ചെറുപ്പക്കാരിയും വിധവയുമായ ഒരു സ്‌ത്രീ ഒറ്റക്ക് കുടുംബം പോറ്റാൻ പാടുപെടുമ്പോൾ..

തിരിച്ചറിവ്
(രചന: രഞ്ജിത ലിജു)

ഐസിയുവിന്റെ വരാന്തയിലെ സ്റ്റീൽ കസേരകളിലൊന്നിൽ മീര തളർന്നിരുന്നു.നേരം പുലരാൻ ഇനി അധികമില്ല.

പക്ഷെ ഇന്നേരം വരെ അവൾക്കു തന്റെ കണ്പോളകൾ ഒന്നടയ്ക്കാൻ പോലും കഴിഞ്ഞിരുന്നില്ല. തലേന്ന് മക്കളോടൊപ്പം വീട്ടിലേക്കു പോകാൻ അവളുടെ ഭർത്താവ് നിർബന്ധിച്ചതാണ്.

രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സും പറഞ്ഞതാണ് അവരവരുടെ മുറികളിലേക്കു പൊയ്ക്കൊള്ളാനും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാമെന്നും‌. അങ്ങനെ മിക്കവരും മുറികളിലേക്ക്‌ പോയി. പക്ഷെ മീരയ്ക്ക് മാത്രം എന്തോ അതിനു സാധിച്ചില്ല.

വിഷമത്തേക്കാളേറെ കുറ്റബോധമായിരുന്നു  അവളുടെ മനസ്സു നിറയെ.

ഡോക്ടറുമാരും നഴ്സുമാരും കയറിയിറങ്ങുമ്പോൾ തുറക്കുന്ന ഐസിയുവിന്റെ വാതിലിനിടയിൽ കൂടി അകത്തേക്ക് നോക്കാൻ ശ്രമിച്ചെങ്കിലും അതൊക്കെ വിഫലമായി.

ഒടുവിൽ കസേരയിൽ തളർന്നിരുന്ന മീര തന്റെ കയ്യിൽ കരുതിയ ഫ്ലാസ്കിൽ നിന്നും കട്ടൻ കാപ്പി ഗ്ലാസ്സിലേക്ക്‌ പകർന്നു.

കാപ്പി കുടിച്ചു കൊണ്ട് കസേരയിലേക്ക് ചാരിയിരുന്ന അവളുടെ മനസ്സിലൂടെ പഴയ ഓർമ്മകൾ ഒരു ഫ്രെയിമിൽ എന്ന പോലെ തെളിഞ്ഞുവന്നു.

അച്ഛനും അമ്മയും മീരയും അടങ്ങുന്ന ഒരു ചെറിയ കുടുംബം. അച്ഛൻ ഒരു സാദാ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. വളരെ സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു അവരുടേത്.

പക്ഷെ ആ സന്തോഷത്തിന് കുറച്ചു നാളത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. മീരയ്ക്ക് അഞ്ചു വയസുള്ളപ്പോഴാണ് അവളുടെ അച്ഛന്റെ മരണം.രാത്രിയിൽ ഉറങ്ങാൻ കിടന്ന അയാൾ പിന്നെ ഉണർന്നില്ല.

അന്നെന്താണ് സംഭവിച്ചതെന്ന്  കുഞ്ഞു മീരയ്ക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല. പിന്നെ പതിയെ പതിയെ ,അത് തന്റെ ജീവിതത്തിലെ നികത്താനാവാത്ത വലിയ ഒരു നഷ്ടമായിരുന്നു എന്നവൾക്ക് ബോധ്യമായി.

അന്നും ഇന്നും  അച്ഛന്റെ ഓർമ്മകൾക്ക് തേൻ മിഠായിയുടെ മധുരമാണ് അവൾക്ക്.

