കുഞ്ഞു നാൾ തൊട്ട് ഞാൻ മനസ്സിൽ കൊണ്ടു നടക്കണതാണ് എന്റ്റെ അനൂപേട്ടനെ, മനസ്സിലെ..

(രചന: Rajitha Jayan)

അമ്പലത്തിൽ നിന്നിലചീന്തിൽ പ്രസാദവുമായി വീട്ടിലേക്ക്  നടന്നുവരവെ പടിപ്പുരയിൽവെച്ചുതന്നെ വീട്ടിലെ പൂമുഖത്തിരിക്കുന്ന അമ്മാവനെ വീണ കണ്ടു.

വീട്ടിലേക്ക് ധൃതിയിൽ നടന്നു ചെല്ലുമ്പോഴും അവളുടെ മിഴികൾ അമ്മാവന്റെ മുഖത്തുതന്നെയായിരുന്നു…

അമ്മാവന്റെ മുഖത്തുളളത് സന്തോഷമാണോ, സങ്കടമാണോയെന്ന് തിരിച്ചറിയാനാവാതെ വീണ ഒരുവേള കുഴങ്ങി….

“””അമ്മാമ്മേടെ കുട്ടി രാവിലെ തന്നെ കാവിൽ പോയതാവും ല്ല്യേ……?

അതെ മാമ്മേ. …. മാമ്മ എന്താ രാവിലെ തന്നെ…? അമ്മായിവന്നില്ലേ….??

ചോദ്യത്തിനൊപ്പം തന്നെ  വീണയുടെ കണ്ണുകൾ  ആ പരിസരമാകെയൊന്ന് കറങ്ങി..

പെട്ടെന്നവളുടെ കണ്ണുകൾ വിടർന്നു തെക്കേ ചായ്പിലെ  അമ്മമ്മയുടെ മുറിക്ക് പുറത്തായി പുതിയ  ഒരു ജോഡി ഷൂ  ഊരിയിട്ടിരിക്കുന്നു..

അനൂപേട്ടൻ …അവളുടെ  ചുണ്ടുകൾ  മന്ത്രിച്ചു.

“” അമ്മായി അകത്തമ്മയുടെ അടുത്തുണ്ട്….
കൂടെ അനൂപും ഉണ്ട്….

സന്തോഷത്താൽ  തന്റെ ഹൃദയം പെരുമ്പറകൊട്ടുന്നത് ഒരു മാത്ര അമ്മാവൻ കേട്ടുവോയെന്നവളൊന്ന് പാളി നോക്കി. …

“കുട്ടീ…..

പറഞ്ഞോളു  മാമ്മേ ….,

” അതേ കുട്ടീ….കഴിഞ്ഞ ദിവസം വന്ന ആ ആലോചനയും മുടങ്ങീരിക്കണു , എന്താണ് കാരണം എന്ന് അവരു പറഞ്ഞില്ലാന്നാ  ആ ഗോവിന്ദൻ പറഞ്ഞത്, എന്റെ കുട്ടി സങ്കടപ്പെടരുത്..

സമയായിട്ടില്ലാന്ന് കരുതുക… യോജിച്ച ആളെ സമയാവുമ്പോൾ ദേവി  മുന്നിൽ കൊണ്ടു നിർത്തിതരും…

അത്രയും പറഞ്ഞൊരു ദീർഘ നിശ്വാസത്തോടെ അവളുടെ തലയിലൊന്ന് തലോടി അമ്മാവൻ തൊടിയിലേക്കിറങ്ങിപ്പോയമ്പോൾ കൈകൂപ്പി  മനസ്സിൽ കാവിലെ ദേവിയോട് നന്ദി പറയുകയായിരുന്നു വീണ..

” എന്റെ ദേവീ, എനിക്ക് എന്റെ അനൂപേട്ടനെ മാത്രമേ വിവാഹം കഴിക്കാൻ സാധിക്കുകയുളളൂന്ന് നിനക്കറിയാലോ….,

കുഞ്ഞു നാൾ തൊട്ട് ഞാൻ മനസ്സിൽ കൊണ്ടു നടക്കണതാണ് എന്റ്റെ അനൂപേട്ടനെ, മനസ്സിലെ ഇഷ്ടം ആ മുഖത്തുനോക്കി പറയാനുള്ള ധൈര്യം ഇല്ല എനിക്ക്…

അതോണ്ടാണ് ഓരോ വിവാഹ ആലോചനകൾ ഈ പടി കയറി വന്നു പോകുമ്പോഴും  ഞാൻ നിന്നോടത് മുടക്കി തരാൻ വേണ്ടി തൊഴുത് പ്രാർത്ഥിക്കണത്…,

എന്റെ പ്രാർത്ഥനകൾ നീ കേൾക്കണുണ്ടല്ലോ…..
സന്തോഷംണ്ടെനിക്ക്… നാളെ തന്നെ ഞാൻ നെയ്യ് വിളക്ക് തന്നോളാം നിനക്ക്…

ഇനി ഇതുപോലെ നീയെനിക്കന്റ്റെ അനൂപേട്ടനെയും തരണംട്ടോ…. എനിക്ക് പറയാനും ചോദിക്കാനും നീ മാത്രല്ലേ ഉള്ളൂ…..തരണേ….

