ദാമ്പത്യം
(രചന: Raju Pk)
അമ്മേ വിവാഹം ഇങ്ങടുത്തെത്തി അതിന് മുൻപ് എനിക്ക് അച്ഛനെ കണ്ട് അനുഗ്രഹം വാങ്ങണം. എനിക്കും ഏട്ടനും അച്ഛനെ കണ്ട ഓർമ്മകൾ പോലും ഇല്ല അത്ര കുഞ്ഞിലേ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതല്ലേ.
അമ്മക്ക് ഇരുപത്തി അഞ്ച് വയസ്സുള്ളപ്പോൾ അച്ഛൻ നമ്മളെ തനിച്ചാക്കി പോയതല്ലേ ജീവിതം തുടങ്ങിയപ്പോഴേക്കും ഒരു തെറ്റും ചെയ്യാതെ വിധവയേപ്പോലെ അമ്മ ഓർക്കുമ്പോൾ…?
അച്ഛന്റെ സ്നേഹമെന്താണെന്ന് അറിഞ്ഞിട്ടുണ്ടോ ഞങ്ങൾ ഇതുവരെ ഒന്ന് ചേർത്ത് പിടിച്ചിട്ടുണ്ടോ.?
ഇതുവരെ അമ്മ അച്ഛനെപ്പറ്റി മോശമായി ഒന്നും പറഞ്ഞിട്ടില്ല എന്തിനാണമ്മേ എല്ലാം ഉള്ളിലൊതുക്കി സ്വയം ഇങ്ങനെ എരിയുന്നത്.
നിങ്ങളോടിന്നു വരെ അച്ഛനെപ്പറ്റി ഞാനൊന്നും പറഞ്ഞിട്ടില്ല ഇനി ഞാൻ ഒന്നും നിങ്ങളോട് മറച്ച് പിടിക്കുന്നില്ല നമുക്ക് ഒരു മിച്ച് പോകാം നിങ്ങൾക്ക് നിങ്ങളുടെ അച്ഛനെ കാണാം.
രാത്രി എത്ര ശ്രമിച്ചിട്ടും ഒന്നുറങ്ങാൻ കഴിഞ്ഞില്ല ദേവേട്ടനുമായി ഒരു മുഖാമുഖം തനിക്കതിന് അർഹതയുണ്ടോ..?
ഒരു പക്ഷെ ആ ഒരു ദിവസത്തോടെ മക്കളുടെ മുന്നിൽ അവരുടെ അമ്മയുടെ പൊയ്മുഖം എന്നെന്നേക്കുമായി തകർന്ന് വീണേക്കാം. തകരട്ടെ എല്ലാം.
തലയിണക്കീഴിൽ നിന്നും ഫോണെടുത്തു. മനസ്സിൻ്റെ അഗാധതലങ്ങളിൽ പതിഞ്ഞ് പോയ നമ്പറിലേക്ക് വിരലുകൾ പാഞ്ഞു.
”ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം” റിംഗ് റ്റ്യൂൺ പോലും മാറിയിട്ടില്ല.
ഹലോ.. ദേവേട്ടാ ഞാൻ
പറഞ്ഞോളൂ…
നമ്മുടെ മകളുടെ വിവാഹമാണ് അടുത്ത മാസം രണ്ടിന് അവൾക്ക് അച്ഛനെക്കണ്ട് അനുഗ്രഹം വാങ്ങണമെന്ന്.
ഒരു വട്ടം. ഒരുവട്ടം മാത്രം ഒന്ന് കണ്ടോട്ടെ നമ്മുടെ മോളെ ഒന്ന് അനുഗ്രഹിക്കാമോ..? നമ്മൾ തമ്മിൽ പിരിയുമ്പോൾ ഉള്ള നിബന്ധനകളുടെ ലംഘനമാണ്.
