അമ്മയുടെ ഇഷ്ടം ഹരി അങ്കിൾ നിരസിച്ചപ്പോൾ അമ്മക്ക് സങ്കടം ഒന്നും തോന്നില്ലേ, മിഴിടെ ചോദ്യം..

വൈദേഹി
(രചന: Revathy Jayamohan)

“അമ്മയുടെ ഇഷ്ടം ഹരി അങ്കിൾ നിരസിച്ചപ്പോൾ  അമ്മക്ക് സങ്കടം ഒന്നും  തോന്നില്ലേ..? “

മിഴിടെ ചോദ്യം കേട്ട് തുണി വിരിക്കുക ആയിരുന്ന വൈദേഹി അവളെ ഒന്ന് തിരിഞ്ഞു നോക്കി..

“എന്താടോ പഴയ കാര്യം ഒക്കെ ചോദിക്കാൻ…? ” അവസാനത്തെ തുണിയും അഴയിലോട്ട് ഇട്ട് കൊണ്ട് വൈദേഹി ചോദിച്ചു.

“അമ്മടെ പഴയ ഡയറി കണ്ടപ്പോൾ ഒരു കൗതുകത്തിന് ഞാൻ അത് എടുത്ത് വായിച്ചു. അതിൽ അമ്മടെ ഇഷ്ടം ഹരി അങ്കിൾ നിരസിച്ചത് വരെ ഒള്ളു.. ബാക്കി ഇല്ല.. അത്കൊണ്ട് ഞാൻ കരുതി അമ്മയോട് ചോദിക്കാം എന്ന്… “

മിഴി ഒരു കുസൃതി ചിരിയോടെ പറഞ്ഞു.

“മറ്റുള്ളവരുടെ ഡയറി വായിക്കുന്നത് തെറ്റ് അല്ലെടോ..? ” വൈദേഹി അവളുടെ ചെവിക്ക് പിടിച്ചു കൊണ്ട് ചോദിച്ചു..

“ആ… എനിക്ക് നോവുന്നു വിട് അമ്മേ.. എന്നിട്ട് ഞാൻ ചോദിച്ചതിന് മറുപടി പറ… ” മിഴി വൈദേഹിയുടെ പിടുത്തം വിടിച്ചു കൊണ്ട് പറഞ്ഞു.

“എന്താ ഇപ്പോൾ നിനക്ക് അറിയേണ്ടത്…?
വൈദേഹി അവൾക്ക് ഒപ്പം സ്റ്റെപ്പിൽ ഇരുന്ന് കൊണ്ട് ചോദിച്ചു.

“ഹരി അങ്കിൾ ഇഷ്ടം നിരസിച്ചപ്പോൾ അമ്മ വിഷമിച്ചോ എന്ന്…? ” മിഴി വൈദേഹിയുടെ മടിയിലേക്ക് തലവച്ചു കിടന്ന് കൊണ്ട് ചോദിച്ചു.

“അന്ന് സങ്കടം തോന്നിയിരുന്നു.. ഇനി പഠിക്കാൻ പോലും പോകുന്നില്ല എന്നൊക്കെ തീരുമാനിച്ചു കരഞ്ഞു കൊണ്ടാണ് അന്ന് നേരം വെളുപ്പിച്ചത്..

പക്ഷേ പിറ്റേ ദിവസം അമ്മ നല്ല അടിയും തന്നു പഠിക്കാൻ പോകാൻ പറഞ്ഞു, പുള്ളിക്കാരിക്ക് അറിയില്ലല്ലോ നമ്മൾ പ്രണയത്തോൽവി ഏറ്റ് വാങ്ങി ഇരിക്കുവാണെന്ന്..

പിറ്റേന്ന് കണ്ടപ്പോൾ പക്ഷേ പുള്ളി എന്നത്തേയും പോലെ തന്നെ ആയിരുന്നു എല്ലാവരോടും പെരുമാറിയത് വളരെ ഹാപ്പി ആയിട്ട് പക്ഷേ ഞാൻ മാത്രം ഒരു കാരണവും ഇല്ലാതെ എല്ലാവരോടും ദേഷ്യപ്പെട്ടും വഴക്കിട്ടും നടന്നു..

കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഞാൻ സ്വയം മനസിലാക്കി നമ്മളെ വേണ്ടാത്തവർക്ക് വേണ്ടി
നമ്മൾ കരഞ്ഞിട്ട് കാര്യം ഇല്ലെന്ന്.

അത് നമ്മുടെ ജീവിതത്തിലെ മറ്റുള്ള സന്തോഷങ്ങളെ നശിപ്പികുകയേ ഒള്ളു . ആ വാശിക്ക് ഞാൻ പഠിച്ചു നല്ല മാർക്കോടെ പാസ്സ് ആയി…

ചിലപ്പോൾ ഒക്കെ ഞാൻ ഹരിയേട്ടനോട് മനസ്സ് കൊണ്ട് നന്ദി പറയും അന്ന് പുള്ളിക്കാരൻ എന്റെ ഇഷ്ടം സ്വീകരിച്ചിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ അടുക്കളയുടെ നാല് ചുവരിനോട് മാത്രം കിന്നാരം പറയുന്നവൾ ആയേനെ..

ഇപ്പോൾ നിന്റെ അമ്മ നല്ലൊരു ചിത്രകാരി ആയി അറിയപ്പെടാൻ നിന്റെ അച്ഛൻ മാത്രം ആണ് കാരണം.. ഞാൻ പോലും തിരിച്ചറിയാത്ത എന്റെ കഴിവ് എനിക്ക് മനസിലാക്കി തന്നത് അദ്ദേഹം ആണ്..

ചിലർ നമ്മുടെ ഇഷ്ടം സ്വീകരിക്കാത്തത് നമ്മുടെ യോഗ്യത കുറവ് കൊണ്ട് ആകണം എന്നില്ല അവരെക്കാൾ മികച്ച ഒരാളെ നമുക്ക് ലഭിക്കാൻ ആവും… “

പെട്ടെന്ന് ആണ് അടുക്കളയിൽ പാത്രങ്ങൾ മറിഞ്ഞു വീണ ശബ്ദം കേട്ടത്  …

“നീ മാറിയേ… ആ കള്ളി പൂച്ച വീണ്ടും അകത്ത് കേറിന്ന് തോന്നുന്നു… “

മിഴി മടിയിൽ നിന്നും തലപൊക്കിയതും വൈദേഹി നേരെ അടുക്കളയിലേക്ക് പോയി… ഈ സമയം മിഴി കണ്ണാടിയിൽ തന്റെ പ്രതിഭിംബം നോക്കി കൊണ്ട് പറഞ്ഞു..

“എന്റെ യോഗ്യത കുറവ് കൊണ്ട് അല്ല കിച്ചേട്ടാ.. നിങ്ങളെക്കാൾ മികച്ച ഒരാളെ ഞാൻ അർഹിക്കുന്നു.

അവൾ തന്റെ പ്രതിഭിംബം നോക്കി മധുരമായി  പുഞ്ചിരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *