വെറുപ്പും ദേഷ്യവും കലർന്ന മുഖത്തോടെ ദീപയെ ഒന്നു നോക്കി മധു മുറിയിൽ കയറി വാതിൽ..

സംശയം
(രചന: Rajitha Jayan)

“” മോനെ…..എത്ര നേരമായെടാ നിന്നെ ഞങ്ങൾ ഫോണിൽ വിളിക്കുന്നു …നീയെന്താണ് ഫോൺ എടുക്കാതിരുന്നത്…??

കാർ  നിറുത്തി അതിൽ നിന്നിറങ്ങുന്നതിനു മുമ്പുതന്നെ അമ്മ കാർപോർച്ചിലേക്ക് ഓടിവന്നു  ചോദിച്ചപ്പോൾ മധു ഒന്നും മിണ്ടാതെ  വീടിനകത്തേക്ക് കയറി

അവിടെ കണ്ടു ആകാംക്ഷയോടെ തന്നെ തന്നെ നോക്കിയിരിക്കുന്ന അച്ഛനെയും ഏട്ടനെയും ഏടത്തിയമ്മയെയും…..

നിശബ്ദത തളംകെട്ടിനിന്ന അന്തരീക്ഷത്തിൽ  എവിടെയോ  ഒരു നേർത്ത  വിതുമ്പൽ കേട്ടുവോ…??

മധു മുഖമുയർത്തി ചുറ്റുംനോക്കി .. അവിടെ  എരിഞ്ഞുതീരുന്ന മെഴുകുതിരിപ്പോലെ അവൾ … ദീപ. ….

അവളെ കണ്ടതും മധുവിണ്റ്റെ മുഖത്ത്  വെറുപ്പ് നിറഞ്ഞു. ..

“”മോനെ…നീ പോയിട്ടെന്തായി…കണ്ടോ അവരെ..??

കണ്ടു അമ്മേ…

കൂടെ വരാൻ ഒരുപാട് നിർബന്ധിക്കുകയും ചെയ്തു  പക്ഷേ. …??

“ഇല്ലെടാ അവരെന്നല്ല അന്തസ്സും അഭിമാനവുംഉളള  ഒരാൾ പോലും  വരില്ല. അത്രയും  വേദനിച്ചാണവർ ഇവിടെ നിന്നു പോയത്. …””

അച്ഛൻ  പറഞ്ഞു നിർത്തിയപ്പോൾ  മധു  കണ്ടു അലച്ചുവന്ന  കരച്ചിലിനെ കൈകൾ കൊണ്ടമർത്തി വിതുമ്പുന്ന ദീപയെ

“” സാരമില്ല അമ്മേ  ഇപ്പോൾ അവർ ചെന്നെത്തിയിരിക്കുന്നത് കുറെയേറെ നല്ല ആളുകളുടെ അടുത്താണ്. ..

അവിടെ അവർക്ക് ഒരുവിധത്തിലുമുളള ബുദ്ധിമുട്ടുകളുമില്ലാതെ നമ്മുക്ക് നോക്കാം … എനിക്കെപ്പോൾ വേണമെങ്കിലും അവരെ കാണാൻ പോവാം… അതുമതിയെനിക്ക് …

മധുവേട്ടാ എനിക്ക്….അവരെയൊന്ന്…. ദീപയുടെ ചോദ്യം മുഴുവനാക്കുന്നതിന് മുമ്പുതന്നെ മനുവിന്റെ കൈകൾ അവളുടെ മുഖത്ത് വളരെ ശക്തിയിൽ പതിച്ചിരുന്നു. .

ഇല്ലെടീ നിന്നെപോലൊരുത്തിയ്ക്ക് ഇനിയവരെ കാണാനുള്ള  അവകാശം പോലുമില്ല.. അവരെവിടെയാണെന്ന് അറിയുവാൻ പോലും നിനക്കിനി സാധിക്കില്ല. ..

ഈ ജന്മം മുഴുവൻ അവരോടും എന്നോടും  ചെയ്തതിനും പറഞ്ഞതിനുമുളള ശിക്ഷയായ് ഈ വീട്ടിലൊരു വേലക്കാരിയെ പോലെ കഴിയാം നിനക്ക്… ഇന്നുമുതൽ ഞാനോ ഈ വീട്ടുക്കാരോ നിനക്കാരുമല്ല…

ഒരു വേലക്കാരിയുടെ അവകാശങ്ങൾക്കപ്പുറത്തേക്ക് നീ കടന്നാൽ പിന്നെ നിന്റ്റെ  സ്ഥാനം  ഈ വീടിനുപുറത്താണ്… തികച്ചും അനാഥയായ് …..

ജന്മം കൊണ്ടും കർമ്മം കൊണ്ടു നിനക്കവകാശപ്പെടാൻ ബന്ധങ്ങളൊന്നും അവശേഷിക്കുന്നില്ലിപ്പോൾ ഈ ഭൂമിയിൽ…

അതുകൊണ്ടുതന്നെ ഓർക്കുക നീയിനിമുതൽ എനിക്ക് ഭാര്യയോ ഇവർക്കു മരുമകളോ അല്ല. ..
നിന്റ്റെ  തെറ്റുകൾക്കുളള ശിക്ഷ  നീയിങ്ങനെ അനുഭവിക്കുക. .

വെറുപ്പും ദേഷ്യവും കലർന്ന മുഖത്തോടെ ദീപയെ ഒന്നു നോക്കി മധു മുറിയിൽ കയറി വാതിൽ വലിച്ചടച്ചപ്പോൾ  ബാക്കിയുളളവരെല്ലാം അവന്റെ വാക്കുകൾ സ്വീകരിച്ചു അവിടെ നിന്നും പോയി

ഈ ലോകത്ത് ഒരനാഥ എങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് അപ്പോൾ  തിരിച്ചറിയുകയായിരുന്നു ദീപ. ..

