ഒരുമ
(രചന: Raju Pk)
“കെട്ടിച്ച് വിട്ട പെണ്ണിന് ഈ വീട്ടിൽ എന്താ കാര്യം പൊയ്ക്കോണം നിങ്ങടെ വീട്ടിലേക്ക് ഇനി മേലിൽ നിങ്ങൾ ഈ പടി ചവിട്ടിപ്പോകരുത്.”
മൂന്ന് ദിവസമായി സുഖമില്ലാതെ കിടപ്പിലായ അമ്മയെ ഒരാശുപത്രിയിൽ പോലും കൊണ്ടുപോകാത്തതിനെപ്പറ്റി അനിയനോട് ചോദിച്ചപ്പോൾ അവന്റെ ഭാര്യയുടെ മറുപടി കേട്ട് ഒരുനിമിഷം ഞാനൊന്ന് നിശബ്ദയായി.
“നിന്റെ അപ്പൻ കൊടുത്തയച്ച സ്ത്രീധനത്തുക കൊണ്ട് ഉണ്ടാക്കിയതല്ല മേഘ അമ്പാടത്തെ ഈ ഇരുനില വീട്…
നിന്റെ അധികാരം നിന്റെ വീട്ടിൽ പിന്നെ എന്റെ ചോദ്യം നിന്നോടല്ല എന്റെ അനിയനോടാണ് അവൻ പറയും അതിനുള്ള ഉത്തരം”
“കുഞ്ഞിലെ അച്ഛൻ നഷ്ടപ്പെട്ട ഞാനും അമ്മയും നിന്നെ കണ്ടു കൊണ്ടാ വളർന്നത് ലോൺ എടുത്ത് ഞാൻ പഠിച്ച് വിദേശത്ത് ഒരു ജോലി നേടി…
ആദ്യത്തെ നാട്ടിൽ വരവിന് ഈ സ്ഥലവും വാങ്ങി ഇത് വാങ്ങുമ്പോൾ ഞാൻ അമ്മയുടേയും നിന്റെയും പേരിൽ വാങ്ങി നാട്ടിൽ വന്ന ഉടനെ വിവാഹാലോചനകൾ പലതും വന്നെങ്കിലും നിന്നെ ഒരു നിലക്കെത്തിക്കാൻ ഞാൻ അതെല്ലാം വേണ്ടെന്ന് വച്ചു,
അവസാനം ഇതു പോലൊരു വീടും പടുത്തുയർത്തി നിനക്ക് ടൗണിൽ ഒരു കടയും തുടങ്ങിത്തന്ന് ഇരുപത്തി എട്ടാമത്തെ വയസ്സിലാണ് ഞാൻ വിവാഹിതയാകുന്നത് നീ ഇതൊന്നും ഇവളോട് പറഞ്ഞിട്ടില്ലേ ഇതുവരെ.
അമ്മയെ എനിക്ക് കൂടെ കൊണ്ടുപോകാൻ കഴിയാഞ്ഞിട്ടല്ല അമ്മക്ക് മകന്റെ കൂടെ നിൽക്കുന്നതാണ് കൂടുതൽ ഇഷ്ടം എന്നെനിക്കറിയാവുന്നതു കൊണ്ടാണ് ഞാൻ കൂടെ കൂട്ടാത്തത്.”
“ചേച്ചി അമ്മ സുഖമില്ലെങ്കിൽ അത് പറയണ്ടെ പറഞ്ഞാലല്ലേ എനിക്കറിയാൻ കഴിയൂ”
“നീ മിണ്ടരുത് എത്ര നാളായി നീ അമ്മയോട് ഒന്ന് മിണ്ടിയിട്ട് അവസാനമായി മിണ്ടിയതെന്നാണെന്ന് നീ ഓർക്കുന്നുണ്ടോ..?
“ഞാൻ ഇവളുടെ ചേട്ടൻ അനിലിനോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് അയാൾ കൂടി വരട്ടെ വെറുതെ എന്തിനാ അച്ഛനമ്മമാരെ അറിയിച്ച് അവരുടെ സമാധാനം കളയുന്നത്”
“പിന്നെ എന്റെ ചേട്ടൻ വന്നാൽ എന്നെ എന്ത് ചെയ്യുമെന്നാ നിങ്ങടെ വിചാരം”
മേഘയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടുകൊണ്ടാണ് അനിൽ കയറി വരുന്നത് അനിയത്തിയെ ഒന്ന് നോക്കി നേരെ അനിൽ അളിയനോട് ചോദിച്ചു…
“എന്താ അളിയാ പ്രശ്നം എന്റെ പെങ്ങളെ അളിയന് കെട്ടിച്ച് തന്നപ്പോൾ ഇത്രയും വർഷം ചങ്കും കരളുമായി ജീവിച്ച അമ്മയും ചേച്ചിയും ആരുമല്ലാതായോ ജീവിതത്തിൽ”
“കഷ്ടം അളിയൻ ഇങ്ങനെ ഒരു പെങ്കോന്തനാണോ..?
