അവളോട് സ്വന്തം ഇഷ്ടം തുറന്നു പറയാൻ പറ്റാത്ത ഇവനല്ലേ ഇനിയവളോട് നാളെ മുണ്ടും ഷർട്ടും..

(രചന: Rajitha Jayan)

ഡാ. ….,അപ്പോൾ കാര്യങ്ങളുമെല്ലാം നമ്മൾ തീരുമാനിച്ചത് പോലെ തന്നെ ആയിക്കോട്ടെ ല്ലെ …. ?

ആ…. അങ്ങനെ മതി അളിയാ പ്രവീണേ….
നിനക്കെന്താ ഇനിയുമൊരു സംശയം പോലെ….?
കുറെ പ്രാവശ്യം ആയല്ലോ അളിയാ നീയിത് തന്നെ ചോദിക്കുന്നു. ….?

പ്രവീണിനോടൽപ്പം നീരസത്തോടെയുളള ഗിരിയുടെ ചോദ്യം കേട്ടവിടെ സംസാരിച്ചു നിന്നിരുന്ന മാർട്ടിനും പ്രിയയും രേവതിയുംമുൾപ്പെടുന്ന മൂവർസംഘം ഗിരിക്കും പ്രവീണിനും അരികിലെത്തി..

എന്താടാ ഗിരി അളിയാ പ്രശ്നം. ??

നീയെന്തിനാ പ്രവീണിനോട് ദേഷ്യപ്പെടുന്നത്….. ?? അൽപ്പം ദേഷ്യത്തിലെന്നപ്പോലെ വിറച്ചിരുന്ന ഗിരിയെ നോക്കി മാർട്ടിൻ  ചോദിച്ചു…

“”അല്ലെടാ നാളത്തെ   കോളേജ് ഫംങ്ഷന്റ്റെ കാര്യങ്ങൾ നമ്മളെല്ലാവരും ചേർന്ന് ക്ളാസിൽ തീരുമാനിച്ചതല്ലേ….

നമ്മുടെ ക്ളാസിലെ കുട്ടികൾക്ക് മുഴുവൻ ഒരേ കളറിലുളള ഒരേ തരം ഡ്രസ്. ….പക്ഷെ  ഇവനിത് കുറെ നേരമായി പിന്നെയും പിന്നെയും അത് തന്നെ ചോദിച്ചോണ്ടിരിക്കുന്നു…

എടാ പ്രവീണേ…..അളിയാ എന്താടാ നിന്റ്റെ പ്രശ്നം. ……?

എനിക്ക് പ്രശ്നം ഒന്നുമില്ല മാർട്ടീ….. നാളെ എല്ലാവരും   ഒരേ കളർ ഷർട്ടും മുണ്ടുമാണ് ധരിക്കേണ്ടത്…നമ്മുടെ ഈ എംഎ ക്ളാസിൽ  ഞാനും നീയുംമുൾപ്പെടെ   ഇരുപത് കുട്ടികൾ ഉണ്ട്. ….ഇല്ലേ… ?

ആ….ഉണ്ട്. …അതിന്…?

അല്ലാ….. അതിൽ പ്രിയയും രേവതിയും ഉൾപ്പെടെ ആറ് പെൺകുട്ടികൾ ഉണ്ട്. ….

എടാ പ്രവീണേ അളിയാ  ഞങ്ങൾ മുണ്ടും ഷർട്ടും ധരിച്ചോളാന്ന് ഞങ്ങൾ സമ്മതിച്ചതല്ലേ…പിന്നെ നിനക്കെന്താടാ പ്രശ്നം…?? പ്രിയ ചോദിച്ചു…..

അല്ല നിങ്ങൾ അഞ്ചു പേർ സമ്മതം ആണെന്ന് പറഞ്ഞു പക്ഷേ അവൾ ….നമ്മുടെ ”കാശു”  അവളിതുവരെ ഒന്നും പറഞ്ഞില്ലല്ലോ അതിനെപ്പറ്റി…? അതാണ് ഞാൻ പിന്നെയും പിന്നെയും അത് തന്നെ ഇങ്ങനെ ചോദിക്കുന്നത്..

