സ്വപ്നങ്ങൾ
(Rajitha Jayan)
പട്ടിലും പൊന്നിലും പൊതിഞ്ഞെടുത്ത തങ്കവിഗ്രഹം പോലെ ഇരിക്കുമ്പോഴും പവിത്രയുടെ മനസ്സും മുഖവും ആർത്ത് പെയ്യാൻ കൊതിക്കുന്ന കാർമേഘത്തെപോലെയായിരുന്നു…
വിവാഹത്തിന് വരുന്ന അതിഥികളെ സ്വീകരിച്ചിരുത്തുന്നതിനിടയിലും പ്രവീണിന്റെ കണ്ണുകൾ ഇടയ്ക്കിടെ കസേരയിൽ ഇരിക്കുന്ന അനിയത്തിയിലേക്ക് ചെന്നെത്തുന്നുണ്ടായിരുന്നു….
ഒരു അപ്സരസ്സിനെപോലെ അണിഞ്ഞൊരുങ്ങിയെങ്കിലും പെയ്യാൻ വെമ്പുന്ന മിഴികളുമായവൾ അവിടെ ഇരിക്കുന്നത് അവനിൽ ദേഷ്യം വർദ്ധിപ്പിച്ചു. ..
പ്രവീൺ മുഖമുയർത്തി അച്ഛനെ നോക്കി. ..
അച്ഛന്റെ മുഖം കോപത്താൽ ചുവന്നിരിക്കുന്നത് കണ്ട അവൻ കണ്ണുകൾ കൊണ്ടപ്പോൾ തന്നെ മാധവിയമ്മയ്ക് നിർദ്ദേശം നൽകി. ..
മോളെ…. ….
ചെവിക്കരിക്കിൽ പതിഞ്ഞ ശബ്ദത്തിലുള്ള അമ്മയുടെ വിളികേട്ടപ്പോൾ പവിത്ര മുഖമുയർത്തി അമ്മയെ നോക്കി. ..
ആ അമ്മ കണ്ടു തന്റെ മകളുടെ നിറമിഴികൾ…..
നെഞ്ചിലൊരു വേദന ചിറകടിച്ചുയരുന്നത് അപ്പോൾ മാധവിയമ്മ അറിയുന്നുണ്ടായിരുന്നു….
അവർ നിസ്സഹായതയോടെ പവിത്രയ്ക് പിറകിൽ നിൽക്കുന്ന പാർവതിയെ നോക്കി. അവളപ്പോൾ അമ്മയിൽ നിന്നും തന്റ്റെ നിറമിഴികൾ മറയ്ക്കാൻ എന്നവണ്ണം ദൂരേക്ക് ദൃഷ്ടികൾ പായിച്ചു
ഇല്ല. ….ഇവിടെയിനി തനിക്കൊന്നും ചെയ്യാനില്ല. ഒരു മരവിപ്പോടെ മാധവിയമ്മ തിരിച്ചറിഞ്ഞു…
മോളെ. ..,,പവി…… ഇന്ന് നിന്റ്റെ കല്ല്യാണമാണ്….. നീയിങ്ങനെ സങ്കടഭാവത്തിൽ ഇരിക്കുന്നത് അച്ഛനെയും ഏട്ടനെയും ദേഷ്യം പിടിപ്പിക്കണുണ്ട്….
ദേ …നോക്കൂ എല്ലാവരും നിന്നെ തന്നെയാണ് ശ്രദ്ധിക്കുന്നത്… വെറുതെ ആളുകളെകൊണ്ട് ഓരൊന്ന് പറയിപ്പിക്കരുത്…..,, ദാ….രാഹുലും കൂട്ടരും വരാറായി..,
അമ്മയുടെ നിസ്സാഹായതയും നിരാശയും അപേക്ഷയുമെല്ലാം കൂടികലർന്ന ആ വാചകങ്ങൾ പവിത്രയിൽ യാതൊരു മാറ്റവും വരുത്തിയില്ല….
“പവിത്ര,, കോടീശ്വരായ ശിവരാമൻ മുതലാളിയുടെയും മാധവിയമ്മയുടെയും മൂന്നുമക്കളിൽ ഏറ്റവും ഇളയവൾ….
