ചേച്ചിയുടെ ഇഷ്ടങ്ങളെ പിടിച്ചു വാങ്ങി എന്നും തന്റ്റേതാക്കാറുളള ദേവിക ഈ കാര്യത്തിലും..

വാശി
(രചന: Rajitha Jayan)

രാവിലെ  കോളേജിൽ പോവാനായി മാറ്റിയൊരുങ്ങി പൂമുഖത്തെത്തയി ശ്രീബാലയെ ദേവിയമ്മ ഒന്ന് സൂക്ഷിച്ച് നോക്കി. ..

‘എന്താ അമ്മേ ഇങ്ങനെ സൂക്ഷിച്ചു നോക്കണത് ആദ്യമായിട്ട് കാണുന്നതുപോലെ…..?

ഏയ് ഒന്നൂല്യ കുട്ട്യേ. ..ഞാൻ വെറുതെ. ….,

പറഞ്ഞു വന്നത് പൂർത്തിയാക്കാതെ പാതിവഴിയിൽ സംസാരമവസാനിപ്പിക്കുമ്പോൾ ആ അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു…

‘എന്താണമ്മേ രാവിലെ തന്നെയിങ്ങനെ. .കാര്യം പറഞ്ഞേ എന്റ്റെ അമ്മൂസേ, വെറുതെ എന്നെ സങ്കടപ്പെടുത്താതെ…?

”ഒന്നും ഇല്ല കുട്ടീ. ..ഇന്നെന്റ്റെ കുട്ടിയുടെ പിറന്നാൾ ആയിട്ടൊരു പുതിയ  വസ്ത്രം ഇട്ടു പോവാനെന്റ്റെ മോള്ക്ക് യോഗം ഇല്ലല്ലോ കൃഷ്ണാ എന്നോർത്തപ്പോഴറിയാതെ. ..,

അയ്യേ. ..അതിനാണോ എന്റ്റെ അമ്മൂസ് രാവിലെ തന്നെ കണ്ണു നിറച്ച് നിൽക്കുന്നത്, …കഷ്ടം….അമ്മ എനിക്ക് പുതിയ വസ്ത്രം വാങ്ങിത്തന്നതല്ലേ..? പിന്നെന്തിനാ ഈ വിഷമം അമ്മൂസേ…?

വാങ്ങിത്തന്നിട്ടെന്താ മോളെ കാര്യം..? എന്റ്റെ കുട്ടിക്കതൊന്ന് ഇട്ടു നോക്കാൻ കൂടി ഭാഗ്യം ഇല്ലല്ലോ. ..?

”അതൊന്നും സാരമില്ല അമ്മൂസേ. ..ഇതൊന്നും എനിക്ക് പുതിയ കാര്യങ്ങൾ അല്ലല്ലോ. ..? പിന്നെ  ഈ കരഞ്ഞുകലങ്ങിയ കണ്ണും മുഖവുമായി ഇവിടെ ഇങ്ങനെ നിൽക്കല്ലേ അമ്മേ.., അമ്മായിയോ ദേവികയോ കണ്ടു വന്നാൽ തീർന്നു ട്ടോ…..?

വീടിനകത്തേക്ക്  കണ്ണോടിച്ച് പേടിയോടെ ശ്രീ ബാല അതു പറഞ്ഞ സമയത്തുതന്നെയാണ്  വീടിനുളളിൽ നിന്ന് അമ്മായിയും മകൾ ദേവികയും പുറത്തേക്ക് വന്നത്. ..

കോളേജിൽ പോവാനായി നല്ല സുന്ദരിയായി വന്ന ദേവിക അണിഞ്ഞിരിക്കുന്നത് തനിക്ക് പിറന്നാൾ സമ്മാനമായി അമ്മ വാങ്ങി തന്ന നീല ചുരിദാർ ആണെന്ന് കണ്ട ശ്രീ ബാലയുടെ മനസ്സിൽ നോവിന്റ്റെ ഒരു തിരമാല ഉയർന്നു. ….,

നിറഞ്ഞ കണ്ണുകൾ ആരും കാണാതെ മറയ്ക്കാൻ ശ്രമിക്കവേ അമ്മയുടെ ദയനീയ മുഖം അവളിൽ പതിച്ചൂ…

”ആ ഇതെന്താ രാവിലെ അമ്മയും മോളും കൂടി  മുറ്റത്തൊരു കുശുകുശുപ്പ്..?

അവിടേക്ക് വന്ന അമ്മായിയുടെ  ചോദ്യത്തിന്റെ പൊരുൾ മനസ്സിലായ ശ്രീ ബാല ഒന്നും മിണ്ടാതെ അമ്മയെ നോക്കി. …

”പിറന്നാൾ ആശംസകൾ  ചേച്ചീ …

കണ്ണിലും ചുണ്ടിലും പരിഹാസം നിറച്ചൊരാശംസ ദേവിക ശ്രീബാലയോട് പറഞ്ഞപ്പോൾ അതുകേട്ട അമ്മായിയുടെ മുഖത്തെ സന്തോഷം ശ്രീ ബാല കണ്ടില്ലാന്ന് നടിച്ചു

‘അപ്പോൾ ഞങ്ങൾ  പോയി വരാം ട്ടോ അമ്മേ..

അമ്മയോട് യാത്ര പറഞ്ഞൊരു വിജയിയെപോലെ മുന്നിൽ നടന്നു പോകുന്ന ദേവികയുടെ, പുറകിലൊരു നിഴലായ് ശ്രീ ബാല നടന്നു മറയുന്നത് അവളുടെ അമ്മ  കണ്ണീരോടെ നോക്കി നിന്നു. …

ബാലയുടെ അച്ഛൻ ഉണ്ടായിരുന്ന കാലത്തൊരു രാജകുമാരിയെ പോലെ തങ്ങൾ വളർത്തികൊണ്ടു വന്ന പൊന്നുമോളാണിന്നൊരു വേലക്കാരിയെ പോലെ….ഓർത്തപ്പോൾ നെഞ്ചു പറിയുന്ന വേദന തോന്നി ബാലയുടെ അമ്മയ്ക്ക്.. …

ഒരപകടത്തിൽ പെട്ട് അദ്ദേഹം മരിച്ചപ്പോൾ അവശേഷിച്ചത് കുറച്ചു കടങ്ങൾ മാത്രമായിരുന്നു. ..

ഉളളതെല്ലാംവിറ്റുപ്പെറുക്കി,ഒടുവിലൊരഭയാർത്ഥിയായി താനിവിടെ തന്റ്റെ സഹോദരന്റ്റെ അടുത്തെത്തിയപ്പോൾ അറിഞ്ഞില്ല താനും മോളും ഇവിടെ വെറും വേലക്കാരികൾ മാത്രമായി തീരുമെന്ന്….

ഈ വീടും ഇവിടുത്തെ ഭരണവും സഹോദര ഭാര്യയ്ക്കാണ്…മകൾ ദേവികയുടെ ഇഷ്ടങ്ങൾ നേടികൊടുക്കുക മാത്രമാണ് നാത്തൂന്റ്റെ പണി…

ദേവികയെക്കാൾ ഭംഗി  ശ്രീ ബാലക്കായതിന്റ്റെ പേരിൽ അവളനുഭവിച്ച കഷ്ടപാടുകൾക്ക് കയ്യും കണക്കുമില്ലല്ലോ കൃഷ്ണാ..ആ ഓർമ്മകളിൽ അമ്മയുടെ  കണ്ണുകൾ നിറഞ്ഞൊഴുകി…

ടീ ചേച്ചീ. .. ,,,

ദേവികയുടെ പിന്നാലെ നടക്കുമ്പോൾ പെട്ടന്നവളുടെ വിളി കേട്ട്  ശ്രീ ബാല ഞെട്ടി. …

എന്താ ദേവൂ. …

നിനക്ക് പിറന്നാൾ സമ്മാനം കിട്ടിയ ചുരിദാർ ഞാൻ ഇട്ടതിൽ വേദനയോ ദേഷ്യമോ ഉണ്ടോ നിനക്ക്. …?

ഏയ്. .ഇല്ല. ..ഇതെപ്പോഴും പതിവല്ലേ ദേവൂ. .എന്നും എപ്പോഴും ദേ വുവിനിഷ്ടം എന്റ്റെ ഇഷ്ടങ്ങൾ സ്വന്തമാക്കാനല്ലേ.?

ബാലയുടെ മറുപടി കേട്ടൊരു മാത്ര ദേവിക അവളെ തുറിച്ചു നോക്കി. ..അവളുടെ മുഖത്തൊരു പരിഹാസം തെളിഞ്ഞു. …

എന്താണെന്നറിയില്ല ചേച്ചീ എനിക്കെപ്പോഴും ഇഷ്ടം നിന്റ്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും തട്ടിയെടുത്ത് എന്റെ  സ്വന്തമാക്കാനാണ്…അതാണെനിക്കൊരു ത്രിൽ….

ഇപ്പോൾ തന്നെ നോക്ക് ഈ ചുരിദാറിന് വലിയ വിലയോ ഭംഗിയോ ഒന്നും ഇല്ല ,പക്ഷേ നീ ഇതാദ്യം ഇടുന്നതെനിക്കെന്തോ തീരെ സഹിക്കാൻ വയ്യ അതോണ്ടാണ് ഞാൻ ഇതിട്ടത്… ഇനി ഞാനിത്  കളയുമ്പോ നിനക്ക് തരാം അപ്പോൾ നീ ഇട്ടോ ട്ടോ എന്റ്റെ പഴയത്…

ക്രൂരമായരാനന്ദത്തോടെ ദേവിക അതുപറയുമ്പോൾ തന്റെ മിഴികൾ തുളുമ്പാതെയിരിക്കണേ എന്നായിരുന്നു ബാലയുടെ പ്രാർഥന. .

എന്നും എപ്പോഴും ചേച്ചിയുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും സ്വന്തമാക്കാനാഗ്രഹിക്കുന്നൊരനുജത്തി…
അതാണ് തനിക്ക് ദേവിക…

എത്ര നിസ്സാര കാര്യം ആണെങ്കിൽ പോലും തന്റെ ഒരു ആഗ്രഹവും ആദ്യം നേടാൻ തന്നെ ഇന്നുവരെ ദേവിക അനുവദിച്ചിട്ടില്ല..

കരഞ്ഞും പട്ടിണി കിടന്നും ചെറുപ്പംമുതലേ തന്റ്റെ ഇഷ്ടങ്ങളോരോന്നായി അവൾ നേടിയെടുക്കുകയായിരുന്നു .. അവൾക്ക് കൂട്ടായി ഒരു വാശിപോലെ അമ്മായിയും തന്നോട് മത്സരിക്കാൻ തുടങ്ങിയപ്പോൾ തകർന്നു പോയത് തന്റ്റെ അമ്മയാണ്… ..പാവം. ..

കോളേജിലെത്തി ക്ളാസിലിരിക്കുമ്പോഴും ശ്രീബാലയുടെ മനസ്സിൽ പല പല ചിന്തകളായിരുന്നു. ..

ശ്രീബാലേ….

തൊട്ടു മുന്നിൽ  ദേഷ്യത്താൽ ജ്വലിക്കുന്ന  വേണുഗോപൻ സാറിന്റ്റെ മുഖം കണ്ടതും  സീറ്റിൽ നിന്ന്  ഞെട്ടിയെഴുന്നേറ്റു അവൾ….

”ക്ളാസിൽ ഇരുന്ന് സ്വപ്നം കാണാനാണ് താൻ കോളേജിൽ വരുന്നതെങ്കിൽ നാളെ മുതൽ ഇങ്ങോട്ടു വരണമെന്നില്ല വീട്ടിൽ ഇരുന്നോ…..””
ദേഷ്യത്തിൽ  വേണുഗോപനത്   പറയുമ്പോൾ ക്ളാസിലാകെയൊരു  പൊട്ടിച്ചിരി മുഴങ്ങി

നിറയുന്ന കണ്ണുകളാരും കാണാതെ തുടച്ച് സീറ്റിലിരിക്കുമ്പോൾ കണ്ടു മുഖത്ത് നിറയെ പരിഹാസചിരിയോടെ തന്നെ നോക്കി ചിരിക്കുന്ന ദേവികയെ. …

ആ പരിഹാസത്തിണ്റ്റെ കാരണവുമറിയാം എല്ലാവർക്കുമെന്നതുപോലെ ശ്രീ ബാലയ്ക്കും ഏറെ പ്രിയപ്പെട്ട  സാറാണ്  വേണുഗോപൻ.. അദ്ദേഹത്തിന്റെ ക്ളാസുകൾ അവൾക്കേറെ പ്രിയങ്കരമാണ്….

ചെറുപ്പക്കാരനും സുന്ദരനുമായ വേണുഗോപനെ
കോളേജിലെ പെൺകുട്ടികൾ മുഴുവൻ തങ്ങളുടെ സ്വപ്ന നാകയനായി  കാണുമ്പോൾ  ബാലയുടെ മനസ്സിലും എപ്പഴോ അറിയാതൊരിഷ്ടം അദ്ദേഹത്തോട് തോന്നിയിരുന്നു….

ചേച്ചിയുടെ ഇഷ്ടങ്ങളെ പിടിച്ചു വാങ്ങി എന്നും തന്റ്റേതാക്കാറുളള ദേവിക ഈ കാര്യത്തിലും ശ്രീ ബാലയോട് മത്സരത്തിലാണ്… ചേച്ചി  മനസ്സിൽ മോ ഹിച്ച ആളെ   സ്വന്തമാക്കാനുളള ശ്രമത്തിലാണവളും…

ദിവസങ്ങളെത്ര വേഗമാണ്  കഴിഞ്ഞുപോയത്… ഇന്ന് അവസാന പരീക്ഷയും എഴുതി കോളേജിൽ നിന്ന് പടിയിറങ്ങുമ്പോൾ ശ്രീ ബാലയുടെ മനസ്സിലവശേഷിച്ചത് ശൂന്യത മാത്രമാണ് ,കാരണം ഇനി തുടർ പഠനം എന്നൊന്ന് തന്റ്റെ ജീവിതത്തിലില്ല …

തുടർ പഠനത്തിന് താൽപ്പര്യമില്ലാന്ന് ദേവിക വീട്ടിൽ പറഞ്ഞപ്പോൾ അവൾ പഠിക്കുന്നില്ലെങ്കിലിനി  നീയും നിർത്തിക്കോ പഠിത്തമെന്നമായി പറഞ്ഞതൊരു വെറും വാക്കല്ല..

കഴിഞ്ഞു തന്റ്റെ മോഹങ്ങളും സ്വപ്നങ്ങളും. ഇനിയെന്ത്…… ?

വിരസമായ ദിവസങ്ങളിലൊരു നാൾ ദേവിക രാവിലെ തന്നെ കുളിച്ചൊരുങ്ങി സുന്ദരിയായി നിൽക്കുന്നതുകണ്ട  ബാല അമ്മയോട് കാരണം തിരക്കി..

‘അതുമോളെ നിങ്ങൾ പഠിച്ചിരുന്ന  കോളേജിലെ ഒരു മാഷിന്ന് അവളെ പെണ്ണുകാണാനായീ വരുന്നൂന്ന്…”

അമ്മയുടെ വാക്കുകൾ കനലായി നെഞ്ചിലെരിഞ്ഞു തുടങ്ങിയ സമയത്താണ് ദേവിക ബാലയ്ക്കരികിലെത്തിയത്…

എടി ചേച്ചീ. ..സത്യം പറഞ്ഞാൽ വേണുഗോപൻ സാറിനോട് എനിക്ക് അത്ര വലിയ ഇഷ്ടം ഒന്നും ഇല്ലെടീ..

പക്ഷേ നിനക്ക് അങ്ങേരെ ഇഷ്ടമാണ് എന്നുളളതും നിന്റ്റെ മനസ്സിൽ ഇപ്പോഴും അയാൾ ഉണ്ട് എന്നതും അറിഞ്ഞപ്പോൾ ഞാൻ  പിന്നെ അങ്ങേരെയങ്ങ് സ്നേഹിച്ചു…. …നീ ആഗ്രഹിച്ചത് ഞാൻ നേടുക, എന്നിട്ട് നിന്റ്റെ മുന്നിൽ തന്നെ  ജീവിക്കുക ..

ഹ …എന്തു രസമായിരിക്കും   ല്ലേടീ…..  ?

ക്രൂരമായൊരു ചിരി   ദേവികയുടെ ചുണ്ടിൽ വിരിഞ്ഞു….

“എന്റെ  ഇഷ്ടം ഞാൻ അമ്മയോട് പറഞ്ഞതേയുളളൂ അപ്പോഴേക്കും സാറെന്നെ പെണ്ണുകാണാൻ വരുന്നു അതായത് സാറിനും എന്നെ ഇഷ്ടായിരുന്നു ല്ലേടീ ചേച്ചീ….?

ഇപ്പോൾ മനസ്സിലായില്ലേടീ നിനക്ക് ഞാൻആഗ്രഹിച്ചാലെന്തും നടക്കുമെന്ന്. ..?

ബാലയുടെ മനസ്സിനെ കൂടുതൽ കൂടുതൽ ദേവിക മുറിവേൽപ്പിച്ച് കൊണ്ടിരുന്ന സമയത്ത്തന്നെയാണ് മുറ്റത്തൊരു  കാർ വന്നു നിന്നതും അതിൽ നിന്ന് വേണുഗോപനിറങ്ങുന്നതും ബാല കണ്ടത്…..

നെഞ്ചിലെ വേദന മുഖത്തറിയാത്തിരിക്കാനൊരു  പുഞ്ചിരി  സാറിനു നൽകി  ബാല അകത്തേക്ക് നടക്കവെ അമ്മായിയും അമ്മാവനും മാഷെയും ആളുകളെയും സ്വീകരിക്കുന്ന തിരക്കിലായിരുന്നു…

നിറയുന്ന കണ്ണുകൾ തുളുമ്പാതെ അവർക്കിടയിലൂടെ അകത്തേക്ക് ബാല നടന്നു. ..

ശ്രീ ബാലേ. … പെട്ടെന്നാണ് വേണുഗോപന്റ്റെ വിളിയൊച്ച അവൾ കേട്ടത്…

എടോ  താനിനി തിരക്കിട്ടുപോയി അണിഞ്ഞൊരുങ്ങുകയൊന്നും വേണ്ടെടോ….
എന്റെ വീട്ടുകാർ തന്നെ ഇങ്ങനെ കാണുന്നതാണ് എനിക്ക് ഇഷ്ടം… ആഡംബരമില്ലാതെ… ചമയങ്ങളില്ലാതെ. …

വേണുവിന്റെ വാക്കുകളുടെ പൊരുളറിയാതെ ബാല അദ്ദേഹത്തെ തുറിച്ചു നോക്കി ഒപ്പം ദേവികയും…..

ബാലേ. ..ഞാൻ കാണാൻ വന്നിരിക്കുന്നത് തന്നെയാണ്…,

തന്നെയാണ് താനറിയാതെ ഞാൻ സ്നേഹിച്ചത്. തന്റെ  കണ്ണുകളിലെന്നോടുളള സ്നേഹം ഞാൻ തിരീച്ചറിഞ്ഞ അന്നുമുതലെന്റ്റെ മനസ്സിൽ നീയാണ്….

കാതിൽ കേട്ട വാക്കുകൾ വിശ്വസിക്കാൻ കഴിയാതെ ബാല അയാളെ നോക്കിയപ്പോൾ കൺമുന്നിൽ കാണുന്നതും കേൾക്കുന്നതും വിശ്വസിക്കാൻ പറ്റാതൊരു സ്തംഭനാവസ്ഥയിലായിരുന്നു  ദേവിക. .
തനിക്ക് ചുറ്റും ഭൂമിയാകെ കറങ്ങുന്നതുപോലെ തോന്നിയവൾക്ക്……

സാർ….അത്… ഞാൻ…. പേടിയോടെ അമ്മായിയെയും ദേവികയേയും നോക്കി  ബാല വാക്കുകൾക്കായ് പരതവേ വേണുവിന്റ്റെ അമ്മ  ബാലയ്ക്കരികിലെത്തി..

മോളെ  എന്റെ മോനൊരുപാടിഷ്ടമാണ് നിന്നെ…. പഠിപ്പിക്കുന്ന കുട്ടിയെ പ്രേമിച്ചുകെട്ടീന്ന് ആരും പറയരുതെന്ന് കരുതി പഠിത്തം കഴിയാൻ കാത്തുനിന്നതാ അവൻ….

സത്യാണ് ബാലെ… ..നിന്നോടുളള ഇഷ്ടം നിന്നെ ഇവിടെ വന്നു പെണ്ണുചോദിച്ചറിയിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുമ്പോഴാണ്  ദേവികയുടെ ആലോചന അങ്ങോട്ടു വന്നത് എന്റ്റെ മനസ്സിലെ ഇഷ്ടം നിന്നോടാണെന്ന് അപ്പോൾ  തുറന്നു പറയാത്തിരുന്നത് .

നിന്റ്റെ ഇഷ്ടങ്ങളെ എന്തുവിലക്കൊടുത്തും സ്വന്തമാക്കുന്ന ദേവികയുടെ മുന്നിൽ വെച്ച് അവൾകേൾക്കേ എന്റ്റെ  ഇഷ്ടം നിന്നോടു പറയാനായിരുന്നു….

വാശിപിടിച്ച് നേടിയെടുത്താവശ്യം കഴിഞ്ഞു വലിച്ചറിയാനുളളതല്ല ഞാനും എന്റെ പ്രണയവുമെന്ന് അവളെ മനസ്സിലാക്കി കൊടുക്കാൻ വേണ്ടിയായിരുന്നു. ..

ദേവികയുടെ കാതിനുളളിൽ കൂരമ്പുകളായ് വേണുവിന്റ്റെ ഓരോ വാക്കുകളും പതിയവേ വേണു തുടർന്നു , ബാലയുടെ പഠനവും അമ്മയുടെ സംരക്ഷണവുംമെല്ലാം ഒരു മുടക്കവും വരാതെ നോക്കാൻ ഞാനുണ്ടാവും കൂടെ എന്നും.. അമ്മയെയും നമ്മുടെ കൂടെ കൊണ്ട് പോവാം. ..

വേണുമാഷുടെ വാക്കുകൾ കേട്ട ദേവികയുടെ മുഖം വിളറുന്നതും കണ്ണിൽ  പകയെരിയുന്നതും ശ്രീ ബാല പേടിയോടെ നോക്കി നിൽക്കെ വേണുവിന്റെ അമ്മ വന്ന് ബാലയുടെ കൈകവർന്നൂ.

