തിരിച്ചറിവ്
(രചന: Rajitha Jayan)
നേരംപുലരാനിനി അധികം സമയമില്ല.. കിച്ചൂസ് ഇവിടെ എത്താം എന്നുപറഞ്ഞ സമയം കഴിഞ്ഞിട്ട് കുറെ നേരമായി…
എന്ത് പറ്റിയാവോ അവന്…??
പതിവില്ലാതെ ഇന്നലെ അവൻ കുറെ നേരം സംസാരിച്ചു തന്നോട്. ..ഫോൺ വയ്ക്കുമ്പോൾ ഒരു തമാശപോലെയാണ് തന്നോട് പറഞ്ഞത് നാളെ രാത്രിയോ പുലരാറാവുമ്പോഴോ ഞാനവിടെ ചിലപ്പോൾ വരും ചീച്ചറേ …..
അങ്ങനെ ഇന്നുവരെ അവൻ തന്നോട് പറഞ്ഞിട്ടില്ല…
പലപ്പോഴും വരാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും വന്നിട്ടില്ലിന്നേവരെ…പക്ഷേ ഇതവൻ വരാൻ വേണ്ടി തന്നെ പറഞ്ഞതാണ്. ..
വിളിച്ചു നോക്കിയിട്ടാണെങ്കിൽ അവന്റെ ഫോൺ ഓഫാണ്…. ആകെ ഒരു സമാധാനക്കേട്….
കിച്ചൂസ്. … മുഖപുസ്തക കൂടായ്മയിൽ നിന്ന് തനിക്ക് ലഭിച്ച സുഹൃത്ത്….അല്ല. …അനിയൻ. .. ദിവസേന വരുന്ന ധാരാളം സുഹൃത്ത് അപേക്ഷകളിൽ ഒന്നായിട്ടാണ് ആദ്യം അവനെ കരുതിയത്. …..
എന്നാൽ പിന്നീടവന്റ്റെ നിഷ്കളങ്കമായ മുഖവും ചിരിയും അതിലുപരി തനിക്കേറ്റവും ഇഷ്ടമുള്ള സിനിമാ നടന്റ്റെ കടുത്ത ആരാധകനുമായ അവനെ താൻ തന്റെ സുഹൃത്താക്കി…
ദിവസങ്ങൾ കടന്നു പോയപ്പോൾ ഒരിക്കൽ തോന്നി അവൻ തനിക്കാരെല്ലാമോ ആണെന്ന്. ..
താൻ വഴക്ക് പറയുമ്പോൾ തർക്കുത്തരം പറയുന്ന ,,തന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടി തന്നെ കളിയാക്കുമ്പോൾ എല്ലാം, തിരിച്ചറിയുകയായിരുന്നു താൻ അവനിലെ തന്റെ അനിയനെ….
രണ്ട് ഏട്ടൻമാരുടെ ഇടയിലെ അനുസരണയുളള പെങ്ങളായ് വളർന്നതിനാലാവണം മനസ്സ് എന്നും ഒരനിയനെ മോഹിച്ചിരുന്നു….
കുറുമ്പുകൾ കാണിക്കുമ്പോൾ ശാസിക്കാനും കൂടെ കൈപിടിച്ചു നടക്കാനും ഒരനിയൻ.. മുഖപുസ്തകത്തിലെ എഴുത്തുകൂട്ടായ്മയിൽ സജീവ സാന്നിധ്യം ആണവൻ…
എല്ലാവരുടെയും രചനകൾക്ക് അഭിപ്രായങ്ങൾ പറഞ്ഞു നടക്കുന്ന അവനിൽ ഒരു വൃന്ദാവന കണ്ണൻ ഒളിച്ചിരിക്കുന്നതായ് തനിക്ക് പലപ്പോഴും തോന്നിയിരുന്നു..
പ്രവാസികളെ ഏറെ ഇഷ്ടമുള്ള പ്രവാസ ജീവിതം ഇഷ്ടമില്ലാത്തൊരു നാട്ടിൻപുറം പയ്യൻ. ….