മീരയ്ക്ക് ഏറ്റവും ഇഷ്ടമുള്ള തേൻ മിഠായികൾ. അതുമായി വരുന്ന അച്ഛനെ കാത്തു വൈകുന്നേരങ്ങളിൽ ഉമ്മറപ്പടിയിലുള്ള നിൽപ്പ്.

പിന്നെ അവളെ മടിയിലിരുത്തി ആ മിഠായികൾ ഓരോന്നായി വായിലേക്ക് ഇട്ടു കൊടുക്കുമ്പോൾ അച്ഛന്റെ മുഖത്തെ വാത്സല്യവും സ്നേഹവും.

ഇന്നും അതൊക്കെ ഒളിമങ്ങാതെ കിടപ്പുണ്ട് അവളുടെ ഉള്ളിൽ.ചില ഓർമ്മകൾ അങ്ങനെയാണ്.മറ്റെന്ത് മറന്നാലും അവ ശിലയിൽ കൊത്തി വച്ചത്‌ പോലെ ഉള്ളിൽ അങ്ങനെ കിടക്കും.

അച്ഛന്റെ മരണം പക്ഷെ മീരയുടെ അമ്മ ശ്രീദേവിയിൽ വലിയ ആഘാതമാണേല്പിച്ചത്.

പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള തനി നാട്ടിൻ പുറത്തുകാരിയായ ഒരു വീട്ടമ്മക്ക് തന്റെ തണൽ നഷ്ടപ്പെടുമ്പോഴുള്ള പകപ്പ് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ്.

തന്റെ കുഞ്ഞു മകളും ജീവിതമെന്ന കീറാമുട്ടിയും ചോദ്യചിഹ്നങ്ങളായി മുന്നിൽ നിൽക്കുമ്പോൾ ,ദിവസങ്ങൾ കരഞ്ഞു
തീർക്കാനെ അവർക്ക് കഴിഞ്ഞുള്ളു.

മരണത്തിന്റെ ആദ്യ നാളുകളിൽ സാന്ത്വനിപ്പിക്കാനും സഹായിക്കാനും ബന്ധുക്കളും അയൽക്കാരുമൊക്കെ ഉണ്ടായിരുന്നെങ്കിലും അവരവരുടെ ജീവിതപ്രശ്നങ്ങളിൽ മീരയേയും ശ്രീദേവിയെയും അവരും പതിയെ മറന്നു തുടങ്ങി.

അങ്ങനെ അനാഥത്വത്തിന്റെയും വീർപ്പുമുട്ടലിന്റെയും ദിനരാത്രങ്ങൾക്കൊടുവിൽ മരുഭൂമിയിലെ മരുപ്പച്ച പോലെ ആശ്രിത നിയമനത്തിനുള്ള സർക്കാർ ഉത്തരവ് ശ്രീദേവി കൈപ്പറ്റി.

വലിയ വിദ്യാഭ്യാസയോഗ്യതയൊന്നുമില്ലാത്ത
അവർക്ക് സ്വീപ്പർ തസ്തികയിലുള്ള നിയമനമാണ് ലഭിച്ചത്.

ഭർത്താവിലൂടെ മാത്രം ലോകം കാണുകയും,  അയാളിലൂടെ മാത്രം മറ്റുള്ളവരോട് സംവദിക്കുകയും ചെയ്തിരുന്ന ശ്രീദേവിക്ക്‌.

തന്റെ കൊച്ചു ഗ്രാമത്തിൽ നിന്ന് പുറത്തു പോയി ജോലി ചെയ്യുന്നതിനെ കുറിച്ച്‌ വേവലാതി ഉണ്ടായിരുന്നെങ്കിലും.

മകളുടെ ഭാവിയെ കുറിച്ചുള്ള ചിന്ത അവർക്ക് ഊർജ്ജം നൽകി.അങ്ങനെ ശ്രീദേവിയും മീരയും കൈവിട്ടു പോയ സന്തോഷം തിരികെ പിടിക്കുകയായിരുന്നു.

