സിന്ദൂരം
(രചന: Raju Pk)
രണ്ടാം നിലയുടെ വാർക്കയും കഴിഞ്ഞ് പണി ആയുധങ്ങൾ ഒതുക്കി കൈകാലുകൾ കഴുകി ഓരോരുത്തരുടേയും കൂലി നൽകിക്കൊണ്ടിരിക്കുമ്പോഴാണ് പ്രിയ സ്നേഹിതൻ ശേഖരന്റെ ഫോൺ കോൾ…
“എന്താ ശേഖരാ.. ?
“നീ തിരക്കിലാണോ”
“അല്പം പണിക്കാരുടെ പൈസ കൊടുത്തു കൊണ്ടിരിക്കുന്നു എന്താടാ “
“വേണു ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം ആരാ നിന്റെ ഏറ്റവും അടുത്ത ചങ്ങാതി”
“നിനക്കെന്താ സംശയം തോന്നാൻ നമ്മൾ പരസ്പരം പങ്ക് വയ്ക്കാത്ത എന്ത് രഹസ്യമാണ് നമ്മുടെ ജീവിതത്തിൽ “
“എന്നിട്ടാണോ നീ നിന്റെ മകളുടെ വിവാഹം നടന്ന കാര്യം എന്നോട് നീ പറയാതിരുന്നത്”
“നിനക്കെന്ത് പറ്റി ശേഖരാ നീയറിയാതെ എന്റെ മകളുടെ വിവാഹം “
“നിന്റെ മകളും മരുമകനും എന്റെ തൊട്ടടുത്ത് ഇവിടെ പോലീസ് സ്റ്റേഷനിൽ ഉണ്ട് പുഴയോരത്തു നിന്നും ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ രണ്ടു പേരേയും സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു…
അച്ഛന്റെ ഫോൺ നമ്പർ സ്റ്റേഷനിൽ ചോദിച്ചപ്പോൾ അവൾ കൊടുത്തത് എന്റെ നമ്പറും നിനക്ക് വിശ്വസിക്കാൻ കഴിയുന്നില്ല അല്ലേ നിന്റെ വാട്സാപ്പ് നോക്ക് ഞാൻ നാട്ടുകാരിൽ ആരോ എടുത്ത അവരുടെ ഒരു ഫോട്ടോ ഇട്ടിട്ടുണ്ട്…
അവൾ സ്റ്റേഷനിലും ഭർത്താവാണെന്ന് പറഞ്ഞു എസ് ഐ ഒന്ന് വിരട്ടിയപ്പോൾ പയ്യൻ കാര്യങ്ങൾ പറഞ്ഞു നമ്മുടെ മോളെ വിവാഹം കഴിക്കാൻ തയ്യാറാണോ എന്ന എന്റെ ചോദ്യത്തിന് ആ പയ്യൻ എന്നോട് പറഞ്ഞതെന്താണെന്ന് അറിയാമോ.”
“അങ്ങനെ വിളിക്കുമ്പോൾ കൂടെ വരുന്നവരെ വിവാഹം ചെയ്യാൻ നോക്കിയാൽ ഇതുവരെ എത്ര പേരെ ഞാൻ വിവാഹം ചെയ്യേണ്ടിയിരുന്നു എന്ന് “
“സ്ഥലം എസ് ഐ നമ്മുടെ കൂടെ പഠിച്ച ചാക്കോയുടെ മകനായതുകൊണ്ട് അവനെ ചെറുതായി ഒന്ന് കൈകാര്യം ചെയ്ത് വിട്ടിട്ടുണ്ട്…
നിന്നോട് ഞാൻ ഇതൊന്നും പറഞ്ഞതായി വീട്ടിലെത്തുന്നതു വരെ അവൾ അറിയണ്ട അച്ഛനറിഞ്ഞെന്ന് കരുതി വല്ല അവിവേകവും ചെയ്താൽ എന്തായാലും അബദ്ധമെന്നും പറ്റിയില്ലല്ലോ”
മറുപടി ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു.
ഏതോ ഒരു പുരുഷന്റെ നെഞ്ചിന്റെ ചൂടേറ്റ് നെറ്റിയിൽ സിന്ദൂര വുമണിഞ്ഞ മകളുടെ ഫോട്ടോയിലേക്ക് കണ്ണുകൾ അമർത്തി തുടച്ച് ഒന്നുകൂടി സൂക്ഷിച്ചു നോക്കി
സിന്ദൂരമണിഞ്ഞാൽ സദാചാരക്കാരെ പേടിക്കേണ്ടല്ലോ എന്നാലും ഇവൾക്കിത് എങ്ങനെ തോന്നി.