മൂത്തയാൾ പാർവതി. … പിന്നെ പ്രവീൺ. …
കേരളത്തിനകത്തും പുറത്തു ധാരാളം ബിസിനസ് സാമ്രാജ്യങ്ങൾ ശിവരാമനുണ്ട്….
ചെയ്യുന്ന ഏതു കാര്യവും വിജയത്തിലെത്തിക്കാൻ പ്രത്യേകമൊരു കഴിവുണ്ടയാൾക്ക്…. അച്ഛനെ പോലെതന്നയാണ് മകൻ പ്രവീണും ബിസിനസ്സ് കാര്യങ്ങളിൽ അതിസമർത്ഥനാണ്…..
പഠനമെല്ലാം പൂർത്തിയായവനിപ്പോ അച്ഛനൊപ്പം ചേർന്നതേയുളളു എന്നും എപ്പോഴും എന്ത് കാര്യത്തിനും ശിവരാമന് സ്വന്തമായൊരു തീരുമാനവും ശരികളുമാണ് … അതെന്നും പവിത്രയെ ഏറെ വേദനിപ്പിച്ചിരുന്നു….
ഓർമ്മവെച്ച കാലം മുതൽ സ്വർണ്ണ കൂട്ടിലെ തത്തകളായിരുന്നു പവിത്രയും ചേച്ചി പാർവതിയും…..
ശിവരാമന്റ്റെ മനസ്സിൽ എന്നും പെണ്ണെന്നാൽ ആഗ്രഹങ്ങളോ, അഭിപ്രായങ്ങളോ, അവകാശങ്ങളോ ഇല്ലാത്ത വെറും വീട്ടുപകരണങ്ങൾ മാത്രം ആയിരുന്നു. …
അതിനാൽ തന്നെ കഴിഞ്ഞു പോയ വർഷങ്ങളിലെല്ലാം തന്നെ മരവിച്ച മനസ്സും ശരീരവുമായ് ജീവിക്കുന്ന അമ്മയെ മാത്രമേ അവൾ കണ്ടിട്ടുളളു…,
പെൺക്കുട്ടികളെന്നാൽ പേടിയായിരുന്നച്ഛന്…. പേരുദോഷം വരുത്തിവയ്ക്കുമോയെന്ന ഭയം..
ഒരിക്കൽ പോലും അച്ഛൻ ആജ്ഞാസ്വരത്തിലല്ലാതെ സ്നേഹത്തോടെ പെൺമക്കളോട് സംസാരിക്കാറില്ല. …
പഠിക്കാൻ മിടുക്കിയായിരുന്ന ചേച്ചിയുടെ മോഹങ്ങളെല്ലാം കാറ്റിൽ പറത്തി അച്ഛന്റെ ബിസിനസ്സ് പങ്കാളിയുടെ മകനുമായ് അച്ഛൻ ചേച്ചിയുടെ വിവാഹം നടത്തിയപ്പോൾ താൻ കരുതിയത് അച്ഛന്റെ തടവറയിൽനിന്നവൾ നിന്നവൾ രക്ഷപ്പെട്ടല്ലോ എന്നായിരുന്നു. .. ,,
എന്നാൽ വറചട്ടിയിൽ നിന്നും എരിത്തീയിലേക്കായവളുടെ പോക്ക്…
എന്തിനുമേതിനും ആചാരങ്ങളെയും അനാചാരങ്ങളെയും കൂട്ടുപിടിച്ച്…
ജീവിതം നരകതുല്ല്യമാക്കുന്നവർക്കിടയിൽ കിടന്ന് ചേച്ചി കഷ്ടപ്പെടുന്നത് കണ്ടപ്പോൾ പവിത്ര അച്ഛന്റെ കാലുപിടിച്ച് കരഞ്ഞുപറഞ്ഞതാണ് ചേച്ചിയെ അവിടെ നിന്ന് രക്ഷിക്കാൻ. …
പക്ഷേ വിവാഹം കഴിഞ്ഞാൽ ചെന്നുകയറുന്നതാണ് പെണ്ണിന്റെ വീടെന്ന സ്ഥിരം പല്ലവിയിൽ അച്ഛൻ ഉറച്ചു നിന്നപ്പോൾ ഒരു മരപ്പാവ കണക്കെ അമ്മ നിശബ്ദയായിരുന്നു…..