“” എന്താടീ മുറ്റത്ത് നിന്നൊരു കൈകൂപ്പലും പ്രാർത്ഥനയും….?? ആലോചന മുടങ്ങി പോയ വിഷമം കൊണ്ട്  ദേവിയോട് പരിഭവം പറയുകയാണോ നീ…..??

തൊട്ടു പുറക്കിൽനിന്ന് അനൂപിന്റ്റെ  ശബ്ദം കേട്ടപ്പോൾ അവളുടെ ശരീരമാകെയൊന്ന് വിറച്ചു. ….

“ഏയ് …ഞാൻ വെറുതെ… ഓരോന്നങ്ങനെ…..

വിഷമം ഉണ്ടോ  വീണേ നിനക്ക്  ആലോചനകൾ മുടങ്ങി പോണതില്….??

ഏയ്…നിക്കൊരു വിഷമവും ഇല്ല. …

അതെന്താടീ അങ്ങനെ…? ശരിക്കും സാധാരണ പെൺകുട്ടികൾ വിഷമിക്കാറാണല്ലോ പതിവ്. …?

ആണോ….,എന്നാൽ എനിക്ക് വിഷമം ഇല്ല അനുവേട്ടാ….ചിലപ്പോൾ ഞാനൊരു അസാധാരണ പെൺകുട്ടിയാവും….അവനെ നോക്കി ചിരിച്ചു കൊണ്ടവൾ പറഞ്ഞു ….

“”അതേടീ നീയൊരു അസാധാരണ പെൺകുട്ടിയാണ്… അതോണ്ടാണല്ലോ കുഞ്ഞുനാൾ തൊട്ട്  നിന്നെ മാത്രം ഈ നെഞ്ചിലേറ്റി നടക്കണ എന്നെ നീ തിരിച്ചറിയാതെ പോയത്….

അനൂപേട്ടാ….. ഏട്ടനെന്താ പറഞ്ഞത്. ..???
കുഞ്ഞു നാൾ തൊട്ട്…..

“അതേടീ  …കൂട്ടിനൊരു പെണ്ണെന്ന് ചിന്തിക്കുമ്പോഴെല്ലാം എന്റ്റെ മനസ്സിൽ നിന്റ്റെ മുഖമായിരുന്നു….

ഇഷ്ടം തുറന്നു പറയാനൊട്ട് സാധിച്ചുമില്ല, നീയെന്നെ നിന്റെ ആരായിട്ടാണ് കാണുന്നത് എന്നറിയാതെ  ഞാനെങ്ങനെ  എന്റെ മനസ്സ് നിനക്ക് മുമ്പിൽ തുറന്നു കാണിക്കും..,

നിന്നെ കാണാൻ ആളുകൾ വരുന്നുണ്ടെന്നറിഞ്ഞപ്പോഴും ഉള്ളിലെ ഇഷ്ടം  പറയാനെനിക്ക് പറ്റീല… പകരം നിനക്ക് വരുന്ന ഓരോ ആലോചനകളായി മുടക്കി   ഞാൻ. ..

ഇനിയീ ഒളിച്ചു കളി വയ്യ.. അതോണ്ട് ചോദിക്കുകയാണ്, എല്ലാ ഇഷ്ടങ്ങളുംകാവിലെ ദേവിയോട്   ചോദിച്ചു വാങ്ങുന്ന എന്റെ ഈ ദേവിയെ…

ഞാനിങ്ങെടുത്തോട്ടെ…., എന്റെ  പെണ്ണായി….,
എന്റെ മനസ്സിലെ കാവിൽ  നിത്യവും  പൂജിച്ചു കൊണ്ടു നടന്നോളാം ഞാൻ…,

വേദനിപ്പിക്കില്ല ഒരിക്കലും., മരണം വരെ എന്റെ ഈ  കൈക്കുള്ളിൽ പൊതിഞ്ഞ് നെഞ്ചോട് ചേർത്ത് നിർത്തിക്കോളാം …വരുമോ എനിക്കൊപ്പം എന്റ്റെ പെണ്ണായി….?

കൺമുന്നിൽ  കാണുന്നതോ കാതിനരികെ കേൾക്കുന്നതോ വിശ്വസിക്കാൻ കഴിയാതെ വീണ ഒരു നിമിഷം തരിച്ചു നിന്നു. .. പെട്ടെന്നൊരു കരച്ചിലോടവൾ അനൂപിന്റ്റെ  നെഞ്ചിലേക്ക് മുഖമമർത്തി ഏങ്ങലടിച്ചു…..

“എത്രയോ വർഷങ്ങളായ് ഈ  വാക്കുകൾ കേൾക്കാൻ  വേണ്ടി കാത്തിരിക്കുകയായിരുന്നു അനുവേട്ടാ ഞാൻ ….

വീണയത് പറയവേ സന്തോഷത്തോടെ അവളെ തന്നിലേക്ക് കൂടുതൽ ചേർത്തു നിർത്തിയ അനൂപിന്റെ മനസ്സ് അപ്പോൾ കാവി ലെദേവിയോട് നന്ദി പറയുകയായിരുന്നു ഒപ്പം വീണയും …

അപ്പോൾ അവിടെ  വീശിയ ഇളം കാറ്റിന് കാവിലെ ദേവിയുടെ തിരുനടയിൽ കത്തിച്ച ചന്ദനതിരിയുടെ മണമായിരുന്നു… സ്നേഹത്തിന്റെ മണം …

Leave a Reply

Your email address will not be published. Required fields are marked *