ഞാൻ തനിച്ചായി ഒറ്റയ്ക്കു ആ വീട്ടിൽ കഴിയുന്നത് ബുദ്ധിമുട്ട് ആയിരുന്നു, രാത്രിയിൽ പലരും..

സ്നേഹപൂർവ്വം
(രചന: രാവണന്റെ സീത)

ആരുമില്ലാത്ത റെയിൽവേ പാളത്തിൽ തലവെച്ചു കിടക്കുമ്പോൾ അയാൾക്ക് ഒരുപാട് ആശ്വാസം തോന്നി…. ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ലാതിരുന്നപ്പോൾ അയാളെടുത്ത തീരുമാനമായിരുന്നു അത്…

ട്രെയിൻ എപ്പോൾ വരുമെന്ന് അറിയില്ല .. അയാൾ കാത്തിരുന്നു … പെട്ടെന്ന് അയാൾ  അടക്കിപ്പിടിച്ചൊരു കരച്ചിൽ കേട്ടു .. നോക്കിയപ്പോൾ കുറച്ചപ്പുറത്ത് ഒരു പെൺകുട്ടി തേങ്ങി കരഞ്ഞുകൊണ്ടിരിക്കുന്നു …

അവൾ അയാളെ കണ്ടില്ലെന്ന് തോന്നുന്നു … അയാൾക്കെന്തോ പന്തികേട് തോന്നി .. അയാൾ പതുക്കെ എഴുന്നേറ്റു അവൾക്കരികിലേക്ക് നടന്നു .. അപ്പോഴേക്കും ഒരു ട്രെയിൻ വന്നു ..

പെട്ടെന്നവൾ അതിന് മുന്നിലേക്ക് ചാടാൻ ഒരുങ്ങി… അയാൾ ഓടിവന്നു അവളെ പിടിച്ചു വലിച്ചു, ട്രെയിൻ പാഞ്ഞു പോയി, സത്യം പറഞ്ഞാൽ അയാളെന്തിനു വന്നെന്ന് അയാൾ തന്നെ മറന്നു, ഒരു ജീവൻ രക്ഷിക്കുക എന്ന് മാത്രമേ കരുതിയുള്ളൂ ..

ട്രെയിൻ പോയി കഴിഞ്ഞതും അയാളവളെ വിട്ടു… അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് താഴെയിരുന്നു… എന്തുചെയ്യണമെന്നറിയാതെ അയാൾ നിന്നപ്പോൾ  അവൾ പുലമ്പികൊണ്ട് ചോദിച്ചു … എന്തിനാ എന്നെ രക്ഷിച്ചേ… ആർക്കും വേണ്ടാത്ത പാഴ്ജന്മമല്ലേ ഞാൻ… നശിച്ചു പൊക്കോട്ടെ ..

അയാൾ അവളെ തന്നെ നോക്കി ഇരുന്നു… അവൾ പറഞ്ഞതിൽ നിന്നും അയാൾക്കൊന്നും മനസിലായില്ല .. എങ്കിലും അവളെ കേൾക്കാൻ അയാൾ തീരുമാനിച്ചു .

പതുക്കെ താഴെ അവളുടെ അരികിൽ  ഇരുന്ന് തോളത്തു കൈ വെച്ചു… അവൾ തലയുയർത്തി നോക്കി…അവളുടെ കണ്ണുനീർ അയാൾ തുടച്ചു കൊണ്ട് ചോദിച്ചു .. എന്തുപറ്റി  …. ആ ചോദ്യം കേട്ടതും വീണ്ടും അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി…

അയാൾ വല്ലാതായി .. എന്തുപറ്റി കുട്ടി, എന്തിനാ കരയുന്നെ.. എന്തിനാ മരിക്കാൻ വന്നേ .. എന്താ പ്രശ്നം …

അത് കേൾക്കുമ്പോൾ തന്നെ അവൾക്കൊരു ആശ്വാസം ആയതു പോലെ അവളൊരു ദീർഘനിശ്വാസം എടുത്തു പറഞ്ഞു തുടങ്ങി .

