ഒരു സങ്കടവും പുറത്ത് കാണിക്കാതെ ഒരു പാട് സന്തോഷത്തോടെ അമ്മു എന്നെ യാത്രയാക്കി ഒരു പക്ഷെ..

ഉള്ളുരുക്കങ്ങൾ
(രചന: Raju Pk)

സച്ചുവേട്ടാ…

പറ പെണ്ണേ നീ..

ഏട്ടൻ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യത്തിന് ഞാൻ അപ്പോൾ എതിർപ്പ് പറഞ്ഞെങ്കിലും പിന്നീട് അലോചിച്ചപ്പോൾ ഏട്ടന്റെ തീരുമാനം തന്നെയാണ് ശരി എന്ന് ഇപ്പോൾ എനിക്കും തോന്നുന്നു.

ആദ്യമൊക്കെ കാണാതിരിക്കുമ്പോൾ
കുറെ വിഷമം ഉണ്ടാകും നമുക്ക്.പതിയെ എല്ലാം ശരിയാകും ഇവിടത്തെ ഈ ജോലി കൊണ്ട് നമ്മുടെ കാര്യങ്ങൾ കഴിഞ്ഞ് പോകും എന്നല്ലാതെ വലിയ നീക്കിയിരിപ്പൊന്നും ഉണ്ടാകില്ല നമുക്ക്.

പരസ്പരം സ്നേഹിച്ചു പോയി എല്ലാവരും എതിർത്തപ്പോൾ അവരുടെ സമ്മതം ഇല്ലാതെ വിവാഹം കഴിച്ചു എന്ന തെറ്റ് മാത്രമാണ് നമ്മൾ ചെയ്തത്. നമ്മുടെ അച്ഛനമ്മമാർ നമ്മെ അന്യരായിട്ടാണ് ഇന്നും കാണുന്നത്.

സാരമില്ല നമ്മൾ ചെയ്തത് വലിയ തെറ്റ് തന്നെയാണ് ഇത്രയും വളർത്തി വലുതാക്കിയ അവരുടെ എല്ലാ മോഹങ്ങളും ഒരു നിമിഷം കൊണ്ട് നമ്മൾ തകർത്ത് കളഞ്ഞില്ലേ.

നമുക്ക് ഒരു കുഞ്ഞുണ്ടായിട്ടും അവർ തിരിഞ്ഞ് നോക്കിയില്ല. പാവം നമ്മുടെ മോൻ അവനെന്ത് തെറ്റു ചെയ്തു..?

എന്താണ് പെണ്ണേ ഓരോന്ന് പറഞ്ഞ് നീ ഇന്നും എന്നെ കരയിക്കാൻ ഉള്ള പരിപാടിയിലാണോ..?

എന്റെയും കണ്ണുകൾ നിറഞ്ഞു.ഒരെടുത്തു ചാട്ടം കൊണ്ട് നഷ്ടമായത് എല്ലാ ബന്ധങ്ങളുമാണ് കുറച്ചു കൂടി കാത്തിരുന്നെങ്കിൽ കുറച്ചു കൂടി അവരുടെ എല്ലാം സ്നേഹം നുകരാമായിരുന്നു എന്ന് തോന്നാറുണ്ട് ചിലപ്പോൾ..

അവരാരുമില്ലെങ്കിലും എനിക്ക് നീയില്ലേ പെണ്ണേ അവരല്ലേ വേണ്ടന്ന് വച്ചത് എന്നെയും എന്റെ പെണ്ണിനേയും. തൽക്കാലം അതെല്ലാം നമുക്ക് മറക്കാം നിറഞ്ഞ കണ്ണുകൾ പരസ്പരം തുടച്ച് ഞങ്ങൾ ഒന്നുകൂടി ചേർന്ന് കിടന്നു.

അപ്പോൾ ഞാൻ നാളെ ബോബനെ വിളിക്കാം അവൻ ജോലി ചെയ്യുന്ന കമ്പനിയിലെ മുതലാളിയുടെ ഡ്രൈവർ ആയിട്ടാണ് വിളിക്കാമെന്ന് പറഞ്ഞിരിക്കുന്നത് ഞാൻ അവനോട് പറയാം നാളെ വരാമെന്ന്.

ഏട്ടനെ കാണാതിരിക്കുമ്പോൾ എനിക്ക് വല്ലാത്ത വിഷമമാകും സാരമില്ല ഏട്ടന്റെ അനുജത്തിമാർ രണ്ടു പേരാണ് വലുതായി വരുന്നത്  അവരെ നല്ല രീതിയിൽ നമുക്ക് പറഞ്ഞയക്കണം.അവർ നമ്മളെ മറന്നെങ്കിലും നമ്മൾ മറക്കരുത്.

പിറ്റേന്ന് ബോബനെ വിളിച്ചു വരാമെന്ന് പറഞ്ഞു. ഒരു മാസത്തിനുള്ളിൽ പോകാനുള്ള വിസയും ടിക്കറ്റും കൈകളിൽ എത്തി.