അച്ഛനെ മരണം കവർന്നെടുത്തപ്പോൾ തന്റ്റേടത്തോടെ അമ്മയ്ക്ക് ഞാനും അനിയനുമില്ലേന്ന് പറഞ്ഞൊരു ഇരുപത്തിരണ്ടുക്കാരൻ….
അതാണെന്റ്റെ കിച്ചൂസ്….
സ്നേഹം കൂടുമ്പോൾ എന്നെ ചീച്ചറേന്ന് കളിയാക്കി വിളിച്ച് ഒരുകൈപാടകലത്തിൽ എന്നുമെനിക്കരിക്കിൽ ഉണ്ടെന്ന് എനിക്ക് തോന്നിയവൻ..
വിശേഷങ്ങൾ പറയുന്നതിനിടയിലൊരിക്കൽ അറിയാതെ അവൻ പറഞ്ഞാണ് നിമ്മിയെ പറ്റി ഞാനാദ്യം അറിയുന്നത്.
അവന്റെ കൂടെ പ്ളസ് വണ്ണിനു പഠിച്ചിരുന്ന ഒരു അച്ചായത്തിക്കുട്ടി….
സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയ നാളുകളിൽ ആണ് അവനറിയുന്നത് അവൾ അവനെക്കാളും രണ്ട് വയസ്സിനു മൂത്തതാണെന്ന്…
പ്രണയത്തിന് വയസ്സും പ്രായവുമില്ലല്ലോ… സൗഹൃദവും പ്രണയവുമായ് ആറേഴു വർഷങ്ങൾ കടന്നു പോയപ്പോൾ നിമ്മിയ്ക്ക് വീട്ടുകാർ വിവാഹാലോചന തുടങ്ങി. ..
കിച്ചനാണെങ്കിൽ അപ്പോഴും പഠനത്തിന്റെ പാതയിൽ തന്നെയായിരുന്നു.
പറയാനൊരു ജോലിയില്ലാതെ,, അന്യജാതിയിൽപ്പെട്ട,, അവനെക്കാൾ വയസ്സുള്ള അവളെ സ്വികരിക്കാൻ അവനു ഏറെ ചിന്തിക്കാനുണ്ടായിരുന്നു…
കാരണം ഒരു വിവാഹത്തിലൂടെ അവനുവലിച്ചെറിഞ്ഞു പോവാൻ കഴിയില്ലായിരുന്നു അവന്റെ അമ്മയെയും അനിയനെയും…
ഏറെ നാളത്തെ ചിന്തകൾക്കും ആലോചനകൾക്കും ശേഷമാണ് അവർ ഒടുവിൽ പിരിയാൻ തീരുമാനിച്ചത്…
കാരണം നിമ്മിയ്ക്കും വീട്ടുക്കാരെ ഭയമായിരുന്നു…
അവനിൽ നിന്നിതെല്ലാം അറിഞ്ഞപ്പോൾ അവന്റെ മുഖത്തും ശബ്ദത്തിലും നിറഞ്ഞു നിന്നിരുന്ന വേദന കണ്ടപ്പോൾ എല്ലാം നല്ലതിനെന്ന് പറഞ്ഞാശ്വസിപ്പിക്കാൻ മാത്രമേ എനിക്കായുളളു…..
പിന്നീട് പലപ്പോഴും അവൻ പറയാറുണ്ട് അകന്നുകഴിഞ്ഞപ്പോൾ ആണെത്രെ അവളെ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു എന്ന് മനസ്സിലായതെന്ന്…
അല്ലെങ്കിലും നഷ്ടപ്പെടുപ്പോൾ മാത്രമാണല്ലോ നാം പലതിന്റ്റെയും വില മനസ്സിലാക്കുന്നത്..
നിമ്മിയുടെ വിവാഹ നാൾ അടുക്കുംതോറും അസ്വസ്ഥനായിരുന്നു അവൻ… രണ്ടു ദിവസം കഴിഞ്ഞാലവളുടെ വിവാഹമാണ്…
ആ ടെൻഷൻ കൂടിയൊന്ന് കഴിഞ്ഞുകിട്ടിയിരുന്നെങ്കിൽ എന്ന് ഇന്നലെ വിളിച്ചപ്പോൾ കൂടി അവൻ പറഞ്ഞതാണ്. ..