എങ്കിലും മറ്റന്നാൾ വന്നോളൂ ഉച്ചക്ക് രണ്ട് മണി മുതൽ അഞ്ച് മണി വരെ നിങ്ങൾക്കുള്ള സമയം ഇനി ഒരിക്കലും ഇത്തരം കാര്യങ്ങൾക്കായി എന്നെ വിളിക്കരുത് പിന്നെ ഇവിടെ വരുന്നിടം വരെ എന്നെപ്പറ്റി അവർ ഒന്നും അറിയരുത്..
ചില തിരിച്ചടികൾ ഒരു തിരിച്ചറിവാണ് തകർന്ന് പോയിടത്ത് നിന്നും ഒന്ന് തനിയെ എഴുന്നേൽക്കാൻ പക്ഷെ എനിക്കിനിയും മനസ്സുകൊണ്ട് പൂർണ്ണമായും കഴിഞ്ഞിട്ടില്ല ഇനി ഒരിക്കലും എന്നെ വിളിക്കരുത്….
ദേവേട്ടാ ഞാൻ….
ഹലോ.. ഹലോ…
പൊട്ടിക്കരഞ്ഞുകൊണ്ട് ഞാൻ തലയിണയിൽ മുഖം ചേർത്തമർത്തി.
അന്ന് മോൾക്ക് ആറ് മാസവും മോന് രണ്ട് വയസ്സുമായിരുന്നു പ്രായം തലേ ദിവസം സ്കൂളിൽ പത്ത് വർഷത്തിന് ശേഷം നടത്തിയ എസ് എസ് എൽ സി ബാച്ചിൻ്റെ ഒത്തുകൂടലിൽ പ്രവീണും വന്നിരുന്നു തിരിച്ചറിവില്ലാത്ത പ്രായത്തിൽ മനസ്സിൽ പൊട്ടി മുളച്ച പ്രണയം.
സ്കൂൾ പഠനത്തിന് ശേഷം പലയിടങ്ങളിലേക്ക് പിരിഞ്ഞപ്പോൾ പരസ്പരം കാണുവാനുള്ള സാഹചര്യങ്ങൾ ഇല്ലാതായി പതിയെ എല്ലാം മറന്നു എങ്കിലും ഇടക്കിടെ ആദ്യ പ്രണയം മനസ്സിൽ ഒരു നൊമ്പരമായി.
അവനെ വർഷങ്ങൾ കഴിഞ്ഞ് കണ്ടപ്പോൾ വല്ലാതെ സുന്ദരനായതുപോലെ തോന്നി.
പിരിയുന്നതിന് മുൻപ് പ്രവീൺ വീടും മറ്റും ചോദിച്ച് മനസ്സിലാക്കി പിറ്റേന്ന് ശരത്തിനോടും മനുവിനോടും ഒപ്പം വരുമെന്നറിയിച്ചു.
വൈകിട്ട് ദേവേട്ടനെത്തിയതും രാവിലെ കൂട്ടുകാർ വരുന്ന കാര്യം പറഞ്ഞു പുറമെ പരുക്കനെങ്കിലും മനസ്സുനിറയെ സ്നേഹമായിരുന്നു എന്നോടും മക്കളോടും ഏട്ടന്.
എന്നെ പ്രതീക്ഷിക്കണ്ട പിന്നെ സമയം കിട്ടിയാൽ ഓടിയെത്താം. കൊച്ചിയിലെ പ്രശസ്ഥനായ ന്യൂറോ സർജൻ തിരക്ക് പിടിച്ചതാണ് ഓരോ ദിവസവും.
കൂട്ടുകാരേയും കൂട്ടി വരാമെന്നേറ്റ പ്രവീൺ പത്ത് മണിയോടെ തനിയെ എത്തി. തനിച്ചേ ഉള്ളോ എന്ന എൻ്റെ ചോദ്യത്തിന് അവർ വരാമെന്ന് പറഞ്ഞിട്ട് അവസാന നിമിഷം എന്നെ തനിച്ചാക്കി എന്ന മറുപടിയും.