ആരുടെയോ കാമത്തിന്റ്റെ ബാക്കിപാത്രമായ തന്നെ ആരോ തെരുവിൽ വലിച്ചെറിഞ്ഞു പോയപ്പോൾ  തനിക്ക് ആശ്രയയും അഭയവും നൽകിയവരായിരുന്നു തന്റ്റെ അച്ഛനും അമ്മയും…

തെരുവിൽ നിന്നും കണ്ടെടുത്ത് സ്വന്തം മകളെപോലെ തന്നെ നോക്കിവളർത്തി….. വലുതാക്കി. …

അവർക്കു സ്വന്താമായൊരു കുഞ്ഞിനെ ഈശ്വരൻ നൽക്കാത്തത് തനിക്ക് വേണ്ടിയായിരുന്നെന്ന് അവർ പോലും  കരുതിയിരുന്നകാലങ്ങൾ. ..

വിവാഹപ്രായമെത്തിയപ്പോൾ അവർക്കുളളതെല്ലാം വിറ്റുപെറുക്കിനൽകി തന്നെ മധുവേട്ടന്റ്റെ ഭാര്യയാക്കി…. തന്നെപറ്റിയെല്ലാ കാര്യങ്ങളും അച്ഛൻ മധുവേട്ടനോട് പറഞ്ഞിരുന്നു. .. മധുവേട്ടനും വീട്ടുകാരും തന്നെ സ്വന്തമായ് കരുതി സ്നേഹിച്ചു….

പിന്നെ. ..പിന്നെ എപ്പോഴായിരുന്നു താനൊരു അഹങ്കാരിയും സംശയരോഗിയുമായ് തീർന്നത്…. ?

പ്രതീക്ഷിക്കാതെ കൈവന്ന സൗഭാഗ്യങ്ങളോ…?
അതോ ജന്മം തന്നവരുടെ രക്തഗുണമോ തന്നെയൊരു സംശയരോഗിയാക്കിതീർത്തു..

തനിക്ക് മധുവേട്ടനുമായ് ഇടപഴക്കുന്ന എല്ലാവരെയും സംശയം ആയിരുന്നു. . സ്വന്തം ഏടത്തിയമ്മയെപോലും താൻ വെറുതെ വിട്ടില്ല…

തന്റെ സ്വഭാവം മധുവേട്ടനെയും വീട്ടുക്കാരെയും ശ്വാസം മുട്ടിച്ചുവെങ്കിലും തന്റ്റെ  മാതാപിതാക്കളെ ഓർത്തവരെല്ലാം ക്ഷമിച്ചു . അവരുടെ  സഹനത്തെ താൻ പിന്നെയും മുതലെടുത്തു…

തനിക്കൊപ്പം കുറച്ചു ദിവസം താമസിക്കാൻ വന്ന  തന്റെ അമ്മയെ താനെന്തെല്ലാമാണ് പറഞ്ഞത്. ….
അമ്മയും മധുവേട്ടനുമായുളള അമ്മ മകൻ ബന്ധം പോലും താൻ സംശയിച്ചു  .. ഛെ..

ഒടുവിൽ  അമ്മയെ ഒരു വ്യഭിചാരിണിയായ് മുദ്ര കുത്തി … അച്ഛനെ ഒരു കൂട്ടികൊടുപ്പുക്കാരനായും…

തെരുവിൽ പട്ടികൾ  കടിച്ചുകുടയാതെ തന്നെ സംരക്ഷിച്ചു സ്വന്തമായി കരുതിയവർക്ക്  താൻ നൽകിയ  സമ്മാനം  അതായിരുന്നു. ..

തന്റെ  വൃത്തിക്കെട്ട നാവിന്റ്റെ വിഷപുകയേറ്റവർ പിടഞ്ഞപ്പോൾ താനതെല്ലാം   ആസ്വദിച്ചു..

ഒടുവിൽ  ഇന്നവർ  താനുമായുളള  എല്ലാ  ബന്ധങ്ങളുമുപേക്ഷിച്ചിവിടെ നിന്നിറങ്ങി പോയപ്പോൾ  താൻ തിരിച്ചറിയുന്നു താനാരായിരുന്നെന്ന്…

തന്റെ തെറ്റ്  എന്തായിരുന്നെന്ന്… തന്റെ സ്ഥാനം  എന്തായിരുന്നെന്ന്…. ഒരനാഥ സൃഷ്ടിക്കപ്പെടുന്നതെങ്ങനെയെന്ന്…

ഇപ്പോഴാണ് താൻ ശരിക്കുമൊരു അനാഥയായി തീർന്നത്…. പക്ഷേ  തന്റെ  തെറ്റ്  തിരുത്തുവാൻ ഇനി തനിക്ക്  ഒരവസരംപോലുമില്ല….

കാരണം  തനിക്ക് മുന്നിൽ ഉണ്ടായിരുന്ന ഒരുപാടവസരവങ്ങൾ താൻ നഷ്ടപ്പെടുത്തിയിരിക്കുന്നു…

ഇനിയെന്ത് ചെയ്യണമെന്നറിയാതെ
തികച്ചും അന്യയായവളാ വീട്ടിൽ ഒരു വേലക്കാരിയെപോലെ അടഞ്ഞ വാതിൽക്കൽ കരഞ്ഞുകാത്തിരുന്നു…

എന്നെങ്കിലും  തന്റെ തെറ്റുകൾ മധു പൊറുക്കുമെന്ന വിശ്വാസത്തോടെ …..

Leave a Reply

Your email address will not be published. Required fields are marked *