സ്വർണ്ണ കൂട്ടിലെതത്തയായി ചേച്ചിയുടെ ജീവിതം ഉരുകി തീരുന്നത് കണ്ടപ്പോഴെ മനസ്സിൽ ഉറപ്പിച്ചതാണ് പവിത്ര ,, പഠിച്ചു് സ്വന്തമായൊരു ജോലിനേടിയിട്ടേ വിവാഹമെന്ന കബോളത്തിലേക്കുള്ളെന്ന്….
ഒരു പെണ്ണിനെന്നുമാദ്യം ആവശ്യം സ്വന്തമായൊരു ജോലിയാണ്. .. ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാനും പരസ്പരബഹുമാനം നേടാനും ഒരു ജോലി വേണം ,,,അല്ലാതെ ഒരു
വിവാഹമില്ലെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു
എന്നാൽ പതിനെട്ടാം വയസിൽ പവിത്രയുടെ വിവാഹം നടന്നില്ലെങ്കിൽ പിന്നെ മുപ്പതുവയസ്സു കഴിയണമെന്ന് അച്ഛന്റെ വിശ്വസ്തനായ കണിയാൻ അച്ഛനോട് പറയുമ്പോൾ പവിത്ര അവളുടെ സ്വപ്നങ്ങളുടെ ആദ്യപടിയിൽ തന്നെയായിരുന്നു. .
അവൾക്ക് പതിനെട്ടുവയസ്സ് തികയാനിനി കുറച്ചു ദിവസങ്ങളെ അവശേഷിക്കുന്നുണ്ടായിരുന്നുളളു…
അതിനിടയിൽ തിരക്കിട്ട് നടത്തുന്ന ഈ കല്ല്യാണത്തെ അവൾ കുറെ എതിർത്തെങ്കിലും ആഗ്രഹിക്കുന്ന ഏതുകാര്യവും സ്വന്തം ഇഷ്ടപടി നടത്തിയെടുക്കുന്ന ശിവരാമന് മകളുടെ തടസ്സവാദങ്ങളൊന്നും ഒരു പ്രശ്നമായിരുന്നില്ല.
മാത്രമല്ല പവിത്രയെ കെട്ടാൻ പോവുന്നത് പ്രവീണിന്റെ സുഹൃത്തായ രാഹുലായതും പവിത്രയെ ഏറെ ഭയപ്പെടുത്തി കാരണം അച്ഛന്നെപ്പോലെതന്നെ കടുംപിടുത്തക്കാരനാണ് ഏട്ടനും…
“ദാ…..വരനും കൂട്ടരും വന്നിരിക്കുന്നു, വേഗം തന്നെ പെൺകുട്ടിയെ കതിർമണ്ഡപത്തിലേക്ക് കൊണ്ടു വന്നുകൊളളു ,”എന്ന വല്ല്യമ്മയുടെ ശബ്ദം കേട്ടപ്പോൾ ഒരവസാന രക്ഷപ്പെടലിനെന്നവണ്ണം പവിത്ര അമ്മയെ ഒന്നുകൂടി നോക്കി. …
പക്ഷേ മാധവിയമ്മ മകളുടെ നോട്ടം കാണാനാവാതെ മിഴികൾ താഴ്ത്തി.
അവർക്കറിയാമായിരുന്നു തന്റ്റെ രണ്ടു പെൺ മക്കളുടെയും ജീവിതത്തിൽ താനൊരു കാഴ്ചക്കാരിമാത്രമാണെന്ന്…
കതിർമണ്ഡപ്പത്തിൽ രാഹുലിനൊപ്പം ഇരിക്കുപ്പോഴും പവിത്ര ചിന്തിച്ചത് തന്റ്റെ പഠനത്തെപറ്റിയായിരുന്നു.
കാരണം വിവാഹ ശേഷം പഠിക്കാൻ പറ്റില്ലായെന്ന നിബന്ധന ആദ്യം തന്നെ രാഹുലിന്റ്റെ വീട്ടുകാർ അച്ഛനോട് പറഞ്ഞിരുന്നു.