മോൾ ഉറങ്ങുന്നു മോൻ അകത്ത് ഓരോ കളി കളിലും. കഴിക്കാനുള്ള ജ്യൂസ് എടുത്ത് അവൻ്റെ കൈയ്യിൽ കൊടുക്കുമ്പോൾ.
എന്നെ വലിച്ചവൻ നെഞ്ചോട് ചേർത്തു ഒരു നിമിഷം ഞാൻ എന്നെത്തന്നെ മറന്നു പോയി തുറന്നിട്ട വാതിലിലൂടെ ദേവേട്ടൻ പതിയെ അകത്തേക്ക് വരുന്നത് മുന്നിലെ കണ്ണാടിയിലൂടെ ഞാൻ കണ്ടു.
ചവിട്ടി നിൽക്കുന്ന ഭൂമി പിളർന്ന് താഴ്ന്ന് പോയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പിടഞ്ഞ് മാറിയ എന്നെ ഏട്ടൻ ഒന്ന് നോക്കി. ഒരു ഭാര്യയേയും സ്വന്തം ഭർത്താവ് കാണാൻ ആഗ്രഹിക്കാത്ത നിമിഷം സ്വന്തം ഭാര്യ മറ്റൊരാണിൻ്റെ കരവലയത്തിനുള്ളിൽ.
കയറി വന്നതും പ്രവീണിൻ്റെ മുഖത്ത് ആ കൈകൾ ആഞ്ഞ് പതിച്ചു.കുനിഞ്ഞ മുഖവുമായി അവൻ പുറത്തേക്ക് നടന്നു.
നിന്നെ ഞാൻ തല്ലുന്നില്ല ഇങ്ങനെ ഉള്ള ഒരു പൊയ്മുഖം നിന്നിൽ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. നിന്നിൽ ഉള്ള വിശ്വാസം ഇവിടെ തകർന്നിരിക്കുകയാണ് കുനിഞ്ഞ മുഖവുമായി നിന്ന എൻ്റെ മുഖം പിടിച്ചുയർത്തി ഇത്രയും പറഞ്ഞു.
എനിക്കിനി മറ്റൊരു ജീവിതമില്ല നീ അവനോടൊത്ത് ഒരു ജീവിതം ആഗ്രഹിക്കുന്നു എങ്കിൽ നിയമപരമായി പിരിയാം. തൽക്കാലം ഇതെല്ലാം നമ്മളിൽ മാത്രം ഒതുങ്ങട്ടെ ചോദിക്കുന്നവരോട് നിനക്ക് യുക്തമായ എന്ത് മറുപടിയും പറയാം.
മറ്റൊരു ജീവിതം തേടി നീ പോവുകയാണെങ്കിൽ മക്കളെ എന്നെ ഏൽപ്പിക്കണം അവർ ഇപ്പോൾ അമ്മയുടെ സ്നേഹം അറിഞ്ഞ് വളരട്ടെ. അവരുടെ ആവശ്യങ്ങൾക്കുള്ളപണം നിൻ്റെ കൈകളിൽ എല്ലാമാസവും എത്തും.
നിൻ്റെ ശബ്ദം ഇനിഒരു ഫോൺ കോളിൻ്റെ രൂപത്തിൽ പോലും എന്നെത്തേടി വരരുത്.
നിറഞ്ഞ കണ്ണുകൾ സാരിത്തുമ്പ് കൊണ്ട് അമർത്തി തുടച്ചു അർഹിക്കുന്ന ശിക്ഷയാണ് അനുഭവിച്ച് തീർക്കുക തന്നെ വേണം എനിക്ക് കൈവിട്ടു പോയ ഒരു നിമിഷമാണ് ഒരു കുടുബം ശിഥിലമാക്കിയത് കുട്ടികൾക്ക് അവരുടെ അച്ഛൻ്റെ സ്നേഹം ഇല്ലാതാക്കിയത്.
