അച്ഛൻ എന്ന മഹാത്ഭുതം
(രചന: Revathy Jayamohan)
”മോഹനാ, പറയുന്നത് കൊണ്ടൊന്നും തോന്നരുത്. നിന്റെ മോളെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ..”
”എന്താ സുധാകരാ നീ ഇപ്പോൾ ഇങ്ങനെ പറയാൻ ?” അല്പം സംശയത്തോടെ മോഹൻ ചോദിച്ചു.
”അത് .. നിന്റെ മോളെ ഈ ഇടയായിട്ടു ഫേസ്ബുക്കിൽ ഒരുപാട് നേരം കാണുന്നുണ്ട് അത്രേ… അത്കൊണ്ട് നീ അവളെ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.”
സുധാകരൻ പറഞ്ഞു നിർത്തിയപ്പോൾ മോഹൻ പൊട്ടിച്ചിരിക്കുന്നത് കണ്ട് അയാൾ അമ്പരന്നു.ആരെങ്കിലും ഇങ്ങനെ ഒക്കെ കേട്ടാൽ ചിരിക്കുമോ ?
”എന്തിനാടോ താൻ ഇങ്ങനെ ചിരിക്കുന്നേ?
സുധാകരൻ അമ്പരപ്പ് വിട്ടു മാറാതെ ചോദിച്ചു.
”ചിരിക്കാതെ ഞാൻ പിന്നെ എന്താടോ വേണ്ടത് ? അവധികാലത്ത് കുട്ടികൾ ഫേസ്ബുക്ക് ഒകെ കൂടുതൽ ഉപയോഗിക്കുന്നത് സാധാരണ അല്ലേ, അതിൽ എന്താടോ ഇത്ര സംശയിക്കാൻ ഉള്ളത്?”
അത് കേട്ടപ്പോൾ സുധാകരൻ വീണ്ടും മോഹന് മുൻപിൽ തെളുവുകൾ നിരത്തി കൊണ്ട് പറഞ്ഞു.
” ഹമ്മ് താൻ ചിരിച്ചോ.. തന്റെ മോള് എഴുതുന്നതിൽ മൊത്തം പ്രണയമേ ഒള്ളു. താൻ അത് ശ്രദ്ധിച്ചിട്ടുണ്ടോ?”
ഇത്തവണയും മാറ്റം ഒന്നും കൂടാതെ മോഹൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
”ഈ പ്രായത്തിൽ അല്ലാതെ നമ്മളെ പോലെ വയസായിട്ടാണോടോ പ്രണയത്തെ കുറിച്ചു എഴുതേണ്ടത്,
പിന്നെ താൻ അവളുടെ എഴുത്തുകൾ വായിച്ചിട്ടുണ്ടോ? ഒറ്റ നോട്ടത്തിൽ അതിൽ പ്രണയമേ കാണൂ..
പക്ഷെ ഒന്ന് ആലോചിച്ചു നോക്കിയാൽ തനിക്ക് മനസിലാകും പ്രണയത്തേക്കാൾ പ്രാധാന്യത്തോടെ അവൾ എഴുതിയിരിക്കുന്നത് മറ്റു പലതും ആണെന്ന്..”
ഇത്തവണ ഇതിനെ എതിർക്കാൻ യാതൊന്നും തന്നെ സുധാകരന്റെ കയ്യിൽ ഇല്ലായിരുന്നു.
”പിന്നെ സുധാകരാ നിന്നോട് ആരാ ഇതൊക്കെ പറഞ്ഞെന്നു എനിക്ക് അറിയാം,നിന്റെ മകൻ അല്ലേ ? നീ ഇത്രയൊക്കെ എന്റെ മകളെ കുറിച്ചു പറഞ്ഞത് കൊണ്ട് ഞാൻ ഒരു കാര്യം തിരിച്ചു പറയുവാ..”
അല്പം സംശയത്തോടെ സുധാകരൻ മോഹന്റെ മുഖത്തു നോക്കി.