കാരണം കഴിഞ്ഞ ഏഴു വർഷമായി നമ്മൾ ക്ളാസിലെ  എല്ലാവരും ഒരുമ്മിച്ചാണ് ,ഈ വർഷത്തോടെ നമ്മൾ ഇവിടെ നിന്നിറങ്ങി പല വഴി പോവുംഅതിനുമുമ്പായിട്ടുളള നമ്മുടെ ലാസ്റ്റ് കോളേജ് ഡേയാണ്….

അപ്പോൾ ഒരാൾ മാത്രം കൂട്ടത്തിൽ ചേരാത്ത വസ്ത്രം ധരിച്ച് വന്നാൽ നമ്മൾ നാണംകെട്ട് പോവൂലേ…… ?

പ്രവീണിന്റെ  ചോദ്യം ഒരു  വെല്ലുവിളി പോലെയാണ് മാർട്ടിന് തോന്നിയത്. ..അവൻ ഗിരിയെ നോക്കി. അവനപ്പോൾ ദൂരേക്കെങ്ങോ മിഴികൾ പായിച്ചിരിക്കുകയായിരുന്നു

അത് ശരിയാണല്ലോ… എടീ രേവതി നീയപ്പോൾ കാശൂനോട് ചോദിച്ചില്ലേ നാളത്തെ കാര്യം. ….?

ഞാൻ ചോദിച്ചതാ ഗിരീ… പക്ഷേ അവളൊന്നും പറഞ്ഞില്ല…..കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മുക്ക് അറിയുന്നതല്ലേ കാശുവിനെ….അതോണ്ട് ഞാനൊന്നും കൂടുതൽ ചോദിച്ചില്ല. ….

നിനക്ക് ചോദിക്കാൻ പാടില്ലായിരുന്നോ ഗിരി…? ഒന്നുമില്ലെങ്കിലും കഴിഞ്ഞ കുറെ കൊല്ലങ്ങളായി നീ മനസ്സിൽ കൊണ്ടു നടക്കുന്നവളല്ലേ…..?

ചിരിയോടെയുളള രേവതിയുടെ ചോദ്യത്തിന്  ഗിരി കടുപ്പിച്ചവളെയൊന്ന് നോക്കി. ..

ആ…ബെസ്റ്റ്. ..

ഇവൻ  ചോദിക്കാനോ. ..?

അവളോടോ….?

അടിപൊളി…ഈ  ക്യാമ്പസിലെ പെൺപിള്ളേരുടെ മൊത്തം ഉറക്കം കെടുത്തുന്ന സ്വപ്ന സുന്ദരനാണിവൻ….

പക്ഷേ ഇവന്റ്റെ ഉറക്കം കഴിഞ്ഞ കുറെ വർഷമായി കളയുന്നവളാണ് നമ്മുടെ ”കാശു.” ..ആ അവളോട് സ്വന്തം ഇഷ്ടം തുറന്നു പറയാൻ പറ്റാത്ത ഇവനല്ലേ ഇനിയവളോട് നാളെ മുണ്ടും ഷർട്ടും ഇട്ടോണ്ട് വരുമോന്ന് ചോദിക്കാൻ പോണേ…

അയ്യോ വയ്യ. …

പ്രവീണിന്റെ സംസാരം അവിടെ പൊട്ടിച്ചിരികൾ സൃഷ്ടിച്ചപ്പോൾ  ഗിരി വേഗം തന്റ്റെ കസേരയിൽ നിന്നെഴുന്നേറ്റ് പുറത്തേക്ക് നടന്നു. …അപ്പോളാണ് എതിർദിശയിൽ നിന്നവനുനേരെ അവൾ നടന്നടുത്തത്…..

അവൾ  ”കാശ്മീര ”എന്ന കാശു. ..

