എന്നെ എത്ര പേർ ഇതുവരെ പെണ്ണ് കാണാൻ വന്നെന്ന് ഞാൻ ഓർക്കുന്നില്ല വന്ന് പലരും..

താലി
(രചന: Raju Pk)

എൻ്റെ മുഖഭാവങ്ങളിൽ നിന്നും പെൺകുട്ടിയെ എനിക്ക് ഇഷ്ടമായി എന്ന് തോന്നിയതു കൊണ്ടാവാം ശങ്കരേട്ടൻ പെൺകുട്ടിയുടെ അച്ഛനോടായി പറഞ്ഞു.

ഇനി ചെറുക്കനും പെണ്ണിനും  എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ.

പതിയെ കീർത്തനയോടൊപ്പം പുറത്തേക്ക് നടക്കുമ്പോൾ അവളുടെ മുഖത്ത് വലിയ ഭാവഭേദങ്ങൾ ഒന്നുമില്ലായിരുന്നു.

എനിക്ക് തന്നെ ഇഷ്ടമായി രണ്ട് സഹോദരിമാരെ വിവാഹം ചെയ്ത് അയച്ച് അവരുടെ ബാദ്ധ്യതകൾ തീർത്തപ്പോൾ പ്രായം മുപ്പത്തിരണ്ടായി പിന്നീട് പറയരുത് ഇത്രയും പ്രായമുള്ള ആളായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു എന്ന്.

തനിക്ക് എന്നെ ഇഷ്ടമായോ…?

ചെറിയ പുഞ്ചിരിയോടെ അവൾ എന്നോട് പറഞ്ഞു ചേട്ടനെ എനിക്ക് ഇഷ്ടക്കുറവൊന്നും ഇല്ല.

പിന്നെ എന്നെ എത്ര പേർ ഇതുവരെ പെണ്ണ് കാണാൻ വന്നെന്ന് ഞാൻ ഓർക്കുന്നില്ല വന്ന് പലരും ഇതുപോലെ ഇഷ്ടമായി എന്ന് പറഞ്ഞ് പോയതല്ലാതെ തിരികെ ഈ പടി ചവിട്ടിയിട്ടില്ല.

ഈ അലോചന മുടങ്ങുകയാണെങ്കിൽ എന്താണ് കാരണം എന്നെങ്കിലും ഒന്ന് പറയണേ..?

നിറഞ്ഞ് തുളുമ്പിയ കണ്ണുകൾ തുടച്ചു കൊണ്ട് അവൾ അകത്തേക്ക് കയറിയപ്പോൾ മനസ്സിനെ വല്ലാത്തൊരു നൊമ്പരം കീഴ്പ്പെടുത്തി.

വിവാഹം കഴിഞ്ഞ് അധികം വൈകാതെ അവളുടെ വീട്ടിലേക്ക് വരുമ്പോൾ തൊട്ടടുത്ത കവലയിൽ വീട്ടിലേക്ക് കുറച്ച് മധുര പലഹാരങ്ങൾ വാങ്ങാനായി ഞങ്ങൾ ഇറങ്ങിയപ്പോൾ കടയോട് ചേർന്നുള്ള ഓട്ടോസ്റ്റാൻ്റിലെ യുവാക്കളിലൊരാൾ
ഞങ്ങളുടെ മുന്നിലെത്തി എന്നോടായി പറഞ്ഞു.

ഒരു പാട് നാൾ ഞാൻ പലയിടങ്ങളിലും കൊണ്ടു നടന്ന ഒരുത്തിയെ ആണല്ലോ നിനക്ക് കിട്ടിയത്.

ഞാൻ കീർത്തനയെ ഒന്ന് നോക്കി പെട്ടന്ന് മുന്നോട്ട് വന്ന അവൾ അവൻ്റെ ചെകിടടച്ച് ഒന്ന് കൊടുത്തു.

അപ്രത്യക്ഷിതമായ അടിയിൽ ഒന്ന് പതറിയ അവൻ കൂട്ടുകാർ എത്തിയപ്പോൾ തിരിച്ചടിക്കാനായി കൈയ്യുയർത്തി ഉയർത്തിയ കൈയ്യിൽ മുറുകെ പിടിച്ചു കൊണ്ട് ഞാൻ അവനോട് പറഞ്ഞു.

ഈ വിവാഹം മുടക്കുവാനായി നീ പലവട്ടം എന്നെ വിളിച്ച് സംസാരിച്ചതെല്ലാം എൻ്റെ ഫോണിൽ ഉണ്ട് നിന്നേപ്പോലുള്ളവർ ഒരുപാടുണ്ട് നമ്മുടെ സമൂഹത്തിൽ.

നിനക്ക് ഏത് പെൺകുട്ടിയെ വേണമെങ്കിലും ഇഷ്ടപ്പെടാം പക്ഷെ അവർക്ക് നിന്നോട് ഇഷ്ടം തോന്നണം എന്ന് നിർബന്ധം പിടിക്കരുത് ബലപ്രയോഗത്തിലൂടെ പിടിച്ച് വാങ്ങേണ്ടതല്ല സ്നേഹം.

നീ ഇവളോട് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപര്യം ഉണ്ടെന്നും പറഞ്ഞപ്പോൾ അച്ഛനുമായി ആലോചിക്കാനല്ലേ അവൾ പറഞ്ഞത്.

മൂക്കുമുട്ടെ കുടിച്ച് നാടിനും വീടിനും യാതൊരു ഗുണവുമില്ലാതെ നടക്കുന്ന നിനക്ക് കെട്ടിച്ച് തരാൻ എൻ്റെ വീട്ടിൽ പെണ്ണില്ലെന്ന് നിന്നോട് ഇവളുടെ അച്ഛൻ പറഞ്ഞപ്പോൾ അതിൻ്റെ പ്രതികാരം നീ വളരെ ഭംഗിയായി ഇത്രയും നാൾ നടപ്പിലാക്കി.

വിവാഹപ്രായമായ പെൺകുട്ടികൾക്ക് വരുന്ന ആലോചനകൾ യാതൊരു കാരണവുമില്ലാതെ മുടങ്ങുമ്പോൾ അവരുടെ മാതാപിതാക്കന്മാർ അനുഭവിക്കുന്ന വേദന നിനക്ക് മനസ്സിലാകണമെങ്കിൽ നീ ഒരു പെൺകുട്ടിയുടെ പിതാവാകണം.

എൻ്റെ പെണ്ണിൻ്റെ കൈ മുറുകെ പിടിച്ച് ബൈക്കിനടുത്തേക്ക് നടക്കുമ്പോൾ ആ കണ്ണുകളിലെ തിളക്കം ഒന്ന് കണേണ്ടതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *