അർഹത
(രചന: Raju Pk)
മുറ്റത്ത് നിർത്തിയ ആംബുലൻസിൽ നിന്നും അച്ഛനെ അകത്തേക്ക് കിടത്തുമ്പോൾ ഒന്ന് നോക്കിയത് മാത്രമേ ഓർമ്മയിൽ ഉള്ളൂ ആരൊക്കെയോ സമാധാനിപ്പിക്കുന്നുണ്ട്.
ശരത്തേട്ടൻ അരികിൽ ചേർന്നിരുന്ന് തലമുടിയിഴകളിൽ വിരലോടിച്ചു കൊണ്ട് ചോദിച്ചു. വിനോദിനെ അറിയിക്കണ്ടെ. അവസാനമായി അവൻ വന്ന് ഒന്ന് കണ്ടോട്ടെ.
ഏട്ടനോട് മറുത്തൊന്നും പറഞ്ഞില്ല അനുജൻ അച്ഛനമ്മമാരെ പടിയടച്ച് പുറത്താക്കിയപ്പോൾ ഞാൻ പോലും അറിയാതെയാണ് ഏട്ടൻ കുട്ടിക്കൊണ്ടുവന്നത് ഈ നിമിഷം വരെ ഒരു മകൻ്റെ കടമ നിറവേറ്റുകയാണ്.
വിനോദിൻ്റെ വിവാഹം കഴിഞ്ഞ അന്നു മുതൽ തുടങ്ങിയതാണ് വീട്ടിൽ ഓരോ പ്രശ്നങ്ങൾ.
വാർദ്ധക്യത്തിലെത്തി നിൽക്കുന്ന അച്ഛനമ്മമാരെ ഓരോരോ ചെറിയ കാരണങ്ങൾ നിരത്തി വിനോദിൻ്റെ മുന്നിൽ കുറ്റപ്പെടുത്തുന്നതിൽ വിമല വലിയ സന്തോഷം കണ്ടെത്തിയിരുന്നു.
ഓരോ പുതിയ തന്ത്രങ്ങളിലൂടെ പതിയെ വിമല വിനോദിനെ അച്ഛനമ്മമാരിൽ നിന്നും അകറ്റി.
പുറത്താക്കപ്പെടും എന്ന് തോന്നിയപ്പോൾ സ്വയം ഇറങ്ങുകയായിരുന്നു. അവൻ്റെ മുന്നിലൂടെ അച്ഛൻ അമ്മയുടെ കൈ പിടിച്ചിറങ്ങുമ്പോൾ മകൻ്റെ ഒരു പിൻ വിളി അവർ പ്രതീക്ഷിച്ചിരുന്നു പക്ഷെ… അവൻ വിളിച്ചില്ല.
പിന്നീടൊരിക്കലും ഒരു ഫോൺ വിളിയിലൂടെ പ്പോലും തിരക്കിയിട്ടില്ല ഇന്നിതു വരെ.
പാതി തുറന്ന കണ്ണുകൾക്കിടയിലൂടെ വിനോദിനെ മുന്നിൽ കണ്ടപ്പോൾ അവനെ ഒന്നുകൂടി സൂക്ഷിച്ച് നോക്കി പരസ്പരം ഒന്ന് കണ്ടിട്ട് കാലങ്ങൾ കഴിഞ്ഞിരിക്കുന്നു.
ഇപ്പോൾ അച്ഛനെ അവസാനയാത്രയാക്കാൻ മകൻ്റെ വരവ്.
വിമലയും മക്കളും ഇല്ലല്ലോ കൂടെ. വിവാഹം കഴിഞ്ഞ് ഉടനെ അവൾ കൊടുത്ത അന്ത്യശ്വാസനമാണല്ലോ അച്ഛനമ്മമാരേയും ചേച്ചിയേയും നിലയ്ക്ക് നിർത്തണം എന്നുള്ളത്.
അടുത്തിരുന്ന അമ്മ അവൻ്റെ നേരെ ഒന്ന് നോക്കുക മാത്രം ചെയ്തു. പതിയെ ഞാൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു വിനോദിനടുത്തെത്തി.
‘നിൻ്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടല്ലോ നിനക്ക് ഇങ്ങനെയുള്ള വികാരവിചാരങ്ങൾ ഒക്കെയുണ്ടോ’.
‘ഒന്ന് അവസാനമായി കാണാനുള്ള അവസരം അത് മാത്രമേ നിനക്ക് തന്നിട്ടുള്ളൂ അതും എൻ്റെ ഏട്ടൻ്റെ ഔദാര്യം അന്ത്യകർമ്മങ്ങൾ ചെയ്യാൻ ഏട്ടനുണ്ട് അതിന് വേണ്ടി നീ കാത്ത് നിൽക്കണമെന്നില്ല ഇതെൻ്റെയും അമ്മയുടെയും തീരുമാനമാണ് ഞാൻ അടിച്ചിറക്കുന്നതിന് മുൻപ് നിനക്കിറങ്ങാം’.
എടാ ഒന്നുകിൽ ആണായി ജീവിക്കണം. അല്ലെങ്കിൽ….?
നീ ഒന്നോർത്തോ നാളെ നിനക്ക് വരാനിരിക്കുന്നത് ഇതിലും ഭീകരമായിരിക്കും. ഇവർക്ക് ഞാനൊരു മകളുണ്ടായിരുന്നു ജന്മം കൊടുത്തിട്ടല്ലെങ്കിലും എൻ്റെ ഏട്ടനെപ്പോലെ ഒരു മകനേയും കിട്ടി,.
കുനിഞ്ഞ ശിരസ്സുമായി അവൻ പുറത്തേക്കിറങ്ങുമ്പോൾ ഏട്ടൻ അവനെ തിരികെ വിളിക്കാനായിറങ്ങി ഞാൻ ആ കൈകളിൽ മുറുകെ പിടിച്ചു.
അവൻ പൊയ്ക്കോട്ടെ ഏട്ടൻ മതി അച്ഛൻ്റെ അന്ത്യ കർമ്മങ്ങൾക്ക് എന്തുകൊണ്ടും ജന്മം കൊടുത്ത മകനേക്കാൾ എൻ്റെ ഏട്ടനാണ് അതിനർഹത,…