പതിയെ പതിയെ ശ്രീദേവി എല്ലാത്തിനോടും പൊരുത്തപ്പെട്ടു തുടങ്ങി.ആദ്യ ദിവസങ്ങളിലെ അങ്കലാപ്പും പേടിയുമൊക്കെ മാറി വളരെ ആത്മവിശ്വാസവും തന്റേടവുമുള്ള ഒരു സ്ത്രീയായി മാറുകയായിരുന്നു.

താങ്ങും തണലും ഇല്ലാത്തവർ ഏതു പ്രതിസന്ധിയും സ്വന്തമായി തരണം ചെയ്യും എന്നതിനുള്ള ഉത്തമ ഉദാഹരണമായി അവർ.

പക്ഷെ നാട്ടിൻപുറത്ത് തങ്ങളോടൊപ്പം സാധാരണക്കാരിയായി നടന്നവളുടെ ജോലിയും പട്ടണത്തിലേക്കുള്ള യാത്രയും ഒന്നും നാട്ടിൻപുറത്തെ പരദൂഷണ കമ്മിറ്റിക്കാർക്കു ദഹിച്ചില്ല.അങ്ങനെ അവർ ശ്രീദേവിയെക്കുറിച്ചു പുതിയ കഥകൾ മെനയാൻ തുടങ്ങി.

ചെറുപ്പക്കാരിയും വിധവയുമായ ഒരു സ്‌ത്രീ ഒറ്റക്ക് കുടുംബം പോറ്റാൻ പാടുപെടുമ്പോൾ കേൾക്കേണ്ടി വരുന്ന ചീത്തപേരുകൾ എല്ലാം ശ്രീദേവിക്കും കേൾക്കേണ്ടി വന്നു. ആദ്യമൊക്കെ അതുകേട്ട് തളർന്നിരുന്ന അവർ പിന്നീട് അതൊന്നും കാര്യമാക്കാതെയായി.

ഇതിനിടയിൽ ,ഭർത്താവിന്റെ ആഗ്രഹം പോലെ മീരയെ പട്ടണത്തിലുള്ള പ്രശസ്തമായ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ചേർത്തു.

ഉയർന്ന വിദ്യാഭ്യാസവും, ഉന്നത പദവിയും,മികച്ച സാമ്പത്തിക ചുറ്റുപാടും ഒക്കെ ഉള്ള കുടുംബത്തിലെ കുട്ടികളായിരുന്നു അവളുടെ സഹപാഠികൾ.

തന്റെ അമ്മയുടെ ജോലിയും വീട്ടിലെ ചുറ്റുപാടും ഒക്കെ മീരയിൽ വല്ലാത്ത അപകർഷതാബോധം ഉണ്ടാക്കി.വളരും തോറും അമ്മയെ കുറിച്ചുള്ള മോശ പരാമർശങ്ങളും അറിയാൻ തുടങ്ങിയതോടെ അമ്മയോട് അവൾക്കു വല്ലാത്ത അകൽച്ചയും വെറുപ്പുമായി.

തന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ജീവിക്കേണ്ടി വരില്ലായിരുന്നു എന്നവൾ ചിന്തിച്ചു.  മനസ്സിനുള്ളിലെ വെറുപ്പ്‌ അവൾ പല രീതിയിൽ  അമ്മയോട് പ്രകടമാക്കി തുടങ്ങി .

ശ്രീദേവിയുമായി നിരന്തരം കലഹിച്ചു.എന്തു ചെയ്താലും കുറ്റം കണ്ടുപിടിച്ചും , മൂർച്ചയേറിയ വാക്കുകൾ പ്രയോഗിച്ചും ശ്രീദേവിയെ വേദനിപ്പിച്ചു കൊണ്ടേ ഇരുന്നു.