പെൺകുട്ടികൾ വീട്ടിനുള്ളിൽ കഴിയേണ്ടവർ ആണെന്ന് അവർ പറഞ്ഞത് അച്ഛനെ ഏറെ സന്തോഷിപ്പിക്കുകയാണ് ചെയ്തത്. .
“””മുഹൂർത്തം ആയിരിക്കുന്നു വേഗം താലി ചാർത്തൂ.”” ..
തിരുമേനിയുടെ ശബ്ദം കേട്ടപ്പോൾ പവിത്ര ഭയത്തോടെ താലിമാലയെടുക്കുന്ന രാഹുലിനെ നോക്കി. ..
ഇല്ല. ..ഇനിയൊരു രക്ഷപ്പെടലില്ലാ….അവൾ മിഴികൾ ഇറുക്കെയടച്ചു….
അയ്യോ. …എന്താണിത്….
പെട്ടന്നാണ് തനിക്ക് ചുറ്റും ആളുകളുടെ ശബ്ദങ്ങൾ ഉയരുന്നത് പവിത്ര കേട്ടത്..
പരിഭ്രമത്തോടെ അവൾ വേഗം കണ്ണുകൾ തുറന്നു. .അപ്പോൾ കണ്ടു അവൾക്കരിക്കിലായ് താലിയുമായ് വീണു കിടക്കുന്ന രാഹുലിനെ…
അവന്റെ വായിൽ നിന്നും നുരയും പതയും വരുന്നുണ്ടായിരുന്നു…
കയ്യും കാലുകളും അവൻ വലിച്ചു നിവർത്തുകയും ചുരുക്കയും ചെയ്യുന്നത് കണ്ടവൾ പേടിച്ച് ഉറക്കെ നിലവിളിച്ചു…
അപസ്മാരം ….
ആരോ ഉറക്കെ പറയുന്നതവൾ കേട്ടു. …
എത്ര പെട്ടന്നാണ് കല്ല്യാണവീടൊരു മരണവീടിനു തുല്യമായത്..
ഇരു കൂട്ടരും തമ്മിൽ ഉന്തും തളളും വാക്ക് തർക്കങ്ങളും ഉണ്ടായി….
അസുഖവിവരം മറച്ചുവെച്ചു ചതിക്കാൻ നോക്കിയെന്ന് പറഞ്ഞു വാക്കേറ്റം മുറുകുന്നതിനിടയിൽ ആരെല്ലാമോ ചേർന്ന് രാഹുലിനെ വേഗം ആശുപത്രിയിൽ കൊണ്ടു പോയി. ..
ഇതിനിടയിൽ ആരൊക്കെയോ പ്രവീണിനെയും ശിവരാമനെയും കുറ്റപ്പെടുത്തുകയും ഇനിയീ കല്യാണം വേണ്ടാന്നുപറയുകയും ചെയ്യുന്നത് കേട്ടപ്പോൾ നടന്നതെല്ലാം സ്വപ്നമോ യാഥാർഥ്യമോ എന്നറിയാതെ പകച്ചുനിൽക്കുകയായിരുന്നു പവിത്ര. ..
“ഇനിയീ വിവാഹം വേണ്ടാന്നൊരു ശബ്ദം അച്ഛനിൽനിന്നുയർന്നുകേട്ടപ്പോൾ സന്തോഷം കൂടിയതോണ്ടാണോന്നറിയാതെ പവിത്ര ബോധം മറഞ്ഞു മണ്ഡപത്തിൽ വീണു…
തളർന്ന് വീണ പവിത്രയെ കയ്യിൽ കോരിയെടുത്ത് അകത്തു കൊണ്ടു പോയ് കിടത്തിയത് പ്രവീൺ ആയിരുന്നു. …
ഒരു നേർത്ത അമ്പരപ്പോടെ കണ്ണുകൾ തുറന്ന പവിത്ര തനിക്കരിക്കിൽ ഏട്ടനെകണ്ടമ്പരന്നു….. പേടിച്ചു…,,
“””പേടിക്കണ്ടെടീ മോളെ നിന്റ്റെ ആഗ്രഹം പോലെ ഈ വിവാഹം മുടങ്ങീലേ….?
