(രചന: Nisha L)
എന്തിനായിരുന്നു ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കി ഡിവോഴ്സ് നേടിയത്.? അത്കൊണ്ട് ഞാൻ എന്ത് നേടി…? മനുവിനൊപ്പമുള്ള ജീവിതത്തിൽ സന്തോഷം ഇല്ല എന്ന് പറഞ്ഞു വിവാഹ മോചനം നേടി… എന്നിട്ടിപ്പോൾ സന്തോഷം ഉണ്ടോ..? ഇല്ല..
മുമ്പത്തേതിനേക്കാൾ വലിയ ദുഃഖം ഇപ്പോഴാണ്.. ചെറിയ ചെറിയ പ്രശ്നങ്ങൾ പറഞ്ഞു, പറഞ്ഞു വലുതാക്കി രണ്ടു വഴിക്ക് പിരിഞ്ഞു.. ഒന്നും വേണ്ടായിരുന്നു… ആരതി ചിന്തകളിൽ മുഴുകി..
ഞങ്ങളുടെ ജീവിതത്തിൽ മറ്റുള്ളവരെ ഇടപെടുത്തിയതാണ് പ്രശ്നമായത്.. എന്റെ വീട്ടുകാർ എന്നെയും, മനുവിന്റെ വീട്ടുകാർ മനുവിനെയും ന്യായീകരിക്കാൻ ശ്രമിച്ചു..
അവരാരും ഒരിക്കൽ പോലും ഞങ്ങളുടെ തെറ്റുകൾ ചൂണ്ടി കാട്ടി തിരുത്താൻ ശ്രമിച്ചില്ല… മനസ് ഇപ്പോഴും മനുവിനെ കൊതിക്കുന്നു.. ചിലപ്പോൾ എന്റെ ഇതേ അവസ്ഥയിൽ ആകും മനുവും.. ഇനി എനിക്ക് തിരുത്താൻ ആകുമോ ഈ തെറ്റ്..?
“മോളെന്താ ഒറ്റക്ക് ഇരുന്നു ചിന്തിക്കുന്നത്..? “
“ഒന്നുമില്ല അച്ഛാ.. ഞാൻ വെറുതെ…”
“മോളെ നല്ല ഒരു ആലോചന വന്നിട്ടുണ്ട്.. നമുക്ക് അത് നോക്കിയാലോ..? “
“എന്തിനു.. ? ഞാൻ നിങ്ങൾക്ക് വീണ്ടും ബാധ്യത ആയോ അച്ഛാ? “
“അയ്യോ.. അങ്ങനെയല്ല മോളെ.. മനുവിനും ആലോചനകൾ നോക്കുന്നുണ്ട്.. അവനെക്കാൾ മുൻപേ മോളുടെ കല്യാണം നടത്തണം.. അവന്റെ മുന്നിൽ നമ്മൾ തോൽക്കാൻ പാടില്ല… “
“എന്ത് ജയം…? ഞാൻ ഇപ്പോൾ തോറ്റു നിൽക്കുവല്ലേ അച്ഛാ.. എനിക്ക് ഇപ്പൊ മനുവിനോട് ഒരു ദേഷ്യവും ഇല്ല… അച്ഛാ ഞാൻ മനുവിനെ ഒന്ന് കൂടി കല്യാണം കഴിച്ചോട്ടെ..? “
ങേ.. എന്താ..? “
“സത്യമാണ് അച്ഛാ… എനിക്ക് മനു ഇല്ലാതെ ജീവിക്കാൻ പറ്റില്ല..”
“ഹലോ… ആരാ..? “
“മനു….. “
“ആരതി… ..”
“എന്താ ആതി… എന്ത് പറ്റി..? “
“എനിക്ക് മനുവിനെ ഒന്ന് കാണണം.. എപ്പോഴാ പറ്റുക..? “
“എപ്പോൾ വേണമെങ്കിലും വരാം.. നീ പറഞ്ഞോളൂ..”
“നാളെ വൈകിട്ട്… പാർക്കിൽ വരാമോ വരാം… “
“ആതി… നീയെന്താ ആഹാരം ഒന്നും കഴിക്കുന്നില്ലേ..? ക്ഷീണിച്ചു പോയല്ലോ.. “
“മനു എന്താ താടി ഒക്കെ വളർത്തി നിരാശ കാമുകനെ പോലെ..? “
രണ്ടു പേരും പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു..
“വീട്ടിൽ എനിക്ക് വേറെ വിവാഹം ആലോചിക്കുന്നു മനു.. “
“എനിക്കും..”
“എന്തിനായിരുന്നു മനു നമ്മൾ പിരിഞ്ഞത്..? “
“അറിയില്ല… “
“ആതി.. നമുക്ക് ഒന്ന് കൂടി കല്യാണം കഴിച്ചാലോ..? “
“മ്മ്…. “
“ങേ.. എന്താ…? “
“അത് ചോദിക്കാനാ ഞാൻ മനുവിനെ ഇപ്പോൾ വിളിച്ചത് തന്നെ… “
“നീ പോയപ്പോഴാണ് ഞാൻ നിന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് മനസിലായത്..”
“നമുക്കിടയിൽ എന്ത് പ്രശ്നം ഉണ്ടായാലും നമുക്ക് പരസ്പരം പറഞ്ഞു തീർക്കണം.. മറ്റാരെയും ഇടപെടുത്തരുതായിരുന്നു… അവിടെയാണ് നമുക്ക് തെറ്റ് പറ്റിയത്.. അല്ലെ ആതി..? “
“അതെ..”
പരസ്പരം തെറ്റുകൾ തിരുത്തി ഒരു പുതു ജീവിതം സ്വപ്നം കണ്ട് അവർ താത്കാലികമായി പിരിഞ്ഞു..