എല്ലാവരും കരുതുന്നത് പോലെ അവൾ എനിക്ക് മാച്ച് അല്ലെന്നല്ല, അവൾക്കേ കഴിയു എന്നെ..

(രചന: രാവണന്റെ സീത)

അധ്യുദ് ആ നാട്ടിലെ ഡാൻസ് ടീച്ചറാണ്. ആദി എന്ന് എല്ലാവരും വിളിക്കും. ഒരുപാട് അവാർഡുകൾ വാങ്ങിക്കൂട്ടിയെങ്കിലും തന്റെ നാട് വിട്ടൊരു കാര്യവുമില്ലെന്ന് ചിന്തിക്കുന്നു.

നിറയെ പേർക്ക് ഡാൻസ് പഠിപ്പിച്ചു കൊടുക്കുന്നു. ക്ലാസ്സിക് അല്ല .. മോഡേൺ ആണ്.

ഭയങ്കര ദേഷ്യവും കണിശവും. എങ്കിലും ആദിയെ പോലെ നല്ലൊരു ടീച്ചറെ കിട്ടില്ലെന്നുള്ളത് കൊണ്ട് വരുന്ന മാതാപിതാക്കൾക്ക് ഒരുപാട് ഇഷ്ടവും ബഹുമാനവുമാണ് .. കുട്ടികൾക്ക് പേടിയും .

ആള് കൊച്ചുസുന്ദരനായത് കൊണ്ട് ഡാൻസ് പഠിക്കാൻ വരുന്ന പല പെണ്ണുങ്ങളുടെയും കണ്ണ് അവന്റെ മേലെയാണ്.

സ്റ്റേജ്ഷോ ക്ക് മാത്രമല്ല,വലിയ റിയാലിറ്റി ഷോയിൽ അവതരിപ്പിച്ചു തന്റെ സ്റ്റുഡന്റ്സിനെ ഇന്ത്യ മൊത്തം ഫേമസ് ആക്കണമെന്നാണ് ആളുടെ ആഗ്രഹം.

വീട്ടിൽ നിന്നും കുറെയകലെയുള്ള ഒരു വലിയ കെട്ടിടത്തിലാണ് ആദി എല്ലാരേയും പഠിപ്പിക്കുന്നത്.

അങ്ങനെ പ്രാക്ടീസ് നടക്കുന്ന ഒരു ദിവസം, സ്റ്റെപ് ഒന്നും ശരിയാവുന്നില്ലെന്ന് പറഞ്ഞു ദേഷ്യപ്പെട്ട്, എല്ലാരേയും ശകാരിച്ചു ആദി പ്രാക്ടീസ് നടക്കുന്ന ഹാളിൽ നിന്നും റൂമിലേക്ക് പോയി.

എല്ലാവരും ടെൻഷനിൽ ആണ് . ആ സമയം ഒരു പെണ്ണ് അവിടേക്ക് വന്നു. കുറച്ചു തടിച്ചിട്ട് വയറു കുറച്ചു തള്ളി, അയഞ്ഞ വസ്ത്രങ്ങൾ ഇട്ടു അവൾ പതുകെ നടന്നു വന്നു.

അല്ലെങ്കിൽ തന്നെ സർ ദേഷ്യപ്പെട്ട പോയിരിക്കുന്നത്, ഇതിനേം കൂടെ കണ്ടാൽ ദേഷ്യം കൂടുമല്ലോ എന്ന് സ്റ്റുഡന്റസ് പിറുപിറുത്തു.

അവൾ വന്നു അടുത്തുള്ളൊരു കസേരയിൽ ഇരുന്നു. സ്റ്റുഡന്റസ് മൊത്തം അവളുടെ ചുറ്റും കൂടി.

എന്താ ചേച്ചി ഈ പ്രായത്തിൽ ഡാൻസ് കളിക്കാൻ വന്നതാണോ. ഇനിപ്പോ വയറൊക്കെ കുറയ്ക്കലോ ലെ.

അവരുടെ കളിയാക്കൽ കണ്ടു അവളൊന്ന് പുഞ്ചിരിച്ചു. അപ്പോഴുണ്ട് ഒരാൾ വന്നു അവളുടെ കയ്യിൽ ഒരു ബോട്ടിൽ കൊടുത്തു, അവൾ താങ്ക്സ് പറഞ്ഞു അത് വാങ്ങികുടിച്ചു.

ചുറ്റുമുള്ളവർ പരിഹാസത്തോടെ നോക്കുന്നുണ്ടായിരുന്നു അവൾ അതൊന്നും ശ്രദ്ധിക്കാതെ ഫോണെടുത്തു കാൾ ചെയ്തു.

എവിടെയാ ഉള്ളത് . ഞാനിപ്പോ ദേ ഇവിടെ ഹാളിൽ ഉണ്ട്.

അത് പറഞ്ഞതും കാൾ കട്ടായെന്ന് തോന്നുന്നു അവൾ പുഞ്ചിരിയോടെ ഫോൺ ബാഗിലെക്ക് വെച്ചു.

ഇവിടൊക്കെ വൃത്തിയാക്കാൻ വരില്ലേ രവിയെട്ടൻ അങ്ങേരുടെ ആരേലും ആവും .

അല്ലതെ പിന്നെ ഇങ്ങനെ ഒരു സാധനം ഇവിടെ വരേണ്ടതുണ്ടോ. അവർ പരസ്പരം പറഞ്ഞു

അവളെ നോക്കുമ്പോൾ ആരെയോ അവൾ നോക്കുന്നതും ആരോ വരുന്നത് പോലെയും തോന്നി അവരൊക്കെ തിരിഞ്ഞു നോക്കുമ്പോൾ കണ്ടു.. ഓടികിതച്ചു വരുന്ന ആദിയെ.

കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്,അവൾ എഴുന്നേറ്റു ആദി ഓടിവന്നു അവളെ ചേർത്തണച്ചു. എന്നിട്ടു അവളുടെ മുഖം നോക്കി,

നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിയിഴകൾ മാടിയൊതുക്കി അവളോട് ചോദിച്ചു എന്തിനാ പറയാതെ വന്നേ. ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ വന്നേനെലോ.

അവളൊന്ന് പുഞ്ചിരിച്ചുകൊണ്ട് തന്റെ വയറിൽ തലോടി അവനോട് പറഞ്ഞു, കുഞ്ഞുന് അപ്പായെ കാണണമെന്ന്, അതോണ്ട് വന്നതാ..

ഉടനെ ആദി മുട്ടുകുത്തിനിന്ന് അവളുടെ വയറോട് മുഖംചേർത്ത് ചോദിച്ചു. ആണോടാ, കുഞ്ഞു. നിനക്കപ്പയെ കാണാൻ തോന്നിയോ,അതോ അമ്മ നുണപറയുവാണോ

ഒന്നു ചിരിച്ചു കൊണ്ട് ആദി എഴുന്നേറ്റു. കുഞ്ഞു പറഞ്ഞല്ലോ നീ നുണപറയുവാണെന്ന്, സത്യം പറ അനു, കാണാൻ തോന്നിയത് നിനക്കല്ലേ.

പിന്നെല്ലാതെ, എത്ര നാളായി കണ്ടിട്ട്.
അവൾ ഒരു കള്ളചിരിയോടെ നാണത്തോടെ തലതാഴ്ത്തി. ആദി അവളുടെ മുഖം താടിയിൽ പിടിച്ചുയർത്തി നെറ്റിയിൽ ഒരുമ്മ വെച്ചു. അവൾ കണ്ണടച്ച് നിന്നു.

നീവല്ലതും കഴിച്ചോ, അവൾ പറഞ്ഞു കഴിച്ചിട്ടാ വന്നേ.

അപ്പൊ ജ്യൂസ്‌ എന്തേലും കുടിക്കുന്നോ
അവൾ കയ്യിലുള്ള ബോട്ടിൽ കാണിച്ചു പറഞ്ഞു. അമ്മ ഉണ്ടാക്കിത്തന്നു മുഴുവൻ കുടിച്ചിട്ട് പറയാൻ പറഞ്ഞിട്ടുണ്ട്.

ആദി മുഖം മാറ്റി പറഞ്ഞു. അല്ലേലും എന്റെ അമ്മയ്ക്ക് മകനേക്കാൾ വലുതാ മരുമകൾ. സത്യം പറഞ്ഞ എനിക്ക് തോന്നുന്നത് അത് എന്റെ അമ്മായിഅമ്മ ആണോന്നാ.

അനു അത്കേട്ട് ചിരിച്ചു കൊണ്ടിരുന്നു. എന്തൊരു കുശുമ്പാ. അമ്മ എന്നെ സ്നേഹിക്കുന്നത് സഹിക്കാൻ പറ്റുന്നില്ലല്ലേ..

ആദി ചിരിച്ചു കൊണ്ട് അവളെ ഒന്നുടെ ചേർത്ത് പിടിച്ചു പറഞ്ഞു. നിന്നെ ആരാടീ സ്നേഹിക്കാതിരിക്കുന്നത്. നീ സ്നേഹം കൊണ്ട് എല്ലാരേം തോൽപ്പിക്കുന്നവളല്ലേ..

ഇവരുടെ സംസാരം ചുറ്റും നിന്ന് സ്റ്റുഡന്റസ് ശ്രദ്ധിക്കുന്നുണ്ടെന്ന് അപ്പോഴാണ് അവർ ഓർത്തത്. ആദി പതുക്കെ അവളെ വിട്ട് അവരുടെ നേർക്ക് തിരിഞ്ഞു. എന്താ നോക്കുന്നെ പോയി പ്രാക്ടീസ് ചെയ്യ്.

എല്ലാവരും പിരിഞ്ഞു പോയി. അത് ചെറുചിരിയോടെ ആദി നോക്കി. പതുക്കെ അനുവിനെ കസേരയിലിരുത്തി.

കുറച്ചു ജോലിയുണ്ട് അതുകഴിഞ്ഞ് വരാം ഇവിടെ തന്നെ ഇരിക്കുക എന്നും പറഞ്ഞ് ആദി പോയി.

ആദി പോയ ഉടനെ സ്റ്റുഡൻസ് അവളുടെ ചുറ്റും കൂടി. സോറി മേഡം ഞങ്ങൾ അറിയാതെ പറഞ്ഞതാ.

അതുകേട്ട് അനു ചിരിച്ചുകൊണ്ട് പറഞ്ഞു അല്ലേലും നിങ്ങളുടെ സാറിനെ പോലുള്ളവർക്ക് എന്നെപ്പോലെ ഒരു ഭാര്യ ഉള്ളത് നിങ്ങൾക്ക് ഊഹിക്കാൻ കഴിയില്ല

അല്ല മേഡം സോറി അങ്ങനെയൊന്നുമില്ല അവർ വാക്കുകൾക്ക് പരതുന്നത് കണ്ടു അനു ചിരിച്ചു, അതൊന്നും സാരമില്ല അനു അവരെ സമാധാനിപ്പിച്ചു

നിങ്ങളുടേത് ലവ് മേരേജ് ആണോ ഒരാൾ ചോദിച്ചു അനു ചിരിച്ചുകൊണ്ട് അതേ എന്ന് തലയാട്ടി

ഞങ്ങൾക്ക് തോന്നി ഞങ്ങളോട് എല്ലാം ചൂടാവുന്ന സർ മേഡത്തിനോട്‌ മാത്രം ഇത്രയും സോഫ്റ്റ് ആയി സംസാരിക്കുന്നു വിരോധമില്ലെങ്കിൽ അതൊന്നു പറഞ്ഞു തരാമോ അതിൽ ഒരാൾ ചോദിച്ചു

നിങ്ങളുടെ സാർ എന്നെയും ചേർത്ത് വഴക്കുപറയും .അവളൊന്ന് ചിരിച്ചു.

ഏയ്‌ ഞങ്ങൾക്ക് തോന്നുന്നില്ല സാർ പാവം ആണെന്ന് തോന്നുന്നു, മേഡത്തിനോട് മാത്രം ഇത്രയും സ്നേഹത്തോടെ… വേറെ ആരോടും മിണ്ടുന്നത് ഞങ്ങൾ കണ്ടിട്ടില്ല .

അനു ചിരിച്ചു കൊണ്ട് പറഞ്ഞു ശരിയാ ആദി ഒരു പാവമാ എല്ലാരേം സ്നേഹിക്കും.

പക്ഷേ, അതാരും കണ്ടിട്ടില്ല . കാണാൻ കഴിയില്ല കാരണം ആദി ജീവിതത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്.ആ കഷ്ടങ്ങൾ അദ്ദേഹത്തെ ഒരു ദേഷ്യക്കാരനാക്കി. വാശിക്കാരനാക്കി,.

കോളേജിൽ പഠിക്കുമ്പോഴാണ് ഞങ്ങൾ തമ്മിൽ പരിചയം, നന്നായി ഡാൻസ് ചെയ്യുമായിരുന്നു ആദി. പാവപ്പെട്ട കുടുംബമാ. ആരും സഹായിക്കാൻ ഇല്ലാതെ,

ഒറ്റയ്ക്ക് കോളേജ് ഇല്ലാത്ത സമയം ജോലിക്കൊക്കെ പോയിട്ട ഫീസ് ഒക്കെ റെഡി ആക്കിയിരുന്നത്, കുടുംബക്കാർ എല്ലാം അത്യാവശ്യം നല്ല നിലയില എന്നാലും അവരൊന്നും സഹായിച്ചില്ല കുറ്റപ്പെടുത്താൻ മാത്രം വരും

എല്ലാവരും കളിയാക്കി പണമുള്ളവന് പറഞ്ഞിട്ടുള്ളതാണ് ഡാൻസ്. നിനക്കൊക്കെ കിളക്കാൻ പൊയ്ക്കൂടേ എന്നൊക്കെ..

കൂടെ നിൽക്കുമെന്ന് കരുതിയവർ പോലും അങ്ങനെ പറഞ്ഞു തുടങ്ങിയപ്പോൾ ആളാകെ മൂഡോഫ് ആയി. പിന്നീടങ്ങോട്ട് വാശിയായിരുന്നു ആദിയ്ക്ക്…

സാധിച്ചെടുക്കണം എല്ലാവർക്കു മുന്നിലും ജയിച്ചു കാണിക്കണം എന്ന്

പിന്നീട് ഓരോ ചെറിയ വിജയങ്ങളിലൂടെ ഇവിടെ എത്തി. ഇന്നും കഴിവുകൾ ഉണ്ടായിട്ടും ഉയരത്തിൽ എത്താൻ കഴിയാത്ത കുട്ടികൾക്ക് വേണ്ടി പ്രയത്നിക്കുന്നുണ്ട് അദ്ദേഹം.

തന്റെ അവസ്ഥ ആർക്കും വരരുത് എന്ന് കരുതുകയാ.

ആ കഷ്ടങ്ങൾക്കിടയിൽ നഷ്ടമായതാണ് ആദിയുടെ പുഞ്ചിരി. ഇപ്പോ കുഞ്ഞു വരുന്നത് അറിഞ്ഞാണ് കുറച്ചെങ്കിലും മനസ്സൊന്നു തണുത്തത് ആദിക്ക്.

അവൾ അങ്ങനെ ആദിയെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആദി അങ്ങോട്ട് വന്നു.

എന്താടോ ഇവിടെ ഒരു ചർച്ച. ഒരു കുഞ്ഞു പുഞ്ചിരിയോടെ ആദി ചോദിച്ചു.

നമ്മുടെ കാര്യം പറഞ്ഞതാ.

ആഹാ എന്നപിന്നെ ഇവൾ പറഞ്ഞു കാണും എന്റെ കഷ്ടങ്ങൾ അല്ലെ.

ആദി അത് ചോദിച്ചതും സ്റ്റുഡന്റസ് ഒന്നിച്ചു അതേയെന്ന് തലയാട്ടി. അത് കണ്ടു ആദി,അനുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

അവൾ പറഞ്ഞത് ശരി തന്നെ, ഒരുപാട് കഷ്ടങ്ങൾ അനുഭവിച്ചിട്ടുണ്ട് ഞാൻ, ഒന്നും എത്തിപ്പിടിക്കാൻ കഴിയാഞ്ഞപ്പോൾ മരണത്തെ കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ട്. അന്നൊക്കെ ധൈര്യം തന്നത് അനുവാണ്.