ഒരു ദേവതയപ്പോലെ കഴിഞ്ഞ കുറെ വർഷങ്ങളായി ഗിരി മനസ്സിൽ കൊണ്ടു നടക്കുന്നവൾ

ഒരിളംനീല ചുരിദാർ ധരിച്ച് അലസമായി വിടർത്തിയിട്ട  മുടി കാറ്റിൽ പറത്തി അവൾ അവനരിക്കിലേക്ക് നടന്നടുക്കും തോറും  ഗിരിയുടെ  ശരീരം വിയർപ്പിനാൽ കുതിർന്നു

അവളെ നേരിടാൻ വയ്യാതെ ഗിരി വേഗം തിരികെ കൂട്ടുക്കാർക്കരികിലേക്ക് നടന്നു. …

അവന് തന്നോട് തന്നെ പുച്ഛം തോന്നി… ഇഷ്ടപ്പെടുന്ന പെണ്ണിന്റെ മുഖത്ത് നോക്കി നിന്നെ എനിക്കിഷ്ടമാണെന്ന് പറയാൻ സാധിക്കാത്ത ഒരു ഭീരുവാണ് താനെന്ന് കൂട്ടുക്കാർ കളിയാക്കുന്നത് ശരിയല്ലേ…??

കഴിഞ്ഞ ഏഴുവർഷമായി തന്റെ മനസ്സിൽ താൻ കൊണ്ടു നടക്കുന്ന സ്വപ്നം അത് അവളാണ്…

കാശ്മീര…

എല്ലാവരുടെയും പ്രിയ കാശു…ഏതുകാര്യത്തിനും സ്വന്തമായി തീരുമാനമുളളവൾ….

തൂവെളള പാവാടയും ദാവണിയുമണിഞ്ഞ് ഒരു മാലാഖയെപ്പോലെ അവളാദ്യം ക്ളാസിലേക്ക് വന്നപ്പോൾ തന്നെ തന്റ്റെ മനസ്സ് തന്നോട് പറഞ്ഞിരുന്നു ഇതാ….ഇതാണ്… …ഇവളാണ്, നിന്റ്റെ പെണ്ണെന്ന്. …

കാശ്മീര എന്ന അത്ര പരിചിതമല്ലാത്ത  ആ പേരാണോ അതോ അവളുടെ സൗന്ദര്യം ആണോ തന്നെ കൂടുതൽ  അവളിലേക്ക് ആകർഷിച്ചതെന്ന് താൻ പലവട്ടം ആലോച്ചിട്ടുണ്ട്….

അവളുടെ സൗന്ദര്യത്തെക്കാൾ കാശ്മീരയെന്ന പേരും അവളുടെ സ്വഭാവവുമാണ് തന്നെ എന്നും അവളിലേക്ക് കൂടുതൽ ആകർഷിച്ചത്…

കോടീശ്വര പുത്രിയാണെങ്കിലും  ഒരു നാടൻ പെണ്ണായി മാത്രമേ അവളെന്നും കോളേജിൽ വന്നിട്ടുള്ളൂ…. മോഡേൺ ആയ വസ്ത്രങ്ങളിലൊന്നും തന്നെ ഇന്നേവരെ അവളെ കണ്ടിട്ടില്ല…അങ്ങനെ ഉള്ള അവൾ മുണ്ടും ഷർട്ടും ധരിക്കുമോ….?

ഛെ എന്തുകൊണ്ടിത് താൻ നേരത്തെ ചിന്തിച്ചില്ല….ഗിരി ദേഷ്യത്തിൽ തലമുടി  പിടിച്ച് വലിച്ചു. …

“”ഡാ അളിയാ ഗിരി…. നീയിങ്ങനെ ടെൻഷനടിക്കാതെ .. ….ഇന്നത്തോടെ  എല്ലാ കാര്യത്തിനുമൊരു തീരുമാനം ആക്കണം….

രണ്ടു മാസം കൂടി കഴിഞ്ഞാൽ ക്ളാസ് തീരും. അതുവരെ  നീയീ ഭാരവും പേറി നടക്കണ്ട നമ്മുക്ക് എല്ലാം ഇപ്പോൾ തന്നെ ഒരു തീരുമാനം ആക്കാം. …

ഡാ മാർട്ടിനെ വേണ്ട. ..

