നിമിത്തം
(രചന: Raju Pk)
കതിർമണ്ഡപത്തിൻ്റെ അവസാന മിനുക്ക് പണികളിലായിരുന്ന വിശ്വൻ മാമൻ്റെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് തിരിഞ്ഞ് നോക്കുന്നത്.
ഇടനെഞ്ചിൽ കൈകളമർത്തി മാമൻ എന്തൊക്കെയോ പറയുന്നുണ്ട് പലതും വ്യക്തമല്ല ഒന്നു മാത്രം മനസ്സിലായി കല്യാണം മുടങ്ങിയിരിക്കുന്നു.
ഈശ്വരാ.. താര.
എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും അവളെ ഞാൻ.
മാമൻ്റെ മകളാണെങ്കിലും സ്വന്തം അനുജത്തിയായിട്ടാണ് സ്നേഹിച്ചതും ചേർത്ത് പിടിച്ചിട്ടുള്ളതും.
പെട്ടന്ന് അടുത്തേക്ക് വന്ന മാമൻ എൻ്റെ രണ്ട് കൈകളിലും ചേർത്ത് പിടിച്ചു.
മോനേ ശരണിന് അടുത്തുള്ള മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. നമ്മൾ പറഞ്ഞുറപ്പിച്ച മുഹൂർത്തത്തിൽ അവൻ ആ പെൺകുട്ടിയെ വിവാഹം കഴിക്കുകയാണ്.
എൻ്റെ മോൻ എന്നെ കൈവിടരുത്,രണ്ട് വട്ടം മരണത്തെ മുഖാമുഖം കണ്ട് തിരികെ വന്ന മാമൻ്റെ ഒരാഗ്രഹമെങ്കിലും എൻ്റെ മോൻ സാധിച്ച് തരണം.
എൻ്റെ പൊന്നുമോളുടെ വിവാഹം ഇന്ന് ഇവിടെ പറഞ്ഞുറപ്പിച്ച മുഹൂർത്തത്തിൽ നടക്കണം. മോൻ ഇട്ടിരിക്കുന്ന വേഷമൊക്കെ മാറ്റി സമയമാകുമ്പോൾ മണ്ഡപത്തിലേക്ക് കയറി വരണം.
കൈയ്യിൽ ഇരുന്ന ഷർട്ടും മുണ്ടും എന്നെ ഏൽപ്പിച്ച് മാമൻ തിരികെ നടന്നു.പെട്ടന്ന് ആ കൈകളിൽ ഞാൻ മുറുകെ പിടിച്ചു.
മാമൻ താരയോട് പറഞ്ഞോ ഇക്കാര്യം.?
ഞാൻ പറയുന്നതിനുമപ്പുറം എൻ്റെ മോൾ ഒരു തീരുമാനമെടുക്കുന്നത് എൻ്റെ മോൻ കണ്ടിട്ടുണ്ടോ.?
നിൻ്റെ അച്ഛനമ്മമാരും ഞാനും ചേർന്നെടുത്ത തീരുമാനമാണ് എല്ലാവരും വളരെ സന്തോഷത്തിലാണ്.
അപ്പോൾ എല്ലാവരും ചേർന്നെടുത്ത തീരുമാനമാണ്. ഈ നിമിഷം വരെ സ്വന്തം സഹോദരിയായി കണ്ട പെൺകുട്ടി അല്പസമയത്തിനകം ഭാര്യയാകാൻ പോവുകയാണ്.
ഇനി എന്ത് ചെയ്യണം എന്നറിയാതെ ആൾക്കൂട്ടത്തിൽ തനിച്ചാക്കപ്പെട്ട ഒരു കൊച്ചു കുട്ടിയേപ്പോലായി ഞാൻ.മുഹൂർത്തത്തിന് ഇനിയും ഒരുപാട് സമയമുണ്ട്.
പെട്ടന്ന് അച്ഛൻ്റെ അടുത്തെത്തി.
എനിക്ക് കുറച്ച് സമയം വേണം ഒരിടം വരെ ഒന്ന് പോകണം പെട്ടന്ന് വരാം എല്ലാംഒരുക്കിക്കോ.
മറുപടിക്ക് കാത്തു നിൽക്കാതെ നേരെ ശരണിൻ്റെ വീട്ടിലേക്ക് എൻഫീൽഡുമായി കുതിച്ചു. കണക്ക് കൂട്ടൽ തെറ്റിയില്ല ശരണിൻ്റെ അനുജൻ ശ്യാം വീട്ടിൽ തന്നെയുണ്ട്. അവൻ്റെ തോളിലൂടെ കൈയ്യിട്ട് പുറത്തേക്ക് നടന്നു.