“അതുകൊണ്ടല്ലളിയാ ഞാൻ എന്തെങ്കിലും തെറ്റുകൾക്ക് ഇവളെ വഴക്ക് പറഞ്ഞാൽ ഇവൾ നിങ്ങളുടേയും അമ്മയുടേയും പേരെഴുതി വച്ച് ഞാൻ ചത്ത് കളയും എന്ന ആത്മഹത്യ ഭീക്ഷണി മുഴക്കും…
അമ്മയോട് ഒന്ന് മിണ്ടാൻ പോലും ഇവൾ സമ്മതിക്കില്ല പലപ്പോഴും തോന്നിയിട്ടുണ്ട് വിവാഹം വേണ്ടായിരുന്നു എന്ന് ഒരു കുട്ടിയും ആയി ഇനി എന്ത് ചെയ്യാൻ”
“നേരാണോടി അളിയൻ പറഞ്ഞത്”
മറുപടി കേൾക്കാതായതും അനിലിന്റെ കൈകൾ അനിയത്തിയുടെ കവിളിൽ ആഞ്ഞ് പതിച്ചു.
“പോയി ചത്ത് കൂടെ നിനക്ക് ഇതിലും നല്ലത് അതാണ്”
“അളിയാ ചില പെണ്ണുങ്ങളുടെ സ്ഥിരം ഭീക്ഷണിയാണ് ചത്തു കളയും എന്നത് അങ്ങനെ ചാവേണ്ടവർ അങ്ങനെ തന്നെ ചാവും ഒരാൾ മരിക്കാനായി ഇറങ്ങിത്തിരിച്ചാൽ നമുക്കാർക്കും തടയാൻ കഴിയില്ല”
“എത്ര പറഞ്ഞാലും നന്നാവാത്ത ഇതു പോലുള്ളവർക്ക് വേണ്ടി നമ്മുടെ ജീവിതം നമ്മൾ നഷ്ടപ്പെടുത്തരുത്.
ഞാൻ ഇവളെ കൊണ്ടുപോവുകയാണ് ഇവളെ ഉപേക്ഷിച്ച് അളിയൻ മറ്റൊരു വിവാഹം കഴിച്ച് ജീവിക്കാൻ നോക്ക് ഇവളേപ്പോലുള്ളവൾമാർ ഈ സമൂഹത്തിന് തന്നെ ശാപമാണ്.
കുഞ്ഞ് അളിയന്റെ അടുത്ത് നിൽക്കട്ടെ കുഞ്ഞെങ്കിലും നന്മയുടെ പാതയിലൂടെ വളരട്ടെ അനിയത്തിയുടെ കൈകളിൽ മുറുകെ പിടിച്ച് പുറത്തേക്ക് നടക്കുമ്പോൾ കരഞ്ഞു കൊണ്ടവൾ പറയുന്നുണ്ട്.
“എന്നെ കൊണ്ടുപോകണ്ടെന്ന് പറ ഏട്ടാ ഞാൻ ഇനി ഒരിക്കലും അങ്ങനെ ഒന്നും പറയില്ല”
“അളിയാ ഒരവസരം കൂടി കൊടുക്ക് അവൾക്ക് അളിയൻ തല്ലിയിട്ട് അവൾക്ക് ഒരു കുഴപ്പവും ഇല്ലല്ലോ ഞാനായിരുന്നു തല്ലിയതെങ്കിൽ വനിതാ കമ്മിഷനിൽ വരെ എത്തിയേനേ ഇവൾ പരാതിയുമായി”
“ഇവൾ ഇനിയും എന്തെങ്കിലും തരികിടപ്പണികൾ എടുത്താൽ അളിയൻ ദൈര്യമായി വിളിച്ചോ ആ നിമിഷം ഞാനിവിടെ എത്താം…
ഈ കുടുംബത്തിലെ ഒത്തൊരുമ കണ്ടിട്ടാണ് ഞാൻ എന്റെ പെങ്ങളെ ഇവിടെ കെട്ടിച്ച് തരുന്നത് തന്നെ അതിവളായി തകർക്കാൻ നോക്കിയാൽ പെങ്ങളാണെന്നൊന്നും ഞാൻ നോക്കില്ല”
പഴയ കൂട്ടുകാരനും സഹപാഠിയുമായ അനിൽ ചിരിച്ചു കൊണ്ട് യാത്ര പറയാൻ വന്നപ്പോൾ ഞാൻ പറഞ്ഞു.
“വിവാഹ ശേഷം മകന്റെ സ്നേഹം അച്ഛനമ്മമാർക്കും കൂടപ്പിറപ്പിന്റെ സ്നേഹം സഹോദരങ്ങൾക്കും കിട്ടാതെ വരുമ്പോൾ അവർ ഒന്ന് തളരും ഒറ്റപ്പെട്ടതുപോലെ തോന്നും എല്ലാവരേയും ഒരുപോലെ കണ്ടാൽ തീരും ഇത്തരം പ്രശ്നങ്ങൾ”
“താൻ സമാധാനമായി തിരിച്ച് പൊയ്ക്കോ ഇനി ഞാൻ ഉണ്ട് ഇവിടെ അവൾക്കുള്ള സ്നേഹം കൂടി അമ്മക്ക് പോയാലോ എന്നുള്ള തോന്നലാണ് അവൾക്ക് അതിൽ തുടങ്ങിയ പ്രശ്നങ്ങളും മറന്ന് കളഞ്ഞേക്ക് അതെല്ലാം”
വീട്ടിലെ പരസ്പര സ്നേഹം തിരികെ വന്നപ്പോൾ അമ്മയുടെ കണ്ണുകളിലെ നഷ്ടപ്പെട്ട പ്രസരിപ്പും തിരികെ വന്നു…