സ്വന്തം ശരീരസുഖത്തിനു വേണ്ടിയാണ് നിങ്ങൾ ഓരോ പുരുഷനെയും സ്നേഹിച്ചിരുന്നത് എന്നു തിരിച്ചറിയാതെ നിങ്ങളിൽ കുടുങ്ങി..

(രചന: രജിത ജയൻ)

“ഇരുളിന്റെ മറവിൽ ഇണചേർന്നു രണ്ടു പേർ സ്വന്തം ശരീര ദാഹം തീർത്തു ഇരുവഴി പിരിഞ്ഞു പോയപ്പോൾ അതിലെ സ്ത്രീയിൽ അവരാഗ്രഹിക്കാതെ ജന്മമെടുത്തവളാണ് ആദില നീ ..

“പറിച്ചു മാറ്റാൻ സാധിക്കാത്ത വിധത്തിൽ അവരുടെ ഗർഭപാത്രത്തിൽ നീ ഉറച്ചു പോയെന്ന തിരിച്ചറിവിനൊടുവിൽ നിന്നെ പ്രസവിച്ചു ഉപേക്ഷിച്ചു പോയതാണ് നിന്റെ ഉമ്മ ,അവരുടെ മുമ്പോട്ടുള്ള ജീവിതത്തിന് നീയൊരു തടസ്സമാവരുത് എന്ന ചിന്തയാൽ ..

“പിന്നെ നീയെന്തിനാണ് ഇപ്പോഴവരെ തേടി പോവുന്നത് ..?

“എന്റെ സ്നേഹത്തിലും പ്രണയത്തിലുംനിനക്ക് ഇനിയും വിശ്വാസമില്ലേ ആദിലാ..?

നിറമിഴികളോടെ ആദിലയ്ക്ക് മുമ്പിൽ നിന്ന് അനസ് ചോദിച്ചതും ഒരു തേങ്ങലോടെ അവന്റെ നെഞ്ചിലേക്ക് വീണു അവൾ..

അവളുടെ കണ്ണുനീർ തന്റെ നെഞ്ചിൽ പടരുന്നതറിഞ്ഞതും അവളെ തന്റെ നെഞ്ചിലേക്കൊന്നു കൂടി ചേർത്തു പിടിച്ചവൻ..

”ഇക്കയുടെ സ്നേഹത്തിലോ പ്രണയത്തിലോ വിശ്വാസമില്ലാത്തതു കൊണ്ടല്ല ഇക്ക ഞാനവരെ കാണാൻ ആഗ്രഹിക്കുന്നത് മറിച്ച് അവരെ കാണുക എന്ന എന്റെ വലിയ ആഗ്രഹത്തിന്റെ പുറത്താണ്..

“നൊന്തു പ്രസവിച്ച കുഞ്ഞിനെ,
ജനിച്ചയുടനെ യാതൊരു ദയയും കൂടാതെ ഉപേക്ഷിച്ചു പോയൊരു സ്ത്രീയാണവരെങ്കിലും എനിക്കവരെയൊന്ന് കാണണം ഇക്ക..

“തെരുവിന്റെ കോണിൽ അവർ വലിച്ചെറിഞ്ഞു പോയവൾ അവിടെ കിടന്നു ചീഞ്ഞുപോവാതെ ഇന്നും ജീവിച്ചിരുപ്പുണ്ട് എന്നവരറിയണ്ടേ ..?

“എന്നെ വലിച്ചെറിഞ്ഞു സ്വന്തം സുഖം തേടി പോയിട്ടവർ ഇന്നു ജീവിക്കുന്നത് എങ്ങനെയാണെന്ന് എനിക്കൊന്ന് നേരിട്ട് കാണണം

” കാരണം അവർ വലിച്ചെറിഞ്ഞു പോയിടത്തു നിന്ന് എന്നെ കണ്ടെടുത്ത് എനിക്കൊരു ജീവനും ജീവിതവും തന്നത് ഇക്കയുടെ കുടുംബമാണ്

”യാതൊരു യോഗ്യതയോ അർഹതയോ ഇല്ലെങ്കിലും എന്നെ, ഇന്നു കാണുന്ന ഞാനാക്കി മാറ്റിയതുംഎല്ലാം തികഞ്ഞവളാക്കി മാറ്റിയതും നിങ്ങളാണ് ഇക്ക എന്നിട്ടും പക്ഷെ എന്റെ ഉള്ളിൽ എവിടെയോ ഒരു …

പറഞ്ഞു പൂർത്തിയാക്കാതെ പാതിയിൽ ആദില തന്റെ സംസാരം നിർത്തുമ്പോൾ അനസ് തിരിച്ചറിഞ്ഞിരുന്നു അവളുടെ ഉള്ളിലെ ആഗ്രഹത്തിന്റെ കാഠിന്യം …

“ആമിനയുടെ മകൾ വന്നിട്ടുണ്ടത്രേ …?