”എന്താടോ ?”
”തന്റെ മകനോട് പറയണം എന്റെ മകളുടെ ഡ്രസ്സ്ന്റെ നിറം അനേഷിക്കണ്ടാന്നു , അതുകൊണ്ടാ അവൾ അവനെ ബ്ലോക്ക് ചെയ്തത് എന്നുകൂടി പറയണം.
തന്റെ മകനെ എന്റെ മോള് ഒരു ചേട്ടനായിട്ടാ കണ്ടത്, പക്ഷെ തന്റെ മകന് തിരിച്ചു അവളെ പെങ്ങളായി കാണാൻ പറ്റിയില്ലെങ്കിലും അവളെ കുറിച്ചു അപവാദം പറയരുത് എന്ന് പറയണം…. എന്നാൽ ശരി നേരം വൈകി ഞാൻ പോകട്ടെടോ..”
ഇത്രയും പറഞ്ഞു മോഹൻ നടന്നു നീങ്ങിയപ്പോൾ സുധാകരന് ഒന്നും പറയാൻ സാധിച്ചില്ല. അപമാനഭാരതിനാൽ അയാൾക്കു തല കുനിച്ചു നിൽക്കേണ്ടി വന്നു.
അച്ഛൻ വഴിയിൽ വച്ച് സുധാകരനെ കണ്ടതും സംസാരിച്ചതും ഒക്കെ അമ്മയോട് പറയുന്നത് കേട്ടാണ് അമ്മു അവരുടെ മുറിയുടെ അടുത്തേക് ചെന്നത്.
അച്ഛൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ സത്യത്തിൽ അമ്മുന്റെ കണ്ണുകൾ നിറഞ്ഞു.
ഒരിക്കൽ പോലും അവളുടെ ഒരു എഴുത്ത് പോലും അച്ഛൻ വായിക്കുന്നത് അവൾ കണ്ടിട്ടില്ല ,അവൾ അങ്ങോട്ട് കൊണ്ട് കൊടുത്താലും അച്ഛൻ വായിക്കാൻ മെനക്കെടാറില്ല.
ആ അച്ഛൻ ആണ് മറ്റൊരാളോട് തന്റെ എഴുത്തിനെ കുറിച്ചു വിസ്തരിച്ചു പറഞ്ഞത് എന്ന് ഓർത്തപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഓര്മ വച്ച കാലം മുതൽ ഗൗരവത്തോടെ മാത്രേ അച്ഛനെ കണ്ടിട്ടുള്ളു ,
ഒരിക്കൽ പോലും തന്നെ അച്ഛൻ മനസിലാക്കിയിട്ടില്ലെന്നു ഓർത്തു ഒരുപാട് കരഞ്ഞിട്ടുണ്ട്..
ഇപ്പോഴാണ് മനസിലായത് അമ്മയോട് ചോദിച്ചും അല്ലാതെയും അച്ഛൻ തന്നെ നന്നായി അറിയുന്നുണ്ടായിരുന്നു എന്ന്.
ആദ്യമായി കണ്ണീരിനൊപ്പം ഒരു പുഞ്ചിരിയും അവളുടെ മുഖത്തു തെളിഞ്ഞു.
(അച്ഛന്റെ സ്നേഹത്തിനു പകരം വക്കാൻ ഈ ലോകത് ഒന്നും തന്നെ ഇല്ല.പലപ്പോഴും അച്ഛൻ നമ്മുടെ മുൻപിൽ ഗൗരവത്തോടെ നൽകുമ്പോൾ..
നമ്മൾ തെറ്റിദ്ധരിക്കാറുണ്ട് അദ്ദേഹം നമ്മളെ മനസിലാകുന്നില്ലാന്നു, പക്ഷെ അത് തെറ്റാണു കാരണം അച്ഛനെക്കാൾ നമ്മളെ അറിയുന്ന ആരും ഈ ഭൂമിയിൽ ഉണ്ടാകില്ല.)