പക്ഷെ മകളുടെ സന്തോഷം മാത്രം ആഗ്രഹിച്ചിരുന്ന ശ്രീദേവി അതിനൊന്നും പ്രതികരിക്കാതെ എല്ലാം ഉള്ളിൽ ഒതുക്കി.

മകളും കൂടി തനിക്ക് നഷ്ടപ്പെടുമോ എന്ന പേടി കൊണ്ടു മറുത്തൊന്നും പറയാതെ അവരതൊക്കെ സഹിച്ചു.

ഒരിക്കൽ ഒരുപാട് സങ്കടം തിങ്ങി നിറഞ്ഞപ്പോൾ ശ്രീദേവി മീരയോട് പറഞ്ഞു”എന്നെ മനസ്സിലാക്കണമെങ്കിൽ നീ ഒരമ്മയാകണമെന്നു”. അന്നവൾ അത്‌ പുച്ഛിച്ചു തള്ളി.

വർഷങ്ങൾക്കിപ്പുറം ,മീര വിവാഹിതയും കൗമാരത്തിൽ എത്തി നിൽക്കുന്ന രണ്ടു പെണ്മക്കളുടെ അമ്മയുമാണ്.

അതിലുപരി ഒരു കോളേജ് അധ്യാപികയും.തന്റെ ജീവിതത്തിലെ എല്ലാ നേട്ടവും ,തന്റെ കഴിവും ബുദ്ധിയും ഒന്നു കൊണ്ട് മാത്രം നേടിയതാണെന്നു അവൾ ഉള്ളിൽ അഹങ്കരിച്ചു.

വിവാഹ ശേഷം അമ്മയിൽ നിന്ന് അകന്നു നിൽക്കണമെന്ന് ഒറ്റ ചിന്തയിൽ മീര ഭർത്താവിന്റെ ജോലി സ്ഥലത്തേക്ക് ട്രാൻസ്ഫർ വാങ്ങി .പിന്നീട് പേരിന് മാത്രം അമ്മയെ കാണാൻ നാട്ടിൽ വന്നു പോയിരുന്നു.

തന്റെ മക്കൾ അവരുടെ മുത്തശ്ശിയുമായി അടുക്കാതിരിക്കാനും അവൾ ശ്രദ്ധിച്ചു. ശ്രീദേവിയിൽ നിന്നു മക്കൾക്ക് നല്ലതൊന്നും പഠിക്കാൻ കഴിയില്ല എന്നവൾ ചിന്തിച്ചു.

ശ്രീദേവിയിൽ അവൾ കണ്ട കുറ്റമൊന്നും തന്റെ സ്വഭാവത്തിൽ വരാതിരിക്കാൻ മീര ബോധപൂർവം ശ്രമിച്ചു.

മക്കൾക്ക് സ്നേഹവും വാത്സല്യവും ആവോളം കൊടുത്തും, ഉയർന്ന ജീവിത സാഹചര്യങ്ങൾ നൽകിയും മക്കളെ തന്നോട് ചേർത്തു നിർത്തി.

പക്ഷെ വിധിയെ തടുക്കാൻ ആർക്കും കഴിയില്ലല്ലോ. കൗമാരക്കാരായ മക്കൾക്ക് അമ്മ ചെയ്യുന്ന പലകാര്യങ്ങളും ഇഷ്ടപ്പെടാതെയായി. പരിഹാസവും ,കലഹവും പതിവായി.

വിദ്യാഭ്യാസവും വിവരവും ഉണ്ടെന്നു സ്വയം ധരിച്ചിരുന്ന മീരയ്ക്ക് ഒന്നും അറിയില്ല എന്ന തരത്തിൽ കുട്ടികൾ അവളെ കളിയാക്കാൻ തുടങ്ങി. അങ്ങനെ മീരയെ അറിഞ്ഞും അറിയാതെയും അവർ നിരന്തരം വേദനിപ്പിച്ചു കൊണ്ടിരുന്നു.