പോകുന്നതിന് ഒരു ദിവസം മുൻപ് അമ്മുവിനേയും മകനേയും കൂട്ടി ഉഡുപ്പിയിൽ ജോലി ചെയ്യുന്ന പ്രിയ സ്നേഹിതൻ അരുണിന്റെ അടുത്തെത്തി ബന്ധുക്കൾ എല്ലാവരും ശത്രുക്കളേപ്പോലെ പെരുമാറുന്നിടത്ത് മോനേയും അമ്മുവിനേയും ഒറ്റക്കാക്കി പോരാൻ തോന്നിയില്ല.

അവൻ വീടിന്റെ അടുത്ത് തന്നെ സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന ഒരു ഫ്ളാറ്റ് തരപ്പെടുത്തിയിരുന്നു.

എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു സങ്കടവും പുറത്ത് കാണിക്കാതെ ഒരു പാട് സന്തോഷത്തോടെ അമ്മു എന്നെ യാത്രയാക്കി ഒരു പക്ഷെ അവളുടെ സങ്കടങ്ങൾ മാറി സന്തോഷം നിറഞ്ഞൊഴുകുന്ന ഒരു ഭാവി അവൾ സ്വപ്നം കാണുന്നുണ്ടാകാം കോടീശ്വരനായ രാമുണ്ണിയേട്ടന്റെ മകൾ.

എല്ലാ സുഖ സൗകര്യങ്ങളും വിട്ടെറിഞ്ഞാണ് എന്നോടൊപ്പം വരുന്നത് ഒരു പരാതിയും പറഞ്ഞിട്ടില്ല ഇതുവരെ.

പോകുന്നതിന് മുൻപ് അമ്മു എന്റെ എല്ലാ സർട്ടിഫിക്കറ്റുകളും എന്റെ പെട്ടിയിൽ എടുത്ത് വച്ചു.

ഒരു ഡ്രൈവർക്ക് എന്തിനാണ് പെണ്ണേ ഈ എൻജിനീയറുടെ വിദ്യാഭ്യാസ യോഗ്യത.

ചുമ്മാ ഇരിക്കട്ടെ ഏട്ടാ…

ഈ പേപ്പറുകൾ ഒന്നും ഇതുവരെ നമുക്ക് ഒരു നേരത്തെ ആഹാരത്തിനുള്ള വക നൽകിയിട്ടില്ല.
ഇതുമായി എത്രയിടത്ത് കയറിയിറങ്ങിയിരിക്കുന്നു. എല്ലാവർക്കും വേണ്ടത് വർഷങ്ങളുടെ എക്സ്പീരിയൻസ് ആണ്.

സാരമില്ല ഏട്ടാ എന്നിട്ടും നമ്മൾ ജീവിക്കാതിരുന്നില്ലല്ലോ..?

നമ്മൾ അദ്ധ്വാനിച്ചാണ് ജീവിക്കുന്നത് ആരെയും പറ്റിച്ചും മോഷ്ടിച്ചും ഒന്നും അല്ലല്ലോ. നമുക്ക് അർഹതപ്പെട്ടത് കാലമെത്ര കഴിഞ്ഞാലും നമ്മെ തേടിയെത്തും.

മനസ്സിലെ സങ്കടങ്ങൾ പുറത്ത് കാണിക്കാതെ ഒരു പാട് സ്വപ്നങ്ങളുമായി ഞാൻ യാത്രയായി….

മസ്ക്കറ്റിലെ കൊടും ചൂടിന് അല്പം പോലും മനസ്സിനെ തളർത്താൻ കഴിഞ്ഞില്ല കമ്പനിയിലെ പഴയ ആളായതുകൊണ്ട് ബോബന്റെ റൂമിൽ തന്നെ എനിക്കും തല ചായ്ക്കാനൊരിടം അവൻ തരപ്പെടുത്തി.

മൂന്നാമത്തെ ശ്രമത്തിൽ ലൈസൻസ് കിട്ടി രണ്ടാമതും കിട്ടാതിരുന്നപ്പോൾ ഇവിടെയും തോൽവിയാണോ എന്ന് മനസ്സിൽ തോന്നാതിരുന്നില്ല.

മദ്ധ്യവയസ്ക്കനായ അറബി വളരെ സ്നേഹസമ്പന്നനായിരുന്നു നല്ലപോലെ ഹിന്ദി സംസാരിക്കുന്ന അദ്ദേഹത്തെ എല്ലാവരും ഒരുപാട് ആദരവോടെയാണ് കണ്ടിരുന്നത്.

ഒരു ദിവസം ഒരമേരിക്കൻ കമ്പനിയുമായുള്ള ബിസിനസ്സ് ഉറപ്പിക്കാൻ ഞാനും അദ്ദേഹവും റൂവിയിലെ ഹോട്ടലിൽ എത്തി.വെള്ളക്കാരുടെ പല ചോദ്യങ്ങളും അദ്ദേഹത്തിന് വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നില്ല. അതിൽ വിഷമത്തിലായ മുതലാളി വല്ലാത്ത അവസ്ഥയിലും.

മറ്റൊന്നും ചിന്തിക്കാതെ ഞാനിടയിൽ കയറി സംസാരം തുടങ്ങി അന്നാദ്യമായി മലയാളം സ്കൂളിൽ സംസാരിച്ചാൽ മൂന്ന് ദിവസത്തേക്ക് സ്കൂളിൽ നിന്നും ഞങ്ങളെ പുറത്താക്കിയിരുന്ന സുധ മിസ്സി നോട് എനിക്ക് ഒരു പാട് ബഹുമാനം തോന്നി. ആ ബിസിനസ്സ് ഞങ്ങൾ ഉറപ്പിച്ചു കോടികളുടെ ഇടപാട്.

തിരികെ വാഹനത്തിലേക്ക് കയറിയ അദ്ദേഹം എന്റെ വിദ്യാഭ്യാസത്തെപ്പറ്റി തിരക്കി. സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞ എന്നോട് മുതലാളി നാളെ രാവിലെ സർട്ടിഫിക്കറ്റുകളുമായി ഓഫീസിലെത്താൻ പറഞ്ഞു.

പിറ്റേന്ന് ഞാൻ കമ്പനിയുടെ ഒരു മാനേജരായി നിയമിക്കപ്പെട്ടു. പിന്നീടങ്ങോട്ട് എന്റെയും കമ്പനിയുടേയും വലിയ ഉയർച്ചയുടെ കാലമായിരുന്നു.

താമസിയാതെ കുടുംബത്തേയും കൂടെ കൂട്ടി. രണ്ടനുജത്തിമാരേയും ഞാനാണ് സഹായിക്കുന്നതെന്ന് അവരാരും അറിയാതെ നല്ല രീതിയിൽ വിവാഹം ചെയ്തയച്ചു.

സ്ത്രീധനമായി ഒന്നും ആവശ്യപ്പെടാത്ത രണ്ട് പേർ അവർക്ക് വേണ്ടതെല്ലാം ഞങ്ങൾ നൽകി. ഞങ്ങളുടെ സാമ്പത്തീകമായ വളർച്ച അമ്മുവിന്റെ അച്ഛന്റേയും മനസ്സ് മാറ്റി ഒപ്പത്തിനൊപ്പം നിൽക്കുന്നവരെ കൂടെ കൂട്ടാതിരിക്കാൻ കഴിയില്ലല്ലോ..?

സത്യത്തിൽ എന്റെ ജീവിത സാഹചര്യങ്ങൾ എന്നെ കൊണ്ടെത്തിച്ചതാണ് എന്ത് ജോലിയും ചെയ്യേണ്ട അവസ്ഥയിലേക്ക്.

നാട്ടിലെ ഒരു ഓട്ടോ ഡ്രൈവറിൽ നിന്നും ഈ കമ്പനിയുടെ ജി എം ആയുള്ള എന്റെ വളർച്ച ഒരു പരിധി വരെ എന്ത് ജോലിയും ചെയ്യാനുള്ള ഒരു മനസ്സാണെന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു ഒപ്പം ദൈവദൂതനെപ്പോലെ എന്നെ കൈ പിടിച്ചുയർത്തിയ ബോബനും പിന്നെ എന്റെ പ്രിയപ്പെട്ടവളുടെ പ്രാത്ഥനയും.

എനിക്ക് ഒരവസരം തന്ന ബോബനെ ഞാനും ഒന്ന് കൈ പിടിച്ചുയർത്തി അവനെ കമ്പനിയിലെവാഹനങ്ങളുടെ ചുമതലയുള്ള മാനേജരാക്കി പല പ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും അവന്റെ പഴയ മുറി മാത്രം ഇന്നും അവൻ മാറിയിട്ടില്ല വല്ലപ്പോഴും ഞങ്ങൾ അവിടെ ഒത്തു കൂടാറുണ്ട് പഴയകാല ഓർമ്മകളും പങ്കുവച്ച് ….

ഒപ്പം ഒരിക്കലും തിരിച്ച് പിടിക്കാൻ കഴിയാത്ത വിധം നഷ്ടപ്പെട്ടെന്ന് കരുതിയ മാതാപിതാക്കളും മറ്റു ബന്ധുക്കളും ഇന്ന് എന്നോടൊപ്പമുണ്ട്.

”മറ്റേതൊരു ധനത്തേക്കാൾ വലിയ ധനം വിദ്യ തന്നെ എന്ന് വീണ്ടും തെളിയിക്കുകയാണ് കാലം എന്നിലൂടെ”.

Leave a Reply

Your email address will not be published. Required fields are marked *