നീ പോ അളിയാ. …ഇതിന്ന് ഞാൻ ശരിയാക്കാം. …

കാശ്മീരേ …..ഡീ  കാശു…….

ഡാ മാർട്ടിനെ വേണ്ടാന്ന്…

അവന്റെ കൈപിടിച്ച് വലിച്ച് ഗിരി അവനെയും കൊണ്ട് പുറത്തേക്ക് നടക്കാനൊരുങ്ങവേ  കാശ്മീര അവർക്കരികിലെത്തി…

എന്താ മാർട്ടീ….താനെന്തിനാ എന്നെ വിളിച്ചത്. ….?  അത് ഞാൻ. ..നാളത്തെ കാര്യം ചോദിക്കാൻ. …

നാളത്തെ എന്ത് കാര്യം.?

മാർട്ടിനോട് സംസാരിക്കുമ്പോൾ ഒരിക്കൽ പോലും കാശ്മീര ഗിരിയെനോക്കുക പോലും ചെയ്യുന്നുണ്ടായിരുന്നില്ല…

അതല്ലെഡീ….നാളെ കോളേജ് ഡേ ക്ക് എല്ലാവരും ഒരേ കളർ ഷർട്ടും മുണ്ടുമാണ് ഇടുന്നത്… ക്ളാസിലെ എല്ലാവരും അതിന് തയ്യാർ ആണ്… പക്ഷേ നിന്റ്റെ  അഭിപ്രായം ഒന്നും പറഞ്ഞില്ലല്ലോ… നീയും നാളെ അങ്ങനെ വരുമോ….?

എങ്ങനെ. ..?..

മുണ്ടും ഷർട്ടും ധരിച്ച്…, പേടിക്കണ്ട കാശൂ… പെൺകുട്ടികൾ ഇവിടെ കോളേജിൽ വന്നിട്ടാണ് ഡ്രസ് മാറ്റുന്നത്. ….നീ എന്ത് പറയുന്നു. ..?

ഞാനെന്ത് പറയാനാണ്….തീരുമാനങ്ങളെല്ലാം നിങ്ങൾ നേരത്തെ എടുത്തത് അല്ലേ. ..പിന്നെ എന്റെ കാര്യം. …എനിക്ക് എന്റെ ശരീരം ഒരുതരത്തിലും പ്രദർശിപ്പിക്കാൻ ഇഷ്ടംല്ല……

പിന്നെ എനിക്കൊരു പ്രണയം ഉണ്ട് അയാൾ സമ്മതിക്കുകയാണെങ്കിൽ,, ആണെങ്കിൽ മാത്രം ഞാനും ഇട്ടോണ്ട് വരാം. ..

പ്രണയമോ…???  നിനക്കോ..??

ഞെട്ടലോടെ മാർട്ടിൻ അതുചോദിക്കുമ്പോൾ  കേട്ടത് വിശ്വസിക്കാൻ കഴിയാതെ കാശ്മീരയെ പകച്ചു നോക്കുകയായിരുന്നു ഗിരി… ഇത്രയും നാൾ മനസ്സിൽ കൊണ്ടു നടന്ന സ്വപ്നം ഒരു ചീട്ടുകൊട്ടാരംപോലെ തകർന്നു വീഴുന്നതവൻ കണ്ടു ….

എന്താടാ എനിക്ക് പ്രണയിക്കാൻ പറ്റില്ലേ. …?

അതല്ല കാശൂ നിനക്കൊരു പ്രണയം ഉണ്ടെന്ന് ഞങ്ങൾക്കാർക്കുമിതുവരെ അറിയില്ലായിരുന്നു… അതാണൊരു പകപ്പ് അല്ലേടാ. ..? ഗിരിയുടെ കൈപിടിച്ച് കുലുക്കി മാർട്ടിൻ അത് ചോദിക്കുമ്പോഴും ആദ്യത്തെ ഞെട്ടലിൽ നിന്ന് ഗിരി മോചനം നേടിയിട്ടില്ലായിരുന്നു….

എനിക്കൊരു പ്രണയമുണ്ടെന്ന് ഈ ക്യാമ്പസ് മുഴുവൻ വിളിച്ച് പറഞ്ഞു നടക്കേണ്ട കാര്യം എനിക്കില്ല…

മാത്രവുമല്ല  ഈ ക്യാമ്പസ് ജീവിതം ഇതിപ്പോൾ മാത്രം നമ്മുക്ക് ലഭിക്കുന്ന ഒന്നാണ്… അതിങ്ങനെ സ്വതന്ത്രമായി അനുഭവിക്കണം…. അല്ലാതെ അതിനുപകരം പ്രണയിക്കുന്നവനൊപ്പം സദാ കുറുകികൊണ്ടിരുന്നാൽ ഈ ക്യാമ്പസ് ജീവിതം നഷ്ടപ്പെട്ടു പോവും. …

ഞങ്ങളുടെ സ്നേഹം പരിശുദ്ധമാണ്…. അതുകൊണ്ട് തന്നെ  അതാരോടും വിളിച്ച് പറഞ്ഞു നടക്കേണ്ട കാര്യം എനിക്കില്ല….അപ്പോൾ ശരി മാർട്ടീ…

അല്ല എടീ കാശു അപ്പോൾ നീ നാളെ  ഷർട്ടുംമുണ്ടും. ..

ഹ….ഒന്ന് വിടന്റ്റെ മാർട്ടിനെ… കുറെ നേരമായല്ലോ ഇത് തന്നെ പറയുന്നു. …ഞാൻ അവനോട് ചോദിക്കട്ടെ എന്നിട്ട് തീരുമാനിക്കാം…

ശരിയെടീന്ന് പറഞ്ഞ് മാർട്ടിൻ ഗിരിയുമായ് പിൻതിരിയാനൊരുങ്ങവെ പെട്ടെന്ന് കാശ്മീര  ഗിരിയുടെ കയ്യിൽ കയറി പിടിച്ചു…

അപ്പോൾ എങ്ങനാ മാഷെ…? നാളെ ഞാൻ  ഈ പറഞ്ഞ വസ്ത്രം ധരിച്ചോട്ടെ. …?? അവളുടെ കണ്ണിലൊരായിരം പൂത്തിരികൾ കത്തുന്നുണ്ടായിരുന്നത് ചോദിക്കുമ്പോൾ..

ഏ…എന്താ ..?

ഗിരി ഞെട്ടലിൽ നിന്ന് മുക്തനാവാതെ കാശുവിനെ പകച്ചു നോക്കിയപ്പോൾ മാർട്ടിൻ അവന്റെ കയ്യിൽ അമർത്തി നുളളി…

ഞാൻ നാളെ മുണ്ടുടുത്തോണ്ട് ക്യാമ്പസിലേക്ക് വന്നോട്ടേന്ന്….??

നാളെ പിറ്റേന്ന് നമ്മുടെ കല്യാണം കഴിഞ്ഞ് ഞാൻ നിന്റ്റേതായി കഴിയുമ്പോൾ  എന്നെ കുറ്റം പറഞ്ഞോണ്ട് വന്നേക്കരുത്  അവിടെ കണ്ടൂ ഇവിടെ കണ്ടൂന്ന്. …അതോണ്ട് ഇപ്പോ പറ …ഞാൻ   നാളെ എന്തിടണമെന്ന്…..??

ഒരു കൊഞ്ചലോടത് ചോദിച്ചു കൊണ്ട് കാശ്മീര   ഗിരിയിലേക്ക് ചേർന്നപ്പോൾ തനിക്ക് ചുറ്റും നടക്കുന്നത് സ്വപ്നം ആണോന്ന സംശയത്തിലവൻ ചുറ്റും  നോക്കി…

പിന്നെ  മെല്ലെ   അവനവളുടെ കാതോരം പറഞ്ഞു നീ  നിനക്കിഷ്ടമുള്ളത് ധരിച്ചോ പെണ്ണേ…… കാരണം നീയെന്റ്റെ കാശുവല്ലേ……

Leave a Reply

Your email address will not be published. Required fields are marked *