ദത്ത്
(രചന: രാവണന്റെ സീത)
രവിയുടെ ഏട്ടനാണ് രാജൻ , അച്ഛനുമമ്മയും നല്ലപോലെ രണ്ടുപേരെയും നന്നായി വളർത്തി .. നല്ല ജോലിയും ആയി…. പാവപെട്ട വീട്ടിലെ ചേച്ചിയെയും അനിയത്തിയെയും കല്യാണം കഴിപ്പിച്ചു കൊടുത്തു…
ജീവിതം നന്നായി പോയി … പക്ഷെ ഒരു പ്രശ്നം … രവിയുടെ ഭാര്യ ഗർഭിണി ആയി, പക്ഷെ ഏട്ടന്റെ ഭാര്യയ്ക്ക് വിശേഷം ഒന്നുമായില്ല….
നാട്ടിൽ എല്ലാവരും കളിയാക്കി , അടക്കം പറഞ്ഞു … പക്ഷെ അവർക്കൊന്നും അതൊരു കാര്യമായി തോന്നിയില്ല ….എല്ലവരും സന്തോഷിച്ചു …
അങ്ങനെ രവിയുടെ ഭാര്യ പാർവതി പ്രസവിച്ചു, ചന്തമുള്ളൊരു ആൺകുഞ്ഞിനെ … എങ്കിലും ചേച്ചി ഗൗരിയ്ക്ക് സന്തോഷം ആയിരുന്നു, എല്ലാവരുടെയും സ്നേഹം കിട്ടി ആ കുഞ്ഞു വളർന്നു … അക്ഷയ് എന്ന് പേരിട്ടു .
കുഞ്ഞിന് രണ്ട് വയസ്സ് ആയപ്പോഴേക്കും പാർവതി വീണ്ടും ഗർഭിണിയായി ,… എല്ലാവരുടെയും നോട്ടം ഗൗരിയിലേക്കായി…
അനിയത്തി രണ്ടാമതും ഗർഭിണി ആയി ,എന്നിട്ടും ചേച്ചിയ്ക്ക് ഒന്നുമില്ലേ എന്ന മുറുമുറുപ്പ് ഉയർന്നു, ഗൗരി വിഷമത്തിലായി … എല്ലാവരും….
ഇടയ്ക്ക് ടെസ്റ്റ് എടുത്തിരുന്നു …ഗൗരിയ്ക്കാണ് പ്രശ്നം, ഒരു കുഞ്ഞിനെ താങ്ങാനുള്ള ശേഷി അവളുടെ ഗർഭപാത്രത്തിനില്ല … ഒരുപാട് കരഞ്ഞു ഗൗരി, ആരുടെയും ആശ്വാസ വാക്കുകൾ അവളെ സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല….
അവൾ പുലമ്പികൊണ്ടിരുന്നു…ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയാത്ത, ശാപം കിട്ടിയവൾ എന്ന് ..
ഒടുവിൽ, രാജന്റെയും രവിയുടെയും മാതാപിതാക്കൾ ഒരു വഴി കണ്ടുപിടിച്ചു .. പാർവതിയുടെ ഈ കുഞ്ഞിനെ ഗൗരിയ്ക്ക് ദത്തു കൊടുക്കുക,.. എല്ലാവരും ഒരു വീട്ടിൽ തന്നെ താമസം എന്നത്കൊണ്ട് അമ്മയെയും കുഞ്ഞിനേയും പിരിക്കെണ്ടി വരില്ല ..
എല്ലാവർക്കും സമ്മതം …. പാർവതിയുടെ അഭിപ്രായം ആണ് എല്ലാവരുടെയും ടെൻഷൻ … ഇക്കാര്യം പറഞ്ഞപ്പോൾ പാർവതി പറഞ്ഞു ..
അമ്മയില്ല ഞങ്ങൾക്ക് , അമ്മ പോയതിൽ പിന്നെ ചേച്ചിയാണ് എനിക്ക് അമ്മ , എനിക്കുറപ്പുണ്ട് ചേച്ചി എന്റെ കുഞ്ഞിനെ നന്നായി നോക്കുമെന്ന് … അതുകേട്ടു എല്ലാവർക്കും സന്തോഷമായി …
പാർവതി പ്രസവിച്ചു ആൺകുട്ടി തന്നെ… ഫോർമാലിറ്റിസ് എല്ലാം കഴിഞ്ഞു, അവൻ ഗൗരിയുടെയും രാജന്റെയും മകനായി… നിഖിൽ … ഒരേ വീട്ടിൽ അവർ വളർന്നു ..
രണ്ടു അച്ഛനമ്മമാരുടെ ലാളനയേറ്റ്….പാർവതി ഇനി പ്രസവിക്കേണ്ടെന്ന് തീരുമാനിച്ചു… ആഗ്രഹം പോലെ രണ്ടുപേർക്കും കുട്ടികൾ ആയി .. ഉള്ള സ്നേഹം അവർക്ക് പകർന്നു നൽകാൻ തീരുമാനിച്ചു…
കാലങ്ങൾ കഴിഞ്ഞു , രാജന്റെയും രവിയുടെയും മാതാപിതാക്കൾ വയസ്സായി മരണപ്പെട്ടു ..,
അക്ഷയ് നിഖിൽ.. ഇടത്തരം കുടുംബം ആണെങ്കിലും രണ്ടുപേരെയും അച്ഛനമ്മമാർ കഷ്ടപ്പെട്ട് പഠിപ്പിച്ചു ,വലിയ ജോലി എല്ലാം നേടി അക്ഷയ് എഞ്ചിനീയർ ആയപ്പോൾ നിഖിൽ ബാങ്ക് മാനേജർ ആയി ..
