടെ കല്യാണിയും ഉണ്ടായിരുന്നു.
ഒപ്പം അന്ന് അവളെ മാറ്റിനിർത്തിയതിൽ കുറ്റബോധത്തോടെ തലകുനിച്ചു കൊണ്ടവളുടെ അധ്യാപികയും ഉണ്ടായിരുന്നു.