“പണ്ടു പിഴച്ചു പ്രസവിച്ചു തെരുവിൽ അവൾ വലിച്ചെറിഞ്ഞു പോന്ന ആ മകൾ അവളെ തേടി വന്നൂന്ന്..

നാട്ടിൻ പുറങ്ങളിൽ കാട്ടുതീ പോലെ ആദിലയുടെ വരവ് വാർത്തയായപ്പോൾ നിറമിഴികൾ തുടച്ചു അവളെ കാണാനായ് അവരിലൊരാളായ് അയാളും ഉണ്ടായിരുന്നു അവളുടെ അച്ഛൻ..

നാട്ടിലെ പേരുകേട്ട സമ്പന്നകുടുംബത്തിലെ ഏക മകന്റെ ഭാര്യയാണ് ആമിനയുടെ മകളെന്നത് അവളുടെ പ്രശസ്തി ആളുകൾക്കിടയിൽ കൂട്ടി

തന്നെ കാണാനായ് വന്നവർക്കെല്ലാം കൈ നിറയെ സമ്മാനങ്ങൾ നൽകി ആദില സ്വികരിച്ചപ്പോഴും അവളുടെ കൈയോ കണ്ണോ ഒരിക്കൽ പോലും ആമിനയ്ക്ക് നേരെ ഒരിക്കലും ചെന്നില്ല..

സ്വന്തം ശരീരസുഖം മാത്രം എന്നും നോക്കി ജീവിച്ച അവർ ഇന്നും ജീവിക്കുന്നത് അവർക്ക് വേണ്ടി മാത്രമാണെന്നത് അവളിൽ അവരോടുള്ള വെറുപ്പ് വർദ്ധിപ്പിച്ചു.

ഇനിയുള്ള കാലം മകളുടെ സംരക്ഷണത്തിൽ സുഖമായ് കഴിയാമെന്നു കരുതി യാതൊരു കുറ്റബോധവുമില്ലാതെ ആമിന പലവട്ടം ആദിലയ്ക്കരികിൽ എത്തിയെങ്കിലും അവളൊരിക്കൽ പോലും ആമിനയെ തിരിഞ്ഞുനോക്കിയില്ല ..

“ഞാനാണെടീ നിന്റെ ഉമ്മ , ഞാനൊരുത്തി പ്രസവിച്ചതുകൊണ്ടാണ് നീയ്യീ ഭൂമിയിൽ വന്നതും ഇന്നീ കാണുന്ന നിലയിലേക്കെത്തിയതും..

“എന്നെ കാണാനായ് ഈ നാട്ടിൽ വന്നവളാണ് നീ ,
എന്നിട്ടാ എന്നോട് നീ ചെയ്യുന്നതെന്താണ്..?

” പെറ്റ തള്ളയാണെന്ന പരിഗണന പോലും എനിക്ക് തരാതെ നാട്ടിലുള്ള സകല മനുഷ്യരെയും സഹായിച്ചു നടക്കുന്ന നീ എനിക്കൊരഞ്ചു പൈസ തന്നിട്ടുണ്ടോ ഇതുവരെ ?
ഞാൻ വല്ലതും കഴിച്ചോന്നോ കുടിച്ചോന്നോ നീയ്യീ നേരം വരെ അന്വേഷിച്ചിട്ടുണ്ടോ ..?

“അവളു വല്ല്യരു പൈസക്കാരത്തി വന്നിരിക്കുന്നു നാട്ടുകാരെ സഹായിക്കാനായിട്ട്..
പെറ്റ തള്ളയുടെ കാലിന്റെ ചോട്ടിലാണെടീ മക്കളുടെ സ്വർഗ്ഗം അത് നീ മറക്കണ്ട ..