ഒരു സമാധാനവും ഇല്ലല്ലോ ഈശ്വരാ.. അവനിവിടെ എത്തേണ്ട സമയം ഇപ്പോൾ കഴിഞ്ഞിരിക്കുന്നു… എന്താണാവോ ഇതുവരെയും വരാത്തത്. ..
ചിന്തകൾ കാടുകയറി മനസ്സ് ചീത്ത വഴി സഞ്ചരിച്ചു തുടങ്ങിയ നേരത്താണ് പെട്ടെന്ന് പടിപ്പുര കടന്നൊരു കാർ വരുന്നത്
ദേവിക കണ്ടത്…
കാറിൽ നിന്നിറങ്ങുന്ന കിച്ചനെ കണ്ടപ്പോൾ വലിയൊരാശ്വാസ ശബ്ദം അവളിൽ നിന്നുണ്ടായ്…
അപ്പോഴാണ് അവനൊപ്പം കാറിൽനിന്നൊരു പെൺകുട്ടി കൂടിയിറങ്ങുന്നത് അവൾ കണ്ടത്…
നിമ്മി….നല്ല നാടൻ സൗന്ദര്യം വാരിവിതറിയ ഒരു പെൺ കുട്ടി. ..കാഴ്ചയിൽ അവനെക്കാൾ കുറവു പ്രായമേ അപ്പോൾ അവൾക്കുണ്ടായിരുന്നുളളൂ.
മോനേ. …നീ…. ???
ഇങ്ങള് ചീത്തയൊന്നും പറയല്ലെ ചീച്ചരേ…. ഇതല്ലാതെ വേറെ വഴിയൊന്നും ഞാൻ കണ്ടില്ല…
അവളെ നഷ്ടപ്പെടുത്തുന്നതും ഞാൻ മരിക്കുന്നതും തുല്ല്യമാണെന്ന് തോന്നിയപ്പോൾ ഈയൊരു മാർഗ്ഗം മാത്രമേ എനിക്ക് തോന്നിയുളളു…
എന്റെ കയ്യിലിരുന്ന നിധി വേറൊരാൾക്കു നൽകിയിട്ട് ഞാനെങ്ങനെയാണ് സമാധാനത്തോടെ ജീവിക്കുക…
എനിക്കറിയാം എന്നെ പിരിഞ്ഞിവൾ പോയാലും ഇവളിൽ നിറയെ ഞാൻ മാത്രമായിരിക്കും….
അങ്ങനെയാവുമ്പോൾ മിന്നുകെട്ടിയവനെ സ്നേഹിക്കാൻ കഴിയാതെ അവനെ ചതിച്ചുകൊണ്ടിവൾ കഴിയണ്ടേ…വെറുതെ ഒരു പാവം ചെറുപ്പക്കാരനെ കൂടി കഷ്ടത്തിലാക്കാൻ….
അപ്പോൾ ഇപ്പോഴോ കിച്ചാ……??
ഞങ്ങൾ ആ ചെക്കനെ കണ്ടു കാര്യങ്ങൾ പറഞ്ഞിട്ടാണ് ചേച്ചിവരുന്നത്..ഒന്നേ അദ്ദേഹം പറഞ്ഞുളളു ..ഈ വിളിച്ചിറക്കൽ നേരത്തെ ആവാമായിരുന്നെന്ന്…..
അതവന്റ്റെ സംസ്കാരം….
ഇനി നിന്റ്റെ വീട്ടിലെ കാര്യം എന്താണ് കിച്ചൂസെ… ??
അമ്മയോട് പറഞ്ഞിട്ടുണ്ട്. ..ചേച്ചീസെ…… .
എന്തായാലും ഇനിയെല്ലാം വരുപ്പോലെ വരട്ടെ എന്ന് പറഞ്ഞ് അവൻ നിമ്മിക്കൊപ്പം അകത്തേക്ക് കയറി പോയപ്പോൾ ഇന്നത്തെ തലമുറയുടെ വൈകിവരുന്ന ചില തിരിച്ചറിവുകളോർത്ത് ദേവിക ആ പൂമുഖത്ത് നിന്നുപോയ്. ……