എന്റെ പേര് പ്രിയ…അച്ഛനും അമ്മയും ഞാനും… നന്നായി തന്നെയ ജീവിച്ചത് .. കൂലിപ്പണി ആണേലും അച്ഛൻ എന്നെ രാജകുമാരിയെ പോലെയാ നോക്കിയത് . അവിടെ ഒരു പ്രമാണിയുടെ വീട്ടില അച്ഛൻ ജോലിക്ക് പോയിരുന്നത്…

ഒരു ദിവസം അവിടുത്തെ മുതലാളിയുടെ ഭാര്യയുടെ വിലപിടിപ്പുള്ള മാല കാണാനില്ലെന്ന് പറഞ്ഞു .. അവിടെ അന്ന് ജോലിക്ക് ഉണ്ടായിരുന്നത് അച്ഛൻ മാത്രമായിരുന്നു.. അതുകൊണ്ട് ആ മാല മോഷ്ടിച്ചത് അച്ഛൻ ആണെന്നും പറഞ്ഞു പ്രശ്നം ഉണ്ടാക്കി…

അച്ഛൻ എത്ര പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല … മുതലാളിയും അയാളുടെ മകനും ചേർന്നു അച്ഛനെ ഒരുപാട് തല്ലി, ഒരു കള്ളം പോലും പറഞ്ഞിട്ടില്ലാത്ത ശുദ്ധമനസ്സുള്ള അച്ഛന് അത് താങ്ങാൻ കഴിഞ്ഞില്ല…

ശരീരവും മനസ്സും മുറിവേറ്റ അച്ഛൻ അവിടെ തന്നെ കുഴഞ്ഞു വീണു മരിച്ചു…

പോലിസ് വന്നെങ്കിലും മുതലാളി പണമെറിഞ്ഞു ഒരാളെ വിലക്ക് വാങ്ങി  അയാൾ അച്ഛനെ കൊന്ന കുറ്റം ഏറ്റെടുത്തു,

അയാൾക്ക് അമ്മയുമായി അടുപ്പം ഉണ്ടെന്നും അതറിഞ്ഞത് കൊണ്ട് അമ്മയുടെ അറിവോടെ അച്ഛനെ കൊന്നെന്നും അയാൾ പറഞ്ഞു ..

കേസ് മാറി …. കാമഭ്രാന്തിയായി എല്ലാവരും അമ്മയുടെ നേർക്ക് വിരൽ ചൂണ്ടിയപ്പോൾ അപമാനം സഹിക്കാൻ കഴിയാതെ അമ്മ ആ ത്മഹത്യ ചെയ്തു…

ഞാൻ തനിച്ചായി … ഒറ്റയ്ക്കു ആ വീട്ടിൽ കഴിയുന്നത് ബുദ്ധിമുട്ട് ആയിരുന്നു .. രാത്രിയിൽ പലരും വന്നു കതക് തട്ടും .. ആരും സഹായിക്കാനില്ല … ഒരു വൃത്തികെട്ട പെണ്ണിന്റെ മകളായി എല്ലാവരും നോക്കി എന്നെ….

എങ്ങനെയെങ്കിലും ഇതിൽ നിന്നും രക്ഷപ്പെടാൻ ദൈവത്തിനോട് എന്നും പ്രാർത്ഥിക്കും … കേട്ടെന്ന് തോന്നുന്നു … അച്ഛന്റെ കൊലപാതകി എന്ന് പറഞ്ഞയാൾക്ക്  ആ മുതലാളി പറഞ്ഞ പോലെ കാശ് കൊടുത്തില്ല, അയാൾ മൊഴി മാറ്റി….

ഒടുവിൽ അന്വേഷണത്തിൽ മുതലാളിയാണ് എല്ലാം ചെയ്തതെന്ന് തെളിഞ്ഞു, അവരുടെ മാല മുതലാളിയുടെ വീട്ടിൽ നിന്നും കണ്ടെത്തി … അമ്മയും അച്ഛനും നിരപരാധി എന്ന് എല്ലാർക്കും മനസിലായി….

പക്ഷെ ഞാൻ അനാഥയായി… എനിക്കാരുമില്ല… ഇനി ഈ ജീവിതം വേണ്ടെന്ന് വെച്ചു അച്ഛന്റെയും അമ്മയുടെയും കൂടെ പോകാനാണ് ഞാൻ ഇവിടെ വന്നത് ..

അവൾ പറഞ്ഞു നിർത്തി … അയാൾ അവളെ തന്നെ നോക്കി… അവളെ അവിടെ നിന്നും എഴുന്നേൽപ്പിച്ചു… അപ്പോഴേക്കും ഒരു ട്രെയിൻ വന്നു … അയാൾ അവളോട് ചോദിച്ചു…. അടുത്ത ട്രെയിൻ വരുന്നുണ്ട് പോകുന്നോ .. അവൾ അയാളെ നോക്കി, ഒരു കൊച്ചുചിരി അവളിൽ വിരിഞ്ഞു ….

അവൾ പറഞ്ഞു…. സാർ നോട്‌ സംസാരിച്ചപ്പോൾ എന്തോ ഒരു ആശ്വാസം ..