ഇനിയെന്തായാലും കുറഞ്ഞ ദിവസങ്ങൾ കൊണ്ട് നിനക്കൊരു ചെക്കനെ അച്ഛൻ കണ്ടുപിടിക്കൂല… ,
മോള് മോളുടെ ആഗ്രഹം പോലെയിനി പഠിച്ചു ജോലി നേടിക്കൊളളു….
കാര്യങ്ങൾ മനസ്സിലാവാതെ അമ്പരന്ന് തന്നെ തന്നെ നോക്കുന്ന പെങ്ങളെ അരുമയായി തലോടി അപ്പോൾ പ്രവീൺ. ..
“” നീയിങ്ങനെ അമ്പരക്കണ്ട….രാഹുലും ഞാനും ചേർന്നൊരുക്കിയ നാടകമായിരുന്നിത്…, ഈ കല്യാണം. ..,
നമ്മുടെ ചേച്ചിക്കു അച്ഛന്റെ പിടിവാശികൾ മൂലം നഷ്ടപ്പെട്ടത് നല്ലൊരു ജീവിതമാണ്…., അന്നെനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല… അച്ഛൻനെ എതിർത്ത് തോൽപ്പിക്കാൻ പറ്റില്ലാന്ന് മോൾക്കറിയാലോ….?
എതിർക്കുന്നത് ഞാനാണെങ്കിലും വകവെച്ചുതരില്ല അച്ഛൻ…. അച്ഛനെന്നും വാശിയാണ് ….അച്ഛന്റെ ഇഷ്ടങ്ങൾ നേടിയെടുക്കാൻ. ..അവിടെ മക്കൾക്ക് വലിയ വിലയൊന്നും ഇല്ല. ..
അപ്പോൾ നിന്റ്റെ ഇഷ്ടങ്ങൾ നിനക്ക് നേടിത്തരാൻ ഈ ഒരു മാർഗം മാത്രമേ ഏട്ടൻ കണ്ടുളളു ,അതോണ്ടാണ് ഇങ്ങനെയൊരു നാടകം കളി. …
അയ്യോ ഏട്ടാ. ..അപ്പോൾ ഇനി രാഹുലേട്ടന്റ്റെ ഭാവി…. ജീവിതം …
അതൊന്നും കുഴപ്പമില്ല മോളെ…കാരണം അവനൊരു സാധുപെൺക്കുട്ടിയെ ഇഷ്ടപ്പടുന്നുണ്ട്…
അവന്റെ വീട്ടുകാർക്ക് അറിയില്ലത്. ..
കല്യാണ മണ്ഡപ്പത്തിൽ വെച്ച് അപസ്മാരം വന്നു വീണുപോയവനെല്ലേ അവനിപ്പോൾ ….ഇനിയാരും പെട്ടന്നൊരു കല്യാണം അവനാലോചിക്കില്ല മാത്രമല്ല ഇനിയുമൊരു പരീക്ഷണം നടത്താൻ ഒരു പെൺ വീട്ടുക്കാരും തയ്യാറാവില്ല.
അപ്പോൾ ക്രമേണ അവനു അവന്റെ പെണ്ണിനെ സ്വന്തമാക്കാം…
മോളതൊന്നും ഓർക്കണ്ട വിശ്രമിച്ചോളു…ഞാൻ അച്ഛനടുത്തേക്ക് ചെല്ലട്ടെ….
മുറിയിൽ നിന്നും ഇറങ്ങി പോവുന്ന ഏട്ടനെ നോക്കിയിരുന്നപ്പോൾ പവിത്രയുടെ മിഴികൾ നിറഞ്ഞൊഴുകി…. സ്വന്തം ഏട്ടനെ മനസ്സിലാക്കാൻ
പറ്റിയില്ലല്ലോ എന്ന കുറ്റബോധത്താലായിരുന്നത്…
പിന്നെ തന്റെ സ്വപ്നങ്ങൾ നേടാനിനി എത്ര വേണമെങ്കിലും പഠിക്കാമല്ലോ എന്ന് സന്തോഷത്താലും……..