ഇതൊക്കെ കുട്ടികളുടെ പ്രായത്തിന്റെ പക്വത കുറവായി തള്ളികളയണമെന്ന ഭർത്താവിന്റെ വാക്കുകളിൽ അവൾക്കു ആശ്വാസം തോന്നിയില്ല.

കാരണം മീരയുടെ മനസിലെവിടെയോ കുറ്റബോധത്തിന്റെ ഒരു നേരിപ്പൊട് എരിഞ്ഞു തുടങ്ങിയിരുന്നു.താൻ ചെയ്ത കർമ്മത്തിന്റെ ഫലമാണ് ഇപ്പോൾ പലിശ സഹിതം തിരിച്ചു കിട്ടുന്നതെന്ന തിരിച്ചറിവ് അവളെ വല്ലാതെ ആസ്വസ്ഥയാക്കി.

അമ്മ പറഞ്ഞ വാക്കുകൾ അവൾ വീണ്ടും ഓർത്തു ” എന്നെ മനസ്സിലാവണമെങ്കിൽ നീ ഒരമ്മയാവണം”ശരിയാണ് ഇന്ന് തനിക്കു അമ്മയെ പൂർണമായി മനസിലാക്കാൻ പറ്റുന്നുണ്ട്.

മറ്റൊരു വിവാഹം കഴിച്ചു സ്വന്തം സുഖം മാത്രം നോക്കി പോകാമായിരുന്ന തന്റെ  അമ്മ പലതും  സഹിച്ച്‌  ജീവിച്ചത് സുഖവും സ്വസ്ഥവും ആയ ഒരു ജീവിതം തനിക്ക്  ഉണ്ടാക്കി തരാനായിരുന്നെന്നു  വൈകി ആണെങ്കിലും അവൾ തിരിച്ചറിഞ്ഞു.

ചെയ്തു പോയ തെറ്റുകൾ സ്വയം തിരിച്ചറിഞ്ഞ അവൾ എത്രയും വേഗം അമ്മയെ തന്നോടൊപ്പം കൊണ്ട് നിർത്താൻ തീരുമാനിച്ചു. ജീവിതത്തിൽ ഇതുവരെ കൊടുക്കാൻ കഴിയാത്ത സ്നേഹം  കൊടുത്തു  അമ്മയോട് പ്രായശ്ചിത്തം ചെയ്യണം എന്നവൾ ഉറപ്പിച്ചു.

അതിനു വേണ്ടി ഒരുങ്ങിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായിശ്രീദേവിയെ   ഐസിയുവിൽ അഡ്മിറ്റ് ആക്കിയെന്നു നാട്ടിൽ നിന്ന് വിവരം ലഭിക്കുന്നത്.

ആശുപത്രിയിലേക്കുള്ള യാത്രയിൽ , അമ്മയ്‌ക്ക്‌ ആപത്തൊന്നും വരുത്തരുതേ എന്നു  സകല ദൈവങ്ങളെയും വിളിച്ചു മീര പ്രാർത്ഥിച്ചു.

തനിക്ക്‌  അമ്മയെ സ്നേഹിക്കാനും മനസിലാക്കാനും  ഒരവസരമെങ്കിലും തരണേ എന്നു അവൾ ആത്മാർത്ഥമായി അപേക്ഷിച്ചു.

“ശ്രീദേവിയുടെ ബൈസ്റ്റാന്റർ ആരാ?” ഐസിയുവിന്റെ വാതിൽ തുറന്ന് പുറത്തേക്കു വന്ന നഴ്‌സിന്റെ ചോദ്യം മീരയെ ചിന്തയിൽ നിന്നുണർത്തി.

വേഗം അവരുടെ അടുത്തേക്കു ചെല്ലുമ്പോൾ അവർ വീണ്ടും പറഞ്ഞു ” ശ്രീദേവിക്കു ബോധം വന്നു.മകളെ അന്വേഷിക്കുന്നുണ്ട്‌. കയറി കണ്ടോളു.”