പതിവിലും നേരത്തെ വീട്ടിലെത്തി മകളെയും കാത്തിരുന്നു മുഖത്ത് ഒരു ഭാവ വ്യത്യാസവുമില്ലാതെ കയറിവരുന്ന മകളോട് ചോദിച്ചു
“അച്ഛന്റെ മകൾ എന്നു മുതലാണ് സിന്ദൂരം തൊടാൻ തുടങ്ങിയത്”
ആകെ പതറിയ മകൾ കൈവിരൽ കൊണ്ട് നെറ്റിയിൽ പരതി
” അച്ഛനെന്താ പറ്റിയത് “
“അച്ഛന് ഒന്നും പറ്റിയില്ല മോളെ അച്ഛന്റെ മോൾ ഇത്രയും വളർന്നത് അറിഞ്ഞില്ല “
മൊബൈലിലെ ഫോട്ടോ മകളുടെ നേർക്ക് തിരിച്ച് പിടിച്ചു കൊണ്ട് ചോദിച്ചു
“ആരാ ഇവൻ “
പൊട്ടിക്കരഞ്ഞു കൊണ്ട് മകൾ പറഞ്ഞു
” അത് എന്റെ കോളേജിൽ പഠിക്കുന്ന ശരൺ”
” എന്നാ നിങ്ങളുടെ വിവാഹം കഴിഞ്ഞത് ഞാനറിഞ്ഞില്ല വിവാഹം കഴിഞ്ഞ പെൺകുട്ടികളാണല്ലോ സീമന്തരേഖയിൽ സിന്ദൂരം തൊടുന്നത് “
“അച്ഛാ ഞാൻ “
“എന്തിനാണ് വിവാഹിതരായ സ്ത്രീകൾ സിന്ദൂരം തൊടുന്നത് എന്നെന്റെ മോൾക്കറിയാമോ”
“നിനക്ക് അഞ്ച് വയസ്സുള്ളപ്പോൾ എന്നെ തനിച്ചാക്കി പോയതാണ് എന്റെ അമ്മു നിനക്ക് വേണ്ടി ഞാൻ എന്റെ ജീവിതം തന്നെ മാറ്റിവച്ചു അവസാനം അച്ഛന്റെ മോൾ “
“ഒരു വട്ടം എന്നോട് ക്ഷമിക്ക് ഇനി ഒരിക്കലും ഞാൻ എന്റെ അച്ഛനെ വിഷമിപ്പിക്കില്ല സത്യം “
“അച്ഛാ ഞാൻ അദ്യമായിട്ടാ ഇന്ന് അവനോടൊപ്പം പുറത്ത് പോയത് മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാൻ വേണ്ടി അവൻ ഒത്തിരി നിർബന്ധിച്ചപ്പോൾ ഞാൻ എന്നോട് ക്ഷമിക്ക് ഇനി ഞാൻ ഒരിക്കലും…”
കരയാതെ മോൾക്ക് കാര്യങ്ങൾ മനസ്സിലായല്ലോ അച്ഛന് അത് മതി നെഞ്ചോട് ചേർന്ന് കരയുന്ന മകളെ ഒന്നുകൂടി ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു
“മോളേ മുഖം മൂടിക്കെട്ടിയും ഹെൽമറ്റണിഞ്ഞും സിന്ദൂരം ചാർത്തിയും ഇന്നലെ കണ്ട ചെറുപ്പക്കാരനോടൊപ്പം പ്രണയത്തിന്റെ പേരും പറഞ്ഞ് നിങ്ങൾ എല്ലാ അതിർവരമ്പുകളും തകർത്ത് തന്നിഷ്ടത്തിന് ജീവിക്കുമ്പോൾ..
ഓർക്കണം നഷ്ടപ്പെടാൻ നമ്മുടെ സമൂഹത്തിൽ ആൺകുട്ടികൾക്ക് ഒന്നുമില്ല തകരുന്നത് നിന്നേപ്പോലുള്ള പെൺകുട്ടികളുടെ ജീവിതങ്ങളാണ്”
“നിന്നോടുള്ള അവന്റെ സ്നേഹം ആത്മാർത്ഥമാണെങ്കിൽ രഹസ്യമായി സിന്ദൂരവും ചാർത്തി മറ്റാരും അറിയാതെ അവനൊരുക്കുന്ന രഹസ്യ താവളത്തിലേക്ക് കൂട്ടുകയല്ലായിരുന്നു ചെയ്യേണ്ടത്…
മറിച്ച് സ്വന്തമായി ഒരു ജോലിയും നേടി നാല് പേർ കാൺകെ എന്റെ സമ്മതവും വാങ്ങി സ്വന്തം ജീവിതത്തിലേക്ക് കൂട്ടുകയായിരുന്നു വേണ്ടത്”