കുട്ടി പേടിക്കണ്ട ഇതൊന്നും കണ്ടിട്ട് ….,ഇപ്പോൾ മുതൽ ബാല ഞങ്ങളുടെയാണ്…. ഞങ്ങൾ കൊണ്ടുപോവുന്നതുവരെ തന്നെ ഭദ്രമായി സംരക്ഷിക്കേണ്ട ചുമതല തന്റ്റെ അമ്മായിക്കും കുടുംബത്തിനുമാണ്…. അതിലെന്തെങ്കിലുമൊരു പിഴവ് വന്നാൽ. …

പാതിയിൽ നിർത്തിയ ആ അമ്മയുടെ വാക്കളിലടങ്ങിയിരുന്നു ദേവികയ്ക്കുളള മുന്നറിയിപ്പ്…

അപ്പോൾ ശരി ഞങ്ങളിറങ്ങുകയാണ് ട്ടോ…ബാക്കി കാര്യങ്ങൾ വഴിയേ….

യാത്ര പറഞ്ഞു വേണുവിന്റ്റെ കൂടെവന്നവർ കാറിനരികിലേക്ക് നടക്കവെ വേണു ബാലയുടെ അരികിലെത്തി…

“”തനിക്കെന്നോട് ഒന്നും പറയാനില്ലേ ബാലേ. എന്നെ ഇഷ്ടമാണെന്നെങ്കിലുമൊന്ന് പറയെടോ… ?

കണ്ണിൽ കുസൃതിയോടെ വേണുവതു പറഞ്ഞസമയത്തുതന്നെയാണ് ബാല അയാളുടെ കൈകളിൽ പിടിച്ച്  മരവിപ്പിച്ച പോലെ നിൽക്കുന്ന ദേവികയുടെ അടുത്തെത്തിയത്…,അവളുടെ പകയെരിയുന്ന കണ്ണിലേക്ക് പേടിയില്ലാതാദ്യമായി ബാല നോക്കി …..

ദേവൂ. ..നീ ഇതുവരെ എന്റെ കയ്യിൽനിന്നും പിടിച്ചു വാങ്ങിയതെല്ലാം എന്റെ ചെറിയ ചെറിയ ഇഷ്ടങ്ങളെ മാത്രമായിരുന്നു. ..

പക്ഷേ  ഇപ്പോ ,മാഷോടുളള എന്റ്റെ ഇഷ്ടമാണ് എന്റ്റെ ഏറ്റവും വലിയ ഇഷ്ടം. .. നിനക്ക്  കഴിയുമെങ്കിൽ നീ  എന്നിൽ നിന്ന്പിടിച്ച് വാങ്ങി സ്വന്തമാക്കൂ മാഷിനെ ….

നീ എന്റെ മുന്നിൽ വാശിപിടിച്ചിരുന്ന് ജീവൻ കളഞ്ഞാൽ പോലും ഞാൻ വിട്ടുതരില്ല മാഷെ…., കാരണം ഇതാണിനിമുതലെന്റ്റെ ജീവൻ… ഇതു നഷ്ടപ്പെടുത്തിയൊരു ജീവിതം എനിക്കില്ല…ശ്രമിച്ചു നോക്കൂ നീ നിനക്ക്  നേടാനാവുമോയെന്ന്. …?

ബാലയുടെ വാക്കുകൾ കേട്ട് പകച്ചു നിൽക്കുന്ന ദേവികയുടെ മുന്നിൽ വെച്ച് തന്നെ ബാല  വേണുവിനരികിലേക്ക് കൂടുതൽ ചേർന്ന് നിന്നവന്റ്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു.

“””ഇഷ്ടമാണ് മാഷെ എനിക്ക് നിങ്ങളെ…… ഒരുപാടൊരുപാട്.. …

അവളുടെ വാക്കുകളിൽ തെളിഞ്ഞു നിന്ന  സ്നേഹത്തിന്റെ ധൈര്യത്തിലാദ്യമായ് ദേവിക ബാലയുടെ മുന്നിൽ  തോറ്റുപോയപ്പോൾ ,ബാല ജയിച്ചു തുടങ്ങുകയായിരുന്നു അവിടെമുതൽ….

Leave a Reply

Your email address will not be published. Required fields are marked *