മീരയുടെ സന്തോഷത്തിനു അതിരില്ലായിരുന്നു. തന്റെ കൈവിട്ടു പോകുമെന്ന് കരുതിയത്  തിരികെ കിട്ടിയിരിക്കുന്നു.

അതല്ലെങ്കിലും അങ്ങനെയാണ്, കൈവിട്ടു പോകും എന്ന് തോന്നുമ്പോഴാണ് പലതിന്റെയും മൂല്യം നമ്മൾ തിരിച്ചറിയുന്നത്.

അവൾ അകത്തേക്ക് കയറി.ക്ഷീണത്താൽ തന്റെ കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നു ശ്രീദേവി.

വാർദ്ധക്യത്തിന്റെ ചുളിവുകൾ വീണ ആ മുഖത്തേക്ക് കണ്ണെടുക്കാതെ ഏറെ നേരം മീര നോക്കി നിന്നു. ഏറെ നാളുകൾക്കു ശേഷം ആദ്യമായിട്ടാണ് അവൾ അമ്മയെ ഇങ്ങനെ സ്നേഹപൂർവം ശ്രദ്ധിക്കുന്നത്.

മെല്ലെ അടുത്തു കണ്ട കസേരയിൽ അവൾ ഇരുന്നു. അമ്മയുടെ വലതു കൈത്തലം തന്റെ കയ്യിൽ ഒതുക്കി മറുകൈ കൊണ്ടു ശ്രീദേവിയുടെ മുടിയിഴകളിൽ മെല്ലെ തലോടി.അവളുടെ നെഞ്ചിലെ കുറ്റബോധം മുഴുവൻ കണ്ണുനീരായി പെയ്തിറങ്ങി.

അത് ശ്രീദേവിയുടെ നെറ്റിതടത്തിലൂടെ താഴേക്ക് ഒഴുകി. ആ നനവിൽ ശ്രീദേവി മെല്ലെ കണ്ണുകൾ തുറന്നു.അവർ അവളെ നോക്കിയതും, മീരയ്ക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞു.

അമ്മയുടെ കൈ തന്റെ രണ്ടു കരങ്ങളിലൊതുക്കി ചുണ്ടോടടുപ്പിച്ചു തുരു തുരെ ചുംബിച്ചു.എന്നിട്ട് ഒരു കൊച്ചു കുട്ടിയെപ്പോലെ അമ്മയുടെ ഓരം ചാഞ്ഞു കിടന്നു .

“അമ്മേ മാപ്പ്.. എത്ര ക്ഷമ പറഞ്ഞാലും തീരാത്ത അപരാധമാണ് ഞാൻ ചെയ്തതെന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു.അതിന് കാലം എന്തു
ശിക്ഷ വിധിച്ചാലും സന്തോഷത്തോടെ ഞാൻ അതു സ്വീകരിക്കും.

ഇനി ഒരിക്കലും അമ്മയുടെ കണ്ണ് നിറയാൻ ഞാൻ അനുവദിക്കില്ല” ഇത്രയും പറഞ്ഞപ്പോഴേക്കും തന്റെ വിറയാർന്ന ഇടം കൈ ശ്രീദേവി മീരയുടെ ശിരസ്സിൽ വച്ച് അനുഗ്രഹിച്ചു.

പെട്ടെന്ന്  തന്നെ ആ കൈ താഴേക്കു ഊർന്നു വീണു.ഒരു  ദീർഘ നിശ്വാസത്തോടെ ശ്രീദേവിയുടെ കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു.

നിസ്സഹതയോടെ അത് നോക്കി നിൽക്കുമ്പോഴും, തനിക്കായി കാലം കരുതി വയ്ക്കുന്ന ശിക്ഷ ഏറ്റുവാങ്ങാൻ മീരയുടെ മനസ്സ് പാകപ്പെട്ട് കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *