ചുവന്ന വാട്ടർ ബോട്ടിൽ
(രചന: രാവണന്റെ സീത)
ഉമ്മാ ഒരു കഥ പറഞ്ഞു താ … മക്കൾ രണ്ടുപേരും സെറീന യെ ചുറ്റിപിടിച്ചു കൊഞ്ചി കൊണ്ടിരുന്നു ..
കപടദേഷ്യത്തോടെ സെറീന അവരോട് പറഞ്ഞു, കഥയോ സമയമെത്രയായെന്ന് അറിയാമോ വേഗം ഉറങ്ങാൻ നോക്ക്.. പ്ലീസ് ഉമ്മാ, ഒരു കഥ അത് കേട്ടാൽ ഞങ്ങൾ വേഗം ഉറങ്ങിക്കോളാം . മക്കൾ ചിണുങ്ങി..
അതുകേട്ടു അപ്പുറത്തിരുന്നു ഫോൺ തൊണ്ടീട്ടിരുന്ന അവരുടെ ഉപ്പ ഷാഫി തന്റെ അരുമ ഭാര്യയോട് പറഞ്ഞു സെറീന പറഞ്ഞു കൊടുക്ക്, ചെറുപ്പത്തിൽ ഒരുപാട് കഥ വായിച്ചവളല്ലേ നീ പിന്നെന്താ.. അതിൽ നിന്നും എന്തേലും പറഞ്ഞു കൊടുത്തോടെ..
അല്ലേലും ഉപ്പ മക്കളുടെ കൂടെയല്ലേ അവൾ ചിരിച്ചു കൊണ്ട് പിറുപിറുത്തു,
അവൾ ആലോചിക്കുന്നത് കണ്ടതും മക്കൾ ആകാംഷയോടെ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു..
സെറീന പറയാൻ തുടങ്ങി . ഒരു വീട്ടിൽ ഒരു ഉപ്പയും ഉമ്മയും ഉണ്ടായിരുന്നു അവർക്ക് മക്കളുണ്ട്, എങ്കിലും ചെറിയ മോളോട് ആയിരുന്നു ഒരുപാട് ഇഷ്ടം. ചെറിയ വീട് , പാവപ്പെട്ട കുടുംബം എന്നാലും എല്ലാരും ഒരുപാട് സന്തോഷത്തോടെ ജീവിച്ചിരുന്നു ..
ചെറിയ മോളു മൂന്നിൽ പഠിക്കുന്നു ഒരു ദിവസം അവൾ ഉപ്പാന്റെ മുന്നിൽ ഒരു ആവശ്യം പറഞ്ഞു, ഒരു വാട്ടർ ബോട്ടിൽ..
കൂടെ പഠിക്കുന്ന എല്ലാവരും കൊണ്ട് വരുന്നുണ്ട് അവൾ കൊണ്ട് പോകുന്നത് പഴയ ജ്യൂസ് ബോട്ടിൽ ആണ്.
അവൾ അങ്ങനെ ഒന്നും ആഗ്രഹിച്ചു ചോദിക്കാറില്ല , ആദ്യമായി ചോദിച്ചപ്പോൾ അവളുടെ ഉപ്പാന്റെ കയ്യിൽ പണമില്ല, പാവം ഒന്നും മറുപടി പറഞ്ഞില്ല,
അവളുടെ മുഖം വാടി, ഒന്നും മിണ്ടാതെ അവൾ സ്കൂളിൽ പോയി , ഉപ്പ നോക്കിയപ്പോ അവൾ തലയും താഴ്ത്തി പോകുന്നു .
അവൾ ക്ലാസിലും ആരോടും മിണ്ടിയില്ല .. രണ്ടു പിരീഡ് കഴിഞ്ഞു, അപ്പോഴുണ്ട് അവളുടെ പേര് വിളിച്ചു കൊണ്ട് ഉപ്പ ക്ലാസിനു മുന്നിൽ കയ്യിൽ ഒരു ചുവന്ന വാട്ടർ ബോട്ടിൽ …
അവൾ സന്തോഷം കൊണ്ട് ഓടിവന്നു അത് വാങ്ങി ഉപ്പാനെ നോക്കി ഒന്നു പുഞ്ചിരിച്ചു അപ്പോൾ ഉപ്പാന്റെ മുഖവും വിടർന്നു..