രണ്ടുപേരും ഇഷ്ടപ്പെട്ട പെൺകുട്ടികളെ വിവാഹം ചെയ്തു .. വലിയ സാമ്പത്തികമൊന്നും ഇല്ലാത്ത കുടുംബത്തിൽ നിന്നാണ് രണ്ടുപേരും കല്യാണം കഴിച്ചത്…
അച്ഛനമ്മമാർക്ക് സമ്മതവുമായിരുന്നു….വേറെ വേറെ കുടുംബത്തിൽ നിന്നായതു കൊണ്ട് രണ്ടുപേർക്കുമിടയിലും പല പ്രശ്നങ്ങളും തുടങ്ങി …
അക്ഷയ് യുടെ ഭാര്യ അഞ്ജലിക്കു കുടുംബത്തോടൊപ്പം താമസിക്കുന്നത് ഇഷ്ടമല്ല…. കല്യാണം കഴിഞ്ഞ് ഒരു മാസമായപ്പോൾ മുതൽ തുടങ്ങിയതാണ് വേറെ താമസിക്കാൻ അക്ഷയ് നെ നിർബന്ധിക്കാൻ ..
ഇത്തിരി വാശി ഉണ്ടെങ്കിലും നിഖിലിന്റെ ഭാര്യ സ്വപ്ന അങ്ങനെ ആയിരുന്നില്ല, എല്ലാവരെയും ഒരുപാട് ഇഷ്ടമാണ് … എങ്കിലും അഞ്ജലിയുടെ മൂശേട്ട സ്വഭാവം അവൾക്കിഷ്ടമല്ല….
അഞ്ജലി കുറച്ചു കുറച്ചായി അക്ഷയ് യുടെ മനസ്സിൽ വിഷം കുത്തിവെയ്ക്കാൻ തുടങ്ങി… വീട്ടുകാരെ പറ്റി നുണയെല്ലാം പറഞ്ഞു കൊടുത്തു …
എല്ലാവരും അവനെ പറ്റിക്കുകയാണെന്നും പണത്തിനു വേണ്ടി സ്നേഹം അഭിനയിക്കികയാണെന്നും അവൾ വരുത്തിതീർത്തു…
അവനും അത് അപ്പാടെ വിശ്വസിച്ചു … സ്വന്തം മാതാപിതാക്കളോട് മിണ്ടാതെയായി ..
പതുക്കെ എല്ലാവരിൽ നിന്നും അവനെ അകറ്റി , വേറൊരു വീടെടുത്തു താമസം തുടങ്ങി….
പിന്നീട് അക്ഷയ് അവരെ തിരിഞ്ഞു നോക്കിയിട്ടില്ല ..
പക്ഷെ നിഖിലിന് അങ്ങനെ ഒരു മനസ്സില്ല സ്വപ്നയ്ക്കും .അക്ഷയ് വിട്ടു പോയതിൽ മനസ്സുടഞ്ഞു പോയ രവിക്കും പാർവതിക്കും താങ്ങായി തണലായി അവർ രണ്ടുപേരും ഉണ്ടായിരുന്നു ….
തന്റെ അച്ഛനുമമ്മയെയും പോലെ ചെറിയച്ഛനെയും ചെറിയമ്മയെയും എത്ര കാലം വേണമെങ്കിലും കൂടെ കൂട്ടി നന്നായി നോക്കണമെന്ന് അവർ തീരുമാനിച്ചു ..
രാജനും ഗൗരിയ്ക്കും സന്തോഷമായി….
പക്ഷെ രവിയും പാർവതിയും തന്റെ സ്വന്തം അച്ഛനുമമ്മയുമാണെന്ന് നിഖിലിന് അപ്പോഴും അറിയില്ലായിരുന്നു…. ആരും പറഞ്ഞതുമില്ല ..
nb:എനിക്ക് മൂന്നാമതും പെൺകുട്ടി ആണെന്നറിഞ്ഞപ്പോൾ കുട്ടികൾ ഇല്ലാതിരുന്ന മാമന്റെ മോൾ ദത്ത് ചോദിച്ചിരുന്നു, (കൊടുത്തില്ല, എനിക്ക് കഴിയില്ല )
ഇക്കാര്യം എന്റെ ഏട്ടന്റെ മകളോട് പറഞ്ഞപ്പോൾ അവൾ പറഞ്ഞ കാര്യമാണ് ഞാൻ കഥയായി എഴുതിയത്…. പേരുകൾ സാങ്കല്പികം എങ്കിലും കഥാപാത്രങ്ങൾ ഇന്നും ജീവിച്ചിരിക്കുന്നു ..