ചേട്ടൻ്റെ വിവാഹം പറഞ്ഞുറപ്പിച്ച സമയത്ത് തന്നെ നടക്കുകയാണല്ലോ അല്ലേ.?
അവൻ്റെ കൂടെയുള്ള ഒരു ജീവിതവും സ്വപ്നം കണ്ടിരുന്ന ഒരു പെൺകുട്ടി ഇപ്പോൾ രണ്ട് വട്ടം മരണത്തെ മുഖാമുഖം കണ്ട ഹ്യദ് രോഗിയായ അച്ഛനോടൊപ്പം അവിടെയുണ്ട് എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും തകർന്ന്.
നിനക്ക് കഴിയുമോ അവൾക്കൊരു ജീവിതം കൊടുക്കാൻ..അതോ നിനക്കുമുണ്ടോ നിൻ്റെ ചേട്ടൻ പറയാതെ മറച്ചു വച്ചതുപോലെ മറ്റൊരു പ്രണയത്തിൻ്റെ കഥ.?
ചേട്ടാ…
താരയെ പെണ്ണ് കാണാനായി ഞങ്ങൾ വന്ന ദിവസം കണ്ട ആദ്യ നിമിഷത്തിൽ തന്നെ അവളെൻ്റെ മനസ്സിൽ പതിഞ്ഞിരുന്നു. ഏട്ടന് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതുകൊണ്ട് മാത്രം ഞാൻ ഏട്ടത്തിയായി മനസ്സിൽ സ്ഥാനവും കൊടുത്തു.
പിന്നെ ഇങ്ങനെ ഒരവസരത്തിൽ എനിക്ക് ഇതുപോലെ ഒരു കാര്യവുമായി അങ്ങോട്ട് വരാൻ കഴിയില്ലല്ലോ എനിക്ക് പറയാനായി ഒരു നഷ്ടപ്രണയവുമില്ല. അല്പം സമയം വേണം ഞാൻ അച്ഛനമ്മമാരേയും കൂട്ടുകാരേയും ഒന്ന് വിളിച്ചോട്ടെ.
മാമൻ എനിക്കായി വാങ്ങിയ ഷർട്ടും മുണ്ടും ഞാൻ ശ്യാമിനെ ഏൽപ്പിച്ചു.
ഉടനെ ഫോണെടുത്ത് മാമനെ വിളിച്ചു. മാമാ ഞാൻ നമ്മുടെ താരയ്ക്കു വേണ്ടി എന്നേക്കാൾ നല്ലൊരു ചെറുപ്പക്കാരനുമായി അങ്ങോട്ട് വരുന്നുണ്ട്. ഓർമ്മവച്ച നാൾ മുതൽ താര എനിക്ക് കുഞ്ഞനുജത്തിയാണ് എൻ്റെ ഭാര്യയായി ഒരിക്കലും അവളെ എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല.
നമ്മുടെ ശ്യാം ആണ് വരൻ ശരണിൻ്റെ അനുജൻ മാമൻ്റെ മറുപടിക്ക് കാത്തുനിൽക്കാതെ എല്ലാവരേയും കൂട്ടി യാത്ര തിരിച്ചു.
എല്ലാവരേയും കൂട്ടി കൃത്യ സമയത്ത് മണ്ഡപത്തിലെത്തി താലികെട്ടു കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ…
മാമൻ എന്നെ നെഞ്ചോട് ചേർത്ത് പിടിച്ചു എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്ന എൻ്റെ മുന്നിൽ സ്നേഹത്തിൻ്റെ നന്മയുടെ കരുണയുടെ അവതാരമായി എല്ലാ കടമകളും സ്വയം ചെയ്തു.
താരയെ വിവാഹം കഴിക്കാൻ നീ തയ്യാറല്ല എന്നൊരു വാക്ക് എൻ്റെ മോൻ പറഞ്ഞു പോയിരുന്നെങ്കിൽ ഒരു പക്ഷെ ഇന്നിതൊരു മരണവീടായേനേ സത്യത്തിൽ നീയാണ് ഈ കുടുംബത്തിൽ എല്ലാവരിലേക്കും പ്രകാശം പരത്തി നിറഞ്ഞ് കത്തുന്ന നിലവിളക്ക്.
നിറഞ്ഞ ചിരിയോടെ ഞാൻ പുറത്തേക്ക് നടന്നു ആർക്കും അറിയില്ലല്ലോ താലികെട്ടിൻ്റെ നിമിഷം വരെ ഞാൻ സ്വയം എരിഞ്ഞ് തീരുകയായിരുന്നു എന്ന്. വിവാഹത്തിൻ്റെ അന്നും തലേന്നും ഒളിച്ചോടുന്നവർക്ക് അറിയില്ലല്ലോ
മറ്റുള്ളവരുടെ ഉള്ളുരുക്കങ്ങൾ.