പിന്നീട് മക്കൾക്ക് വേണ്ടി മാത്രമായി ജീവിതം. ഈ കഥകളൊന്നും ഇതുവരെ മക്കൾക്കറിയില്ല ദേവേട്ടൻ തന്നെ പറയട്ടെ.
മക്കളേയും കൂട്ടി വീണ്ടും ആപടികൾ കയറുമ്പോൾ
ചവിട്ടുന്ന കാൽച്ചുവട്ടിലെ മണ്ണ് ഇളകി മാറുന്നതു പോലെ തോന്നി ഒരാശ്രയത്തിനായി മകൻ്റെ കൈകളിൽ മുറുകെ പിടിച്ചു.
ഡോക്ടർ ദേവദാസ് എന്ന ബോർഡ് വീടിൻ്റെ മുന്നിൽ കണ്ടതും മക്കൾ വല്ലാതായി.
ഞങ്ങൾ ആ പഴയ വീടിൻ്റെ വരാന്തയിലേക്ക് കയറിയതും ദേവേട്ടൻ വാതിൽ തുറന്ന് പുറത്ത് വന്നു. ആ കണ്ണുകൾ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു മുടിയിഴകളിൽ പലതും നര വീണ് തുടങ്ങിയിരിക്കുന്നു.
ഭക്ഷണശേഷം ഉമ്മറത്തിരിക്കുമ്പോൾ തണുത്ത കാറ്റ് പതിയെ മുടിയിഴകളെ തഴുകിത്തലോടി കടന്ന് പോകുന്നുണ്ടായിരുന്നു.
സംസാരത്തിനിടയിൽ തമ്മിൽ പിരിയാനുണ്ടായ കാര്യം മക്കൾ അച്ഛനോട് ചോദിച്ചു.
മാതാപിതാക്കൾ പിരിയുമ്പോൾ ഏറ്റവും കൂടുതൽ വിഷമം അനുഭവിക്കുന്നത് കുട്ടികളാണ് എന്തിനാണ് ഞങ്ങളുടെ എല്ലാ സന്തോഷങ്ങളും തല്ലിക്കെടുത്തി നിങ്ങൾ അകന്നത് എന്ന കുട്ടികളുടെ ചോദ്യത്തിന്.
എന്താചാരൂ താനിതുവരെ കുട്ടികളോടൊന്നും പറഞ്ഞിട്ടില്ലേ. ചാരു എന്ന വിളിയിൽത്തന്നെ എൻ്റെ കണ്ണുകൾ നിറഞ്ഞു.
എൻ്റെ തിരക്കുകളാണ് എന്നെ നിങ്ങളിൽ നിന്നും അകറ്റിയത് പലപ്പോഴും വീട്ടിൽ എത്തുന്നത് തന്നെ സമയം തെറ്റിയ നേരത്താവും ഒരു ഡോക്റ്റർ എന്ന നിലയിൽ ഞാൻ എൻ്റെ കടമകൾ സത്യസന്ധമായി നിറവേറ്റിയപ്പോൾ…
എൻ്റെ കുടുംബ ജീവിതം എനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്നു എത്ര ശ്രമിച്ചിട്ടും രണ്ടും ഒരു പോലെ മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് കഴിഞ്ഞില്ല അതാണ് പിരിയാനുണ്ടായ കാരണം.
പരിഭവങ്ങളും പരാതികളും പറഞ്ഞ് തീർത്ത് തിരികെ ഇറങ്ങുമ്പോൾ ദേവേട്ടനു മുണ്ടായിരുന്നു കൂടെ എൻ്റെ കൈവിരലുകൾ കോർത്ത് പിടിച്ച് കുട്ടികളുടെ പിന്നിൽ നടക്കുമ്പോൾ നിറഞ്ഞ് വരുന്ന ഞങ്ങളുടെ കണ്ണുകൾ ഇടക്കിടെ പെയ്ത് തോരുന്നുണ്ടായിരുന്നു.