പക്ഷെ ഒരു സംശയം ട്രെയിൻ പാളത്തിൽ എന്തിന സർ കിടന്നേ വീട്ടിൽ ഉറങ്ങാൻ സ്ഥലമില്ലേ ….
അത് കേട്ടു അയാൾ ഒരു ചമ്മലോടെ അവളെ നോക്കി ചിരിച്ചു .. അയാൾ അവിടെ അടുത്തുള്ള അരമതിലിൽ കേറിയിരുന്നു… അവളും….

അയാൾ പറഞ്ഞു .. എനിക്കുമുണ്ട് ഇതുപോലൊരു ട്രാജഡി ഫ്ലാഷ് ബാക്ക്, കേൾക്കുന്നോ…
അവൾ താല്പര്യത്തോടെ അതേയെന്ന് തലയാട്ടി അയാളെ തന്നെ ശ്രദ്ധിച്ചു … അയാൾ പറഞ്ഞു തുടങ്ങി …

കേൾക്കുമ്പോൾ മറ്റുള്ളവർക്ക് ചെറുതായി തോന്നുമെങ്കിലും എനിക്ക് വലുതാണ് ..

ഞാൻ അനിൽ  എന്റെ ആശയ്ക്ക് മാത്രം ഞാൻ അനിയേട്ടൻ.. ആശ, ഞാൻ സ്നേഹിച്ച പെണ്ണാ … കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയമാണ്… വീട്ടുകാർ എതിർത്തപ്പോൾ കൂടെ കൂട്ടി .. പിന്നെ ഒരു പോരാട്ടമായിരുന്നു, ജീവിതത്തിൽ…

അവൾ കൂടെയുണ്ടായിരുന്നത് കൊണ്ട് എല്ലായിടത്തും ജയിച്ചു… നല്ലൊരു ജോലി കിട്ടി … ഞങ്ങളുടെ സന്തോഷത്തോടെ ഉള്ള ജീവിതത്തിൽ കൂടെ കുഞ്ഞുവും ഉണ്ടായിരുന്നു .. ഞങ്ങളുടെ മോൾ  ചാരു…അവർ രണ്ടുപേരും ആയിരുന്നു എന്റെ ലോകം .

ഒരിക്കൽ ഒരു ഫ്രണ്ട് ന്റെ ബര്ത്ഡേ പാർട്ടി കഴിഞ്ഞു തിരിച്ചു വരികയായിരുന്നു… കുറച്ചു കുടിച്ചിരുന്നു… അപ്പോൾ തന്നെ ആശ പറഞ്ഞിരുന്നു ടാക്സി പിടിച്ചു പോകാമെന്നു… ഞാൻ കേട്ടില്ല…മുന്നിൽ നിന്നും വന്ന ലോറി ഞാൻ കണ്ടില്ലേ…. ഓർമയില്ല …

എല്ലാം കഴിഞ്ഞു മൂന്നുദിവസം കഴിഞ്ഞാണ് ഞാൻ കണ്ണ് തുറന്നത് … അപ്പോഴേക്കും എന്റെ ആശയും മോളും എന്നെ വിട്ട് പോയി… ഒരുനോക്ക് കാണാൻ പോലും കഴിഞ്ഞില്ല…ഫ്രണ്ട്സ് അല്ലാതെ ആരും കൂടെ ഉണ്ടായിരുന്നില്ല .

അയാൾ കൈകൾ കൊണ്ട് മുഖം മറച്ചു പൊട്ടിക്കരഞ്ഞു …. ഞാൻ, ഞാനല്ലേ തെറ്റ് ചെയ്തത് എന്നെയല്ലേ ശിക്ഷിക്കേണ്ടത്… പിന്നെന്തിനു ദൈവം അവളോടിത് ചെയ്തു ….

ശരിക്കും ഞാൻ ശിക്ഷ അനുഭവിക്കുന്നുണ്ട് .. അവരില്ലാത്ത ലോകം … എനിക്ക് കഴിയുന്നില്ല.. ആശുപത്രിയിൽ നിന്നും  ഇപ്പോൾ വീട്ടിൽ എത്തി, പറ്റുന്നില്ല അവിടെ ഇരിക്കാൻ.. അതുകൊണ്ട ഇങ്ങനെ ഒരു തീരുമാനം എടുത്തത് ..

അവൾ പതുക്കെ അയാളുടെ കയ്യെടുത്തു പതുക്കെ തഴുകികൊണ്ടിരുന്നു .. ഒരു ആശ്വാസമെന്നോണം അയാൾ അവളെ നോക്കി …

അയാൾ ഒരു ദീർഘാനിശ്വാസമെടുത്തു അവളോട് പറഞ്ഞു .. അപ്പോൾ എങ്ങനാ .. പോവുകയല്ലേ … നമ്മളെ ഇഷ്ടമുള്ളവരുടെ അടുത്തേക്ക് …

അവൾ അയാളെ നോക്കി പുഞ്ചിരിച്ചു …. ശരിയാണ് സാഹചര്യം രണ്ടാണെങ്കിലും തുല്യ വേദന അനുഭവിക്കുന്നവർ .. ആരുമില്ലാത്തവർ….
അവൾ സമ്മതത്തോടെ തലയാട്ടി

അടുത്ത ട്രെയിൻ വരുന്നതിനായി രണ്ടുപേരും കാത്തിരുന്നു….

കുറച്ചു നേരം കഴിഞ്ഞപ്പോൾ അയാൾ പെട്ടന്ന് അവളോട് ചോദിച്ചു..നമുക്ക് മരിക്കണോ, അവൾ ചോദ്യഭാവത്തിൽ അയാളെ നോക്കി ..

അയാൾ തുടർന്നു . നിനക്കും എനിക്കും ആരുമില്ല, ആർക്കും ഉപകാരം ഇല്ലാത്ത ജീവിതമെന്ന് നമുക്ക് അറിയാം… അങ്ങനെ ഉള്ളപ്പോൾ നമുക്ക് പരസ്പരം സപ്പോർട്ട് ചെയ്താലോ …. അവളുടെ ചുണ്ടിൽ ഒരു പുച്ഛം നിറഞ്ഞു … എന്താ സർ, ആർക്കും ഉപയോഗം ഇല്ലാത്ത എന്റെ ജീവിതം സർ ന് ഉപയോഗമാകുമെന്നാണോ …

അയാൾ ആകെ വല്ലാതായി … അങ്ങനെ അല്ല .. എന്റെ ലൈഫ് പോലെയല്ല, നീ കൊച്ചു പെണ്ണല്ലേ … നിനക്ക് ജീവിതം നീണ്ടു നിവർന്നു കിടക്കുകയല്ലേ… അതെന്തിനു നശിപ്പിക്കണം ..

നിന്നെയെങ്കിലും ജീവിതത്തിൽ വിജയിപ്പിക്കാം ഞാൻ . നിനക്ക് വേണ്ടത് ചെയ്യാം … നല്ലൊരു ജീവിതം നിനക്ക് മുന്നിലേക്ക് വെച്ചു നീട്ടുകയാണ്, എന്താണ് നിന്റെ അഭിപ്രായം …

ഉറപ്പായും മരിക്കണോ, ആണെങ്കിലും ഒരുമിച്ചു  അല്ല, ജീവിക്കാൻ ആണെങ്കിലും ഒരുമിച്ചു .. തീരുമാനം നിന്നിലേക്ക് വിട്ടു തന്നിരിക്കുന്നു ..

അവളുടെ കണ്ണുകൾ വിടർന്നു… അവൾ പ്രത്യാശയോടെ അയാളെ നോക്കി … സർ ന് കഴിയുമോ എന്റെ ലൈഫ് മാറ്റാൻ..  ഞാൻ നന്നായി പഠിക്കും, നല്ല മാർക്കുണ്ട്… എന്നെ ഡോക്ടർ ആക്കണമെന്നാ അച്ഛന്റെ ആഗ്രഹം .. സർ ന് സാധിപ്പിച്ചു തരാൻ കഴിയുമോ ….അവൾ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു .

അതുകേട്ടു അയാൾ പുഞ്ചിരിയോടെ അവളുടെ കൈ പിടിച്ചു….എഴുന്നേൽക്കു വാ പോകാം അയാൾ അവളെ കൂട്ടിയത് നല്ലൊരു ജീവിതത്തിലേക്കു കൂടിയായിരുന്നു.

ശരിയാണ്, മരണം മാത്രം ആഗ്രഹിക്കുമ്പോൾ ആരെങ്കിലും ജീവിതത്തിലേക്ക് വെളിച്ചം വീശാൻ, കരയേറാൻ കൈ തന്നാൽ മതി,   അവിടെ പുതിയ ജീവിതം തുടങ്ങും…

ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന അയാളുടെ അരികിൽ അയാളിലേക്ക് ചാഞ്ഞു കണ്ണടച്ച് കിടക്കുന്ന അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ താനൊരു പതിനാറുകാരി പെൺകുട്ടിയുടെ അച്ഛനാണെന്ന് അയാൾക്ക് തോന്നി…

Leave a Reply

Your email address will not be published. Required fields are marked *