കഷ്ടങ്ങളിൽ കൂടെ നിന്നു, പരിഹാസങ്ങളിൽ നിന്നും ഊർജം നേടിയെടുക്കാൻ പഠിപ്പിച്ചു. വീണിടത്ത് നിന്നും സ്വയം എഴുന്നേൽക്കാനും.

ഇന്ന് ഞാൻ എന്നൊരു വ്യക്തി ഇത്രയും നേടിയെങ്കിൽ, അതിന്റെ കാരണം അനുവാണ്. എത്രയോ നല്ല ആലോചനകൾ വന്നപ്പോഴും എനിക്ക് വേണ്ടി കാത്തിരുന്നു.

ജോലിയില്ലാത്ത എന്നെ കല്യാണം കഴിക്കരുതെന്ന് എല്ലാവരും പറഞ്ഞിട്ടും എന്നെയും എന്റെ പാഷനും മനസ്സിലാക്കി എനിക്ക് വേണ്ടി എല്ലാവരോടും വഴക്കിട്ടു.

ഞങ്ങളുടെ കല്യാണ സമയത്തു ഞാൻ ഒന്നുമല്ലായിരുന്നു. അവിടെ മുതൽ കൂടെനിന്നതാ .

എല്ലാവരും കരുതുന്നത് പോലെ അവൾ എനിക്ക് മാച്ച് അല്ലെന്നല്ല . അവൾക്കേ കഴിയു എന്നെ ഞാനാക്കാൻ. ഞാൻ കണ്ടത് അവളുടെ മുഖമല്ല അവളുടെ മനസ്സാണ്..

നമുക്ക് ജയിക്കാൻ അവസരങ്ങൾ വേണം എല്ലാത്തിനും ഉപരിനമുക്ക് കൂടെ നിൽക്കാൻ ഒരാളുണ്ടാവുക എന്നതാണ്.

ഇത്രയും കഷ്ടങ്ങൾ കൂടെ ഉള്ളപ്പോഴും കൂടെയുള്ളവർ തള്ളി പറഞ്ഞപ്പോഴും എവിടെയും വീഴാതിരിക്കാൻ കൂടെ നിന്നു ഇവൾ

അവൾക്ക് സ്നേഹിക്കാനെ അറിയൂ. സ്നേഹം കൊണ്ട് എന്തും കീഴടക്കാമെന്ന് അവൾ തെളിയിച്ചു. അതിനുദാഹരണമാണ് ഞങ്ങളുടെ കുടുംബം. അവിടെ സന്തോഷം മാത്രമേ ഉള്ളു.

നമ്മൾ സ്നേഹുക്കുന്നവരല്ല, നമ്മളെ സ്നേഹിക്കുന്ന മനസ്സിലാക്കുന്ന ഒരാളുണ്ടാവണം നമ്മുടെ ലൈഫിൽ .. അപ്പോൾ നമുക്ക് എത്ര ഉയരങ്ങളിൽ വേണമെങ്കിലും എത്താം.

അവളെയും ചേർത്ത് പിടിച്ച് ആദി അവിടെ നിന്നിറങ്ങി.. അവനോട് ചേർന്നു അവളും…

തീർച്ചയായും നമുക്ക് വേണ്ടിയൊരാൾ ഉണ്ടാവും. നമ്മൾ തേടണം.. ഒറ്റയ്ക്കാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ,

എങ്കിൽ നിങ്ങളെ ഒറ്റയ്ക്കാക്കില്ലെന്ന് കരുതുന്ന ഒരാളെ നിങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് ഉറപ്പ. അവരെ കാണാൻ നിങ്ങൾക്ക് കണ്ണുകൾ മാത്രം പോരാ മനസ്സും വേണം…

Leave a Reply

Your email address will not be published. Required fields are marked *