ആദില തന്നെ അവഗണിക്കുന്നു എന്ന തോന്നലിൽ അവൾക്കു നേരെ ആമിന പൊട്ടിത്തെറിച്ചു..

“പെറ്റ തള്ളയുടെ കാലിന്റെ ചോട്ടിൽ മക്കൾക്കൊരു സ്വർഗ്ഗം പടച്ചവൻ കാത്തു വെച്ചിട്ടുണ്ട് എന്നെനിക്കറിയാം ..

”പക്ഷെ ആ സ്വർഗ്ഗം കണ്ടെത്താൻ എനിക്കൊരു ഉമ്മയില്ല, നിങ്ങളെ ഞാനൊരിക്കലും എന്റെ ഉമ്മയായ് അംഗീകരിക്കില്ല കാരണം അന്നും ഇന്നും എന്നും നിങ്ങൾക്ക് വലുത് നിങ്ങളുടെ സുഖങ്ങൾ മാത്രമാണ്..

“ഇപ്പോൾ പോലും എനിക്ക് മുമ്പിൽ നിൽക്കുമ്പോൾ നിങ്ങളിലൊരിത്തിരി കുറ്റബോധം പോലും ഇല്ല എന്നോടു ചെയ്ത ക്രൂരതയുടെ..

“അന്നും ഇന്നും നിങ്ങൾ ജീവിക്കുന്നത് പുഴുത്ത് നാറുന്ന ചെളിക്കുണ്ടിൽ തന്നെയാണ് ..

“നിങ്ങളെ തിരഞ്ഞു വന്ന ഞാൻ തിരികെ പോവുന്നത് ഒരു നിധിയുമായിട്ടാണ് എന്റെ അച്ഛനെന്ന നിധിയുമായ്..

“സ്വന്തം ശരീരസുഖത്തിനു വേണ്ടിയാണ് നിങ്ങൾ ഓരോ പുരുഷനെയും സ്നേഹിച്ചിരുന്നത് എന്നു തിരിച്ചറിയാതെ നിങ്ങളിൽ കുടുങ്ങി പോയൊരു സാധു മനുഷ്യൻ ..

“സ്വന്തം ചോരയെ തെരുവിലെവിടെയോ നിങ്ങൾ ഉപേക്ഷിച്ചെന്നറിഞ്ഞന്നു മുതൽ എനിക്കായ് തിരഞ്ഞെന്നെ കാത്തുകിടന്ന എന്റെ അച്ഛനെ ഞാൻ കൂട്ടുകയാണ് എനിക്കൊപ്പം ..

ആദിലയുടെ വാക്കുകൾ കാതിൽ തീയമ്പുകളായ് പതിച്ചതും ആമിനയവളെ ശകാരവർഷങ്ങൾ കൊണ്ടു മൂടി..

തന്നെ നോക്കി പ്രാകി പറഞ്ഞു ശപിച്ചു കൊണ്ട് നടന്നു നീങ്ങുന്ന ആ സ്ത്രീയെ നിസ്സംഗഭാവത്തിൽ നോക്കി നിൽക്കുമ്പോൾ ആദിലയുടെ മനസ്സിൽ തെളിഞ്ഞത് ഇരുളിന്റെ മറവിൽ പൂർണ്ണ നഗ്നരായി കെട്ടിപ്പുണരുന്ന രണ്ട് രൂപങ്ങളായിരുന്നു ..
കാതിൽ പതിച്ചതവരുടെ സീൽകാര ശബ്ദങ്ങളായിരുന്നു

കണ്ണുകളൊന്നടച്ച് തലയൊന്നു കുടഞ്ഞു കൊണ്ടവൾ തന്റെ വണ്ടിയിലേക്ക് കയറുമ്പോഴും അവളെ ശപിച്ചു കൊണ്ടാ സ്ത്രീയുടെ ശബ്ദം കുറച്ചു ദൂരെ നിന്ന് കേൾക്കുന്നുണ്ടായിരുന്നു..

ചിലരങ്ങനെയാണ് സ്വന്തം തെറ്റുകൾ ഒരിക്കലും തിരിച്ചറിയാതെ മറ്റുള്ളവരെ പഴികൾ മാത്രം പറഞ്ഞു കൊണ്ട് …..