കുറച്ചു കഴിഞ്ഞു അവൾ അതിലുള്ള വെള്ളം കുടിച്ചു, അപ്പോഴുണ്ട് അതിനു മധുരം, ഞാൻ നെല്ലിക്ക കഴിച്ചില്ലല്ലോ വെള്ളം മധുരിക്കാൻ അവൾ ആലോചിച്ചു ഒന്നുടെ കുടിച്ചു നോക്കി, ശരിയാണ് മധുരമുണ്ട്.. അവൾ അതൊന്ന് തുറന്ന് നോക്കി,ഞരങ്ങാവെള്ളം . .
അവളുടെ കണ്ണുകൾ നിറഞ്ഞു, അതിൽ അവൾ ഉപ്പാന്റെ സ്നേഹം കണ്ടു..
സെറീന പറഞ്ഞു നിർത്തി , മക്കൾ നോക്കി ഇരിക്കുന്നു, അപ്പുറത്തിരുന്ന ഷാഫിയും അവളെ തന്നെ നോക്കുന്നുണ്ട്, ഉമ്മ, കഥ സൂപ്പർ ..ഉപ്പാക്ക് ആ കുട്ടിനെ അത്രക്ക് ഇഷ്ടമാണല്ലേ മക്കൾ പറഞ്ഞു,
അതേഎന്ന് അവൾ തലയാട്ടി, മക്കൾ ഉറങ്ങാൻ കിടന്നു.
അവൾ ഫോൺ എടുത്തു അതിൽ ഉപ്പാന്റെ ഫോട്ടോ എടുത്തു നോക്കി, അവളുടെ കണ്ണുകൾ നിറഞ്ഞു, തോളിൽ ഒരു കൈ പതിഞ്ഞപ്പോൾ അവൾ തിരിഞ്ഞു നോക്കി , ഷാഫി ..
എനിക്കറിയാം സെറീന, പറഞ്ഞത് നിന്റെ കഥ തന്നെയാണെന്ന് . നിന്റെ ഉപ്പ കൂടെ ഇല്ലെങ്കിലും മനസ്സിൽ ഉണ്ട് അദ്ദേഹത്തിന്റെ ആത്മാവ് എന്നും നമ്മുടെ കൂടെ ഉണ്ട്..
അവൾ പുഞ്ചിരിച്ചു…
പക്ഷെ… ഷാഫി തുടർന്നു, എനിക്ക് പേടിയാണ് സെറീന, അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി ,,
ഷാഫി പറഞ്ഞു, നിന്നെ നിന്റെ ഉപ്പ രാജകുമാരിയെ പോലെ വളർത്തി, പക്ഷെ ഞാൻ അത്രയും നന്നായി നിന്നെ നോക്കുന്നുണ്ടോ എന്നറിയില്ല , നമ്മുടെ മക്കളോട് പോലും….
ഷാഫി പറഞ്ഞു നിർത്തി ,,, സെറീന, ഷാഫിയുടെ മേലെ ചാഞ്ഞു എന്നിട്ട് പറഞ്ഞു
ങ്ങള് എന്നെ നന്നായിതന്നെ നോക്കുന്നുണ്ട് ങ്ങള് പറഞ്ഞത് ശരിയാണിക്കാ, ഉപ്പാക്ക് മകൾ എന്നും രാജകുമാരി ആണ്, അതേപോലെ മക്കൾക്ക് എന്നും ഉപ്പ ഹീറോ ആണ് .. നമ്മുടെ മക്കൾക്കും ….
സെറീന മനസ്സിൽ വിചാരിച്ചു,, എന്തൊക്കെ ആയാലും എത്ര സ്നേഹം കിട്ടിയാലും ഉപ്പാ ങ്ങടെ സ്നേഹത്തിന്റെ ഒരു തുള്ളി പോലും ആവില്ല..
nb:കുറച്ചു ദിവസം മുൻപ് എന്റെ മക്കൾ എന്നോടൊരു കഥ പറയാൻ ആവശ്യപ്പെട്ടു.. അപ്പോൾ ഞാൻ പറഞ്ഞു കഥ .. (അനുഭവം )
എനിക്കെന്നല്ല, അച്ഛനെ സ്നേഹിക്കുന്ന എല്ലാവർക്കും അദ്ദേഹം ആണ് ആദ്യത്തെ ഹീറോ lover എല്ലാം…